Wednesday, December 26, 2012

സ്പുട്നിക് മുതല്‍ ചാന്ദ്രയാന്‍വരെ

സ്പുട്നിക് മുതല്‍ ചാന്ദ്രയാന്‍വരെ
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി 

ഉപഗ്രഹവിക്ഷേപണത്തിന്റെ 54-ാം പിറന്നാളാണ് കടന്നുപോയത്. ശാസ്ത്രലോകം ബഹിരാകാശവാരമായി (ഒക്ടോബര്‍ 4-10) അത് ആഗോളതലത്തില്‍ ആഘോഷിച്ചു. ബഹിരാകാശഗവേഷണത്തിന്റെ ഭൂതം, ഭാവി, വര്‍ത്തമാനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കാനുള്ള പരിപാടികളില്‍ ഐഎസ്ആര്‍ഒയും സജീവമായി. "ബഹിരാകാശത്തേക്ക് മനുഷ്യയാത്രയുടെ അമ്പതാണ്ടുകള്‍" എന്നായിരുന്നു ഈ വര്‍ഷത്തെ ചിന്താവിഷയം. അന്നത്തെ സോവിയറ്റ് യൂണിയനിലെ കസാഖ്സ്ഥാന്‍ പ്രവിശ്യയിലെ ബൈക്കന്നൂര്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് 1957 ഒക്ടോബര്‍ നാലിന്് ആദ്യമായി ഒരു മനുഷ്യനിര്‍മിത ഉപഗ്രഹം ബഹിരാകാശത്തേക്കു കുതിച്ചുയര്‍ന്നതോടെ, ബഹിരാകാശയുഗത്തിന് തുടക്കമായി. "വസ്തോക്ക്" എന്ന വിക്ഷേപണവാഹനത്തിലാണ് "സ്പുട്നിക്" എന്ന 84 കി.ഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്നത്തെ റോക്കറ്റുകളെയും ഉപഗ്രഹങ്ങളെയും അപേക്ഷിച്ചു നോക്കുമ്പോള്‍ വളരെ പരിമിതമായ ദൗത്യങ്ങളേ അന്ന് അതിന് നിര്‍വഹിക്കാനുണ്ടായുള്ളു. അമേരിക്കയുമായുള്ള ശീതസമരത്തില്‍ സോവിയറ്റ് യൂണിയന്‍ നേടിയ വിജയമായി അത് ലോകം ആഘോഷിച്ചു. അമേരിക്കന്‍ തന്ത്രശാലികള്‍ അങ്കലാപ്പിലാവുകയും ഭരണകേന്ദ്രം വിമര്‍ശനവിധേയമാകുകയും ചെയ്തു. എങ്ങനെയെങ്കിലും ഇതിനൊരു ബദല്‍പ്രകടനം നടത്തിയേ തീരു എന്ന സ്ഥിതിയിലേക്ക് അവര്‍ സമ്മര്‍ദത്തിലായി. 1958 ജനുവരി 31ന് ഏതാണ്ട് ഒന്നരക്കിലോഗ്രാം മാത്രം ഭാരമുള്ള അമേരിക്കയുടെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു. സ്ഫുട്നിക് പരമ്പരയില്‍ സോവിയറ്റ് യൂണിയന്‍ എട്ട് ഉപഗ്രഹങ്ങള്‍കൂടി വിക്ഷേപിച്ചു. രണ്ടാമത്തേതില്‍ ലൈക്കു എന്ന നായയില്‍ തുടങ്ങി പലതരം ജീവികളെ അവര്‍ ബഹിരാകാശപരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ചു. ബഹിരാകാശത്തിലേക്കുള്ള മനുഷ്യസഞ്ചാരത്തിന്റെ മുന്നോടിയായിരുന്നു ഇത്. അതിന്റെ പാരമ്യത്തില്‍ 1961 ഏപ്രില്‍ 12ന് മനുഷ്യനെയും അവിടേക്കയച്ച് തിരികെ ഭൂമിയിലെത്തിച്ചു- യൂറി ഗഗാറിന്‍ . പിന്നീട് വലന്റീന തെരഷ്കോവ എന്ന വനിതയെയും ബഹിരാകാശത്തെത്തിച്ചത് സോവിയറ്റ് യൂണിയന്‍തന്നെയാണ്. അമേരിക്കയുടെ കൊടിനാട്ടിയ വിജയമായത് 1969 ജൂലൈ 20ന് രണ്ടുപേരെ ചന്ദ്രനില്‍ ഇറക്കിയതാണ്. പിന്നീട് മനുഷ്യന്റെ ആദ്യ ബഹിരാകാശ സഞ്ചാരത്തിന്റെ 20-ാം വാര്‍ഷികത്തില്‍ 1981 ഏപ്രില്‍ 21ന് അമേരിക്ക നടത്തിയ സ്പേസ്ഷട്ടില്‍ വിക്ഷേപണവും ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി.

ഇന്ത്യയും മുന്‍നിരയില്‍

സോവിയറ്റ് യൂണിയനെയും അമേരിക്കയെയും പിന്തുടര്‍ന്ന് ഫ്രാന്‍സും ജപ്പാനുംചൈനയും ഇന്ത്യയുമൊക്കെ തനതായി ഉപഗ്രഹങ്ങളും റോക്കറ്റുകളും വികസിപ്പിക്കാനും വിജയകരമായി വിക്ഷേപിക്കാനും തുടങ്ങിയത് ബഹിരാകാശയുഗത്തിലെ പുതിയ കാലഘട്ടത്തിനും തുടക്കമിട്ടു. അത് ഇന്നും തുടരുന്നു. 2008ല്‍ ഇന്ത്യയുടെ സ്വന്തം "ചാന്ദ്രയാന്‍ -1" ചന്ദ്രനെ തൊട്ടതും അത് ദൗത്യം അവസാനിപ്പിച്ച 2009ല്‍ ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള തെളിവുകള്‍ പുറത്തുവിട്ടതും ഇന്ത്യയുടെ തിളക്കം കൂട്ടി. ആശയവിനിമയരംഗത്തുംവിപ്ലവം ആശയവിനിമയരംഗത്ത് ഇന്നുണ്ടായ അനന്തസാധ്യതകള്‍ക്ക് നാം ബഹിരാകാശരംഗത്തുണ്ടായ ഗവേഷണങ്ങളോടു കടപ്പെട്ടിരിക്കുന്നു. മൊബൈല്‍ ഫോണ്‍ , ഇന്റര്‍നെറ്റ്, ടെലിവിഷന്‍ സംപ്രേഷണം എന്നിവയുടെ വലക്കണ്ണികളെ കോര്‍ത്തിണക്കുന്നത് പലതലങ്ങളിലുള്ള ഉപഗ്രഹങ്ങളാണ്. ഭൂമി ആഗോളഗ്രാമമായി എന്നു വ്യാഖ്യാനിക്കപ്പെടാന്‍ ഇടയാക്കിയതും ഇതാണ്. പ്രപഞ്ചവീക്ഷണത്തെയും മാറ്റി ഗലീലിയോ, കെപ്ലര്‍ , ന്യൂട്ടണ്‍ തുടങ്ങിയ മഹാരഥന്മാര്‍ ഭാവനയില്‍പ്പോലും കണ്ടിട്ടില്ലാത്ത ഒരു പ്രപഞ്ച ചിത്രമാണ് ഹബിള്‍ , ചന്ദ്ര, കെപ്ലര്‍ തുടങ്ങിയ സ്പേസ് ടെലസ്കോപ്പുകള്‍ മനുഷ്യരാശിക്കുമുന്നില്‍ അനാവരണംചെയ്തത്. 17-ാം നൂറ്റാണ്ടോടെ ഭൂമിയുടെ പ്രാമാണ്യം നഷ്ടപ്പെടുകയും സൂര്യന്‍ പ്രപഞ്ചകേന്ദ്രമായി മാറുകയും ചെയ്തുവെങ്കില്‍ നാലു നൂറ്റാണ്ടിനുശേഷം ഇന്ന് പ്രപഞ്ചവുമായി തട്ടിച്ചുനോക്കുമ്പോള്‍ സൗരയൂഥം മൊത്തത്തില്‍പ്പോലും വലുപ്പത്തില്‍ അഗണ്യമാണെന്ന തിരിച്ചറിവിലാണ് നാം എത്തിച്ചേരുന്നത്.

ചൈനയ്ക്കും ഇനി ബഹിരാകാശപരീക്ഷണശാല

ചൈനയ്ക്കും ഇനി ബഹിരാകാശപരീക്ഷണശാല
ലേഖകന്‍ - സി രാമചന്ദ്രന്‍
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി

ഉപഗ്രഹവിക്ഷേപണത്തിന്റെ 54-ാം വാര്‍ഷികവും ബഹിരാകാശത്തേക്കുള്ള മനുഷ്യസഞ്ചാരത്തിന്റെ 50-ാം വാര്‍ഷികവും ഒത്തുചേരുന്ന ഈ സന്ദര്‍ഭം ചൈന ആഘോഷിച്ചത് അവരുടെ നിര്‍ദിഷ്ട "ബഹിരാകാശ പരീക്ഷണശാലയുടെ" ആദ്യഘട്ടം വിക്ഷേപിച്ചാണ്. ഘട്ടംഘട്ടമായി വികസിപ്പിക്കുന്ന ഈ പദ്ധതി 2020 ഓടെ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. ഇതിനുമുമ്പ് സോവിയറ്റ് യൂണിയനും അമേരിക്കയും മാത്രമേ ഇത്തരം പദ്ധതികള്‍ നടപ്പില്‍വരുത്തിയിട്ടുള്ളു. ഇന്ന് അമേരിക്കയും റഷ്യയും സഹകരിച്ചാണ് ബഹിരാകാശ നിരീക്ഷണ പരീക്ഷണശാല നടത്തിക്കൊണ്ടുപോകുന്നത്. ലോങ്മാര്‍ച്ച്-2FT1 എന്ന ആധുനിക ഉപഗ്രഹവാഹനത്തിലാണ് തിയന്‍ഗോങ്-1 (സ്വര്‍ഗസ്ഥാനം) എന്ന ഈ ആദ്യഘട്ടം സെപ്തംബര്‍ 29ന് വിക്ഷേപിച്ചത്. ഇതിനോടു ഘടിപ്പിക്കാനുള്ള ഷെന്‍ഷൂ-8 എന്ന അടുത്തഘട്ടം ഈ വര്‍ഷംതന്നെ വിക്ഷേപിക്കും. ഇതില്‍ രണ്ടിലും മനുഷ്യരില്ല. തുടര്‍ന്നു വിക്ഷേപിക്കാനുള്ള ഷെന്‍ഷൂ-9 മുതലുള്ള ഘട്ടങ്ങളില്‍ ശാസ്ത്രജ്ഞരുമുണ്ടാകും. സാമ്പത്തിക പരാധീനതയാല്‍ അമേരിക്കന്‍ ബഹിരാകാശ പദ്ധതികള്‍ നട്ടംതിരിയുന്ന അവസരത്തിലുണ്ടായ ഈ നേട്ടത്തില്‍ ചൈനീസ് ജനത ആഹ്ലാദത്തിലാണ്. ലോങ്മാര്‍ച്ച് റോക്കറ്റുകള്‍ വ്യാവസായികാടിസ്ഥാനത്തില്‍ മറ്റു രാജ്യങ്ങള്‍ക്കു നല്‍കാന്‍ ചൈന സന്നദ്ധമായിട്ടുണ്ട്. പാകിസ്ഥാന്‍ ആദ്യമായി സ്വയം നിര്‍മിച്ച പാക്സാറ്റ്-1ആര്‍ വാര്‍ത്താവിനിമയ ഉപഗ്രഹം ആഗസ്തില്‍ ലോങ്മാര്‍ച്ച് 3ബി വാഹനം ഉപയോഗിച്ച് വിക്ഷേപിക്കുകയുണ്ടായി.

ന്യൂട്രീനോ

പുത്തന്‍സമസ്യയുമായി ന്യൂട്രീനോ
ലേഖകന്‍ - ഡോ. എന്‍ ഷാജി
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി 

കഴിഞ്ഞയാഴ്ച മാധ്യമങ്ങള്‍ ആഘോഷിച്ചത് ശാസ്ത്രലോകത്തെ ഒരു പുതിയ കണ്ടുപിടിത്തത്തിന്റെ വാര്‍ത്തയാണ്. ന്യൂട്രിനോകള്‍ എന്ന ചെറുകണങ്ങള്‍ പ്രകാശവേഗത്തെ മറികടക്കുന്നുവെന്ന്് യൂറോപ്പിലെ ഒരുസംഘം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയെന്നായിരുന്നു വാര്‍ത്ത. 1905ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന മഹാനായ ശാസ്ത്രജ്ഞന്‍ ആവിഷ്കരിച്ച ആപേക്ഷികതാസിദ്ധാന്തം അനുസരിച്ച് പ്രകാശത്തിന്റെ ശൂന്യതയിലെ വേഗത്തെ ആര്‍ക്കും മറികടക്കാനാകില്ല. പ്രകാശവേഗമെന്നത് ശൂന്യതയില്‍ സെക്കന്‍ഡില്‍ മൂന്നുലക്ഷം കിലോമീറ്റര്‍ വരും.



കൃത്യമായി പറഞ്ഞാല്‍ 299792.458 കിലോമീറ്റര്‍. (മീറ്ററിന്റെ പുതിയ നിര്‍വചനംതന്നെ പ്രകാശം 1/299792458 സെക്കന്‍ഡുകൊണ്ട് സഞ്ചരിക്കുന്ന ദൂരം എന്നാണ്). സമയവും ദൂരവും അളക്കുന്നതില്‍ നാം കൈവരിച്ച കൃത്യത ഈ സംഖ്യകള്‍ സൂചിപ്പിക്കുന്നുമുണ്ട്. ഐന്‍സ്റ്റീന്‍ തന്റെ സിദ്ധാന്തം ആവിഷ്കരിച്ച് വര്‍ഷം നൂറിലധികമായി. ഇതിനകം ഇത് വളരെ കണിശമായ ധാരാളം പരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയിട്ടുണ്ട്. എല്ലാ സന്ദര്‍ഭത്തിലും സിദ്ധാന്തവുമായി പൂര്‍ണമായും യോജിച്ചുപോകുന്ന നിരീക്ഷണഫലങ്ങളാണ് കിട്ടിയത്. അപൂര്‍വമായി വിപരീതഫലങ്ങളും കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ നിരീക്ഷണങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയമാക്കിയപ്പോള്‍ ചില തെറ്റുകളോ അബദ്ധങ്ങളോ തിരിച്ചറിയുകയും ഐന്‍സ്റ്റൈന്റെ സിദ്ധാന്തംതന്നെ ശരി എന്ന് ബോധ്യമാവുകയും ചെയ്തിട്ടുണ്ട്. സൂര്യനിലെ ഊര്‍ജോല്‍പ്പാദനംമുതല്‍ മൊബൈല്‍ ഫോണുകളിലെ ജിപിഎസ് സംവിധാനംവരെ നൂറുകണക്കിനു കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഐന്‍സ്റ്റൈന്റെ ആപേക്ഷികതാസിദ്ധാന്തത്തിനു കഴിയുന്നുവെന്നതിനാല്‍ ശാസ്ത്രജ്ഞര്‍ക്ക് ഇതില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഇക്കാരണത്താല്‍ പ്രകാശവേഗം മറികടന്ന് ന്യൂടിനോകള്‍ സഞ്ചരിക്കുന്നുവെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞര്‍ ഉടനെ പ്രസ്ക്ലബ്ബിലേക്ക് ഓടിയില്ല. തങ്ങള്‍ക്ക് എവിടെയെങ്കിലും തെറ്റുപറ്റിയോ എന്ന് ആറുമാസം വിശദമായി പരിശോധിച്ചു. അതിനുശേഷവും പിശകുകള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അത് ഇന്റര്‍നെറ്റിലൂടെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനുമായി ശാസ്ത്രസമൂഹത്തിനു മുമ്പാകെ സമര്‍പ്പിച്ചിരിക്കുകയാണ്.

എന്താണ് ന്യൂട്രിനോ

മൗലികകണങ്ങളിലെ "കുട്ടിച്ചാത്തന്മാരാ"ണ് ന്യൂട്രിനോകള്‍ . ഇവ പ്രപഞ്ചത്തില്‍ എല്ലായിടത്തുമുണ്ട്. പക്ഷേ, കണ്ടെത്തുക ഒട്ടും എളുപ്പമല്ല, ഏതാണ്ട് അസാധ്യം എന്നുതന്നെ പറയാം. ഉദാഹരണമായി സൂര്യനില്‍ ഊര്‍ജോല്‍പ്പാദനം നടക്കുന്ന പ്രക്രിയയില്‍ ഇവ ധാരാളം ഉണ്ടാകുന്നുണ്ട്. അവ പ്രകാശത്തോടടുത്ത വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അവ ധാരാളമായി ഭൂമിയിലെത്തുന്നുണ്ട്. ഭൂമിയെ അവ എളുപ്പത്തില്‍ മുറിച്ചുകടക്കും. അതിനാല്‍ രാത്രിയും പകലും അവയുടെ എണ്ണം ഏതാണ്ട് ഒരുപോലെയാണ്. ഓരോ സെക്കന്‍ഡിലും അവ നമ്മുടെ ശരീരത്തിലൂടെയും കടന്നുപോകുന്നുണ്ട്. ഒരുവിധ ദ്രവ്യവുമായും അവ കാര്യമായ തോതില്‍ പ്രതിപ്രവര്‍ത്തിക്കാത്തതിനാല്‍ നമ്മള്‍ അറിയുന്നില്ലെന്നു മാത്രം. വൈദ്യുതചാര്‍ജില്ലാത്തതാണ് ഇതിന് ഒരു കാരണം. 1930ല്‍ പൗളി എന്ന ശാസ്ത്രജ്ഞന്‍ ഇത്തരം കണങ്ങളുടെ അസ്തിത്വം പ്രവചിച്ചിരുന്നുവെങ്കിലും കാല്‍നൂറ്റാണ്ടിനുശേഷമാണ് ഇവയെ പരീക്ഷണങ്ങളില്‍ കണ്ടെത്തിയത്. ഇവ മൂന്ന് ഇനങ്ങളില്‍പ്പെട്ടവയുണ്ട്. മാത്രവുമല്ല, ഇവ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇനം മാറുകയും ചെയ്യുമെന്ന് അടുത്തകാലത്ത് കണ്ടെത്തിയിട്ടുണ്ട്. ഈ കണങ്ങളുടെ ഇത്തരം കുട്ടിച്ചാത്തന്‍സ്വഭാവം കണ്ടെത്താന്‍ നടത്തിയ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടാണ് ഇവ പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നുവെന്ന ഫലം കിട്ടിയത്.

ഭൂമി തുളച്ച് ന്യൂട്രിനോ യാത്ര

ഫാന്‍സിന്റെയും സ്വിറ്റ്സര്‍ലന്‍ഡിന്റെയും അതിര്‍ത്തിപ്രദേശത്ത് രണ്ടു രാജ്യങ്ങളിലുമായി സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ കണികാ ഗവേഷണകേന്ദ്രമാണ് സേണ്‍ (CERN). പ്രസിദ്ധമായ കണികാത്വരിത്രം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC- Large hardon collider) ഇവിടെയാണ്. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിനു ശാസ്ത്രജ്ഞര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇവിടെ സൂപ്പര്‍ പ്രോട്ടോണ്‍ സിങ്ക്രോട്രോണ്‍ എന്ന കണികാത്വരിത്രം (SPS- Super Proton Synchrotron) പ്രവര്‍ത്തിക്കുന്നു. (ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന് പ്രോട്ടോണുകളെ നല്‍കുന്നത് ഈ ഉപകരണമാണ്). ഇതില്‍നിന്നു വരുന്ന പ്രോട്ടോണുകള്‍ക്ക് 40 ജിഇവി (Gev= giga electron volt) ഊര്‍ജം ഉണ്ടാകും. അതായത് ഒരു പ്രോട്ടോണിനെ 4000 കോടി വോള്‍ട്ടിലൂടെ കടത്തിവിട്ടാല്‍ കിട്ടുന്ന ഊര്‍ജം. ഈ പ്രോട്ടോണുകളെ ഗ്രാഫൈറ്റ് പാളികളില്‍ (കാര്‍ബണിന്റെ ഒരു രൂപമായ ഗ്രാഫൈറ്റ് പെന്‍സില്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നു) പതിപ്പിച്ചാല്‍ മുവോണ്‍ എന്ന മറ്റൊരിനം കണങ്ങളുടെ ധാര ഉണ്ടാകുന്നു. ഇലക്ട്രോണുകളുടെ വല്യേട്ടന്മാരായ മുവോണുകള്‍ അല്‍പ്പായുസ്സുള്ളവരാണ്. ഇവ വിഘടിച്ച് ന്യൂട്രിനോകള്‍ ഉണ്ടാകും.

ഈ ന്യൂട്രിനോകള്‍ക്ക് നിഷ്പ്രയാസം ഏതൊരു വസ്തുക്കളിലൂടെയും കടന്നുപോകാന്‍ കഴിയും. സേണില്‍ , ഭൗമോപരിതലത്തിനു താഴെ ഉണ്ടാകുന്ന ഈ ന്യൂട്രിനോകള്‍ ഭൂമിയെ തുളച്ച് ഏതാണ്ട് 730 കിലോമീറ്റര്‍ അകലെ ഇറ്റലിയില്‍ ഗ്രാന്‍ സാസോ മലനിരകളില്‍ ഭൂഗര്‍ഭത്തില്‍ ചുറ്റും കൂറ്റന്‍ പാറക്കെട്ടുകൊണ്ടു പൊതിഞ്ഞ ഒരു ഗവേഷണകേന്ദ്രത്തില്‍ എത്തും. ഇവിടെ ന്യൂട്രിനോകളെ പിടിക്കാനായി കെണികള്‍ ഒരുക്കിയിട്ടുണ്ട്. എണ്ണത്തില്‍ ഒന്നരലക്ഷം വരുന്ന ഈ ഉപകരണങ്ങള്‍ക്കുമാത്രം 1300 ടണ്‍ ഭാരംവരും. ന്യൂട്രിനോകള്‍ ദ്രവ്യവുമായി അപൂര്‍വമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ പുതുതായി ഉണ്ടാകുന്ന കണങ്ങളെ നിരീക്ഷിച്ചാണ് ന്യൂട്രിനോകള്‍ എത്തി എന്നു മനസ്സിലാക്കുന്നത്. ഇത്രയും വിപുലമായ സംവിധാനം ഉണ്ടെങ്കില്‍പ്പോലും നിരവധി മാസമോ വര്‍ഷമോ പരീക്ഷണങ്ങള്‍ നടത്തിയാല്‍ മാത്രമേ വേണ്ടത്ര ഡാറ്റ ലഭിക്കു. 2009ല്‍ തുടങ്ങിയതാണ് നമ്മള്‍ പ്രതിപാദിക്കുന്ന ഈ പരീക്ഷണം. ജനീവയ്ക്കടുത്ത് സേണില്‍നിന്നുവരുന്ന ന്യൂട്രിനോകള്‍ 730 കിലോമീറ്റര്‍ താണ്ടി ഇറ്റലിയിലെ ഗ്രാന്‍ സാസോയിലെത്താന്‍ ഒരു സെക്കന്‍ഡിന്റെ നാന്നൂറിലൊന്നു സമയം മതി. ഈ സമയവും ദൂരവും കൃത്യമായി കണ്ടെത്തിയാല്‍ വേഗം ഒരു സ്കൂള്‍വിദ്യാര്‍ഥിക്കുപോലും കണ്ടെത്താം.

ന്യൂട്രിനോ സഞ്ചരിക്കുന്നതിനുവേണ്ടി ഭൂമിക്കടിയിലൂടെ തുരങ്കമൊന്നും ഉണ്ടാക്കിയിട്ടില്ല. അതിന്റെ ആവശ്യവുമില്ല. പക്ഷേ രണ്ടു സ്ഥലങ്ങളും തമ്മിലുള്ള ദൂരം കൃത്യമായി അറിയണം. അത് ജിപിഎസ് (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം)വഴി അവര്‍ കണക്കാക്കിയിട്ടുണ്ട്. അത് 730 കിലോമീറ്റര്‍ 534 മീറ്റര്‍ 61 സെന്റീമീറ്റര്‍ ആണത്രെ. ഇതില്‍ ഏതാനും സെന്റീമീറ്ററിന്റെ പിശകുമാത്രമേ പ്രതീക്ഷിക്കുന്നുള്ളു. ദൂരം ഇത്ര കൃത്യമായി അളക്കാന്‍കഴിയുന്നു എന്നതുതന്നെ വന്‍ നേട്ടമാണ്. അടുത്ത പ്രശ്നം സമയം അളക്കലാണ്. ഇതിന് സീഷിയം അറ്റോമിക് ക്ലോക്കുകള്‍ ഉപയോഗിക്കുന്നു. ഇതിന് നാനോ സെക്കന്‍ഡുകളുടെ കൃത്യതയുണ്ട്. ഒരു സെക്കന്‍ഡിന്റെ 100 കോടിയില്‍ ഒരു ഭാഗമാണ് നാനോ സെക്കന്‍ഡ്. ഇത്തരത്തില്‍ ദൂരവും സമയവും അളന്നാല്‍ വേഗം കിട്ടും. നൂറ്റമ്പതോളം ശാസ്ത്രജ്ഞര്‍ 2009-11-ല്‍ പതിനാറായിരത്തിലധികം ന്യൂട്രിനോകളെ പരോക്ഷമായി നിരീക്ഷിച്ചശേഷം കണ്ടെത്തിയത് ന്യൂട്രിനോകള്‍ പ്രകാശത്തേക്കാളും 4000-ല്‍ ഒരുഭാഗം കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്നുവെന്നാണ്. ഇതിനുമുമ്പും അമേരിക്കയിലെ ചില ശാസ്ത്രജ്ഞര്‍ക്ക് ഇത്തരത്തിലുള്ള ചില ഗവേഷണ ഫലങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും ആ പഠനങ്ങള്‍ക്ക് കൃത്യത കുറവായതിനാല്‍ അതു വിശ്വസനീയമായിരുന്നില്ല. യൂറോപ്യന്‍ ശാസ്ത്രജ്ഞര്‍ക്കു കിട്ടിയ വിവരങ്ങള്‍ അവര്‍ക്കുതന്നെ വിശ്വസിക്കാന്‍ കഴിയാത്തതിനല്‍ അവര്‍ വീണ്ടും വീണ്ടും കണക്കുകൂട്ടലുകള്‍ നടത്തി.

തെറ്റൊന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അവര്‍ എല്ലാ വിവരവും ശാസ്ത്രലോകത്തിനു മുമ്പാകെ സമര്‍പ്പിച്ചിരിക്കയാണ്. കൂടുതല്‍ പരിശോധനകളും പരീക്ഷണങ്ങള്‍ക്കും ശേഷമേ ഇത് തള്ളാനോ കൊള്ളാനോ സാധിക്കൂ. അതിന് ഒരുപക്ഷേ മാസങ്ങള്‍ എടുത്തേക്കാം. ഇനി ഈ പരീക്ഷണഫലങ്ങള്‍ ശരിയെന്നുതന്നെ വന്നാലോ. ഐന്‍സ്റ്റീന്റെ സിദ്ധാന്തം അതോടെ തകര്‍ന്നുവീഴുമെന്നു കരുതേണ്ടതില്ല. കാരണം പരീക്ഷണങ്ങളുടെ ഉറച്ച പിന്‍ബലം അതിനുണ്ട്. പക്ഷേ, ഇത് കൂടുതല്‍ കൃത്യവും പൂര്‍ണവുമായ പുതുസിദ്ധാന്തങ്ങളിലേക്കു വഴിതെളിച്ചേക്കാം. ഇവിടെ ഒരുകാര്യം ഓര്‍ക്കുക. 730 കിലോമീറ്റര്‍ എന്ന ദൂരം അളന്നതില്‍ 20 മീറ്ററിന്റെ തെറ്റുപറ്റിയിട്ടുണ്ടെന്നു കണ്ടെത്തിയാല്‍തന്നെ ഈ പ്രശ്നം പരിഹരിക്കപ്പെടാം. നമുക്ക് കാത്തിരുന്നു കാണാം. (എറണാകുളം മഹാരാജാസ് കോളേജിലെ ഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)

ബഹിരാകാശ മലിനീകരണം

ഇനി ബഹിരാകാശ മലിനീകരണവും
ലേഖകന്‍ - ഡോ. എ രാജഗോപാല്‍ കമ്മത്ത്
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി

ഉപഗ്രഹങ്ങളുടെ അവസാനം എന്താണ്? അമേരിക്കന്‍ ഉപഗ്രഹം ഭൗമാന്തരീക്ഷത്തിലേക്കു പതിക്കൊനൊരുങ്ങുന്നതിന്റെ വാര്‍ത്ത പലരിലും ഇത്തരം ചോദ്യമുണര്‍ത്തുക സ്വാഭാവികം. നാസയുടെ ആറു ടണ്‍ ഭാരവും ഒരു ചെറിയ ബസിനോളം വലുപ്പവുമുള്ള കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം യു എ ആര്‍ എസ്, ഭ്രമണപഥം ക്ഷയിച്ചതിനാല്‍ ഭൗമാന്തരീക്ഷത്തിലേക്ക് പതിക്കാനൊരുങ്ങുന്നു. സെപ്തംബര്‍ 23നു&ലൗാഹ;ശേഷം എപ്പോള്‍ വേണമെങ്കിലും ഇത് ഭൂമിയില്‍ പതിക്കുമെന്നാണ് കണക്കുകൂട്ടല്‍ . 2005മുതല്‍ ഇത് പ്രവര്‍ത്തനരഹിതമാണ്. 1991ല്‍ സ്പേസ് ഷട്ടില്‍ ഡിസ്കവറിയാണ് അപ്പര്‍ അറ്റ്മോസ്ഫിയര്‍ റിസര്‍ച്ച് സാറ്റലൈറ്റ് എന്ന യുആര്‍എസ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചത്. 600 കിലോമീറ്റര്‍ ഉയരത്തില്‍ ഓരോ 96 മിനിറ്റുകൂടുമ്പോഴും ഇത് ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കും. 10 മീറ്റര്‍ നീളമുള്ള ഉപഗ്രഹത്തിന്റെ 532 കിലോഗ്രാം വരുന്ന അവശിഷ്ടമാണ് ഭൂമിയിലേക്കു പതിക്കുക. ഇതിന്റെ അവശിഷ്ടങ്ങള്‍ എവിടെ പതിക്കും എന്ന കാര്യത്തില്‍ നാസയ്ക്കും റഷ്യന്‍ ബഹിരാകാശ ഗവേഷണസ്ഥാപനത്തിനും വ്യത്യസ്ത അനുമാനമാണുള്ളത്. റഷ്യ പറയുന്നത് പസഫിക് മഹാസമുദ്രത്തില്‍ 18 ഡിഗ്രി തെക്കന്‍ രേഖാംശത്തിലും 173 ഡിഗ്രി കിഴക്കന്‍ അക്ഷാംശത്തിനുമിടയില്‍ പതിക്കുമെന്നാണ്. എന്നാല്‍ നാസയുടെ അഭിപ്രായത്തില്‍ ഹോണ്‍ ഓഫ് ആഫ്രിക്ക, സെയ്ഷെല്‍സ് എന്നിവയുടെ ഇടയില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുമെന്നാണ്. ഏതായാലും 800 കിലോമീറ്റര്‍ പ്രദേശത്താകും ഇതിന്റെ അവശിഷ്ടങ്ങള്‍ പതിക്കുക.

ചത്ത ഉപഗ്രഹങ്ങള്‍

സാധാരണ കാലാവധികഴിഞ്ഞതിനാല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഉപഗ്രഹങ്ങളുടെ ഭ്രമണപഥം പതിയെ താഴ്ത്തി ജനങ്ങള്‍ ഇല്ലാത്തിടത്ത്, മഹാസമുദ്രത്തിന്റെ ആഴങ്ങളില്‍ പതിപ്പിക്കുകയാണ്ചെയ്യുക. ഉപഗ്രഹത്തിന്റെ ദിശ നിയന്ത്രിക്കുന്നതിനുവേണ്ടി അതില്‍ സംഭരിച്ച റോക്കറ്റ് ഇന്ധനം ഹൈഡ്രാസീന്‍ മനുഷ്യര്‍ക്ക് അത്യന്തം ഹാനികരമാണ്. നേരത്തേ യുഎസ്എ 193 എന്ന ഉപഗ്രഹത്തെ മിസൈല്‍ തൊടുത്തു തകര്‍ത്തത് ഈ ഇന്ധനം ഭൂമിയില്‍ എത്താതിരിക്കുന്നതിനാണ്. 1957ല്‍ സ്പുട്നിക്കില്‍ തുടങ്ങി എണ്ണായിരത്തിലധികം വിക്ഷേപണങ്ങള്‍ ലോകമെമ്പാടുമുള്ള പല ബഹിരാകാശ ഗവേഷണസ്ഥാപനങ്ങളും നടത്തിയിട്ടുണ്ട്. റഷ്യയും അമേരിക്കയുമാണ് ഇതില്‍ മുന്നില്‍ . മാനവരാശിയുടെ ഉന്നമനത്തിന് ബഹിരാകാശത്തെ മനുഷ്യനിര്‍മിത ഉപഗ്രഹങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഏറ്റവും താഴ്ന്ന ഭ്രമണപഥമായ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ഏതാണ്ട് 20,000 വസ്തുക്കളുണ്ട്. ഇവയെല്ലാം വിക്ഷേപണവാഹനങ്ങളുടെയോ ഉപഗ്രഹങ്ങളുടെയോ അവശിഷ്ടങ്ങളാണ്. ഇതില്‍ കുറേയൊക്കെ അന്തരീക്ഷത്തിലൂടെ കത്തിയമര്‍ന്ന് ചാരം മാത്രം താഴെയെത്തും. കാലക്രമേണ ഭ്രമണപഥത്തിലെ വസ്തുക്കളുടെ എണ്ണം വര്‍ധിച്ച് അവിടേക്ക് പിന്നൊരിക്കലും സുരക്ഷിതമായി പോകാന്‍ കഴിയാതാകും. 2009ല്‍ റഷ്യയുടെയും അമേരിക്കയുടെയും രണ്ട് ഉപഗ്രഹങ്ങള്‍ കൂട്ടിയിടിച്ച് ആയിരക്കണക്കിന് കഷണങ്ങളായി ചിതറി. അവയെല്ലം ഇപ്പോഴും ഭ്രമണപഥത്തിലുണ്ട്. ഇപ്പോള്‍ ഭ്രമണപഥത്തിലുള്ള ഏതാണ്ട് 560 ഉപഗ്രഹങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കുന്നവയാണ്. ബാക്കി ഉപഗ്രഹങ്ങള്‍ കാലാവധി കഴിഞ്ഞവയാണ്. ചന്ദ്രന്‍ കഴിഞ്ഞാല്‍ പിന്നെ ഭൂമിയെ ചുറ്റുന്ന ഏറ്റവും വലിയ വസ്തുവായ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ &മലഹശഴ;കുറച്ചുനാള്മുമ്പ് അവശിഷ്ടങ്ങള്‍ കൂട്ടിയിടിച്ച് നാശനഷ്ടമുണ്ടാകുമെന്നു കരുതിയിരുന്നു. കഷ്ടിച്ചാണ് ദുരന്തം ഒഴിവായത്. എപ്പോഴും ബഹിരാകാശ സഞ്ചാരികള്‍ നിലയത്തിലുണ്ടാകും. ഇനിയും തുടര്‍ച്ചയായി ഇത്തരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. ബഹിരാകാശയാനങ്ങളുടെ പുറമേയുള്ള പെയിന്റ് ഇളകിത്തെറിച്ചാലും അത് നാശമുളവാക്കും. അന്താരാഷ്ട്ര ബഹിരാകാശനിലയം ഭഭൂമിയില്‍നിന്ന് 354 കിലോമീറ്റര്‍ ഉയരത്തിലാണ് ഭ്രമണംചെയ്യുന്നത്. ഇതിനെക്കാള്‍ ഉയരത്തില്‍ ഏകദേശം 5000 അവശിഷ്ടങ്ങളുണ്ടായി. എന്നാല്‍ സൂര്യന്റെ പ്രവര്‍ത്തനം വര്‍ധിച്ചു വരുന്നതുമൂലം ചൂടുകൊണ്ട് അന്തരീക്ഷം വികസിക്കുകയും അവശിഷ്ടങ്ങള്‍ ഭൂമിയുടെ അടുത്തേക്ക് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്യും. 2012-2013ല്‍ സൂര്യന്‍ ശക്തിപ്രാപിച്ച് കൂടുതല്‍ കുഴപ്പങ്ങള്‍ക്കു കാരണമാകുകയും ചെയ്യുമെന്നാണ് ശാസ്ത്ര നിഗമനം. ബഹിരാകാശ നിലയത്തിനാകും കൂടുതല്‍ പ്രശ്നമുണ്ടാകുക. ഇപ്പോള്‍ 850 കിലോമീറ്റര്‍ ഉയരത്തില്‍ മൂന്നുടണ്‍ ഭഭാരമുള്ള 60 ഉപയോഗശൂന്യമായ വസ്തുക്കളുണ്ടെന്നാണ് കണക്കുകൂട്ടല്‍ . സെക്കന്‍ഡില്‍ 7.5 കിലോമീറ്ററാണ് ഇതിന്റെ വേഗം. ഇതില്‍ പ്രധാനം ഉപയോഗംകഴിഞ്ഞ് ഉപേക്ഷിച്ച റോക്കറ്റ് ഭാഗങ്ങളാണ്. റോക്കറ്റുകളുടെ വിവിധ ഘട്ടങ്ങളുടെ അനേകം വലിയ അവശിഷ്ടങ്ങള്‍ ഭ്രമണംചെയ്യുന്നുണ്ട്. അനേകം ടണ്‍ ഭാരമുള്ള ഉപയോഗശൂന്യമായ ഉപഗ്രഹങ്ങളും ചെറുപന്തിനോളമുള്ള 25,000 വസ്തുക്കളും അതിലും വലുപ്പംകുറഞ്ഞ 5,00,000 വസ്തുക്കളുമുണ്ട്.

പിഴയ്ക്കുന്ന കണക്കുകള്‍

അമേരിക്കയും ചൈനയും നടത്തിയ ഉപഗ്രഹവേധ പരീക്ഷണത്തില്‍ ഭൂമിയില്‍നിന്നു മിസൈല്‍ തൊടുത്ത് ഉപഗ്രഹങ്ങളെ തകര്‍ത്തിരുന്നു. നിലംപതിക്കുന്ന ഉപഗ്രഹങ്ങള്‍ മറ്റു രാജ്യങ്ങളുടെ കൈയില്‍ പെടാതിരിക്കാനും ഭഭാവിയിലെ സൈനികാവശ്യങ്ങള്‍ക്കുള്ള പരീക്ഷണമായും ഇതിനെ കാണാവുന്നതാണ്. എന്നാല്‍ ഈ പ്രവര്‍ത്തനത്തിന്റെ ഫലമായുണ്ടായ അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കുമെന്ന ഭീഷണിയെത്തുടര്‍ന്ന് അതിലെ യാത്രികര്‍ അപ്പോള്‍ ഡോക്ക് ചെയ്തിരുന്ന സോയൂസ് എന്ന യാനത്തില്‍ കയറി തിരികെ മടങ്ങാനായി തയ്യാറെടുത്തിരുന്നു. ലൈഫ്ബോട്ട് പോലെയാണ് സോയൂസ് അപ്പോള്‍ നിലയുറപ്പിച്ചത്. അഞ്ചു തവണയോളം ഗഗനചാരികള്‍ ഇപ്രകാരം രക്ഷതേടിയിട്ടുണ്ട്. മണിക്കൂറില്‍ ഏതാണ്ട് 28,500 കിലോമീറ്റര്‍ വേഗത്തിലാണ് അവശിഷ്ടങ്ങള്‍ ചുറ്റിത്തിരിയുന്നത്. കൂട്ടിയിടിയില്‍ ഓരോന്നും ബോംബ് പതിച്ചതുപോലെയുള്ള ഫലമുളവാക്കും. പലപ്പോഴും വിമാനങ്ങളും മറ്റും ആകാശത്തുനിന്നു പതിക്കുന്ന ശകലങ്ങളില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടിട്ടുണ്ട്. പസഫിക് മഹാസമുദ്രത്തിന്റെ മുകളിലൂടെ പറക്കുകയായിരുന്ന ചിലിയന്‍ എയര്‍ബസ് ഒരിക്കല്‍ ഇത്തരം അപകടസന്ധി തരണംചെയ്തിട്ടുണ്ട.് നാസയുടെ പാംഡി മോഡ്യൂളിന്റെ അതായത് ഒരു ഉപഗ്രഹവിക്ഷേപണ വാഹനത്തിന്റെ മുകള്‍ഘട്ടത്തിന്റെ അവശിഷ്ടങ്ങള്‍ , റോക്കറ്റ് മോട്ടോറും മറ്റും സൗദി അറേബ്യയില്‍ റിയാദിനു സമീപം പതിച്ചിട്ടുണ്ട് . കഴിഞ്ഞ 10 വര്‍ഷത്തിനിടെ അനേകംതവണ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യപ്പെട്ടിട്ടുണ്ട്.

സ്കൈലാബു മുതല്‍ കൊളംബിയവരെ
വന്ദനകൃഷ്ണ

ബഹിരാകാശ പഠനത്തിനായി 1991ല്‍ അമേരിക്ക വിക്ഷേപിച്ച അപ്പര്‍ അറ്റ്മോസ്ഫിയര്‍ റിസര്‍ച്ച് സാറ്റ്ലൈറ്റ് (യുഎആര്‍എസ്) ഉപഗ്രഹമാണല്ലോ നിയന്ത്രണം നഷ്ടപ്പെട്ട് ഇപ്പോള്‍ ഭൂമിയിലേക്കു പതിക്കുന്നത്. എന്നാല്‍ ഇതിനുമുമ്പും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബഹിരാകാശ അപകടങ്ങളില്‍ ലോകത്തെ ഞെട്ടിച്ച ദുരന്തമായിരുന്നു അമേരിക്കയുടെ കൊളംബിയ എന്ന ബഹിരാകാശപേടകത്തിന്റെ തകര്‍ച്ച. ഭൂമിയില്‍ സുരക്ഷിതമായി വന്നിറങ്ങുന്നതിന്റെ ഏതാനും മിനിറ്റുമുമ്പായിരുന്നു പൊട്ടിത്തെറി. ഇന്ത്യയുടെ അഭിമാനമായ ബഹിരാകാശ യാത്രിക കല്‍പ്പന ചൗള ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. ടെക്സാസിന്റെ കിഴക്കുഭാഗത്തും ലൂസിയാനയുടെ പടിഞ്ഞാറുഭാഗത്തുമായിരുന്നു ഇതിന്റെ അവശിഷ്ടങ്ങള്‍ പതിച്ചത്. യുഎസ് നാവികസേനയുടെ ചാര ഉപഗ്രഹമായ യുഎസ്എ-193, 2008 ഫെബ്രുവരിയില്‍ വടക്കുപടിഞ്ഞാറന്‍ അമേരിക്കയിലും കനഡയിലും പതിച്ചിരുന്നു.

1997ല്‍ ഒക്ലഹോമയില്‍ ഒരു സ്ത്രീയുടെ ദേഹത്ത് കത്തിക്കരിഞ്ഞ ഒരു ലോഹാവശിഷ്ടം പതിച്ചു. എന്നാല്‍ കാര്യമായി പരിക്കേറ്റില്ല. റോക്കറ്റിന് വേഗം കൂട്ടിയശേഷം വിട്ടകലുന്ന മോട്ടോറിന്റെ അവശിഷ്ടമായിരുന്നു അതെന്ന് പിന്നീടു കണ്ടെത്തി. റോക്കറ്റില്‍നിന്നു വേര്‍പെട്ടശേഷം അത് ഭൂമിയിലേക്കു പതിക്കുകയായിരുന്നു. സോവിയറ്റ് യൂണിയന്റെ രഹസ്യ നാവിക ഉപഗ്രഹമായ കോസ്മോസ്-954 നിയന്ത്രണം നഷ്ടമായി 1978 ജനുവരിയില്‍ ഭൂമിയിലേക്കു പതിച്ചു. കനഡയില്‍നിന്നായിരുന്നു ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 2001 ജനുവരി 21ല്‍ പെലോഡ് അസിസ്റ്റ് മൊഡ്യൂള്‍ -ഡെല്‍റ്റ (Payload Assist ModuleDelta-PAM-D-) ഭൂമിയിലേക്കു പതിച്ചു. 70 കിലോയോളം ഭാരമുണ്ടായിരുന്ന ഇത് സൗദി അറേബ്യയിലാണ് പതിച്ചത്. അവശിഷ്ടത്തിന്റെ മറ്റൊരു ഭാഗം ടെക്സാസിനടുത്തുള്ള സേഗിനിലും ജോര്‍ജ് ടൗണിലുമായിരുന്നു പതിച്ചത്. 1966ല്‍ ബ്രസീലിലെ റിയോ നെഗ്രോയില്‍ ശൂന്യാകാശ വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ശനിഗ്രഹത്തെക്കുറിച്ചു പഠിക്കാനായി 1964ല്‍ വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ ബാക്കിഭാഗമായിരുന്നു അതെന്ന് പിന്നീടു കണ്ടെത്തി. ഇതിലുണ്ടായിരുന്നത് ഭാരംകുറഞ്ഞ ലോഹാവശിഷ്ടവും നേര്‍ത്ത വയറുകളും മറ്റുമായിരുന്നു. ബഹിരാകാശത്തേക്കയച്ച ആദ്യ അമേരിക്കന്‍ സ്പേസ് സ്റ്റേഷനാണ് സ്കൈലാബ്. 70,000ത്തോളം കിലോഗ്രാം ഭാരമുള്ള കൃത്രിമോപഗ്രഹം സൗരയൂഥത്തിലെ ഗുരുത്വാകര്‍ഷണവ്യതിയാനങ്ങളെക്കുറിച്ചു പഠിക്കാനുള്ളതായിരുന്നു. 1979ല്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച സ്കൈലാബ് കത്തിത്തകര്‍ന്നു. ഇന്ത്യന്‍സമുദ്രത്തിലായിരുന്നു ഇതിന്റെ അവശിഷ്ടങ്ങള്‍ പതിച്ചത്.

ബഹിരാകാശ മലിനീകരണം: സുരക്ഷയ്ക്ക് നൂതനമാര്‍ഗങ്ങള്‍
ആര്‍ കെ

ഭൂമിക്കുചുറ്റും മനുഷ്യനിര്‍മിതമായ വസ്തുക്കള്‍കൊണ്ട് ഒരു വലയം താമസിയാതെ രൂപപ്പെടും. അനേകം രാജ്യങ്ങള്‍ സ്വന്തമായി ഉപഗ്രഹം വികസിപ്പിച്ച് ബഹിരാകാശത്തെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അതുപോലെ ഭ്രമണപഥത്തിലെ സ്പേസ് കോളനികള്‍ , പരീക്ഷണശാലകള്‍ എന്നിവയില്‍നിന്നുള്ള അവശിഷ്ടങ്ങള്‍ ബഹിരാകാശത്തെ മലിനമാക്കുമെന്നതു തീര്‍ച്ച. അതുകൊണ്ടുതന്നെ സുരക്ഷാമാര്‍ഗങ്ങളെക്കുറിച്ചും ശാസ്ത്രം ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.

പാമരമുള്ള ഉപഗ്രഹങ്ങള്‍

ബഹിരാകാശത്ത് ഭഭീഷണിയുയര്‍ത്തി ചുറ്റുന്ന അവശിഷ്ടങ്ങളെ ഒരു ക്ലീനര്‍ ഉപഗ്രഹത്തെ സ്ഥിരമായി ഭൂമിയുടെ ഭ്രമണപഥത്തില്‍ പ്രതിഷ്ഠിച്ച് അതിന്റെ സഹായത്തോടെ വലിയ അവശിഷ്ടങ്ങളില്‍ ചെറു പ്രൊപ്പല്ലന്റുകള്‍ ഘടിപ്പിച്ച് ഭൂമിയില്‍ സുരക്ഷിതമായ ഇടത്ത് പതിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. എന്നാല്‍ ഇതിന് വളരെയധികം സമയം വേണ്ടിവരും. ഇപ്പോഴുള്ള സാങ്കേതികതവച്ച് വര്‍ഷംപ്രതി പത്തില്‍താഴെ വസ്തുക്കളെ മാത്രമേ ഭൂമിയില്‍ പതിപ്പിക്കാനാവു. അല്ലെങ്കില്‍ ഇത്തരം അനേകം ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വിന്യസിക്കേണ്ടിവരും. പാമരംപോലൊന്ന് വിടര്‍ത്തി ഉപഗ്രഹത്തിനും റോക്കറ്റ് അവശിഷ്ടങ്ങള്‍ക്കും പതിയെ അന്തരീക്ഷത്തിലൂടെ തെന്നിയിറങ്ങാനുള്ള ഘടകങ്ങള്‍ വികസിപ്പിച്ചുവരുന്നുണ്ട്.

ലേസര്‍ ചൂല്‍

ഈയിടെ പ്രവര്‍ത്തനം അവസാനിപ്പിച്ച സ്പേസ് ഷട്ടിലില്‍ പലതവണ ബഹിരാകാശത്തുവച്ച് അവശിഷ്ടങ്ങള്‍ ഊക്കോടേ വന്നിടിച്ച് അതിന്റെ പുറം ഭാഗത്തിന് ചെറിയ വിള്ളലുകള്‍ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. വലുപ്പമുള്ള വിള്ളല്‍ വീണാല്‍ പിന്നൊരിക്കലും യാനത്തിന് സുരക്ഷിതമായി ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കാനാവില്ല. അവശിഷ്ടങ്ങള്‍ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുമ്പോള്‍തന്നെ ഘര്‍ഷണംമൂലം താപമേറി കത്തിയമരും. ഇതുമൂലമാണ് ബഹിരാകാശയാനങ്ങളുടെ പുന:പ്രവേശം (റീ എന്‍ട്രി) സങ്കീര്‍ണമാകുന്നത്.

കല്‍പ്പന ചൗള സഞ്ചരിച്ച സ്പേസ് ഷട്ടില്‍ കൊളംബിയ റീഎന്‍ട്രിയിലാണ് അപകടത്തില്‍ പ്പെട്ടത്. കെസ്ലര്‍ സിന്‍ഡ്രോംപ്രകാരം ഒരു നിര്‍ണായക സാന്ദ്രതയ്ക്കുമേല്‍ വസ്തുക്കള്‍ പെരുകിയാല്‍ ശൃംഖലാ പ്രവര്‍ത്തനംപോലെ അവശിഷ്ടങ്ങള്‍ തുടര്‍ച്ചയായി കൂട്ടിയിടിച്ച് ഭ്രമണപഥമാകെ ചെറു ശകലങ്ങള്‍കൊണ്ടു നിറയും. പിന്നെ സുരക്ഷിതമായി ബഹിരാകാശയാനങ്ങള്‍ക്കും ഉപഗ്രഹങ്ങള്‍ക്കും ഭ്രമണപഥത്തിലെത്താനാവില്ല. ഇതിനെ പ്രതിരോധിക്കാന്‍ ലേസര്‍കൊണ്ട് അവശിഷ്ടങ്ങളെ നശിപ്പിക്കാനുള്ള സാങ്കേതികത വികസിപ്പിച്ചുവരുന്നു. ബഹിരാകാശത്തിന്റെ അരികില്‍വരെ എത്തുന്ന യാനങ്ങളില്‍ ലേസര്‍ ഘടിപ്പിച്ച് അവശിഷ്ടങ്ങള്‍ നശിപ്പിക്കുക എന്നതാണ് പദ്ധതി. ഭൂമിയില്‍ സ്ഥാപിച്ച ഉപകരണത്തില്‍നിന്ന് ശക്തമായ ലേസര്‍ പുറപ്പെടുവിച്ച് അവശിഷ്ടങ്ങള്‍ നീക്കംചെയ്യാനും പദ്ധതിയുണ്ട്.

സൂര്യപ്രഭ മങ്ങുമോ?

സൂര്യപ്രഭ മങ്ങുമോ?
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി
ലേഖകന്‍ - സാബു ജോസ്

സൂര്യന്‍ ഉദാസീനത കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു. പെട്ടെന്നൊന്നും പഴയ ഉശിര് വീണ്ടെടുക്കുമെന്നു തോന്നുന്നുമില്ല. അടുത്ത സൗരചക്രത്തില്‍ - ആ ദശാബ്ദം മുഴുവന്‍ സൂര്യന്റെ മന്ദത തുടരുകയും ചെയ്യും. ഭൂമിയുടെ കാലാവസ്ഥയെയും കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനത്തെയും ഇതു ബാധിക്കുമെന്നുറപ്പാണ്. 2008ല്‍ ഉണ്ടായ സൗരവാതം കഴിഞ്ഞ 60 വര്‍ഷങ്ങളിലുണ്ടായതില്‍ ഏറ്റവും ദുര്‍ബലവും 11 വര്‍ഷത്തെ സൗരചക്രത്തില്‍ ഏറ്റവും കുറഞ്ഞ അക്ടീവ് പോയിന്റുമാണ്. അതിനര്‍ഥം സൂര്യനിലെ ന്യൂക്ലിയര്‍ പ്രവര്‍ത്തനങ്ങള്‍ അസാധാരണമാംവിധം ദുര്‍ബലമാകുന്നുവെന്നാണ്. സൗരകളങ്കങ്ങളുടെ കാര്യത്തിലും ഈ മാറ്റം പ്രകടമാകുന്നുണ്ട്. അവ ഒരു ശിശിരനിദ്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്. സൗരചക്രത്തിന്റെ ഉച്ചാവസ്ഥയില്‍ സൗരോപരിതലത്തില്‍നിന്ന് സൗരാന്തരീക്ഷമായ കൊറോണയിലേക്ക് ദ്രവ്യവും ഊര്‍ജവും എടുത്തെറിയപ്പെടാറുണ്ട്. ശക്തമായ ഈ സ്ഫോടനങ്ങള്‍ അരങ്ങേറുന്ന കാലഘട്ടത്തെ സോളാര്‍ മാക്സിമം എന്നാണു പറയുന്നത്. അടുത്ത സോളാര്‍ മാക്സിമം 2013ലാണ് സംഭവിക്കുക. അങ്ങനെ സംഭവിച്ചാല്‍ത്തന്നെ അതീവ ദുര്‍ബലമാകുമെന്നാണ് നാഷണല്‍ സോളാര്‍ ഒബ്സര്‍വേറ്ററിയിലെ ഗവേഷകനായ റിച്ചാര്‍ഡ് ആല്‍ട്രോക് പറയുന്നത്. ഒബ്സര്‍വേറ്ററിയിലെ മറ്റൊരു ശാസ്ത്രജ്ഞനായ വില്യം ലിവിങ്സ്റ്റണിന്റെയും സംഘത്തിന്റെയും പഠനങ്ങളില്‍ സൗരകളങ്കങ്ങള്‍ക്കു കാരണമാകുന്ന കാന്തികക്ഷേത്രങ്ങള്‍ കഴിഞ്ഞ 13 വര്‍ഷങ്ങളായി ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ നില തുടരുകയാണെങ്കില്‍ 2022ല്‍ ആരംഭിക്കുന്ന സൗരചക്രത്തില്‍ സൗരകളങ്കങ്ങളുണ്ടാകാത്ത അവസ്ഥയുണ്ടാകും. അതു മാത്രവുമല്ല, സൗരോപരിതലത്തിന്റെ ദൃശ്യമായ ഭാഗത്തിനു കീഴെയുണ്ടാകുന്ന കൊടുങ്കാറ്റുകളുടെ ഘടനയിലും പ്രകടമായ മാറ്റം വരുന്നതായി ഈ സംഘം കണ്ടെത്തിയിട്ടുണ്ട്. സൗരചക്രത്തിന്റെ ഉച്ചാവസ്ഥയില്‍ സൗരകളങ്കങ്ങള്‍ സമൃദ്ധമാവുകയും സൗരോപരിതലത്തില്‍ അതിശക്തമായ പൊട്ടിത്തെറിക്കു കാരണമാവുകയുംചെയ്യും. അപ്പോള്‍ സൂര്യനില്‍നിന്ന് വന്‍തോതില്‍ ഭപ്ലാസ്മ&ൃെൂൗീ; പുറത്തേക്കു പ്രവഹിക്കും. ഇങ്ങനെ പ്രവഹിക്കുന്ന പ്ലാസ്മ കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനത്തെയും വാര്‍ത്താ വിതരണ സംവിധാനങ്ങളെയും വൈദ്യുതിവിതരണ ശൃംഖലകളുടെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. എന്നാല്‍ സൂര്യന്‍ ശാന്തനായി കാണപ്പെടുമ്പോള്‍ ഇങ്ങനെയുള്ള പൊട്ടിത്തെറികള്‍ താരതമ്യേന കുറവാകും. മാത്രവുമല്ല, അവ തമ്മിലുള്ള ഇടവേള ദീര്‍ഘവുമാകും. സൂര്യന്‍ ശാന്തനായിരുന്നാല്‍ അപകടസാധ്യത ഇല്ലെന്നല്ല, അപകടം മറ്റൊരുതരത്തിലാകും സംഭവിക്കുന്നത്. അലസനായ സൂര്യന്‍ സൗരയൂഥത്തിലേക്ക് കൂടുതല്‍ കോസ്മിക് കിരണങ്ങള്‍ പുറപ്പെടുവിക്കാന്‍ കാരണമാകും. ഇത് കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാക്കും. അതുമാത്രമല്ല, ഭൂമിയുടെ കാന്തികവലയത്തിനു വെളിയില്‍ കടക്കുന്ന ബഹിരാകാശ സഞ്ചാരികളുടെ ശരീരകോശങ്ങളുടെ ഘടനയില്‍ വ്യതിയാനം വരുത്തി അര്‍ബുദംപോലെയുള്ള രോഗങ്ങള്‍ക്കു കാരണമാവുകയും ചെയ്യും. സൂര്യന്റെ ശാന്തസ്വഭാവം ഭൂമിയുടെ കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ശാസ്ത്രലോകം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണ്. ഇത്തരം പ്രതിഭാസങ്ങള്‍ ഇതിനു മുമ്പും സംഭവിച്ചിട്ടുണ്ട്. 1645 മുതല്‍ 1715 വരെയുള്ള 70 വര്‍ഷങ്ങളില്‍ സൂര്യബിംബത്തില്‍ സൗരകളങ്കങ്ങളൊന്നുംതന്നെ കാണപ്പെട്ടിരുന്നില്ല. മോണ്ടര്‍ മിനിമം-എന്നാണ് ഈ കാലഘട്ടത്തിനു പറയുന്ന പേര്. ഈ കാലത്താണ് വടക്കന്‍ യൂറോപ്പ് അതിശൈത്യത്തിന്റെ പിടിയിലായത്. അങ്ങനെയൊരു അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ശാസ്ത്രജ്ഞര്‍ക്ക് അഭിപ്രായവ്യത്യാസമുള്ള ഈ കാര്യത്തില്‍ സംശയ ദുരീകരണത്തിനുള്ള സമയമാണിത്. ഒരുകാര്യം ഏറെക്കുറെ ഉറപ്പിച്ചുപറയാം. 2022ല്‍ ആരംഭിക്കുന്ന സൗരചക്രം പതിവിലും ശാന്തമായിരിക്കും. തീര്‍ച്ചയായും ഭൂമിയിലും അതിന്റെ പ്രത്യാഘാതങ്ങളുണ്ടാകും.

ജൂനോ

ജൂനോ
ലേഖകന് - എന്‍ എസ് അരുണ്‍കുമാര്‍
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി

ലോകത്തെ മുഴുവന്‍ വാനനിരീക്ഷകര്‍ക്കും അവിസ്മരണീയ ആകാശക്കാഴ്ച സമ്മാനിച്ച ദിവസമായിരുന്നു 1994 ജൂലൈ 16. വ്യാഴഗ്രഹത്തിലേക്ക് ഇടിച്ചിറങ്ങുന്ന ഒരു ധൂമകേതു. ഇടിച്ചിറങ്ങല്‍ ഒരു അസാധാരണ സംഭവമാവാനും അതിനു കാഴ്ച്ചക്കാരാവാന്‍ ദൂരദര്‍ശിനിയുമായി ലക്ഷംപേര്‍ അണിനിരന്നതിനും കാരണം അതിന്റെ ആഘാതം എന്താകും എന്ന ചിന്തയായിരിന്നു. "ഷൂമാക്കര്‍ ലെവി" എന്നായിരുന്നു ചീറിയടുത്ത ധൂമകേതുവിന്റെ പേര്. അത്രയും വലുപ്പമുള്ള ഒരെണ്ണം അത്രയും വേഗത്തില്‍ ഭൂമിയിലായിരുന്നു വന്നിടിച്ചതെങ്കില്‍ ഇവിടെ ജീവജാലങ്ങള്‍ പിന്നീട് ശേഷിക്കുമായിരുന്നില്ല. വ്യാഴത്തിന്റെ അതിശക്തമായ ഗുരുത്വാകര്‍ഷണമായിരുന്നു "ഷൂമാക്കറി"ന്റെ ഗതിമാറ്റി അതിനെ തന്റെ ഉപരിതലത്തിലേക്കു നയിച്ചത്. എന്നാല്‍ പറയത്തക്ക കുഴപ്പങ്ങളൊന്നുമില്ലാതെ ആ പതനം അവസാനിക്കുകയായിരുന്നു. എന്തുകൊണ്ടായിരുന്നു ഇടിച്ചിറങ്ങല്‍ ഇത്ര ദുര്‍ബലമായിപ്പോയതെന്നതിന് വ്യാഴത്തിന്റെ തനതുസ്വഭാവം അതിനു സ്വയരക്ഷ നല്‍കി എന്നതാണുത്തരം. വാതകഗോളമാണ് വ്യാഴം. അതിന്റെ ഉള്ളിന്റെ ഉള്ളില്‍ മാത്രമാണ് സ്ഥിരതയാര്‍ന്ന ഖരഭാഗമുള്ളത്. ചുഴലിക്കാറ്റുകള്‍ നിരന്തരമായി വീശിയടിച്ചുകൊണ്ടിരിക്കുന്ന ഇവിടേയ്ക്ക് ഒന്നിനും കടന്നുചെല്ലാനാവില്ല. ഭീമാകാരനായ ഒരു ധൂമകേതുവിനെപ്പോലും നിഷ്പ്രയാസം "വിഴുങ്ങിയ" ഈ ചുഴലിസാമ്രാജ്യത്തിലേക്ക്, ആ വെല്ലുവിളിയെ നേരിട്ട് ഒരു പര്യവേഷണവാഹനം ഇക്കഴിഞ്ഞദിവസം (ആഗസ്ത് 5) യാത്രതിരിച്ചിരിക്കയാണ്. "നാസ"യാണ് "ജൂനോ" എന്നുപേരുള്ള ഈ ദൗത്യത്തിനു പിന്നില്‍ . "സ്പേസ് ഷട്ടില്‍" പദ്ധതി എന്നന്നേക്കുമായി ഉപേക്ഷിച്ച അമേരിക്ക, കുറഞ്ഞ ചെലവിലൂടെ നടത്തുന്ന ഒരു തിരിച്ചുവരവായാണ് "ജൂനോ" വിലയിരുത്തപ്പെടുന്നത്. 700 ദശലക്ഷം ഡോളറിന്റെ ബജറ്റുമായി രണ്ടായിരത്തിന്റെ തുടക്കത്തില്‍ "നാസ" വിഭാവനംചെയ്ത പദ്ധതിയായിരുന്നു "ജൂനോ". 2009 ജൂണില്‍ വിക്ഷേപിക്കാനായിരുന്നു അന്ന് തീരുമാനിച്ചിരുന്നത്. എന്നാല്‍ , ചെലവുചുരുക്കല്‍ നടപടികള്‍മൂലം "ജൂനോ" അണിയറയില്‍ത്തന്നെ കഴിയുകയായിരുന്നു. ഇപ്പോള്‍ വിക്ഷേപിതമാവുമ്പോള്‍തന്നെ പല കാര്യങ്ങളിലും മുന്‍മാതൃകയില്‍നിന്ന് പരിഷ്കരിക്കപ്പെട്ടിട്ടുമുണ്ട്. ചെലവേറിയ ആണവഇന്ധന-ഊര്‍ജസ്രോതസ്സിനുപകരം സൗരോര്‍ജത്തെയാണ് "ജൂനോ" ആശ്രയിക്കുന്നത്. സൂര്യനില്‍നിന്ന് 77 കോടിയിലധികം കിലോമീറ്റര്‍ അകലെയായ വ്യാഴത്തിന് ലഭിക്കുന്ന സൗരോര്‍ജത്തിന്റെ അളവ് വളരെ കുറവാണ്. ഇക്കാരണത്താല്‍ , സൗരോര്‍ജം സ്രോതസ്സാവുന്ന വ്യാഴത്തിലെ ഉപകരണങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുമോ എന്ന കാര്യത്തില്‍ നാസാ ശാസ്ത്രജ്ഞര്‍ക്കുതന്നെ സംശയമാണ്. 2016 ജൂലൈ നാലിനാകും "ജൂനോ" വ്യാഴത്തിന്റെ അടുത്തെത്തുന്നത്. ഈ സമയം, പേടകം വ്യാഴത്തിന്റെ നിഴല്‍വശത്ത് ആയിപ്പോവാതിരിക്കാനുള്ള സാങ്കേതിക മുന്നൊരുക്കങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സരോര്‍ജ പാനലുകള്‍ക്ക് വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാനാണിത്. എങ്കിലും ഈ സൗരോര്‍ജ പാനലുകള്‍ എത്രനേരം പ്രവര്‍ത്തിക്കും എന്നതിന് ഉറപ്പേതുമില്ല. വ്യാഴത്തില്‍നിന്നുള്ള ശക്തിയായ വികിരണോര്‍ജമാണ് ഇതിനു കാരണം. സാമ്പത്തികബാധ്യത ഒന്നുമാത്രമാണ് ഇത്രയും പരിമിതികളുള്ള സൗരോര്‍ജസ്രോതസ്സിനെത്തന്നെ ആശ്രയിക്കാന്‍ "നാസ"യെ നിര്‍ബന്ധിച്ചത്. അഞ്ചുവര്‍ഷം നീളുന്ന യാത്രയാണ് "ജൂനോ"യ്ക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. 2016ല്‍ , വ്യാഴത്തിനടുത്തെത്തുമ്പോള്‍ , 716 ദശക്ഷം കിലോമീറ്റര്‍ "ജൂനോ" സഞ്ചരിച്ചിട്ടുണ്ടാവും. ക്രമമായി വേഗം വര്‍ധിക്കുന്നതരത്തിലാണ് "ജൂനോ"യുടെ യാത്ര. ഭൂമിയുടെ ആകര്‍ഷണശക്തിയെ പ്രയോജനപ്പെടുത്തി, ഒരു ചുഴറ്റിയെറിയലിന്റെ സ്വഭാവം തന്റെ സഞ്ചാരത്തിനു നല്‍കിയാകും "ജൂനോ" മുന്നേറുക. ഇതിനായി അടുത്ത രണ്ടുവര്‍ഷം കഴിയുമ്പോള്‍ (2013 ഒക്ടോബര്‍) "ജൂനോ" ഒരുതവണ ഭൂമിക്ക് അടുത്തുകൂടി പറക്കും. അതിനുശേഷമുള്ള യാത്രയുടെ അവസാനഘട്ടത്തില്‍ മണിക്കൂറില്‍ 16,000 കിലോമീറ്റര്‍ എന്ന റെക്കോഡ് വേഗമാകും "ജൂനോ"യുടേത്. 2016 ജൂലൈ നാലോടെ വ്യാഴത്തിന്റെ ധ്രുവമേഖലക്കു സമാന്തരമായ ഒരു ഭ്രമണപഥത്തിലേക്ക് എത്തപ്പെടുന്ന "ജൂനോ" നിരീക്ഷണോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങും. വ്യാഴഗ്രഹത്തെക്കുറിച്ചുള്ള നിലവിലുള്ള ധാരണകള്‍ ശരിയാണോ എന്നു പരിശോധിക്കുകയാണ് ഈ നിരീക്ഷണങ്ങളുടെ മുഖ്യ ലക്ഷ്യം. ഈ സമയം വ്യാഴത്തിന്റെ ധ്രുവമേഖലയോട് 4300 കിലോമീറ്റര്‍ മാത്രം അകലെയാകും "ജൂനോ". 11 ദിവസത്തെ തുടര്‍ച്ചയായ നിരീക്ഷണമാകും "ജൂനോ" നടത്തുക. ഇതിനിടയില്‍ 33 തവണ "ജൂനോ" വ്യാഴഗ്രഹത്തെ പ്രദക്ഷിണം ചെയ്തിട്ടുണ്ടാവും. 2017 ഒക്ടോബറില്‍ "ജൂനോ" ദൗത്യം ഔദ്യോഗികമായി അവസാനിക്കും. ഇതിനുശേഷം, "ജൂനോ" വ്യാഴത്തിന്റെ ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങും.

വെരിലാര്‍ജ് ടെലസ്കോപ്പ്

വിഎല്‍ടി പ്രപഞ്ചചിത്രം മാറ്റിവരയ്ക്കുന്നു 
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി 
ലേഖകന്‍ - സാബു ജോസ്

ഭൂമിയില്‍ സ്ഥാപിച്ചതില്‍ ഏറ്റവും വലിയ ദൂരദര്‍ശിനിയാണ് വിഎല്‍ടി എന്ന വെരിലാര്‍ജ് ടെലസ്കോപ്പ് . വലുപ്പം മാത്രമല്ല, ഏറ്റവും നൂതനമായ സാങ്കേതികവിദ്യയും ഈ ടെലസ്കോപ്പിന് പിന്തുണയായുണ്ട്. 8.2 മീറ്റര്‍ വ്യാസമുള്ള നാലു വലിയ റിഫ്ളക്ടിങ് ടെലസ്കോപ്പുകളുടെയും 1.8 മീറ്റര്‍ വ്യാസമുള്ള ചെറിയ നാലു ടെലസ്കോപ്പുകളുടെയും സംഘാടനമാണിത്. ഇവയെ ഒരുമിച്ച് വെരിലാര്‍ജ് ടെലസ്കോപ്പ് ഇന്റര്‍ഫെറോമീറ്റര്‍ എന്നാണ് വിളിക്കുന്നത്  വിഎല്‍ടിയുടെ നിര്‍മാണവും പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററിയാണ്. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ ചിലിയിലെ അറ്റക്കാമ മരുഭൂമിയിലുള്ള പരാനല്‍ ഒബ്സര്‍വേറ്ററിയിലാണ് വിഎല്‍ടിഐ സ്ഥാപിച്ചിട്ടുള്ളത്. അഡാപ്റ്റീവ് ഓപ്റ്റിക്സ് എന്ന അതിനൂതന സങ്കേതം ഉപയോഗിച്ചാണ് ഈ സംവിധാനത്തില്‍ പ്രപഞ്ചചിത്രങ്ങള്‍ നിര്‍മിക്കുന്നത്. അന്തരീക്ഷത്തിന്റെ പ്രക്ഷുബ്ധതകള്‍ ഒഴിവാക്കി ഹൈ സ്പീഡ് ക്യാമറകള്‍ ഉപയോഗിച്ചെടുക്കുന്ന ചിത്രങ്ങള്‍ കംപ്യൂട്ടര്‍സഹായത്തോടെ അപഗ്രഥിച്ച് പുനര്‍നിര്‍മിക്കുന്നതുകൊണ്ട് ബഹിരാകാശ ദൂരദര്‍ശിനികള്‍ നല്‍കുന്നതിനേക്കാളും വ്യക്തവും അതിവിദൂരങ്ങളുമായ ഖഗോള വസ്തുക്കളുടെ ചിത്രങ്ങള്‍ നല്‍കുന്നതിനു വിഎല്‍ടിഐയ്ക്കു കഴിയും. സാങ്കേതിക ഭഭാഷ ഒഴിവാക്കിപ്പറഞ്ഞാല്‍ നാലുലക്ഷം കിലോമീറ്റര്‍ അകലെനിന്ന് (ഏകദേശം ചന്ദ്രനിലേക്കുള്ള ദൂരം) ഒരു കാറിന്റെ ഹെഡ്ലൈറ്റ് പ്രകാശിപ്പിച്ചാല്‍ അവയുടെ വലുപ്പവും അവ തമ്മിലുള്ള അകലവും കൃത്യമായി തിരിച്ചറിയാന്‍ ഈ സംവിധാനത്തിനു സാധിക്കും. ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള മറ്റേതൊരു ദൂരദര്‍ശിനിയേക്കാളും 25 മടങ്ങ് വ്യക്തതയുള്ള ചിത്രങ്ങളാണ് ഇവ നല്‍കുന്നത്. നഗ്ന നേത്രങ്ങള്‍കൊണ്ടു കാണുന്നതിനേക്കാള്‍ 400 കോടി മടങ്ങും! ആകാശഗംഗാ ഗാലക്സിയുടെ കേന്ദ്രത്തിലുള്ള തമോദ്വാരത്തിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിയുന്നത്  വിഎല്‍ടിയിലൂടെയാണ്. സൂര്യന്റെ 26 ലക്ഷം മടങ്ങ് പിണ്ഡമുള്ള ഈ തമോദ്വാരത്തിന്റെ കണ്ടെത്തല്‍ ഢഘഠകയുടെ ആധികാരികതയ്ക്കുള്ള അംഗീകാരം മാത്രമല്ല, പ്രപഞ്ചവിജ്ഞാനശാഖയ്ക്ക് പുതിയൊരു ദിശാബോധവും നല്‍കി. ഢഘഠക ചരിത്രരചന ആരംഭിച്ചതേയുള്ളു. 2004ല്‍ റോസര്‍ പെല്ലോയും സംഘവും വിഎല്‍ടി  ഉപയോഗിച്ച് ഏറ്റവും വിദൂരമായ നക്ഷത്രസമൂഹത്തെ കണ്ടെത്തിയത് മറ്റൊരു വഴിത്തിരിവായി. Abell 1835 IR 1916 എന്നാണ് ഈ ഗാലക്സിക്കു നല്‍കിയിരിക്കുന്ന പേര്.

എന്താണ് "സ്പേസ് ഷട്ടില്‍"

സ്പേസ് ഷട്ടില്‍
ലേഖകന്‍ - എന്‍ എസ് അരുണ്‍കുമാര്‍
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി

1960കളുടെ തുടക്കത്തില്‍ , അമേരിക്ക അതീവരഹസ്യമായി ഒരു വിമാനം നിര്‍മിക്കുകയുണ്ടായി. വെറും വിമാനമായിരുന്നില്ല അത്. പറന്നുയരാന്‍ വിമാനത്താവളം വേണ്ടാത്ത വിമാനം. റോക്കറ്റ് ഉപയോഗിച്ചാണ് വിമാനം മുകളിലേക്കുയരുക. അതുമാത്രമല്ല, റോക്കറ്റ് ഉള്ളതുകൊണ്ട് എത്ര ഉയരംവരെയും പോവാം. തിരിച്ചിറങ്ങുന്നതു പക്ഷേ, സാധാരണ വിമാനംപോലെയും. ശാസ്ത്രനോവലുകളുടെ താളുകളില്‍നിന്ന് യാഥാര്‍ഥ്യത്തിലേക്ക് ഇറങ്ങിവന്ന ഒരു സങ്കല്‍പ്പമായിരുന്നു അത്. "എക്സ്-15" എന്നായിരുന്നു ഈ പരീക്ഷണ വിമാനത്തിന്റെ അന്നത്തെ പേര്. അന്ന് അതു പറപ്പിക്കാനായി അമേരിക്ക തെരഞ്ഞെടുത്ത വൈമാനികനാണ് പിന്നീട് ചന്ദ്രനില്‍ കാലുറപ്പിക്കുന്ന ആദ്യ മനുഷ്യനായത്- നീല്‍ ആംസ്ട്രോങ്. ആംസ്ട്രോങ് തുടക്കംനല്‍കിയ ഈ "റോക്കറ്റ്-വിമാനങ്ങള്‍" പില്‍ക്കാലത്ത് മറ്റൊരു പേരിലാണ് അറിയപ്പെട്ടത്- "സ്പേസ് ഷട്ടില്‍". ഡിസ്കവറി, എന്‍ഡവര്‍ എന്നീ പേരുകളില്‍ ഏറെക്കാലം അവ അമേരിക്കന്‍ ബഹിരാകാശഗവേഷണങ്ങളുടെ അമരക്കാരായിരുന്നു. എന്നാല്‍ ചരിത്രത്തില്‍നിന്നു ചരിത്രത്തിലേക്കു പറഞ്ഞ "റോക്കറ്റ്-വിമാന"ങ്ങളുടെ ഈ പദ്ധതി അമേരിക്ക അവസാനിപ്പിക്കുകയാണ്.

കഴിഞ്ഞ ജൂലൈ എട്ടിന്, "അറ്റ്ലാന്റിസ്" എന്നുപേരുള്ള സ്പേസ് ഷട്ടില്‍ വിക്ഷേപിച്ചതോടെ വിസ്മയങ്ങളുടെ വഴിവിളക്കായിരുന്ന ഷട്ടില്‍ പദ്ധതി അമേരിക്ക ഉപേക്ഷിക്കുകയാണ്. ഇത്രയും വിജയകരമായൊരു പദ്ധതി അമേരിക്കന്‍ ബഹിരാകാശ ഗവേഷണസ്ഥാപനമായ "നാസ" എന്തിന് ഉപേക്ഷിക്കുന്നു എന്നതിന് ഔദ്യോഗികമായ വിശദീകരണങ്ങള്‍ പലതാണ്. അതില്‍ ഒന്നാമതായി പറയുന്നത് ഷട്ടിലുകള്‍ പലതും കാലപ്പഴക്കത്താല്‍ കണ്ടംചെയ്യേണ്ട അവസ്ഥയിലാണെന്നാണ്. "ഒന്നിലധികംതവണ ഉപയോഗിക്കാന്‍ കഴിയുന്ന ബഹിരാകാശവാഹനം" എന്ന അര്‍ഥത്തിലും അതിന്റെ അവതരണം എന്ന നിലയ്ക്കുമാണ് "നാസ" സ്പേസ് ഷട്ടില്‍ പദ്ധതിക്കു തുടക്കമിട്ടത്. പല പേരുകളില്‍ അഞ്ചോളം സ്പേസ് ഷട്ടിലുകള്‍ സ്വന്തമായുണ്ടായിരുന്ന നാസ അവയെ ഓരോന്നിനെയും അനേകം തവണ ഉപയോഗിച്ചിട്ടുണ്ട്.

ഓരോ ദൗത്യവും പൂര്‍ത്തിയാക്കി തിരിച്ചെത്തുമ്പോള്‍ , ചില്ലറ മിനുക്കുപണികളൊക്കെ നടത്തി അടുത്ത യാത്രയ്ക്ക് തയ്യാറാക്കും. ഇങ്ങനെ പലതവണ പറന്ന്, പഴഞ്ചനായവയ്ക്ക് സ്വയം വിരമിക്കാന്‍ അവസരമൊരുക്കുന്നു എന്നാണ് "നാസ"യുടെ പക്ഷം. അതേസമയം താങ്ങാനാവാത്ത സാമ്പത്തികബാധ്യതയാണ് അമേരിക്കയെ ഇതിനു നിര്‍ബന്ധിക്കുന്നതെന്ന് അണിയറഭാഷ്യവുമുണ്ട്. ഒന്നരദശലക്ഷം കോടി ഡോളര്‍ ചെലവാകും ഒരു സ്പേസ് ഷട്ടില്‍ നിര്‍മിക്കാന്‍ . ഒരു വിക്ഷേപണത്തിനു വേണ്ടിവരുന്ന ചെലവ് 500 ദശലക്ഷം ഡോളറോളവും. നിലവിലുള്ള സാമ്പത്തികസ്ഥിതിയില്‍ ഇത്തരമൊരു ഭാരം തുടര്‍ന്നും താങ്ങാന്‍ അമേരിക്കയ്ക്കു കഴിയില്ലെന്നതാണ് സ്പേസ് ഷട്ടിലുകളുടെ "നിര്‍ബന്ധിത പിരിച്ചുവിടലി"നു കാരണമായത്. കൂടുതല്‍ കാര്യക്ഷമതയാര്‍ന്ന സ്പേസ് ഷട്ടിലുകള്‍ നിര്‍മിക്കാനുള്ള അവസരമൊരുക്കുന്നതിനാണ് താല്‍ക്കാലികമായ ഈ "മാറ്റിനിര്‍ത്തലെ"ന്ന മറ്റൊരു വിശദീകരണവും സമാശ്വാസമെന്നതുപോലെ അമേരിക്കയുടെ ഭാഗത്തുനിന്നുണ്ട്.

2004ല്‍ , അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ ജോര്‍ജ് ബുഷാണ് സ്പേസ് ഷട്ടില്‍ പദ്ധതി നിര്‍ത്തുന്നതായി ആദ്യം പ്രഖ്യാപിച്ചത്. അന്ന്, അതിനനുബന്ധമായി അദ്ദേഹം പറഞ്ഞത് ചന്ദ്രനെയും ചൊവ്വയെയും കൂടുതല്‍ പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് അവസരമൊരുക്കാന്‍ താല്‍ക്കാലികമായി "സ്പേസ് ഷട്ടില്‍" എന്ന ഭാരം അവരില്‍നിന്ന് ഒഴിവാക്കുന്നു എന്നാണ്. എന്നാല്‍ , ഒബാമഭരണകൂടം അതില്‍ ഒന്നിനെക്കൂടി ഒഴിവാക്കി- ചാന്ദ്രദൗത്യങ്ങള്‍ ഇനി വേണ്ടെന്ന്. പകരം ചൊവ്വയെ കൂടുതല്‍ പഠിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. പക്ഷേ, ഒരുവേള അമേരിക്ക ചൊവ്വാദൗത്യങ്ങള്‍ പുനരുജ്ജീവിച്ചാലും അതിലേക്കു പറക്കുന്ന വാഹനങ്ങളില്‍ "നാസ" എന്ന പേര് ഇനിമേല്‍ ഉണ്ടാവില്ലെന്നതാണ് യാഥാര്‍ഥ്യം. ചില സ്വകാര്യകമ്പനികളുടെ പേരാവും ഇനി അവയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. അതിലൊന്നാണ് "സ്പേസ്-എക്സ്" എന്ന ചുരുക്കപ്പേരിലറിയുന്ന "സ്പേസ് എക്സ്പ്ലൊറേഷന്‍ കോര്‍പറേഷന്‍" എന്ന സ്വകാര്യ കമ്പനി. "ഡ്രാഗണ്‍ ക്യാപ്സ്യൂള്‍" എന്നു പേരിട്ടിരിക്കുന്ന അവരുടെ സ്പേസ് ഷട്ടില്‍ തയ്യാറാവുകയാണ്. അതുവരെ റഷ്യയുടെ ബാഹ്യാകാശ വാഹനങ്ങളെയാവും അമേരിക്ക ആശ്രയിക്കുക. ബഹിരാകാശ ഗവേഷണരംഗത്ത് സോവിയറ്റ് യൂണിയനൊപ്പം നേട്ടങ്ങള്‍കൊയ്ത ഒരു മഹാരാജ്യം ഇവ്വിധം തോറ്റുപിന്മാറുന്നതും ഒരുപക്ഷേ ചരിത്രത്തിലെ അനിവാര്യതയാകാം.

എന്താണ് "സ്പേസ് ഷട്ടില്‍"

"സ്പേസ് ട്രാന്‍സ്പോര്‍ട്ടേഷന്‍ സിസ്റ്റം" എന്ന പേരില്‍ അമേരിക്ക ആവിഷ്കരിച്ചു നടപ്പാക്കിയ ബാഹ്യാകാശവാഹന പരമ്പരയില്‍പ്പെട്ട വാഹനങ്ങളാണ് "സ്പേസ് ഷട്ടില്‍" എന്ന പേരില്‍ അറിയപ്പെടുന്നത്. ഓരോ സ്പേസ് ഷട്ടിലിന്റെയും യാത്രാദൗത്യത്തിന് ഇക്കാരണത്താല്‍ ടഠട എന്ന മൂന്നക്ഷരങ്ങളോട് ഒരു സംഖ്യ ചേര്‍ത്തെഴുതുന്ന തരത്തിലാണ് പേരു നല്‍കിയിരുന്നത്. "എന്റര്‍പ്രൈസ്" ആയിരുന്നു അമേരിക്കയുടെ ആദ്യത്തെ സ്പേസ് ഷട്ടില്‍ . 1976 സെപ്തംബര്‍ 17നാണ് ഇത് "നാസ"യിലെത്തിയത്. പിന്നീടു വന്നതാണ് കൊളംബിയ (1979). മൂന്നാമതായി ചലഞ്ചറും (1982). (ചലഞ്ചറും കൊളംബിയയും അപകടത്തിനിരയായി. 1986ലായിരുന്നു ചലഞ്ചര്‍ ദുരന്തം. കൊളംബിയ ദുരന്തം 2003ലും). തുടര്‍ന്നു വന്നവയാണ് ഡിസ്കവറി (1983), അറ്റ്ലാന്റിസ് (1985) എന്നിവ. ചലഞ്ചര്‍ ദുരന്തത്തെത്തുടര്‍ന്നു നിര്‍മിച്ചതാണ് എന്‍ഡവര്‍ (1991). ഇവയില്‍ ഏറ്റവും ശ്രദ്ധേയമായത് ഡിസ്കവറി ആയിരുന്നു.

സ്ലോണ്‍ ഡിജിറ്റല്‍ സ്കൈ സര്‍വേ

സ്ലോണ്‍ ഡിജിറ്റല്‍ സ്കൈ സര്‍വേ 

റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി
ലേഖകന്‍ - സാബു ജോസ്

ആകാശത്തിന്റെ ഒരു സമഗ്രചിത്രം നിര്‍മിക്കാന്‍ കഴിയാത്തതാണ് പലപ്പോഴും പ്രപഞ്ചപഠനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നത്. അതിനാല്‍ സാമാന്യവല്‍കരിക്കപ്പെട്ട നിഗമനങ്ങളിലൂടെ ജ്യോതിശാസ്ത്രജ്ഞര്‍ സിദ്ധാന്തങ്ങളിലെത്തിച്ചേരുകയാണ് പതിവ്. എന്നാല്‍ ഇനി ഇത്തരം നിഗമനങ്ങളെ ആശ്രയിക്കേണ്ടിവരില്ല. സ്ലോണ്‍ ഡിജിറ്റല്‍ സ്കൈ സര്‍വേ ഇതിനു പരിഹാരമാവുകയാണ്. പ്രത്യേകം രൂപകല്‍പ്പനചെയ്ത 2.5 മീറ്റര്‍ വ്യാസമുള്ള ടെലസ്കോപ്പില്‍ സജ്ജീകരിച്ച 125 മെഗാപിക്സല്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച്, ആകാശത്തെ മൂന്നുഡിഗ്രി വ്യാസമുള്ള മേഖലകളായി തിരിച്ച് ഓരോ മേഖലയിലുമുള്ള ഖഗോള വസ്തുക്കളെക്കുറിച്ച് സൂക്ഷ്മമായി വിശകലനംചെയ്യുന്ന രീതിയാണിത്. ഇതുവരെ ലഭിച്ച വിവരങ്ങള്‍ ഏകദേശം 40 ടെട്രാബൈറ്റാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ 20 കോടിയിലധികം ഖഗോള പ്രതിഭാസങ്ങളുടെ ചിത്രങ്ങള്‍ അവയുടെ യഥാര്‍ഥ ആകൃതിയിലും വര്‍ണത്തിലും ശേഖരിക്കുന്നതിനു സാധിച്ചിട്ടുണ്ട്. കൂടാതെ സര്‍വേ ഫലങ്ങള്‍ അപഗ്രഥിക്കുന്നതിനനുസരിച്ച് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും ശ്രദ്ധിക്കുന്നുണ്ട്. ജ്യോതിശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ ആകാശ സെന്‍സസാണ് എസ്ഡിഎസ്എസ് . കോടിക്കണക്കിന് ഖഗോള പ്രതിഭാസങ്ങള്‍ തിരിച്ചറിയുന്നതിനും അവയുടെ സ്ഥാനവും ആകൃതിയും നിര്‍ണയിക്കുന്നതിനും ഇതുവരെ കഴിഞ്ഞിട്ടുണ്ട്. 10 ലക്ഷത്തില്‍പ്പരം ഗാലക്സികളുടെയും ക്വാസാറുകളുടെയും ദൂരം അളക്കുന്നതിലും സര്‍വേ വിജയംകണ്ടു. എസ്ഡിഎസ്എസ് നേരിടുന്നത് കോസ്മോളജിയിലെ അടിസ്ഥാന ചോദ്യങ്ങളെയാണ്. പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചും പ്രപഞ്ചവികാസത്തെക്കുറിച്ചും നിരവധി സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. അവ ഓരോന്നും അവയുടെ തലത്തില്‍ സമ്പൂര്‍ണവും ഗണിതപരമായി നിലനില്‍ക്കുന്നതുമാണെങ്കിലും ഒരു സാധാരണക്കാരന്റെ മസ്തിഷ്കത്തിന് ഉള്‍ക്കൊള്ളാവുന്നതിനപ്പുറമാണ്. എസ്ഡിഎസ്എസ് ആ പരിമിതി അവസാനിപ്പിക്കാന്‍ പോകുന്നു. ഏതെല്ലാം സിദ്ധാന്തങ്ങളാണ് ശരിയെന്നും ഏതാണ് തെറ്റെന്നും ഇനി ഏതൊരാള്‍ക്കും നേരിട്ട് നിരീക്ഷിച്ചു മനസ്സിലാക്കാന്‍ സാധിക്കും. സര്‍വേ നിയന്ത്രിക്കുന്നതും ടെലസ്കോപ്പിന്റെ പ്രവര്‍ത്തനം ക്രമീകരിക്കുന്നതും അസ്ട്രോഫിസിക്കല്‍ റിസര്‍ച്ച് കണ്‍സോര്‍ഷ്യമാണ്. ചിക്കാഗോ യൂണിവേഴ്സിറ്റി, ഫെര്‍മി ലാബ്, ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി, മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അസ്ട്രോണമി, ന്യൂമെക്സിക്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, പിറ്റ്സ്ബെര്‍ഗ് യൂണിവേഴ്സിറ്റി, പ്രിന്‍സ്ടണ്‍ യൂണിവേഴ്സിറ്റി, യുഎസ് നേവല്‍ ഒബ്സര്‍വേറ്ററി, വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി, അപ്പാച്ചെ പോയിന്റ് ഒബ്സര്‍വേറ്ററി എന്നീ സ്ഥാപനങ്ങളുടെ സഹകരണവും എസ്ഡിഎസ്എസിനുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ സ്കൈ മാപ്പിങ്ങിനാണ് ഈ തലമുറ സാക്ഷ്യംവഹിക്കാന്‍ പോകുന്നത്. ഇതുവരെ പര്യവേഷണം നടത്തിയ ആകാശത്തിന്റെ 100 മടങ്ങ് അധിക ഭാഗത്തിന്റെ ത്രിമാനചിത്രങ്ങള്‍ എസ്ഡിഎസ്എസ് നല്‍കും. ദൃശ്യപ്രപഞ്ചത്തിലെ ഏറ്റവും വിദൂരങ്ങളും ദുരൂഹങ്ങളുമായ, ഒരുലക്ഷത്തോളം ക്വാസാറുകളുടെ ചിത്രങ്ങള്‍ ഈ സര്‍വേയില്‍നിന്നു ലഭിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. അതുമാത്രമല്ല, പ്രപഞ്ചത്തിലെ ദ്രവ്യവിന്യാസത്തിന്റെ സമഗ്ര ചിത്രം നല്‍കുന്നതിനും ഈ സര്‍വേക്കു സാധിക്കും. ജ്യോതിശാസ്ത്ര ചരിത്രത്തില്‍ ഇലക്ട്രോണിക് ലൈറ്റ് ഡിറ്റക്ടര്‍ ഉപയോഗിച്ചു നടത്തുന്ന ആദ്യത്തെ ഡിജിറ്റല്‍ സര്‍വേയാണിത്. അതുകൊണ്ടുതന്നെ ഇതില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ കൃത്യതയുള്ളതും മുന്‍കാലങ്ങളില്‍ ഫോട്ടോഗ്രാഫിക് പ്ലേറ്റുകള്‍ ഉപയോഗിച്ചു തയ്യാറാക്കിയ ചിത്രങ്ങളേക്കാള്‍ വ്യക്തവുമാകും. നക്ഷത്രസമൂഹങ്ങളുടെ രൂപീകരണവും പരിണാമവും, ദൃശ്യദ്രവ്യവും തമോദ്രവ്യവും തമ്മിലുള്ള ബന്ധം, മില്‍ക്കിവേയുടെ ഘടന, നക്ഷത്രങ്ങളുടെയും, സൂര്യന്റെയുമെല്ലാം രൂപീകരണത്തിനു കാരണമായ ധൂളിപടലത്തിന്റെ വിന്യാസം എന്നിങ്ങനെ എസ്ഡിഎസ്എസിന്റെ നിരീക്ഷണ മേഖല വളരെ വിശാലമാണ്. പുതിയ തലമുറയിലെ ജ്യോതിശാസ്ത്രജ്ഞര്‍ പ്രപഞ്ചപഠനത്തിന് ഇനി ആശ്രയിക്കുക എസ്ഡിഎസ്എസ് നല്‍കുന്ന ചിത്രങ്ങളാകുമെന്നുറപ്പാണ്. എസ്ഡിഎസ്എസിന്റെ ക്യാമറകള്‍ , അവ നിരീക്ഷിക്കുന്ന ഭാഗത്തെ ഖഗോള പ്രതിഭാസങ്ങളുടെ അഞ്ചു വ്യത്യസ്ത കളര്‍ പാറ്റേണുകളിലുള്ള ഹൈ-റെസല്യൂഷന്‍ ചിത്രങ്ങളെടുക്കുന്നു. ഈ ചിത്രങ്ങള്‍ ഏറ്റവും ആധുനികമായ ഇമേജ് പ്രോസസിങ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് അപഗ്രഥിക്കുകയും പ്രസ്തുത പ്രതിഭാസങ്ങളുടെ യഥാര്‍ഥ ആകൃതിയും അകലവും ശോഭയും യഥാര്‍ഥ നിറവും തിരിച്ചറിയുകയും ചെയ്യുന്നു. എസ്ഡിഎസ്എസിന്റെ ഫീല്‍ഡിലുള്ള പ്രതിഭാസങ്ങളുടെ സമ്പൂര്‍ണ കാറ്റലോഗ് തയ്യാറാക്കുകയും അതുവഴി ആകാശത്തിന്റെ പൂര്‍ണമായ ചിത്രം നിര്‍മിക്കാന്‍കഴിയുമെന്നുതന്നെയാണ് ജ്യോതിശാസ്ത്രജ്ഞര്‍ കരുതുന്നത്. അങ്ങനെ ശൈശവ പ്രപഞ്ചത്തിലെ പ്രൈമോര്‍ഡിയല്‍ സൂപ്പില്‍നിന്ന് ഇന്നു കാണുന്ന വിശാല പ്രപഞ്ചത്തിലേക്കുള്ള പരിണാമം പഠിക്കുന്നതിനും കഴിയും. പ്രപഞ്ചത്തിന്റെ ഭഭൂതകാലത്തിലേക്ക് തുറന്നുപിടിച്ച കണ്ണുകളാണ് എസ്ഡിഎസ്എസ് എന്നു വേണമെങ്കില്‍ പറയാം. ഉദാഹരണത്തിന് 50 പ്രകാശവര്‍ഷം അകലെയുള്ള ഒരു നക്ഷത്രത്തെ നോക്കുമ്പോള്‍ നിരീക്ഷകന്‍ കാണുന്നത് 50 വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന നക്ഷത്രത്തെയാണ്. കാരണം പ്രസ്തുത നക്ഷത്രത്തില്‍നിന്നുള്ള പ്രകാശം 50 വര്‍ഷം സഞ്ചരിച്ചാണ് നിരീക്ഷകന്റെ കണ്ണുകളിലെത്തുന്നത്. ദശലക്ഷക്കണക്കിന് പുതിയ വിവരങ്ങളാണ് ഓരോദിവസവും എസ്ഡിഎസ്എസ് പുറത്തുവിടുന്നത്. ഇവ പൂര്‍ണമായി അപഗ്രഥിക്കാന്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്കു മാത്രം കഴിയില്ല. അമച്വര്‍ അസ്ട്രോണമര്‍മാരുടെയും ശാസ്ത്രവിദ്യാര്‍ഥികളുടെയും ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെയുമെല്ലാം ഒരുമിച്ചുള്ള പ്രവര്‍ത്തനം ഇതിനാവശ്യമാണ്. ഇതിനായി എസ്ഡിഎസ്എസിന്റെ വെബ്സൈറ്റ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തിട്ടുണ്ട്. മൂന്നുലക്ഷത്തില്‍പ്പരം ആളുകള്‍ ഇന്ന് എസ്ഡിഎസ്എസ് വെബ്സൈറ്റ് സന്ദര്‍ശിക്കുന്നുണ്ട്. വിലാസം: http://www.sssd.org

റേഡിയോ ടെലസ്കോപ്പ്

റേഡിയോ ടെലസ്കോപ്പ്
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി 
ലേഖകന്‍ - എന്‍ എസ് അരുണ്‍കുമാര്‍

     1977 ആഗസ്ത് 15. ഒഹിയോ സ്റ്റേറ്റ് സര്‍വകലാശാലയ്ക്കു കീഴിലെ വാനനിരീക്ഷണശാലയാണ് രംഗം. ഡോ. ജെറി എഫ്മാന്‍ തനിക്കു മുന്നിലെ കംപ്യൂട്ടര്‍പ്രിന്ററില്‍നിന്നു പുറത്തുവരുന്ന കടലാസുകളെ അലസമായി നോക്കിക്കൊണ്ടിരിക്കയാണ്. ആകാശത്തിന്റെ അനന്തതയിലേക്ക് തിരിച്ചുവച്ചിരിക്കുന്ന ഒരു "റേഡിയോ ടെലസ്കോപ്പി"ല്‍നിന്നുമുള്ള സിഗ്നലുകള്‍ അച്ചടിരൂപത്തില്‍ പകര്‍ത്തപ്പെടുകയാണ്. പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണില്‍നിന്ന് മനുഷ്യസമൂഹത്തെപ്പോലെ ബുദ്ധിപരമായി വളര്‍ന്ന ഏതെങ്കിലും ജീവസമൂഹം എന്തെങ്കിലും സന്ദേശം അയച്ചാല്‍ അത് പിടിച്ചെടുക്കുകയായിരുന്നു ആ "റേഡിയോ ടെലസ്കോപ്പി"ന്റെ ലക്ഷ്യം. പെട്ടെന്ന് കടലാസില്‍ സവിശേഷമായ ചില അക്കങ്ങളും അക്ഷരങ്ങളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. വിചിത്രമായ ഒരു സന്ദേശം. കൃത്യം 72 സെക്കന്‍ഡുകള്‍ അത് നീണ്ടു. വിദൂരപ്രപഞ്ചത്തില്‍നിന്ന് ഭൂമിയിലേക്കെത്തുന്ന ആദ്യ സിഗ്നല്‍! 14 വര്‍ഷത്തെ തന്റെ അന്വേഷണത്തിന് ഇത്തരമൊരു പൂര്‍ണത ലഭിച്ചതില്‍ ആവേശഭരിതനാവുകയായിരുന്നു ജെറി എഫ്മാന്‍ . സന്തോഷം അടക്കാനാവാതെ അദ്ദേഹം ആ സിഗ്നല്‍ പകര്‍ത്തപ്പെട്ട കലോസിന്റെ മാര്‍ജിനില്‍ "വൗ " എന്നെഴുതി. പിന്നെ അന്വേഷണങ്ങളുടെ കുത്തൊഴുക്കായിരുന്നു. പക്ഷേ, ഒന്നും കണ്ടെത്താനായില്ല. സന്ദേശം സ്വീകരിക്കപ്പെട്ട "ടെലസ്കോപ്പി"ന്റെ പരിമിതിയായിരുന്നു അത്. 1977നുശേഷം അനവധി "റേഡിയോ ടെലസ്കോപ്പു"കള്‍ നിര്‍മിക്കപ്പെട്ടെങ്കിലും അവയ്ക്കൊന്നിനും "വൗ സിഗ്നല്‍" (ആ പേരിലായിരുന്നു അത് പിന്നീട് അറിയപ്പെട്ടത്) പോലെയൊന്നിനെ പിന്നീട് കണ്ടെത്താനായില്ല. അതിനായുള്ള ഏറ്റവും ബൃഹത്തായ ശ്രമമെന്നനിലയില്‍ ലോകത്തിലെ ഏറ്റവും വലിയ "റേഡിയോ ടെലസ്കോപ്പ്" ഇപ്പോള്‍ തയ്യാറാവുകയാണ്. എസ്കെഎ ടെലസ്കോപ്പ് എന്നറിയപ്പെടുന്ന ഈ സംരംഭത്തില്‍ പങ്കാളിയാണ് ഇന്ത്യയുമെന്നത് അഭിമാനമാണ്. രൂപകല്‍പന ഉള്‍പ്പടെയുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും 2016 ലാകും ടെലസ്ക്കോപ്പിന്റെ നിര്‍മാണപ്രവൃത്തികള്‍ക്ക് ഔദ്യോഗികമായി തുടക്കമാവുക. ആദ്യനിരീക്ഷണം 2019ലും. ഓസ്ട്രേലിയയോ ദക്ഷിണാഫ്രിക്കയോ ആകും ടെലസ്കോപ്പിന്റെ ആസ്ഥാനം. അന്യഗ്രഹജീവന്‍ കണ്ടെത്തുക മാത്രമല്ല എസ്കെഎയുടെ ലക്ഷ്യം. ഐന്‍സ്റ്റീനിന്റെ ആപേക്ഷികതാസിദ്ധാന്തമടക്കം ആധുനിക ഭൗതികത്തിലെ ചില അടിസ്ഥാന സങ്കല്‍പ്പനങ്ങള്‍ , തമോദ്രവ്യം, തമോഊര്‍ജം തുടങ്ങിയവയ്ക്കുള്ള തെളിവുകള്‍ തേടുകയും ഈ ടെലസ്കോപ്പിന്റെ ലക്ഷ്യങ്ങളാണ്. "സ്ക്വയര്‍ കിലോമീറ്റര്‍ അരെ" ടെലസ്കോപ്പ് എന്നതാണ് എസ്കെഎ ടെലസ്കോപ്പിന്റെ പൂര്‍ണരൂപം. ഒരു ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മേഖലയില്‍നിന്നു കടന്നെത്തുന്ന എല്ലാത്തരം സിഗ്നലുകളെയും ഒരേസമയം സ്വീകരിക്കാനും അപഗ്രഥിക്കാനും കഴിയുന്നു എന്നതാണ് ഈ പേരിനുപിന്നിലെ സൂചന. ഇതുപോലെ വിശാലമാണ് സ്വീകരിക്കാനാവുന്ന സിഗ്നലുകളുടെ വ്യാപ്തിയും. "വൗ സിഗ്നല്‍" കണ്ടെത്തിയ "റേഡിയോ ടെലസ്കോപ്പി"ന് സ്വീകരിക്കാനാവുമായിരുന്നതിലും പതിന്മടങ്ങ് കൂടുതലാണ് എസ്കെഎ ടെലസ്കോപ്പിന് സ്വീകരിക്കാനാവുന്ന സിഗ്നലുകളുടെ ഉയര്‍ന്ന പരിധിയും താഴ്ന്ന പരിധിയും. സിഗ്നലുകളെ കണ്ടെത്തുന്നതിന്റെ വേഗത്തിന്റെ കാര്യത്തിലും എസ്കെഎ ടെലസ്കോപ്പിന് പുതിയ റെക്കോഡുണ്ടാവും. "ബിഗ് ഇയര്‍" എന്നതായിരുന്നു "വൗ സിഗ്നല്‍" കണ്ടെത്തിയ ടെലസ്കോപ്പിന്റെ പേര്. വിദൂരകോണുകളില്‍നിന്നുള്ള "വിളിശബ്ദങ്ങള്‍"ശ്രവിക്കാനുള്ള ഒരു ചെവി എന്ന അര്‍ഥത്തിലായിരുന്നു ആ പേര്. എന്നാല്‍ പേരു സൂചിപ്പിക്കുന്നതുപോലെ ഒരു കുഴപ്പവും ഉണ്ടായിരുന്നു അതിന്. ഒരിടത്ത് സ്ഥിരമായി ഉറപ്പിച്ച തരത്തിലുള്ള "ബിഗ് ഇയര്‍" ടെലസ്കോപ്പ് വിദൂരാകാശത്തിന്റെ ഒരു നിശ്ചിതമേഖലയെ എത്രസമയംകൊണ്ട് നിരീക്ഷിക്കണം എന്നതിന് ഭൂമിയുടെ സ്വയംഭ്രമണത്തെയാണ് ആശ്രയിച്ചിരുന്നത്. പുതിയൊരു സിഗ്നല്‍ കടന്നുവരാന്‍ 36 സെക്കന്‍ഡ്. കടന്നുപോവാന്‍ 36 സെക്കന്‍ഡ്. ആകെ 72 സെക്കന്‍ഡുകള്‍ . ഇത്രയും സമയത്തിനുള്ളില്‍ വേണം പരിശോധന. ഇതിന്റെ 50 മടങ്ങ് വേഗത്തിലുള്ള പരിശോധനയാണ് എന്നതാണ് എസ്കെഎയുടെ മേന്മ. ലഭ്യമാവുന്ന വിവരങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ അപഗ്രഥിച്ച് പകര്‍ത്തിയെടുക്കാന്‍ ഒരു ശതകോടി സാധാരണ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനശേഷിയുള്ള സൂപ്പര്‍ കംപ്യൂട്ടറുകളാണ് ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ മുഴുവന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളും ഒരൊറ്റ സെക്കന്‍ഡില്‍ സ്വീകരിക്കുകയും അയക്കുകയും ചെയ്യുന്ന വിവരവിനിമയ നിരക്കിനേക്കാള്‍ 10 മടങ്ങാണ് എസ്കെഎയുടെ കംപ്യൂട്ടറുകളിലൂടെ കടന്നുപോവുന്ന ഡാറ്റ നിരക്ക്. 3000 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിരിക്കുന്ന ഡിഷ് ആന്റിനകളില്‍നിന്നു സ്വീകരിക്കപ്പെടുന്ന സിഗ്നലുകളെയാണ് കംപ്യൂട്ടറുകള്‍ അപഗ്രഥിക്കുന്നത്. ഇത്രയും വലിയൊരു റേഡിയോ സ്വീകരണി നിലവില്‍ ലോകത്തിലില്ല. 50 പ്രകാശവര്‍ഷം അകലെയുള്ള ഒരു നക്ഷത്രത്തെ ചുറ്റുന്നതായി ഒരു ജീവഗ്രഹം ഉണ്ടെങ്കില്‍പ്പോലും അതില്‍നിന്നുള്ള സിഗ്നലുകള്‍ എസ്കെഎയ്ക്ക് കണ്ടെത്താനാവും. ലോകത്തില്‍ ഇന്നു സ്ഥാപിക്കപ്പെട്ടിട്ടുള്ള "റേഡിയോ ടെലസ്കോപ്പു"കള്‍ രണ്ടുതരത്തിലുള്ളവയാണ്. ഒരൊറ്റ ആന്റിന (ഡിഷ്ആന്റിന) ഉപയോഗിക്കുന്നവയാണ് അവയിലേറെയും. ഈ "ഡിഷി"ന്റെ വലുപ്പം എത്രവേണമെങ്കിലുമാവാം. വലുപ്പം കൂടുന്നതിനനുസരിച്ച് സിഗ്നലിന്റെ സ്വീകരണശേഷി കൂടും. ഇത്തരത്തിലുള്ളവയ്ക്കു പറയുന്ന പേരാണ് "സിംഗിള്‍ അപ്പറേച്ചര്‍ ടെലസ്കോപ്പുകള്‍" . അതേസമയം ഒന്നിലധികം ഡിഷ് ആന്റിനകളില്‍നിന്നുള്ള വിവരങ്ങള്‍ സംയോജിപ്പിച്ച് ഉപയോഗിക്കുന്നവയുമുണ്ട്. ഈ ആന്റിനകള്‍ എത്ര അകലത്തില്‍ , എത്ര ദൂരത്തില്‍ വയ്ക്കുന്നു എന്നതനുസരിച്ച് അവയുടെ നിരീക്ഷണശേഷിയും കൂട്ടിയെടുക്കാം. "അപ്പറേച്ചര്‍ സിന്തസിസ്" എന്നാണ് ഈ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കലിനു പറയുന്ന പേര്. ഇങ്ങനെ, ഒന്നിലധികം ആന്റിനകള്‍ ഒരുമിച്ചു ചേര്‍ന്ന് ഒരൊറ്റ റേഡിയോ ടെലസ്കോപ്പായി പ്രവര്‍ത്തിക്കുമ്പോള്‍ അതിന് മറ്റൊരു പേരു പറയും- ഇന്റര്‍ഫെറോമീറ്റര്‍ . ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍ഫെറോമീറ്ററും ഇനിമേല്‍ എസ്കെഎ ടെലസ്കോപ്പാണ്. 20 രാജ്യങ്ങളില്‍നിന്നുള്ള 67 ശാസ്ത്രസ്ഥാപനങ്ങളുടെ സംയുക്തപദ്ധതിയായാണ് ഇതു നടപ്പാക്കുന്നത്. ഇതില്‍ ഒരു രാജ്യമാണ് ഇന്ത്യ. പുണെയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ അസ്ട്രോണമിയും ബംഗളൂരുവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമാണ് ഇന്ത്യയുടെ പ്രതിനിധികളായി ഇതില്‍ പങ്കെടുക്കുന്നത്. മേയ് ആദ്യം റോമില്‍ നടന്ന സമ്മേളനത്തില്‍ ഇതിനായുള്ള കരടു രൂപരേഖ തയ്യാറാക്കപ്പെട്ടിരുന്നു. വാനനിരീക്ഷണത്തില്‍ മാത്രമല്ല, നിര്‍മാണ സാങ്കേതികതയുമായി ബന്ധപ്പെട്ട മറ്റു പല കാര്യങ്ങളിലും എസ്കെഎ ഒരു വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. ഫൈബര്‍ ഒപ്ടിക്സ്, സിഗ്നല്‍ പ്രോസസിങ്, കംപ്യൂട്ടര്‍ സോഫ്റ്റ്വെയറുകള്‍ തുടങ്ങിയവയില്‍ പുതിയ കണ്ടെത്തലുകള്‍ എസ്കെഎയുടെ നിര്‍മാണവേളയില്‍ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷ. ഇവയുടെയെല്ലാം പേറ്റന്റ് നയങ്ങളില്‍ ഇന്ത്യക്കും അവകാശസ്വാതന്ത്ര്യമുണ്ടാവും.

എന്താണ് റേഡിയോ ടെലസ്കോപ്പ്?

      റേഡിയോ തരംഗങ്ങളെ സ്വീകരിക്കുന്നതിലൂടെ പ്രവര്‍ത്തനക്ഷമമാവുന്ന ടെലസ്കോപ്പാണ് റേഡിയോ ടെലസ്കോപ്പ്. നമ്മുടെ വീട്ടിലെ ഒരു സാധാരണ റേഡിയോ സെറ്റും ഇതുപോലെത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. റേഡിയോ തരംഗങ്ങളെ ശബ്ദമാക്കി മാറ്റിയാണ് അത് നമ്മളെ പാട്ടും മറ്റും കേള്‍പ്പിക്കുന്നത്. മൊബൈല്‍ ഫോണിലും ടെലിവിഷനിലുമൊക്കെ സമാനമായ സാങ്കേതികതതന്നെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ , 1930കളില്‍ റേഡിയോ ടെലസ്കോപ്പുകള്‍ ആദ്യമായി വികസിപ്പിക്കപ്പെട്ടപ്പോള്‍ "റേഡിയോ" യ്ക്കായിരുന്നു കൂടുതല്‍ പ്രചാരം. അതിനാല്‍ ആ പേര് കൈവന്നു എന്നു മാത്രം. 10 മെഗാഹേര്‍ട്സ് മുതല്‍ 100 മെഗാഹേര്‍ട്സ്വരെയുള്ള വൈദ്യുതകാന്തികതരംഗങ്ങളെയാണ് റേഡിയോ ടെലസ്കോപ്പുകള്‍ സ്വീകരിക്കുന്നത്. ഫീക്വന്‍സി അഥവാ ആവൃത്തിയുടെ യൂണിറ്റാണ് ഹേര്‍ട്സ് . വിദൂരനക്ഷത്രങ്ങള്‍ , നക്ഷത്രക്കൂട്ടങ്ങള്‍ (ഗ്യാലക്സികള്‍), നെബുലകള്‍ തുടങ്ങിയവയില്‍നിന്നു പുറപ്പെടുന്ന വൈദ്യുതകാന്തികതരംഗങ്ങളെ സ്വീകരിക്കുന്നതിലൂടെ, റേഡിയോ ടെലസ്കോപ്പുകള്‍ അവയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള സൂചനകള്‍ തരുന്നു. പ്രകാശംകൊണ്ടു പ്രവര്‍ത്തിക്കുന്ന ടെലസ്കോപ്പ് ഉപയോഗിച്ച് കാണാവുന്നതിനേക്കാള്‍ അകലെയുള്ളവയെപ്പോലും കണ്ടെത്താന്‍ റേഡിയോ ടെലസ്കോപ്പുകള്‍ സഹായിക്കും.

എസ്കെഎ ടെലസ്കോപ്പ് ഒറ്റനോട്ടത്തില്‍

    3000 ആന്റിനകള്‍ ചേര്‍ന്നതാണ് എസ്കെഎ ടെലസ്കോപ്പ്. ഇതില്‍ ഓരോന്നും 15 മീറ്റര്‍ വീതിയുള്ളതാണ്. 3000 കിലോമീറ്റര്‍ ചുറ്റളവില്‍ , അഞ്ചു വര്‍ത്തുള ശാഖകളുടെ രൂപത്തിലാണ് ഇവ ക്രമീകരിക്കപ്പെടുക. ലോകത്തിലെ ഏറ്റവും സംവേദനക്ഷമമായ റേഡിയോ ടെലസ്കോപ്പാകും എസ്കെഎ. സ്വീകരിക്കാന്‍ കഴിയുന്ന ആവൃത്തിയുടെ പരിധിയാണ് ഇതിനു കാരണം. 70 മെഗാഹേര്‍ട്സ്മുതല്‍ 10 ജിഗാഹേര്‍ട്സ് വരെയുള്ളതാണ് ഈ പരിധി. പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാവുമ്പോള്‍ എസ്കെഎയുടെ തരംഗസ്വീകരണ വ്യാപ്തി ഒരു ചതുരശ്ര കിലോമീറ്ററാകും. അതായത് ഒരു ലക്ഷം ചതുരശ്ര മീറ്റര്‍ .

സ്പേസ് വിഷന്‍ ഇന്ത്യ @ 2025

സ്പേസ് വിഷന്‍ ഇന്ത്യ @ 2025

റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി

        വളരെ വിപുലമായ പദ്ധതികളാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒ വിഭാവനം ചെയ്തിട്ടുള്ളത്. വിമാനങ്ങളുടെ സുരക്ഷിതത്വം, രാജ്യസുരക്ഷ, ഗ്രാമങ്ങളില്‍ വാര്‍ത്താവിനിമയം സുഗമമാക്കല്‍, മൊബൈല്‍ സേവനങ്ങള്‍ കൂടുതല്‍ വിപുലമാക്കല്‍ എന്നിവയാണ് ഉപഗ്രഹംവഴിയുള്ള നാവിഗേഷന്‍ വ്യൂഹങ്ങളും, വാര്‍ത്താവിനിമയ ഉപാധികളും കൊണ്ട് ശാക്തീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. കാലാവസ്ഥാ പഠനം, കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ സ്ഥിതിയിലെ മാറ്റങ്ങള്‍ , പ്രകൃതിവിഭവങ്ങള്‍ ധാരാളമായി കാണപ്പെടുന്ന ഇടങ്ങള്‍ ഏതൊക്കെ എന്നറിയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി അനേകം വിവരങ്ങള്‍ ഇപ്പോള്‍ ഭ്രമണപഥത്തിലുള്ള പല ഉപഗ്രഹങ്ങള്‍ നല്‍കി വരുന്നു. കൂടുതല്‍ സൂക്ഷ്മതയുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടിയുള്ള ഉപഗ്രഹങ്ങള്‍ ഭാവിയില്‍ വ്യാപകമാക്കും. സൗരയൂഥം, നമുക്കു ചുറ്റുമുള്ള പ്രപഞ്ചത്തിന്റെ ഭാഗം എന്നിവയെ പഠിക്കാനായി പുതിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും. ഗ്രഹാന്തര യാത്ര സര്‍വസാധാരണമാകുമ്പോള്‍ നാം ഈ മത്സരത്തില്‍ പിന്തള്ളപ്പെടാതിരിക്കാന്‍ പുതിയ പല പര്യവേക്ഷണങ്ങളും നടത്തും. ഭാരമേറിയ ഉപഗ്രഹങ്ങളും മനുഷ്യനെ കയറ്റിയ പേടകങ്ങളും ബഹിരാകാശത്തെത്തിക്കാനായി ശക്തിയേറിയ വിക്ഷേപണ വാഹനങ്ങള്‍ വേണ്ടതുണ്ട്. ഇതിനായി കഠിനമായ പ്രയത്നംതന്നെ വേണ്ടിവരും. ജിഎസ്എല്‍വിയുടെ തുടര്‍ച്ചയായുള്ള പരാജയങ്ങള്‍ ഈ മേഖലയെ വളരെയേറേ ക്ഷീണിപ്പിച്ചിട്ടുണ്ട്, എന്നിരിക്കിലും, പല സങ്കീര്‍ണ ദൗത്യങ്ങളും നടത്തി വിജയിച്ച ചരിത്രമുള്ള ഐഎസ്ആര്‍ഒ ഇതില്‍ മുന്നേറുമെന്നുതീര്‍ച്ച. വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള വിക്ഷേപണ വാഹനങ്ങള്‍ വിപുലീകരിക്കാന്‍ ആലോചനയുണ്ട്. വിക്ഷേപണങ്ങളുടെ ചിലവു കുറയ്ക്കാനും തുടര്‍ച്ചയായി വിക്ഷേപണങ്ങള്‍ സാധ്യമാക്കാനും ഇതുവഴി കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്ന ഒന്നാണ് ഇന്ത്യയുടെ ഈ മേഖലയിലുള്ള മുന്നേറ്റം. ജിഎസ്എല്‍വി മാര്‍ക് 2 ആണ് ചാന്ദ്രയാന്‍ 2 നെ ബഹിരാകാശത്തെത്തിക്കുക. ഈ ചാന്ദ്രപര്യവേക്ഷണത്തിനായി റഷ്യയുടെ സഹായവും ലഭിക്കും. 2013-2014 കാലയളവില്‍ ഇതു സജ്ജമാകുമെന്നു പ്രതീക്ഷ. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുക എന്നത് പ്രധാനമായ ഒരു ലക്ഷ്യമാണ്. എന്നാല്‍ ഇതിനുവേണ്ട ശക്തിയുള്ള വിക്ഷേപണ വാഹനം പൂര്‍ണമായും തൃപ്തികരമായ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടില്ല. ജിഎസ്എല്‍വിയുടെ പുതുക്കിയ പതിപ്പുകള്‍ അനേകംതവണ പരീക്ഷിച്ചു വിജയിപ്പിച്ചതിനു ശേഷമേ ഇതിനു മുതിരാവൂ. റഷ്യയും പിന്നീട് അമേരിക്കയും പണ്ടു ചെയ്തപോലെ ആദ്യഘട്ടങ്ങളില്‍ പലതരം ജന്തുക്കളെ ബഹിരാകാശത്തെത്തിച്ച് തൃപ്തികരമായ ഫലം ലഭിക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.

പ്രതികണം

പ്രതികണം
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി
ലേഖകന്‍ - മനോജ് എം സ്വാമി

  ഇന്നേവരെയുള്ളതില്‍വച്ച് ഏറ്റവും ഭാരമുള്ളതും സങ്കീര്‍ണവുമായ പ്രതികണം പരീക്ഷണശാലയില്‍ സൃഷ്ടിക്കപ്പെട്ടു. ന്യൂയോര്‍ക്കിലെ റിലേറ്റിവിസ്റ്റിക് ഹെവി അയോണ്‍ കൊളൈഡറാണ് ഇത്തരമൊരു പ്രതികണത്തിനു പിറന്നുവീഴാന്‍ വേദിയായത്. സാധാരണ ഒരു ഹീലിയം അണുകേന്ദ്രത്തിനകത്ത് രണ്ടു പ്രോട്ടോണും രണ്ടു ന്യൂട്രോണുമാണ് ഉണ്ടാകുക. എന്നാല്‍ ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഒരു ആന്റി ഹീലിയംഅണുകേന്ദ്രമാണ്. ആന്റി ഹീലിയത്തിനകത്തെ അന്തേവാസികള്‍ രണ്ട് ആന്റി പ്രോട്ടോണും രണ്ട്ആന്റി ന്യൂട്രോണുമാണ്. സങ്കല്‍പ്പാതീതമായ വളരെ ചെറിയ ഇടവേളയില്‍ , ഒളിഞ്ഞുനോക്കി അപ്രത്യക്ഷമാകുന്ന ഈ പ്രതികണത്തെ തിരിച്ചറിയാന്‍ സാധിച്ചു എന്നതുതന്നെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശാസ്ത്ര ഗവേഷകരുടെയും അതിന് അവര്‍ ആശ്രയിക്കുന്ന ഉപകരണങ്ങളുടെയും വിജയമായി കാണാം. സാധാരണഗതിയില്‍ നമുക്കറിയാവുന്ന ദ്രവ്യകണത്തിന്റെ അതേ പിണ്ഡമാണ് ഉണ്ടാകുകയെങ്കിലും വിപരീത ചാര്‍ജിനുടമയാകും അതിന്റെ പ്രതികണം. ഇവ തമ്മില്‍ എപ്പോഴെങ്കിലും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനിടയായാല്‍ പരസ്പരം നശിച്ച് ഊര്‍ജസൃഷ്ടിയോടെ കാണാതായിത്തീരുകയും ചെയ്യും. കഴിഞ്ഞവര്‍ഷവും ആര്‍എച്ച്ഐസിയില്‍നിന്ന് പുതിയ ഇനം പ്രതികണങ്ങളുടെ സൃഷ്ടിയെക്കുറിച്ച് അറിയിപ്പുണ്ടായിരുന്നു. ഒരു ആന്റി പ്രോട്ടോണും ആന്റി ന്യൂട്രോണും പിന്നെ മറ്റൊരു അസ്ഥിര കണമായ ആന്റി ലാംഡായും ചേര്‍ന്ന് ആന്റി ഹൈപ്പര്‍ട്രിറ്റണ്‍ എന്ന പ്രതികണമാണപ്പോള്‍ ഉടലെടുത്തത്. ഇതായിരുന്നു ഇപ്പോഴത്തെ കണ്ടെത്തലിനു മുമ്പുവരെ ഉണ്ടായിരുന്ന ഭാരമേറിയ പ്രതികണം. ഈ റെക്കോഡിനെയാണ് ആന്റി ഹീലിയം ഇപ്പോള്‍ മറികടന്നത്. താരതമ്യേന ഭാരംകുറഞ്ഞതും പ്രകൃതിയില്‍ അപൂര്‍വമായി മാത്രം കാണുന്നതും അണുകേന്ദ്രത്തിനകത്ത് രണ്ട് പ്രോട്ടോണും ഒരു ന്യൂട്രോണും ഉള്ളതുമായ ഹീലിയം-3 ഐസോടോപ്പിന്റെ പ്രതികണത്തെ നേരത്തെത്തന്നെ തിരിച്ചറിയാനായിട്ടുണ്ട്. ഇത് വെറുമൊരു ശാസ്ത്രനേട്ടം എന്നതിലുപരി ഭൗതികശാസ്ത്രത്തിലെ അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടലുകൂടിയാണ്. പ്രപഞ്ചസൃഷ്ടിക്ക് കാരണഭൂതമായ മഹാവിസ്ഫോടന വേളയില്‍ ഏതാണ്ട് ഒരേ അളവില്‍ത്തന്നെയുണ്ടായിരുന്നു സാധാരണ കണങ്ങളും അവയുടെ പ്രതികണങ്ങളും. പിന്നീട് നിഗൂഢമായ ഏതോ കാരണത്താല്‍ കാണാതായ പ്രതികണങ്ങളെപ്പറ്റിയുള്ള എന്തെങ്കിലും വിവരം ശ്രവിക്കാന്‍ ഭൗതികശാസ്ത്രജ്ഞരും പ്രപഞ്ചവിജ്ഞാനീയ ഗവേഷകരും ഒരുപോലെ കാതോര്‍ത്തിരിക്കുകയാണ്. പ്രപഞ്ചം മുഴുവന്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ അസമരീതിയെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഗവേഷകര്‍ ഉന്നതോര്‍ജാവസ്ഥകളില്‍ കണികകളെ പരസ്പരം കൂട്ടിയിടിപ്പിച്ചാണ് തങ്ങളുടെ പ്രിയപ്പെട്ട ഉപാറ്റോമിക പ്രതികണങ്ങളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. അല്‍പ്പായുസ്സുമാത്രം പേറുന്ന അവയെ തിരിച്ചറിയുകയെന്ന ദുഷ്കരമായ ദൗത്യത്തില്‍ അവര്‍ ചെറിയ തോതില്‍ വിജയിക്കുകയും ചെയ്തു. കഴിഞ്ഞ ദശാബ്ദങ്ങളായി അവര്‍ ഈ ദിശയില്‍ കൈവരിച്ച നേട്ടങ്ങള്‍ അതിനുള്ള തെളിവാണ്. സ്വര്‍ണത്തിന്റെ അയോണുകളെ പ്രകാശവേഗത്തിന്റെ 99.995 ശതമാനം വേഗത്തില്‍ പായിച്ച് കൂട്ടിയിടിപ്പിച്ചാണ് ആന്റി ഹീലിയം പ്രതികണത്തെ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. അവിടെ 100 കോടിയിലധികം കൂട്ടയിടി നടക്കുകയും അവയൊടുവില്‍ ആര്‍എച്ച്ഐസിയില്‍ത്തന്നെയുള്ള സ്റ്റാര്‍ എന്ന ഡിറ്റക്ടറില്‍ പതിക്കുകയും ചെയ്തപ്പോള്‍ വെറും 18 ആന്റി ഹീലിയം അണുകേന്ദ്രത്തെ മാത്രമാണ് തിരിച്ചറിയാന്‍ സാധിച്ചത്. ജനനമെടുത്ത ഉടനെത്തന്നെ സാധാരണ ദ്രവ്യവുമായി പ്രതിപ്രവര്‍ത്തിച്ച് അവ അപ്രത്യക്ഷമായിത്തീരുകയും ചെയ്തു. പ്രതികണങ്ങളെ സൃഷ്ടിക്കാനും തിരിച്ചറിയാനുമുള്ള സങ്കീര്‍ണതകളിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്. ന്യൂക്ലിയസിനകത്തെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും എണ്ണം അനുസരിച്ചാണല്ലോ മൂലകങ്ങളെ പീരിയോഡിക് ടേബിളില്‍ ക്രമീകരിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ തിരിച്ചറിയാന്‍ സാധിച്ച പ്രതികണങ്ങളുടെ തുടര്‍ച്ചക്കാരെക്കൂടി കണ്ടെത്തി, ഒരു ആന്റി പീരിയോഡിക് ടേബിള്‍തന്നെ എന്തുകൊണ്ടായിക്കൂട എന്നു മനപ്പായസം കുടിക്കുന്നവരും ശാസ്ത്രജ്ഞരുടെ കൂട്ടത്തിലുണ്ടെന്നാണ് കേള്‍വി. പക്ഷേ അത്തരമൊരു ഉദ്യമത്തിന് ഏറെ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നതാണ് വാസ്തവം. ആന്റി പ്രോട്ടോണും ആന്റി ന്യൂട്രോണുമെല്ലാം കൂടിച്ചേര്‍ന്നുണ്ടാക്കുന്ന ആന്റി മൂലകങ്ങളുടെ ലോകത്തെ സൃഷ്ടിക്കാമെന്ന സ്വപ്നങ്ങള്‍ക്കൊന്നുംതന്നെ "എന്തുകൊണ്ട് വലിയ അളവില്‍ പ്രപഞ്ചത്തിലാകമാനം പ്രതികണങ്ങള്‍ കാണപ്പെടുന്നില്ല?" എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന്റെ ഏഴയലത്തേക്കുപോലും അവരെ നയിക്കാനാവില്ല എന്നാണ് ബ്രിട്ടനിലുള്ള യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോര്‍ഡിലെ ഫ്രാങ്ക് ക്ലോസിന്റെ അഭിപ്രായം. ഇതു സംബന്ധിക്കുന്ന കൃത്യമായ ഉത്തരം തേടിക്കൊണ്ടുള്ള ഒരു പരീക്ഷണം അടുത്തുതന്നെ ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ നടക്കാനിരിക്കയാണ്. ആല്‍ഫാ മാഗ്നറ്റിക് സ്പെക്ട്രോമീറ്റര്‍ എന്നാണ് ഈ സംരംഭത്തിന്റെ പേര്. പ്രപഞ്ചത്തിന്റെ വിദൂരമേഖലകളില്‍നിന്ന് ഭൂമിയിലെത്തുന്ന ഉന്നതോര്‍ജ കണവാഹികളായ കോസ്മിക രശ്മികളില്‍ സഹജമായി ഉടലെടുക്കുന്ന ആന്റി പ്രോട്ടോണുകളുടെ ചെറുസാന്നിധ്യം നേരത്തെത്തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളതിനാല്‍ വേറെയും അത്തരം പ്രതികണങ്ങളെ കണ്ടെത്താന്‍ സാധിക്കുമോ എന്നാണ് ഈ ദൗത്യത്തിന്റെ ഉദ്ദേശ്യം. ഇപ്പോള്‍ സാന്നിധ്യം തെളിയിച്ചിരിക്കുന്ന ഭാരമേറിയ പ്രതികണത്തിന് ഭീഷണിയുയര്‍ത്തുന്നത് ആന്റി ലിഥിയമാണ്. സാധാരണ താപനിലയില്‍പ്പോലും സുസ്ഥിരാവസ്ഥയിലുള്ള ഈ പ്രതികണ സാധ്യതയെ സൈദ്ധാന്തികപരമായി ന്യായീകരിക്കാമെങ്കിലും അതിന്റെ സൃഷ്ടക്ക് നിലവിലുള്ള കണികാത്വരിത്രങ്ങളൊന്നും പര്യാപ്തമാകില്ലെന്നതാണ് ശാസ്ത്ര സത്യം. ഉപകണങ്ങള്‍ തമ്മില്‍ എത്ര കൂട്ടിയിടി നടത്തിയാലും ആന്റി ഹീലിയത്തെ തിരിച്ചറിയാന്‍ സാധിച്ചതിന്റെ ദശലക്ഷത്തിലൊരംശം സംഭവനീയത മാത്രമേ, ആന്റി ലിഥിയത്തിന്റെ കാര്യത്തില്‍ കാണൂ എന്നാണ് വിദഗ്ധമതം. 

Friday, October 5, 2012

ആകാശത്തിന്റെ ആഴങ്ങളിലേക്ക്... നിരീക്ഷണ ക്ലാസ്-1

കേരള ശാസ്ത്ര സാഹിത്യ പരിഷതിന്റെ ജ്യോതിശാസ്ത്ര കൂട്ടായ്മയായ മാര്‍സ്, മുണ്ടോത്ത് പറമ്പ് ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ ജ്യോതിശാസ്ത്ര ക്ലബ്ബിന്റെ സഹകരണത്തോടു കൂടി 06.10.2012 ന് ശനിയാഴ്ച വൈകീട്ട് 6 മണി മുതല്‍ ഞായര്‍ പുലര്‍ച്ച വരെ നീളുന്ന നിരീക്ഷണ ക്ലാസ് സംഘടിപ്പിക്കുന്നു.

പ്രപഞ്ചത്തിന്റെ വിദൂരതകളില്‍ ഉള്ള മറ്റ് ഗ്യാലക്‌സികളെക്കുറിച്ചും നെബുല കളെക്കുറിച്ചും നക്ഷത്രക്കുലകളെക്കുറിച്ചും അറിയാന്‍ ഈ ക്ലാസ് വഴി സാധിക്കും. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ പ്രയാസമുള്ള ഇവയെ ശക്തമായ ടെലിസ്‌കോപ്പുകള്‍ വഴി കാണാനും പരിചയപ്പെടാനും അവസരം ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ആനന്ദമൂര്‍ത്തി 9400625900

മനോജ് കോട്ടക്കല്‍ 9446352439

ശ്രദ്ധിക്കുക- ക്യാമ്പില്‍ ഭക്ഷണം നല്‍കുന്നതല്ല. പങ്കെടുക്കുന്നവര്‍ കൊണ്ടു  വരേണ്ടതാണ്.

Wednesday, October 3, 2012

ചൊവ്വയില്‍ നദി; തെളിവുമായി ക്യൂരിയോസിറ്റി

റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി

29-Sep-2012 08:47 AM

വാഷിങ്ടണ്‍: ചൊവ്വയില്‍ പര്യവേക്ഷണത്തിലേര്‍പ്പെട്ടിട്ടുള്ള നാസ പേടകം ക്യൂരിയോസിറ്റി അവിടെ വെള്ളമുണ്ടായിരുന്നതിന് ഭൂഗര്‍ഭശാസ്ത്രപരമായ തെളിവ് കണ്ടെത്തി. ചൊവ്വയില്‍ അരുവി ഒഴുകിയിരുന്നതിന്റെ തെളിവുകളാണ് ക്യൂരിയോസിറ്റി ശേഖരിച്ചത്. "ചൊവ്വയില്‍ വെള്ളമുണ്ടായിരുന്നതിന്റെ തെളിവുകള്‍ നേരത്തെയും ലഭിച്ചിട്ടുണ്ട്. എന്നാല്‍, ചരല്‍ക്കല്ലുകളടക്കം അരുവിയുടെ അടയാളങ്ങള്‍ അടങ്ങിയ പാറക്കൂട്ടങ്ങള്‍ കണ്ടെത്തുന്നത് ഇതാദ്യമാണ്"-നാസ വ്യക്തമാക്കി. ചരല്‍ക്കല്ലുകളുടെ വലുപ്പത്തില്‍നിന്ന് സെക്കന്‍ഡില്‍ മൂന്ന് അടി തോതിലാണ് വെള്ളം ഒഴുകിയിരുന്നതെന്ന് അനുമാനിക്കാമെന്ന് ക്യൂരിയോസിറ്റി സയന്‍സ് കോ-ഇന്‍വെസ്റ്റിഗേറ്റര്‍ വില്യം ഡീട്രിച്ച് പറഞ്ഞു.

സൂര്യനില്‍നിന്ന് ഭൂമിയിലേക്ക് തീഗോളം വന്നതായി നാസ

സൂര്യനില്‍നിന്ന് ഭൂമിയിലേക്ക് തീഗോളം വന്നതായി നാസ

റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി

01-Oct-2012 09:14 AM




വാഷിങ്ടണ്‍: ശതകോടിക്കണക്കിന് ടണ്‍ സൗരകണങ്ങള്‍ വര്‍ഷിച്ച് സൂര്യനില്‍നിന്ന് ഭൂമിയിലേക്ക് തീഗോളം വന്നതായി നാസ. ഇതിന്റെ ദൃശ്യങ്ങള്‍ നാസയുടെ സോളാര്‍ ആന്‍ഡ് ഹീലീയോസ്ഫിയര്‍ ഒബ്സര്‍വേറ്ററിക്ക് ലഭിച്ചിട്ടുണ്ട്. സൂര്യനില്‍നിന്ന് ബഹിരാകാശത്തേക്ക് വര്‍ഷിക്കപ്പെടുന്ന തീഗോളപ്രതിഭാസത്തിന് സിഎംഇ എന്നാണ് ചുരുക്കപ്പേര്.

സെക്കന്‍ഡില്‍ 1120 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച തീഗോളം ശനിയാഴ്ച ഭൂമിയില്‍ പതിച്ചതായാണ് നാസയുടെ ഗവേഷണ സംവിധാനങ്ങള്‍ കണക്കാക്കുന്നത്. ഈ വേഗതയിലുള്ള സിഎംഇകള്‍ സാധാരണ നിരുപദ്രവകാരികളാണ്. ഭൗമാന്തരീക്ഷത്തിലെത്തുമ്പോള്‍ ഇവ ചിതറിപ്പോകും. എക്സ്, എം വിഭാഗങ്ങളിലുള്ള സൗര തീഗോളങ്ങളുടെ താഴെ മൂന്നാംതരത്തില്‍പ്പെട്ട ചെറിയ തീഗോളങ്ങളാണ് സി വിഭാഗത്തിലുള്ള സിഎംഇകള്‍. ഇതിനുമുമ്പ് സൂര്യനില്‍നിന്ന് വന്നിട്ടുള്ള ഇത്തരം തീഗോളങ്ങള്‍ ധ്രുവങ്ങള്‍ക്കുസമീപം പ്രഭാവലയം തീര്‍ത്തിട്ടുണ്ടെങ്കിലും വൈദ്യുതിസംവിധാനങ്ങളെയോ ജിപിഎസുകളെയോ ഉപഗ്രഹാധിഷ്ഠിത വാര്‍ത്താവിനിമയ സംവിധാനങ്ങളെയോ കാര്യമായി ബാധിച്ചിട്ടില്ല.

ചരിത്രമാകാന്‍ ഇ-എല്‍റ്റ്

റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി കിളിവാതില്‍
ലേഖകന്‍ - സാബു ജോസ്

ലോകത്ത് ഇന്നുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലുതും ശക്തവും സംവേദനക്ഷമവുമായ ഒപ്ടിക്കല്‍ ടെലസ്കോപ്പ് (ദൃശ്യപ്രകാശം ആധാരമായി പ്രവര്‍ത്തിക്കുന്ന ദൂരദര്‍ശിനി) നിര്‍മിക്കാന്‍ യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററി തയ്യാറെടുക്കുന്നു. കഴിഞ്ഞ ജൂണ്‍ 11ന് പാരീസില്‍ നടന്ന യൂറോപ്യന്‍ യൂണിയന്റെ രാജ്യാന്തര കൗണ്‍സിലാണ് ഇതു തീരുമാനിച്ചത്. യൂറോപ്പിലെ 15 രാജ്യങ്ങളുടെ സഹകരണത്തോടെ നിര്‍മിക്കുന്ന ഇ-എല്‍റ്റ് സ്ഥാപിക്കുന്നത് ചിലിയിലെ അറ്റക്കാമ മരുഭൂമിയിലെ സെറോ അര്‍മാസോണ്‍ പര്‍വതത്തിന്റെ മുകളിലാണ്. സമുദ്ര നിരപ്പില്‍നിന്ന് 3060 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കുന്ന ഈ ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനത്തിന് അറ്റക്കാമ മരുഭൂമിയിലെ വരണ്ട കാലാവസ്ഥ തീര്‍ത്തും അനുയോജ്യമാണ്.

യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററിയുടെതന്നെ വെരിലാര്‍ജ് ടെലസ്കോപ്പിന് സമീപത്തുതന്നെയാണ് ഇ-എല്‍റ്റും നിര്‍മിക്കുന്നത്. വളരെ വലുതും സംവേദനക്ഷമത കൂടിയതുമായ ദൂരദര്‍ശിനികള്‍ പൊതുവെ ദൃശ്യപ്രകാശത്തെആധാരമാക്കി പ്രവര്‍ത്തിക്കുന്നവയല്ല. ഭൗമാന്തരീക്ഷത്തിലെ പ്രക്ഷുബ്ധതകള്‍നിരീക്ഷണത്തെ തടസ്സപ്പെടുത്താമെന്നതുകൊണ്ട് അത്തരം ദൂരദര്‍ശിനികള്‍ സാധാരണ എക്സ്-റേ, ഇന്‍ഫ്രാറെഡ്,റേഡിയോ തരംഗദൈര്‍ഘ്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ക്വയര്‍ കിലോമീറ്റര്‍ അറേയും അല്‍മ
യും ടിഎംടിയുമെല്ലാം അത്തരത്തിലുള്ള ഭീമന്‍ ദൂരദര്‍ശിനികളാണ്. എന്നാല്‍ അഡാപ്റ്റീവ് ഒപ്റ്റിക്സ് എന്ന നൂതന സാങ്കേതികവിദ്യയില്‍പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഭൗമാന്തരീക്ഷത്തിന്റെ പ്രക്ഷുബ്ധതകള്‍ ഇ-എല്‍റ്റിനെ ബാധിക്കില്ല. 39.3 മീറ്ററാണ് ഈ ദൂരദര്‍ശിനിയുടെ പ്രൈമറി മീറ്ററിന്റെ വ്യാസം. നിലവിലുള്ള മറ്റേതു ദൂരദര്‍ശിനിയിലുള്ളതിലും വലിയ ദര്‍പ്പണമായിരിക്കുമിത്. ദര്‍പ്പണത്തിന്റെ വ്യാസം കൂടുന്നതിനുസരിച്ച് ദൂരദര്‍ശിനി സ്വീകരിക്കുന്ന പ്രകാശത്തിന്റെ അളവും വര്‍ധിക്കും. മനുഷ്യനേത്രം സ്വീകരിക്കുന്ന പ്രകാശത്തിന്റെ 10 കോടി മടങ്ങ് പ്രകാശ കണങ്ങളെ സ്വീകരിക്കാന്‍ ഇ-എല്‍റ്റിന്റെ കണ്ണുകള്‍ക്ക് കഴിയും. ഗലീലിയോയുടെ ആദ്യ ദൂരദര്‍ശിനിയെക്കാള്‍ 80 ലക്ഷം മടങ്ങ് ശക്തമാണ് ഇ-എല്‍റ്റ്. നിലവിലുള്ള ഏറ്റവും വലിയ ഒപ്ടിക്കല്‍ ടെലസ്കോപ്പായ വിഎല്‍ടിയെക്കാള്‍ 26 മടങ്ങ് ശക്തമാകും ഈ ദൂരദര്‍ശിനി. 978 ച.മീറ്റര്‍ കലക്ടിങ് ഏരിയയുള്ള ഇ-എല്‍റ്റ് നല്‍കുന്ന ചിത്രങ്ങള്‍ ഹബിള്‍സ്പേസ് ടെലസ്കോപ്പില്‍നിന്നു ലഭിക്കുന്ന ചിത്രങ്ങളെക്കാള്‍ 15 മടങ്ങ് വ്യക്തതയും സൂക്ഷ്മതയും ഉള്ളതുമാകും. 135 കോടി ഡോളര്‍ നിര്‍മാണച്ചെലവു പ്രതീക്ഷിക്കുന്ന ഈ ഭീമന്‍ ദൂരദര്‍ശിനിയുടെ നിര്‍മാണം 2012 ജൂലൈ അവസാനം ആരംഭിക്കും. 10 വര്‍ഷമെങ്കിലുംഎടുക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 2022ല്‍ ദൂരദര്‍ശിനി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും. 

സൗരകുടുംബത്തിനുവെളിയില്‍ മറ്റു നക്ഷത്രങ്ങളുടെ വാസയോഗ്യമേഖലയിലുള്ള ഭൗമസമാന ഗ്രഹങ്ങളെ നിരീക്ഷിക്കുകയാണ് ഇ-എല്‍റ്റിന്റെ പ്രഥമ ദൗത്യം. ഭൂമിക്കു വെളിയിലുള്ള എക്സോപ്ലാനറ്റുകളില്‍ ജീവന്‍ കണ്ടെത്തുന്നതിന് നേരിട്ടുള്ള നിരീക്ഷണത്തിന് ശക്തമാണ് ഈ ദൂരദര്‍ശിനി. അതുകൂടാതെ ഗ്രഹരൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ അപഗ്രഥിക്കുകയും നക്ഷത്രാന്തര സ്പേസിലെ ജലബാഷ്പത്തെക്കുറിച്ചും ജൈവഘടകങ്ങളെക്കുറിച്ചും പഠനം നടത്തുകയും ചെയ്യും.

എല്‍എസ്എസ്ടി - ആകാശസര്‍വേയിലെ അവസാന വാക്ക്

ജ്യോതിശാസ്ത്ര പര്യവേക്ഷണങ്ങളുടെ ഗുണനിലവാരം വാനോളം ഉയര്‍ത്തുന്ന പദ്ധതിക്ക് അംഗീകാരമായി. ഉത്തര ചിലിയിലെ ഭസെറോ പാക്കണ്‍; പര്‍വതനിരകളിലെ എല്‍ പെനോണ്‍; കൊടുമുടിയില്‍ സമുദ്രനിരപ്പില്‍നിന്ന് 2663 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കുന്ന എല്‍എസ്എസ്ടി ജ്യോതിശാസ്ത്ര പര്യവേക്ഷണ ചരിത്രത്തില്‍ പുതിയ നാഴികക്കല്ലാവുകയാണ്. 2012 ആഗസ്തില്‍ അംഗീകരിച്ച എല്‍എസ്എസ്ടി പദ്ധതി ഈ ദശാബ്ദത്തില്‍ത്തന്നെ പൂര്‍ത്തിയാക്കും. 2014ല്‍ ദൂരദര്‍ശിനി ഭാഗികമായി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരൂഹ പ്രതിഭാസങ്ങളായ ഡാര്‍ക്ക് എനര്‍ജി, ഡാര്‍ക്ക് മാറ്റര്‍ എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്‍, കുയ്പര്‍ ബെല്‍റ്റിലെ ധൂമകേതുക്കള്‍, ഭൂമിക്കു സമീപത്തുകൂടി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഛിന്നഗ്രഹങ്ങള്‍, നോവാ, സൂപ്പര്‍ നോവാ സ്ഫോടനങ്ങള്‍, ട്രാന്‍സിയന്‍സ് എന്നിവയെക്കുറിച്ചെല്ലാം പഠനം നടത്തുന്ന എല്‍എസ്എസ്ടി ക്ഷീരപഥത്തിന്റെ സമ്പൂര്‍ണ മാപിങ്ങും ആകാശത്തിന്റെ സമഗ്ര സര്‍വേയുമാണ് ലക്ഷ്യമിടുന്നത്.

അതുകൂടാതെ ആദ്യമായി ആകാശപ്രതിഭാസങ്ങളുടെ ചലിക്കുന്ന ചിത്രങ്ങള്‍ ആറു വര്‍ണങ്ങളില്‍ അവതരിപ്പിക്കുന്ന പ്രപഞ്ച ചലച്ചിത്രവും എല്‍എസ്എസ്ടി നിര്‍മിക്കും. എല്‍എസ്എസ്ടിയുടെ സവിശേഷതകള്‍ അവിടെ തീരുന്നില്ല. ഏറ്റവും വലുതും ശക്തവുമായ ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കുന്ന ടെലസ്കോപ്പ്, ത്രിതീയ ദര്‍പ്പണം ഉപയോഗിക്കുന്ന ആദ്യത്തെ പ്രതിഫലന ദൂരദര്‍ശിനി, ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്ന അനുബന്ധ ഉപകരണങ്ങള്‍, സൂപ്പര്‍ കംപ്യൂട്ടറുകളുടെ പിന്തുണ, ലോകമെമ്പാടും വ്യാപിച്ച ഇന്റര്‍നെറ്റ് ശൃംഖലയുടെ സഹായം എന്നിങ്ങനെ എല്‍എസ്എസ്ടിയുടെ വിശേഷണങ്ങള്‍ നിരവധിയാണ്. ദൂരദര്‍ശിനിയുടെ നിര്‍മാണത്തിനു ചുക്കാന്‍പിടിക്കുന്നത് അമേരിക്കയിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷനാണ്. ചാള്‍സ് സൈമണ്‍യി, ബില്‍ഗേറ്റ്സ് എന്നിവരുടെ സാമ്പത്തിക സഹകരണവും ഈ പദ്ധതിക്കുണ്ട്. ഇന്നുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കലക്ടിങ് ഏരിയയുള്ള ഒപ്ടിക്കല്‍ (ദൃശ്യപ്രകാശം ആധാരമാക്കി പ്രവര്‍ത്തിക്കുന്നത്) ദൂരദര്‍ശിനിയാണ് ലാര്‍ജ് സിനൊപ്ടിക് സര്‍വേ ടെലസ്കോപ്പ് . ഈ റിഫ്ളക്ടിങ് ടെലസ്കോപ്പിന്റെ പ്രാഥമിക ദര്‍പ്പണത്തിന്റെ വ്യാസം 8.4 മീറ്ററാണ്. അതുമാത്രമല്ല, എല്‍എസ്എസ്ടിയുടെ പ്രത്യേകത. ഇതില്‍ ഉപയോഗിക്കുന്ന 3200 മെഗാ പിക്സല്‍ ഡിജിറ്റല്‍ ക്യാമറ ലോകത്തിന് ഇന്നുവരെ ദൂരദര്‍ശിനികളില്‍ ഉപയോഗിച്ചിട്ടുള്ള ക്യാമറകളില്‍ ഏറ്റവും വലുതാണ്. സാധാരണ ഒപ്ടിക്കല്‍ ദൂരദര്‍ശനികളില്‍ രണ്ടു ദര്‍പ്പണങ്ങള്‍ പ്രതിഫലകങ്ങളായി ഉപയോഗിക്കുമ്പോള്‍ എല്‍എസ്എസ്ടിയില്‍ അഞ്ചു മീറ്റര്‍ വ്യാസമുള്ള ഒരു ത്രിതീയ ദര്‍പ്പണംകൂടി ഉപയോഗിക്കുന്നുണ്ട്. നിരീക്ഷണമേഖലയുടെ സൂക്ഷ്മതയ്ക്കും വളരെ മങ്ങിയ പ്രകാശസ്രോതസ്സുകളെ കണ്ടെത്തുന്നതിനുമാണിത്. 30 ടെറാബൈറ്റ് ഡാറ്റകളാണ് ഓരോ രാത്രിയിലും എല്‍എസ്എസ്ടി നല്‍കുന്നത്. ഇപ്പോള്‍ ഗൂഗിള്‍ സ്കൈയും വേള്‍ഡ് വൈഡ് ടെലസ്കോപ്പും ചെയ്യുന്നതുപോലെ എല്‍എസ്എസ്ടി തയ്യാറാക്കുന്ന ഗവേഷണ പ്രോജക്ടുകള്‍ ക്ലാസ് മുറികളിലും വീടുകളിലും ലഭ്യമാക്കുന്നതുകൂടാതെ ശാസ്ത്രമ്യൂസിയങ്ങളില്‍ പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാന്‍കഴിയും. എല്‍എസ്എസ്ടി നിര്‍മിക്കുന്ന ചിത്രങ്ങള്‍ സൂപ്പര്‍ കംപ്യൂട്ടറുകളുടെ സഹായത്തോടെ നാലു മാനങ്ങളിലുള്ള സ്ഥല-കാല ചിത്രീകരണത്തിലൂടെ ആറു വര്‍ണങ്ങളിലുള്ള വീഡിയോചിത്രങ്ങളായി പുനഃസൃഷ്ടിക്കുന്നത് ശാസ്ത്രാഭിമുഖ്യമുള്ള ഏതൊരാള്‍ക്കും ആവേശംപകരും. ഭൂതല ദൂരദര്‍ശിനികളെ അപേക്ഷിച്ച് ബഹിരാകാശ ദൂരദര്‍ശിനികളുടെ കലക്ടിങ് ഏരിയ ചെറുതാണ്. എല്‍എസ്എസ്ടിപോലെ വിശാലമായ കലക്ടിങ് ഏരിയയും ഡീപ്-ഫാസ്റ്റ് സര്‍വേയും നടത്താന്‍കഴിയുന്ന ഒരു ബഹിരാകാശ ദൂരദര്‍ശിനിയുടെ വലുപ്പം വളരെ വലുതായിരിക്കും. ഇത്തരമൊരു ഭീമന്‍ ദൂരദര്‍ശിനി സ്പേസിലെത്തിക്കുന്നതിനും അതിന്റെ നടത്തിപ്പിനും ആവശ്യമായ സാമ്പത്തികച്ചെലവും സാങ്കേതിക ബുദ്ധിമുട്ടുകളും വളരെ വലുതാകും. ട്രാന്‍സിയന്‍സ്പോലെയുള്ള പ്രതിഭാസങ്ങള്‍ കണ്ടെത്തുന്നതിന് ഭൂതല ദൂരദര്‍ശിനികളാണ് പൊതുവെ ജ്യോതിശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നത്. പൊതുജനങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ എല്‍എസ്എസ്ടി സംഘം പരിഗണിക്കുന്നതാണ്.

ഐഎസ്ആര്‍ഒ

ഐഎസ്ആര്‍ഒ 

ലേഖകന്‍: സി രാമചന്ദ്രന്‍
റിപ്പോര്‍ട്ട് കടപ്പാട് : ദേശാഭിമാനി കിളിവാതില്‍



റോക്കറ്റിന്റെ ഭാഗങ്ങള്‍ സൈക്കിളിലും ഉപഗ്രഹം കാളവണ്ടിയിലും ഓരോരോ ലക്ഷ്യസ്ഥാനത്തേക്കു കൊണ്ടുപോകുന്ന അത്ഭുതകരമായ കാഴ്ച ഐഎസ്ആര്‍ഒയിലല്ലാതെ മറ്റേതൊരു രാജ്യത്തെ ആധുനിക ഗവേഷണസ്ഥാപനങ്ങളിലും ആരും കണ്ടിരിക്കാനിടയില്ല. അത്ര എളിമയാര്‍ന്ന തുടക്കത്തില്‍നിന്നാണ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒ നൂറാമത് ബഹിരാകാശ ദൗത്യ വിജയത്തിന്റെ നെറുകയിലെത്തിയത്. ചന്ദ്രനിലേക്കു പര്യവേക്ഷണവാഹനം അയച്ച ഐഎസ്ആര്‍ഒ, അവിടേക്കു മനുഷ്യനെ അയക്കാന്‍ മാത്രമല്ല, ചൊവ്വയിലേക്കും പര്യവേക്ഷണവാഹനം അയക്കാനും ലക്ഷ്യമിടുന്നു. സെപ്തംബര്‍ ഒമ്പതിന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍നിന്നു കുതിച്ചുയര്‍ന്ന പിഎസ്എല്‍വി സി-21 വിജയംകണ്ടതോടെ ഇന്ത്യ നൂറാമത് ബഹിരാകാശദൗത്യം വിജയകരമായി നിര്‍വഹിച്ചു.

ഐഎസ്ആര്‍ഒ (ഇസ്രോ) 62 ഉപഗ്രഹദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. ഇക്കഴിഞ്ഞതുള്‍പ്പെടെ 38 ഉപഗ്രഹവിക്ഷേപണങ്ങളും വിജയിപ്പിച്ചു. ഇതിനും പുറമെ മറ്റു രാജ്യങ്ങളുടേതായി 28 ഉപഗ്രഹങ്ങളും വിക്ഷേപിക്കുകയുണ്ടായി. ഇന്ത്യ ആദ്യമായി ഒരു റോക്കറ്റ് വിക്ഷേപിച്ചിട്ട് 50 വര്‍ഷം ആകുന്നതേയുള്ളൂ. "നൈക്ക് അപ്പാഷേ" എന്ന വിദേശനിര്‍മിത റോക്കറ്റ്, അവരുടെതന്നെ സാന്നിധ്യത്തിലാണ് തുമ്പയില്‍നിന്ന് 1963 നവംബര്‍ 21ന് വിക്ഷേപിച്ചത്. റോക്കറ്റ് നാസയുടേതും അതിലെ പരീക്ഷണദൗത്യം ഫ്രാന്‍സിന്റേതുമായിരുന്നു. അതിനുശേഷമാണ് 75 മില്ലിമീറ്റര്‍ വ്യാസമുള്ള ഒരു ചെറുറോക്കറ്റ് സ്വന്തമായി വികസിപ്പിച്ച് വിക്ഷേപണം ചെയ്തത്. ഇന്നത്തെ വിക്ഷേപണവാഹനങ്ങള്‍ക്ക് രണ്ടായിരത്തി അഞ്ഞൂറിലധികം മില്ലിമീറ്റര്‍ വ്യാസവും 50 മീറ്ററോളം ഉയരവുമുണ്ട്. ഇതിനകംതന്നെ നമുക്ക് ചന്ദ്രനിലേക്കുപോലും ഉപഗ്രഹവിക്ഷേപണം (ചാന്ദ്രയാന്‍ 1) നടത്താന്‍കഴിഞ്ഞു. അടുത്തവര്‍ഷം ചൊവ്വയിലേക്കും ഉപഗ്രഹവിക്ഷേപണമുണ്ടാകും. ചാന്ദ്രയാന്‍-2 വിക്ഷേപണം 2014ല്‍. അതിനുശേഷമാകും ചന്ദ്രനില്‍ മനുഷ്യനെ അയക്കാനുള്ള ദൗത്യം. മറ്റു രാജ്യങ്ങള്‍ ബഹിരാകാശഗവേഷണങ്ങള്‍ക്കായി മാറ്റിവയ്ക്കുന്ന തുകയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയുടേത് വളരെ ചെറിയ വിഹിതമാണെന്നുകൂടി തിരിച്ചറിയേണ്ടതുമുണ്ട്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെയും അതിന്റെ ഉപഗ്രഹവാഹന ശ്രേണിയുടെയും പിതാവ് ഡോ. വിക്രം സാരാഭായി ആണ്. ആദ്യകാലത്ത് അദ്ദേഹത്തിന് സര്‍വവിധ പിന്തുണയും നല്‍കിയത് അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവാണ്. സാരാഭായിയുടെ അകാലമരണം വലിയൊരു തിരിച്ചടിയായി. എങ്കിലും ഡോ. ധവാന്‍, ഡോ. യു ആര്‍ റാവു, ഡോ. കസ്തൂരിരംഗന്‍, ഡോ. ജി മാധവന്‍നായര്‍ തുടങ്ങിയ നായകന്മാരുടെ ഒരു നിരതന്നെ ഉണ്ടായിരുന്നു തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍. വിക്ഷേപണ വാഹിനികളുടെ വിജയകരമായ രൂപകല്‍പ്പനയില്‍ ഡോ. അബ്ദുള്‍ കലാം വഹിച്ച പങ്കും എടുത്തുപറയേണ്ടതാണ്. ഇന്ന് വളരെയേറെ പ്രകീര്‍ത്തിക്കപ്പെടുന്ന പിഎസ്എല്‍വിയുടെ രൂപകല്‍പ്പനയിലും വികസനത്തിലും ഡോ. മാധവന്‍നായര്‍ വഹിച്ച പങ്കും എടുത്തുപറയത്തക്കതാണ്.

പിഎസ്എല്‍വിയും ജിഎസ്എല്‍വിയും മുതല്‍ ചാന്ദ്രയാനും ഭുവനും ഗഗനുംവരെ

വീണ്ടും വിശ്വാസ്യത തെളിയിച്ച പിഎസ്എല്‍വി ഇന്ത്യയുടെ ബഹിരാകാശ ചാലകശക്തിയാണ്. തുടര്‍ച്ചയായ വിജയങ്ങളുടെ കഥകളാണ് ഇതിനു പറയാനുള്ളത്. രണ്ടു ടണ്ണോളം ഭാരം അതിന് ധ്രുവീയ ഭ്രമണപഥത്തില്‍ എത്തിക്കാന്‍കഴിയും. ഇത് ഏതാണ്ട് 1000 കി.മീറ്ററില്‍ താഴെവരും. 36,000 കിലോമീറ്റര്‍ ഉയരെയുള്ള ഭൂസ്ഥിരപഥത്തിലും ഇതിന് ഭാരംകുറഞ്ഞ ഉപഗ്രഹം എത്തിക്കാന്‍ കഴിയും. ചന്ദ്രനിലേക്ക് ഉപഗ്രഹം ഉയര്‍ത്തിയ ചരിത്രവുമുണ്ടല്ലോ. ഇതെല്ലാമാണെങ്കിലും ജിയോ സിംക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കില്‍ (ജിഎസ്എല്‍വി) വിജയത്തിലെത്തിക്കാതെ നമുക്ക് ഇവിടെനിന്നു മുന്നേറാനാകില്ല. അതിനുള്ള പ്രതിബന്ധം ക്രയോജനിക് എന്‍ജിന്‍ വിജയകരമായി വികസിപ്പിക്കാന്‍കഴിഞ്ഞില്ല എന്നതാണ്. പ്രാപ്തിയും കാര്യക്ഷമതയുമുള്ള വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ വിക്ഷേപണവും മനുഷ്യന്റെതന്നെ ബഹിരാകാശസഞ്ചാരവും യാഥാര്‍ഥ്യമാകണമെങ്കില്‍ ജിഎസ്എല്‍വി യാഥാര്‍ഥ്യമാകണം. ഐആര്‍എസ് ശ്രേണിയിലുള്ള സംവേദന ഉപഗ്രഹങ്ങള്‍ വികസിതരാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നവയാണ്. ഭൂഗര്‍ഭജലം, കാര്‍ഷികവിള, വനവിസ്തൃതി, മരുഭൂമി തുടങ്ങിയവയുടെ കണക്കെടുപ്പ് കൃത്യതയോടെ നിര്‍വഹിക്കുന്നു. കാടുകയറ്റത്തിനെതിരെ നടപടിയെടുക്കാന്‍ വനപാലകരെയും ചാകര കോരാന്‍ മത്സ്യത്തൊഴിലാളികളെയും വിളനാശത്തിനെതിരെ കരുതിയിരിക്കാന്‍ കര്‍ഷകരെയും ഇതു പ്രാപ്തരാക്കുന്നു. പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കാനുള്ള സംവിധാനവും ഇതിലുണ്ട്. ഇതിനെല്ലാം പുറമെ വിദ്യാഭ്യാസനിലവാര വികസനവും വിദ്യാര്‍ഥികളുടെ പഠനിലവാരവും ഉയര്‍ത്തുന്നതിന് ഉദ്ദേശിച്ചുള്ള "എഡ്യൂസാറ്റ്" എന്ന പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള ഉപഗ്രഹം. എല്ലാവര്‍ക്കും നിലവാരമുള്ള ചികിത്സാസൗകര്യം ലഭ്യമാക്കുന്നതിനുദ്ദേശിച്ച് പ്രധാനപ്പെട്ട ആശുപത്രികളെയും ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന "ടെലി മെഡിസിന്‍" പദ്ധതി.

സാറ്റലൈറ്റ് ടെലിവിഷന്‍ ശൃംഖല, രാജ്യാന്തര ടെലിഫോണ്‍ ശൃംഖല, ഇന്റര്‍നെറ്റ് തുടങ്ങി ഇന്നത്തെ ആധുനികജീവിതത്തെ നാം അറിയാതെത്തന്നെ ഈ നിലയില്‍ നിര്‍ത്തുന്നതിനും നമ്മുടെ ഉപഗ്രഹങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് നാം ബോധവാന്മാരാകണം. ജ്യോതിശാസ്ത്രപരമായ അറിവുകള്‍ വര്‍ധിപ്പിക്കാനുതകുന്ന "മാനംനോക്കി"കളായ ഉപഗ്രഹങ്ങളും നമുക്കുണ്ടെന്നതും വിസ്മരിക്കാവുന്നതല്ല. അതുപോലെത്തന്നെ ഗൂഗിള്‍ എര്‍ത്തിന്റെ മാതൃകയില്‍ ഐഎസ്ആര്‍ഒ നിര്‍മിച്ച "ഭുവന്‍", വ്യോമഗതാഗതത്തിനുള്ള ദിശാനിയന്ത്രണ സംവിധാനമായ "ഗഗന്‍" എന്നിവയും മികവിന്റെ പ്രതീകങ്ങളാണ്. പിഎസ്എല്‍വി-21ന്റെ വിജയം ഇതെല്ലാം ഓര്‍ക്കാനുള്ള ഒരവസരമാണെന്നതിനു സംശയമില്ല.

അഭിമാനമാവുന്നത് പിഎസ്എല്‍വി

100ാം വിക്ഷേപണവും വിജയമാക്കി ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയത് തദ്ദേശീയ റോക്കറ്റ് സാങ്കേതികവിദ്യയുടെ വിജയസാക്ഷ്യമായ പിഎസ്എല്‍വി റോക്കറ്റാണ്. "പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍" എന്ന പൂര്‍ണരൂപമുള്ള ഇതിന്റെ മൂന്നു പ്രവര്‍ത്തനരൂപങ്ങള്‍ ഇന്ന് നിലവിലുണ്ട്. ആറ് ഉപറോക്കറ്റുകളെ പുറമെ ഘടിപ്പിച്ചിട്ടുള്ള "പിഎസ്എല്‍വി സ്റ്റാന്‍ഡേര്‍ഡ്" ആണ് ഇതിലൊന്ന്. ഉപറോക്കറ്റുകള്‍ ഒന്നുംതന്നെ ഇല്ലാത്തതാണ് രണ്ടാം രൂപമായ "പിഎസ്എല്‍വി കോര്‍ എലോണ്‍" . "പിഎസ്എല്‍വി-സിഎ" എന്നതാണ് ഇതിന്റെ ചുരുക്കരൂപം. കൂടുതല്‍ ശക്തമായ ഉപറോക്കറ്റുകള്‍ ഘടിപ്പിച്ചതാണ് "പിഎസ്എല്‍വി-എക്സ്എല്‍" എന്നത്. ഇതിന്റെ പരിഷ്കൃത രൂപമായിരുന്നു "ചാന്ദ്രയാന്‍-1"ന്റെ വിക്ഷേപണത്തിന് ഉപയോഗിച്ചത്. പിഎസ്എല്‍വി സി 11 എന്നതായിരുന്നു ഈ പരിഷ്കൃതരൂപത്തിന്റെ പേര്. ഇപ്പോള്‍ 100-ാം വിക്ഷേപണത്തിനായി തെരഞ്ഞെടുത്തതു പക്ഷേ, "പിഎസ്എല്‍വി കോര്‍ എലോണ്‍" രൂപത്തിന്റെ പരിഷ്കൃതരൂപമായ "പിഎസ്എല്‍വി സി 21". ഇതിന്റെ വിജയകരമായ എട്ടാം വിക്ഷേപണമായിരുന്നു സെപ്തംബര്‍ ഒമ്പതിലേത്.

അമ്പതിന്റെ നിറവില്‍

100ാം വിക്ഷേപണത്തിന്റെ ആഘോഷത്തിലായ ഐഎസ്ആര്‍ഒയ്ക്ക്, ഈ വിജയം അമ്പതിന്റെ നിറവിലെ നൂറാണ്. 1962ല്‍, വിക്രം സാരാഭായിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച "ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്പെയ്സ് റിസര്‍ച്ച്" ആയിരുന്നു പില്‍ക്കാലത്ത് "ഇന്ത്യന്‍ സ്പെയ്സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍" എന്ന ഐഎസ്ആര്‍ഒയായി മാറിയത്. 1969 ആഗസ്ത് 15നായിരുന്നു ഐഎസ്ആര്‍ഒ ഔദ്യോഗികമായി നിലവില്‍വന്നതെങ്കിലും മാതൃസംഘടനയുടെ 50-ാം വാര്‍ഷികം എന്ന സവിശേഷത 2012നുണ്ട്. ആ പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ ഒരു പൊന്‍തൂവലാണ് ഇപ്പോഴുള്ള ഈ 100-ാം വിക്ഷേപണവിജയവും.

വിക്കീപീഡിയയില്‍ കൂടുതല്‍ വായിക്കൂ

http://ml.wikipedia.org/wiki/ISRO

ചന്ദ്രനെ കാണുമ്പോള്‍ ഓര്‍മിക്കുന്ന മുഖം

ചന്ദ്രനെ കാണുമ്പോള്‍ ഓര്‍മിക്കുന്ന മുഖം 
ലേഖകന്‍: സാബുജോസ്
റിപ്പോര്‍ട്ട് കടപ്പാട് : ദേശാഭിമാനി കിളിവാതില്‍




''മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറിയ കാല്‍വയ്പ്. എന്നാല്‍ മാനവരാശിക്ക് ഒരു മഹത്തായ കുതിച്ചുചാട്ടം''. ചന്ദ്രനില്‍ മനുഷ്യരാശിയുടെ ആദ്യ പാദമുദ്ര പതിപ്പിച്ച് ഭൂമിയിലേക്ക് അദ്ദേഹമയച്ച സന്ദേശം ഇന്നും ചരിത്രത്തിന്റെ ഭാഗം. നീല്‍ ആല്‍ഡന്‍ ആംസ്ട്രോങ്ങ്- ചന്ദ്രനില്‍ കാലുകുത്തിയ ആദ്യത്തെ മനുഷ്യന്‍, ഭൂമിക്കു വെളിയിലുള്ള ഏതെങ്കിലുമൊരു ആകാശ ഗോളത്തില്‍ നടന്ന ആദ്യത്തെ മനുഷ്യന്‍, 2012 ആഗസ്ത് 25ന് ലോകത്തോടു വിടപറഞ്ഞപ്പോള്‍ ലോകം ഓര്‍മ്മിച്ചതും ഈ വാക്കുകള്‍.

1969 ജൂലൈ 21ന് അമ്പിളിമാമന്റെ പ്രശാന്തതയുടെ സമുദ്രത്തില്‍ ആംസ്ട്രോങ്ങിനെയും വഹിച്ചു പറന്ന അപ്പോളോ-11 പേടകം ഇറങ്ങി. മൂന്നു ബഹിരാകാശ സഞ്ചാരികളെയും വഹിച്ചു പറന്ന പേടകത്തില്‍നിന്ന് ഇതിന്റെ ഭാഗമായ ഈഗിള്‍ ലൂണാര്‍ മൊഡ്യൂള്‍ എന്ന ചെറുവാഹനംവഴിയാണ് ഇവര്‍ ചന്ദ്രനില്‍ ഇറങ്ങിയത്. ഈ കൊച്ചു വാഹനത്തില്‍നിന്ന് നീല്‍ ആംസ്ട്രോങ് ആണ് ആദ്യമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. 20 മിനിറ്റിനുശേഷം എഡ്വിന്‍ ബുസ് ആല്‍ഡ്രിനും ചന്ദ്രോപരിതലത്തില്‍ കാലുകുത്തി. രണ്ടര മണിക്കൂര്‍ അവര്‍ ചന്ദ്രനില്‍ ചെലവഴിച്ചു. മൂന്ന് ശാസ്ത്രീയ പരീക്ഷണങ്ങള്‍ ചന്ദ്രോപരിതലത്തില്‍ നടത്തി. 20 കിലോയിലധികം ചാന്ദ്രശിലകള്‍ ശേഖരിച്ചു. റിഗോലിത്ത് എന്ന ചാന്ദ്ര ധൂളിയും ശേഖരിച്ചു. തുടര്‍ന്ന് ഈഗിളില്‍ പ്രവേശിച്ച ഇരുവരും 21 മണിക്കൂറും 37 മിനിറ്റും പേടകത്തിനുള്ളില്‍ കഴിച്ചുകൂട്ടി. തുടര്‍ന്ന് ഈ സമയമത്രയും മൂന്നാമനായ മൈക്കല്‍ കോളിന്‍സുമായി ചന്ദ്രനെ വലംവച്ചുകൊണ്ടിരിക്കുന്ന മാതൃപേടകവുമായി (Command Module) വിജയകരമായി ഡോക്കിങ് നടത്തുകയും ഭൂമിയിലേക്കു തിരിക്കുകയും ചെയ്തു. എട്ടുദിവസത്തെ ചാന്ദ്രദൗത്യത്തിനൊടുവില്‍ ജൂലൈ 24ന് പാരച്യൂട്ടുകളുടെ സഹായത്തോടെ ശാന്തസമുദ്രത്തില്‍ പ്രത്യേകംതയ്യാറാക്കിയ കപ്പലില്‍ ഇറങ്ങി. 16 ദിവസം പ്രത്യേകമായി സജ്ജീകരിച്ച സംരക്ഷിത മുറിയില്‍ താമസിച്ചശേഷമാണ് ഇവര്‍ പുറത്തിറങ്ങിയത്. ചന്ദ്രനില്‍നിന്നുള്ള അണുസംക്രമണത്തെ ഭയന്നാണ് ഇങ്ങനെയൊരു മുന്‍കരുതല്‍ എടുത്തത്. ഭൂമിയില്‍നിന്നു ചന്ദ്രനിലേക്കുള്ള 3,84,000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇവര്‍ക്ക് മൂന്നര ദിവസമാണ് വേണ്ടിവന്നത്.

1930 ആഗസ്ത് അഞ്ചിന് ഓഹിയോയിലെ വാപാക്കൊനേറ്റ എന്ന സ്ഥലത്താണ് നീല്‍ ആംസ്ട്രോങ് ജനിച്ചത്. പൊതുവെ അന്തര്‍മുഖനായിരുന്നു. അച്ഛന്‍ സ്റ്റീഫന്‍ കോനിഗ് ആംസ്ട്രോങ്, അമ്മ വയോള ലൂയിസ് ഏഞ്ചല്‍. രണ്ടു സഹോദരന്മാര്‍കൂടി അദ്ദേഹത്തിനുണ്ട്. ജൂണും ഡീനും. ഓഹിയോ സ്റ്റേറ്റിലെ സര്‍ക്കാര്‍ ഓഡിറ്ററായിരുന്നു സ്റ്റീഫന്‍. കുട്ടിക്കാലംമുതല്‍തന്നെ ആകാശയാത്രകള്‍ നീലിനെ ആകര്‍ഷിച്ചിരുന്നു. ബ്ലൂം ഹൈസ്കൂളിലെ വിദ്യാഭ്യാസ കാലയളവിനുള്ളില്‍തന്നെ ഓഗ്ലൈസ് കൗണ്ടി എയര്‍പോട്ടില്‍നിന്ന് നീല്‍ ഫ്ളൈറ്റ് സര്‍ട്ടിഫിക്കറ്റ് നേടി. അപ്പോള്‍ നീലിന്റെ പ്രായം വെറും 15 വയസ്സ്. നീല്‍ ഒരു ഡ്രൈവിങ് ലൈസന്‍സ് നേടുന്നത് അതിനുശേഷമാണ്. സ്കൂളിലെ സ്കൗട്ട് യൂണിറ്റില്‍ സജീവമായിരുന്നു. തുടര്‍ന്ന് 1947ല്‍ പര്‍ഡ്യൂ സര്‍വകലാശാലയില്‍ ചേര്‍ന്നു പഠിക്കുകയും എയ്റോനോട്ടിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടുകയും ചെയ്തു. അതിനുശേഷം സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് ഇതേ മേഖലയില്‍ ബിരുദാനന്തരബിരുദവും നേടി. പിന്നീട് 1949 മുതല്‍ 1952 വരെ യുഎസ് നാവികസേനയില്‍ പൈലറ്റായി ജോലിചെയ്തു. കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുക്കുകയും 78 തവണ യുദ്ധവിമാനം പറത്തുകയും ചെയ്തിട്ടുണ്ട്.

1955ല്‍ നാസയുടെ മുന്‍ഗാമിയായ നാഷണല്‍ അഡൈ്വസറി കമ്മിറ്റി ഫോര്‍ എയ്റോനോട്ടിക്സില്‍ റിസര്‍ച്ച് പൈലറ്റായി ചേര്‍ന്നു. തുടര്‍ന്ന് ഹൈ-സ്പീഡ് വിമാന ഗവേഷണ കേന്ദ്രത്തിലേക്ക് പ്രോജക്ട് പൈലറ്റായി സ്ഥാനക്കയറ്റം കിട്ടി. ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന വിമാനങ്ങളുടെ ഗവേഷണത്തിന്റെ മുന്‍നിരയില്‍ അദ്ദേഹം ഉണ്ടായിരുന്നു. ഇത്തരത്തില്‍പ്പെട്ട 200 വിമാനമാതൃകകളുടെ പരീക്ഷണപ്പറക്കലും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. ഇതില്‍ മണിക്കൂറില്‍ 7000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന എക്സ്15 വിമാനവും ഉള്‍പ്പെടുന്നു.

അതുകൂടാതെ റോക്കറ്റ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ഗ്ലൈഡറുകളുടെയും വികസന പ്രവര്‍ത്തനങ്ങളിലും ആംസ്ട്രോങ് പങ്കെടുത്തിരുന്നു. 1962ലാണ് അദ്ദേഹം ബഹിരാകാശസഞ്ചാരിയായി തെരഞ്ഞെടുക്കുന്നത്. 1966ലെ ജെമിനി 8 ദൗത്യമായിരുന്നു ആംസ്ട്രോങ്ങിന്റെ ആദ്യത്തെ ബഹിരാകാശയാത്ര. പേടകം നിയന്ത്രിച്ചിരുന്നതും അദ്ദേഹംതന്നെയായിരുന്നു. ഈ ദൗത്യത്തില്‍ ബഹിരാകാശത്തുവച്ച് ആദ്യത്തെ ഉപഗ്രഹ ഡോക്കിങ്ങും അദ്ദേഹം നടത്തി. അദ്ദേഹത്തിന്റെ ജീവനുതന്നെ ഭഭീഷണി നേരിട്ട അപകടകരമായ ദൗത്യമായിരുന്നു അത്. പിന്നീട് 1969 ജൂലൈ 16ന് അപ്പോളോ - 11 പേടകത്തില്‍ നടത്തിയ തന്റെ രണ്ടാമത്തെ യാത്ര ചരിത്രത്തിലേക്കായിരുന്നു.


ചാന്ദ്രദൗത്യത്തെത്തുടര്‍ന്ന് ആംസ്ട്രോങ് നാസയുടെ ആസ്ഥാനത്തുള്ള അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ടെക്നോളജി സെന്ററില്‍ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ തന്റെ ചരിത്രദൗത്യം നിറവേറ്റിക്കഴിഞ്ഞ ആംസ്ട്രോങ് 1971ല്‍തന്നെ നാസയില്‍നിന്നു വിടപറഞ്ഞു. തുടര്‍ന്ന് 1979 വരെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ പ്രൊഫസറായി. ഈ കാലയളവിനുള്ളില്‍ ഗവേഷണത്തിനും സമയം കണ്ടെത്തി. പിന്നീട് അദ്ദേഹത്തിന്റെ ശ്രദ്ധ ബിസിനസിലായി. ന്യൂയോര്‍ക്കിലെ വിവിധ ഇലക്ട്രോണിക് കമ്പനികളിലും കംപ്യൂട്ടര്‍സ്ഥാപനങ്ങളിലും 10 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. 1985-86 കാലയളവില്‍ ആംസ്ട്രോങ് യുഎസ് ദേശീയ ബഹിരാകാശ കമീഷന്‍ അംഗമായി. 17 ലോകരാഷ്ട്രങ്ങള്‍ അവരുടെ പരമോന്നത ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചു.

റോയല്‍ ആംസ്ട്രോണമിക്കല്‍ സൊസൈറ്റിയും അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോനോട്ടിക്സും ഇന്റര്‍നാഷണല്‍ എയ്റോനോട്ടിക്കല്‍ സൊസൈറ്റിയും അദ്ദേഹത്തിന് ഫെലോഷിപ്പ് നല്‍കി. ആംസ്ട്രോങ് വിവാഹമോചിതനാണ്. രണ്ടു പുത്രന്മാരും ഒരു വളര്‍ത്തുമകനും ഒരു വളര്‍ത്തുമകളും അദ്ദേഹത്തിനുണ്ട്. 10 പേരക്കിടാങ്ങളുടെ മുത്തച്ഛന്‍കൂടിയാണ് അദ്ദേഹം. നീല്‍ ആല്‍ഡന്‍ ആംസ്ട്രോങ് ഇനി നമ്മോടൊപ്പമില്ല, എന്നാല്‍ തെളിഞ്ഞരാത്രിയില്‍ പൂര്‍ണചന്ദ്രനെകാണുമ്പോള്‍ നിങ്ങള്‍ നീലിനെ ഓര്‍മിക്കണം എന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞതുപോലെ ചന്ദ്രന്‍ തന്നെയാണ് ഇനി നീല്‍ ആംസ്ട്രോങ്ങിന്റെ സ്മാരകം. 
.

വിക്കീപീഡിയയില്‍ കൂടുതല്‍ വായിക്കൂ



Wednesday, September 5, 2012

ഗഫൂര്‍ മാഷിന് സംസ്ഥാന അധ്യാപക അവാര്‍ഡ്



2012 വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡിന് മാര്‍സ് അംഗവും നാസ അംഗവും കൂടിയായ കെ.വി.എം അബ്ദുല്‍ ഗഫൂര്‍ അര്‍ഹനായി. പാണക്കാട് എം.യു.എ.യു.പി സ്‌കൂള്‍ അധ്യാപകനാണ് ഇദ്ദേഹം.


ഇദ്ദേഹത്തിന് മാര്‍സിന്റെയും 
കേരള ശാസ്ത്ര സാഹിത്യപരിഷതിന്റെയും ആഭിമുഖ്യത്തില്‍
2012 സപ്തംബര്‍ 11 ന് പുരസ്‌കാരം നല്‍കി. 

ചടങ്ങിന്റെ ചില ദ്യശ്യങ്ങള്‍