സ്പേസ് വിഷന്‍ ഇന്ത്യ @ 2025
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി
വളരെ വിപുലമായ പദ്ധതികളാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒ വിഭാവനം ചെയ്തിട്ടുള്ളത്. വിമാനങ്ങളുടെ സുരക്ഷിതത്വം, രാജ്യസുരക്ഷ, ഗ്രാമങ്ങളില്‍ വാര്‍ത്താവിനിമയം സുഗമമാക്കല്‍, മൊബൈല്‍ സേവനങ്ങള്‍ കൂടുതല്‍ വിപുലമാക്കല്‍ എന്നിവയാണ് ഉപഗ്രഹംവഴിയുള്ള നാവിഗേഷന്‍ വ്യൂഹങ്ങളും, വാര്‍ത്താവിനിമയ ഉപാധികളും കൊണ്ട് ശാക്തീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. കാലാവസ്ഥാ പഠനം, കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ സ്ഥിതിയിലെ മാറ്റങ്ങള്‍ , പ്രകൃതിവിഭവങ്ങള്‍ ധാരാളമായി കാണപ്പെടുന്ന ഇടങ്ങള്‍ ഏതൊക്കെ എന്നറിയല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി അനേകം വിവരങ്ങള്‍ ഇപ്പോള്‍ ഭ്രമണപഥത്തിലുള്ള പല ഉപഗ്രഹങ്ങള്‍ നല്‍കി വരുന്നു. കൂടുതല്‍ സൂക്ഷ്മതയുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടിയുള്ള ഉപഗ്രഹങ്ങള്‍ ഭാവിയില്‍ വ്യാപകമാക്കും. സൗരയൂഥം, നമുക്കു ചുറ്റുമുള്ള പ്രപഞ്ചത്തിന്റെ ഭാഗം എന്നിവയെ പഠിക്കാനായി പുതിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും. ഗ്രഹാന്തര യാത്ര സര്‍വസാധാരണമാകുമ്പോള്‍ നാം ഈ മത്സരത്തില്‍ പിന്തള്ളപ്പെടാതിരിക്കാന്‍ പുതിയ പല പര്യവേക്ഷണങ്ങളും നടത്തും. ഭാരമേറിയ ഉപഗ്രഹങ്ങളും മനുഷ്യനെ കയറ്റിയ പേടകങ്ങളും ബഹിരാകാശത്തെത്തിക്കാനായി ശക്തിയേറിയ വിക്ഷേപണ വാഹനങ്ങള്‍ വേണ്ടതുണ്ട്. ഇതിനായി കഠിനമായ പ്രയത്നംതന്നെ വേണ്ടിവരും. ജിഎസ്എല്‍വിയുടെ തുടര്‍ച്ചയായുള്ള പരാജയങ്ങള്‍ ഈ മേഖലയെ വളരെയേറേ ക്ഷീണിപ്പിച്ചിട്ടുണ്ട്, എന്നിരിക്കിലും, പല സങ്കീര്‍ണ ദൗത്യങ്ങളും നടത്തി വിജയിച്ച ചരിത്രമുള്ള ഐഎസ്ആര്‍ഒ ഇതില്‍ മുന്നേറുമെന്നുതീര്‍ച്ച. വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള വിക്ഷേപണ വാഹനങ്ങള്‍ വിപുലീകരിക്കാന്‍ ആലോചനയുണ്ട്. വിക്ഷേപണങ്ങളുടെ ചിലവു കുറയ്ക്കാനും തുടര്‍ച്ചയായി വിക്ഷേപണങ്ങള്‍ സാധ്യമാക്കാനും ഇതുവഴി കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്ന ഒന്നാണ് ഇന്ത്യയുടെ ഈ മേഖലയിലുള്ള മുന്നേറ്റം. ജിഎസ്എല്‍വി മാര്‍ക് 2 ആണ് ചാന്ദ്രയാന്‍ 2 നെ ബഹിരാകാശത്തെത്തിക്കുക. ഈ ചാന്ദ്രപര്യവേക്ഷണത്തിനായി റഷ്യയുടെ സഹായവും ലഭിക്കും. 2013-2014 കാലയളവില്‍ ഇതു സജ്ജമാകുമെന്നു പ്രതീക്ഷ. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുക എന്നത് പ്രധാനമായ ഒരു ലക്ഷ്യമാണ്. എന്നാല്‍ ഇതിനുവേണ്ട ശക്തിയുള്ള വിക്ഷേപണ വാഹനം പൂര്‍ണമായും തൃപ്തികരമായ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടില്ല. ജിഎസ്എല്‍വിയുടെ പുതുക്കിയ പതിപ്പുകള്‍ അനേകംതവണ പരീക്ഷിച്ചു വിജയിപ്പിച്ചതിനു ശേഷമേ ഇതിനു മുതിരാവൂ. റഷ്യയും പിന്നീട് അമേരിക്കയും പണ്ടു ചെയ്തപോലെ ആദ്യഘട്ടങ്ങളില്‍ പലതരം ജന്തുക്കളെ ബഹിരാകാശത്തെത്തിച്ച് തൃപ്തികരമായ ഫലം ലഭിക്കുന്നുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.
No comments:
Post a Comment