Monday, December 16, 2013

ചന്ദ്രനിലിറങ്ങിയ ചൈനയുടെ വാഹനം ചിത്രങ്ങളയച്ചു തുടങ്ങി

ചന്ദ്രനിലിറങ്ങിയ ചൈനയുടെ വാഹനം ചിത്രങ്ങളയച്ചു തുടങ്ങി


ജേഡ് റോവര്‍ പകര്‍ത്തിയ ലാന്‍ഡറിന്റെ ചിത്രം 


നാലു പതിറ്റാണ്ടിനിടെ ആദ്യമായി ചാന്ദ്രപ്രതലത്തിലിറങ്ങുന്ന റോബോട്ടിക് വാഹനമായ ചൈനയുടെ 'ജേഡ് റാബിറ്റ് റോവര്‍ ' ഭൂമിയിലേക്ക് ചിത്രങ്ങള്‍ അയച്ചു തുടങ്ങി.

ചാന്ദ്രപ്രതലത്തില്‍ 'സിനുസ് ഇറിഡം' ( Sinus Iridum ) എന്ന അഗ്നിപര്‍വത താഴ്‌വരയിലാണ് ചൈനയുടെ ആളില്ലാ ദൗത്യവാഹനമായ 'ചാങ് ഇ-3' ( Chang'e-3) ഇറങ്ങിയത്. ആ ലാന്‍ഡറില്‍നിന്ന് ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 2.05 ന് ജേഡ് റോബോട്ടിക് വാഹനം പുറത്തിറങ്ങി. 

ഏതാനും മീറ്റര്‍ ദൂരം സഞ്ചരിച്ച ജേഡ് റോവര്‍ , ലാന്‍ഡറിന്റെ ഫോട്ടോ എടുക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ ലാന്‍ഡറും റോവറും പരസ്പരം ഫോട്ടകളെടുക്കാന്‍ ആരംഭിച്ചു. 

അതോടെ, ചാന്ദ്രദൗത്യം പൂര്‍ണവിജയമാണെന്ന് ചൈനയുടെ ലൂണാര്‍ പ്രോഗ്രാമിന്റെ ചീഫ് കമാണ്ടര്‍ മാ ഷിന്‍ഗ്രൂയി പ്രഖ്യാപിച്ചു. 

1976 ല്‍ 'ലൂണ 24' ( Luna 24 ) ന് ശേഷം ചാന്ദ്രപ്രതലത്തില്‍ മനുഷ്യനിര്‍മിതമായ ഒരു വാഹനം വിജയകരമായി ഇറങ്ങുന്നത് ആദ്യമായാണ്. ചൈനയുടെ ലാന്‍ഡര്‍ ഒരു വര്‍ഷം അവിടെ പ്രവര്‍ത്തിക്കും; ജേഡ് റോവര്‍ ഏതാണ്ട് മൂന്നുമാസവും. 

2013 ഡിസംബര്‍ ഒന്നിനാണ് 'ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ ' ( CNSA )ചാന്ദ്രദൗത്യമായ ചാങ് ഇ-3 വിക്ഷേപിച്ചത്. 'ലോങ് മാര്‍ച്ച് 3ബി' റോക്കറ്റിലായിരുന്നു വിക്ഷേപണം. ഡിസംബര്‍ ആറിന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ദൗത്യവാഹനം, ഡിസംബര്‍ 14 നാണ് ചാന്ദ്രപ്രതലത്തില്‍ വിജയകരമായി ഇറങ്ങിയത്. 

ലാന്‍ഡര്‍ വാഹനമെടുത്ത ജേഡ് റാബിറ്റ് റോവറിന്റെ ദൃശ്യം


ലാന്‍ഡറും ജേഡ് റാബിറ്റ് റോവര്‍ എന്ന റോബോട്ടിക് വാഹനവുമടങ്ങിയതാണ് ദൗത്യം. 

ചാന്ദ്രപ്രതലത്തില്‍ വിജയകരമായി ഇറങ്ങിയ മൂന്നാമത്തെ മനുഷ്യനിര്‍മിത വാഹനമാണ് ചാങ് ഇ-3. ഇതുവരെ ഇറങ്ങിയ വാഹനങ്ങളെ അപേക്ഷിച്ച് അത്യാധുനികമായ പരീക്ഷണോപകരണങ്ങളാണ് ചൈനീസ് വാഹനത്തിലുള്ളത്. 

ചന്ദ്രന്റെ ബാഹ്യപാളിയിലെ മണ്ണിന്റെയും മറ്റും ഘടന മനസിലാക്കാന്‍ സഹായിക്കുന്ന പ്രത്യേക റഡാറാണ് ചൈനീസ് വാഹനത്തിലുള്ള പേലോഡുകളില്‍ (പരീക്ഷണോപകരണങ്ങളില്‍) പ്രധാനപ്പെട്ടത്. പാറകളിലെയും മണ്ണിലെയും രാസമൂലകങ്ങള്‍ വിശകലനം ചെയ്യാനായി ഒരു ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പെക്ട്രോമീറ്ററും ചാങ് ഇ-3 യിലുണ്ട്. 

120 കിഗ്രാം ഭാരമുള്ളതാണ് ജേഡ് റോബോട്ട്. 30 ഡിഗ്രി ചെരിവുള്ള പ്രതത്തില്‍ സഞ്ചരിക്കാന്‍ അതിന് കഴിയും. മണിക്കൂറില്‍ 200 മീറ്റര്‍ വരെ യാത്രചെയ്യാനും കഴിവുണ്ട്. 

റോവറിനും ലാന്‍ഡറിനും ഊര്‍ജം ലഭിക്കുന്നത് സൗര്‍ജപാനലുകളിലൂടെയാണ്. എന്നാല്‍ , രാത്രിയുടെ ഇരുളിയും തണുപ്പിലും പ്രവര്‍ത്തിക്കാനായി അതില്‍ പ്ലൂട്ടോണിയം 238 അടങ്ങിയ റേഡിയോഐസോടോപ്പിക് ഹീറ്റിങ് യൂണിറ്റുകളുമുള്ളതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റിപ്പോര്‍ട്ട് - മാതൃഭൂമി

Thursday, December 12, 2013

മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ : സഞ്ചാരപഥക്രമീകരണം വിജയം


മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ : സഞ്ചാരപഥക്രമീകരണം വിജയം

മംഗള്‍യാന്‍ പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള സഞ്ചാരപഥക്രമീകരണം ഐ.എസ്.ആര്‍.ഒ. വിജയകരമായി പൂര്‍ത്തിയാക്കി. ബുധനാഴ്ച പുലര്‍ച്ചെ ആറരയ്ക്കാണ് 22 ന്യൂട്ടണ്‍ എന്‍ജിന്‍ 40.5 സെക്കന്‍ഡ് ജ്വലിപ്പിച്ച് പേടകത്തിന്റെ വേഗത്തില്‍ വ്യതിയാനം വരുത്തിയത്. ഇതോടെ പേടകത്തിന്റെ വേഗം സെക്കന്‍ഡില്‍ 7.75 മീറ്റര്‍ കൂടി.

സഞ്ചാരപഥക്രമീകരണത്തിനുമുമ്പ് പേടകത്തിന്റെ വേഗം സെക്കന്‍ഡില്‍ 32.58 കിലോമീറ്ററായിരുന്നു. ഇപ്പോള്‍ മംഗള്‍യാന്‍ സഞ്ചരിക്കുന്നത് ഭൂമിയില്‍ നിന്ന് 30 ലക്ഷം കിലോമീറ്റര്‍ അകലെയാണ്. ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യം വെച്ച് മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരമാണ് മംഗള്‍യാന്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

ചൊവ്വാ പര്യവേക്ഷണ പേടകത്തില്‍ സ്ഥാപിച്ച കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് വേഗക്രമീകരണം നടത്തിയത്. ഇതോടെ പേടകത്തിലേക്ക് സിഗ്‌നല്‍ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും 20 സെക്കന്‍ഡ് സമയം ആവശ്യമാണ്. ഭൂമിയുമായി അകലം കൂടുന്നതിനനുസരിച്ച് സന്ദേശം ലഭിക്കുന്നതിനും അയയ്ക്കുന്നതിനുള്ള സമയവും കൂടും. ചൊവ്വയുടെ ഭ്രമണ പഥത്തിലേക്കുള്ള എളുപ്പവഴി തിരഞ്ഞെടുക്കില്ലെന്ന് നേരത്തെ തന്നെ ഐ.എസ്.ആര്‍.ഒ. വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായി പേടകത്തിന്റെ സഞ്ചാരപഥത്തില്‍ മാറ്റം വരുത്തുന്നതിന് കൂടുതല്‍ ഇന്ധനം വേണ്ടിവരുമെന്നതിനാലാണ് ഈ മാര്‍ഗം ഉപേക്ഷിക്കാന്‍ കാരണം.

ഭൂമിയുടെ ആകര്‍ഷണവലയത്തിനു പുറത്തുകടന്ന ശേഷം ആദ്യമായാണ് പേടകത്തിന്റെ ദിശയിലും വേഗത്തിലും മാറ്റം വരുത്തിയത്. ചൊവ്വയുടെ പര്യവേക്ഷണം വിജയകരമാക്കുന്നതിന് ആവശ്യമെങ്കില്‍ നാല് തിരുത്തലുകള്‍ നടത്താനുള്ള അവസരമാണ് ഐ.എസ്.ആര്‍.ഒ.യ്ക്ക് ലഭിക്കുന്നത്. ഡിസംബര്‍ ഒന്നിന് മംഗള്‍യാനെ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നു മാറ്റുകയും തുടര്‍ന്ന് സൂര്യന്റെ സഞ്ചാരപഥത്തിലേക്ക് പ്രവേശിക്കുകയുമായിരുന്നു.

ഒന്‍പതേകാല്‍ ലക്ഷം കിലോമീറ്റര്‍ കടന്നപ്പോള്‍ ഭൂമിയുടെ ആകര്‍ഷണവലയത്തിന് പുറത്തായ പേടകം പൂര്‍ണമായും സൂര്യാകര്‍ഷണ സഞ്ചാരപഥത്തിലൂടെയാണ് ഇപ്പോള്‍ കുതിക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് മംഗള്‍യാന്‍ സൂര്യാകര്‍ഷണ പാതയിലൂടെയുള്ള പ്രയാണം ആരംഭിച്ചത്. സഞ്ചാരപഥക്രമീകരണത്തിലൂടെ ആര്‍ജിക്കുന്ന വേഗത്തിലൂടെ പേടകത്തെ ചൊവ്വയുടെ ഏറ്റവും അടുത്ത ദൂരമായ പെരിജി 500 കിലോമീറ്ററിലും ഏറ്റവും അകലെയുള്ള ദൂരമായ അപ്പോജി 80,000 കിലോമീറ്ററിലും സ്ഥിതിചെയ്യുന്ന ഭ്രമണപഥത്തില്‍ എത്തിക്കും.

റിപ്പോര്‍ട്ട് കടപ്പാട് - മാതൃഭൂമി

Thursday, December 5, 2013

മംഗള്‍യാന്‍: വമ്പന്മാര്‍ തോറ്റിടത്ത് ഐഎസ്ആര്‍ഒയുടെ കുതിപ്പ്

വമ്പന്മാര്‍ തോറ്റിടത്ത് ഐഎസ്ആര്‍ഒയുടെ കുതിപ്പ്
ഭൂഗുരുത്വാകര്‍ഷണത്തിന്റെ അപകടമേഖല കടന്ന് പൂര്‍ണ സൗരപഥത്തിലെത്തിയതോടെ മംഗള്‍യാന്റെ യാത്ര പുതിയഘട്ടത്തിലേക്ക്. ഇതോടെ ചൊവ്വദൗത്യങ്ങളില്‍ വമ്പന്മാര്‍ പരാജയപ്പെട്ടിടത്ത് ഐഎസ്ആര്‍ഒ നിര്‍ണായകവിജയം നേടിയിരിക്കുകയാണ്. ആദ്യ ദൗത്യത്തില്‍ത്തന്നെ പിഴവൊന്നുമില്ലാതെ ഭൂവലയമതില്‍ ഭേദിച്ചു എന്നതാണ് നേട്ടമായിരിക്കുന്നത്. ഇതുവരെ വിവിധ രാജ്യങ്ങള്‍ നടത്തിയ 51 ചൊവ്വാദൗത്യങ്ങളില്‍ 30 ഉം തകര്‍ന്നടിഞ്ഞത് ഈ ഘട്ടത്തിലായിരുന്നു. അമേരിക്ക, റഷ്യ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി തുടങ്ങിയവയുടെയെല്ലാം ആദ്യ ദൗത്യങ്ങള്‍ ഈ ഘട്ടത്തില്‍ പരാജയപ്പെട്ടതാണ്. സമീപകാലത്ത് റഷ്യയുടെയും ചൈനയുടെയും ദൗത്യങ്ങള്‍ ഭൂവലയം ഭേദിക്കാനാകാതെ ഭൂമിയില്‍ത്തന്നെ പതിച്ചു. 28 ദിവസമായി ഭൂമിയുടെ ആകര്‍ഷണവലയത്തില്‍ ഭ്രമണം ചെയ്ത മംഗള്‍യാന്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് ഭൂപരിധി വിട്ട് കുതിച്ചത്. പുലര്‍ച്ചെ 1.14 ന് പേടകം 9.25 ലക്ഷം കിലോമീറ്ററിനപ്പുറം എത്തി. ഒരു ഇന്ത്യന്‍ നിര്‍മിത പേടകം എത്രയും ദൂരം എത്തുന്നത് ആദ്യമാണ്. പൂര്‍ണമായി സൂര്യന്റെ ആകര്‍ഷണവലയത്തിലായതോടെ പേടകത്തിന്റെ വേഗം സെക്കന്‍ഡില്‍ 32 കിലോമീറ്ററായി ഉയര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെയോടെ മംഗള്‍യാന്‍ 18 ലക്ഷം കിലോമീറ്ററിലധികം പിന്നിടുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. പേടകത്തിലെ എല്ലാ സംവിധാനങ്ങളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപഗ്രഹത്തില്‍നിന്ന് സന്ദേശം ഭൂമിയിലേക്കും തിരിച്ചും എത്തുന്നതിനും പ്രതീക്ഷിച്ചപോലെ സെക്കന്‍ഡുകളുടെ കാലതാമസം ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. ചൊവ്വയുടെ സമ്പൂര്‍ണപഠനത്തിനായി അഞ്ച് പരീക്ഷണ ഉപകരണങ്ങളുമായി അടുത്തവര്‍ഷം സെപ്തംബര്‍ 24ന് മംഗള്‍യാന്‍ ലക്ഷ്യത്തിലെത്തും. നാല്‍പത് കോടി കിലോമീറ്ററാണ് പേടകത്തിന് യാത്രചെയ്യേണ്ടിവരുന്നത്.

Wednesday, December 4, 2013

ഭൂവലയം ഭേദിച്ച് അഭിമാനക്കുതിപ്പ്‌

ഭൂവലയം ഭേദിച്ച് അഭിമാനക്കുതിപ്പ്‌
റിപ്പോര്‍ട്ട് കടപ്പാട് - മാതൃഭൂമി
ഭൂമിയോട് വിട ചൊല്ലുന്ന മംഗള്‍യാന്‍ . ചിത്രം കടപ്പാട് : ISRO

ഭൂമിയുടെ ആകര്‍ഷണത്തെ അതിജീവിച്ച് മുന്നേറുന്ന മംഗള്‍യാന്‍ അടുത്ത സപ്തംബര്‍ 24-ന് ചൊവ്വയ്ക്കടുത്തെത്തും. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യം ലക്ഷ്യത്തിലെത്തുമ്പോള്‍ അത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാകാത്ത നേട്ടമാകും.

താരതമ്യേന കുറഞ്ഞ പണച്ചെലവില്‍, ഇന്ത്യയില്‍ തയ്യാറാക്കിയതും ഇന്ത്യന്‍ റോക്കറ്റുകൊണ്ട് ഇന്ത്യന്‍ മണ്ണില്‍നിന്ന് വിക്ഷേപിച്ചതുമായ ഉപഗ്രഹമാണ് മംഗള്‍യാന്‍. മുമ്പ് ഒരു രാജ്യത്തിന്റെയും ആദ്യ ചൊവ്വാദൗത്യം വിജയിച്ചിട്ടില്ല. ചൊവ്വാദൗത്യങ്ങളില്‍ പലതും പരാജയപ്പെട്ടത് ഭൂമിയുടെ ആകര്‍ഷണത്തില്‍നിന്ന് വേര്‍പെടാനാവാതെയാണ്. മംഗള്‍യാന്‍ ഞായറാഴ്ച പുലര്‍ച്ചയ്ക്കുമുമ്പ് അതുനേടി. ഇനി പത്തുമാസം കഴിഞ്ഞ് ചൊവ്വയെ ചുറ്റാന്‍ കഴിയണം. അതിനായുള്ള നടപടിയും വളരെ നിര്‍ണായകമാണ്.

ദൗത്യവുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ.) അറിയിച്ചു.

നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന്'പി.എസ്.എല്‍.വി.- സി 25' എന്ന റോക്കറ്റ് 'മംഗള്‍യാനെ' എത്തിച്ചത് ഭൂമിയില്‍നിന്ന് 23,550 കിലോമീറ്റര്‍വരെ അകലമുള്ള ദീര്‍ഘവൃത്തപഥത്തിലാണ്. അതുമുതല്‍ മംഗള്‍യാന്‍ ഭൂമിയെ വലംവെക്കുകയായിരുന്നു. ഈ ദീര്‍ഘവൃത്തപഥം ഐ.എസ്.ആര്‍.ഒ. പടിപടിയായി വികസിപ്പിച്ചു. 1,92,919 കിലോമീറ്റര്‍വരെ അകലെയുള്ള പഥത്തിലാണ് ഒടുവില്‍ അത് ഭൂമിയെ വലംവെച്ചത്.

ഉപഗ്രഹത്തെ ഭൂമിയുടെ ആകര്‍ഷണത്തില്‍നിന്ന് മോചിപ്പിച്ച് അയയ്ക്കുക എന്ന ഏറ്റവും നിര്‍ണായകമായ പ്രവര്‍ത്തനമാണ് ഞായറാഴ്ച പുലര്‍ച്ചെയ്ക്കുമുമ്പ് 12.49 മുതല്‍ ഐ.എസ്.ആര്‍.ഒ. ചെയ്തത്. 'മംഗള്‍യാന്‍' പേടകത്തിനൊപ്പമുള്ള എന്‍ജിന്‍ 190 കിലോഗ്രാം ദ്രവ ഇന്ധനം എരിച്ച് 1328.89 സെക്കന്‍ഡ് (ഏകദേശം 23 മിനിറ്റ്) പ്രവര്‍ത്തിപ്പിച്ചാണ് ഭൂമിയുടെ സ്വാധീനത്തില്‍നിന്ന് വേര്‍പെടുത്തിയത്.

ഇപ്പോള്‍ 'മംഗള്‍യാന്‍' ചുറ്റുന്നത് സൂര്യനെയാണ്. പകുതി വലയം ആകാന്‍ 300 ദിവസത്തോളമെടുക്കും. ചൊവ്വയും സൂര്യനെ ചുറ്റുകയാണ്. സപ്തംബര്‍ 24-ന് മംഗള്‍യാന്‍ ചൊവ്വയ്ക്കടുത്തെത്തും.

ആ യാത്രയ്ക്കിടെ, ബഹിരാകാശപ്രതിഭാസങ്ങളുടെ ഫലമായി നേരിയ വ്യതിചലനങ്ങള്‍ ഉണ്ടായേക്കാം. അപ്പോള്‍ ചെറിയ ക്രമപ്പെടുത്തലുകള്‍ വേണ്ടിവരും. ഐ.എസ്.ആര്‍.ഒ. അതും ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട് . ഡിസംബര്‍ പതിനൊന്നിനും അടുത്ത ഏപ്രില്‍, ആഗസ്ത്, സപ്തംബര്‍ മാസങ്ങളിലുമാണ് അതുചെയ്യാന്‍ സാധ്യത.


മംഗള്‍യാന്‍ ചൊവ്വയ്ക്കടുത്ത് എത്തുമ്പോള്‍ ഐ.എസ്.ആര്‍.ഒ.യ്ക്ക് ചെയ്യാനുള്ളതും വളരെ നിര്‍ണായകമാണ്. ദ്രവ ഇന്ധന എന്‍ജിന്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കും. മംഗള്‍യാന്‍ പിന്നെയും അകലേക്കുപോകാതെ, ചൊവ്വയ്ക്ക് ചുറ്റുമുള്ള ദീര്‍ഘവൃത്തപഥത്തില്‍ കുരുക്കിയിടാനാണത്.

ബാംഗ്ലൂരിലെ ഇസ്ട്രാക് (ഐ.എസ്.ആര്‍.ഒ. ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക്) ആണ് മംഗള്‍യാനെ നിയന്ത്രിക്കുന്നത്. ഇസ്ട്രാക്കിന് കീഴില്‍ പീനിയയിലുള്ള മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്‌സാണ് കണ്‍ട്രോള്‍ റൂം. മംഗള്‍യാനില്‍നിന്നുള്ള സന്ദേശങ്ങള്‍ പിടിക്കാനും അതിന് സന്ദേശം കൊടുക്കാനും രാമനഗരയ്ക്കടുത്ത ബയലാലുവിലെ ഐ.ഡി.എസ്.എന്നില്‍ (ഇന്ത്യന്‍ ഡീപ്പ് സ്‌പേസ് നെറ്റ്‌വര്‍ക്ക്) 18 മീറ്ററും 32 മീറ്ററും വ്യാസമുള്ള ആന്റിനകളുണ്ട്.

മംഗള്‍യാനില്‍ ചൊവ്വാപര്യവേക്ഷണത്തിനായി അഞ്ച് ഉപകരണങ്ങളാണ് ഘടിപ്പിച്ചിട്ടുള്ളത്. ചൊവ്വയില്‍ ജലവും ജീവനും എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നും ചൊവ്വയിലെ ധാതുക്കളുടെ സ്വഭാവമെന്തെന്നുമൊക്കെ പഠിക്കാന്‍ ഈ ഉപകരണങ്ങള്‍ സഹായിക്കും.

ചൊവ്വാദൗത്യത്തിന് 450 കോടിയോളം രൂപയാണ് ചെലവ്. പണച്ചെലവിന്റെ കുറവിലും നമ്മുടെ ദൗത്യം വേറിട്ടുനില്ക്കുന്നു. യു.എസ്സിന്റെ പുതിയ ദൗത്യമായ മാവെന് ഇതിന്റെ പത്തിരട്ടിയോളമാണ് പണച്ചെലവ്. അമേരിക്കയുടെ ദൗത്യം തയ്യാറാകാന്‍ അഞ്ചുകൊല്ലം വേണ്ടിവന്നുവെങ്കില്‍, ഇന്ത്യയുടേതിന് ഒന്നരക്കൊല്ലം മാത്രമാണെടുത്തത്.


'ചൊവ്വ'യോളം സ്വപ്‌നങ്ങള്‍ 

ബാംഗ്ലൂര്‍ : ''മംഗള്‍യാന്‍ 120 കോടി ജനങ്ങളുടെ സ്വപ്നവുമായി ചൊവ്വയിലേക്ക് പോകുമ്പോള്‍, നിങ്ങള്‍ക്ക് ഞങ്ങള്‍ മധുരസ്വപ്നങ്ങള്‍ നേരുന്നു''. 'മംഗള്‍യാനെ' ഭൂമിക്കുചുറ്റുമുള്ള പഥത്തില്‍നിന്ന് വേര്‍പെടുത്തി അയയ്ക്കുന്നതില്‍ വിജയിച്ചയുടന്‍ ഐ.എസ്.ആര്‍.ഒ. ട്വീറ്റ് ചെയ്ത ആശംസയാണിത്.

ഭൂമിയുടെ അയല്‍ഗ്രഹത്തെപ്പറ്റി എന്നും മനുഷ്യര്‍ പകല്‍ സ്വപ്നങ്ങളുമായാണ് കഴിഞ്ഞിട്ടുള്ളത്. ചൊവ്വയില്‍ ജീവനുണ്ടോ എന്നൊന്നും അറിയില്ലെങ്കിലും സാഹിത്യത്തിലും സിനിമകളിലുമൊക്കെ ചൊവ്വാജീവികള്‍ നമ്മുടെ അതിഥികളായിട്ടുണ്ട്. ചന്ദ്രന്‍ കഴിഞ്ഞാല്‍, പിന്നെ എന്തെന്നും ഏതെന്നും മനുഷ്യരുടെ യന്ത്രങ്ങള്‍ പരതിനോക്കിയതും ചൊവ്വയില്‍ത്തന്നെ.

എങ്കിലും മനുഷ്യര്‍ അയയ്ക്കുന്നത് എളുപ്പം ചൊവ്വയില്‍ എത്തുന്നതല്ല പൊതുവെ കണ്ടിട്ടുള്ളത്. ഇതുവരെ നടന്ന ചൊവ്വാദൗത്യങ്ങളില്‍ പകുതിയില്‍ക്കൂടുതല്‍ പരാജയപ്പെട്ടിട്ടുണ്ട്. ഒരു രാജ്യത്തിന്റെയും ആദ്യ ദൗത്യം വിജയിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍, ഇന്ത്യയുടെ ആദ്യദൗത്യമായ മംഗള്‍യാന് ചൊവ്വയെ ചുറ്റാന്‍കൂടി കഴിഞ്ഞാല്‍ അത് ലോകത്തിന് ഇന്ത്യന്‍ അത്ഭുതംതന്നെയാകും. ചൊവ്വാക്ലബിലെ നാലാമത്തെ അംഗമാകും ഇന്ത്യ. ഇത് നേടുന്ന ആദ്യ ഏഷ്യന്‍രാജ്യവും.

ഏറ്റവും ചുരുങ്ങിയ ചെലവില്‍ ഗ്രഹാന്തരദൗത്യങ്ങള്‍ നടത്താന്‍ കഴിയുമെന്ന കീര്‍ത്തി ഇന്ത്യക്ക് വലിയ മുതല്‍ക്കൂട്ടാവും. ബഹിരാകാശദൗത്യവിപണിയില്‍ ഇന്ത്യ മുന്നേറുകയും ചെയ്യും.

യു.എസ്സും യൂറോപ്യന്‍ യൂണിയനും റഷ്യയുംമാത്രമാണ് ചൊവ്വാദൗത്യങ്ങളില്‍ വിജയിച്ചിട്ടുള്ളത്. ജപ്പാന്റെയും ചൈനയുടെയും ദൗത്യങ്ങള്‍ പരാജയപ്പെടുകയായിരുന്നു. രണ്ടുകൊല്ലംമുമ്പ് ചൈനയുടെ യിങ്ഹുവോ1 എന്ന പേടകത്തെ, ഭൂമിയെ ചുറ്റുന്ന പഥത്തില്‍നിന്ന് ചൊവ്വയിലേക്ക് വഴിതിരിക്കാന്‍ കഴിഞ്ഞില്ല. ഇന്ധനം കത്തിക്കാന്‍ കഴിയാതായതാണ് കാരണം. പേടകം തകര്‍ന്ന് ശാന്തസമുദ്രത്തില്‍ വീണു.

ചൈന ഒറ്റയ്ക്കായിരുന്നില്ല ദൗത്യം നടത്തിയത്. യിങ്ഹുവോയെയും റഷ്യയുടെ ഫോബോസ് ഗ്രന്റ് എന്ന പേടകത്തെയും ഖസാക്‌സ്താനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍നിന്നാണ് വിക്ഷേപിച്ചത്. യിങ്ഹുവോയെപ്പോലെ ഫോബോസ് ഗ്രന്റിനെയും കൈയൊഴിയേണ്ടിവന്നു.

ജപ്പാന്റെ നൊസോമി ('പ്രത്യാശ') 1999 ഒക്ടോബറില്‍ ചൊവ്വയെ ചുറ്റാനുള്ള പഥത്തില്‍ കയറേണ്ടതായിരുന്നു. ഇലക്ട്രിക് സംവിധാനത്തിലുണ്ടായ പ്രശ്‌നത്താല്‍ വാല്‍വ് തകരാറിലായി ഇന്ധനനഷ്ടമുണ്ടായി. ശേഷിച്ച ഇന്ധനം ആവശ്യത്തിന് തികഞ്ഞില്ല. അങ്ങനെ അവസാനഘട്ടത്തില്‍ ജപ്പാന്റെ പ്രത്യാശ അസ്തമിച്ചു.

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ദൗത്യം ജയവും പരാജയവും ഒന്നിച്ചുകണ്ടതാണ്. ബൈക്കന്നൂരില്‍നിന്ന് 2003ല്‍ സോയൂസ് റോക്കറ്റില്‍ രണ്ട് പര്യവേക്ഷണസംവിധാനങ്ങളാണ് വിക്ഷേപിച്ചത്. ഉദ്ദേശിച്ചിരുന്നതുപോലെ, മാര്‍സ് എക്‌സ്?പ്രസ് ഓര്‍ബിറ്റര്‍ ചൊവ്വയെ ചുറ്റുകയും വ്യക്തമായ ചിത്രങ്ങള്‍ അയയ്ക്കുകയും ചെയ്തു. പക്ഷേ, ചൊവ്വയില്‍ഇറക്കേണ്ടിയിരുന്ന ലാന്‍ഡറിനെ ഇറക്കാന്‍ കഴിഞ്ഞില്ല.

സോവിയറ്റ് യൂണിയന് (പിന്നീട് റഷ്യ) 1960 മുതല്‍ പരാജയങ്ങളുടെ ഘോഷയാത്ര തന്നെയുണ്ടായി. പത്തോളം പരാജയങ്ങള്‍ക്കുശേഷം 1971ലാണ് റഷ്യ ആദ്യം വിജയിച്ചത്. യു.എസ്സിന്റെ മാരിനര്‍ മൂന്ന് 1964ല്‍ വിക്ഷേപണഘട്ടത്തില്‍ത്തന്നെ പരാജയപ്പെട്ടു.

എങ്കിലും ഇന്ത്യന്‍ശാസ്ത്രജ്ഞര്‍ ആത്മവിശ്വാസത്തില്‍ത്തന്നെ. മറ്റു രാജ്യങ്ങളുടേതുമായി നോക്കുമ്പോള്‍ നമ്മുടെ ആദ്യ ദൗത്യത്തില്‍ തിരുത്തലുകള്‍ക്കും ക്രമപ്പെടുത്തലുകള്‍ക്കും കൂടുതല്‍ അവസരമുണ്ട്.

Monday, December 2, 2013

ടൈറ്റനില്‍ അസംസ്കൃത പ്ലാസ്റ്റിക്!

ടൈറ്റനില്‍ അസംസ്കൃത പ്ലാസ്റ്റിക്!

കടപ്പാട് - സാബു ജോസ്, ദേശാഭിമാനി

ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനില്‍ പ്ലാസ്റ്റിക് കണ്ടെത്തിയിരിക്കുന്നു. പ്ലാസ്റ്റിക് കണ്ടെയ്നറുകളും വാഹനങ്ങളുടെ ബമ്പറും ഗൃഹോപകരണ സാമഗ്രികളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അസംസ്കൃത വസ്തുവായ "പ്രൊപൈലീന്‍" ആണ് ടൈറ്റനില്‍ കണ്ടെത്തിയത്. നാസയുടെ കസീനി സ്പേസ് ക്രാഫ്റ്റ് ടൈറ്റനില്‍നിന്നു പുറപ്പെടുന്ന താപവികിരണങ്ങളില്‍ നടത്തിയ പഠനമാണ് ഈ കണ്ടുപിടിത്തത്തിനു കാരണമായത്. സ്പേസ് ക്രാഫ്റ്റിലുള്ള കോമ്പോസിറ്റ് ഇന്‍ഫ്രാറെഡ് സ്പെക്ട്രോമീറ്റര്‍ (CIRS) എന്ന അനുബന്ധ ഉപകരണം ഉപയോഗിച്ചാണ് ഈ കണ്ടുപിടിത്തം നടത്തിയത്. മൂന്ന് കാര്‍ബണ്‍ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ലളിതഘടനയുള്ള ഒരു ഓര്‍ഗാനിക് സംയുക്തമാണ് പ്രൊപൈലീന്‍.

ചില സസ്യ സ്പീഷിസുകള്‍ പ്രൊപൈലീന്‍ തന്മാത്രകള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗവും സൃഷ്ടിക്കപ്പെടുന്നത് ഓയില്‍ റിഫൈനറികളിലെ ഉപോല്‍പ്പന്നമായാണ്. കൂടാതെ കാട്ടുതീ ഉണ്ടാകുമ്പോഴും പ്രൊപൈലീന്‍ സൃഷ്ടിക്കപ്പെടാറുണ്ട്. എന്നാല്‍ ഭൂമിക്കു വെളിയില്‍ ഏതെങ്കിലുമൊരു ഖഗോളപിണ്ഡത്തില്‍ ഈ അസംസ്കൃത പ്ലാസ്റ്റിക് സംയുക്തം കണ്ടെത്തുന്നത് ഇതാദ്യമാണ്. ടൈറ്റന്‍ വാതകഭീമനായ ശനിയുടെ ഇതുവരെ കണ്ടെത്തിയ 53 ഉപഗ്രഹങ്ങളില്‍ ഏറ്റവും വലുതാണ് ടൈറ്റന്‍. സൗരയൂഥത്തിലെ ഉപഗ്രഹങ്ങളില്‍ വലുപ്പത്തില്‍ രണ്ടാം സ്ഥാനവും ടൈറ്റനുതന്നെയാണ്. വ്യാഴത്തിന്റെ ഉപഗ്രഹമായ "ഗാനിമിഡെ"ക്കാണ് ഒന്നാം സ്ഥാനം. ടൈറ്റനെക്കാള്‍ കേവലം 100 കിലോമീറ്റര്‍ മാത്രം അധികം വ്യാസമേ ഗാനിമിഡെയ്ക്കുള്ളു. 15 ദിവസവും 22 മണിക്കൂറുംകൊണ്ട് മാതൃഗ്രഹത്തെ ചുറ്റുന്ന ടൈറ്റനില്‍ അസ്ഥി മരവിപ്പിക്കുന്ന തണുപ്പാണുള്ളത്. സൗരകുടുംബത്തില്‍ ഇത്രയും സാന്ദ്രതയുള്ള, അന്തരീക്ഷമുള്ള മറ്റൊരു ഉപഗ്രഹവുമില്ല. ഭൂമിക്കു വെളിയില്‍ ദ്രാവാകാവസ്ഥയില്‍ ദ്രവ്യം സ്ഥിതിചെയ്യുന്നതായി സ്ഥിരീകരിക്കപ്പെട്ട ഒരേയൊരു ഖഗോളപിണ്ഡവും ടൈറ്റന്‍തന്നെയാണ്. അന്തരീക്ഷത്തില്‍ പ്രധാനമായും നൈട്രജനാണുള്ളത്.

കുറഞ്ഞ അളവില്‍ മീഥേയ്നും കാണപ്പെടുന്നുണ്ട്. ടൈറ്റനിലെ കാറ്റും മഴയുമുള്ള കാലാവസ്ഥ ഭൗമസമാനമാണ്. എന്നാല്‍ പെയ്യുന്ന മഴത്തുള്ളികള്‍ ജലകണങ്ങളല്ല. മീഥേയ്ന്‍ മഴയാണ് ടൈറ്റനില്‍ പെയ്യുന്നത്. ദ്രാവക മീഥേയ്ന്‍ ഒഴുകുന്ന അരുവികളും തടാകങ്ങളും വലിയ മീഥേയ്ന്‍ സമുദ്രങ്ങളും ടൈറ്റനില്‍ കണ്ടെത്തിയിട്ടുണ്ട്. ഭൂമിയില്‍ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ ഒരുശതമാനം മാത്രമെ ടൈറ്റനില്‍ എത്തുന്നുള്ളു. അന്തരീക്ഷത്തിലെ മീഥേയ്ന്‍ വാതകം ഹരിതഗൃഹ സ്വഭാവമുള്ളതാണ്. നമ്മുടെ ചന്ദ്രനെക്കാള്‍ 50 ശതമാനം വ്യാസവും 80 ശതമാനം പിണ്ഡവും അധികമുള്ള ടൈറ്റന്‍ 1655 മാര്‍ച്ച് 25ന് ഡച്ച് ജ്യോതിശസ്ത്രജ്ഞനായ ക്രിസ്റ്റ്യന്‍ ഹൈഗന്‍സാണ് കണ്ടെത്തുന്നത്.

പൊതുവിവരങ്ങള്‍വ്യാസം: 5150 കി.മീ (ബുധനെക്കാളും ചന്ദ്രനെക്കാളും വലുതാണ് ടൈറ്റന്‍)

ശരാശരി താപനില: -179.5 ഡിഗ്രി സെല്‍ഷ്യസ് ഭ്രമണകാലം: 15.945 ഭൗമദിനങ്ങള്‍ 

കസീനി ദൗത്യം നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, ഇറ്റാലിയന്‍ സ്പേസ് ഏജന്‍സി എന്നിവരുടെ സംയുക്ത സംരംഭമായ കസീനി- ഹൈഗന്‍സ് ഇരട്ട സ്പേസ് ക്രാഫ്റ്റുകള്‍ വലയഗ്രഹമായ ശനിയുടെയും അതിന്റെ സ്വാഭാവിക ഉപഗ്രഹങ്ങളുടെയും പിന്നാലെയാണ്. 2005ല്‍ ഹൈഗന്‍സ് സ്പേസ് ക്രാഫ്റ്റ് ടൈറ്റനില്‍ ഇറങ്ങിയപ്പോള്‍ അതൊരു ചരിത്രസംഭവമായി. ഔട്ടര്‍ സോളാര്‍ സിസ്റ്റത്തിലെ ഒരു ഉപഗ്രഹത്തില്‍ ആദ്യമായി ഇറങ്ങുന്ന മനുഷ്യനിര്‍മിത വാഹനമാണ് ഹൈഗന്‍സ്. 2010ല്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന കസീനി ദൗത്യം 2017രെ ദീര്‍ഘിപ്പിക്കുകയായിരുന്നു.

കൂടുതലറിയാന്‍ സന്ദര്‍ശിക്കൂ,

NASA's Cassini Spacecraft Finds Ingredient of Household Plastic in Space

Titan (moon) - Wikipedia

ടൈറ്റൻ (ഉപഗ്രഹം) വിക്കിപീഡിയ

ഭൂമിക്ക് സലാം... സൂര്യനെ തൊട്ട് ചൊവ്വയിലേക്ക്...

ഭൂമിക്ക് സലാം... സൂര്യനെ തൊട്ട് ചൊവ്വയിലേക്ക്...


ഭൂമിയുടെ ഭ്രമണപഥം വിട്ട ഐഎസ്ആര്‍ഒയുടെ പ്രഥമ ചൊവ്വാദൗത്യപേടകം മംഗള്‍യാനിന്റെ യാത്ര വിജയക്കുതിപ്പില്‍. ചുവപ്പന്‍ ഗ്രഹത്തിന്റെ രഹസ്യങ്ങള്‍ കണ്ടെത്താനുള്ള സങ്കീര്‍ണ യാത്രയ്ക്കായി ഞായറാഴ്ച പുലര്‍ച്ചെയാണ് മംഗള്‍യാന്റെ പാത തിരിച്ചു വിട്ടത്. പുലര്‍ച്ചെ 12.49നാണ് ചൊവ്വയിലേക്ക് പേടകം തൊടുത്തത്. ഇതിനായുള്ള 22 മിനിറ്റ് നീണ്ട ട്രാന്‍സ് മാഴ്സ് ഇഞ്ചക്ഷന്‍ പ്രക്രിയയില്‍ ഐഎസ്ആര്‍ഒയ്ക്ക് നിര്‍ണായക വിജയം നേടാനായി.

ലിക്വിഡ് അപോജി മോട്ടോറിലെ ദ്രവ ഇന്ധനം ജ്വലിപ്പിച്ച് പേടകത്തിന്റെ വേഗത വര്‍ധിപ്പിച്ചാണ് ഭൂഗുരുത്വാകര്‍ഷണവലയം ഭേദിച്ചത്. ഭൂമിയുടെ 254 കിലോമീറ്റര്‍ അടുത്ത് എത്തിയപ്പോള്‍ പേടകത്തിലേക്ക് സന്ദേശമയച്ച് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. മൗറീഷ്യസിന് മുകളില്‍ വച്ചായിരുന്നു മംഗള്‍യാന്‍ വഴിമാറിയത്. സന്ദേശമയച്ച സമയത്തെ പ്രതികൂല കാലാവസ്ഥ നേരിയ ആശങ്ക സൃഷ്ടിച്ചു. സൗരഭ്രമപണപഥത്തിലേക്ക് മംഗള്‍യാന്‍ എത്തിയെങ്കിലും ബുധനാഴ്ചവരെ ഭൂമിയുടെ ആകര്‍ഷണവലയത്തിന്റെ സ്വാധീനം ഉണ്ടാകും.

അതിനാല്‍ വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണ്. ഭൂവലയം ഭേദിക്കുമ്പോഴാണ് ഇതുവരെയുള്ള ഭൂരിപക്ഷം ചൊവ്വാദൗത്യവും ലക്ഷ്യം തെറ്റിയത്. വിവിധ രാജ്യങ്ങളുടെ 31 ദൗത്യങ്ങളാണ് ഇത്തരത്തില്‍ പാളിയത്.ന തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് പേടകം 3,84,490 കിലോമീറ്റര്‍ അകലെ എത്തും. ബുധനാഴ്ച പകല്‍ 2.16ന് പൂര്‍ണമായി സൗരകേന്ദ്രീകൃത വലയത്തിലാകും. ഇതോടെ ഉപഗ്രഹത്തിലെ ചെറിയ ബൂസ്റ്റര്‍ റോക്കറ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് പേടകത്തിന്റെ സഞ്ചാര പാതയിലെ വ്യതിയാനങ്ങള്‍ തിരുത്തും.

ഡിസംബര്‍ 11നായിരിക്കും ആദ്യ തിരുത്തല്‍. ഏപ്രില്‍, ആഗസ്ത് മാസങ്ങളിലും ഇതേ തിരുത്തല്‍ വേണ്ടിവരുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. മുന്നൂറുദിവസത്തെ യാത്രയ്ക്കൊടുവില്‍ അടുത്ത വര്‍ഷം സെപ്തംബര്‍ 24ന് മംഗള്‍യാന്‍ ചൊവ്വയുടെ അടുത്തെത്തും. 40 കോടി കിലോമീറ്ററാണ് പേടകം താണ്ടേണ്ടത്. സൗരഭ്രമണപഥത്തിലെത്തിയതോടെ പേടകം സ്വയംനിയന്ത്രിത സംവിധാനത്തിലാണ് മുന്നോട്ട് കുതിക്കുക. ഇതിനായി തദ്ദേശീയമായി വികസിപ്പിച്ച ആധുനിക സോഫ്റ്റ്വെയറാണ് പേടകത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേയ്്സ് സെന്ററില്‍ നിന്ന് നവംബര്‍ അഞ്ചിന് വിക്ഷേപിച്ച മംഗള്‍യാന്റെ ഭ്രമണപഥം ആറുഘട്ടമായാണ് ഉയര്‍ത്തിയത്. ഭൂമിയുടെ സമീപ ഗ്രഹമായ ചൊവ്വയില്‍ ജീവന്റെയും ജലത്തിന്റെയും സാന്നിധ്യം തേടിയാണ് ദൗത്യം. ചൊവ്വയുടെ ലോലമായ അന്തരീക്ഷം, ഉപരിതലം, ധ്രുവങ്ങള്‍, ഗര്‍ത്തങ്ങള്‍, ധാതു സാന്നിധ്യം ഇവയെല്ലാം ദൗത്യത്തിലുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പഠനം നടത്തി ഭൂമിയിലേക്ക് അയക്കും.

മീഥൈന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള മീഥൈന്‍ സെന്‍സര്‍, ചിത്രങ്ങളെടുക്കുന്നതിനുള്ള ആധുനിക ക്യാമറ തുടങ്ങി അഞ്ച് ഉപകരണങ്ങളാണ് പേടകത്തിലുള്ളത്. ഉപഗ്രഹത്തിന്റെ നിരീക്ഷണ നിയന്ത്രണത്തിന്റെ ചുമതല ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രമായ ഐസ്ട്രാക്കിനാണ്. ദൗത്യത്തിന് നാസ ഉള്‍പ്പെടെ സാങ്കേതിക സഹായം നല്‍കുന്നുണ്ട്.

Sunday, December 1, 2013

2013 ഡിസംബര്‍ മാസത്തെ ആകാശം


2013 ഡിസംബര്‍ മാസത്തെ ആകാശം
മദ്ധ്യകേരളത്തിൽ 2013 ഡിസംബർ 15ന് രാത്രി എട്ടുമണിക്ക് കാണാൻ കഴിയുന്ന ആകാശദൃശ്യം.

കടപ്പാട് - വിക്കിപീഡിയ

ഐസണ്‍ വാല്‍നക്ഷത്രം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രതീക്ഷ

ഐസണ്‍ വാല്‍നക്ഷത്രം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രതീക്ഷ


റിപ്പോര്‍ട്ട് - മാതൃഭൂമി

ഐസണ്‍ വാല്‍നക്ഷത്രം സൂര്യനില്‍നിന്ന് അകലുന്ന ദൃശ്യം - 2013 നവംബര്‍ 28, 29 തീയതികളില്‍ സോഹോ പേടകം നിരീക്ഷിച്ചത്. ചിത്രം കടപ്പാട് : ESA/NASA/SOHO/SDO/GSFC

ഐസണ്‍ വാല്‍നക്ഷത്രം ശോഭ കുറഞ്ഞിട്ടായാലും, സൂര്യന്റെ പിടിയില്‍നിന്ന് പുറത്തുവരാന്‍ സാധ്യതയുള്ളതായി ഗവേഷകര്‍ . വ്യാഴാഴ്ച്ച സൂര്യന് അടുത്തുകൂടി കടന്നുപോകുമ്പോള്‍ പൊടുന്നനെ ബഹിരാകാശ ടെലസ്‌കോപ്പുകളുടെ ദൃഷ്ടയില്‍നിന്ന് ഐസണ്‍ അപ്രത്യക്ഷമാവുകയായിരുന്നു.

ഐസണ്‍ തകര്‍ന്നിരിക്കാമെന്നും, സൂര്യനിലെ കഠിനതാപത്തില്‍ അതിലെ മഞ്ഞുകട്ടകള്‍ ഉരുകി ബാഷ്പീകരിച്ചിരിക്കാമെന്നുമാണ് ഗവേഷകര്‍ കരുതിയത്. അതിനാല്‍ , ഡിസംബറില്‍ ഐസണ്‍ ഒരുക്കുമെന്ന് കരുതിയ ആകാശവിരുന്ന് അവസാനിച്ചതായും ഗവേഷകര്‍ വിധിയെഴുതി.

എന്നാല്‍ , പ്രകാശം കുറഞ്ഞിട്ടായാലും ഐസണ്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതായി ശാസ്ത്രലോകത്തിന് സൂചന ലഭിച്ചിരിക്കുന്നു.

തിളക്കമാര്‍ന്ന ഒരു വസ്തു സൂര്യന്റെ ദിശയില്‍നിന്ന് അകലേക്ക് നീങ്ങുന്നതായി, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെയും നാസയുടെയും സോളാര്‍ ആന്‍ഡ് ഹീലിയോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി ( SOHO ) ആണ് നിരീക്ഷിച്ചത്.

ഐസണിന്റെ വെറും അവശിഷ്ടം മാത്രമാണോ അത്; അതല്ല ഐസണിന്റെ ന്യൂക്ലിയസില്‍ കുറെഭാഗം കേടില്ലാതെ അവശേഷിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത് - നാസ അതിന്റെ വെബ്ബ്‌സൈറ്റില്‍ അറിയിച്ചു.

ഐസണിന്റെ ചെറുന്യൂക്ലിയസ് തന്നെയാണ് അവശേഷിക്കുന്നതെന്ന് പ്രാഥമിക വിശകലനത്തില്‍ സൂചന കിട്ടി. അത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

'ഐസണിന്റെ ഒരു ഭാഗം ഒറ്റ കഷണമായി അവശേഷിക്കുന്നുവെന്നും, ധൂളീപടലങ്ങള്‍ അത് പുറപ്പെടുവിക്കുന്നുവെന്നുമാണ് തോന്നുന്നത്'-വാഷ്ങ്ടണില്‍ നേവല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ കാള്‍ ബാറ്റാംസ് പറഞ്ഞു.

'ന്യൂക്ലിയസുണ്ടെങ്കിലും അത് എത്രനാള്‍ അതിജീവിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. ഏതാനും ദിവസങ്ങള്‍ അവശേഷിച്ചാല്‍ തന്നെ , രാത്രിയില്‍ വാല്‍നക്ഷത്രം ആകാശത്ത് പ്രത്യക്ഷമാകുമോ എന്ന് പറയാന്‍ കഴിയില്ല. രാത്രിയില്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടാല്‍ തന്നെ, എത്ര ശോഭയുണ്ടാകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല...' - ബാറ്റാംസ് അറിയിച്ചു.
ഐസണ്‍ വാല്‍നക്ഷത്രം സൂര്യനടുത്തേക്ക് നീങ്ങുന്ന ദൃശ്യം. 2013 നവംബര്‍ 25 ന് നാസയുടെ സ്റ്റീരിയോ-എ പേടകം പകര്‍ത്തിയ ദൃശ്യം : ചിത്രം കടപ്പാട് : NASA 

രണ്ട് അമേച്വര്‍ ജ്യോതിശാസ്ത്രജ്ഞര്‍ റഷ്യയിലെ 'ഇന്റര്‍നാഷണല്‍ സയന്റിഫിക് ഓപ്റ്റിക്കല്‍ നെറ്റ്‌വര്‍ക്ക്' ( ISON ) ഉപയോഗിച്ചാണ് ഈ വാല്‍നക്ഷത്രത്തെ തിരിച്ചറിഞ്ഞത്. അങ്ങനെയാണ് അതിന് 'ഐസണ്‍ വാല്‍നക്ഷത്രം' എന്ന് പേര് വന്നത്. 'നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രം' എന്നതാണത് വിശേഷിപ്പിക്കപ്പെട്ടത്. 

450 കോടി വര്‍ഷംമുമ്പ് സൗരയൂഥം രൂപപ്പെട്ട വേളയില്‍ തണുത്തറഞ്ഞ നിലയില്‍ അവശേഷിച്ച അവശിഷ്ടങ്ങളാണ് ധൂമകേതുക്കള്‍ എന്ന് കരുതുന്നു. സൗരയൂഥത്തിന്റെ വിദൂര ബാഹ്യമേഖലയായ ഊര്‍റ്റ് മേഘത്തില്‍ സമാധിയിലിരിക്കുന്നവയാണ് ഐസണിന്റെ കുടുംബക്കാരായ വാല്‍നക്ഷത്രങ്ങള്‍ .

സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ 10,000 മടങ്ങ് അകലെയാണ് സൂര്യനില്‍ നിന്ന് ഊര്‍റ്റ് മേഘ മേഖലയുടെ സ്ഥാനം.

കമ്പ്യൂട്ടര്‍ മാതൃകകളുപയോഗിച്ച് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്, സൗരയൂഥത്തിന്റെ ബാഹ്യമേഖലയില്‍നിന്ന് 55 ലക്ഷം വര്‍ഷംമുമ്പാണ് സൂര്യനെ ലക്ഷ്യമാക്കി ഐസണ്‍ വാല്‍നക്ഷത്രം പുറപ്പെട്ടതെന്നാണ്.

വ്യാഴാഴ്ച്ച (നവംബര്‍ 28) അത് സൂര്യന്റെ ഏറ്റവും അടുത്ത സ്ഥാനത്തുകൂടി കടന്നുപോയി - സൗരപ്രതലത്തില്‍നിന്ന് 12 ലക്ഷം കിലോമീറ്റര്‍ അകലെക്കൂടി. ഏതാണ്ട് 2000 ഡിഗ്രി സെല്‍സിയസിലധികം ചൂടും കഠിനമായ ഗുരുത്വാകര്‍ഷണവും അപ്പോള്‍ ഐസണിന് ഏല്‍ക്കേണ്ടി വന്നിട്ടുണ്ടാകണം.

സൂര്യനടുത്തേക്ക് നീങ്ങിയ ഐസണ്‍ പൊടുന്നനെ ബഹിരാകാശ ടെലിസ്‌കോപ്പുകളുടെ കണ്ണില്‍നിന്ന് മാഞ്ഞപ്പോള്‍ , അത് തകര്‍ന്ന് ബാഷ്പീകരിക്കപ്പെട്ട് നശിച്ചുവെന്നാണ് ശാസ്ത്രലോകം വിലയിരുത്തിയത്.

ആ നിഗമനം പൂര്‍ണമായും ശരിയല്ലെന്ന് സോഹോ പേടകത്തിന്റെ നിരീക്ഷണം സൂചിപ്പിക്കുന്നു.

ഭൂമിക്ക് വിട; വിജത്തേരിലേറി മംഗള്‍യാന്‍ ചൊവ്വയിലേക്ക്

ഭൂമിക്ക് വിട; വിജത്തേരിലേറി മംഗള്‍യാന്‍ ചൊവ്വയിലേക്ക്

ഭൂമിയുടെ പിടിയില്‍നിന്ന് സൗരഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്ന മംഗള്‍യാന്‍ -ചിത്രകാരന്റെ ഭാവന

ബാംഗ്ലൂര്‍: ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര പേടകമായ മംഗള്‍യാന്‍ ചൊവ്വയിലേക്കുള്ള യാത്രതുടങ്ങി. ഞായറാഴ്ച പുലര്‍ച്ചെ 12.49 ന് ആരംഭിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയായതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു. മംഗള്‍യാന്‍ ഇപ്പോള്‍ സൗരഭ്രമണപഥത്തിലാണ്.

12.49 മുതലുള്ള 23 മിനിറ്റ് ഐ.എസ്.ആര്‍.ഒ.യിലെ ശാസ്ത്രജ്ഞര്‍ മാത്രമല്ല, എല്ലാ ഇന്ത്യക്കാരും ആകാംക്ഷയോടെ കാത്തിരുന്ന സമയമാണ്. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യപേടകം ചൊവ്വയിലേക്കുള്ള വഴിയില്‍ കയറുന്ന സമയം.

ഇന്ത്യയില്‍ തയ്യാറാക്കിയ, ഇന്ത്യന്‍ റോക്കറ്റുകൊണ്ടുതന്നെ ഇന്ത്യന്‍ മണ്ണില്‍നിന്ന് വിക്ഷേപിച്ച പര്യവേഷണ പേടകമാണ് മംഗള്‍യാന്‍. 

നവംബര്‍ അഞ്ചിനു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് പി.എസ്.എല്‍.വി.-സി25 എന്ന റോക്കറ്റ് മംഗള്‍യാനെ എത്തിച്ചത്.
 ഭൂമിയില്‍നിന്ന് 23550 കിലോമീറ്റര്‍വരെ അകലമുള്ള ദീര്‍ഘവൃത്തപഥത്തിലാണ്. അതുമുതല്‍ മംഗള്‍യാന്‍ ഭൂമിയെ വലംവെക്കുകയായിരുന്നു. ഈ ദീര്‍ഘവൃത്തപഥം ഐ.എസ്.ആര്‍.ഒ. പടിപടിയായി വികസിപ്പിച്ചു. 192919 കിലോമീറ്റര്‍വരെ അകലെയുള്ള പഥത്തിലാണ് ഒടുവില്‍ അതു ഭൂമിയെ വലംവെച്ചത്. 

മംഗള്‍യാന്‍ പേടകം

ഉപഗ്രഹത്തെ ഭൂമിയുടെ ആകര്‍ഷണത്തില്‍നിന്നു മോചിപ്പിച്ചയയ്ക്കുക എന്ന ഏറ്റവും നിര്‍ണായകമായ പ്രവര്‍ത്തനമാണ് ഞായറാഴ്ച ഐ.എസ്.ആര്‍.ഒ. ചെയ്തത്. 190 കിലോഗ്രാം ദ്രവ ഇന്ധനം എരിച്ച് 23 മിനിറ്റ് എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചാണ് മംഗള്‍യാനെ സൗരഭ്രമണപഥത്തിലെത്തിച്ചത്.

ഇപ്പോള്‍ മംഗള്‍യാന്‍ ചുറ്റുന്നത് സൂര്യനെയാണ്. പകുതി വലയം ആകാന്‍ 300 ദിവസത്തോളമെടുക്കും. സൗരയൂഥത്തിലെ ഗ്രഹമായ ചൊവ്വയും സൂര്യനെ ചുറ്റുകയാണ്. 2014 സപ്തംബര്‍ 24 ന് മംഗള്‍യാന്‍ ചൊവ്വയ്ക്കടുത്തെത്തും. അപ്പോള്‍ ഐ.എസ്.ആര്‍.ഒ.യ്ക്കു ചെയ്യാനുള്ളതും വളരെ നിര്‍ണായക പ്രവൃത്തിയാണ്. ദ്രവയിന്ധന എഞ്ചിന്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കും. മംഗള്‍യാന്‍ പിന്നെയും അകലേക്കുപോകാതെ, ചൊവ്വയ്ക്കു ചുറ്റുമുള്ള ദീര്‍ഘവൃത്തപഥത്തില്‍ കുരുക്കിയിടാനാണത്. 

ശ്രീഹരിക്കോട്ടയില്‍നിന്ന് 2013 നവംബര്‍ അഞ്ചിന് മംഗള്‍യാന്‍ പേടകവുമായി പിഎസ്എല്‍വി സി 25 റോക്കറ്റ് കുതിച്ചുയര്‍ന്നപ്പോള്‍

മറ്റു രാജ്യങ്ങളുടെ മിക്ക ചൊവ്വാദൗത്യങ്ങളും തകര്‍ന്നത് ഭൂഗുരുത്വാകര്‍ഷണം മറികടക്കാനുള്ള ശ്രമത്തിലാണ്. മുമ്പ് ഒരു രാജ്യത്തിന്റെയും ആദ്യ ചൊവ്വാദൗത്യം വിജയിച്ചിട്ടില്ല. 

ഇന്ത്യയുടെ ചൊവ്വാദൗത്യത്തിനു 450 കോടിയോളം രൂപയാണു ചെലവ്. പണച്ചെലവിന്റെ കുറവിലും ഇന്ത്യയുടെ ദൗത്യം വേറിട്ടുനില്‍ക്കുന്നു. യു.എസ്സിന്റെ ഏറ്റവും പുതിയ ദൗത്യമായ മാവെന് 67 കോടി ഡോളറാണ് (4180 കോടി രൂപ) ചെലവായത്. അമേരിക്കയുടെ ദൗത്യം തയ്യാറാകാന്‍ അഞ്ചുകൊല്ലം വേണ്ടിവന്നുവെങ്കില്‍, ഇന്ത്യയുടേതിനായത് ഒന്നരക്കൊല്ലത്തോളം മാത്രം.

യാത്ര നേരെ ചൊവ്വെ...

യാത്ര നേരെ ചൊവ്വെ...
റിപ്പോര്‍ട്ട് - ദിലീപ് മലയാലപ്പുഴ, ദേശാഭിമാനി ദിനപത്രം 01.12.2013ചൊവ്വാ ഗ്രഹത്തിലേക്കുള്ള മംഗള്‍യാന്റെ നേര്‍യാത്ര തുടങ്ങി. ഞായറാഴ്ച പുലര്‍ച്ചെ ഉപഗ്രഹത്തെ ചൊവ്വയിലേക്ക് ഐഎസ്ആര്‍ഒ തൊടുത്തു വിട്ടു. ഇരുപത്തിയേഴ് ദിവസത്തെ ഭൂഭ്രമണ പഥം വിട്ട് ചൊവ്വാദൗത്യപേടകം സൗരഭ്രമണപഥത്തിലേക്ക് നീങ്ങി. ഭൂഗുരുത്വാകര്‍ഷണം ഭേദിച്ചു നീങ്ങുന്നതിനുള്ള ശ്രമം വിജയിതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.

ഭൂമിയെ അവസാനമായി വലംവച്ച് എത്തിയ പേടകത്തെ മൗറീഷ്യസിന് മുകളില്‍ നിന്നാണ് ഗതിതിരിച്ചു വിട്ടത്. ബംഗലുരുവിലെ ഐഎസ്ആര്‍ഒ സെന്ററില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ 12.49 ന് നല്‍കിയ നിര്‍ദ്ദേശം കൃത്യമായി പേടകം സ്വീകരിച്ചു. ഭൂമിയുടെ 254 കിലോമീറ്റര്‍ അടുത്ത് എത്തിയപ്പോള്‍ പേടകത്തിലെ ലിക്വിഡ് അപോജി മോട്ടോര്‍ ജ്വലിപ്പിക്കുകയായിരുന്നു. 1328.89 സെക്കന്റ് ദ്രവ ഇന്ധനം ജ്വലിപ്പിച്ചതിലൂടെ പേടകത്തിന്റെ വേഗത സെക്കന്റില്‍ 32 കിലോമീറ്ററായി ഉയര്‍ന്നു. ഇതോടെ മംഗള്‍യാന്‍ ചൊവ്വയിലേക്കുള്ള വഴിയിലേക്ക് നീങ്ങി.

ഭൂമിയുടെ ആകര്‍ഷണവലയം ഭേദിച്ചു കുതിക്കുന്ന മംഗള്‍യാന് ഇനിയുള്ള മണിക്കൂറുകള്‍ ഏറെ നിര്‍ണാകമാണ്. ഇതുവരെയുള്ള 51 ചൊവ്വാ ദൗത്യങ്ങളില്‍ 31 ഉം പിഴച്ചത് ഈ മണിക്കുറുകളിലാണ്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍, മിഷന്‍ ഡയറക്ടര്‍ എസ് അരുണന്‍, വിഎസ്എസ്സി ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍, എല്‍പിഎസ്സി ഡയറക്ടര്‍ എം സി ദത്തന്‍ തുടങ്ങിയവരടക്കമുള്ള പ്രമുഖര്‍ ചരിത്ര ദൗത്യത്തിന് ഭാഗമാകാന്‍ ബംഗലുരുവിലെ ഐസ്ട്രാക്കില്‍ സന്നിഹിതരായി. ഐസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനുകളില്‍ ഒന്നായ തിരുവനന്തപുരം വിഎസ്എസ്സിയിലും ശാസ്ത്രജ്ഞര്‍ കര്‍മനിരതരായിരുന്നു.

കഴിഞ്ഞ അഞ്ചിനാണ് മംഗള്‍യാനെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്. ആറ് ഘട്ടങ്ങളിലായി ഭൂഭ്രമണപഥം ഉയര്‍ത്തി യ ശേഷമാണ് പുതിയ പഥത്തിലേക്ക് ഞായറാഴ്ച പേടകത്തെ തിരിച്ചു വിട്ടത്. നാല്‍പതുകോടി കിലോമീറ്ററിലേറെ സഞ്ചരിച്ച് അടുത്തവര്‍ഷം സെപ്തംബര്‍ 24 ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് മംഗള്‍യാന്‍ പ്രവേശിക്കും. തുടര്‍ന്ന് പേടകത്തെ ചൊവ്വയുടെ 327 കിലോമീറ്റര്‍ അടുത്തുള്ള നിശ്ചിത ഭ്രമണപഥത്തില്‍ ഉറപ്പിക്കും. അഞ്ച് പരീക്ഷണ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് ആറുമാസം ചൊവ്വയെ വലംവക്കുന്ന മംഗള്‍യാന്‍, വിവരങ്ങളും ചിത്രങ്ങളും ഭൂമിയിലേക്ക് അയക്കും.

മീഥൈന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള മീഥൈന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് ആണ് ഉപകരണങ്ങളില്‍ പ്രധാനം. ചൊവ്വയില്‍ ജലത്തിന്റേയും ജീവന്റെയും സാന്നിധ്യം തേടിയുള്ള യാത്രയില്‍ ചൊവ്വയുടെ ചുരുള്‍ അഴിക്കാനാവുമെന്നാണ് കരുതുന്നത്. ചൊവ്വയുടെ ഉപരിതലം, ലോലമായ അന്തരീക്ഷം, ധാതുക്കള്‍, ധ്രൂവങ്ങള്‍, വിവിധ ഗര്‍ത്തങ്ങള്‍ തുടങ്ങിയവയെല്ലാം പഠന വിധേയമാക്കും. ഇതു കൂടാതെ ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളേയും നിരീക്ഷിക്കും. 450 കോടി ചെലവുള്ള ദൗത്യം ലക്ഷ്യം കണ്ടാല്‍ ചൊവ്വ പര്യവേഷണത്തില്‍ വിജയം നേടുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.