Thursday, August 28, 2014

ചൊവ്വയ്ക്കരികെ മംഗള്‍യാന്‍

ചൊവ്വയ്ക്കരികെ മംഗള്‍യാന്‍

 
28.08.2014: ചരിത്രം തിരുത്തി ഇന്ത്യയുടെ സ്വന്തം മംഗള്‍യാന്‍ ചൊവ്വയ്ക്കരികിലേക്ക്... ലോകത്തിന്റെ കാത്തിരിപ്പ് മൂന്നാഴ്ചകൂടി. ചുവപ്പന്‍ ഗ്രഹത്തിന്റെ ചുരുളഴിക്കാന്‍ നിര്‍ണായക യാത്രയിലാണ് ഒരു മാരുതി കാറിന്റെ വലുപ്പമുള്ള ഈ ഉപഗ്രഹം. ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ചാന്ദ്രയാന്‍-1 ദൗത്യത്തിനുശേഷം ഐഎസ്ആര്‍ഒ നടത്തുന്ന ശ്രദ്ധേയ മുന്നേറ്റത്തെ ലോകമാകെ ഉറ്റുനോക്കുകയാണ്.പ്രതിബന്ധങ്ങളെല്ലാം അതിജീവിച്ചാല്‍ മംഗള്‍യാന്‍ സെപ്തംബര്‍ 24ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്കു കടക്കും. ഇതോടെ ആദ്യദൗത്യത്തില്‍തന്നെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ കൃത്യതയോടെ എത്തുന്ന ആദ്യ ഉപഗ്രഹമാകും മംഗള്‍യാന്‍ .

ചൊവ്വാ ദൗത്യം വിജയകരമാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇതോടെ ഇന്ത്യയും ഇടംനേടും. റഷ്യ, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് മുമ്പ് ഈ ദൗത്യത്തില്‍ വിജയം നേടിയവര്‍. എന്നാല്‍, ഈ രാജ്യങ്ങള്‍ ആദ്യ ദൗത്യത്തില്‍ വിജയംകണ്ടിരുന്നില്ല. ഇതുവരെയുണ്ടായ 51 ദൗത്യങ്ങളില്‍ 21 എണ്ണമേ വിജയിച്ചുള്ളു. ചൊവ്വയെ ഭ്രമണംചെയ്ത് വിവരശേഖരണതിനു പുറപ്പെട്ട 22 പേടകങ്ങളില്‍ ഒമ്പതെണ്ണം മാത്രമേ ലക്ഷ്യംകണ്ടുള്ളു. ചൊവ്വയുടെ ഉപരിതലത്തിലിറക്കാനുള്ള 10 ലാന്‍ഡര്‍ ദൗത്യങ്ങളില്‍ മൂന്നും ഏഴ് റോവര്‍ ദൗത്യങ്ങളില്‍ നാലുമേ വിജയത്തിലെത്തിയുള്ളു. കഴിഞ്ഞ നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ച മംഗള്‍യാന്‍ 85 ശതമാനത്തിലേറെ യാത്രയും പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ഭൂമിയില്‍നിന്ന് ഇത്രയും ദൂരം എത്തുന്ന ഇന്ത്യയുടെ ആദ്യ പേടകംകൂടിയാണിത്.

ചൊവ്വയുടെ 74 ലക്ഷം കിലോമീറ്റര്‍ അടുത്ത് മംഗള്‍യാന്‍ എത്തിക്കഴിഞ്ഞു. ഭൂമിയില്‍നിന്ന് 19 കോടി കിലോമീറ്റര്‍ അകലെയും. ഭൂമിയില്‍നിന്ന് പേടകത്തിലേക്കും തിരിച്ചും സിഗ്നല്‍ എത്താന്‍ 20 മിനിറ്റ് വേണ്ടിവരുന്നുണ്ട്. സൗരകേന്ദ്രീകൃത പാതയില്‍ സഞ്ചരിക്കുന്ന മംഗള്‍യാന്റെ വേഗം സെക്കന്‍ഡില്‍ 22.32 കിലോമീറ്ററായി ഉയര്‍ന്നുകഴിഞ്ഞു. പേടകത്തിന്റെ അവസാനവട്ട പാത തിരുത്തല്‍ പ്രവര്‍ത്തനം സെപ്തംബര്‍ 14 നാണ്. പേടകത്തിലെ ബൂസ്റ്റര്‍ റോക്കറ്റ് ജ്വലിപ്പിച്ചാണ് ഇതു സാധ്യമാക്കുക. ഐഎസ്ആര്‍ഒ സെന്ററായ ഇസ്ട്രാക്കില്‍നിന്നുള്ള സന്ദേശം സ്വീകരിച്ചാണ് പേടകം സ്വയം സഞ്ചാരപഥം തിരുത്തുക.

സെപ്തംബര്‍ 24ന് രാവിലെ 7.30ന് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലേക്കു പ്രവേശിക്കും. അതിവേഗത്തില്‍ പായുന്ന ഉപഗ്രഹത്തെ നിയന്ത്രിക്കാന്‍ എതിര്‍ദിശയില്‍ ലിക്വിഡ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കും. 22.8 മിനിറ്റ് 240 കിലോഗ്രാം ഇന്ധനമാണ് ഇതിനായി ജ്വലിപ്പിക്കുക. ഇതിനായി ഭൂമിയില്‍നിന്നുള്ള സന്ദേശം മൂന്നുദിവസം മുമ്പുതന്നെ ഉപഗ്രഹത്തിലെ സ്വയം നിയന്ത്രണ സംവിധാനത്തിലേക്ക് നല്‍കിയിരിക്കും. ഈ നിയന്ത്രണസംവിധാനങ്ങളുടെ വിജയം മംഗള്‍യാന്റെ ലക്ഷ്യത്തില്‍ നിര്‍ണായകമാണ്. പേടകത്തെ കുറഞ്ഞത് 327 കിലോമീറ്ററിനും കൂടിയ ദൂരമായ 80,000 കിലോമീറ്ററിനും ഇടയിലുള്ള നിശ്ചിത ഭ്രമണപഥത്തില്‍ ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ചൊവ്വയുടെ 327 കിലോമീറ്റര്‍ അടുത്തുവരെയെത്തി ചിത്രങ്ങളെടുക്കാനും വിവരങ്ങള്‍ ശേഖരിക്കാനും ഇതുമൂലം കഴിയും. അഞ്ച് പരീക്ഷണ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് ആറുമാസം ചൊവ്വയെ വലംവയ്ക്കും. മീഥൈന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള മീഥൈന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് ആണ് ഉപകരണങ്ങളില്‍ പ്രധാനം. ചൊവ്വയില്‍ ജലത്തിന്റെയും ജീവന്റെയും സാന്നിധ്യം തേടിയുള്ള യാത്രയില്‍ ചൊവ്വാരഹസ്യങ്ങളാകെ ചുരുള്‍നിവരുമെന്നാണ് പ്രതീക്ഷ. ഒക്ടോബറില്‍ ചൊവ്വയില്‍ പതിക്കാനിടയുള്ള ഒരു വാല്‍നക്ഷത്രം മംഗള്‍യാന് ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും ഇതിനെ കാര്യമാക്കേണ്ടെന്നാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍
 

Report by ദിലീപ് മലയാലപ്പുഴ See more at: http://www.deshabhimani.com/news-special-kilivathil-latest_news-394914.html#sthash.ZFpr0PLs.dpuf

Sunday, August 24, 2014

ചൊവ്വയിലേക്ക് ഇനി ഒരു മാസം...

ചൊവ്വയിലേക്ക് ഇനി ഒരു മാസം

ബാംഗ്ലൂര്‍, 24.08.2014:
 രാജ്യത്തിന്റെ 300 ദിവസത്തെ കാത്തിരിപ്പ് തീരാന്‍ ഇനി ഒരുമാസംകൂടി. ചൊവ്വയെ പഠിക്കാന്‍ ഐ.എസ്.ആര്‍.ഒ. വിക്ഷേപിച്ച പേടകം 'മംഗള്‍യാന്‍' സപ്തംബര്‍ 24-ന് രാവിലെ ലക്ഷ്യത്തിലെത്തും. മറ്റൊരു ഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണ് 'മംഗള്‍യാന്‍' എന്നു വിളിപ്പേരുള്ള മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍. ചൊവ്വയെ ചുറ്റാനുള്ള പഥത്തില്‍ കയറ്റുകയാണ് ദൗത്യത്തില്‍ ഏറ്റവും നിര്‍ണായകം. അത് സാധിക്കുന്നതോടെ ചൊവ്വാദൗത്യത്തില്‍ വിജയം നേടുന്ന നാലാംശക്തിയാകും ഇന്ത്യ. 

അമേരിക്കയുടെയും റഷ്യയുടെയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെയും ചൊവ്വാദൗത്യങ്ങളാണ് ഇതിനകം വിജയിച്ചിട്ടുള്ളത്. ഒരു രാജ്യത്തിന്റെയും ആദ്യ ചൊവ്വാദൗത്യം വിജയിച്ചിട്ടില്ല. ഇന്ത്യയുടെ ആദ്യദൗത്യമാണ് വിജയത്തിലേക്ക് അടുക്കുന്നത്. 

ചൊവ്വയില്‍നിന്ന് 90 ലക്ഷം കിലോമീറ്ററോളം അകലെയാണ് പേടകം ഇപ്പോള്‍. ഭൂമിയില്‍നിന്ന് 19 കോടി കിലോമീറ്റര്‍ അകലെയാണത്.
ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് 2013 നവംബര്‍ അഞ്ചിനാണ് പി.എസ്.എല്‍.വി.-സി25 എന്ന റോക്കറ്റില്‍ മംഗള്‍യാന്‍ വിക്ഷേപിച്ചത്. പേടകത്തെ നേരേ ചൊവ്വയിലേക്ക് തൊടുത്തുവിടുകയല്ല ചെയ്തത്. ഭൂമിക്കുചുറ്റുമുള്ള താത്കാലിക ദീര്‍ഘവൃത്തപഥത്തിലാണ് റോക്കറ്റ് മംഗള്‍യാനെ എത്തിച്ചത്. അപ്പോള്‍മുതല്‍ പേടകം ഭൂമിയെ വലംവെച്ചുകൊണ്ടിരുന്നു. ആ ദീര്‍ഘവൃത്തപഥത്തിന് ഭൂമിയില്‍നിന്ന് പരമാവധി 23,550 കിലോമീറ്റര്‍വരെ അകലമുണ്ടായിരുന്നു. 

ഒറ്റക്കുതിപ്പിന് പേടകത്തെ ഭൂമിയുടെ ആകര്‍ഷണത്തിനപ്പുറമാക്കാന്‍ പറ്റില്ല; പടിപടിയായി ഭൂമിയില്‍നിന്ന് അകറ്റണം. പേടകത്തിനൊപ്പമുള്ള ദ്രവഇന്ധന എന്‍ജിന്‍ നവംബര്‍ ഏഴിനും എട്ടിനും ഒമ്പതിനും പതിനൊന്നിനും പന്ത്രണ്ടിനും പതിനാറിനും ജ്വലിപ്പിച്ച് ആ പഥം വികസിപ്പിച്ചു. ഭൂമിയില്‍നിന്ന് 1,92,874 കിലോമീറ്റര്‍വരെ അകലമുള്ളതായി പഥം. 

കഴിഞ്ഞ ഡിസംബര്‍ ഒന്ന് പുലരുംമുമ്പ് എന്‍ജിന്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചു. പേടകത്തെ ഭൂമിയുടെ സ്വാധീനത്തില്‍നിന്നു മോചിപ്പിച്ച് സൂര്യനുചുറ്റുമുള്ള പഥത്തിലാക്കാനും കഴിഞ്ഞു. നിര്‍ണായകമായ മറ്റൊരു സന്ദര്‍ഭമായിരുന്നു അത്. അപ്പോള്‍മുതല്‍ പേടകം സൂര്യനെയാണ് ചുറ്റുന്നത്. വേഗം സെക്കന്‍ഡില്‍ രണ്ടര കിലോമീറ്ററിലധികം. െസപ്തംബര്‍ 24 വരെയായാലും സൂര്യനെ പകുതി വലംവെക്കാനേ പേടകത്തിനാകൂ. ഭ്രമണപഥം അത്ര വലുതാണ്. 

ബഹിരാകാശത്തെ വിവിധ സ്വാധീനങ്ങള്‍ കാരണം പേടകത്തിന്റെ ദിശയില്‍ ചെറിയ മാറ്റങ്ങളുണ്ടാകാം. പഥം തിരുത്താനായി നാലുതവണ പേടകത്തിലെ ചെറിയ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് ഐ.എസ്.ആര്‍.ഒ. ഉദ്ദേശിച്ചിരുന്നു. ഡിസംബറിലും ജൂണിലും അത് ചെയ്തു. പേടകം കൃത്യമായ വഴിയില്‍ത്തന്നെ ആയതുകൊണ്ട്, ഏപ്രിലിലും ആഗസ്തിലും ചെയ്യാനിരുന്നത് വേണ്ടിവന്നില്ല.

സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്ന ചൊവ്വാഗ്രഹവും മംഗള്‍യാനും സപ്തംബര്‍ 24-ന് പരസ്പരം അടുത്തെത്തും. അപ്പോള്‍ എന്‍ജിനുകള്‍വീണ്ടും ജ്വലിപ്പിക്കും. പേടകത്തിന്റെ വേഗം കുറച്ച്, അതിനെ ചൊവ്വയുടെ സ്വാധീനത്തില്‍ കുരുക്കണം. എന്നാലേ അത് ചൊവ്വയെ ചുറ്റൂ. ദൗത്യത്തിലെ ഏറ്റവും നിര്‍ണായക സന്ദര്‍ഭമാണത്. പല ചൊവ്വാദൗത്യങ്ങളും പരാജയപ്പെട്ടതും ഇവിടെവെച്ചാണ്. 

നാം പദ്ധതിയിട്ടതുപോലെത്തന്നെ സപ്തംബര്‍ 24-ന് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ചൊവ്വയെ ചുറ്റാനുള്ള പഥത്തില്‍ കയറുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ ഈയിടെ വാര്‍ത്താലേഖകരോട് പറയുകയുണ്ടായി. ചൊവ്വയെ ചുറ്റുമ്പോള്‍ ആ ഗ്രഹത്തിന്റെ അന്തരീക്ഷത്തെയും പ്രതലത്തെയും കുറിച്ച് വിവരങ്ങള്‍ തരാന്‍ അഞ്ച് ഉപകരണങ്ങള്‍ പേടകത്തിലുണ്ട്. പ്രധാന വിവരങ്ങള്‍ പ്രതീക്ഷിക്കാം. അതിലും പ്രധാന കാര്യം ഗ്രഹാന്തരദൗത്യങ്ങള്‍ ഏറ്റെടുത്തു വിജയിപ്പിക്കാന്‍ ഇന്ത്യക്കാകുമെന്ന് ലോകത്തിന് ബോധ്യപ്പെടുമെന്നതാണ്.

റിപ്പോര്‍ട്ട് കടപ്പാട് - മാതൃഭൂമി

http://www.mathrubhumi.com/technology/science/mangalyaan-red-planet-mars-orbiter-mission-mom-mars-space-mission-science-indian-space-research-organisation-isro-india-479209/
 

Astronomy Quiz 2014 [LP, UP, HS & HSS] Downloads


മാര്‍സും കേരള ശാസ്ത്രസാഹിത്യ പരിഷതും സംയുക്തമായി ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ സഹകരണത്തോടെ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും ആഗസ്റ്റ് 21, 23 തീയതികളിലായി നടത്തിയ ഇന്ററാക്ടീവ് ജ്യോതിശാസ്ത്ര പ്രശ്‌നോത്തരിക്ക് ഉപയോഗിച്ച പ്രസന്റേഷനുകള്‍ എല്ലാവര്‍ക്കുമായി ലഭ്യമാക്കിയിരിക്കുന്നു. നിങ്ങള്‍ക്കും ഇവ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതിനായി താഴെ പറയുന്ന ലിങ്കുകളില്‍ ക്ലിക് ചെയ്യൂ.

ജില്ലാതല ജ്യോതിശാസ്ത്ര പ്രശ്‌നോത്തരി 2014 - റിപ്പോര്‍ട്ട്, ചിത്രങ്ങള്‍

23.08.2014 മഞ്ചേരി: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിഷയസമിതിയായ മാര്‍സും ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷനും ചേര്‍ന്നു ജില്ലാതല ഇന്ററാക്ടീവ് ജ്യോതിശാസ്ത്ര പ്രശ്‌നോത്തരി സംഘടിപ്പിച്ചു.

മഞ്ചേരി ഗവ: ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ച് നടന്ന പരിപാടി, ബഹുമാനപ്പെട്ട എം.എല്‍.എ അഡ്വ: എം ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. നന്ദിനി വിജയകുമാര്‍, അബ്ദുള്‍ ബഷീര്‍, രാജന്‍ പരുത്തിപ്പറ്റ എന്നിവര്‍ സംസാരിച്ചു. പ്രൊഫ: കെ പാപ്പുട്ടി 'ജ്യോതിഷവും ജ്യോതിശാസ്ത്രവും' എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. മാര്‍സ് കണ്‍വീനര്‍ പി രമേഷ് കുമാര്‍ സ്വാഗതവും ജില്ലാ സയന്‍സ് ക്ലബ്ബ് സെക്രട്ടറി പി മനേഷ് നന്ദിയും പറഞ്ഞു.

മികച്ച പ്രകടനം കാഴ്ച വച്ചവര്‍

ഹൈസ്‌കൂള്‍ വിഭാഗം

1. ഋതു ഗോകുല്‍. കെ (8th Std)
P.K.M.M.H.S.S എടരിക്കോട്

2. ഫഹീം. പി (9th Std)
M.M.E.T H.S.S മേല്‍മുറി

3. അനസ് സി.കെ (9th Std)
P.M.S.A M.A H.S.S ചെമ്മങ്കടവ്

ഹയര്‍സെക്കന്ററി വിഭാഗം

1. ശരത് മുരളി  (+2 Science)
M.S.P H.S.S മലപ്പുറം

2. രാഹുല്‍ എച്ച്  (+2 Science)
G.H.S.S കുറ്റിപ്പുറം

3. അമീന്‍ സാബിത് ടി  (+2 Science)
E.M.E.A H.S.S കൊണ്ടോട്ടി

ഫോട്ടോ ആല്‍ബംWednesday, August 20, 2014

'റോസേറ്റ'യുടെ വാല്‍നക്ഷത്ര വേട്ട

'റോസേറ്റ'യുടെ വാല്‍നക്ഷത്ര വേട്ട


ഒരു കൃത്രിമോപഗ്രഹത്തെ വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥത്തിലും, ഒരു ലാന്‍ഡറിനെ വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലും എത്തിക്കുന്ന ആദ്യദൗത്യമാണ് 'റോസേറ്റ'

റോസേറ്റാ പേടകം 2014 ആഗസ്ത് 17 ന് പകര്‍ത്തിയ ച്യുര്യുമോവ് ഗരാസിമെന്റോ വാല്‍നക്ഷത്രത്തിന്റെ ദൃശ്യം-ചിത്രം കടപ്പാട് : ESA

പ്രപഞ്ചത്തിന്റെ സത്തയും ശൈലിയും തേടിയുള്ള മനുഷ്യന്റെ അന്വേഷണങ്ങള്‍ക്ക് പലപ്പോഴും വഴിത്തിരിവുകളുണ്ടാകുന്നത് യാദൃശ്ചികമായ കണ്ടെത്തലുകളിലൂടെയാണ്. ഹൈഡ്രജന്‍ കഴിഞ്ഞാല്‍ ദൃശ്യപ്രപഞ്ചത്തില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന ഹീലിയത്തിന്റെ സാന്നിധ്യം ഭൂമിയില്‍ നാം തിരിച്ചറിയുന്നതിനു മുമ്പുതന്നെ സൂര്യനില്‍ കണ്ടെത്തിയത് അങ്ങനെയായിരുന്നല്ലോ.

സൗരയൂഥത്തിന്റെയും അതിലെ അനന്യഗോളമായ ഭൂമിയുടെയും അതില്‍തുടിക്കുന്ന ജീവന്റെയും അടിവേരുകള്‍ അന്വേഷിച്ചുകൊണ്ടുള്ള ശാസ്ത്രത്തിന്റെ യാത്രകള്‍ പുതിയ ചക്രവാളങ്ങള്‍ തേടുകയാണ്. പ്രപഞ്ചരഹസ്യങ്ങള്‍തേടി നാളിതുവരെ നടന്നിട്ടുള്ള നമ്മുടെ അന്വേഷണങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് 'ച്യുര്യുമോവ് ഗരാസിമെന്റോ' ( Churyumov-Garasimento ) എന്ന വാല്‍നക്ഷത്രത്തിലേക്കുള്ള യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ( ഇസ - ESA ) യുടെ 'റൊസേറ്റാ ദൗത്യം'.

1969 ല്‍ കണ്ടെത്തിയ 'ചുര്യുമോവ്-ഗരാസിമെന്റോ' വാല്‍നക്ഷത്രം ദീര്‍ഘവൃത്താകാര ഭ്രമണപഥത്തിലൂടെയാണ് സൂര്യനെ വലംവെയ്ക്കുന്നത്. അതിന്റെ ഭ്രമണപഥത്തിന് സൂര്യനില്‍നിന്നുള്ള പരമാവധി അകലം ( Aphelion ) ഏതാണ്ട് 85.46 കോടി കിലോമീറ്ററും, സൂര്യനോട് ഏറ്റവും അടുത്തുള്ള സ്ഥാനം ( Perihelion ) 1.24 കോടി കിലോമീറ്ററുമാണ്. ഈ വാല്‍നക്ഷത്രം ഒദ്യോഗികമായി '67പി' ( 67p ) എന്നാണ് അറിയപ്പെടുന്നത്.

ടെലിസ്‌കോപ്പ് കണ്ടുപിടിക്കുന്നതിനും എത്രയോ മുമ്പുതന്നെ പൗരാണികരുടെ ശ്രദ്ധയാകര്‍ഷിച്ച ആകാശചാരികളാണ് വാല്‍നക്ഷത്രങ്ങള്‍. അവയെക്കുറിച്ചുള്ള പഠനം പ്രാധാന്യമര്‍ഹിക്കുന്നതുമാണ്.

സൗരയൂഥത്തിന്റെ ബാല്യത്തില്‍ സൂര്യനും ഗ്രഹങ്ങളും പിറവികൊണ്ട അതേ വസ്തുക്കളുടെ അവശിഷ്ടങ്ങളില്‍നിന്ന് ജന്മമെടുത്തവയാണ് വാല്‍നക്ഷത്രങ്ങളെന്ന് കരുതപ്പെടുന്നു. കാര്യമായ മാറ്റമൊന്നും സംഭവിക്കാതെ അതിശൈത്യമേഖലയില്‍ വിഹരിക്കുന്ന ഇവയെക്കുറിച്ചുള്ള പഠനങ്ങള്‍, സൗരയൂഥത്തിന്റെ ഉത്പത്തി സംബന്ധിച്ച പല സംശയങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2014 ആഗസ്ത് ആറാം തീയതി മുതല്‍ 'റോസേറ്റാ പേടകം' ( Rosetta probe ) വാല്‍നക്ഷത്രത്തെ വലംവെച്ചു തുടങ്ങിയിരിക്കുകയാണ്. പേടകത്തിലെ ലാന്‍ഡറായ 'ഫിലേ' ( philae ) വാല്‍നക്ഷത്രത്തിലിറങ്ങാനുള്ള തയ്യാറെടുപ്പിലുമാണ്.

ഒരു കൃത്രിമോപഗ്രഹത്തെ വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥത്തിലും, ഒരു ലാന്‍ഡറിനെ വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലും എത്തിക്കുന്ന ആദ്യദൗത്യമായിരിക്കും റോസേറ്റാ.

പേരിലുമുണ്ട് കാര്യം!

വാല്‍നക്ഷത്രത്തിന്റെ പൊരുളന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട റോസേറ്റാ പേടകം ഈ പേര് ചരിത്രപ്രസിദ്ധമായ 'റോസേറ്റാ ശില' ( Rosetta stone ) യില്‍ നിന്ന് കടംകൊണ്ടത് യാദൃശ്ചികമായല്ല. ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഇന്ന് ഏറ്റവുമധികം സന്ദര്‍ശിക്കപ്പെടുന്ന പൗരാണിക വസ്തുക്കളില്‍ ഒന്നായ റൊസേറ്റാ ശിലയുടെ ചരിത്രപ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു തീരുമാനമായിരുന്നു അത്.

1799 ല്‍ നൈല്‍നദിയുടെ പടിഞ്ഞാറന്‍ തുരുത്തില്‍ 'റാഷിദ്' എന്ന ചെറുപട്ടണത്തിന് (അറബിയില്‍ 'റാഷിദ്' എന്നാണ് റോസേറ്റാ ഇന്നറിയപ്പെടുന്നത്) സമീപമുള്ള ജൂലിയന്‍ കോട്ട വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഫ്രഞ്ച് സൈനികര്‍ ഒരു ചുമര് പൊളിക്കുന്ന വേളയിലാണ് ഈ അസാധാരണ ശിലാഫലകം കണ്ടെത്തുന്നത്. പുരാതന ഈജിപ്തിലെ ഹൈറോഗ്ലിഫിക്‌സ്, ഡെമോട്ടിക്, പ്രാചീനട്രീക്ക് എന്നീ മൂന്ന് ഭാഷകളില്‍ ആലേഖനം ചെയ്യപ്പെട്ട ലിഖിതങ്ങളുണ്ട് ആ ശിലയില്‍. ബിസി 196 ല്‍ ടോളമി അഞ്ചാമന്‍ പുറപ്പെടുവിച്ച രാജശാസനയായിരുന്നു കല്ലില്‍ ആലേഖനം ചെയ്തിരുന്നത്. 

വാല്‍നക്ഷത്രത്തോടടുക്കുന്ന റോസേറ്റാ പേടകം - ചിത്രകാരന്റെ ഭാവനയില്‍. ചിത്രം കടപ്പാട്: ESA

ഒരു വര്‍ഷത്തിന് ശേഷം ബ്രിട്ടീഷ് സൈന്യം ഫ്രഞ്ച് സേനയെ കീഴ്‌പ്പെടുത്തി. തുടര്‍ന്ന്, 1802 ല്‍ റോസേറ്റാ ഫലകം ലണ്ടനിലേക്ക് കൊണ്ടുപോയി ബ്രിട്ടീഷ് മ്യൂസിയത്തില്‍ പ്രദര്‍ശനവസ്തുവാക്കി.

റോസേറ്റാ ശിലാഫലകത്തില്‍ വ്യത്യസ്ത ഭാഷകളില്‍ എഴുതിയിരുന്ന വാക്കുകള്‍ താരതമ്യം ചെയ്താണ് അതുവരെ അജ്ഞാതമായിരുന്ന ഹൈറോഗ്ലിഫിക്‌സ് ഭാഷ മനസ്സിലാക്കാന്‍ സാധിച്ചത്. അതുകൊണ്ടുതന്നെ പൗരാണിക ഈജിപ്ഷ്യന്‍ ഭാഷയുടെയും സംസ്‌കാരങ്ങളുടെയും 'പൂട്ട് തുറന്ന താക്കോല്‍' എന്ന് വിശേഷിപ്പിക്കാന്‍ മാത്രം പ്രാധാന്യമുണ്ടായിരുന്നു റോസേറ്റാ ശിലയിലെ ലിഖിതങ്ങള്‍ക്ക്.

സൗരയൂഥത്തില്‍ പഴമയുടെ പാരമ്പര്യം ഏറ്റവുമധികം അവകാശപ്പെടാവുന്ന ആകാശസഞ്ചാരികളാണ് വാല്‍നക്ഷത്രങ്ങള്‍. അത്തരമൊന്നിനെ സൂക്ഷ്മമായി നിരീക്ഷിക്കാനും സാമ്പിളുകള്‍ ശേഖരിച്ച് അതിന്റെ ചേരുവകള്‍ വിശകലനം ചെയ്യാനുമുള്ള ശ്രമം തീര്‍ച്ചയായും സൗരയൂഥത്തിന്റെ പ്രാചീന വഴികളിലേക്ക് വെളിച്ചം വീശുന്നതാണ്. അങ്ങനെ സൗരയൂഥത്തിന്റെ ഉത്പത്തിരഹസ്യങ്ങളുടെ താക്കോലായി അവതരിക്കേണ്ട ദൗത്യം എന്ന നിലയിലാണ് റോസേറ്റാ ദൗത്യം ജ്യോതിശാസ്ത്രരംഗത്ത് ശ്രദ്ധേയമാകുന്നതും. 

പതിറ്റാണ്ട് പിന്നിട്ട യാത്ര

2004 മാര്‍ച്ച് രണ്ടിന് ഫ്രഞ്ച് ഗ്വിയാനയിലെ കുറൂ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ഏരിയന്‍-5 ( Ariane-5 ) റോക്കറ്റില്‍ കുതിച്ചുയര്‍ന്ന് ബാഹ്യാകാശത്തിന്റെ വന്യതയിലൂടെ പത്തുവര്‍ഷത്തിലേറെ നീണ്ട ഏകാന്തയാത്രക്കൊടുവില്‍ റോസേറ്റാ പേടകം വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥത്തിലെത്തി കഴിഞ്ഞു.

'വിര്‍ട്ടാനെന്‍' ( comet wirtanen ) എന്ന വാല്‍നക്ഷത്രത്തിലേക്കായിരുന്നു ആദ്യം നിശ്ചയിച്ച പ്രകാരം റോസേറ്റാ പോകേണ്ടിയിരുന്നത്. 2002 ജനവരി 12 ന് പുറപ്പെടേണ്ട യാത്ര അക്കാലത്ത് ഒരു വാര്‍ത്താവിനിമയ ഉപഗ്രഹത്തിന്റെ വിക്ഷേപണത്തില്‍ ഏരിയന്‍-5 റോക്കറ്റിനുണ്ടായ പരാജയം മൂലം മാറ്റിവയ്ക്കുകയായിരുന്നു.


റോസേറ്റായെ അയക്കേണ്ടിയിരുന്നത് ഏരിയന്‍-5 ന്റെ മറ്റൊരു മോഡല്‍ റോക്കറ്റിലായിരുന്നെങ്കിലും സംഭവിച്ച പരാജയത്തിന്റെ കാരണങ്ങള്‍ വ്യക്തമായി പഠിക്കാതെ ഇനിയൊരു ദൗത്യത്തിന് മുതിരേണ്ടതില്ലെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി തീരുമാനിച്ചു. അങ്ങനെ റോസേറ്റാ ദൗത്യത്തിനു മുന്നില്‍ വിര്‍ടാനെല്‍ വാല്‍നക്ഷത്രത്തിലേക്കുള്ള വിക്ഷേപണജാലകം ( Launch window ) അടയുകയായിരുന്നു. തുടര്‍ന്ന് ച്യൂര്യുമോവ്-ഗരാസിമെങ്കോ വാല്‍നക്ഷത്രത്തിലേക്ക് പദ്ധതി പുതുക്കി നിശ്ചയിക്കപ്പെട്ടു.

ഭൂമിയുടെയും ചൊവ്വയുടെയും ആകര്‍ഷണശക്തിയെ ആവര്‍ത്തിച്ചുപയോഗിച്ചുള്ള കുതിപ്പിലൂടെയാണ് ബാഹ്യാകാശത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടാനുള്ള ശേഷി റോസേറ്റാ കൈവരിച്ചത്. പ്രവര്‍ത്തനോര്‍ജ്ജത്തിനായി 14 മീറ്റര്‍ നീളമുള്ള സോളാര്‍ പാനലുകളുടെ രണ്ട് ചിറകുകളാണ് റോസേറ്റായ്ക്കുള്ളത്. സോളാര്‍ സെല്ലുകളെ മാത്രം ആശ്രയിച്ച് സൗരയൂഥത്തിലെ ക്ഷുദ്രഗ്രഹ ബെല്‍റ്റ് ( Asteroid belt ) മറികടക്കുന്ന ആദ്യപേടകമാണ് റോസേറ്റാ. നീണ്ട യാത്രക്കിടയില്‍ രണ്ട് ക്ഷുദ്രഗ്രഹങ്ങളെ റോസേറ്റാ സന്ദര്‍ശിക്കുകയുണ്ടായി (ഫ്ലൈബൈ നടത്തുകയുണ്ടായി). 2008 ല്‍ സ്‌റ്റെയിന്‍സും, 2010 ല്‍ ലൂട്ടേഷ്യയുമാണ് റോസേറ്റ സന്ദര്‍ശിച്ച ക്ഷുദ്രഗ്രഹങ്ങള്‍. ഇവ രണ്ടിന്റെയും ചിത്രങ്ങള്‍ പേടകം പകര്‍ത്തി അയക്കുകയും ചെയ്തു.

അതിവേഗം പായുന്ന പേടകത്തിന്റെ വേഗം ചെറുഎഞ്ചിനുകള്‍ കത്തിച്ച് നിയന്ത്രണത്തിലാക്കി ലക്ഷ്യസ്ഥാനത്തിനനുയോജ്യമായ വേഗത കൈവരിച്ചുകൊണ്ടാണ് വാല്‍നക്ഷത്രവുമായുള്ള 'മുഖാമുഖം' സാധ്യമാക്കിയത്. ഇത് ബഹിരാകാശഗവേഷണ ചരിത്രത്തിലാദ്യത്തേതാണ്.

വാല്‍നക്ഷത്രത്തില്‍നിന്ന് 100 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ ആപേക്ഷിക വേഗം വളരെയധികം കുറച്ച് റോസേറ്റയും വാല്‍നക്ഷത്രവും മുഖാമുഖം കാണുകയും ചിത്രങ്ങളെടുക്കുകയും ചെയ്യുന്ന ആദ്യഘട്ടം കഴിഞ്ഞാല്‍, 100 കിലോമീറ്ററില്‍ നിന്നും 50 കിലോമീറ്ററിലേക്കും തുടര്‍ന്ന് ഉയരം നന്നേ കുറച്ച് 30-10 കിലോമീറ്ററിലേക്കും എത്തിക്കഴിഞ്ഞാല്‍, പേടകം വാല്‍നക്ഷത്രത്തിന്റെ ന്യൂക്ലിയസ്സിനെ ഉയര്‍ന്ന സംവേദനക്ഷമതയുള്ള ഉപകരണങ്ങളുപയോഗിച്ച് വിശദമായ മാപ്പിങിന് വിധേയമാക്കും. മാത്രവുമല്ല ഈ കാലയളവില്‍ 'ഫിലേ' ലാന്‍ഡറിന് ഉറങ്ങാന്‍ സാധ്യമായ അഞ്ച് സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കാനുള്ള ശ്രമവും നടത്തും.

മുഖ്യപേടകത്തിലെ പത്ത് ശാസ്ത്രീയ ഉപകരണങ്ങള്‍ക്ക് പുറമെ, വാല്‍നക്ഷത്രത്തിലിറങ്ങുന്ന ഫിലേയിലെ പതിനൊന്ന് പരീക്ഷണോപകരണങ്ങളും ചേര്‍ന്നതാണ് റോസേറ്റാ ദൗത്യത്തിന്റെ ഉള്‍ക്കരുത്ത്. ഉയര്‍ന്ന അപഗ്രഥനശേഷിയുള്ള ക്യാമറകളും സ്‌പെക്ട്രോമീറ്ററുകളും വാല്‍നക്ഷത്രത്തെ സൂക്ഷ്മമാപ്പിങിന് വിധേയമാക്കാന്‍ പോന്നവയാണ്.

ലാന്‍ഡര്‍ ഇറങ്ങിയതിനുശേഷമുള്ള നാളുകളില്‍ മുഖ്യപേടകം വാല്‍നക്ഷത്രത്തിന്റെ ന്യൂക്ലിയസ്സിനെ പിന്തുടരുന്ന ഘട്ടത്തിലേക്ക് നീങ്ങും. ഒരു വര്‍ഷത്തിലേറെ നീളുന്ന ഈ യാത്രയില്‍ സുപ്രധാനമായ ചില നിരീക്ഷണങ്ങള്‍ നടത്തും. 

2014 ആഗസ്ത് മൂന്നിന് റോസേറ്റയെടുത്ത വാല്‍നക്ഷത്ര ചിത്രം. ചിത്രം: ESA

2015 ആഗസ്ത് 13 നാണ് വാല്‍നക്ഷത്രം ഇനി സൂര്യനോട് ഏറ്റവും അടുത്തുള്ള സ്ഥാനത്ത് എത്തുക. ഈയവസരത്തിലും അതിനുമുമ്പും ശേഷവുമുള്ള ദിനങ്ങളിലും വാല്‍നക്ഷത്രത്തിന്റെ ഘടനയില്‍ വരുന്ന മാറ്റവും അതു പുറന്തള്ളുന്ന വസ്തുക്കളുടെ തോതും കൃത്യമായി നിരീക്ഷിക്കാന്‍ പേടകത്തിന് കഴിയും. മാത്രവുമല്ല, സൂര്യനോട് ഏറ്റവും അടുത്തുവരുമ്പോള്‍ വാല്‍നക്ഷത്രത്തിന്റെ ന്യൂക്ലിയസ്സ് ചൂടാകുകയും വന്‍തോതില്‍ വാതകവും പൊടിപടലങ്ങളും പുറന്തള്ളുകയും ചെയ്യുന്ന വേളയില്‍ ആ വസ്തുക്കളുടെ സാമ്പിള്‍ ശേഖരിച്ച് സൂക്ഷ്മപഠനം നടത്താനും റോസേറ്റാ മുതിരും.
'ഫിലേ' കാത്തിരിക്കുകയാണ്; വാല്‍ നക്ഷത്രത്തെ കുത്തിക്കുഴിക്കാന്‍!

2014 നവംബര്‍ 11 ന് മാതൃപേടകത്തില്‍ നിന്നും വേര്‍പെട്ട് 'ഫിലേ പേടകം' വാല്‍നക്ഷത്രത്തിലെ മഞ്ഞുറഞ്ഞ ഉപരിതലത്തിന്റെ മണമറിയും. വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലെ ആദ്യ 'സോഫ്റ്റ് ലാന്‍ഡിംഗ് ' ( Soft landing ) എന്ന നിലയില്‍ ഫിലേയ്ക്ക് വളരെ സവിശേഷതയാര്‍ന്ന പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയും.

ന്യൂക്ലിയസ്സില്‍നിന്നും കുഴിച്ചെടുത്ത സാമ്പിളുകള്‍ ദൃശ്യപ്രകാശത്തിലും സമീപ താപരശ്മികളിലും (Nearinfrared light ) വിശകലനം ചെയ്യപ്പെടും. വാല്‍നക്ഷത്രത്തിലെ മൂലകങ്ങളെയും ധാതുക്കളുടെ വിതരണത്തെയും സംബന്ധിക്കുന്ന കൃത്യതയുള്ള ഒരു രാസമാപ്പ് അതിലൂടെ ലഭ്യമാകുമെന്നാണ് പ്രത്യാശിക്കുന്നത്.

നമുക്ക് ഏറെയൊന്നും എത്തിനോക്കാന്‍ കഴിയാത്ത ഈ മേഖലയിലേക്ക് സാങ്കേതികത്തികവോടെ കടന്നുചെല്ലുന്ന ആദ്യപേടകമാണ് റോസേറ്റായും അതിലെ കൊച്ചുലാന്ററും. അവയുടെ കണ്ടെത്തലുകള്‍ പ്രപഞ്ചപുരാണത്തിന്റെ ശാസ്ത്രീയ വായനയ്ക്ക് പുതിയ ഉള്‍ക്കാഴ്ച നല്‍കുമെന്ന് പ്രതീക്ഷിക്കാം.

ഉദ്വേഗത്തിനും യാദൃശ്ചികതകള്‍ക്കും മധ്യേ വഴിത്തിരിവുകളിലേക്കുള്ള ഇത്തിരിവെട്ടം കാണാനാവില്ലെന്ന് ആര്‍ക്കാണ് പറയാനാവുക? കാത്തിരിക്കുകതന്നെ!

പദസൂചിക

1. വിക്ഷേപണ ജാലകം ( Launch Window ):
 ഒരു ബഹിരാകാശപേടകത്തെ അതിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി ഭ്രമണപഥത്തിലെത്തിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് വിക്ഷേപണജാലകം. ഏറ്റവും കുറഞ്ഞ യാത്രകൊണ്ട് ലക്ഷ്യത്തിലേക്കെത്താന്‍പറ്റിയ സ്ഥാനങ്ങളില്‍, ലക്ഷ്യമിടുന്ന ബാഹ്യാകാശവസ്തു എത്തുന്ന സമയത്തിനായിരിക്കും ജാലകം തിരഞ്ഞെടുക്കുമ്പോള്‍ മുഖ്യപരിഗണന നല്‍കുക. 

2. ഫ്ലൈബൈ ( Flyby ):
 ഒരു ഗ്രഹത്തിലോ മറ്റേതെങ്കിലും ബഹിരാകാശ വസ്തുവില്‍ ഇറങ്ങുകയോ അതിന്റെ ഭ്രമണപഥത്തിലേക്ക് കടക്കുകയോ ചെയ്യാതെ വിദൂരതയിലൂടെ പറന്ന് ബഹിരാകാശ പേടകം വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഇങ്ങനെ പറയുന്നത്.

3. സമീപതാപരശ്മികള്‍ ( Near Infrared Rays ):
 ഇന്‍ഫ്രാറെഡ്ഡിനോട് അടുത്ത ആവര്‍ത്തിയുള്ള (ഫ്രീക്വന്‍സിയുള്ള) വികിരണങ്ങള്‍.

റിപ്പോര്‍ട്ട് കടപ്പാട് - ജസ്റ്റിന്‍ ജോസഫ്‌ @ മാതൃഭൂമി ദിനപത്രം 19.08.2014

Monday, August 18, 2014

Astronomy Quiz 2014 - Training Modules for Resource Persons
If you've download issues and other technical issues, please contact me,
Brijesh Pookkottur 99 61 25 77 88


Tuesday, August 12, 2014

വരുന്നു, ചൈനയുടെ സൂപ്പര്‍ കൊളൈഡര്‍

വരുന്നു, ചൈനയുടെ സൂപ്പര്‍ കൊളൈഡര്‍


ജനീവയിലെ ലാര്‍ജ് ഹാഡ്രന്‍ കൊളൈഡറിന്റെ ചുറ്റളവ് 27 കിലോമീറ്ററാണ്. അതിനെ കവച്ചുവെയ്ക്കാന്‍ പാകത്തില്‍ 52 കിലോമീറ്റര്‍ ചുറ്റളവ് വരുന്ന കൊളൈഡര്‍ നിര്‍മിക്കാന്‍ ചൈന പദ്ധതിയിടുന്നു. മൗലികശാസ്ത്ര ഗവേഷണമേഖലയിലും വന്‍ശക്തിയായി മാറുകയാണ് ചൈനയുടെ ലക്ഷ്യം

ജനീവയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍. 27 കിലോമീറ്റര്‍ ചുറ്റളവുള്ള ഈ കൊളൈഡറിന്റെ ഏതാണ്ട് ഇരട്ടി വലിപ്പമുള്ള കൊളൈഡര്‍ നിര്‍മിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ചിത്രം കടപ്പാട് : CERN


ചെറിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വലിയ ഉപകരണങ്ങള്‍ തന്നെ വേണം. കണ്ടെത്താനുള്ളതിന്റെ വലുപ്പം കുറയുന്നതിനനുസരിച്ച് നിരീക്ഷണ യന്ത്രം വലുതാക്കേണ്ടിയും വരും. 'ദൈവകണം' എന്നു വിശേഷണമുള്ള ഹിഗ്‌സ് ബോസോണ്‍ ( Higgs boson ) കണ്ടെത്താന്‍ യൂറോപ്യന്‍ കണികാപരീക്ഷണകേന്ദ്രമായ 'സേണ്‍' പണിത പടുകൂറ്റന്‍ യന്ത്രത്തിന്റെ പേരുതന്നെ ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍ എന്നാണല്ലോ.

ശാസ്ത്ര ഗവേഷണരംഗത്ത് അമേരിക്കയെ മറികടന്ന് യൂറോപ്പ് മുന്നേറുന്നതിന്റെ സൂചകങ്ങളിലൊന്നായിരുന്നൂ ജനീവയ്ക്കു സമീപം സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍ ( Large Hadron Collider - LHC ). മിക്ക കാര്യങ്ങളിലും യൂറോപ്പിനെയും അമേരിക്കയെയും പിന്നിലാക്കി കുതിക്കുന്ന ചൈന ഈ പടുകൂറ്റന്‍ യന്ത്രത്തെ കവച്ചുവെക്കുന്നൊരു കണികാത്വരകമൊരുക്കുകയാണ്. അതു യാഥാര്‍ഥ്യമാകുന്നതോടെ ഇത്രനാള്‍ പ്രായോഗിക ഗവേഷണപദ്ധതികളില്‍ മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന ചൈന മൗലികശാസ്ത്ര ഗവേഷണമേഖലയിലും വന്‍ശക്തിയായി മാറുമെന്ന് 'നേച്ചര്‍' ജേര്‍ണല്‍ (ജൂലായ് 24, 2014) റിപ്പോര്‍ട്ട് ചെയ്യുന്നു.

സേണിലെ ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍ എന്ന പടുകൂറ്റന്‍ കണികാത്വരകത്തിന്റെ ചുറ്റളവ് 27 കിലോമീറ്ററാണ്. എന്നാല്‍, 52 കിലോമീറ്റര്‍ പരിധിയുള്ളതാണ് ചൈന നിര്‍മ്മിക്കാനുദ്ദേശിക്കുന്ന യന്ത്രം. പദ്ധതിക്ക് അന്താരാഷ്്ട്ര സഹായം കൂടി കിട്ടിയാല്‍ അത് 80 കിലോമീററര്‍ ചുറ്റളവുള്ള സൂപ്പര്‍ കൊളൈഡറായി മാറും. ബെയ്ജിങ്ങിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ എനര്‍ജി ഫിസിക്‌സിലെ (ഐ.എച്ച,ഇ,പി) ശാസ്ത്രജ്ഞരാണ് 2028 ഓടെ പുതിയ 'ഹിഗ്‌സ് ഫാക്ടറി' ( Higgs Factory ) നിര്‍മിക്കാനൊരുങ്ങുന്നത്. സേണിലെ ( CERN ) കൊളൈഡറിനേക്കാള്‍ കൃത്യതയോടെ ഹിഗ്‌സ് ബോസോണിനെപ്പറ്റി പഠിക്കാന്‍ ഇതു സഹായിക്കുമെന്നാണ് കരുതുന്നത്. 15,000 കോടി രൂപയാണ് ഇതിന്റെ മതിപ്പുചെലവ്.

പരമാണുവിന്റെ ഉള്ളറയിലെ സൂക്ഷ്മപ്രപഞ്ചത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള ഉപകരണമാണ് കൊളൈഡര്‍. തന്മാത്രകളും പരമാണുക്കളും അതിലും ചെറിയ മൗലിക കണങ്ങളുമടങ്ങുന്ന സൂക്ഷ്മപ്രപഞ്ചത്തിന്റെ സ്വഭാവ വിശേഷങ്ങള്‍ വിവരിക്കുന്ന ക്വാണ്ടംബലതന്ത്രമെന്ന ശാസ്ത്രശാഖയുടെ ഏറ്റവും വലിയ പരീക്ഷണോപകരണം.

പരമാണുവിലെ മൗലിക കണമെന്ന് പറഞ്ഞാല്‍ ഏറ്റവും മികച്ച സൂക്ഷ്മദര്‍ശിനികൊണ്ടുപോലും കാണാനാവാത്തത്ര ചെറുതാണ്. നമുക്കു സങ്കല്‍പ്പിക്കാന്‍ പോലുമാവാത്തത്ര ചെറുത്. അവയെ കണ്ടറിയാനാവില്ല. തൊട്ടറിയാനും എളുപ്പമല്ല. പിന്നെയൊരു വഴി പരമാണുവിലെ കണങ്ങളെ കൂട്ടിയിടിപ്പിക്കുകയാണ്. തമ്മിലടിച്ചു ചിതറുമ്പോള്‍ അവ പിളരുകയും മൗലിക കണങ്ങള്‍ പുറത്തെത്തുകയും ചെയ്യും. സമീപത്തുവെച്ച സംവേദകങ്ങളില്‍ അപ്പോഴുണ്ടാകുന്ന പ്രതിപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചാല്‍ പുറത്തുവന്ന കണങ്ങളുടെ സ്വഭാവ വിശേഷങ്ങള്‍ പഠിക്കാം.

സൂക്ഷ്മകണങ്ങള്‍ തല്ലിത്തകര്‍ക്കണമെങ്കില്‍ അവയെ ഉന്നതോര്‍ജ്ജത്തില്‍ അതിവേഗം പായിച്ച് കൂട്ടിയിടിപ്പിക്കണം. ഈ കൂട്ടിയിടിക്കായി മൗലിക കണങ്ങളുടെ വേഗം കൂട്ടാന്‍ സഹായിക്കുന്ന ഉപകരണങ്ങളാണ് കണികാത്വരകങ്ങള്‍ അഥവാ പാര്‍ട്ടിക്കിള്‍ ആക്‌സിലറേറ്ററുകള്‍. അക്കൂട്ടത്തിലൊന്നാണ് സേണിലെ ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍. സൂക്്ഷമകണങ്ങള്‍ക്ക് ഇത്ര ഊര്‍ജ്ജവും വേഗവും നല്‍കണമെങ്കില്‍ അത്രയും വലിയ ഉപകരണങ്ങള്‍ വേണം. അതുകൊണ്ടാണ് കൊളൈഡറുകള്‍ ഭീമാകാരമാര്‍ജ്ജിക്കുന്നത്.

പരമാണുവിലെ മൗലിക കണങ്ങളില്‍ മിക്കതിനെയും ശാസ്ത്രജ്ഞര്‍ ഗവേഷണശാലയില്‍ യാദൃശ്ചികമായി കണ്ടെത്തിയതല്ല. സങ്കീര്‍ണ ഗണിത സമീകരണങ്ങളിലൂടെയും സങ്കല്‍പനങ്ങളിലൂടെയും മിക്ക കണങ്ങളുടെയും സാന്നിധ്യം മുന്‍കൂട്ടി പ്രവചിക്കുകയായിരുന്നു. അവ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പിന്നീടാണ് നടക്കുന്നത്.

പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടന വിശദീകരിക്കാനുള്ള സിദ്ധാന്തങ്ങളില്‍ ഏറ്റവും സ്വീകാര്യതയുള്ള 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' എന്ന സൈദ്ധാന്തിക പാക്കേജും പ്രപഞ്ചോല്‍പ്പത്തി വിശദീകരിക്കുന്ന 'മഹാവിസ്‌ഫോടന സിദ്ധാന്ത'വും ഇത്തരം ഗണിത സമീകരണങ്ങളുടെയും സങ്കല്‍പങ്ങളുടെയും സമാഹാരമാണ്. ശാസ്ത്രലോകം ഏറെക്കുറെ അംഗീകരിച്ചിട്ടുള്ള ഈ രണ്ടു സിദ്ധാന്തങ്ങളും പൂര്‍ണമാകണമെങ്കില്‍ പ്രപഞ്ചത്തിലെ ദ്രവ്യത്തിന് ദ്രവ്യമാനം (പിണ്ഡം) നല്‍കുന്ന മൗലിക കണത്തിന്റെ സാന്നിധ്യം കൂടി സ്ഥിരീകരിക്കപ്പെടേണ്ടതുണ്ടായിരുന്നു. അവിടെയാണ് ഹിഗ്‌സ് ബോസോണിന്റെ വരവ്.

ഹിഗ്ഗ്‌സ് ബോസോണ്‍ - പദാര്‍ഥകണങ്ങള്‍ക്ക് പിണ്ഡം പ്രദാനം ചെയ്യുന്ന ഹിഗ്ഗ്‌സ് ബോസോണുകളെ കൂടുതല്‍ വ്യക്തമായി പഠിക്കാന്‍ സഹായിക്കുന്നതാകും ചൈനയുടെ കൊളൈഡര്‍. ചിത്രം : CERN


മഹാവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായി ഒഴുകിപ്പരന്നുനടന്ന സൂക്ഷ്മകണങ്ങളെ ഒരുമിച്ചുചേര്‍ത്ത് നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയുമെല്ലാം സൃഷ്ടിയ്ക്കു വഴിയൊരുക്കിയത് എന്താണ് എന്നത് ഏറെക്കാലം ശാസ്ത്രജ്ഞരെ അലട്ടിയ പ്രശ്‌നമായിരുന്നു. ഈ സൂക്ഷ്മകണങ്ങളെ കൂട്ടിപ്പിടിച്ചുനിര്‍ത്താന്‍ വേറൊരു സംഗതി ആവശ്യമായിരുന്നു. അതിനെ ഹിഗ്‌സ് മണ്ഡലം അഥവാ ഹിഗ്‌സ് ബലക്ഷേത്രം എന്നു വിളിക്കുന്നു. ഈ മണ്ഡലത്തിലെത്തിപ്പെടുമ്പോള്‍ മൗലിക കണങ്ങള്‍ക്കു പിണ്ഡം ലഭിക്കും. പ്രകാശകിരണത്തിന് ഫോട്ടോണ്‍ എന്ന കണികാരൂപം നല്‍കിയപോലെ ഹിഗ്‌സ് മണ്ഡലമെന്ന ബലക്ഷേത്രത്തിന് സൗകര്യത്തിനു വേണ്ടി കണികാസ്വരൂപം നല്‍കുന്നു. അതാണ് ഹിഗ്‌സ് ബോസോണ്‍ എന്ന മൗലിക കണം. സൈദ്ധാന്തികതലത്തില്‍ നിര്‍ണായക പ്രാധാന്യമുള്ള ഈ കണിക, പ്രായോഗികതലത്തില്‍ കണ്ടെത്താന്‍ പതിറ്റാണ്ടുകള്‍ നീണ്ട അന്വേഷണത്തിനൊടുവിലും ശാസ്ത്രലോകത്തിന് കഴിഞ്ഞിരുന്നില്ല. അതു കണ്ടെത്താനാണ് ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍ പണിതത്.

പദാര്‍ഥകണങ്ങളെ തല്ലിത്തകര്‍ക്കാനുള്ള കൊളൈഡര്‍ എന്ന ആശയം 1950 കളില്‍ അമേരിക്കയിലെ ഗവേഷകസംഘമാണ് ആദ്യം അവതരിപ്പിക്കുന്നത്. ഒരേ സമയത്തുതന്നെ അമേരിക്കയിലും യൂറോപ്പിലും സോവിയറ്റ് യൂണിയനിലും അതിന്റെ പ്രാഗ് രൂപങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. നിര്‍മ്മാണച്ചെലവിനുവേണ്ട പണം നല്‍കാന്‍ അന്നത്തെ യു.എസ്. ഭരണകൂടെ വിസമ്മതിച്ചതുകൊണ്ട് അത് യാഥാര്‍ഥ്യമായില്ല. എന്നാല്‍ യൂറോപ്യന്‍ ശാസ്ത്രസംഘം സേണില്‍ 1966 ല്‍ ഇന്റര്‍സെക്ടിങ് സ്റ്റോറേജ് റിങ് എന്ന കണികാത്വരകത്തിന്റെ നിര്‍മ്മാണം തുടങ്ങി. 1971 ല്‍ അത് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ഇലക്ട്രോണുകളെ കൂട്ടിയിടിപ്പിക്കുന്നതിനുള്ളതായിരുന്ന ആദ്യകാല ത്വരകങ്ങളെല്ലാം. പ്രോട്ടോണുകളെയും ന്യൂട്രോണുകളെയുമെല്ലാം കൂട്ടിയിടിപ്പിക്കു ഹാഡ്രണ്‍ കൊളൈഡറുകള്‍ പിന്നീടാണ് വന്നത്. ലോകത്തിലെ ഏറ്റവും വലിയ കൊളൈഡറായ ലാര്‍ജ് ഹാഡ്രന്‍ കൊളൈഡറിന്റെ നിര്‍മ്മാണം നടക്കുന്നത് 1998-2008 കാലത്താണ്.

വളരെ ഉയര്‍ന്ന ഊര്‍ജ്ജനിലയിലുള്ള കണികകളെ കൂട്ടിയിടിപ്പിച്ച് മഹാവിസ്‌ഫോടനത്തിനു തൊട്ടു പിന്നാലെയുള്ള അവസ്ഥയ്ക്കു സമാനമായൊരന്തരീക്ഷം പരീക്ഷണശാലയില്‍ സൃഷ്ടിച്ച് അതിന്റെ ഫലങ്ങള്‍ നിരീക്ഷിച്ചാണ് സേണിലെ ശാസ്ത്രജ്ഞര്‍ ഹിഗ്‌സ് ബോസോണ്‍ കണത്തെ കണ്ടെത്താന്‍ ശ്രമിച്ചത്. 38 രാജ്യങ്ങളില്‍ നിന്നുള്ള മൂവായിരത്തിലേറെ ശാസ്ത്രജ്ഞരും ആയിരത്തില്‍പ്പരം ഗവേഷണ വിദ്യാര്‍ഥികളും ചേര്‍ന്നാണ് സേണില്‍ കണികാപരീക്ഷണം നടത്തുന്നത്. പ്രകാശവേഗത്തില്‍, ഉന്നതോര്‍ജ്ജത്തില്‍ പ്രോട്ടോണ്‍ ധാരകള്‍ കൂട്ടിയിടിപ്പിച്ചു നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഹിഗ്‌സ് ബോസോണ്‍ എന്ന് ഏറെക്കുറെ ഉറപ്പിക്കാവുന്ന കണങ്ങള്‍ കണ്ടെത്തിയ കാര്യം ശാസ്ത്രസംഘം വെളിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍ പരീക്ഷണങ്ങള്‍ ധാരാളം നടക്കേണ്ടതുണ്ട്. ഹിഗ്‌സ് ബോസോണ്‍ വെറുമൊരു കണം മാത്രമാണോ? അതോ അതിനുമപ്പുറമെന്തെങ്കിലുമാണോ? പലതരം ഹിഗ്‌സ് ബോസോണുകളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ചൈനയുടെ ഗവേഷണ പദ്ധതിയില്‍ വരിക.

പ്രോട്ടോണുകളെ തമ്മില്‍ കൂട്ടിയിടിപ്പിച്ച് തകര്‍ക്കുന്ന ഹാഡ്രണ്‍ കൊളൈഡറും ഇലക്ട്രോണുകളെയും പോസിട്രോണുകളെയും തമ്മിലിടിപ്പിക്കുന്നതിനുള്ള ഇലക്ട്രോണ്‍ -പോസിട്രോണ്‍ കൊളൈഡറും ഒരേ പരീക്ഷണശാലയില്‍ നിര്‍മ്മിക്കാനാണ് ചൈനയുടെ പദ്ധതി.

ചൈന ഇക്കാര്യം പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ചേര്‍ന്ന് സൂപ്പര്‍ കൊളൈഡര്‍ എന്ന പടുകൂറ്റന്‍ കണികാ ത്വരകമുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങിയിരുന്നു. ലാര്‍ജ് ഹാഡ്രന്‍ കൊളൈഡറിനെക്കാള്‍ വളരെ വലിയ 'വെരി ലാര്‍ജ് ഹാഡ്രന്‍ കൊളൈഡര്‍' നിര്‍മ്മിക്കുന്നതും പരിഗണനയിലുണ്ട്. അന്താരാഷ്ട്ര സഹായത്തോടെ ഒരു ഇലക്ട്രോണ്‍-പോസിട്രോണ്‍ ലീനിയര്‍ കൊളൈഡര്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് മറ്റൊന്ന്്. 31 കിലോമീറ്റര്‍ നീളമേയുള്ളൂവെങ്കിലും നേര്‍ രേഖയില്‍ സ്ഥിതി ചെയ്യുന്ന ഈ കൊളൈഡറില്‍ അത്യുന്നതോര്‍ജ്ജത്തിലാണ് കണങ്ങള്‍ സഞ്ചരിക്കുക. ഇങ്ങനെ പദ്ധതികള്‍ പലതുണ്ടെങ്കിലും അവയ്ക്കു വേണ്ട പണം കണ്ടെത്താനോ യന്ത്രം സ്ഥാപിക്കാനുള്ള ആതിഥേയരാഷ്ട്രത്തെ കണ്ടെത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ല. അമേരിക്കയോ യൂറോപ്യന്‍ രാജ്യങ്ങളോ ഇത്തരമൊരു പദ്ധതിക്കായി ശതകോടികള്‍ ചെലവഴിക്കാവുന്ന അവസ്ഥയിലല്ല എന്നതാണു വസ്തുത.

എന്നാല്‍, ചൈനയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു പദ്ധതിക്കു പണം കണ്ടെത്താന്‍ വിഷമമുണ്ടാവില്ലെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ചൈനയുടെ കൊളൈഡറിന്റെ രൂപരേഖ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ തയ്യാറാകും. അഞ്ചുവര്‍ഷംകൊണ്ട് നിര്‍മ്മാണം തുടങ്ങും.

ഇക്കാര്യത്തില്‍ ചൈനയും യൂറോപ്പും അമേരിക്കയും തമ്മിലുള്ള മത്സരമായിരിക്കും ഈ അഞ്ചുവര്‍ഷത്തിനിടെ നടക്കുക. അതില്‍ കരുത്തു തെളിയിക്കുന്ന ഒരു രാജ്യം സൂപ്പര്‍ കൊളൈഡര്‍ നിര്‍മ്മിക്കും. ലോകത്ത് ഒരു സൂപ്പര്‍ കൊളൈഡറിന്റെ ആവശ്യമേയുള്ളൂ. അതുകൊണ്ടുതന്നെ ചൈനയുടെ കൊളൈഡര്‍ യാഥാര്‍ഥ്യമായാല്‍ നേരത്തേ പറഞ്ഞ അന്താരാഷ്്ട്രപദ്ധതികളെല്ലാം അപ്രസക്തമാവും. മറ്റു രാജ്യങ്ങളിലെ ഗവേഷകര്‍ ചൈനയുടെ പദ്ധതിയുമായി സഹകരിക്കും. ചൈനയുടേത് രാജ്യാന്തര കൊളൈഡറാകും. ക്വാണ്ടം ബലതന്ത്ര ഗവേഷണങ്ങളുടെ ആസ്ഥാനപ്പട്ടം അതോടെ ചൈനയ്ക്ക് സ്വന്തമാകും.

റിപ്പോര്‍ട്ട് കടപ്പാട്- മാതൃഭൂമി

http://www.mathrubhumi.com/technology/science/china-super-collider-particle-accelerator-particle-physics-higgs-boson-large-hadron-collider-lhc-cern-science-474144/

റോസറ്റ ദൗത്യം ധൂമകേതുവിനൊപ്പം...

ഒടുവില്‍ റോസറ്റയ്ക്കായി  ആകാശത്താറാവ് ഭ്രമണവാതില്‍ തുറന്നു
ബര്‍ലിന്‍: ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തില്‍ നാഴികക്കല്ലായി "ആകാശത്താറാവി'നൊപ്പം "റോസറ്റ' കറങ്ങിത്തുടങ്ങി. പത്തുവര്‍ഷം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ബുധനാഴ്ച ഭൂമിയിലെ റോസറ്റ ബഹിരാകാശത്തെ ധൂമകേതുവിന്റെ ഭ്രമണപഥത്തില്‍ കയറിപ്പറ്റിയത്. യൂറോപ്യന്‍ ബഹിരകാശ ഏജന്‍സിയുടെ (ഇഎസ്എ) പേടകം ഒരു ധൂമകേതുവിനൊപ്പം സഞ്ചരിക്കുന്ന ആദ്യ മനുഷ്യനിര്‍മിത വസ്തുവായി. സൗരയൂഥത്തിന്റെ പ്രവര്‍ത്തനത്തിലും ജീവന്റെ ഉല്‍പ്പത്തിയിലും ധൂമകേതുക്കള്‍ (വാല്‍നക്ഷത്രം)ക്കുള്ള പങ്കിനെക്കുറിച്ചുള്ള പഠനത്തില്‍ നിര്‍ണായക വഴിത്തിരിവാകും ഈ വിജയം.
"ഒടുവില്‍ നമ്മള്‍ ധൂമകേതുവില്‍ എത്തിയിരിക്കുന്നു'- ഇഎസ്എ ഡയറക്ടര്‍ ജനറല്‍ ജാക്വിസ് ദോര്‍ദൈന്‍ പ്രഖ്യാപിച്ചു. "67 പി/ചുര്യുമോവ്-ജെറസിമെങ്കോ' എന്ന് പേരിട്ട ദുരൂഹമായ വാല്‍നക്ഷത്രത്തെ പാട്ടിലാക്കാന്‍ 2004 മാര്‍ച്ചിലാണ് "ഇസ' റോസറ്റയെ അയച്ചത്. ആകൃതിയുടെ സവിശേഷതയാല്‍ ശാസ്ത്രജ്ഞര്‍ "റബര്‍ താറാവ്' എന്നു വിളിക്കുന്ന ധൂമകേതുവിനു പിന്നാലെ റോസറ്റ സൗരയൂഥത്തില്‍ ഓടിത്തള്ളിയത് ഏകദേശം 640 കോടി കിലോമീറ്റര്‍. ഇതിനിടെ "അവശയായ' റോസറ്റയുടെ ഊര്‍ജം പാഴാകാതിരിക്കാന്‍ 31 മാസത്തോളം ഭൂമിയിലെ ശാസ്ത്രജ്ഞര്‍ അവളെ ആകാശത്ത് ഉറക്കിക്കിടത്തി. കഴിഞ്ഞ ജനുവരിയില്‍ ഉറക്കമുണര്‍ന്ന റോസറ്റ വര്‍ധിതവീര്യത്തോടെ "67 പി'യുടെ പിന്നാലെ പാഞ്ഞു. ഒടുവില്‍ പത്തുവര്‍ഷവും അഞ്ചു മാസവും നാലു ദിവസവും പിന്നിട്ടപ്പോള്‍ റോസറ്റയ്ക്കായി ധൂമകേതു തന്റെ ഭ്രമണപഥത്തിന്റെ വാതില്‍ തുറന്നു. ഭൂമിയില്‍നിന്ന് 55 കോടി കിലോമീറ്റര്‍ അകലെ മണിക്കൂറില്‍ 55,000 കിലോമീറ്റര്‍ വേഗത്തിലാണ് ഇപ്പോള്‍ ഇരുവരുടെയും കറക്കം.
ജര്‍മനിയിലെ ദാംസ്താദ്തിലെ ഇഎസ്എ ആസ്ഥാനത്തിരുന്ന് ശാസ്ത്രജ്ഞരാണ് റോസറ്റയുടെ വേഗം നിയന്ത്രിക്കുന്നത്. ഭൂമിയില്‍നിന്നുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ റോസറ്റയിലെത്താന്‍ 22 മിനിറ്റ് എടുക്കും. ധൂമകേതുവിന്റെ ഭ്രമണപഥത്തില്‍ കയറിപ്പറ്റിയ അവസാന കുതിച്ചുചാട്ടത്തിനുള്ള നിര്‍ദേശം തിങ്കളാഴ്ച രാത്രിയാണ് നല്‍കിയത്. ഇനി 15 മാസം ഇരുവരും ഒന്നിച്ച് സഞ്ചരിക്കുമെന്ന് ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയുടെ പ്രസിഡന്റ് ഴാങ് യെവിസ് ലെ ഗാള്‍ പറഞ്ഞു. ധൂമകേതുവിനോട് കൂടുതല്‍ അടുക്കുന്തോറും കൂടുതല്‍ വ്യക്തമായ ചിത്രങ്ങളും വിവരങ്ങളും റോസറ്റ ശേഖരിച്ച് ഭൂമിയിലേക്ക് അയക്കും. ധൂമകേതുവില്‍നിന്നുള്ള വാതകങ്ങളും പുകപടലവും ശ്വസിച്ചും രുചിച്ചും വിലയിരുത്താനുള്ള ഉപകരണങ്ങള്‍ റോസറ്റയിലുണ്ട്. നവംബറിലാണ് പര്യവേക്ഷണത്തിന്റെ അന്തിമഘട്ടം. റോസറ്റയെ ധൂമകേതുവിലേക്ക് ഇറക്കാനാണ് ലക്ഷ്യമിടുന്നത്. വിജയത്തിലെത്തിയാല്‍ അത് അത്യപൂര്‍വ നേട്ടമാകും. 130 കോടി യൂറോയാണ് (ഏകദേശം 10,660 കോടി രൂപ) റോസറ്റ ദൗത്യത്തിന്റെ ചെലവ്.
കടപ്പാട്- See more at: http://www.deshabhimani.com/news-science_technology-all-latest_news-389218.html#sthash.oISeGjyp.dpuf

ആഗസ്റ്റിലെ ആകാശവിശേഷങ്ങൾ

ആഗസ്റ്റിലെ ആകാശവിശേഷങ്ങൾ

Skymap2014_augest
ആഗസ്റ്റ് മാസം രാത്രി എട്ടു മണിക്ക് കേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യമാണിത്.
പത്താം തിയ്യതിയാണ്  ഈ മാസത്തെ പൗർണ്ണമി.
ഈ വർഷത്തിൽ ചന്ദ്രനെ ഏറ്റവും കൂടുതൽ വലിപ്പത്തിൽ കാണുന്നത് ഈ മാസത്തെ പൗർണ്ണമിയിലാണ്. അപ്പോൾ ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം ഏകദേശം 3,60,000കി.മീറ്റർ ആയിരിക്കും. തുടർന്നു വരുന്ന ദിവസങ്ങളിൽ, ആകാശം തെളിഞ്ഞതാണെങ്കിൽ മനോഹരമായ നക്ഷത്രമഴ ആസ്വദിക്കാം. 11,12,13 ദിവസങ്ങളിലാണ് പെർസീഡ്സ് ഉൽക്കാവർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തുക. ഏറ്റവും കൂടുതൽ കൊള്ളിമീനുകൾ വീഴുന്ന ഉൽക്കാവർഷം എന്ന നിലയിൽ പ്രസിദ്ധമാണ് പെർസീഡ്സ് ഉൽക്കാവർഷം. സ്വിഫ്റ്റ് ടട്ടിൽ ധൂമകേതുവിന്റെ അവശിഷ്ടങ്ങൾക്കരികിലൂടെ ഭൂമി കടന്നു പോകുമ്പോഴാണ് ഇതു സംഭവിക്കുന്നത്. പെർസ്യൂസ് നക്ഷത്രഗണത്തിന്റെ ദിശയിൽ നിന്നാണ് കൊള്ളിമീനുകൾ പറന്നുവീഴുക. പൗർണ്ണമിയോടടുത്ത ദിവസങ്ങളിലായതുകൊണ്ട് ഇതിന്റെ ഭംഗി പൂർണ്ണതോതിൽ ആസ്വദിക്കാൻ കഴിയാതെ വരും.
മറ്റൊരു മനോഹരമായ ആകാശക്കാഴ്ച കാത്തിരിക്കുന്നത് ആഗസ്റ്റ് 18൹ പ്രഭാതത്തിലാണ്. തിളക്കമേറിയ രണ്ടു ഗ്രഹങ്ങൾ -ശുക്രനും വ്യാഴവും- അര ഡിഗ്രി അടുത്തു നിൽക്കുന്ന കാഴ്ച അന്നു കാണാൻ കഴിയും. അതിവിദൂരങ്ങളിലായിരിക്കുമ്പോൾ തന്നെ തോളോടുതോൾ ചേർന്നു നിൽക്കുന്ന അപൂർവ്വദൃശ്യം ! ഒരു ദൂരദർശിനി കൂടിയുണ്ടെങ്കിൽ ഇവക്കരികിലായി ബീഹിവ് ക്ലസ്റ്ററിനെയും കാണാം.
സന്ധ്യാകാശത്ത് പടിഞ്ഞാറു ഭാഗത്ത് ചൊവ്വയും ശനിയും തിളങ്ങി നിൽക്കും. 11 മണിവരെ ചൊവ്വയും 11.30മണിവരെ ശനിയും ആകാശത്തുണ്ടാവും. ചൊവ്വക്കു കുറച്ചു പടിഞ്ഞാറു ഭാഗത്തായി നീലമാണിക്യമായി ചിത്ര നക്ഷത്രയും കാണാം.
25നാണ് അമാവാസി. ക്ഷീരപഥത്തിന്റെ മനോഹാരിത ഈ  മാസത്തിലും നമ്മെ സന്തോഷിപ്പിക്കും.
തയ്യാറാക്കിയത് : ഷാജി അരിക്കാട്
shajiarikkad@gmail.com
കടപ്പാട് - See more at: http://luca.co.in/skymap_august_2014/#sthash.vY1ckNih.dpuf

ലേഖനം : രാശി തെളിഞ്ഞാല്‍ സംഭവിക്കുന്നത്

രാശി തെളിഞ്ഞാല്‍ സംഭവിക്കുന്നത്


രാശിചക്രത്തിലെ ല, ഗു, കു, സ, ശി, എന്നിവയ്കെന്തെങ്കിലും അര്‍ത്ഥമുണ്ടോ ? നല്ലൊന്നാന്തരം ഒരു ക്ലോക്കാണ് ഈ വരച്ചു വച്ചിരിക്കുന്നത്. രാശിചക്രത്തിലൂടെ ഓരോ ‘ഗ്രഹ’ത്തിനും ഒരു തവണ കറങ്ങി വരാന്‍ നിശ്ചിതസമയം വേണം. ഒരാളുടെ പ്രായം കണക്കാക്കാന്‍ നല്ലൊരു വിദ്യയാണ് ഈ രാശിചക്രം! 

Rasi chakram Original_2ഈ ചിത്രം കണ്ടിട്ടുണ്ടോ ? ജാതകം നോക്കുന്നവരും പഞ്ചാംഗം നോക്കുന്നവരുമെല്ലാം സ്ഥിരം കാണുന്ന ഒരു ചിത്രം. പക്ഷേ ഇങ്ങനെ മാസങ്ങളും മറ്റും എഴുതിയിട്ടുണ്ടാവില്ല എന്നു മാത്രം. പോരാത്തതിന് അടുത്ത ചിത്രത്തില്‍ കാണുന്നതുപോലെ അതിനുള്ളില്‍ ല, ഗു, കു, സ, ശി, ശു, ച, ര…. എന്നൊക്കെ എഴുതി ആകെക്കൂടി എന്തോ വല്യസംഭവം ആക്കിയിട്ടുമുണ്ടാകും! ജ്യോത്സ്യരുടെ കയ്യിലാണ് ഈ ചിത്രമിരിക്കുന്നതെങ്കില്‍ ഭയഭക്തിബഹുമാനങ്ങളോടെ അതിനു മുന്നിലിരുന്നു തൊഴുത് കയ്യിലുള്ള പണവും കളഞ്ഞ് ഇറങ്ങിപ്പോവുകേം ചെയ്യും! സത്യത്തില്‍ ഈ ചിത്രം അത്ര വലിയ സംഭവം ഒന്നുമല്ല. എന്നാല്‍ ഇത്തരി സംഭവം ആണുതാനും!
Rasi Chakram Malayalamആകാശം നോക്കാത്തവരായി ആരെങ്കിലും ഉണ്ടോ? പ്രത്യേകിച്ചും രാത്രിയാകാശം! ഉണ്ടെങ്കില്‍ അത്രേം അരസികര്‍ വേറെ കാണില്ല. പകലാകാശം തന്നെ ആദ്യം നോക്കാം. സൂര്യന്‍ തന്നെയാണ് അപ്പോഴത്തെ താരം, താരകവും! സൂര്യന്റെ ചലനം നമുക്കറിയാം. രാവിലെ കിഴക്ക് വന്നുദിക്കും. എന്നിട്ടോ, പതിയെപ്പതിയെ മുകളിലോട്ടുപോയി ഉച്ചനേരത്ത് തലയ്ക്കു മുകളിലെത്തും. എന്നിട്ട് പതിയെപ്പതിയെ താഴേക്കുവന്ന് അവസാനം പടിഞ്ഞാറ് അസ്തമിക്കും. രാത്രിയാകാശത്ത് ചന്ദ്രനും ഇതേ പരിപാടി തന്നെ നടത്തുന്നതു കാണാം. ( ഉദയം ചിലപ്പോള്‍ പകലായി എന്നു വരും. അന്ന് ചന്ദ്രാസ്തമയമേ കാണാന്‍ കഴിയൂ കേട്ടോ! ചിലപ്പോള്‍ നേരെ തിരിച്ചും ആകാം. അസ്തമയം പകലായി എന്നു വരും! )
ഈ കാഴ്ച സ്ഥിരമായി കണ്ടുകണ്ട് പണ്ടുള്ളവര്‍ കരുതിയിരുന്നത് ചന്ദ്രനും സൂര്യനും ഭൂമിക്കു ചുറ്റും സഞ്ചരിക്കയാണെന്നാണ്. തത്ക്കാലം നമുക്കും അങ്ങനെ തന്നെ കരുതാം! ചന്ദ്രന്റേം സൂര്യന്റേം ഭൂമിക്കു ചുറ്റുമുള്ള (!) ഈ സഞ്ചാരപാത ഏതാണ്ട് ഒന്നു തന്നെയാണുതാനും! ഏതാണ്ട് ഒരേ വഴിക്കാണ് രണ്ടുപേരും ആകാശത്തൂടെ സഞ്ചരിക്കുന്നതെന്നു ചുരുക്കം.
സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ കറക്കം പ്രാചീന ജ്യോതിഷികൾ സൂര്യനിലാരോപിച്ചു. ഭൂമി A1ൽ നിന്ന് A2ൽ എത്തുമ്പോൾ സൂര്യന്റെ സ്ഥാനം C1 എന്ന നക്ഷത്രഗണത്തിൽ നിന്ന് C2വിലേക്ക് പോയതായി നാം കാണുന്നു. സൂര്യൻ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ഒരു ദിവസം ഒരു ഡിഗ്രി വെച്ച്, ചലിക്കുന്നതായി അനുഭവപ്പെടുന്നു.
സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ കറക്കം പ്രാചീന ജ്യോതിഷികൾ സൂര്യനിലാരോപിച്ചു. ഭൂമി A1ൽ നിന്ന് A2ൽ എത്തുമ്പോൾ സൂര്യന്റെ സ്ഥാനം C1 എന്ന നക്ഷത്രഗണത്തിൽ നിന്ന് C2വിലേക്ക് പോയതായി നാം കാണുന്നു. സൂര്യൻ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ഒരു ദിവസം ഒരു ഡിഗ്രി വെച്ച്, ചലിക്കുന്നതായി അനുഭവപ്പെടുന്നു.
ഇനി നമുക്ക് ചന്ദ്രനേം സൂര്യനേം തത്ക്കാലം മാറ്റിനിര്‍ത്താം. എന്നിട്ട് നക്ഷത്രങ്ങളെപ്പിടിക്കാം. രാത്രിയാകാശം സ്ഥിരമായി വീക്ഷിച്ചാല്‍ രസകരമായ പല കാര്യങ്ങളും കണ്ടെത്താനാവും. നക്ഷത്രങ്ങള്‍ സ്ഥിരമായി നില്‍ക്കുകയേ അല്ല. മറിച്ച് ഇവയും കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതു കാണാം. (തെക്കും വടക്കുമുള്ള നക്ഷത്രങ്ങളുടെ സഞ്ചാരം തത്ക്കാലം പിന്നെ പരിഗണിക്കാം) അങ്ങനെ മാനം നോക്കി മാനം നോക്കി പണ്ടുള്ളവര്‍ രസകരമായ മറ്റൊരു കണ്ടെത്തലും നടത്തി. നക്ഷത്രങ്ങള്‍ തമ്മിലുള്ള അകലം എപ്പോഴും ഒരു പോലെ തന്നെ ഇരിക്കും. ഒരിക്കലും അവ തമ്മില്‍ അകന്നുപോവുകയോ അടുത്തുവരുകയോ ചെയ്യുന്നതേയില്ല! കടലാസില്‍ വീണ മഷിത്തുള്ളികള്‍പോലെ ഒരേയിരിപ്പ്. ഇതുകൊണ്ട് ഒരു ഗുണമുണ്ടായി. നക്ഷത്രങ്ങളെ തിരിച്ചറിയാന്‍ ഉപയോഗിക്കാം. അതിനായി അവര്‍ സൂത്രം കണ്ടെത്തി. കുറച്ചു നക്ഷത്രങ്ങളെ കൂട്ടിച്ചേര്‍ത്ത് കുറെ വരകള്‍ വരയ്ക്കുക. അപ്പോള്‍ ഒരു ചിത്രം കിട്ടും. പക്ഷിയും അടുപ്പും മീനും തേളും…അങ്ങനെ അങ്ങനെ നിരവധി ചിത്രങ്ങള്‍. പണ്ടത്തെ മാനംനോക്കികള്‍ മാനം മുഴുവന്‍ ഇങ്ങനെ ചിത്രങ്ങള്‍ വരച്ചുകൂട്ടി. ഇന്ത്യക്കാരും ഗ്രീക്കുകാരും അറേബ്യക്കാരും എല്ലാം ഇങ്ങനെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.
ഇന്ത്യാക്കാര്‍ക്ക് മാനം മുഴുവനുള്ള ചിത്രങ്ങളോട് അത്ര വലിയ പ്രതിപത്തി ഉണ്ടായിരുന്നില്ല! സൂര്യന്റേം ചന്ദ്രന്റേം പുറകേയായിരുന്നു ഇന്ത്യാക്കാര്‍. അതുകൊണ്ടാകണം ചന്ദ്രന്റേം സൂര്യന്റേം സഞ്ചാരപാതയിലുള്ള നക്ഷത്രങ്ങളോടായിരുന്നു നമ്മുടെ പ്രാചീനരുടെ കൂട്ട്. ഈ പാതയിലുള്ള നക്ഷത്രങ്ങളെ വച്ച് അവര്‍ പന്ത്രണ്ടു ചിത്രങ്ങളാണ് വരച്ചുകൂട്ടിയത്. സിംഹം, യുവതി, തുലാസ്, തേള്‍, വില്ല്, മകരമത്സ്യം, കുടം, മീന്‍, ആട്, കാള, പ്രണയിനികള്‍, ഞണ്ട് എന്നിങ്ങനെ കൗതുകകരമായ പന്ത്രണ്ടുചിത്രങ്ങള്‍
നക്ഷത്രങ്ങള്‍ തമ്മിലുള്ള അകലം ഒരിക്കലും മാറ്റമില്ലാതെ തുടരുന്നുണ്ട്. പക്ഷേ ഈ നിയമം അനുസരിക്കാത്ത ചില കൂട്ടരെയും നമ്മുടെ മാനംനോക്കികള്‍ കണ്ടെത്തി. നക്ഷത്രങ്ങള്‍ക്കിടയിലൂടെ അവരങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അഞ്ചു പേരാണ് അനുസരണയില്ലാതെ നക്ഷത്രങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്നവര്‍. കാലമേറെക്കഴിഞ്ഞ് അഞ്ചുപേര്‍ക്കും പേരൊക്കെ കിട്ടി. ശുക്രന്‍, വ്യാഴം, ശനി, ചൊവ്വ, ബുധന്‍! അതെ നമ്മുടെ ഗ്രഹങ്ങള്‍ തന്നെ!
നിരീക്ഷണത്തില്‍ ഒരു കാര്യം കൂടി പിടികിട്ടി. ഈ ഗ്രഹങ്ങളും സഞ്ചരിക്കുന്നത് നമ്മുടെ സൂര്യനും ചന്ദ്രനും സഞ്ചരിക്കുന്ന പാതയ്ക്കരികില്‍ക്കൂടിത്തന്നെ! അങ്ങനെ ആകാശത്തിന്റെ ഒരു പ്രത്യേകഭാഗത്തുകൂടി സഞ്ചരിക്കുന്നവരുടെ എണ്ണം ഏഴായി. സൂര്യന്‍, ചന്ദ്രന്‍, ശുക്രന്‍, വ്യാഴം, ശനി, ചൊവ്വ, ബുധന്‍!
നേരത്തേ നമ്മളൊരു കാര്യംപറഞ്ഞതോര്‍ക്കുന്നോ? ആകാശത്തു വരച്ച പന്ത്രണ്ടുചിത്രങ്ങള്‍. ഭൂമിക്കുചുറ്റുമായിട്ടാണ് ഈ പന്ത്രണ്ടുചിത്രങ്ങളുടെയും കിടപ്പ്. ഏതാണ്ടു ഭൂമധ്യരേഖയ്ക്കു മുകളിലൂടെ എന്നും പറയാം. 360 ഡിഗ്രിയില്‍ ഏതാണ്ട് തുല്യമായി ഭാഗിച്ചിരിക്കുന്ന പന്ത്രണ്ടുചിത്രങ്ങള്‍! ഓരോ ചിത്രവും ഏതാണ്ടു 30 ഡിഗ്രി വരും.
ഭൂമിയ്ക്കു ചുറ്റുമുള്ള ഈ ചിത്രങ്ങള്‍ക്ക് രാശികള്‍ എന്നാണ് പേരുകൊടുത്തിരിക്കുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം. സിംഹം, യുവതി, തുലാസ്, തേള്‍, വില്ല്, മകരമത്സ്യം, കുടം, മീന്‍, ആട്, കാള, പ്രണയിനികള്‍, ഞണ്ട് എന്നീ ആകൃതിക്കനുസരിച്ചുള്ള പേരുകള്‍!!!
രാശി ചക്രം_2
യൂറോപ്യന്മാര്‍ വൃത്തത്തിലും ഭാരതീയര്‍ ചതുരത്തിലുമാണ് രാശിചക്രം വരച്ചിരുന്നത്
ഇനി നമ്മുടെ ആദ്യചിത്രത്തിലേക്കു വരാം. ജ്യോത്സ്യരുടെ കയ്യിലിരിക്കുന്ന ചിത്രം! മിക്ക കലണ്ടറുകളിലും നോക്കിയാല്‍ കാണാവുന്ന ചിത്രം. ഭൂമിക്കു ചുറ്റുമുള്ള പന്ത്രണ്ടുരാശികളെ ചിത്രീകരിച്ചിരിക്കുന്ന ഒരു ചിത്രം മാത്രമാണിത്. രസകരമായ ഒരു ചിത്രം. ചില നാടുകളില്‍ ഇത് വട്ടത്തിലാണ്. പക്ഷേ കേരളത്തില്‍ അതിനെ ചതുരത്തിലാക്കി എന്നു മാത്രം. ഓരോ രാശിയുടെയും സ്ഥാനം കൊടുത്തിരിക്കുന്നതു നോക്കൂ. ആദ്യ രാശിയായി എടുത്തിരിക്കുന്നത് മേടമാണ്. അതിന്റെ സ്ഥാനം നോക്കി മനസ്സിലാക്കിയേക്കൂ! ഈ പന്ത്രണ്ടു രാശികളിലൂടെയാണ് നമ്മുടെ ഏഴു ‘ഗ്രഹ’(!)ങ്ങളും സഞ്ചരിക്കുന്നത്. തമാശയെന്തെന്നാല്‍ സൂര്യനും ചന്ദ്രനും പ്രാചീനര്‍ക്ക് ഗ്രഹങ്ങളായിരുന്നു! രാശിചക്രം എന്ന ഈ ചതുരത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തി വയ്ക്കാന്‍ ഏറെ എളുപ്പമാണ്. ഒരു ദിവസം ഓരോ ഗ്രഹങ്ങളും ഏതേതു രാശികളിലാണെന്ന് ആകാശത്തുനോക്കി മനസ്സിലാക്കി അവയെ അതാതു കോളത്തില്‍ എഴുതിവച്ചാല്‍ മതിയല്ലോ. വര്‍ഷങ്ങളുടെ നിരീക്ഷണപാടവമുള്ളവര്‍ക്ക് ഇത് എളുപ്പം സാധിക്കുകയും ചെയ്യും.

ഈ ഗ്രഹങ്ങള്‍ക്ക് പ്രാചീനജ്യോതിശാസ്ത്രജ്ഞര്‍ ഓരോ പേരുകള്‍ നല്‍കിയിട്ടുണ്ട്. സൂര്യനെ രവി എന്നാണു വിളിക്കുക. ‘ര’ എന്ന് എവിടെയെങ്കിലും കണ്ടാല്‍ അത് സൂര്യനാണെന്നു മനസ്സിലാക്കാം. ചന്ദ്രനെ ‘ച’ എന്ന അക്ഷരം കൊണ്ടും ശുക്രനെ ‘ശു’ കൊണ്ടും ബുധനെ ‘ബു’ കൊണ്ടും സൂചിപ്പിച്ചു. വ്യാഴത്തിന് മറ്റൊരു പേരാണു നല്‍കിയത്. ‘ഗുരു’ എവിടെയും ‘ഗു’ എന്ന അക്ഷരം കണ്ടാല്‍ അത് വ്യാഴമാണെന്നു മനസ്സിലാക്കിക്കോളണം. ചൊവ്വയ്ക്ക് ‘കുജന്‍’ എന്ന പേരിന്റെ ആദ്യാക്ഷരം ‘കു’ കൊടുത്തു. ശനിയുടെ പേരാണ് ഏറ്റവും രസകരം. ‘മന്ദന്‍’!
ഈ ഗ്രഹങ്ങള്‍ക്ക് പ്രാചീനജ്യോതിശാസ്ത്രജ്ഞര്‍ ഓരോ പേരുകള്‍ നല്‍കിയിട്ടുണ്ട്. സൂര്യനെ രവി എന്നാണു വിളിക്കുക. ‘ര’ എന്ന് എവിടെയെങ്കിലും കണ്ടാല്‍ അത് സൂര്യനാണെന്നു മനസ്സിലാക്കാം. ചന്ദ്രനെ ‘ച’ എന്ന അക്ഷരം കൊണ്ടും ശുക്രനെ ‘ശു’ കൊണ്ടും ബുധനെ ‘ബു’ കൊണ്ടും സൂചിപ്പിച്ചു. വ്യാഴത്തിന് മറ്റൊരു പേരാണു നല്‍കിയത്. ‘ഗുരു’ എവിടെയും ‘ഗു’ എന്ന അക്ഷരം കണ്ടാല്‍ അത് വ്യാഴമാണെന്നു മനസ്സിലാക്കിക്കോളണം. ചൊവ്വയ്ക്ക് ‘കുജന്‍’ എന്ന പേരിന്റെ ആദ്യാക്ഷരം ‘കു’ കൊടുത്തു. ശനിയുടെ പേരാണ് ഏറ്റവും രസകരം. ‘മന്ദന്‍’! പേര് അക്ഷരാര്‍ത്ഥത്തില്‍ ശരി തന്നെ. കാരണം സൂര്യനു ചുറ്റും ശനിക്ക് ഒരു തവണ ഒന്നു സഞ്ചരിക്കണമെങ്കില്‍ 30 കൊല്ലം വേണം! രാശിചക്രത്തിലൂടെ ഏറ്റവും പതിയെ സഞ്ചരിക്കുന്നയാളാണ് മന്ദന്‍! (പ്രാചീനര്‍ യുറാനസിനെയും നെപ്റ്റ്യൂണിനെയുമൊന്നും കാണാത്തതു നന്നായി. അല്ലെങ്കില്‍ മന്ദന്‍ എന്ന പേര് അവര്‍ക്കാര്‍ക്കെങ്കിലും കൊടുക്കേണ്ടി വന്നേനെ!!!)
ഇങ്ങനെ എഴുതി വയ്ക്കുന്നത് എന്തിനായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? ആളുകളുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും ഒന്നും പറയാനായിട്ടായിരുന്നില്ല ഇപ്പണി ചെയ്തത്. നല്ലൊന്നാന്തരം ഒരു ക്ലോക്കാണ് അവര്‍ ഈ എഴുതി വച്ചിരിക്കുന്നത്. രാശിചക്രത്തിലൂടെ ഓരോ ‘ഗ്രഹ’ത്തിനും ഒരു തവണ കറങ്ങി വരാന്‍ നിശ്ചിതസമയം വേണം. ചന്ദ്രന് 27 ദിവസം മതി പന്ത്രണ്ടു രാശികളിലൂടെയും കറങ്ങി വരാന്‍! സൂര്യന് കൃത്യം ഒരു വര്‍ഷം വേണം! ബുധനും ശുക്രനും ഒരു വര്‍ഷം തന്നെ. ചൊവ്വ ഒന്നര വര്‍ഷമെടുക്കും. വ്യാഴത്തിന് പന്ത്രണ്ടു വര്‍ഷം വേണം. ‘വ്യാഴവട്ടം’ എന്നു കേട്ടിട്ടില്ലേ, അതു തന്നെ സംഗതി! ശനിക്കാണെങ്കിലോ, മുപ്പതു വര്‍ഷം വേണം!!! ശരിക്കും മന്ദന്‍!
ഒരാളുടെ പ്രായം കണക്കാക്കാന്‍ നല്ലൊരു വിദ്യയാണ് ഈ രാശിചക്രം! ഒരു കുട്ടി ജനിക്കുമ്പോള്‍ രാശിചക്രത്തില്‍ ഓരോ ഗ്രഹങ്ങളുടെയും സ്ഥാനം രേഖപ്പെടുത്തി വയ്ക്കുക. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് കുട്ടിയുടെ പ്രായമറിയണമെങ്കില്‍ അപ്പോഴത്തെ ഗ്രഹനിലയും കുട്ടി ജനിച്ചപ്പോള്‍ രേഖപ്പെടുത്തിയ ഗ്രഹനിലയും തമ്മില്‍ ഒന്നു താരതമ്യപ്പെടുത്തിയാല്‍ മതി. കുട്ടി ജനിക്കുമ്പോള്‍ മേടത്തില്‍ നിന്ന ശനി ഇപ്പോള്‍ മിഥുനത്തില്‍ എത്തി എന്നിരിക്കട്ടെ. ഏതാണ്ട് ഏഴര വര്‍ഷം കഴിഞ്ഞു എന്നൂഹിക്കാം! (രണ്ടര വര്‍ഷത്തെ വ്യത്യാസം ഉണ്ടാകാം!) ഇതുപോലെ മറ്റു ഗ്രഹങ്ങളെക്കൂടി പ്രയോജനപ്പെടുത്തിയാല്‍ ഏതാണ്ട് ദിവസങ്ങളുടെ വ്യത്യാസത്തില്‍ പ്രായമറിയാന്‍ കഴിയും!! കാരണം ചന്ദ്രന്‍ ഒരു രാശിയില്‍ക്കൂടി സഞ്ചരിക്കാനെടുക്കുന്ന സമയം രണ്ടേകാല്‍ ദിവസമാണ്.
ഗ്രഹനില അടയാളപ്പെടുത്തുന്നതില്‍ മറ്റു രണ്ടു ‘ഗ്രഹ’ങ്ങള്‍ കൂടി ഉണ്ട്. രാഹുവും കേതുവും ആണ് ഈ ചങ്ങാതിമാര്‍. ‘സ’ എന്നും ‘ശി’ എന്നും ആണ് ഗ്രഹനിലയില്‍ ഇവരെ അടയാളപ്പെടുത്തുക. അതും എപ്പോഴും കൃത്യം എതിര്‍വശത്തും! പേരുകള്‍ സര്‍പ്പം, ശിഖി! തമാശയെന്തെന്നാല്‍ സത്യത്തില്‍ അങ്ങനെ രണ്ടു ഗ്രഹങ്ങളേ ഇല്ല! അതേ, സൗരയൂഥം മുഴുവന്‍ തിരഞ്ഞാലും അങ്ങനെ രണ്ടുപേരെ കണ്ടെത്താന്‍ പറ്റില്ല.
Rahu_symbol
ചില വിശ്വാസങ്ങള്‍ പ്രകാരമുള്ള രാഹുവിന്റെ പ്രതീകം
ഗ്രഹനില അടയാളപ്പെടുത്തുന്നതില്‍ മറ്റു രണ്ടു ‘ഗ്രഹ’ങ്ങള്‍ കൂടി ഉണ്ട്. രാഹുവും കേതുവും ആണ് ഈ ചങ്ങാതിമാര്‍. ‘സ’ എന്നും ‘ശി’ എന്നും ആണ് ഗ്രഹനിലയില്‍ ഇവരെ അടയാളപ്പെടുത്തുക. അതും എപ്പോഴും കൃത്യം എതിര്‍വശത്തും! പേരുകള്‍ സര്‍പ്പം, ശിഖി! തമാശയെന്തെന്നാല്‍ സത്യത്തില്‍ അങ്ങനെ രണ്ടു ഗ്രഹങ്ങളേ ഇല്ല! അതേ, സൗരയൂഥം മുഴുവന്‍ തിരഞ്ഞാലും അങ്ങനെ രണ്ടുപേരെ കണ്ടെത്താന്‍ പറ്റില്ല. എന്നാല്‍ ജ്യോതിശ്ശാസ്ത്രപരമായി ഇവര്‍ക്കു പ്രാധാന്യമുണ്ടുതാനും. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും മുന്‍കൂട്ടിയറിയുന്നതില്‍ ഇവയ്ക്കുള്ള പ്രാധാന്യം രാശിചക്രത്തില്‍ വളരെ വലുതാണ്. ഭൂമിക്കുചുറ്റും(!) ചന്ദ്രനും സൂര്യനും സഞ്ചരിക്കുന്നു എന്നു തോന്നിക്കുന്ന രണ്ടുപാതകളുണ്ടല്ലോ. രണ്ടും ഏതാണ്ട് ഒരേ ഭാഗത്തുകൂടിയാണ് കടന്നുപോകുന്നത് എന്നേയുള്ളൂ. എന്നാല്‍ രണ്ടും കൃത്യമായിപ്പറഞ്ഞാല്‍ ഒന്നല്ല! ഈ രണ്ടുപാതകളും കൂട്ടിമുട്ടുന്നു എന്നു തോന്നുന്ന രണ്ടു സ്ഥാനങ്ങളുണ്ട് ആകാശത്തില്‍. അതിലൊന്നിനെ രാഹു എന്നും അടുത്തതിനെ കേതു എന്നും വിളിക്കും. സൂര്യനും ചന്ദ്രനും ഒരുമിച്ച് രാഹുവില്‍ എത്തിയാല്‍ അന്ന് സൂര്യഗ്രഹണമാണ്. കേതുവില്‍ എത്തിയാലും സൂര്യഗ്രഹണം തന്നെ! എന്നാല്‍ സൂര്യന്‍ രാഹുവിലും ചന്ദ്രന്‍ കേതുവിലും വന്നാല്‍ അന്ന് ചന്ദ്രഗ്രഹണമായിരിക്കും നടക്കുക. തിരിച്ചായാലും ചന്ദ്രഗ്രഹണം തന്നെ! കാണാന്‍ പറ്റാത്ത, വെറും സ്ഥാനങ്ങള്‍ മാത്രമായ ഈ ചങ്ങാതിമാര്‍ ഒന്നരവര്‍ഷം ഒരു രാശിയില്‍ ഉണ്ടാകും. പതിനെട്ടുവര്‍ഷമെടുത്താണ് ഇവര്‍ രണ്ടുപേരും രാശിചക്രത്തില്‍ ഒന്നു ചുറ്റിവരിക. ഒരു തമാശകൂടിയുണ്ട്. ബാക്കി ഏഴു ഗോളങ്ങളും പടിഞ്ഞാറുനിന്നും കിഴക്കോട്ടു സഞ്ചരിക്കുമ്പോള്‍ രാഹുകേതുക്കള്‍ നേരെ വിപരീതദിശയിലാണു സഞ്ചാരം. കിഴക്കു നിന്നും പടിഞ്ഞാറോട്ട്!
ഉപസംഹാരം
അപ്പോള്‍ ചുരുക്കത്തില്‍ രാശിചക്രവും അതിലെ രേഖപ്പെടുത്തലുകളും നല്ലൊരു കലണ്ടറിനു പകരമായിരുന്നു. കലണ്ടറില്ലാത്ത കാലത്തെ കലണ്ടര്‍ അല്ലേ! പ്രായമറിയാനും സൂര്യ-ചന്ദ്രഗ്രഹണങ്ങളറിയാനും ഉപയോഗിച്ചിരുന്ന ഒരു ഒന്നാംതരം സൂത്രം. ഈ കാലമാപിനിസൂത്രത്തെ ആളെപറ്റിക്കാനുള്ള ‘സൂത്ര’മാക്കി മാറ്റിയവരും പിന്നീടുണ്ടായിരുന്നു. അക്കഥ പിന്നീടാകാം!
നവനീത് കൃഷ്ണന്‍
navaneeth.sree@gmail.com
ലേഖനം കടപ്പാട് - http://luca.co.in & നവനീത് കൃഷ്ണന്‍, കെ. പാപ്പൂട്ടി