Tuesday, August 12, 2014

ആഗസ്റ്റിലെ ആകാശവിശേഷങ്ങൾ

ആഗസ്റ്റിലെ ആകാശവിശേഷങ്ങൾ

Skymap2014_augest
ആഗസ്റ്റ് മാസം രാത്രി എട്ടു മണിക്ക് കേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യമാണിത്.
പത്താം തിയ്യതിയാണ്  ഈ മാസത്തെ പൗർണ്ണമി.
ഈ വർഷത്തിൽ ചന്ദ്രനെ ഏറ്റവും കൂടുതൽ വലിപ്പത്തിൽ കാണുന്നത് ഈ മാസത്തെ പൗർണ്ണമിയിലാണ്. അപ്പോൾ ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം ഏകദേശം 3,60,000കി.മീറ്റർ ആയിരിക്കും. തുടർന്നു വരുന്ന ദിവസങ്ങളിൽ, ആകാശം തെളിഞ്ഞതാണെങ്കിൽ മനോഹരമായ നക്ഷത്രമഴ ആസ്വദിക്കാം. 11,12,13 ദിവസങ്ങളിലാണ് പെർസീഡ്സ് ഉൽക്കാവർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തുക. ഏറ്റവും കൂടുതൽ കൊള്ളിമീനുകൾ വീഴുന്ന ഉൽക്കാവർഷം എന്ന നിലയിൽ പ്രസിദ്ധമാണ് പെർസീഡ്സ് ഉൽക്കാവർഷം. സ്വിഫ്റ്റ് ടട്ടിൽ ധൂമകേതുവിന്റെ അവശിഷ്ടങ്ങൾക്കരികിലൂടെ ഭൂമി കടന്നു പോകുമ്പോഴാണ് ഇതു സംഭവിക്കുന്നത്. പെർസ്യൂസ് നക്ഷത്രഗണത്തിന്റെ ദിശയിൽ നിന്നാണ് കൊള്ളിമീനുകൾ പറന്നുവീഴുക. പൗർണ്ണമിയോടടുത്ത ദിവസങ്ങളിലായതുകൊണ്ട് ഇതിന്റെ ഭംഗി പൂർണ്ണതോതിൽ ആസ്വദിക്കാൻ കഴിയാതെ വരും.
മറ്റൊരു മനോഹരമായ ആകാശക്കാഴ്ച കാത്തിരിക്കുന്നത് ആഗസ്റ്റ് 18൹ പ്രഭാതത്തിലാണ്. തിളക്കമേറിയ രണ്ടു ഗ്രഹങ്ങൾ -ശുക്രനും വ്യാഴവും- അര ഡിഗ്രി അടുത്തു നിൽക്കുന്ന കാഴ്ച അന്നു കാണാൻ കഴിയും. അതിവിദൂരങ്ങളിലായിരിക്കുമ്പോൾ തന്നെ തോളോടുതോൾ ചേർന്നു നിൽക്കുന്ന അപൂർവ്വദൃശ്യം ! ഒരു ദൂരദർശിനി കൂടിയുണ്ടെങ്കിൽ ഇവക്കരികിലായി ബീഹിവ് ക്ലസ്റ്ററിനെയും കാണാം.
സന്ധ്യാകാശത്ത് പടിഞ്ഞാറു ഭാഗത്ത് ചൊവ്വയും ശനിയും തിളങ്ങി നിൽക്കും. 11 മണിവരെ ചൊവ്വയും 11.30മണിവരെ ശനിയും ആകാശത്തുണ്ടാവും. ചൊവ്വക്കു കുറച്ചു പടിഞ്ഞാറു ഭാഗത്തായി നീലമാണിക്യമായി ചിത്ര നക്ഷത്രയും കാണാം.
25നാണ് അമാവാസി. ക്ഷീരപഥത്തിന്റെ മനോഹാരിത ഈ  മാസത്തിലും നമ്മെ സന്തോഷിപ്പിക്കും.
തയ്യാറാക്കിയത് : ഷാജി അരിക്കാട്
shajiarikkad@gmail.com
കടപ്പാട് - See more at: http://luca.co.in/skymap_august_2014/#sthash.vY1ckNih.dpuf

No comments:

Post a Comment