Thursday, August 28, 2014

ചൊവ്വയ്ക്കരികെ മംഗള്‍യാന്‍

ചൊവ്വയ്ക്കരികെ മംഗള്‍യാന്‍

 
28.08.2014: ചരിത്രം തിരുത്തി ഇന്ത്യയുടെ സ്വന്തം മംഗള്‍യാന്‍ ചൊവ്വയ്ക്കരികിലേക്ക്... ലോകത്തിന്റെ കാത്തിരിപ്പ് മൂന്നാഴ്ചകൂടി. ചുവപ്പന്‍ ഗ്രഹത്തിന്റെ ചുരുളഴിക്കാന്‍ നിര്‍ണായക യാത്രയിലാണ് ഒരു മാരുതി കാറിന്റെ വലുപ്പമുള്ള ഈ ഉപഗ്രഹം. ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ചാന്ദ്രയാന്‍-1 ദൗത്യത്തിനുശേഷം ഐഎസ്ആര്‍ഒ നടത്തുന്ന ശ്രദ്ധേയ മുന്നേറ്റത്തെ ലോകമാകെ ഉറ്റുനോക്കുകയാണ്.പ്രതിബന്ധങ്ങളെല്ലാം അതിജീവിച്ചാല്‍ മംഗള്‍യാന്‍ സെപ്തംബര്‍ 24ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്കു കടക്കും. ഇതോടെ ആദ്യദൗത്യത്തില്‍തന്നെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ കൃത്യതയോടെ എത്തുന്ന ആദ്യ ഉപഗ്രഹമാകും മംഗള്‍യാന്‍ .

ചൊവ്വാ ദൗത്യം വിജയകരമാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇതോടെ ഇന്ത്യയും ഇടംനേടും. റഷ്യ, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് മുമ്പ് ഈ ദൗത്യത്തില്‍ വിജയം നേടിയവര്‍. എന്നാല്‍, ഈ രാജ്യങ്ങള്‍ ആദ്യ ദൗത്യത്തില്‍ വിജയംകണ്ടിരുന്നില്ല. ഇതുവരെയുണ്ടായ 51 ദൗത്യങ്ങളില്‍ 21 എണ്ണമേ വിജയിച്ചുള്ളു. ചൊവ്വയെ ഭ്രമണംചെയ്ത് വിവരശേഖരണതിനു പുറപ്പെട്ട 22 പേടകങ്ങളില്‍ ഒമ്പതെണ്ണം മാത്രമേ ലക്ഷ്യംകണ്ടുള്ളു. ചൊവ്വയുടെ ഉപരിതലത്തിലിറക്കാനുള്ള 10 ലാന്‍ഡര്‍ ദൗത്യങ്ങളില്‍ മൂന്നും ഏഴ് റോവര്‍ ദൗത്യങ്ങളില്‍ നാലുമേ വിജയത്തിലെത്തിയുള്ളു. കഴിഞ്ഞ നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ച മംഗള്‍യാന്‍ 85 ശതമാനത്തിലേറെ യാത്രയും പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ഭൂമിയില്‍നിന്ന് ഇത്രയും ദൂരം എത്തുന്ന ഇന്ത്യയുടെ ആദ്യ പേടകംകൂടിയാണിത്.

ചൊവ്വയുടെ 74 ലക്ഷം കിലോമീറ്റര്‍ അടുത്ത് മംഗള്‍യാന്‍ എത്തിക്കഴിഞ്ഞു. ഭൂമിയില്‍നിന്ന് 19 കോടി കിലോമീറ്റര്‍ അകലെയും. ഭൂമിയില്‍നിന്ന് പേടകത്തിലേക്കും തിരിച്ചും സിഗ്നല്‍ എത്താന്‍ 20 മിനിറ്റ് വേണ്ടിവരുന്നുണ്ട്. സൗരകേന്ദ്രീകൃത പാതയില്‍ സഞ്ചരിക്കുന്ന മംഗള്‍യാന്റെ വേഗം സെക്കന്‍ഡില്‍ 22.32 കിലോമീറ്ററായി ഉയര്‍ന്നുകഴിഞ്ഞു. പേടകത്തിന്റെ അവസാനവട്ട പാത തിരുത്തല്‍ പ്രവര്‍ത്തനം സെപ്തംബര്‍ 14 നാണ്. പേടകത്തിലെ ബൂസ്റ്റര്‍ റോക്കറ്റ് ജ്വലിപ്പിച്ചാണ് ഇതു സാധ്യമാക്കുക. ഐഎസ്ആര്‍ഒ സെന്ററായ ഇസ്ട്രാക്കില്‍നിന്നുള്ള സന്ദേശം സ്വീകരിച്ചാണ് പേടകം സ്വയം സഞ്ചാരപഥം തിരുത്തുക.

സെപ്തംബര്‍ 24ന് രാവിലെ 7.30ന് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലേക്കു പ്രവേശിക്കും. അതിവേഗത്തില്‍ പായുന്ന ഉപഗ്രഹത്തെ നിയന്ത്രിക്കാന്‍ എതിര്‍ദിശയില്‍ ലിക്വിഡ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കും. 22.8 മിനിറ്റ് 240 കിലോഗ്രാം ഇന്ധനമാണ് ഇതിനായി ജ്വലിപ്പിക്കുക. ഇതിനായി ഭൂമിയില്‍നിന്നുള്ള സന്ദേശം മൂന്നുദിവസം മുമ്പുതന്നെ ഉപഗ്രഹത്തിലെ സ്വയം നിയന്ത്രണ സംവിധാനത്തിലേക്ക് നല്‍കിയിരിക്കും. ഈ നിയന്ത്രണസംവിധാനങ്ങളുടെ വിജയം മംഗള്‍യാന്റെ ലക്ഷ്യത്തില്‍ നിര്‍ണായകമാണ്. പേടകത്തെ കുറഞ്ഞത് 327 കിലോമീറ്ററിനും കൂടിയ ദൂരമായ 80,000 കിലോമീറ്ററിനും ഇടയിലുള്ള നിശ്ചിത ഭ്രമണപഥത്തില്‍ ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ചൊവ്വയുടെ 327 കിലോമീറ്റര്‍ അടുത്തുവരെയെത്തി ചിത്രങ്ങളെടുക്കാനും വിവരങ്ങള്‍ ശേഖരിക്കാനും ഇതുമൂലം കഴിയും. അഞ്ച് പരീക്ഷണ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് ആറുമാസം ചൊവ്വയെ വലംവയ്ക്കും. മീഥൈന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള മീഥൈന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് ആണ് ഉപകരണങ്ങളില്‍ പ്രധാനം. ചൊവ്വയില്‍ ജലത്തിന്റെയും ജീവന്റെയും സാന്നിധ്യം തേടിയുള്ള യാത്രയില്‍ ചൊവ്വാരഹസ്യങ്ങളാകെ ചുരുള്‍നിവരുമെന്നാണ് പ്രതീക്ഷ. ഒക്ടോബറില്‍ ചൊവ്വയില്‍ പതിക്കാനിടയുള്ള ഒരു വാല്‍നക്ഷത്രം മംഗള്‍യാന് ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും ഇതിനെ കാര്യമാക്കേണ്ടെന്നാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍
 

Report by ദിലീപ് മലയാലപ്പുഴ See more at: http://www.deshabhimani.com/news-special-kilivathil-latest_news-394914.html#sthash.ZFpr0PLs.dpuf

No comments:

Post a Comment