Showing posts with label ഗ്യാലക്സി. Show all posts
Showing posts with label ഗ്യാലക്സി. Show all posts

Saturday, April 2, 2016

ആന്‍ഡ്രോമീഡ ഗ്യാലക്സിയില്‍ പള്‍സാറിനെ കണ്ടെത്തി

ആന്‍ഡ്രോമീഡ ഗ്യാലക്സിയില്‍ പള്‍സാറിനെ കണ്ടെത്തി
*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*_*
നഗരത്തിന്റെ പ്രകാശമലിനീകരണത്തില്‍ നിന്നകന്ന് ഗ്രാമങ്ങളിലെ തെളിഞ്ഞ ആകാശത്ത് വെറും കണ്ണു കൊണ്ട് കാണാന്‍ സാധിക്കുന്ന വിദൂര വസ്തുവായ ആന്‍ഡ്രോമീഡ ഗ്യാലക്സിയുടെ ഒരു വിശേഷം കൂടി കണ്ടെത്തിക്കഴിഞ്ഞു. ശക്തമായ ടെലിസ്കോപ്പുകളില്‍ നമ്മുടെ ഈ അയല്‍ഗ്യാലക്സിയെ മനോഹരമായി കാണാന്‍ സാധിക്കും. 2.537 മില്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള ഒരു ഗ്യാലക്സിക്കുള്ളില്‍ അതിശക്തമായ എക്സ്-റേ വികിരണങ്ങള്‍ പുറപ്പെടുവിക്കുന്ന പള്‍സാറുകള്‍ എന്നറിയപ്പെടുന്ന ഒരു ന്യൂട്രോണ്‍ നക്ഷത്രത്തെയാണ് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.
യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ (esa) XMM-Newton എക്സ്-റേ സ്പേസ് ഒബ്സര്‍വേറ്ററിയില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ഈ കണ്ടെത്തല്‍ നടത്തിയിട്ടുള്ളത്. 3XMM J004301.4+413017 എന്നാണ് ഈ ഡാറ്റക്ക് പേര് നല്‍കിയിരിക്കുന്നത്.



 
.
എന്താണ് ന്യൂട്രോൺ നക്ഷത്രങ്ങള്‍?
*_*_*_*_*_*_*_*_*_*_*_*_*_*_*_*
ഗുരുത്വാകർഷണ ഫലമായി തകർന്നടിയുന്ന പിണ്ഡമേറിയ നക്ഷത്രങ്ങളുടെ ബാക്കിപത്രമാണ്‌ ന്യൂട്രോൺ നക്ഷത്രങ്ങൾ‍. ടൈപ്പ് II നക്ഷത്രം, ടൈപ്പ് lb അല്ലെങ്കിൽ ടൈപ്പ് lc എന്നീതരത്തിൽപ്പെട്ട സൂപ്പർനോവ സ്ഫോടനങ്ങളുടെ ഫലമായാണ് ന്യൂട്രോൺ നക്ഷത്രം രൂപപ്പെടുന്നത്. ന്യൂട്രോൺ നക്ഷത്രങ്ങളുടെ ദ്രവ്യത്തിന്റെ ഭൂരിഭാഗവും ന്യൂട്രോണുകളായിരിക്കും അത് കൊണ്ടാണവയ്ക്ക് ഈ പേര്‌ കൈവന്നത്. ഉയർന്ന താപനിലയാണ്‌ ഇത്തരം നക്ഷത്രങ്ങള്‍ക്കുണ്ടാവുക. ഊർജ്ജോൽപാദനം നിലയ്ക്കുന്ന നക്ഷത്രങ്ങളുടെ അന്ത്യത്തിന്റെ വിവിധ രൂപങ്ങളിലൊന്നാണിത്.
.
സൗരപിണ്ഡത്തിന്റെ 1.35 മുതൽ 2.1 മടങ്ങ് വരെയായിരിക്കും സാധാരണയായി ന്യൂട്രോൺ നക്ഷത്രങ്ങളുടെ ദ്രവ്യമാനം. വ്യാസാർദ്ധം 20 കി.മീ നും 10 കി.മീ നു ഇടയിലായിരിക്കും, ഇതുമായി താരതമ്യം ചെയ്യുമ്പോൾ സൂര്യന്‌ 30,000 മുതൽ 70,000 വരെ ഇരട്ടി വലിപ്പമുണ്ട്. വലുപ്പത്തില്‍ ചെറുതെങ്കിലും പിണ്ഡത്തില്‍ അതിഭീമന്‍മാരാണ് ഇവ. ഏകദേശം 11 കിലോമീറ്റര്‍ വ്യാസമുള്ള ഒരു ന്യൂട്രോണ്‍ സ്റ്റാറിന് നമ്മുടെ സൂര്യന്റെ ഇരട്ടിയോളം പിണ്ഡമുണ്ടാകുമെന്ന് സാരം.
.
ഭാരം കൂടിയ നക്ഷത്രങ്ങളുടെ സൂപ്പർനോവ സ്ഫോടനത്തിനു ശേഷം അവയുടെ കാമ്പ് ഞെരുങ്ങി ന്യൂട്രോൺ നക്ഷത്രമായി പരിണമിക്കുന്നു, അവ അവയുടെ കോണീയ പരിക്രമണം നിലനിർത്തുകയും ചെയ്യുന്നു. മുമ്പത്തെ അവസ്ഥയേക്കാൾ വളരെ കുറഞ്ഞ വാസാർദ്ധം മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നതിനാൽ ന്യൂട്രോൺ നക്ഷത്രരൂപവത്കരണത്തോടെ അവ ഉയർന്ന വളരെ ഉയർന്ന ഭ്രമണനിരക്കിലായിരിക്കും, ഇത് കാലക്രമേണ പതിയെ കുറഞ്ഞുവരികയും ചെയ്യുന്നു. 1.40 മില്ലി സെക്കന്റ് മുതൽ 30 സെക്കന്റ് വരെയാണ് ഇവയുടെ ഭ്രമണവേഗത. ഉയർന്ന സാന്ദ്രതകാരണമായി ഇവയുടെ ഉപരിതല ഗുരുത്വാകഷണവും വളരെ ഉയർന്നതായിരിക്കും, 7 x 1012 m/s² വരെയാകും ഇത് സാധാരണ ഏതാനും 1012 m/s² ആയിരിക്കും (അതായത് ഭൂമിയുടേതിന്റെ 1011 മടങ്ങ്). ഇത്രയും വലിയ ഗുരുത്വമുണ്ടാകുന്നതിനാൽ തന്നെ അവയുടെ നിശ്ക്രമണ പ്രവേഗം ഏതാണ്ട് 100,000 കി.മീ/സെക്കന്റ് നു അടുത്ത് വരും ഇത് പ്രകാശവേഗതയുടെ 33% ശതമാനമാണ്‌. ഒരു ന്യൂട്രോൺ നക്ഷത്രത്തിന്റെ ആകർഷണത്തിൽ പെട്ട് അതിന്റെ ഉപരിതലത്തിലേക്ക് പതിക്കുന്ന ദ്രവ്യത്തിന്റെ വേഗത വളരെപ്പെട്ടെന്ന് ത്വരിതപ്പെടുന്നു. ഉയർന്ന വേഗതയിൽ പതിക്കുന്നതോടെ വസ്തു നിർമ്മിക്കപ്പെട്ട ആറ്റങ്ങൾ തകർപ്പെടുകയും അവ ന്യൂട്രോൺ നക്ഷത്രത്തിന്റെ ദ്രവ്യത്തിന്റെ സമാന അവസ്ഥയിലാവുകയും ചെയ്യുന്നു. നക്ഷത്രപരിണാമത്തിന്റെ അവസാന ഘട്ടത്തിൽ കാമ്പിലെ ഇരുമ്പിന് മർദ്ദം താങ്ങാനാകാതെ വരും. അപ്പോൾ അതിലെ ഇലക്ട്രോണുകളും പോട്രോണുകളും ചേർക്കപ്പെട്ട് ന്യൂട്രോണുകളായി മാറുന്നു. ഈ കാമ്പാണ് ന്യൂട്രോൺ നക്ഷത്രമായി മാറുന്നത്.
.


.
 പൾസാർ‌
*_*_*_*_*
സ്വയം ഭ്രമണം ചെയ്യുകയും റേഡിയോ തരംഗങ്ങളുടെ രൂപത്തിൽ വൈദ്യുതകാന്തീക വികിരണം പ്രസരിപ്പിക്കുന്ന അത്യധികം കാന്തീകരിക്കപ്പെട്ട ന്യൂട്രോൺ നക്ഷത്രങ്ങളെയാണ് പൾസാറുകൾ എന്ന് പറയുന്നത്. ഈ നക്ഷത്രങ്ങളുടെ ഭ്രമണത്തിടയിൽ ഇവയിൽ നിന്നുത്സർജ്ജിക്കുന്ന വികിരണപുഞ്ജം ഭൂമിക്കു നേരെ വരുമ്പോൾ മാത്രമാണ് നമുക്കു ദൃശ്യമാകുകയുള്ളു. ഇതുകൊണ്ടാണ് ഇവക്ക് പൾസാറുകൾ എന്ന പേര് ലഭിച്ചത്. തരംഗങ്ങളുടെ ഇടവേള 1.5 മില്ലീ.സെ മുതൽ 8.5 സെ വരെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ ആവർത്തിക്കുന്നതിനാൽ ഇതിനെ ലൈറ്റ്‌ഹൗസ് പ്രതിഭാസം എന്നു പറയുന്നു.  ഇത്തരത്തില്‍ ആദ്യമായി ഒരു തരംഗങ്ങളെ കണ്ടെത്തുന്നത് 1967ല്‍ ആണ്. പള്‍സാറുകള്‍ കണ്ടെത്തിയ ശേഷമാണ് ഇവ ന്യൂട്രോണ്‍ സ്റ്റാറുകള്‍ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത് എന്ന് കണ്ടെത്തുന്നത്. വളരെയധികം സാന്ദ്രത കൂടിയ ഖഗോള വസ്തുക്കളാണ് ന്യൂട്രോൺ നക്ഷത്രങ്ങൾ, അത് കൊണ്ട് തന്നെ പൾസാറുകളുടെ ഭ്രമണത്തിന്റെയും കൂടെ പ്രസരിപ്പിക്കപ്പെടുന്ന വികിരണത്തിന്റെയും ഇടവേള വളരെ കൃത്യമാണ്, എത്രതോളമെന്നാൽ അവയിൽ ചിലതിന്റെ ഇടവേളകളുടെ കൃത്യത ആറ്റോമിക ഘടികാരങ്ങളോളം തുല്യമാണ്. വലിയ മാസുള്ള നക്ഷത്രങ്ങൾ പൊട്ടിത്തെറിച്ചാൽ അത് ന്യൂട്രോൺ നക്ഷത്രമായി മാറും. ഇവയിൽ ചിലതാണ് പൾസാറായി മാറുന്നത്.
.



നമ്മുടെ ഗ്യാലക്സിയില്‍ ഇത്തരത്തിലുള്ള ഏകദേശം നൂറ് മില്യണ്‍ നക്ഷത്രങ്ങളെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മറ്റൊരു ഗ്യാലക്സിയില്‍ നിന്നുള്ള ആദ്യത്തെ കണ്ടുപിടുത്തം ആണിത്. ബൈനറി സ്റ്റാര്‍ സിസ്റ്റത്തിലാണ് ഇവയെ വേഗത്തില്‍ കണ്ടെത്താനാവുക. അടുത്ത നക്ഷത്രത്തിലെ ദ്രവ്യം വലിച്ചെടുക്കുമ്പോള്‍ ഊര്‍ജ്ജം അതിശക്തമായ എക്സ്-റേ വികിരണങ്ങളായി പ്രവഹിക്കുന്നു. ഇപ്പോള്‍ കണ്ടെത്തിയ ന്യൂട്രോണ്‍ സ്റ്റാര്‍ 1.2 സെക്കന്റില്‍  സ്വയം ഭ്രമണം പൂര്‍ത്തിയാക്കുന്നു.
.
1999 ല്‍ വിക്ഷേപിച്ച XMM-Newton X-ray space observatoryയും 2028ല്‍ വിക്ഷേപിക്കാനിരിക്കുന്ന അഥീന (Advanced Telescope for High Energy Astrophysics) ഒബ്സര്‍വേറ്ററിയും ഇത്തരത്തിലുള്ള നിരവധി വസ്തുക്കളെ കണ്ടെത്താന്‍ സഹായിക്കുമെന്ന് ഇസയുടെ XMM-Newton പ്രൊജക്ടിലെ ശാസ്ത്രജ്ഞനായ നോര്‍ബെര്‍ട്ട് ഷെര്‍ട്ടല്‍ പറഞ്ഞു.
.
റഫറന്‍സ് : "EXTraS discovery of an 1.2-s X-ray pulsar in M31" by P. Esposito et al., is published in the Monthly Notices of the Royal Astronomical Society, Volume 457, pp L5-L9, Issue 1, March 21, 2016.
.
ചിത്രം കടപ്പാട്: esa
Date: 31 March 2016, Satellite: XMM-Newton, Copyright: Andromeda: ESA/Herschel/PACS/SPIRE/J. Fritz, U. Gent/XMM-Newton/EPIC/W. Pietsch, MPE; data: P. Esposito et al. (2016)
.
അധിക വായനക്കുള്ള ലിങ്കുകള്‍:
http://sci.esa.int/xmm-newton/
http://sci.esa.int/xmm-newton/57661-found-andromeda-s-first-spinning-neutron-star/
https://en.wikipedia.org/wiki/XMM-Newton
https://en.wikipedia.org/wiki/Neutron_star
.
റിപ്പോര്‍ട്ട് തയ്യാറാക്കിയത് : ബ്രിജേഷ് പൂക്കോട്ടൂര്‍

Friday, March 4, 2016

അറിയപ്പെടുന്നതില്‍ ഏറ്റവും അകലെയുള്ള ഗാലക്‌സി കണ്ടെത്തി

അറിയപ്പെടുന്നതില്‍ ഏറ്റവും അകലെയുള്ള ഗാലക്‌സി കണ്ടെത്തി



പ്രപഞ്ചത്തില്‍ ഇതുവരെ അറിയപ്പെടുന്നതില്‍ ഏറ്റവും അകലെയുള്ള ഗാലക്‌സി ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെ സഹായത്തോടെ ഗവേഷകര്‍ കണ്ടെത്തി. പ്രാപഞ്ചിക ദൂരത്തിന്റെ കാര്യത്തില്‍ പുതിയ റിക്കോര്‍ഡിട്ടുകൊണ്ടാണ്, 1340 കോടി പ്രകാശവര്‍ഷം അകലെയുള്ള ഗാലക്‌സി തിരിച്ചറിഞ്ഞത്. മഹാവിസ്‌ഫോടം വഴി പ്രപഞ്ചമുണ്ടായി വെറും 40 കോടി വര്‍ഷം കഴിഞ്ഞപ്പോള്‍ രൂപംകൊണ്ട ഗാലക്‌സിയാണ് 'ഉര്‍സ മേജര്‍' ( Ursa Major) നക്ഷത്രഗണത്തിന്റെ ദിശയില്‍ ഗവേഷകര്‍ കണ്ടെത്തിയത്. GN-z11 എന്നാണ് ഗാലക്‌സിയുടെ പേര്. പ്രപഞ്ചത്തിന് വെറും മൂന്ന് ശതമാനം മാത്രം പ്രായമുണ്ടായിരുന്ന കാലത്ത് രൂപപ്പെട്ട ഗാലക്‌സിയാണതെന്ന്, പഠനത്തിന് നേതൃത്വം നല്‍കിയ പാസ്‌കല്‍ ഓഷ്ച് പറഞ്ഞു. യു.എസില്‍ ന്യൂ ഹവനില്‍ യേല്‍ സര്‍വ്വകലാശാലയിലെ ഗവേഷകനാണ് അദ്ദേഹം. കാലത്തിലൂടെ പിന്നോട്ട് പോകുന്ന അനുഭവമാണ് വിദൂരഗാലക്‌സിയുടെ കണ്ടെത്തല്‍ നല്‍കുന്നതെന്ന് ഓഷ്ച് അറിയിക്കുന്നു. 'ദി അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലില്‍' കണ്ടെത്തലിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. 1310 കോടി പ്രകാശവര്‍ഷമകലെ സ്ഥിതിചെയ്യുന്ന ഒരു പ്രാചീന ഗാലക്‌സിയെ കഴിഞ്ഞ വര്‍ഷം ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ആ റിക്കോര്‍ഡാണ് പുതിയ കണ്ടെത്തലോടെ പുതുക്കപ്പെട്ടിരിക്കുന്നത്.
.



ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ ഇത്രയും ചെറുപ്പത്തിലുള്ള കാഴ്ചകളില്‍ എത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷിച്ചില്ല. ഹബ്ബിളിന്റെ പിന്‍ഗാമിയായ 'ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പി'നേ അത് കഴിയൂ എന്നായിരുന്നു കരുതിയിരുന്നത്.

[റിപ്പോര്‍ട്ട് കടപ്പാട്: മാതൃഭൂമി വെബ്)
ചിത്രങ്ങള്‍ക്ക് കടപ്പാട് - വിക്കിമീഡിയ, ഹബിള്‍ സൈറ്റ്]
.
കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക,
http://hubblesite.org/newscenter/archive/releases/cosmology/distant-galaxies/2016/07/
.
https://en.wikipedia.org/wiki/List_of_the_most_distant_astronomical_objects
.
പഴയ ഒരു പോസ്റ്റ് - http://astromaars.blogspot.in/2015/05/blog-post_77.html
.
ഹബിള്‍ സ്പേസ് ടെലിസ്കോപ്പിനെക്കുറിച്ച് - http://astromaars.blogspot.in/2015/04/25.html

Thursday, May 7, 2015

അറിയപ്പെടുന്നതില്‍ ഏറ്റവും അകലെയുള്ള ഗാലക്‌സി കണ്ടെത്തി

അറിയപ്പെടുന്നതില്‍ ഏറ്റവും അകലെയുള്ള ഗാലക്‌സി കണ്ടെത്തി


അറിയപ്പെടുന്നതില്‍ ഏറ്റവും അകലെയുള്ള ഗാലക്‌സിയെ ഒരു അന്താരാഷ്ട്ര ഗവേഷകസംഘം കണ്ടെത്തി. പ്രപഞ്ചത്തിന് പ്രായം വെറും 67 കോടി വര്‍ഷം മാത്രമുള്ളപ്പോള്‍ രൂപപ്പെട്ട ഗാലക്‌സിയാണ് ഗവേഷകര്‍ കണ്ടെത്തിയത്. 

ഹാവായില്‍ കെക് ഒബ്‌സര്‍വേറ്ററിയില്‍ നടന്ന നിരീക്ഷണത്തിലാണ് EGS-zs8-1 എന്ന ഗാലക്‌സിയെ തിരിച്ചറിഞ്ഞത്. ആദിമ പ്രപഞ്ചത്തിലെ ഏറ്റവും കൂടുതല്‍ ദ്രവ്യമാനവും തിളക്കമേറിയതുമായ ഒന്നായിരുന്നു ഈ ഗാലക്‌സിയെന്ന് ഗവേഷര്‍ പറയുന്നു.

പുതിയതായി കണ്ടെത്തിയ ഗാലക്‌സിയില്‍നിന്ന് പ്രകാശത്തിന് ഇവിടെയെത്താന്‍ 1300 കോടി വര്‍ഷം സഞ്ചരിക്കണമെന്ന് ഗവേഷകര്‍ പറയുന്നു. എന്നുവെച്ചാല്‍, ഗാലക്‌സിയുടെ 1300 കോടി വര്‍ഷംമുമ്പുള്ള ദൃശ്യമാണ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 

നിലവില്‍ ആകാശഗംഗയില്‍ നക്ഷത്രങ്ങള്‍ പിറക്കുന്നതിലും 80 മടങ്ങ് വേഗത്തില്‍ നക്ഷത്രജനനം നടക്കുന്ന അവസ്ഥയിലാണ് പുതിയതായി കണ്ടെത്തിയ ഗാലക്‌സിയെന്ന്, 'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലി'ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. യേല്‍ സര്‍വകലാശാലയിലെ പാസ്‌കല്‍ ഓഷ്ചിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പഠനം നടത്തിയത്.

വിദൂരഗാലക്‌സികളെ കണ്ടെത്താന്‍ ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പും സ്പിറ്റ്‌സര്‍ ടെലിസ്‌കോപ്പും നടത്തിയ സര്‍വ്വേയുടെ അനന്തരഫലമായാണ്, ഇപ്പോള്‍ തിരിച്ചറിഞ്ഞ വിദൂരഗാലക്‌സിയെ കണ്ടെത്താന്‍ കഴിഞ്ഞത്. 

കെക് ഒബ്‌സര്‍വേറ്ററിയിലെ 10 മീറ്റര്‍ വ്യാസമുള്ള ടെലിസ്‌കോപ്പുകളിലൊന്നായ 'കെക് 1' ( Keck 1 ) ലെ 'മോസ്ഫയര്‍' ( MOSFIRE ) ഉപകരണംകൊണ്ടുള്ള നിരീക്ഷണത്തിലാണ് വിദൂരഗാലക്‌സിയുടെ വിശദാംശങ്ങള്‍ ലഭ്യമായത് (ചിത്രം കടപ്പാട്: NASA, ESA).

http://www.mathrubhumi.com/technology/science/most-distant-galaxy-astronomy-keck-observatory-universe-science-544046/

Saturday, July 26, 2014

പുതിയ നക്ഷത്ര സമൂഹം


പുണെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സിലെ (IUCAA) ശാസ്ത്രജ്ഞനായ ഡോ. ജൊയ്ദീപ് ബാഗ്ചിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ഏറെ അപൂര്‍വതകളുള്ള ഗ്യാലക്സി (2MASX J 23453268 0449256) കണ്ടെത്തി. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും നീളംകൂടിയ റേഡിയോ ജെറ്റുകളുള്ള സര്‍പ്പിള ഗ്യാലക്സിയാണിത് (Spiral Galaxy). ഭൂമിയില്‍നിന്ന് 112 കോടി പ്രകാശവര്‍ഷം അകലെയുള്ള ഈ ഗ്യാലക്സിയില്‍നിന്നുള്ള റേഡിയോ ജെറ്റുകള്‍ക്ക് 52 ലക്ഷം പ്രകാശവര്‍ഷം നീളമുണ്ട്. സാധാരണഗതിയില്‍ സ്പൈറല്‍ ഗ്യാലക്സികളില്‍നിന്നുള്ള റേഡിയോ ജെറ്റുകള്‍ക്ക് വളരെ കുറഞ്ഞ ദൈര്‍ഘ്യമേ ഉണ്ടാകാറുള്ളു.

ഗ്യാലക്സികളുടെ മധ്യത്തിലുള്ള തമോദ്വാരങ്ങള്‍ ചുറ്റുപാടുനിന്ന് ദ്രവ്യത്തെ വലിച്ചെടുക്കുമ്പോള്‍, കാന്തികവലയത്തില്‍പ്പെട്ട് അതിവേഗം പുറത്തേക്കു തെറിക്കുന്ന ഇലക്ട്രോണുകളാണ് റേഡിയോ ജെറ്റുകള്‍ എന്ന പ്രതിഭാസത്തിനു പിന്നില്‍. സ്പൈറല്‍ ഗ്യാലക്സികളില്‍ സാധാരണഗതിയില്‍ കുറഞ്ഞ പിണ്ഡമുള്ള തമോദ്വാരങ്ങള്‍ ആയതുകൊണ്ടുതന്നെ വലിയ റേഡിയോ ജെറ്റുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാല്‍, ഈ ഗ്യാലക്സിയുടെ വര്‍ണരാജി വിശകലനത്തില്‍ നിന്നു മനസ്സിലാക്കാനായത് ഇതിന്റെ കേന്ദ്രത്തില്‍ 20 കോടി സൗരപിണ്ഡത്തിനു തുല്യമായ പിണ്ഡമുള്ള ഒരു തമോദ്വാരം ഉണ്ടെന്നാണ്! സാധാരണ ഗ്യാലക്സികളിലുള്ളതുപോലെ ഗോളാകൃതിയിലുള്ള ദ്രവ്യവിന്യാസം ഇതിന്റെ കേന്ദ്രത്തില്‍ ഇല്ല എന്നുള്ളത് ഈ ഗ്യാലക്സിയുടെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഇത് സ്യൂഡോബള്‍ജ് ഗണത്തില്‍പ്പെടുന്ന സ്പൈറല്‍ ഗ്യാലക്സിയാണ്. ഒരു സ്യൂഡോ ബള്‍ജ് ഗ്യാലക്സിയില്‍ ഇത്രയധികം പിണ്ഡമുള്ള തമോദ്വാരം എങ്ങനെയുണ്ടായി എന്നത് ഇനിയും വിശദീകരിക്കപ്പെടേണ്ടതുണ്ട്.


ഇതുകൂടാതെ ഈ ഗ്യാലക്സിയുടെ കറക്കവേഗവും സാധാരണ ഗ്യാലക്സികളെക്കാള്‍ വളരെ കൂടുതലാണ്. പുണെയിലുള്ള ജയന്റ് മീറ്റര്‍വേവ് റേഡിയോ ടെലസ്കോപ്പിന്റെയും, ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സിന്റെ കീഴിലുള്ള ഐയുക്ക ഗിരാവലി ഒബ്സര്‍വേറ്ററിയുടെയും സഹായത്തോടുകൂടിയായിരുന്നു ഈ കണ്ടുപിടിത്തം. ഗവേഷണസംഘത്തിലെ നാലു പേര്‍ മലയാളികളാണ്. ഐയുക്കയിലെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ഫെലോ ആയ ഡോ. എം വിവേക്, പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ഫെലോ ആയ ഡോ. വി വിനു, തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ അധ്യാപകനായ ഡോ. ജോ ജേക്കബ്, വയനാട് മുട്ടില്‍ ഡബ്ല്യുഎംഒ കോളേജിലെ അധ്യാപകനായ കെ ജി ബിജു എന്നിവരാണ് ഗവേഷണ സംഘത്തിലെ മലയാളികള്‍. ശാസ്ത്രസംഘത്തിന്റെ ഗവേഷണ റിപ്പോര്‍ട്ട് അമേരിക്കന്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ പ്രസിദ്ധീകരണമായ അസ്ട്രോഫിസിക്കല്‍ ജേര്‍ണലിന്റെ 2014 ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഐയുക്ക ഗിരാവലി ഒബ്സര്‍വേറ്ററി 

 

പുണെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സിന്റെ നിയന്ത്രണത്തിലുള്ളതും ദൃശ്യപ്രകാശം ആധാരമാക്കി പ്രവര്‍ത്തിക്കുന്നതുമായ ദൂരദര്‍ശിനിയാണ് ഐയുക്ക ഗിരാവലി ഒബ്സര്‍വേറ്ററി. പുണെയില്‍നിന്ന് 80 കി.മീ ദൂരെ പുണെ-നാസിക് ഹൈവേയിലുള്ള ഗിരാവലി ഗ്രാമത്തിലാണ് ഈ നിരീക്ഷണകേന്ദ്രമുള്ളത്. ഐയുക്കയിലെ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകവിദ്യാര്‍ഥികള്‍ക്കും വിവിധ പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വേണ്ടിയാണ് ഈ ദൂരദര്‍ശിനി സ്ഥാപിച്ചിട്ടുള്ളത്. ഐയുക്ക കാമ്പസിനു സമീപമാണ് ദൂരദര്‍ശിനിയുള്ളത്. നിര്‍മാണത്തിനുള്ള ഫണ്ട് നല്‍കിയത് യൂണിവേഴ്സിറ്റി ഗ്രാന്റ് കമീഷനാണ്. ഐയുക്കയിലെ ശാസ്ത്രജ്ഞരാണ് നിര്‍മാണത്തിന് ചുക്കാന്‍പിടിച്ചത്.

2006 ഫെബ്രുവരി 14ന് നിര്‍മാണം പൂര്‍ത്തിയായ ഒബ്സര്‍വേറ്ററിയുടെ ഉദ്ഘാടനം 2006 മെയ് 13ന് പ്രൊഫ. യശ്പാല്‍ നിര്‍വഹിച്ചു. 2006 നവംബര്‍ മുതല്‍ ഗിരാവലി ഒബ്സര്‍വേറ്ററിയില്‍ സ്ഥിരമായി ആകാശനിരീക്ഷണം നടക്കുന്നുണ്ട്. 200 സെന്റീമീറ്റര്‍ വ്യാസമുള്ള മുഖ്യദര്‍പ്പണമാണ് ഈ ഒപ്റ്റിക്കല്‍ ദൂരദര്‍ശിനിയുടെ പ്രധാന സവിശേഷത. സെക്കന്‍ഡറി മീററിന്റെ വ്യാസം 62 സെന്റീമീറ്ററാണ്. ഐയുക്കയില്‍ നിര്‍മിച്ച ഐയുക്ക ഫെയിന്റ് ഒബ്ജക്ട് സ്പേക്ട്രോഗ്രാഫ് ആന്‍ഡ് ക്യാമറ യാണ് ദൂരദര്‍ശിനിയിലെ പ്രധാന അനുബന്ധ ഉപകരണം. വളരെ ഉയര്‍ന്ന ചുമപ്പുനീക്കം പ്രദര്‍ശിപ്പിക്കുന്ന വളരെ മങ്ങിയ ഖഗോള പിണ്ഡങ്ങളുടെ വ്യക്തമായ ചിത്രങ്ങളെടുക്കാന്‍ ഈ ഉപകരണത്തിനു കഴിയും. കൂടാതെ 1340x1300 പിക്സലുള്ള ഒരു പ്രിന്‍സ്ടണ്‍ സിസിഡി ക്യാമറയും ദൂരദര്‍ശിനിയിലുണ്ട്.


ജയന്റ് മീറ്റര്‍വേവ് റേഡിയോ ടെലസ്കോപ്പ് 



മീറ്റര്‍വേവ് ലെങ്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദര്‍ശിനിയാണ് ജിഎംആര്‍ടി. പുണെയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള നാരായണന്‍ഗോണ്‍ ഗ്രാമത്തിലാണ് ജിഎംആര്‍ടി സ്ഥാപിച്ചിട്ടുള്ളത്. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള നിരവധി ജ്യോതിശാസ്ത്രജ്ഞര്‍ ജിഎംആര്‍ടിയുടെ സഹായത്തോടെ ഗ്യാലക്സികളെക്കുറിച്ചും സൗരപ്രതിഭാസത്തെക്കുറിച്ചും പഠനങ്ങള്‍ നടത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ റേഡിയോ ദൂരദര്‍ശിനിയായ വിഎല്‍എ യുടെ മൂന്നിരട്ടി കലക്ടിങ് ഏരിയയുണ്ട് ജിഎംആര്‍ടിക്ക്. അനുബന്ധ ഉപകരണങ്ങള്‍ എട്ടു മടങ്ങ് സംവേദനക്ഷമമാണ്. 25 കിലോമീറ്റര്‍വീതം നീളമുള്ള കരങ്ങളില്‍ ഥആകൃതിയില്‍ ക്രമീകരിച്ചിരിക്കുന്ന 30 ഡിഷ് ആന്റിനകള്‍, ഓരോ ആന്റിനയിലും സ്വതന്ത്രമായി തിരിയുന്ന നാലുവീതം റിസീവറുകള്‍, ഡിഷിന്റെ വ്യാസമാകട്ടെ 45 മീറ്ററുമാണ്. മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഭാഗമായ നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ അസ്ട്രോഫിസിക്സ് ആണ് ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.

ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെയും എന്‍ജിനിയര്‍മാരുടെയും സവിശേഷ സൃഷ്ടിയായ സ്മാര്‍ട്ട് സാങ്കേതികവിദ്യയില്‍ നിര്‍മിച്ചിട്ടുള്ള സ്റ്റീല്‍ വയറുകള്‍ ഉപയോഗിക്കുന്ന റേഡിയോ ആന്റിനകള്‍ ഇന്ത്യയിലെ കാലാവസ്ഥയ്ക്ക് തികച്ചും അനുയോജ്യമാണ്. ട്രാന്‍സിയന്‍സ് (അതിവേഗത്തില്‍ അകന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഖഗോ പ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠനം), ഗ്യാലക്സി രൂപീകരണം, പള്‍സാറുകളെയുംന്യൂട്രോണ്‍ താരങ്ങളെയും കുറിച്ചുള്ള പഠനം, റേഡിയോ ഗ്യാലക്സികളായ ബ്ലേയ്സറുകളെക്കുറിച്ചുള്ള പഠനം, സൂപ്പര്‍നോവാ സ്ഫോടനം, സൗരപ്രതിഭാസങ്ങള്‍ എന്നിവയെല്ലാം ജിഎംആര്‍ടിയുടെ പരിധിയില്‍വരും. പുണെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സ് ജിഎംആര്‍ടിക്കു സമീപമാണ്. വെബ്സൈറ്റ്:-
http://www.gmrt.ncra.tifr.res.in

http://www.deshabhimani.com/periodicalContent5.php?id=1327