Monday, June 30, 2014

വിദേശ ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി കുതിച്ചു...ചെന്നൈ: അഞ്ചു വിദേശ ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒയുടെ പി എസ്എല്‍വിസി23 ഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് രാവിലെ 9.52ന് നടത്തിയ വിക്ഷേപണം പൂര്‍ണ വിജയമാണ്. കുതിച്ചുയര്‍ന്ന് 20 മിനിറ്റായപ്പോള്‍ ആദ്യ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചു.

ഫ്രാന്‍സ്, ജര്‍മനി, കാനഡ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടെ അഞ്ചു ഉപഗ്രഹങ്ങളാണ് ഇന്ത്യ ബഹിരാകാശത്ത് എത്തിച്ചത്. ഫ്രാന്‍സിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ സ്പോട്ട് 7, കാനഡയുടെ കാന്‍ എക്സ് 4, കാന്‍ എക്സ് 5, ജര്‍മനിയുടെ എയ്സാറ്റ്, സിംഗപ്പൂരിന്റെ വെലോസാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് പി എസ് എല്‍ വി 23 സി ഭ്രമണപഥത്തിലെത്തിച്ചു. ഇതിനകം 33 വിദേശ ഉപഗ്രഹങ്ങള്‍ ഇന്ത്യ ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്.

ബഹിരാകാശ രംഗത്ത് ഇന്ത്യ വന്‍ ശക്തിയാകുന്നതിന്റെ സൂചനയായാണ് പിഎസ്എല്‍സിയുടെ ഈ നേട്ടമെന്ന് വിക്ഷേപണത്തിനു സാക്ഷ്യം വഹിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. അഭിമാനകരമായ ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അദ്ദേഹം അഭിനന്ദിച്ചു. വാണിജ്യാടിസ്ഥാനത്തിലുള്ള ഇത്തരം വിക്ഷേപണങ്ങള്‍ രാജ്യത്തിന് മുതല്‍കൂട്ടാകും. അയല്‍രാജ്യങ്ങള്‍ക്കു കൂടി ഉപകാരപ്പെടുന്ന സാര്‍ക്ക് സാറ്റലൈറ്റുകള്‍ നിര്‍മ്മിക്കണമെന്നും മോഡി പറഞ്ഞു.

വിക്ഷേപണം കാണാന്‍ ഞായറാഴ്ച തന്നെ മോഡി ശ്രീഹരിക്കോട്ടയില്‍ എത്തിയിരുന്നു. പ്രത്യേക വിമാനത്തില്‍ ചെന്നൈയില്‍ എത്തിയ പ്രധാനമന്ത്രി മുഖ്യമന്ത്രി ജയലളിതയുമായുള്ള ഹ്രസ്വ യോഗത്തിനു ശേഷമാണ് ഹെലികോപ്റ്ററില്‍ ശ്രീഹരിക്കോട്ടയില്‍ എത്തിയത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്റെ നേതൃതത്തിലുള്ള ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തി.


http://www.deshabhimani.com/newscontent.php?id=475196

ബഹിരാകാശരംഗത്ത് ഇന്ത്യ ലോകശക്തി: പ്രധാനമന്ത്രി
ശ്രീഹരിക്കോട്ട (ആന്ധ്രാപ്രദേശ്): ബഹിരാകാശരംഗത്ത് ഇന്ത്യ ലോകശക്തിയാണെന്നും, വികസിത രാജ്യങ്ങളുടെ അഞ്ച് ഉപഗ്രഹങ്ങള്‍ പി എസ് എല്‍ വി 23 സി റോക്കറ്റിന് ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിഞ്ഞത് ഇന്ത്യ കൈവരിച്ച മുന്നേറ്റത്തിന് തെളിവാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. 

ഈരംഗത്തെ പ്രമുഖരാണ് തങ്ങളെന്ന് ഇന്ത്യ തെളിയിച്ചുകഴിഞ്ഞിരിക്കുകയാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ കേന്ദ്രത്തില്‍ പി എസ് എല്‍ വി വിക്ഷേപണത്തിന് സാക്ഷ്യംവഹിച്ചശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

ലോകത്തെ ഏറ്റവും ചിലവുകുറഞ്ഞ ബഹിരാകാശ സാങ്കേതികവിദ്യയാണ് ഇന്ത്യ വികസിപ്പിച്ചിട്ടുള്ളഥെന്ന് അദ്ദേഹം പറഞ്ഞു. ഹോളിവുഡ് ചിത്രമായ 'ഗ്രാവിറ്റി'യുടെ നിര്‍മ്മാണ ചിലവിനെക്കാള്‍ കുറവാണ് ഇന്ത്യയുടെ ചൊവ്വാദൗത്യത്തിനെന്ന് മോദി ചൂണ്ടിക്കാട്ടി. 

നിരവധി പ്രതിബന്ധങ്ങള്‍ അതിജീവിച്ചാണ് ഇന്ത്യ ബഹിരാകാശ സങ്കേതികവിദ്യയില്‍ മുന്നേറ്റം നടത്തിയത്. ലളിതമായിട്ടായിരുന്നു തുടക്കം. എല്ലാ പരിമിതികളെയും അതിജീവിച്ച് മുന്നേറാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.

ബഹിരാകാശ രംഗത്തെ ഗവേഷണം കാര്യക്ഷമമായി തുടരണം. സാധാരണക്കാരുടെ ജീവിതത്തിലും ഉപഗ്രഹ സാങ്കേതികവിദ്യ മാറ്റങ്ങള്‍ വരുത്തും.

പി എസ് എല്‍ വി വിക്ഷേപണത്തിന് സാക്ഷ്യംവഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മോദി പറഞ്ഞു. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും സാങ്കേതികവിദഗ്ധരെയും ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു.

http://www.mathrubhumi.com/story.php?id=465666

പി എസ് എല്‍ വി 23 സി വിജയകരമായി വിക്ഷേപിച്ചുചെന്നൈ: പി.എസ്.എല്‍.വി 23 സി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ ആയിരുന്നു വിക്ഷേപണം. ഫ്രാന്‍സ്, ജര്‍മനി, കാനഡ, സിംഗപ്പുര്‍ എന്നീ രാഷ്ട്രങ്ങളുടെ ഉപഗ്രഹങ്ങള്‍ പി.എസ്.എല്‍.വി 23 സി ഭ്രമണപഥത്തിലെത്തിച്ചു.

ഫ്രാന്‍സിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ സ്‌പോട്ട് 7, കാനഡയുടെ കാന്‍ എക്‌സ് 4, കാന്‍ എക്‌സ് 5, ജര്‍മനിയുടെ എയ്‌സാറ്റ്, സിംഗപ്പൂരിന്റെ വെലോസാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് പി. എസ്.എല്‍.വി 23 സി വഹിച്ചത്. ബഹിരാകാശ ഗവേഷണ വിപണിയില്‍ ഇന്ത്യയുടെ മുന്നേറ്റം അടയാളപ്പെടുത്തുന്ന സംരംഭമാണിതെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതുവരെ 35 വിദേശ ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ. ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്.

പ്രത്യേക വിമാനത്തില്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ് നാല് മണിയോടെ ചെന്നൈയിലെത്തിയ പ്രധാനമന്ത്രി ഹെലിക്കോപ്റ്റര്‍ മാര്‍ഗമാണ് ശ്രീഹരിക്കോട്ടയിലെത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹമാണ് ചെന്നൈയിലും ശ്രീഹരിക്കോട്ടയിലും ഒരുക്കിയിരുന്നു. വിക്ഷേപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

http://www.mathrubhumi.com/story.php?id=465665

Wednesday, June 25, 2014

മംഗള്‍യാന്‍ ഭൂമിയില്‍നിന്ന് 117 മില്യണ്‍ കിലോമീറ്റര്‍ അകലെയെത്തി

ബാംഗ്ലൂര്‍: ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ പേടകമായ മംഗള്‍യാന്‍ ഭൂമിയില്‍നിന്ന് 117 മില്യണ്‍ കിലോമീറ്റര്‍ അകലത്തിലായി. ലക്ഷ്യത്തിലെത്താന്‍ അടുത്ത 92 ദിവസത്തിനുള്ളില്‍ 24 മില്യണ്‍ കിലോമീറ്റര്‍കൂടി സഞ്ചരിക്കണം. പേടകത്തില്‍നിന്ന് വിവരം ഭൂമിയിലെത്താന്‍ ആറ്് മിനിറ്റും മുപ്പത് സെക്കന്‍ഡുമാണ് ഇപ്പോള്‍ വേണ്ടിവരുന്നതെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. ചൊവ്വയുടെ ഭ്രമണ പഥത്തിലേക്ക് കടക്കാന്‍ ഇനിയുള്ള 92 ദിവസം നിര്‍ണായകമാണ്. 

സഞ്ചാരപഥത്തിലെ രണ്ടാം തിരുത്തല്‍ ഐ.എസ്.ആര്‍.ഒ. വിജയകരമായി നടപ്പാക്കിയത് ജൂണ്‍ പതിനൊന്നിനാണ്. അന്നേദിവസം വൈകിട്ട് 4.30-ന് പേടകത്തിലെ നാല് ചെറു റോക്കറ്റുകള്‍ 16 സെക്കന്‍ഡ് ജ്വലിപ്പിച്ചാണ് നിശ്ചിത സഞ്ചാരപഥത്തിലേക്ക് മാറ്റിയത്. 

മാറ്റം വരുത്തിയ സഞ്ചാരപഥത്തിലൂടെ സഞ്ചരിച്ചാണ് പേടകം സപ്തംബര്‍ 24-ന് ചൊവ്വയില്‍ പ്രവേശിക്കുന്നത്. 2013 ഡിസംബര്‍ ഒന്നിനാണ് മംഗള്‍യാനെ ചൊവ്വയിലേക്കുള്ള സഞ്ചാരപഥത്തിലേക്ക് മാറ്റിയത്. ഡിസംബര്‍ മൂന്നിന് ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തിന്റെ പരിധിയായ 9.75 ലക്ഷം കിലോമീറ്റര്‍ ഭേദിച്ച പേടകത്തെ ആദ്യമായാണ് സഞ്ചാരപഥ തിരുത്തലിന് വിധേയമാക്കിയത്. സൂര്യന്റെ ഗുരുത്വാകര്‍ഷണ വലയത്തിലൂടെ സഞ്ചരിക്കുന്ന പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്ന 2014 സപ്തംബര്‍ 24-ാണ് ഇനി ഏറെ നിര്‍ണായകം. 
ഒമ്പതുമാസം എടുത്താണ് പേടകം ചൊവ്വയെ ചുറ്റാനായി എത്തുന്നത്. 

ദീര്‍ഘവൃത്തത്തിലുള്ളതാണ് ഭ്രമണപഥം. ചൊവ്വയോട് ഏറ്റവും അടുക്കുമ്പോള്‍ ദൂരം 372 കിലോമീറ്ററും ഏറ്റവും അകലുമ്പോള്‍ എണ്‍പതിനായിരം കിലോമീറ്ററുമായിരിക്കും അകലം. ചൊവ്വാദൗത്യത്തിന് 450 കോടി രൂപയാണ് ചെലവ്. 1,350 കിലോഗ്രാം ഭാരമുള്ള ബഹിരാകാശപേടകത്തില്‍ വിവരങ്ങള്‍ ശേഖരിക്കാനായുള്ള അഞ്ച് ഉപകരണങ്ങള്‍ക്ക് (പേലോഡ്‌സ്) 15 കിലോഗ്രാം ഭാരം വരും.

http://www.mathrubhumi.com/technology/science/mangalyaan-red-planet-mars-orbiter-mission-mom-mars-space-mission-science-indian-space-research-organisation-isro-464413/

നിഗൂഢ സൂപ്പര്‍നോവയുടെ രഹസ്യം വെളിവായി

സൂപ്പര്‍നോവയുടെ അമിത തിളക്കത്തിന് പിന്നില്‍ 'ഗ്രാവിറ്റേഷണല്‍ ലെന്‍സ്' പ്രതിഭാസം 

തിളക്കത്തിന്റെ ആധിക്യംകൊണ്ട് ജ്യോതിശാസ്ത്രരംഗത്ത് വര്‍ഷങ്ങളോളം തര്‍ക്കവിഷയമായിരുന്ന നിഗൂഢ സൂപ്പര്‍നോവയുടെ രഹസ്യം ഒരുസംഘം ഗവേഷകര്‍ അനാവരണം ചെയ്തു. സൂപ്പര്‍നോവയ്ക്കിപ്പുറം സ്ഥിതിചെയ്യുന്ന ഗാലക്‌സിയുടെ സാന്നിധ്യം മൂലമുള്ള 'ഗ്രാവിറ്റേഷണല്‍ ലെന്‍സ്' പ്രതിഭാസമാണ്, സൂപ്പര്‍നോവയുടെ അമിത തിളക്കത്തിന് കാരണമത്രേ.

2010 ല്‍ കണ്ടുപിടിച്ച PS1-10afx എന്ന സൂപ്പര്‍നോവയാണ്, ജ്യോതിശാസ്ത്രജ്ഞരില്‍ അമ്പരപ്പ് സൃഷ്ടിച്ചത്. ഭൂമിയില്‍നിന്ന് 900 കോടി പ്രകാശവര്‍ഷമകലെയുള്ള ഗാലക്‌സിയിലാണ്സൂപ്പര്‍നോവ ( Supernova ) സ്‌ഫോടനമുണ്ടായത്.

അതൊരു സാധാരണ സൂപ്പര്‍നോവ ആയിരുന്നില്ല. Type Ia സൂപ്പര്‍നോവയുടെ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നതെങ്കിലും, അതിന്റെ തിളക്കം 30 ശതമാനം കൂടുതലായിരുന്നു. അതിന് കാരണം ആര്‍ക്കും വിശദീകരിക്കാനായില്ല, അതൊരു പുതിയയിനം സൂപ്പര്‍നോവ അല്ലേ എന്ന് സംശയമുണര്‍ന്നു.

എന്നാല്‍ , അതൊരു സാധാരണ Type Ia സൂപ്പര്‍നോവ തന്നെയാകാമെന്നും, അധിക തിളക്കത്തിന് കാരണം ഗ്രാവിറ്റേഷണല്‍ ലെന്‍സ് പ്രതിഭാസമാകാമെന്നും കഴിഞ്ഞ വര്‍ഷം ഒരുസംഘം ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഭീമന്‍ ഗാലക്‌സിയോ തമോഗര്‍ത്തമോ ലെന്‍സുപോലെ പ്രവര്‍ത്തിച്ച് വിദൂരവസ്തുവില്‍നിന്നുള്ള പ്രകാശത്തെ വക്രീകരിക്കുന്നതിനാണ്
'ഗ്രാവിറ്റേഷണല്‍ ലെന്‍സ് പ്രതിഭാസം' എന്ന് പറയുന്നത്.

തങ്ങളുടെ നിഗമനം ശരിയാണോ എന്ന് പരിശോധിക്കാന്‍ , ടോക്യോ സര്‍വകലാശാലയ്ക്ക് കീഴില്‍ കാവ്‌ലി ഇന്‍സ്റ്റിട്ട്യൂട്ടിലെ ഡോ.റോബര്‍ട്ട് ക്വിംബിയും സംഘവും ഹാവായിയിലെ കെക് ടെലസ്‌കോപ്പിന്റെ സഹായം തേടി.

ആ ടെലസ്‌കോപ്പുപയോഗിച്ച് സൂപ്പര്‍നോവയുണ്ടായ ഗാലക്‌സിയുടെ പരിസരം നിരീക്ഷിച്ചപ്പോള്‍ , ഇതുവരെ അറിയപ്പെടാത്ത ഒരു ഗാലക്‌സി അവിടെയുള്ളതായി കണ്ടു. അത് ഭൂമിയില്‍നിന്ന് 850 കോടി പ്രകാശവര്‍ഷം അകലെയാണെന്നും നിരീക്ഷണത്തില്‍ മനസിലായി. ആ ഗാലക്‌സിയിലേറെയും മങ്ങിയ നക്ഷത്രങ്ങളാണ്. അതുകൊണ്ടാണ് ഇതുവരെ അത് നീരീക്ഷിക്കപ്പെടാതിരുന്നത്.

ആ 'അജ്ഞാത ഗാലക്‌സി' ഒരു ഗ്രാവിറ്റേഷണല്‍ ലെന്‍സായി പ്രവര്‍ത്തിച്ചതിനാലാണ്, Type Ia സൂപ്പര്‍നോവകളെക്കാള്‍ തിളക്കത്തില്‍ PS1-10afx കാണപ്പെടാന്‍ ഇടയായതെന്ന്, പുതിയ ലക്കം 'സയന്‍സ് ജേര്‍ണലി'ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു (കടപ്പാട് : സയന്‍സ് മാഗസിന്‍ ) 


http://www.mathrubhumi.com/technology/science/supernova-space-science-physics-astronomy-ps1-10afx-gravitational-lens-449393/

ഒരു ഗാലക്‌സിയില്‍ രണ്ട് ഭീമന്‍ തമോഗര്‍ത്തങ്ങള്‍ കണ്ടെത്തി


പാരീസ്: ഒരു നക്ഷത്രസമൂഹത്തില്‍ രണ്ട് അതിഭീമന്‍ തമോഗര്‍ത്തമെന്ന അപൂര്‍വ പ്രതിഭാസം യൂറോപ്യന്‍ സ്‌പേസ് ഒബ്‌സര്‍വേറ്ററി 'എക്‌സ്.എം എം. ന്യൂട്ടണ്‍ 'കണ്ടെത്തി. ഒരു സാധാരണ നക്ഷത്രസമൂഹത്തില്‍ (ഗാലക്‌സിയില്‍) രണ്ട് ഭീമന്‍ തമോഗര്‍ത്തങ്ങളുടെ സാന്നിധ്യം അപൂര്‍വമാണ്. 

ഭൂമിയില്‍നിന്ന് 200 കോടി പ്രകാശവര്‍ഷം അകലെ ഒരു നക്ഷത്രസമൂഹത്തിലാണ് രണ്ട് കൂറ്റന്‍ തമോഗര്‍ത്തങ്ങളുള്ളത്. ഭീമന്‍ നക്ഷത്രങ്ങളാണ് ഇന്ധനം എരിഞ്ഞുതീര്‍ന്ന് അവസാനം തമോഗര്‍ത്തങ്ങളായി പരിണമിക്കുന്നത്.

സാധാരണ ഗാലക്‌സികളുടെ കേന്ദ്രഭാഗത്ത് ഒരു ഭീമന്‍ തമോഗര്‍ത്തമാണുണ്ടാവുക. രണ്ട് നക്ഷത്രസമൂഹങ്ങള്‍ ലയിച്ചതുകൊണ്ടാവാം രണ്ട് അതിഭീമന്‍ തമോഗര്‍ത്തങ്ങള്‍ ഇങ്ങനെ കാണപ്പെടുന്നതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. 

നക്ഷത്രസമൂഹത്തിന്റെ മധ്യത്തില്‍ തമോഗര്‍ത്തങ്ങള്‍ പരസ്പരം വലംവെക്കുകയാണെന്ന് ചൈന പീക്കിങ് സര്‍വകലാശാലയിലെ ഫുകുന്‍ ലിയു വ്യക്തമാക്കി. 

ഗാലക്‌സികളുടെ ലയനം സംബന്ധിച്ച് കൂടുതല്‍ പഠനത്തിന് കണ്ടെത്തല്‍ സഹായമാവും. 'ദി ആസ്‌ട്രോ ഫിസിക്കല്‍ ജേണല്‍' മെയ് 10 ലക്കത്തില്‍ കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (ചിത്രം കടപ്പാട് : ESA - C. Carreau )

http://www.mathrubhumi.com/technology/science/supermassive-black-hole-galaxy-black-hole-astronomy-science-xmm-newton-449113/

വിദൂരനക്ഷത്രത്തെ ചുറ്റുന്ന ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടെത്തിആകാശഗംഗയിലെ ഒരു വിദൂരനക്ഷത്രത്തെ ചുറ്റുന്ന ഭൂമിക്ക് സമാനമായ ഗ്രഹം ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി. 'കെപ്ലര്‍ - 186എഫ്' ( Kepler-186f ) എന്ന ശിലാനിര്‍മിതമായ ആ ഗ്രഹത്തില്‍ ദ്രാവകാവസ്ഥയില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന നിഗമനത്തിലാണ് ഗവേഷകര്‍ . 

നാസയുടെ കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ്പ് നടത്തിയ നിരീക്ഷണത്തിലാണ്, ഭൂമിയെ അപേക്ഷിച്ച് പത്തുശതമാനം മാത്രം വലിപ്പക്കൂടുതലുള്ള ഗ്രഹം തിരിച്ചറിഞ്ഞ്. ആകാശഗംഗയില്‍ ജിവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടെത്താന്‍ 2009 മാര്‍ച്ചില്‍ വിക്ഷേപിച്ചതാണ് കെപ്ലര്‍ ടെലസ്‌കോപ്പ്.

ഒരു കുള്ളന്‍ നക്ഷത്രമായ 'കെപ്ലര്‍ 186'നെ പരിക്രമണം ചെയ്യുന്ന അഞ്ച് ഗ്രഹങ്ങളില്‍ ബാഹ്യഭാഗത്തുള്ളതാണ് കെപ്ലര്‍ 186എഫ്. സൂര്യന്റെ വാസയോഗ്യമായ ഭാഗത്ത് ഭൂമി സ്ഥിതിചെയ്യുന്നതുപോലെ, ആ ഗ്രഹവും അതിന്റെ മാതൃനക്ഷത്രത്തിന്റെ വാസയോഗ്യമേഖലയിലാണുള്ളത്. 

ഭൂമിയില്‍ വെള്ളം ദ്രാവകാവസ്ഥയിലുള്ളതാണ് ഇവിടെ ജീവനുണ്ടാകാന്‍ പ്രധാന കാരണം. സൂര്യനില്‍നിന്ന് ഭൂമി കുറച്ചുകൂടി അകലെയായിരുന്നെങ്കില്‍ , ഇവിടുത്തെ വെള്ളം മുഴുവന്‍ തണുത്തുറഞ്ഞ് പോകുമായിരുന്നു. നമ്മള്‍ സൂര്യനോട് കുറച്ചുകൂടി അടുത്തായിരുന്നെങ്കില്‍ , ഉയര്‍ന്ന താപനിലയില്‍ ഭൂമിയിലെ വെള്ളം മുഴുവന്‍ നീരാവിയായി പോകുമായിരുന്നു.

ദ്രാവകാവസ്ഥയില്‍ വെള്ളമുണ്ടാകാന്‍ സഹായിക്കുന്നതിനാലാണ്, സൂര്യന്റെ വാസയോഗ്യമേഖലയിലാണ് ഭൂമി എന്നു പറയുന്നത്. കെപ്ലര്‍ 186എഫ് ഗ്രഹവും മാതൃനക്ഷത്രത്തിന്റെ വാസയോഗ്യമേഖലയിലാണെന്ന് ഗവേഷകര്‍ പറയുന്നു. 

ഒരു ഗ്രഹത്തില്‍ വെള്ളമുണ്ടെങ്കില്‍ , അവിടെ ജീവന്റെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയേറെയാണ്. ഭൂമിയിലല്ലാതെ മറ്റെവിടെയെങ്കിലും ജീവന്റെ സാന്നിധ്യമുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കെപ്ലര്‍ ദൗത്യം വിക്ഷേപിക്കപ്പെട്ടത്. 

നാസയുടെ ആമെസ് റിസര്‍ച്ച് സെന്ററിലെ ഗവേഷകയും കെപ്ലര്‍ ടീമിലെ അംഗവുമായ എലിസ ക്വിന്റാനയും സഹപ്രവര്‍ത്തകരുമാണ്, വര്‍ഷങ്ങളുടെ നിരീക്ഷണത്തിനൊടുവില്‍ ഈ കണ്ടെത്തല്‍ നടത്തിയത്. പുതിയ ലക്കം 'സയന്‍സ് ജേര്‍ണലി'ല്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

വീദൂരനക്ഷത്രങ്ങളുടെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ ജ്യോതിശാസ്ത്രജ്ഞര്‍ ഉപയോഗിക്കാറുള്ള 'സംതരണ സങ്കേതം' ( transit method ) ഉപയോഗിച്ചാണ്, ഭൂമിക്ക് സമാനമായ ഗ്രഹത്തെ തിരിച്ചറിഞ്ഞത്. 

വിദൂരനക്ഷത്രത്തിന് മുന്നിലൂടെ ഗ്രഹം കടന്നുപോകുമ്പോള്‍ , നക്ഷത്രത്തിന്റെ തിളക്കത്തിന് ഒരേ ക്രമത്തിലുണ്ടാകുന്ന മങ്ങലാണ് സംതരണ സങ്കത്തിന്റെ അടിസ്ഥാനം. അത് കണക്കാക്കി ഗ്രഹത്തിന്റെ സാന്നിധ്യം, വലിപ്പം തുടങ്ങിയ സംഗതികള്‍ നിര്‍ണയിക്കുന്നു. (വിവരങ്ങള്‍ക്ക് കടപ്പാട്: സയന്‍സ് മാഗസിന്‍ ; ചിത്രം കടപ്പാട് : Danielle Futselaar )

http://www.mathrubhumi.com/technology/science/earth-like-planet-exoplanet-astronomy-science-water-planet-nasa-kepler-telescope-447363/

ഇന്ത്യന്‍ ജ്യോതിശ്ശാസ്ത്രസംഘം അപൂര്‍വ ഗാലക്‌സി കണ്ടെത്തി

ഗവേഷകസംഘത്തില്‍ നാലുമലയാളികള്‍

കല്പറ്റ: ഇതുവരെ കണ്ടെത്തിയതില്‍ നീളം കൂടിയ റേഡിയോ ജെറ്റുകളുള്ള ൈസ്പറല്‍ ഗാലക്‌സിയെ ഇന്ത്യന്‍ ജ്യോതിശ്ശാസ്ത്രസംഘം കണ്ടെത്തി. പുണെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോ ഫിസിക്‌സിലെ ശാസ്ത്രജ്ഞന്‍ ഡോ. ജൊയ്ദീപ് ബാഗ്ചിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് അപൂര്‍വതകളുള്ള ഗാലക്‌സി കണ്ടെത്തിയത്.

ഭൂമിയില്‍ നിന്ന് 112 കോടി പ്രകാശവര്‍ഷം അകലെയുള്ള ഈ ഗാലക്‌സിയില്‍ നിന്നുള്ള റേഡിയോ ജെറ്റുകള്‍ക്ക് 52 ലക്ഷം പ്രകാശവര്‍ഷം നീളമുണ്ട്.സ്‌ൈപറല്‍ ഗാലക്‌സിയില്‍ നിന്നുമുള്ള റേഡിയോ െജറ്റുകള്‍ക്ക് സാധാരണ കുറഞ്ഞ ദൈര്‍ഘ്യമേ ഉണ്ടാകാറുള്ളൂ. ഗാലക്‌സികളുടെ നടുവിലുള്ള തമോഗര്‍ത്തങ്ങള്‍ ദ്രവ്യത്തെ വലിച്ചെടുക്കുമ്പോള്‍ കാന്തികവലയത്തില്‍പ്പെട്ട് അതിവേഗം പുറത്തേക്ക് തെറിക്കുന്ന ഇലക്ട്രോണുകളാണ് റേഡിയോ ജെറ്റ് എന്ന പ്രതിഭാസത്തിന് പിന്നില്‍. ൈസ്പറല്‍ ഗാലക്‌സികളില്‍ സാധാരണ കുറഞ്ഞ പിണ്ഡമുള്ള തമോഗര്‍ത്തങ്ങള്‍ ആയതുകൊണ്ടുതന്നെ വലിയ റേഡിയോ ജെറ്റുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

എന്നാല്‍, സ്‌പെക്ട്രോസ്‌കോപ്പി പഠനങ്ങളില്‍ നിന്ന് ഇതിന്റെ കേന്ദ്രത്തില്‍ 20 കോടി സൗരപിണ്ഡത്തിന് തുല്യമായ പിണ്ഡമുള്ള തമോഗര്‍ത്തം ഉണ്ടെന്നാണ് കണ്ടെത്തിയത്.

മറ്റൊരു പ്രത്യേകത ഗോളാകൃതിയിലുള്ള ദ്രവ്യവിന്യാസം ഇതിന്റെ കേന്ദ്രത്തില്‍ ഇല്ലെന്നതാണ്. അതുകൊണ്ടുതന്നെ ഇത് സ്യൂഡോ ബള്‍ജ് ഗണത്തില്‍ പെടുന്ന ൈസ്പറല്‍ ഗാലക്‌സിയാണ്. ഒരു സ്യുഡോ ബള്‍ജ് ഗാലക്‌സിയില്‍ ഇത്രയധികം പിണ്ഡമുള്ള തമോഗര്‍ത്തം എങ്ങനെയുണ്ടായി എന്നത് ഇനിയും വിശദീകരിക്കപ്പെടേണ്ടതുണ്ട്. ഈ ഗാലക്‌സിയുടെ കറക്കവേഗവും സാധാരണ ഗാലക്‌സികളേക്കാള്‍ വളരെ കൂടുതലാണ്.

പുണെയിലുള്ള ജയ്ന്റ് മീറ്റര്‍ വേവ് റേഡിയോ ടെലസ്‌കോപ്പിന്റെയും ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സിന്റെ കീഴിലുള്ള ഐയുക്ക ഗിരാവല്ലി ഒബ്‌സര്‍വേറ്ററിയുടെയും സഹായത്തോടുകൂടിയായിരുന്നു കണ്ടുപിടിത്തം.

ഗവേഷണസംഘത്തിലെ നാലുപേര്‍ മലയാളികളാണ്. ഡോ. എം. വിവേക് (പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ഫെലോ, ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സ്, പുണെ ) ഡോ. വി. വിനു (പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ഫെലോ, പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി, യു.എസ്.എ.), ഡോ. ജോ. ജേക്കബ് (ന്യൂമാന്‍ കോളേജ്, തൊടുപുഴ), കെ.ജി. ബിജു (ഡബ്ലൂു.എം.ഒ.കോളേജ്, മുട്ടില്‍, വയനാട്) എന്നിവരാണ് ഗവേഷണസംഘത്തിലെ മലയാളികള്‍.
ഗവേഷണഫലങ്ങള്‍ അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ പ്രസിദ്ധീകരണമായ അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലിന്റെ 2014 ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 


http://www.mathrubhumi.com/technology/science/astronomy-science-spiral-galaxy-redio-jets-indian-scientists-463448/

സമുദ്രങ്ങളെ മൂന്നുതവണ നിറയ്ക്കാന്‍ പോന്നത്ര വെള്ളം ഭൂമിക്കുള്ളില്‍!


ഭൂപ്രതലത്തില്‍നിന്ന് നൂറുകണക്കിന് കിലോമീറ്ററുകള്‍ താഴെ, ഭൂമിക്കുള്ളില്‍ വന്‍ ജലശേഖരം കണ്ടെത്തി. ഭൂമിയുടെ ഉപരിതലത്തിലെ സമുദ്രങ്ങളെ മുഴുവന്‍ മൂന്നുതവണ നിറയ്ക്കാന്‍ പോന്നത്ര ഭീമമായ ജലശേഖരമാണ് ഗവേഷകര്‍ കണ്ടെത്തിയത്. 

ഭൂമി എങ്ങനെയാണ് രൂപപ്പെട്ടതെന്നുള്ള ധാരണകള്‍ തിരുത്തിക്കുറിക്കാന്‍ കാരണമായേക്കാവുന്ന കണ്ടെത്തലായി ഇത് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ദിവസം'സയന്‍സ്' ജേര്‍ണലിലാണ് ഇതു സംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 

ഭൂവല്‍ക്കത്തില്‍നിന്ന് ഏതാണ്ട് 600 കിലോമീറ്റര്‍ താഴെയുള്ള ഭാഗത്ത് 'റിങ്‌വുഡൈറ്റ്' ( ringwoodite ) ധാതുപാളികളിലാണ് വന്‍തോതിലുള്ള ജലശേഖരമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. സ്‌പോഞ്ചുപോലെ ജലത്തെ കുടുക്കിയിടാന്‍ കഴിവുള്ള ധാതുവാണ് റിങ്‌വുഡൈറ്റ്.

ഏതാണ്ട് 460 കോടി വര്‍ഷംമുമ്പ് ഭൂമി രൂപപ്പെട്ട ശേഷം, ധൂമകേതുക്കള്‍ തുടര്‍ച്ചയായി പതിച്ചതിന്റെ ഫലമായാണ് ഭൂപ്രതലത്തില്‍ സമുദ്രങ്ങള്‍ രൂപപ്പെട്ടതെന്നാണ് നിലവിലുള്ള ധാരണ. അത് തെറ്റാണെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. 

സമുദ്രങ്ങളിലെ ജലം ഭൂമിക്കുള്ളില്‍നിന്ന് ഭൗമപ്രവര്‍ത്തനങ്ങളുടെ ഫലമായി എത്തിയതാണെന്ന് കരുതാന്‍ പുതിയ പഠനം സാഹചര്യമൊരുക്കുന്നതായി, പഠനത്തിന് നേതൃത്വം നല്‍കിയ നോര്‍ത്ത്‌വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകന്‍ സ്റ്റീവ് ജേക്കബ്‌സെന്‍ പറഞ്ഞു. 

ഭൂമിയിലെ ജലചക്രത്തെക്കുറിച്ചുള്ള പഠനം ഇത്തരമൊരു കണ്ടെത്തിന്റെ സാധ്യത മുന്നോട്ടുവെച്ചിരുന്നു. ഏറെക്കാലമായി, ഭൂമിക്കടിയില്‍ ഇത്തരമൊരു ജലശേഖരത്തിനായുള്ള അന്വേഷണത്തിലായിരുന്നു ശാസ്ത്രലോകം. യു.എസിന് അടിയിലായാണ് ഇപ്പോള്‍ കണ്ടെത്തിയ ഭീമന്‍ ജലശേഖരം സ്ഥിതിചെയ്യുന്നത്. 

ഭൂകമ്പപ്രകമ്പനങ്ങള്‍ അളക്കാന്‍ അമേരിക്കയിലങ്ങോളമിങ്ങോളം സ്ഥാപിച്ചിട്ടുള്ള 2000 ഭൂകമ്പമാപിനികളുടെ ശൃംഖലയായ USArray യില്‍ നിന്നുള്ള വിവരങ്ങളുടെയും ജേക്കബ്‌സെനിന്റെ ലാബില്‍ നടത്തിയ ധാതുപരീക്ഷണങ്ങളുടെയും സഹായത്തോടെയാണ്, ഏതാണ്ട് 600 കിലോമീറ്റര്‍ താഴ്ചയിലുള്ള ജലശേഖരത്തിന്റെ സാന്നിധ്യം മനസിലാക്കിയത്. 

ഭൂകമ്പതരംഗങ്ങള്‍ ഭൂമിയുടെ ആന്തരഭാഗത്തുകൂടി സഞ്ചരിക്കുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍ വിശകലനം ചെയ്യുകയാണ് ജേക്കബ്‌സെനും കൂട്ടരും ചെയ്തത്. ഏതിനം പാറയിലൂടെയാണ് ഭൂകമ്പതരംഗം സഞ്ചരിക്കുന്നതെന്ന് അതിലെ മാറ്റംകൊണ്ട് മനസിലാക്കാം. 

ഈര്‍പ്പമടങ്ങിയ റിങ്‌വുഡൈറ്റിലൂടെ ഭൂകമ്പതരംഗങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അവയ്ക്കുണ്ടാകുന്ന സവിശേഷ വ്യതിയാനം തരംഗങ്ങളുടെ പ്രവേഗത്തില്‍ പ്രതിഫലിക്കും. ഈര്‍പ്പമുള്ള റിങ്‌വുഡൈറ്റ് ധാതു തന്റെ ലാബില്‍ രൂപപ്പെടുത്തി പരീക്ഷണം നടത്തിയപ്പോള്‍, ഭൂകമ്പതരംഗങ്ങള്‍ക്കുണ്ടായ വ്യതിയാനവും, ലാബിലുണ്ടായ ഫലവും തുല്യമാണെന്ന് കണ്ടു. 

അങ്ങനെയാണ്, ഭൂപ്രതലത്തില്‍നിന്ന് 410 മുതല്‍ 660 കിലോമീറ്റര്‍ താഴെ. 'ട്രാന്‍സിഷന്‍ സോണ്‍' എന്നറിയിപ്പെടുന്ന ഭൗമമേഖലയില്‍ വന്‍തോതില്‍ ജലശേഖരമുണ്ടെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്.

http://www.mathrubhumi.com/technology/science/earth-geology-underground-ocean-water-science-461776/

ഹിഗ്‌സ്- ബോസോണ്‍ - മൗലികകണം


പാരീസ്: ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍.എച്ച്.സി.) 2012 ല്‍ കണ്ടെത്തിയ മൗലികകണം 'ദൈവകണം' എന്ന വിളിപ്പേരുള്ള ഹിഗ്‌സ്- ബോസോണ്‍ തന്നെയെന്നതിന് കൂടുതല്‍ തെളിവ് ലഭിച്ചതായി ശാസ്ത്രജ്ഞര്‍. ഈ മൗലികകണം എങ്ങനെ പെരുമാറുന്നുവെന്ന ദീര്‍ഘകാലമായി ഉന്നയിക്കപ്പെടുന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചതായി ഗവേഷകര്‍ വ്യക്തമാക്കുന്നു.

അടിസ്ഥാന കണമായ ഹിഗ്‌സ് ബോസോണാണ് പ്രപഞ്ചത്തിലെ എല്ലാ പദാര്‍ഥങ്ങള്‍ക്കും പിണ്ഡം (ദ്രവ്യമാനം) നല്‍കുന്നതെന്നാണ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ എന്നറിയപ്പെടുന്ന കണികാസിദ്ധാന്തത്തിന്റെ അടിസ്ഥാനം. ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അടക്കം മൂന്ന് ഗവേഷണസംഘങ്ങള്‍ ആണ് ഇങ്ങനെയൊരു കണത്തിന്റെ സാധ്യതയെക്കുറിച്ച് 1964-ല്‍ സിദ്ധാന്തമവതരിപ്പിച്ചത്. 

അഞ്ചുദശകത്തോളമായി ശാസ്ത്രജ്ഞര്‍ ഹിഗ്‌സ് ബോസോണ്‍ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. പ്രായോഗികതലത്തില്‍ 2012 ലാണ് എല്‍.എച്ച്.സിയിലെ കണികാപരീക്ഷണത്തില്‍ ഹിഗ്ഗ്‌സ്‌ബോസോണിനെക്കുറിച്ച് തെളിവ് ലഭിച്ചത്. ആ കണ്ടെത്തലിന് പക്ഷേ, കൂടുതല്‍ സ്ഥിരീകരണം ആവശ്യമായിരുന്നു.

പ്രവചിക്കപ്പെട്ട രീതിയില്‍ത്തന്നെയാണ് എല്‍.എച്ച്.സി. ഗവേഷണസംഘം കണ്ടെത്തിയ കണം പെരുമാറുന്നതെന്ന് നേച്ചര്‍ ഫിസിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ പറയുന്നതുപോലെ ഈ ബോസോണുകള്‍ക്ക് അപചയം സംഭവിച്ച് ഫെര്‍മിയോണുകളായി മാറുന്നു. ഇത് വലിയൊരു മുന്നേറ്റമാണെന്ന് എം.ഐ.ടി. ഗവേഷകന്‍ മാര്‍ക്കസ് ക്ലൂട്ട് ചൂണ്ടിക്കാട്ടി. 

യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണ്‍' ഫ്രാന്‍സിന്റെയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സിയുടെ പരിഷ്‌ക്കരണ പ്രവര്‍ത്തനം നടക്കുകയാണ്. ഇനി 2015 ലാണ് അവിടെ കണികാഗവേഷണം പുനരാരംഭിക്കുക. (ചിത്രം കടപ്പാട് : CERN )

http://www.mathrubhumi.com/technology/science/large-hadron-collider-lhc-higgs-boson-god-particle-particle-physics-standard-model-science--464148/

പ്രകാശത്തില്‍നിന്ന് പദാര്‍ഥമുണ്ടാക്കാമെന്ന് കണ്ടെത്തല്‍


ലണ്ടന്‍ : പ്രകാശത്തില്‍നിന്ന് ദ്രവ്യമുണ്ടാക്കാനുള്ള സാങ്കേതികവിദ്യ കണ്ടെത്തുന്നതില്‍ വിജയിച്ചതായി ശാസ്ത്രജ്ഞര്‍. 

ലണ്ടന്‍ ഇംപീരിയല്‍ കോളേജ് ഭൗതികശാസ്ത്രവകുപ്പിലെ ഗവേഷകരായ ഒലിവര്‍ പൈക്, ഫെലിക്‌സ് മക്കെന്‍റൊ, എഡ്വേര്‍ഡ് ഹില്‍, സ്റ്റവ് റോസ് എന്നിവരാണ് എണ്‍പതുവര്‍ഷമായി ശാസ്ത്രജ്ഞരെ കുഴക്കിയ സമസ്യയ്ക്ക് ഉത്തരം കണ്ടെത്തിയത്. 

അത്യുന്നത ഊര്‍ജനിലയില്‍ പ്രകാശകണികകള്‍ ( ഫോട്ടോണുകള്‍ ) തമ്മില്‍ കൂട്ടിയിടിപ്പിക്കുമ്പോള്‍ പദാര്‍ഥകണങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന പരീക്ഷണമാണ് ഈ ഗവേഷകര്‍ രൂപപ്പെടുത്തിയത്. നേച്ചര്‍ ഫോട്ടോണിക്‌സ് ജേര്‍ണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 

ഗ്രിഗറി ബ്രറ്റ്, ജോണ്‍ വീലര്‍ എന്നീ അമേരിക്കന്‍ ഭൗതിക ശാസ്ത്രജ്ഞര്‍ 1930 കളില്‍ പ്രകാശത്തെ പദാര്‍ഥമാക്കാമെന്ന് സൈദ്ധാന്തികമായി തെളിയിച്ചിരുന്നു. പ്രകാശകണങ്ങളായ ഫോട്ടോണുകള്‍ കൂട്ടിയിടിപ്പിച്ചാല്‍ ഇലക്ട്രോണ്‍ കണവും പോസിട്രോണ്‍ കണവും ഉണ്ടാക്കാനാവുമെന്നാണ് സിദ്ധാന്തം. 

ലളിതമായ സിദ്ധാന്തത്തെ ഇക്കാലമത്രയും പരീക്ഷണശാലയില്‍ തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. പരീക്ഷണത്തിന് വളരെ ഉയര്‍ന്ന ഊര്‍ജനിലയിലുള്ള കണങ്ങള്‍ ആവശ്യമായതിനാലാണ് സ്ഥിരീകരണം ഇത്രയും വൈകിയത്. 


ഒരു ഫോട്ടോണ്‍-ഫോട്ടോണ്‍ കൊളൈഡര്‍ പരീക്ഷണമാണ് ബ്രിട്ടീഷ് ഗവേഷകര്‍ മുന്നോട്ടുവെച്ചത്. അതിശക്തമായ ലേസര്‍ ഉപയോഗിച്ച് ആദ്യം ഇലക്ട്രോണുകളെ ത്വരിപ്പിച്ച് ഏതാണ്ട് പ്രകാശവേഗത്തിലെത്തിക്കുന്നു. അത്യുന്നത ഊര്‍ജനിലയിലെത്തിയ ആ ഇലക്ട്രോണുകളെ ഒരു സ്വര്‍ണ്ണപ്പാളിയില്‍ ഇടിപ്പിക്കുമ്പോള്‍, സാധാരണ ദൃശ്യപ്രകാശത്തെ അപേക്ഷിച്ച് കോടിക്കണക്കിന് മടങ്ങ് ശക്തിയേറിയ ഫോട്ടോണ്‍ കിരണങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. 

അടുത്തതായി അകംപൊള്ളയായ ചെറിയൊരു സ്വര്‍ണ സിലിണ്ടറിന് ( hohlraum ) ഉള്ളിലെ ശൂന്യതയിലേക്ക് അത്യുന്നത ഊര്‍ജനിലയിലുള്ള ലേസര്‍ (ഫോട്ടോണ്‍ ധാര) പതിപ്പിക്കുന്നു. ലേസര്‍ ഉദ്ദീപനത്താല്‍ സിലിണ്ടറാകൃതിയിലുള്ള ശൂന്യഅറയില്‍ നക്ഷത്രങ്ങളിലേതിന് സമാനമായ സാഹചര്യം (തമോവസ്തു വികിരണ മണ്ഡലം) സൃഷ്ടിക്കപ്പെടുന്നു. 

ആദ്യഘട്ടത്തിലെ അത്യുന്നത ഊര്‍ജനിലയിലുള്ള ഫോട്ടോണ്‍ കിരണങ്ങള്‍ ആ സ്വര്‍ണഅറയിലൂടെ കടത്തിവിടുമ്പോള്‍, ഉന്നതോര്‍ജത്തിലുള്ള ഫോട്ടോണുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പദാര്‍ഥകണങ്ങളായ ഇലക്ട്രോണുകളും പോസിട്രോണുകളും രൂപംകൊള്ളുന്നു. 

പ്രപഞ്ച രൂപവത്കരണത്തിന്റെ ആദ്യ 100 സെക്കന്‍ഡില്‍ നടന്ന പ്രക്രിയ പരീക്ഷണത്തില്‍ പുനര്‍നിര്‍മിക്കപ്പെടുകയാണിവിടെയെന്ന് ഗവേഷകര്‍ പറയുന്നു. 1905 ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ അവതരിപ്പിച്ച വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തത്തിലെ E=mc2 എന്ന ഊര്‍ജ-ദ്രവ്യ സമവാക്യത്തിന്റെ തിരിച്ചുള്ള സ്ഥിരീകരണം (ഊര്‍ജത്തില്‍നിന്ന് ദ്രവ്യവുമുണ്ടാക്കാം എന്നതിന്റെ) കൂടിയാണ് പുതിയ മുന്നേറ്റം.

http://www.mathrubhumi.com/technology/science/matter-from-light-science-e=mc2-physics-455799/