Wednesday, June 25, 2014

സമുദ്രങ്ങളെ മൂന്നുതവണ നിറയ്ക്കാന്‍ പോന്നത്ര വെള്ളം ഭൂമിക്കുള്ളില്‍!


ഭൂപ്രതലത്തില്‍നിന്ന് നൂറുകണക്കിന് കിലോമീറ്ററുകള്‍ താഴെ, ഭൂമിക്കുള്ളില്‍ വന്‍ ജലശേഖരം കണ്ടെത്തി. ഭൂമിയുടെ ഉപരിതലത്തിലെ സമുദ്രങ്ങളെ മുഴുവന്‍ മൂന്നുതവണ നിറയ്ക്കാന്‍ പോന്നത്ര ഭീമമായ ജലശേഖരമാണ് ഗവേഷകര്‍ കണ്ടെത്തിയത്. 

ഭൂമി എങ്ങനെയാണ് രൂപപ്പെട്ടതെന്നുള്ള ധാരണകള്‍ തിരുത്തിക്കുറിക്കാന്‍ കാരണമായേക്കാവുന്ന കണ്ടെത്തലായി ഇത് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ദിവസം'സയന്‍സ്' ജേര്‍ണലിലാണ് ഇതു സംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 

ഭൂവല്‍ക്കത്തില്‍നിന്ന് ഏതാണ്ട് 600 കിലോമീറ്റര്‍ താഴെയുള്ള ഭാഗത്ത് 'റിങ്‌വുഡൈറ്റ്' ( ringwoodite ) ധാതുപാളികളിലാണ് വന്‍തോതിലുള്ള ജലശേഖരമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. സ്‌പോഞ്ചുപോലെ ജലത്തെ കുടുക്കിയിടാന്‍ കഴിവുള്ള ധാതുവാണ് റിങ്‌വുഡൈറ്റ്.

ഏതാണ്ട് 460 കോടി വര്‍ഷംമുമ്പ് ഭൂമി രൂപപ്പെട്ട ശേഷം, ധൂമകേതുക്കള്‍ തുടര്‍ച്ചയായി പതിച്ചതിന്റെ ഫലമായാണ് ഭൂപ്രതലത്തില്‍ സമുദ്രങ്ങള്‍ രൂപപ്പെട്ടതെന്നാണ് നിലവിലുള്ള ധാരണ. അത് തെറ്റാണെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. 

സമുദ്രങ്ങളിലെ ജലം ഭൂമിക്കുള്ളില്‍നിന്ന് ഭൗമപ്രവര്‍ത്തനങ്ങളുടെ ഫലമായി എത്തിയതാണെന്ന് കരുതാന്‍ പുതിയ പഠനം സാഹചര്യമൊരുക്കുന്നതായി, പഠനത്തിന് നേതൃത്വം നല്‍കിയ നോര്‍ത്ത്‌വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകന്‍ സ്റ്റീവ് ജേക്കബ്‌സെന്‍ പറഞ്ഞു. 

ഭൂമിയിലെ ജലചക്രത്തെക്കുറിച്ചുള്ള പഠനം ഇത്തരമൊരു കണ്ടെത്തിന്റെ സാധ്യത മുന്നോട്ടുവെച്ചിരുന്നു. ഏറെക്കാലമായി, ഭൂമിക്കടിയില്‍ ഇത്തരമൊരു ജലശേഖരത്തിനായുള്ള അന്വേഷണത്തിലായിരുന്നു ശാസ്ത്രലോകം. യു.എസിന് അടിയിലായാണ് ഇപ്പോള്‍ കണ്ടെത്തിയ ഭീമന്‍ ജലശേഖരം സ്ഥിതിചെയ്യുന്നത്. 

ഭൂകമ്പപ്രകമ്പനങ്ങള്‍ അളക്കാന്‍ അമേരിക്കയിലങ്ങോളമിങ്ങോളം സ്ഥാപിച്ചിട്ടുള്ള 2000 ഭൂകമ്പമാപിനികളുടെ ശൃംഖലയായ USArray യില്‍ നിന്നുള്ള വിവരങ്ങളുടെയും ജേക്കബ്‌സെനിന്റെ ലാബില്‍ നടത്തിയ ധാതുപരീക്ഷണങ്ങളുടെയും സഹായത്തോടെയാണ്, ഏതാണ്ട് 600 കിലോമീറ്റര്‍ താഴ്ചയിലുള്ള ജലശേഖരത്തിന്റെ സാന്നിധ്യം മനസിലാക്കിയത്. 

ഭൂകമ്പതരംഗങ്ങള്‍ ഭൂമിയുടെ ആന്തരഭാഗത്തുകൂടി സഞ്ചരിക്കുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍ വിശകലനം ചെയ്യുകയാണ് ജേക്കബ്‌സെനും കൂട്ടരും ചെയ്തത്. ഏതിനം പാറയിലൂടെയാണ് ഭൂകമ്പതരംഗം സഞ്ചരിക്കുന്നതെന്ന് അതിലെ മാറ്റംകൊണ്ട് മനസിലാക്കാം. 

ഈര്‍പ്പമടങ്ങിയ റിങ്‌വുഡൈറ്റിലൂടെ ഭൂകമ്പതരംഗങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അവയ്ക്കുണ്ടാകുന്ന സവിശേഷ വ്യതിയാനം തരംഗങ്ങളുടെ പ്രവേഗത്തില്‍ പ്രതിഫലിക്കും. ഈര്‍പ്പമുള്ള റിങ്‌വുഡൈറ്റ് ധാതു തന്റെ ലാബില്‍ രൂപപ്പെടുത്തി പരീക്ഷണം നടത്തിയപ്പോള്‍, ഭൂകമ്പതരംഗങ്ങള്‍ക്കുണ്ടായ വ്യതിയാനവും, ലാബിലുണ്ടായ ഫലവും തുല്യമാണെന്ന് കണ്ടു. 

അങ്ങനെയാണ്, ഭൂപ്രതലത്തില്‍നിന്ന് 410 മുതല്‍ 660 കിലോമീറ്റര്‍ താഴെ. 'ട്രാന്‍സിഷന്‍ സോണ്‍' എന്നറിയിപ്പെടുന്ന ഭൗമമേഖലയില്‍ വന്‍തോതില്‍ ജലശേഖരമുണ്ടെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്.

http://www.mathrubhumi.com/technology/science/earth-geology-underground-ocean-water-science-461776/

No comments:

Post a Comment