പാരീസ്: ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍.എച്ച്.സി.) 2012 ല്‍ കണ്ടെത്തിയ മൗലികകണം 'ദൈവകണം' എന്ന വിളിപ്പേരുള്ള ഹിഗ്‌സ്- ബോസോണ്‍ തന്നെയെന്നതിന് കൂടുതല്‍ തെളിവ് ലഭിച്ചതായി ശാസ്ത്രജ്ഞര്‍. ഈ മൗലികകണം എങ്ങനെ പെരുമാറുന്നുവെന്ന ദീര്‍ഘകാലമായി ഉന്നയിക്കപ്പെടുന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചതായി ഗവേഷകര്‍ വ്യക്തമാക്കുന്നു.
അടിസ്ഥാന കണമായ ഹിഗ്‌സ് ബോസോണാണ് പ്രപഞ്ചത്തിലെ എല്ലാ പദാര്‍ഥങ്ങള്‍ക്കും പിണ്ഡം (ദ്രവ്യമാനം) നല്‍കുന്നതെന്നാണ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ എന്നറിയപ്പെടുന്ന കണികാസിദ്ധാന്തത്തിന്റെ അടിസ്ഥാനം. ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അടക്കം മൂന്ന് ഗവേഷണസംഘങ്ങള്‍ ആണ് ഇങ്ങനെയൊരു കണത്തിന്റെ സാധ്യതയെക്കുറിച്ച് 1964-ല്‍ സിദ്ധാന്തമവതരിപ്പിച്ചത്.
അഞ്ചുദശകത്തോളമായി ശാസ്ത്രജ്ഞര്‍ ഹിഗ്‌സ് ബോസോണ്‍ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. പ്രായോഗികതലത്തില്‍ 2012 ലാണ് എല്‍.എച്ച്.സിയിലെ കണികാപരീക്ഷണത്തില്‍ ഹിഗ്ഗ്‌സ്‌ബോസോണിനെക്കുറിച്ച് തെളിവ് ലഭിച്ചത്. ആ കണ്ടെത്തലിന് പക്ഷേ, കൂടുതല്‍ സ്ഥിരീകരണം ആവശ്യമായിരുന്നു.
പ്രവചിക്കപ്പെട്ട രീതിയില്‍ത്തന്നെയാണ് എല്‍.എച്ച്.സി. ഗവേഷണസംഘം കണ്ടെത്തിയ കണം പെരുമാറുന്നതെന്ന് നേച്ചര്‍ ഫിസിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ പറയുന്നതുപോലെ ഈ ബോസോണുകള്‍ക്ക് അപചയം സംഭവിച്ച് ഫെര്‍മിയോണുകളായി മാറുന്നു. ഇത് വലിയൊരു മുന്നേറ്റമാണെന്ന് എം.ഐ.ടി. ഗവേഷകന്‍ മാര്‍ക്കസ് ക്ലൂട്ട് ചൂണ്ടിക്കാട്ടി.
യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണ്‍' ഫ്രാന്‍സിന്റെയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സിയുടെ പരിഷ്‌ക്കരണ പ്രവര്‍ത്തനം നടക്കുകയാണ്. ഇനി 2015 ലാണ് അവിടെ കണികാഗവേഷണം പുനരാരംഭിക്കുക. (ചിത്രം കടപ്പാട് : CERN )
http://www.mathrubhumi.com/technology/science/large-hadron-collider-lhc-higgs-boson-god-particle-particle-physics-standard-model-science--464148/
No comments:
Post a Comment