ശ്രീഹരിക്കോട്ട (ആന്ധ്രാപ്രദേശ്): ബഹിരാകാശരംഗത്ത് ഇന്ത്യ ലോകശക്തിയാണെന്നും, വികസിത രാജ്യങ്ങളുടെ അഞ്ച് ഉപഗ്രഹങ്ങള്‍ പി എസ് എല്‍ വി 23 സി റോക്കറ്റിന് ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിഞ്ഞത് ഇന്ത്യ കൈവരിച്ച മുന്നേറ്റത്തിന് തെളിവാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു.
ഈരംഗത്തെ പ്രമുഖരാണ് തങ്ങളെന്ന് ഇന്ത്യ തെളിയിച്ചുകഴിഞ്ഞിരിക്കുകയാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ കേന്ദ്രത്തില്‍ പി എസ് എല്‍ വി വിക്ഷേപണത്തിന് സാക്ഷ്യംവഹിച്ചശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ലോകത്തെ ഏറ്റവും ചിലവുകുറഞ്ഞ ബഹിരാകാശ സാങ്കേതികവിദ്യയാണ് ഇന്ത്യ വികസിപ്പിച്ചിട്ടുള്ളഥെന്ന് അദ്ദേഹം പറഞ്ഞു. ഹോളിവുഡ് ചിത്രമായ 'ഗ്രാവിറ്റി'യുടെ നിര്‍മ്മാണ ചിലവിനെക്കാള്‍ കുറവാണ് ഇന്ത്യയുടെ ചൊവ്വാദൗത്യത്തിനെന്ന് മോദി ചൂണ്ടിക്കാട്ടി.
നിരവധി പ്രതിബന്ധങ്ങള്‍ അതിജീവിച്ചാണ് ഇന്ത്യ ബഹിരാകാശ സങ്കേതികവിദ്യയില്‍ മുന്നേറ്റം നടത്തിയത്. ലളിതമായിട്ടായിരുന്നു തുടക്കം. എല്ലാ പരിമിതികളെയും അതിജീവിച്ച് മുന്നേറാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു.
ബഹിരാകാശ രംഗത്തെ ഗവേഷണം കാര്യക്ഷമമായി തുടരണം. സാധാരണക്കാരുടെ ജീവിതത്തിലും ഉപഗ്രഹ സാങ്കേതികവിദ്യ മാറ്റങ്ങള്‍ വരുത്തും.
പി എസ് എല്‍ വി വിക്ഷേപണത്തിന് സാക്ഷ്യംവഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മോദി പറഞ്ഞു. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും സാങ്കേതികവിദഗ്ധരെയും ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു.
http://www.mathrubhumi.com/story.php?id=465666
No comments:
Post a Comment