Saturday, August 1, 2015

അന്യഗ്രഹജീവന്‍ തേടാന്‍ ചൈനയുടെ ഭീമന്‍ റേഡിയോ ടെലിസ്‌കോപ്പ്

അന്യഗ്രഹജീവന്‍ തേടാന്‍ ചൈനയുടെ ഭീമന്‍ റേഡിയോ ടെലിസ്‌കോപ്പ്


നിര്‍മാണം പുരോഗമിക്കുന്ന ചൈനയുടെ ഭീമന്‍ റേഡിയോ ടെലിസ്‌കോപ്പ്‌


ബെയ്ജിങ്: അന്യഗ്രഹങ്ങളിലെ ജീവന്റെ തുടിപ്പ് കണ്ടെത്താന്‍ രൂപകല്‍പന ചെയ്ത ലോകത്തെ ഏറ്റവുംവലിയ റേഡിയോ ടെലിസ്‌കോപ്പിന്റെ (ബഹിരാകാശത്ത് നിന്നുള്ള റേഡിയോ തരംഗങ്ങള്‍ സ്വീകരിക്കുന്നതിനുള്ള ഉപകരണം) അവസാനഘട്ട നിര്‍മാണം ചൈന വേഗത്തിലാക്കി. 2011 മാര്‍ച്ചില്‍ തുടങ്ങിയ നിര്‍മാണം അടുത്തവര്‍ഷം പൂര്‍ത്തിയാവും. 

കെപ്ലര്‍ ടെലിസ്‌കോപ്പ് ഉപയോഗിച്ച് നാസ ഭൂമിയ്ക്ക് സമാനമായ ഗ്രഹം കണ്ടെത്തിയതിനു പിന്നാലെയാണ് ചൈന നിര്‍മാണം വേഗത്തിലാക്കിയത്. 1400 പ്രകാശവര്‍ഷം അകലെ ഭൂമിക്ക് സമാനമായ ഗ്രഹം നാസ കണ്ടെത്തിയത് കെപ്ലര്‍ 42 ബി ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ്. ഈ വാര്‍ത്ത പുറത്തുവന്ന ഉടനെയാണ് ഭീമന്‍ ടെലിസ്‌കോപിന്റെ സംയോജനപ്രക്രിയ തുടങ്ങിയതായി ചൈന അറിയിച്ചത്. 

ഗുയിസോവു പ്രവിശ്യയില്‍ ഒരുങ്ങുന്ന ടെലിസ്‌കോപ്പിന് 30 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുണ്ട്. ടെലിസ്‌കോപ്പിലെ 500 മീറ്റര്‍ വ്യാസമുള്ള 4,450 ത്രികോണ പാനലുകള്‍കൊണ്ട് നിര്‍മിച്ച റിഫ്ലൂക്ടറിന്റെ സംയോജനപ്രക്രിയയാണ് സങ്കേതികവിദഗ്ധര്‍ തുടങ്ങിയത്. നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ 'ഫാസ്റ്റ്' (ഫൈവ് ഹണ്‍ഡ്രഡ് മീറ്റര്‍ അപെര്‍ച്ചര്‍ സ്‌ഫെറിക്കല്‍ റേഡിയോ ടെലിസ്‌കോപ്പ്) എന്ന് പേരുള്ള ടെലിസ്‌കോപ്പായിരിക്കും ലോകത്തിലെ ഏറ്റവുംവലിയ ടെലിസ്‌കോപ്പ്. 300 മീറ്റര്‍ വ്യാസമുള്ള പ്യൂര്‍ട്ടോറിക്കോ വാനനിരീക്ഷണ കേന്ദ്രത്തിലുള്ള ടെലിസ്‌കോപ്പിനെയാണ് ഫാസ്റ്റ് മറികടക്കുക. 

പൂര്‍ത്തിയായ റേഡിയോ ടെലിസ്‌കോപ്പ് - ചിത്രകാരന്റെ ഭാവനയില്‍


പ്രപഞ്ചശബ്ദങ്ങളെ കാതോര്‍ത്ത് അര്‍ത്ഥവത്തായ റേഡിയോ സന്ദേശങ്ങളാക്കി മാറ്റുന്ന സൂക്ഷ്മസംവേദിയായ ചെവി പോലെയാണ് റേഡിയോ ടെലിസ്‌കോപ്പ് പ്രവര്‍ത്തിക്കുക. ഇടിമുഴക്കത്തിനിടെ ചീവീടിന്റെ ശബ്ദം വേര്‍തിരിച്ചറിയുന്നത് പോലയാണിതിന്റെ പ്രവര്‍ത്തനം- ഫാസ്റ്റ് പ്രോജക്ടിലെ മുഖ്യ ശാസ്ത്രകാരന്‍ നാന്‍ റെന്‍ഡോങ് പറഞ്ഞു. 

പുതിയ ടെലിസ്‌കോപ്പ് ചൈനീസ് ശാസ്ത്രജ്ഞരുടെ ബഹിരാകാശ നിരീക്ഷണശേഷി വന്‍തോതില്‍ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദൂരത്ത് നിന്നുള്ളതും ദുര്‍ബലവുമായ റേഡിയോസന്ദേശങ്ങള്‍പോലും ഇതിന് തിരിച്ചറിയാനാവും. ആകാശ ഗംഗയുടെ പുറത്ത് ജീവസാന്നിധ്യം തേടാനും പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കാനും ഇത് സഹായിക്കുമെന്ന് ചൈനീസ് ജ്യോതിശാസ്ത്ര സൊസൈറ്റി ഡയറക്ടര്‍ജനറല്‍ വു സിയാങ്പിങ് പറഞ്ഞു. 

1.6 കി.മീ. ചുറ്റളവുള്ള ടെലിസ്‌കോപ്പ് ചുറ്റിനടന്ന് കാണാന്‍തന്നെ 40 മിനിറ്റ് വേണം. ഇതിന്റെ ഭീമന്‍ ഡിഷ് ഗ്യുയിസോവുവിന്റെ തെക്കന്‍പ്രദേശത്തെ കോപ്പ പോലുള്ള താഴ് വരയിലാണ് സ്ഥാപിച്ചിരിക്കുന്നത്. അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ പട്ടണമോ നഗരമോ ഇല്ലാത്ത പ്രദേശമാണിത്.

http://www.mathrubhumi.com/technology/science/radio-telescope-largest-radio-telescope-china-hunt-for-alien-life-radio-astronomy-extraterrestrial-intelligence-five-hundred-meter-aperture-spherical-telescope-fast-guizhou-province-science-564154/

ഭൂമിയെക്കാള്‍ വലിയൊരു ശിലാഗ്രഹം; 21 പ്രകാശവര്‍ഷമകലെ

ഭൂമിയെക്കാള്‍ വലിയൊരു ശിലാഗ്രഹം; 21 പ്രകാശവര്‍ഷമകലെ


പുതിയതായി കണ്ടെത്തിയ ശിലാഗ്രഹം ചിത്രകാരന്റെ ഭാവനയില്‍. ചിത്രം കടപ്പാട്: NASA/JPL-Caltech


സൗരയൂഥത്തിനപ്പുറം കണ്ടെത്തിയതില്‍ ഏറ്റവും അടുത്തുള്ള ശിലാഗ്രഹത്തിന്റെ സാന്നിധ്യം നാസയുടെ സ്പിറ്റ്‌സര്‍ ടെലിസ്‌കോപ്പ് സ്ഥിരീകരിച്ചു. ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ഭാവിപഠനത്തിന് പറ്റിയ ലക്ഷ്യസ്ഥാനമാണതെന്ന് കരുതപ്പെടുന്നു. 

HD 219134b എന്ന് പേരിട്ടിട്ടുള്ള അന്യഗ്രഹം, ഭൂമിയില്‍നിന്ന് 21 പ്രകാശവര്‍ഷമകലെയാണ് സ്ഥിതിചെയ്യുന്നത്. മാതൃനക്ഷത്രത്തോട് വളരെ അടുത്താണതിന്റെ ഭ്രമണപഥം. അതിനാല്‍ അവിടെ ജീവന്റെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയില്ല. 

അന്യഗ്രഹത്തിന്റെ മാതൃനക്ഷത്രത്തെ, ഇരുട്ടുള്ള രാത്രിയില്‍ ധ്രുവനക്ഷത്രത്തിന് സമീപം കാസിയോപ്പിയ താരഗണത്തില്‍ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയും. 

മാത്രമല്ല, മാതൃനക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുന്നതായി (സംതരണം സംഭവിക്കുന്നതായി) നിരീക്ഷിക്കുന്ന ഭൂമിയോട് ഏറ്റവും അടുത്തുള്ള അന്യഗ്രഹവും HD 219134b ആണ്. അതിനാല്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് അത് വഴിതുറക്കുന്നു. 

ഇത്തരമൊരു അന്യഗ്രഹം ജ്യോതിശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം സ്വര്‍ണസമ്മാനമാണെന്ന് ഗവേഷകര്‍ പറയുന്നു. വരും പതിറ്റാണ്ടുകളില്‍ ഏറ്റവും വ്യാപകമായി നിരീക്ഷിക്കപ്പെടാന്‍ പോകുന്ന അന്യഗ്രഹങ്ങളിലൊന്നാണിത്-യു.എസില്‍ പസദേനയില്‍ ജറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (ജെപിഎല്‍) യിലെ സ്പിറ്റ്‌സര്‍ ദൗത്യ ശാസ്ത്രജ്ഞന്‍ മൈക്കല്‍ വെര്‍ണര്‍ നാസയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

ശിലാഗ്രഹമായ HD 219134b മാതൃനക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുന്നതിന്റെ ദൃശ്യം, ചിത്രകാരന്റെ ഭാവനയില്‍. ചിത്രം കടപ്പാട്: NASA/JPL-Caltech


സ്പിറ്റ്‌സര്‍ സ്ഥിരീകരിച്ച അന്യഗ്രഹം ആദ്യം കണ്ടെത്തിയത് കാനറി ദ്വീപുകളിലുള്ള ഗലീലിയോ നാഷണല്‍ ടെലിസ്‌കോപ്പ് ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട പഠനറിപ്പോര്‍ട്ട് താമസിയാതെ 'അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സ്' ജേര്‍ണലില്‍ പ്രസിദ്ധീകരിക്കും. 

നാസയുടെ ജെയിംസ് വെബ്ബ് ടെലിസ്‌കോപ്പിന് പഠിക്കാന്‍ പറ്റിയ ഒന്നായിരിക്കും ഈ അന്യഗ്രഹമെന്ന്, പഠനറിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാവായ ജനീവ ഒബ്‌സര്‍വേറ്ററിയിലെ അറ്റി മോട്ടലേബി പറഞ്ഞു. 

'മിക്ക അന്യനക്ഷത്രങ്ങളും നൂറുകണക്കിന് പ്രകാശവര്‍ഷമകലെയാണ് സ്ഥിതിചെയ്യുന്നത്. അതുവെച്ചു നോക്കിയാല്‍ ഇതൊരെണ്ണം നമ്മുടെ തൊട്ടയല്‍പ്പക്കത്താണുള്ളത്' -പഠനസംഘത്തിലുള്‍പ്പെട്ട കേംബ്രിഡ്ജിലെ ലാര്‍സ് എ.ബുക്ക്ഹാവ് പറഞ്ഞു.

നമുക്ക് ഏറ്റവും അടുത്ത് കണ്ടെത്തിയിട്ടുള്ള അന്യഗ്രഹം 14.8 പ്രകാശവര്‍ഷമകലെയുള്ള GJ674b ആണ്. പക്ഷേ, അത് ശിലാഗ്രഹമാണോ വാതകഭീമനാണോ എന്ന് മനസിലാക്കാന്‍ ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല. 

http://www.mathrubhumi.com/technology/science/spitzer-space-telescope-rocky-planet-exoplanet-astronomy-nasa-planet-hd-219134b-565362/