Monday, July 20, 2015

ചിത്രമെത്തി; പ്ലൂട്ടോയില്‍ പര്‍വ്വതനിരകളും

ചിത്രമെത്തി; പ്ലൂട്ടോയില്‍ പര്‍വ്വതനിരകളും


പ്ലൂട്ടോ പ്രതലം - ന്യൂ ഹൊറൈസണ്‍സ് പേടകം അയച്ച പ്ലൂട്ടോയുടെ ആദ്യ സമീപദൃശ്യങ്ങളിലൊന്ന്. പര്‍വ്വതക്കെട്ടുകള്‍ ഉള്ളതാണ് പ്ലൂട്ടോ പ്രതലമെന്ന് ഈ ചിത്രം വ്യക്തമാക്കുന്നു. ചിത്രം കടപ്പാട്: NASA 


വടക്കേ അമേരിക്കയിലെ റോക്കി പര്‍വ്വതനിരകളുടെ പൊക്കത്തിലുള്ള പര്‍വ്വതക്കെട്ടുകള്‍ കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയിലുണ്ടെന്ന് ന്യൂ ഹൊറൈസണ്‍സ് പേടകം അയച്ച ചിത്രങ്ങള്‍ വ്യക്തമാക്കി. ജൂലായ് 14 ന് പ്ലൂട്ടോയ്ക്കരികിലൂടെ പറന്ന പേടകം, ആദ്യമയച്ച സമീപദൃശ്യങ്ങളിലാണ് പര്‍വതനിരകളുടെ വ്യക്തമായ ദൃശ്യങ്ങളുള്ളത്.

പ്ലൂട്ടോയും അതിന്റെ മുഖ്യ ഉപഗോളമായ കെയ്‌റണും 'ഗ്രഹശാസ്ത്രപരമായി' ( Geologically ) പ്രവര്‍ത്തനക്ഷമമാണെന്നും സമീപദൃശ്യങ്ങള്‍ സൂചന നല്‍കി.

മാത്രമല്ല, ന്യൂ ഹൊറൈസണ്‍സ് പേടകം നേരത്തെ പകര്‍ത്തിയ പ്ലൂട്ടോ ദൃശ്യത്തിലെ ഹൃദയത്തിന്റെ ആകൃതിയുള്ള പ്രദേശത്തിന്, 1930 ല്‍ പ്ലൂട്ടോ കണ്ടുപിടിച്ച ജ്യോതിശ്ശാസ്ത്രജ്ഞന്‍ ക്ലൈഡ് ടോംബോയുടെ പേര് നാസ നല്‍കി.

പ്ലൂട്ടോയുടെ സമീപമെത്തുന്നതിന് ഏതാനും ദിവസം മുമ്പ് ന്യൂ ഹൊറൈസണ്‍സ് പകര്‍ത്തിയ ദൃശ്യം. ഇതില്‍ ഹൃദയത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന പ്രദേശത്തിന്, പ്ലൂട്ടോയെ കണ്ടുപിടിച്ച ക്ലൈഡ് ടോംബോയുടെ പേര് നാസ നല്‍കി. ചിത്രം കടപ്പാട്: NASA 


2006 ല്‍ വിക്ഷേപിച്ച ന്യൂ ഹൊറൈസണ്‍സ് പേടകം ഒന്‍പതര വര്‍ഷംകൊണ്ട് 500 കോടി കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് പ്ലൂട്ടോ സ്ഥിതിചെയ്യുന്ന സൗരയൂഥഭാഗമായ കിയ്പ്പര്‍ ബെല്‍റ്റിലെത്തിയത്. ആ മേഖലയില്‍ പര്യവേക്ഷണം നടത്താനയച്ച ആദ്യ മനുഷ്യനിര്‍മിത പേടകമാണ് ന്യൂ ഹൊറൈസണ്‍സ്.

പ്ലൂട്ടോയ്ക്ക് 12,500 കിലോമീറ്റര്‍ അരികിലൂടെ ജൂലായ് 14 ന് പേടകം കടന്നുപോയി. ആ വേളയില്‍ പ്ലൂട്ടോയെയും അതിന്റെ ഉപഗോളങ്ങളെയും ന്യൂ ഹൊറൈസണ്‍സിലെ പരീക്ഷണോപകരണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. അപ്പോള്‍ ശേഖരിച്ച വന്‍തോതിലുള്ള ഡേറ്റ പൂര്‍ണമായും ഭൂമിയിലെത്താന്‍ 16 മാസമെടുക്കുമെന്ന് നാസ പറയുന്നു.

കഴിഞ്ഞ പത്തുകോടി വര്‍ഷത്തിനിടെ പ്ലൂട്ടോയില്‍ അഗ്നിപര്‍വ്വതസ്‌ഫോടനം പോലുള്ളവ സംഭവിച്ചിരിക്കാമെന്നാണ്, അവിടെ നിന്ന് ലഭിച്ച ആദ്യ സമീപദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതായി മിഷന്‍ സയന്റിസ്റ്റ് ജോണ്‍ സ്‌പെന്‍സര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

അഗ്നിപര്‍വ്വതസ്‌ഫോടനം പോലുള്ള ഗ്രഹശാസ്ത്ര പ്രവര്‍ത്തനം നടക്കാന്‍ താപം കൂടിയേ തീരൂ. പ്ലൂട്ടോയില്‍ താപഉറവിടം എന്താണെന്ന് ഇനിയും വ്യക്തമാകേണ്ടതുണ്ട്. ചില പ്രാഥമിക ആശയങ്ങള്‍ മാത്രമേ ഇക്കാര്യത്തില്‍ ഗവേഷകര്‍ക്കുള്ളൂ.

പ്ലൂട്ടോയുടെ മുഖ്യ ഉപഗോളമായ കെയ്‌റണ്‍. ഈ ദൃശ്യത്തില്‍ അതിന്റെ പ്രതലത്തിലെ കിലോമീറ്ററുകള്‍ ആഴമുള്ള ഗര്‍ത്തം കാണാം. ചിത്രം കടപ്പാട്: NASA


പ്ലൂട്ടോയുടെ പ്രതലദൃശ്യം കാട്ടത്തരുന്നത് അവിടെ 11,000 അടി (3,300 മീറ്റര്‍) ഉയരമുള്ള പര്‍വ്വതക്കെട്ടുകളുണ്ടെന്നാണ്. വടക്കേ അമേരിക്കയിലെ റോക്കി പര്‍വ്വതങ്ങളുമായാണ് ഇതിനെ ഗവേഷകര്‍ താരതമ്യപ്പെടുത്തുന്നത്.

മീഥേന്‍, കാര്‍ബണ്‍ മോണോക്‌സയിഡ്, നൈട്രജന്‍ എന്നിവയുടെ കട്ടികുറഞ്ഞ ഹിമപാളി പ്ലൂട്ടോയുടെ പ്രതലത്തിലുണ്ട്. അതുപക്ഷേ, ഇത്രയും ഉയരമുള്ള പര്‍വ്വതക്കെട്ടുകള്‍ രൂപപ്പെടാന്‍ പര്യാപ്തമല്ലെന്ന് ജോണ്‍ സ്‌പെന്‍സര്‍ പറയുന്നു.

പ്ലൂട്ടോയുടെ പ്രതലത്തിനടിയിലെ ഹിമജലത്തിന് അവിടുത്തെ താഴ്ന്ന താപനിലയില്‍ വലിയ പര്‍വതങ്ങളായി നിലനില്‍ക്കാന്‍ കഴിയും- അദ്ദേഹം അഭിപ്രായപ്പെട്ടു.

നാസയുടെ ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയ്ക്ക് സമീപത്തുകൂടി വിജയകരമായി കടന്നുപോയ വിവരം പേടകത്തില്‍നിന്ന് ഭൂമിയിലെത്തിയപ്പോള്‍, ദൗത്യ സംഘത്തില്‍പെട്ട ഗവേഷകരുടെ ആഹ്ലാദം. യു.എസിലെ മേരിലന്‍ഡില്‍ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി അപ്ലൈഡ് ഫിസിക്‌സ് ലബോറട്ടറിയിലാണ് 'മിഷന്‍ കണ്‍ട്രോള്‍ സെന്റര്‍' പ്രവര്‍ത്തിക്കുന്നത്. ചിത്രം കടപ്പാട്: NASA/Bill Ingalls


പ്ലൂട്ടോയുടെ മാത്രമല്ല, അതിന്റെ ഉപഗോളങ്ങളുടെയും ദൃശ്യങ്ങളില്‍നിന്ന് പുതിയ വിവരങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി തുടങ്ങി. പ്രധാന ഉപഗോളമായ കെയ്‌റണില്‍ 6.4 മുതല്‍ 9.6 കിലോമീറ്റര്‍ വരെ ആഴത്തിലുള്ള ഗര്‍ത്തമുണ്ടെന്ന് സമീപദൃശ്യം വ്യക്തമാക്കുന്നു.

പ്ലൂട്ടോയുടെ ചെറു ഉപഗോളമായ ഹൈഡ്രയുടെ ആദ്യദൃശ്യങ്ങളിലൊന്നും ന്യൂ ഹൊറൈസണ്‍സ് പേടകം പകര്‍ത്തി. അതിന്റെ പ്രതലം ഹിമജലം മൂടിയതാണെന്ന് ചിത്രം വ്യക്തമാക്കുന്നു
.
http://www.mathrubhumi.com/technology/science/pluto-new-horizons-geology-dwarf-planet-clyde-tombaugh-charon-hydra-solar-system-561787/

ശാസ്ത്രം പുതിയ ചക്രവാളത്തില്‍; നാസ പേടകം പ്ലൂട്ടോയെ 'സന്ദര്‍ശിച്ചു'

ശാസ്ത്രം പുതിയ ചക്രവാളത്തില്‍; നാസ പേടകം പ്ലൂട്ടോയെ 'സന്ദര്‍ശിച്ചു'


ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയ്ക്കരികെ -ചിത്രകാരന്റെ ഭാവന. ചിത്രം കടപ്പാട്: NASA


സൗരയൂഥ പഠനത്തെ പുതിയ ചക്രവാളത്തിലേക്ക് കൈപ്പിടിച്ചു നടത്തിക്കൊണ്ട് നാസയുടെ ന്യൂ ഹൊസൈണ്‍സ് പേടകം പ്ലൂട്ടോയെ 'സന്ദര്‍ശിച്ചു'. ചരിത്രത്തില്‍ ആദ്യമായാണ് മനുഷ്യനിര്‍മിതമായ ഒരു പേടകം പ്ലൂട്ടോയ്ക്ക് അരികിലെത്തുന്നത്.

സെക്കന്‍ഡില്‍ 14 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ന്യൂ ഹൊറൈസണ്‍സ് പേടകം, സൗരയൂഥത്തിലൂടെ ഒന്‍പതര വര്‍ഷം സഞ്ചരിച്ചാണ് കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയ്ക്ക് 12,500 കിലോമീറ്റര്‍ അരികിലെത്തുന്നത്.

2006 ല്‍ ന്യൂ ഹൊറൈസണ്‍സ് പേടകം ഭൂമിയില്‍നിന്ന് പുറപ്പെടുമ്പോള്‍ പ്ലൂട്ടോ സൗരയൂഥത്തിലെ ഒന്‍പതാമത്തെ ഗ്രഹമായിരുന്നു. എന്നാല്‍, പേടകം അരികിലെത്തുമ്പോള്‍ പ്ലൂട്ടോ വെറും കുള്ളന്‍ ഗ്രഹം മാത്രം. 

ന്യൂ ഹൊറൈസണ്‍സ് പേടകം കഴിഞ്ഞ ദിവസം പകര്‍ത്തിയ പ്ലൂട്ടോയുടെ ചിത്രം: കടപ്പാട്: NASA

ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 5.19 ന് പേടകം പ്ലൂട്ടോയുടെ ഏറ്റവും അടുത്തെത്തി. ആ കടന്നുപോകലിനിടെ ന്യൂ ഹൊറൈസണ്‍സിലെ ഏഴ് ശാസ്ത്രപരീക്ഷണോപകരണങ്ങള്‍ നടത്തിയ നിരീക്ഷണം അറിയാന്‍ ഇനിയും കാത്തിരിക്കണം. നാലര മണിക്കൂര്‍ കൊണ്ടേ പേടകത്തില്‍നിന്ന് റേഡിയോ സിഗ്നലുകള്‍ ഭൂമിയിലെത്തൂ.

ന്യൂ ഹൊറൈസണ്‍സ് നടത്തിയ നിരീക്ഷണത്തിന്റെ ഫലമായി പ്ലൂട്ടോയെയും, അതിന്റെ ഉപഗോളങ്ങളായ കെയ്‌റണ്‍, സ്റ്റിക്‌സ്, നിക്‌സ്, കെര്‍ബറോസ്, ഹൈഡ്ര എന്നിവയെയും കുറിച്ച് സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. 

http://www.mathrubhumi.com/technology/science/new-horizons-nasa-pluto-astronomy-solar-system-dwarf-planet-561264/

പ്ലൂട്ടോയുടെ വലിപ്പം കണക്കാക്കി ന്യൂ ഹൊറൈസണ്‍സ് പേടകം

പ്ലൂട്ടോയുടെ വലിപ്പം കണക്കാക്കി ന്യൂ ഹൊറൈസണ്‍സ് പേടകം


കെയ്‌റണും പ്ലൂട്ടോയും - ന്യൂ ഹൊറൈസണ്‍സിലെ 'ലോറി'യില്‍നിന്നുള്ള വിവരങ്ങളുടെ സഹായത്തോടെ സൃഷ്ടിച്ച ദൃശ്യമാണിത്. ചിത്രം കടപ്പാട്: NASA-JHUAPL-SWRI

കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയുടെ വലിപ്പം മുമ്പ് കണക്കാക്കിയതിലും അല്‍പ്പം കൂടുതലാണെന്ന് കണ്ടെത്തല്‍. പ്ലൂട്ടോ പര്യവേക്ഷണ പേടകമായ ന്യൂ ഹൊറൈസണ്‍സാണ് വലിപ്പം നിര്‍ണയിച്ചത്.

പ്ലൂട്ടോയ്ക്ക് 2370 കിലോമീറ്റര്‍ വ്യാസമുണ്ടെന്നാണ്, ന്യൂ ഹൊറൈസണ്‍സിലെ 'ലോങ് റേഞ്ച് റിക്കനൈസണ്‍സ് ഇമേജര്‍' ( LORRI ) പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്ന് ഗവേഷകര്‍ എത്തിയ നിഗമനം. ഭൂമിയുടെ 18.5 ശതമാനം വ്യാസമാണ് പ്ലൂട്ടോയ്ക്കുള്ളതെന്ന് ഇത് വ്യക്തമാക്കുന്നു.

സൗരയൂഥത്തില്‍ നെപ്ട്യൂണിനപ്പുറത്തെ ഏറ്റവും വലിയ ഗോളം പ്ലൂട്ടോയാണെന്ന സംശയം സ്ഥിരീകരിക്കുന്നതാണ് ഈ കണ്ടെത്തല്‍.

1930 ല്‍ പ്ലൂട്ടോയെ കണ്ടെത്തിയ നാള്‍ മുതല്‍ ആരംഭിച്ചതാണ് അതിനെത്ര വലിപ്പമുണ്ടെന്ന ചോദ്യം. അതിപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നു -ന്യൂ ഹൊറൈസണ്‍സ് മിഷന്‍ സയന്റിസ്റ്റായ വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ബില്‍ മക്കിന്നോന്‍ പറഞ്ഞു.

പ്ലൂട്ടോയുടെ കൃത്യമായ വലിപ്പം കണ്ടെത്തിയപ്പോള്‍ വ്യക്തമാകുന്ന സംഗതി ഇതാണ്- പ്ലൂട്ടോയുടെ സാന്ദ്രത മുമ്പ് കണക്കാക്കിയതിലും അല്‍പ്പം കുറവാണ്. പ്ലൂട്ടോയ്ക്കുള്ളിലെ ഹിമജലത്തിന്റെ അളവ് പ്രതീക്ഷിച്ചതിലും ലേലം കൂടുതലാണ്. മാത്രമല്ല, പ്ലൂട്ടോയുടെ അന്തരീക്ഷത്തിലെ ഏറ്റവും താഴെയുള്ള പാളി (ട്രോപ്പോസ്ഫിയര്‍) കനംകുറഞ്ഞതുമാണ്.

പ്ലൂട്ടോ, കെയ്‌റണ്‍ എന്നിവയുടെ വലിപ്പം ഭൂമിയുമായി താരതമ്യം ചെയ്യുമ്പോള്‍. പ്ലൂട്ടോയുടെ വ്യാസം ഭൂമിയുടെ വ്യാസത്തിന്റെ 18.5 ശതമാനവും (2370 കിലോമീറ്റര്‍), കെയ്‌റണിന്റേത് 9.5 ശതമാനവും (1208 കിലോമീറ്റര്‍) ആണ്. കടപ്പാട്: NASA 


പ്ലൂട്ടോയുടെ അന്തരീക്ഷമാണ്, അതിന്റെ വലിപ്പം കൃത്യമായി കണക്കാക്കുന്നത് വലിയ വെല്ലുവിളിയാക്ക് മാറ്റിയതെന്ന്, നാസയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു. അതേസമയം പ്ലൂട്ടോയുടെ പ്രധാന ഉപഗോളമായ കെയ്‌റണിന് ( Charon ) അന്തരീക്ഷമില്ല. അതിനാല്‍, ഭൂമിയിലെ ടെലിസ്‌കോപ്പുകളുപയോഗിച്ച് അതിന്റെ വലിപ്പം കണ്ടെത്തുക എളുപ്പമാണ്.

മുമ്പ് നടത്തിയിട്ടുള്ള നിരീക്ഷണങ്ങളില്‍ കെയ്‌റണിന്റെ വ്യാസം 1208 കിലോമീറ്ററാണെന്ന് കണ്ടത്, ന്യൂ ഹൊറൈസണ്‍സ് നടത്തിയ നിരീക്ഷണവും ശരിവെച്ചിരിക്കുകയാണ്. 

പ്ലൂട്ടോയ്ക്കരികിലെത്തിയ ന്യൂ ഹൊറൈസണ്‍സ് പേടകം -ചിത്രകാരന്റെ ഭാവന. ചിത്രം കടപ്പാട്: NASA 

പ്ലൂട്ടോയുടെ ചെറിയ രണ്ട് ഉപഗോളങ്ങളായ നിക്‌സ് ( Nix ), ഹൈഡ്ര ( Hydra ) എന്നിവയുടെ വലിപ്പവും 'ലോറി'യില്‍നിന്നുള്ള ദൃശ്യങ്ങളുപയോഗിച്ച് ഗവേഷകര്‍ കണക്കാക്കി. നിക്‌സിന് 35 കിലോമീറ്ററും, ഹൈഡ്രയ്ക്ക് 45 കിലോമീറ്ററും വ്യാസമുണ്ട്. 2005 ല്‍ ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പാണ് ഈ രണ്ട് ചെറുഉപഗോളങ്ങളും കണ്ടെത്തിയത്.

പ്ലൂട്ടോയുടെ ഏറ്റവും ചെറിയ ഉപഗോളങ്ങള്‍ കെര്‍ബെറോസ് ( Kerberos ), സ്റ്റിക്‌സ് ( Styx ) എന്നിവയാണ്. തീരെ ചെറുതാകയാല്‍ അവയുടെ വലിപ്പം കഴിഞ്ഞിട്ടില്ല. എന്നാല്‍, പ്ലൂട്ടോയ്ക്ക് സമീപത്തുകൂടി ന്യൂ ഹൊറൈസണ്‍സ് പേടകം കടന്നുപോകുന്നതിനിടെ അവയുടെ വലിപ്പവും നിര്‍ണയിക്കാമെന്ന് പ്രതീക്ഷയിലാണ് ഗവേഷകര്‍. 

സിഗ്നലുകള്‍ ആദ്യമെത്തുക ഓസ്‌ട്രേലിയയില്‍ 

ഒന്‍പതര വര്‍ഷംകൊണ്ട് 500 കോടി കിലോമീറ്ററിലേറെ സഞ്ചരിച്ച് പ്ലൂട്ടോയ്ക്ക് സമീപമെത്തുന്ന ന്യൂ ഹൊറൈസണ്‍സ് പേടകം അയയ്ക്കുന്ന പ്ലൂട്ടോയുടെ സമീപദൃശ്യങ്ങള്‍ ആദ്യമെത്തുക ഓസ്‌ട്രേലിയിയിലായിരിക്കും. ഓസ്‌ട്രേലിയയിലെ 'കാന്‍ബറ ഡീപ് സ്‌പേസ് കമ്മ്യൂണിക്കേഷന്‍ കോംപ്ലക്‌സ്' ( CDSCC ) ആണ് സിഗ്നലുകള്‍ ആദ്യം സ്വീകരിക്കുക.

'കാന്‍ബറ ഡീപ് സ്‌പേസ് കമ്മ്യൂണിക്കേഷന്‍ കോംപ്ലക്‌സി'ലെ ആന്റിനകള്‍. ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയ്ക്കരികിലൂടെ കടന്നുപോകുമ്പോള്‍ ആദ്യ സിഗ്നലുകള്‍ സ്വീകരിക്കുക ഈ കമ്മ്യൂണിക്കേഷന്‍ കോംപ്ലക്‌സാണ്. ചിത്രം കടപ്പാട്: CDSCC


നാസയുടെ ന്യൂ ഹൊറൈസണ്‍സ് പേടകം ചൊവ്വാഴ്ച്ചയാണ് (2015 ജൂലായ് 14) പ്ലൂട്ടോയ്ക്ക് ഏറ്റവും സമീപത്തുകൂടി കടന്നുപോവുക. ആ സമയത്ത് പ്ലൂട്ടോയുടെ പ്രതലത്തില്‍നിന്ന് 12,500 കിലോമീറ്റര്‍ ഉയരത്തിലായിരിക്കും പേടകം.

ആ കടന്നുപോകലിനിടെ പ്ലൂട്ടോയെയും അതിന്റെ ഉപഗോളങ്ങളെയും കുറിച്ച് വിശദമായ നിരീക്ഷണങ്ങള്‍ പേടകം നടത്തും. അതിന്റെ ഡേറ്റ ഭൂമിയിലേക്ക് പേടകം അയയ്ക്കുമ്പോള്‍ അത് ഭൂമിയില്‍ ആദ്യം സ്വീകരിക്കുക 'കാന്‍ബറ കോംപ്ലക്‌സിലാ'കും.

ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 5.19 നാണ് ( EDT രാവിലെ 7.49:57) ന്യൂഹൊറൈസണ്‍സ് പ്ലൂട്ടോയ്ക്ക് ഏറ്റവുമടുത്തെത്തുക. പേടകത്തില്‍ നിന്നുള്ള റേഡിയോ സിഗ്നലുകള്‍ ഭൂമിയിലെത്താന്‍ 4.5 മണിക്കൂറെടുക്കും. എന്നുവെച്ചാല്‍, ഇന്ത്യന്‍ സമയം രാത്രി 9.49 ആകും പ്ലൂട്ടോയുടെ സമീപദൃശ്യങ്ങള്‍ ഭൂമിയിലെത്താന്‍. 

ഗൂഗിളിന്റെ ഡൂഡിലും 

പ്ലൂട്ടോ പര്യവേക്ഷണ വാഹമായ ന്യൂ ഹൊറൈസണ്‍സ് ചൊവ്വാഴ്ച ലക്ഷ്യസ്ഥാനത്തെത്തുന്നത് ഗൂഗിളും ആഘോഷമാക്കി. ഗൂഗിളിന്റെ ഇന്നത്തെ ഡൂഡില്‍ ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയ്ക്ക് സമീപത്തുകൂടി കടന്നുപോകുന്നതിന്റെ ആനിമേഷന്‍ ദൃശ്യമാണ്. 

ഗൂഗിള്‍ പ്രസിദ്ധീകരിച്ച ഡൂഡില്‍ 

2006 ജനവരി 19 ന് അമേരിക്കയില്‍ കേപ് കനാവറല്‍ സ്‌പേസ് സ്റ്റേഷനില്‍ നിന്ന് യാത്രയായ ന്യൂ ഹൊറൈസണ്‍സ് പേടകത്തിന്റെ പര്യടനം, പ്ലൂട്ടോയ്ക്ക് സമീപമെത്തുന്നതോടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാവുകയാണ്.

ചൊവ്വാഗ്രഹത്തിലേക്കുള്ള ആദ്യപര്യവേഷണപേടകമായ 'മാറിനര്‍4' ചൊവ്വയ്ക്കരികിലൂടെ പറന്നത് 1965 ജൂലായ് 14 നാണ്. അതു നടന്ന് കൃത്യം 50 വര്‍ഷം തികയുന്ന ദിവസമാണ് പ്ലൂട്ടോ വാഹനം പ്ലൂട്ടോയ്ക്ക് സമീപമെത്തുന്നത്. 

http://www.mathrubhumi.com/technology/science/nasa-new-horizons-pluto-astronomy-solar-system-planets-size-of-pluto-charon-nix-hydra-kerberos-styx-561234/

ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയിലെത്തുമ്പോള്‍

ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയിലെത്തുമ്പോള്‍

ജസ്റ്റിന്‍ ജോസഫ് - മാതൃഭൂമി വെബ്

പ്ലൂട്ടോയെക്കുറിച്ച് പഠിക്കാന്‍ ഒന്‍പത് വര്‍ഷംമുമ്പ് ഭൂമിയില്‍നിന്ന് ന്യൂ ഹൊറൈസണ്‍സ് പേടകം യാത്ര തിരിക്കുമ്പോള്‍ സൗരയൂഥത്തിലെ ഒന്‍പതാമത്തെ ഗ്രഹമായിരുന്നു പ്ലൂട്ടോ. പേടകം അവിടെയത്തുമ്പോള്‍ പ്ലൂട്ടോ ഗ്രഹമല്ല; കുള്ളന്‍ഗ്രഹം മാത്രം. പുതിയ ചക്രവാളങ്ങള്‍ തേടി യാത്രയായ ന്യൂ ഹൊറൈസണ്‍സ് പേടകം ഈ ജൂലായ് 14 ന് പ്ലൂട്ടോയ്ക്ക് സമീപമെത്തുകയാണ് 

ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയ്ക്കും മൂന്ന് ഉപഗോളങ്ങള്‍ക്കും സമീപം. ചിത്രകാരന്റെ ഭാവന. ചിത്രം കടപ്പാട്: NASA/Johns Hopikins University Applied Physics Laboratory
ആകാശത്തിലെ ഗ്രഹങ്ങളെ കേവലം പ്രകാശബിന്ദുക്കളായി കാണാനും ആസ്വദിക്കാനും ഇനി വരുന്ന ഒന്നോ രണ്ടോ തലമുറകള്‍ക്കു ശേഷമുള്ളവര്‍ക്ക് കഴിയുമോയെന്ന സംശയം പ്രകടിപ്പിച്ചത് കാള്‍ സാഗനാണ്. ഗ്രഹങ്ങളെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ അവയെ സുപരിചിത സ്ഥലങ്ങളായി കാണാന്‍ പാകത്തില്‍ ചിത്രങ്ങളും രൂപങ്ങളുമായിരിക്കും ഒരുപക്ഷേ, അന്നവരുടെ മനസ്സിലേക്കോടിയെത്തുക. അത്രമേല്‍ സമൃദ്ധമായ ദൃശ്യവിഭവങ്ങളാണല്ലോ ബഹിരാകാശപേടകങ്ങളും പ്രോബുകളും സ്‌പേസ് ടെലിസ്‌കോപ്പുമൊക്കെ ബാഹ്യാകാശ പര്യവേഷണത്തിന്റെ വെറും അരനൂറ്റാണ്ടുകൊണ്ടുതന്നെ നമുക്ക് വിളമ്പിത്തന്നിരിക്കുന്നത്! അന്യലോകങ്ങളുടെ ദൃശ്യാനുഭവം മനുഷ്യന് ഇന്ന് ഏറെക്കുറെ പരിചിതമായിത്തുടങ്ങിയിരിക്കുന്നു.

സൗരയൂഥത്തില്‍ അവസാനത്തെ ഗ്രഹമെന്നപദവി ഏഴരപ്പതിറ്റാണ്ടിലേറെ അലങ്കരിച്ച പ്ലൂട്ടോയ്ക്കരികിലെത്തുന്ന ന്യൂ ഹൊറൈസണ്‍സ് പേടകത്തന് ( New Horizons spacecraft ) പങ്കുവെയ്ക്കാനുള്ളതും പ്ലൂട്ടോയെന്ന സൗരയൂഥഗോളത്തിന്റെ ഇതുവരെ കാണാത്ത സവിശേഷമുഖങ്ങളാകാം.

ചൊവ്വാഗ്രഹത്തിലേക്കുള്ള ആദ്യപര്യവേഷണപേടകമായ 'മാറിനര്‍-4' ചൊവ്വയ്ക്കരികിലൂടെ പറന്ന് ഗ്രഹോപരിതലത്തിന്റെ സവിശേഷതകളുടെ ചെപ്പുതുറന്നത് 1965 ജൂലായ് 14 നാണ്. അതിന് അമ്പത് വര്‍ഷം തികയുന്ന അതേ ദിവസം പ്ലൂട്ടോയുടെ ചക്രവാളം തേടി ന്യൂ ഹൊറൈസണ്‍സ് കടന്നുചെല്ലുന്നത് ഒരുപക്ഷേ ബഹിരാകാശ ചരിത്രത്തിലെ യാദൃശ്ചികതകളിലൊന്നാവാം.

2006 ജനവരി 19 നാണ് അമേരിക്കയില്‍ കേപ് കനാവറല്‍ സ്‌പേസ് സ്റ്റേഷനില്‍ നിന്ന് പ്ലൂട്ടോയെത്തേടി നാസയുടെ ന്യൂ ഹൊറൈസണ്‍സ് യാത്ര ആരംഭിച്ചത്. 

പുറപ്പെട്ടത് ഗ്രഹത്തിലേക്ക്; എത്തുന്നത് കുള്ളന്‍ ഗ്രഹത്തില്‍!

ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയിലേക്ക് യാത്ര തിരിക്കുമ്പോള്‍ സൗരയൂഥത്തിലെ അവസാന ഗ്രഹമായ പ്ലൂട്ടോയിലേക്കുള്ള ആദ്യപേടകം എന്നായിരുന്നു വിശേഷണം. എന്നാല്‍ പേടകം പുറപ്പെട്ട് ഏതാനും മാസം കഴിയുമ്പോഴേക്കും, 2006 ആഗസ്റ്റ് 24 ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്രസമിതി ( International Atsronomical Union - IAU ) വിവിധ കാരണങ്ങളാല്‍ പ്ലൂട്ടോയുടെ ഗ്രഹപദവി റദ്ദുചെയ്തു.

പ്ലൂട്ടോയ്ക്ക് ഭൂമിയോളം വലിപ്പമുണ്ടെന്ന് അത് ആദ്യം തിരിച്ചറിയുമ്പോള്‍ ശാസ്ത്രലോകം കരുതി. അതുകൊണ്ടാണ് അതിന് ഗ്രഹപദവി നല്‍കിയത്. മാത്രമല്ല പ്ലൂട്ടോ സ്ഥിതിചെയ്യുന്നകിയ്പ്പര്‍ ബെല്‍റ്റില്‍ ( Kuiper belt ) കണ്ടെത്തിയ ഏക ഗോളവും പ്ലൂട്ടോ ആയിരുന്നു. പിന്നീട് കിയ്പ്പര്‍ ബെല്‍റ്റില്‍ ഒട്ടേറെ ഗ്രഹസദൃശ്യവസ്തുക്കള്‍ കണ്ടെത്തി. ഏറ്റവുമൊടുവില്‍ ഏരിസ് ( Eris - 2003 UB 313 ) എന്നറിയപ്പെടുന്ന കിയ്പ്പര്‍ബെല്‍റ്റ് ഗോളം കണ്ടെത്തിയതോടെയാണ് പ്ലൂട്ടോയുടെ നില പരുങ്ങലിലായത്.

പ്ലൂട്ടോയെക്കാള്‍ വലിയ ഗോളമാണ് ഏരിസ്. ഗ്രഹം എന്ന പ്ലൂട്ടോയുടെ പദവി തുടര്‍ന്നാല്‍ അതുവരെ കണ്ടെത്തിയിട്ടുള്ളതും തുടര്‍ന്ന് കണ്ടെത്തിയേക്കാവുന്നതുമായ സമാനഗോളങ്ങളെയെല്ലാം ഗ്രഹങ്ങളായി അംഗീകരിക്കേണ്ടതായി വരും. സൗരയൂഥത്തിലെ ഗ്രഹപ്പട്ടിക അനന്തമായി നീളുന്ന സ്ഥിതി വരികയും ചെയ്യും. അത്തരമൊരു സ്ഥിതിവിശേഷം ഒഴിവാക്കുന്നതിന് ഗ്രഹങ്ങള്‍ക്ക് പുതിയൊരു നിര്‍വ്വചനം നല്‍കുകയാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്രസമിതി ചെയ്തത്.

പ്ലൂട്ടോയുടെ ഗ്രഹപദവിയ്ക്ക് വെല്ലുവിളി വേറെയുമുണ്ടായിരുന്നു. പ്ലൂട്ടോയുടെ ഭ്രമണപഥം മറ്റു ഗ്രഹങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമാണ്. അതിദീര്‍ഘവൃത്താകാരപാതയിലൂടെയാണ് അതിന്റെ ഭ്രമണം. സാധാരണഗതിയില്‍ സൂര്യനില്‍നിന്ന് ഏറ്റവുമകലെയാണെങ്കിലും 248 വര്‍ഷങ്ങള്‍ നീളുന്ന പരിക്രമണ കാലയളവില്‍ 20 വര്‍ഷത്തേക്ക് അത് നെപ്റ്റിയൂണിന്റെ പാത മുറിച്ചുകടന്ന് യുറാനസ്സിനും നെപ്റ്റിയൂണിനുമിടയില്‍ സ്ഥാനം പിടിക്കുന്നു. 1979 ഫിബ്രവരി 7 മുതല്‍ 1999 ഫിബ്രവരി 11 വരെ പ്ലൂട്ടോ നെപ്റ്റിയൂണിനേക്കാള്‍ സൂര്യനോടടുത്താണ് സ്ഥിതിചെയ്തിരുന്നത്.

ഗ്രഹങ്ങളെ സംബന്ധിക്കുന്ന പുതിയ നിര്‍വ്വചനപ്രകാരം സൂര്യനെ വലം വച്ചാല്‍ മാത്രം ഒരു ഗോളം ഗ്രഹമാകുന്നില്ല. സ്വയം ഗോളാകൃതി കൈക്കൊള്ളാനാവശ്യമായ ഗുരുത്വാകര്‍ഷണം നല്‍കാന്‍ വേണ്ട പിണ്ഡം ഗോളത്തിനുണ്ടാവണം. ഗ്രഹത്തിന്റെ ഭ്രമണപഥത്തിലേക്ക് മറ്റ് വസ്തുക്കളെ കടത്തിവിടുകയുമരുത്. പ്ലൂട്ടോയുടെ സ്ഥാനം നഷ്ടപ്പെടാന്‍ പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത് രണ്ടാമത്തെ നിബന്ധനയാണ്.

ഇന്ന് പ്ലൂട്ടോയെ 'കുള്ളന്‍ ഗ്രഹങ്ങളു'ടെ ( dwarf planets ) പട്ടികയിലാണ് പൊതുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും ചില സവിശേഷതകള്‍ പരിഗണിച്ച് പ്ലുട്ടോയ്ഡ് ( plutoid ) എന്ന പ്രത്യേക ഉപവിഭാഗത്തിലാണ് അതിന്റെ സ്ഥാനം. 

പ്ലൂട്ടോ -ചില അടിസ്ഥാന വിവരങ്ങള്‍

1930 ല്‍ ക്ലൈഡ് ടോംബോയാണ് പ്ലൂട്ടോയെ കണ്ടെത്തിയത്. പ്ലൂട്ടോയുടെ പകുതിയോളം വലിപ്പമുള്ള ഗോളമാണ് അതിന്റെ ഉപഗ്രഹമായ കെയ്‌റണ്‍ ( Charon ). അതുകൊണ്ടുതന്നെ പ്ലൂട്ടോയും കെയ്‌റണും ഇരട്ടഗ്രഹങ്ങളെപ്പോലെയാണ്. സൗരയൂഥത്തില്‍ ഇതുപോലൊരു ഗോളദ്വന്ദം ഇതുവരെ കണ്ടെത്തിയിട്ടില്ല. 

2006 ജനവരി 19 ന് അമേരിക്കയിലെ കേപ് കനാവറല്‍ സ്‌പേസ് സ്റ്റേഷനില്‍നിന്ന് ന്യൂ ഹൊറൈസണ്‍സ് പേടകത്തെയും വഹിച്ച് അറ്റ്‌ലസ് വി റോക്കറ്റ് കുതിച്ചുയര്‍ന്നപ്പോള്‍. ചിത്രം കടപ്പാട്: SolarViews 
പ്ലൂട്ടോയെ ഭൂമിയില്‍നിന്ന് നിരീക്ഷിക്കുകയും പഠിക്കുകയും അസാധ്യമാണ്. കാരണം അത് അത്രയ്ക്ക് ദൂരെയാണ്. ദൂരത്തിന് തക്കതായ വലുപ്പവുമില്ല. ചൊവ്വയേക്കാള്‍ 50,000 മടങ്ങ് മങ്ങിയതാണ് പ്ലൂട്ടോ. ഭൂമിയില്‍നിന്ന് ദൃശ്യമാകുന്ന ചൊവ്വയുടെ വ്യാസത്തിന്റെ ഒരു ശതമാനം തികച്ചില്ല അതിന്റെ വലിപ്പം.

കിയ്പ്പര്‍ ബെല്‍ററ്റില്‍ ഏരിസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ ഗോളമാണ് പ്ലൂട്ടോ. 2006 ആഗസ്ത് 24 ന് രാജ്യാന്തര ജ്യോതിശാസ്ത്ര സമിതി സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ പട്ടികയില്‍നിന്ന് കുള്ളന്‍ഗ്രഹ പട്ടികയിലേക്ക് പ്ലൂട്ടോയെ തരംതാഴ്ത്തി.

കെയ്‌റണ്‍, നിക്‌സ്, ഹൈഡ്ര, കെര്‍ബറോക്‌സ്, സ്‌റ്റൈക്‌സ് എന്നിങ്ങനെ അഞ്ച് ഉപഗോളങ്ങളാണ് പ്ലൂട്ടോയ്ക്കുള്ളത്.

248 ഭൗമവര്‍ഷംകൊണ്ടാണ് പ്ലൂട്ടോ സൂര്യനെ ഒരുതവണ വലംവെയ്ക്കുന്നത്. ഭൂമിയില്‍നിന്നും ശരാശരി 5.9 ബില്യണ്‍ കിലോമീറ്ററാണ് ദൂരം. സൂര്യനില്‍നിന്ന് ഭൂമിയിലേക്കുള്ളതിന്റെ ഏതാണ്ട് 40 മടങ്ങ് അകലെയാണ് പ്ലൂട്ടോ. ക്രാന്തിവൃത്തതലത്തില്‍ ( ecliptic plane ) നിന്നും 17 ഡിഗ്രി ചരിഞ്ഞാണ് ഇതിന്റെ ഭ്രമണപഥം.

പ്ലൂട്ടോയ്ക്കും കെയ്‌റണും സ്വയംതിരിയാന്‍ 6.4 ദിവസങ്ങള്‍ വേണം. കെയ്‌റണ്‍ പ്ലൂട്ടോയെ ഒരുതവണ വലംവയ്ക്കാനും 6.4 ദിവസമെടുക്കുന്നു. പ്ലൂട്ടോയും കെയ്‌റണും പരസ്പരബന്ധനത്തിലാണ് തിരിഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് പ്ലൂട്ടോയുടെ ഒരു മുഖം മാത്രമായിരിക്കും കെയ്‌റണില്‍നിന്ന് ദൃശ്യമാകുക. പ്ലൂട്ടോയില്‍ നിന്ന് കെയ്‌റണിന്റേയും ഒരു വശംമാത്രം കാണാന്‍ കഴിയുന്നു (ഭൂമിയുടേയും ചന്ദ്രന്റേയും കാര്യവും ഇതിന് സമാനമാണെന്നത് ശ്രദ്ധേയം).

കൃത്യമായ വ്യാസം ഇനിയും നിര്‍ണയിക്കാനായിട്ടില്ലെങ്കിലും ഏകദേശം 2360 കിലോമീറ്ററാണ് പ്ലൂട്ടോയുടെ വ്യാസമെന്നാണ് എത്തിയിട്ടുള്ള നിഗമനം. ചന്ദ്രന്റെ വ്യാസത്തിന്റെ ഏതാണ്ട് മൂന്നില്‍ രണ്ട് ഭാഗമേ വരൂ ഇത്. നമുക്കിതുവരെ മനസ്സിലാക്കാന്‍ കഴിഞ്ഞതനുസരിച്ച്, പ്ലൂട്ടോയുടെ ഉപരിതലത്തില്‍ നൈട്രജനും മീഥേനും കാര്‍ബണ്‍ മോണോക്‌സൈഡും ജലഹിമവുമുണ്ട്. പ്ലൂട്ടോയുടെ അന്തരീക്ഷത്തില്‍ ഏറ്റവുമധികമുള്ളത് നൈട്രജനാണ്. മീഥേനും കാര്‍ബണ്‍ മോണോക്‌സൈഡും ചില ഹൈഡ്രോകാര്‍ബണുകളും ചെറിയ അളവിലുണ്ട്.

ന്യൂ ഹൊറൈസണ്‍സിന്റെ ദൗത്യം 

നമ്മുടെ സൗരയൂഥത്തിന് മൂന്ന് മേഖലകളുണ്ട്. ഭൗമഗ്രഹങ്ങള്‍ ( Terrestrial planets ) എന്നറിയപ്പെടുന്ന ഭൂസമാനഗ്രഹങ്ങളുടെ മേഖലയാണ് ആദ്യത്തേത്. ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ എന്നിവ ഈ മേഖലയില്‍ വരുന്നു. വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂണ്‍ എന്നീ ഗ്രഹങ്ങളുള്‍പ്പെടുന്ന വാതകഭീമന്‍മാരുടെ ( Gas giants ) മേഖലയാണ് രണ്ടാമത്തേത്. കിയ്പ്പര്‍ ബെല്‍റ്റ് എന്ന പേരില്‍ നെപ്റ്റിയൂണിനപ്പുറമുള്ള അതിശൈത്യമേഖലയാണ് സൗരയൂഥത്തിന്റെ മൂന്നാം മേഖല ( Third Zone ). പ്ലൂട്ടോയും ഏരിസുമടക്കമുള്ള കുള്ളന്‍ ഗ്രഹങ്ങളുടേയും വാല്‍നക്ഷത്രങ്ങളുടേയും മറ്റനവധി മഞ്ഞുഗോളങ്ങളുടെയും വ്യവഹാരമേഖലയാണത്.

അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് 2001 ലാണ് ബഹിരാകാശഗവേഷണരംഗത്ത് ഇനി നടക്കാനുള്ള അന്വേഷണങ്ങളില്‍ സൗരയൂഥത്തിലെ മൂന്നാം മേഖലയുടെ പര്യവേഷണത്തിന് മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞത്. കിയ്പ്പര്‍ബെല്‍റ്റ് എന്ന വിശാലമേഖലയില്‍ മഞ്ഞുഗോളങ്ങളും ഗ്രഹസമാന വസ്തുക്കളുമേറെയുണ്ടെങ്കിലും ആ മേഖലയെക്കുറിച്ച് പരിമിതമായ അറിവേ നമുക്കിന്നുള്ളൂ.

460 കോടി വര്‍ഷംമുമ്പ് രൂപപ്പെട്ട സൗരയൂഥ അവശേഷിപ്പുകളാണ് ഈ ഹിമകുള്ളന്‍മാര്‍ ( Ice dwarf ). സൗരയൂഥത്തിലെ പുറം ഗ്രഹങ്ങളൊക്കെയും രൂപപ്പെട്ടത് ഇവയില്‍ നിന്നുതന്നെയാണ്. അതിശൈത്യമേഖലയില്‍ കഴിയുന്നതിനാല്‍ അവയുടെ ചേരുവകളിലൊന്നും കാര്യമായ വ്യത്യാസങ്ങള്‍ വന്നു ചേരാനിടയില്ല. അതുകൊണ്ടുതന്നെ അവയെക്കുറിച്ചുള്ള പഠനം ഗ്രഹങ്ങളുടെ ഉത്പത്തിയെസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും.

പ്ലൂട്ടോയും അതിന്റെ ഉപഗോളമായ കെയ്‌റണും ഇരട്ടഗ്രഹ സമാനമാണ്. പ്ലൂട്ടോയും, കെയ്‌റണും ഇരുഗോളങ്ങള്‍ക്കും പുറത്തുള്ള ഒരു സ്ഥാനം കേന്ദ്രീകരിച്ച് പരസ്പരം തിരിയുന്നു. ഇരട്ട നക്ഷത്രങ്ങള്‍ പോലെ തന്നെ ഇരട്ട ഗ്രഹങ്ങളും നമ്മുടെ ഗാലക്‌സിയിലുണ്ടെന്ന് കണക്കാക്കപ്പെടുന്നെങ്കിലും സൗരയൂഥത്തില്‍ ആകെ കണ്ടെത്തിയിട്ടുള്ള ഈ ഗോളയുഗ്മത്തെക്കുറിച്ച് നമുക്കിതുവരെയൊരു പഠനം സാധ്യമായിട്ടില്ല. ഇരട്ടഗ്രഹങ്ങളുടെ ബലതന്ത്രത്തെ അടുത്തറിയാനുള്ള അവസരം നമുക്കിതുവരെ ലഭിച്ചിട്ടുമില്ല. 

ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയ്ക്ക് സമീപത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 2015 ജൂലായ് 7 ന് പേടകം പകര്‍ത്തിയ പ്ലൂട്ടോയുടെ ദൃശ്യം. ചിത്രംകടപ്പാട്: NASA-JHUAPL-SWRI
പ്ലൂട്ടോയും അതിന്റെ ഉപഗോളങ്ങളും കിയ്പ്പര്‍ബെല്‍റ്റും വലിയ അളവില്‍ കാര്‍ബണിക തന്മാത്രകളും ജലഹിമവും ( water ice ) പേറുന്ന സൗരയൂഥവസ്തുക്കളാണ്. ജീവന്റെ ഉല്‍പത്തിക്കാവശ്യമായ അസംസ്‌കൃത വസ്തുകളാണവ. ന്യൂ ഹൊറൈസണ്‍സ് പേടകം അവയുടെ യഥാര്‍ത്ഥ ചേരുവകളെ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവരും.

പ്ലൂട്ടോയുടെ അന്തരീക്ഷം നിരന്തരം ശോഷിച്ചുകൊണ്ടിരിക്കുകയാണ്. ഇത്ര വലിയതോതിലുള്ള അന്തരീക്ഷ ശോഷണം സൗരയൂഥത്തില്‍ മറ്റൊരിടത്തും സംഭവിക്കുന്നില്ല. പ്ലൂട്ടോയുടെ അന്തരീക്ഷശോഷണവും അതിന്റെ ഘടനയും വിശകലനം ചെയ്യാന്‍ കഴിഞ്ഞാല്‍ ഗ്രഹങ്ങളുടെ അന്തരീക്ഷ പരിണാമത്തെക്കൂറിച്ച് നമുക്ക് കൂടുതല്‍ വ്യക്തത ലഭിക്കും.

ഏഴ് ശാസ്ത്രീയ ഉപകരണങ്ങള്‍

ഏഴ് ശാസ്ത്രീയ ഉപകരണങ്ങളാണ് ന്യൂഹൊറൈസണിലുള്ളത് - മൂന്ന് പ്രകാശിക ഉപകരണങ്ങള്‍ ( Optical instruments ), രണ്ട് പ്ലാസ്മാ ഉപകരണങ്ങള്‍, ഒരു ഡസ്റ്റ് സെന്‍സര്‍, ഒരു റേഡിയോ മീറ്റര്‍ എന്നിങ്ങനെ.

ആലിസ് ( Alice ), റാല്‍ഫ് ( Ralph ), ലോങ്ങ് റെയ്ഞ്ച് റെക്കണൈസന്‍സ് ഇമേജര്‍ ( Long Range Reconnaisance Imager ) അഥവാ 'ലോറി ( LORRI ), സ്വാപ്പ് ( Solar wind Around pluto - SWAP ), പെപ്‌സി ( Pluto energetic Particle Spectrometre investigation - Pepssi ), സ്റ്റ്യൂഡന്റ് ഡസ്റ്റ്കൗണ്ടര്‍ ( Student Dust Counter - SDC ) എന്നി ഉപകരണങ്ങള്‍ പ്ലൂട്ടോയുടെ ഉപരിതലഘടന, അതിന്റെ ചേരുവകള്‍, ഉപരിതല താപനില, അന്തരീക്ഷമര്‍ദ്ദം, അന്തരീക്ഷ താപനില തുടങ്ങിയവ വിശകലനം ചെയ്യാന്‍ ശ്രമിക്കും.


ആലിസിന്റെ അന്വേഷണം

ആലിസ് ഒരു അള്‍ട്രാവയലറ്റ് ഇമേജിങ് സെപ്ക്‌ട്രോ മീറ്ററാണ്. പ്ലൂട്ടോയുടെ അന്തരീക്ഷഘടനയും അതിലെ ഘടകങ്ങളും തിരിച്ചറിയുകയാണ് ഇതിന്റെ ലക്ഷ്യം. ഒരു പ്രിസം കണക്കെ പ്രകാശത്തിലടങ്ങിയ വിവിധതരംഗ ദൈര്‍ഘ്യങ്ങളെ പ്രകീര്‍ണ്ണനം ചെയ്യിക്കുകയാണ് സാധാരണ സ്‌പെക്‌ട്രോമീറ്റര്‍ ചെയ്യുന്നത്. ഇമേജിങ് സ്‌പെക്‌ട്രോമീറ്ററാകട്ടെ ഒരു പടികൂടി കടന്നാണ് പ്രവര്‍ത്തിക്കുക. അത് പ്രകാശത്തെ വിവിധ തരംഗദൈര്‍ഘ്യങ്ങളായി വേര്‍പെടുത്തുക മാത്രമല്ല, ഓരോ തരംഗദൈര്‍ഘ്യത്തിലും അത് ലക്ഷ്യമിടുന്ന വസ്തുവിനെ ചിത്രീകരിക്കുകയും ചെയ്യുന്നു.

പ്ലൂട്ടോയുടെ അന്തരീക്ഷത്തിലെ സൂക്ഷ്മകണങ്ങളെ നിരീക്ഷിച്ച് അവയുടെ ആപേക്ഷിക സാന്നിധ്യം ആലിസ് തിട്ടപ്പെടുത്തും. പ്ലൂട്ടോയുടെ അന്തരീക്ഷ ചേരുവകളുടെ സമ്പൂര്‍ണ്ണ ചിത്രം അതുവഴി ലഭിക്കും.

പ്ലൂട്ടോയ്ക്ക് ചുറ്റും ഒരു അയണോസ്ഫിയര്‍ നിലനില്‍ക്കുന്നുണ്ടോയെന്നും അതിന്റെ ഉപഗോളമായ കെയ്‌റണിന് അന്തരീക്ഷമുണ്ടോയെന്നും ആലിസ് പരിശോധിക്കും. അന്തരീക്ഷത്തില്‍ വ്യത്യസ്ത ഉയരങ്ങളില്‍ പ്രകടമാക്കുന്ന താപനിലയും അതാത് മേഖലകളിലെ സാന്ദ്രതയും രേഖപ്പെടുത്തും.

പ്ലൂട്ടോയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന വ്യത്യസ്ത കണങ്ങളില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് വികിരണങ്ങളെ ഉപകരണം അളന്നറിയും. അന്തരീക്ഷത്തിലൂടെ സൂര്യനെയോ മറ്റേതെങ്കിലും നക്ഷത്രത്തെയോ നിരീക്ഷിച്ചുകൊണ്ട് അന്തരീക്ഷകണങ്ങള്‍ ആഗിരണം ചെയ്യുന്ന സൂര്യപ്രകാശത്തിന്റെ അളവ് വിശകലനം ചെയ്യുകയും അങ്ങനെ അന്തരീക്ഷഘടകങ്ങള്‍ ഏതൊക്കെയാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. അന്തരീക്ഷ വാതകങ്ങളുടെ നേരിയ സാന്നിധ്യംപോലുമളക്കാന്‍ ഫലപ്രദമായ മാര്‍ഗം കൂടിയാണിത്. 

കണ്ണടയ്ക്കാത്ത റാല്‍ഫ് 

ന്യൂഹൊറൈസണ്‍ പേടകത്തിന്റെ പ്രധാന കണ്ണാണ് റാല്‍ഫ്. പ്ലൂട്ടോയും അതിന്റെ ഉപഗോളങ്ങളുടെയും കിയ്പ്പര്‍ബെല്‍റ്റ് വസ്തുക്കളുടെയും മാപ്പ് തയ്യാറാക്കലാണ് റാല്‍ഫിന്റെ ജോലി (അമേരിക്കയിലെ പ്രസിദ്ധ ടി.വി. പരിപാടിയായ 'ഹണിമൂണേഴ്‌സി'ലെ ദമ്പതി കഥാപാത്രങ്ങളാണ് റാല്‍ഫും ആലിസും).

മൂന്ന് ബ്ലാക്ക്- ആന്റ് വൈറ്റ് ഇമേജറുകളും നാല് കളര്‍ ഇമേജറുകളും ചേര്‍ന്നതാണ് റാല്‍ഫിന്റെ മള്‍ട്ടി സ്‌പെക്ട്രല്‍ വിസിബിള്‍ ഇമേജിംഗ് കാമറ ( MVIC ). ഇത് കൂടാതെ ഒരു ഇന്‍ഫ്രാറെഡ് മാപ്പിങ് സ്‌പെക്‌ട്രോമീറ്ററും റാല്‍ഫിന് സ്വന്തമാണ്. അങ്ങനെ സാങ്കേതിക മികവുറ്റ എട്ട് ഉപകരണങ്ങളാണ് റാല്‍ഫിന്റെ നോട്ടങ്ങള്‍ക്ക് തീഷ്ണത കൂട്ടുന്നത്.

പ്ലൂട്ടോയുടെ ഉപരിതലത്തെ ബ്ലാക്ക് ആന്റ് വൈറ്റിലും വിവിധ നിറങ്ങളിലും ഉയര്‍ന്ന റെസൊലൂഷനില്‍ റാല്‍ഫ് മാപ്പ് ചെയ്യും. സ്റ്റീരിയോ ചിത്രങ്ങള്‍ ഉപരിതലഘടനയെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത നല്‍കും. പ്ലൂട്ടോയേയും ഉപഗോളങ്ങളെ സംബന്ധിച്ചും, അതിന്റെ ആരം, ഭ്രമണപഥം എന്നിവയെപ്പറ്റിയും നാളിതുവരെയുള്ള അറിവിനെ വിപുലീകരിക്കുന്നതിന് ഇത് ശാസ്ത്രലോകത്തിന് കരുത്താകും.

പ്ലൂട്ടോയുടെ അന്തരീക്ഷത്തിലെ മേഘങ്ങളേയും ചെറുകണങ്ങളെയും തിരയാനും പുതിയ ഉപഗോളങ്ങളും കിയ്പ്പര്‍ ബെല്‍റ്റ് വസ്തുക്കളും കണ്ടെത്താനും റാല്‍ഫിന്റെ നിരീക്ഷണം സഹായകമാകും.

റാല്‍ഫിലെ ഇന്‍ഫ്രാറെഡ് മാപ്പിങ് ക്യാമറ പ്ലൂട്ടോയിലും ഉപഗോളങ്ങളിലും സൂര്യപ്രകാശം വീഴുന്ന മേഖലകളില്‍ നൈട്രജന്‍, മീഥേന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, ഉറഞ്ഞുകൂടിയ ജലം എന്നിവയുടെ സാന്നിധ്യവും മാപ്പ് ചെയ്യും.

താപമറിയാന്‍ റെക്‌സ് 

റേഡിയോ സയന്‍സ് എക്‌സിപെരിമെന്റ് ( REX ) പ്ലൂട്ടോയുടെ അന്തരീക്ഷത്തെ വിശകലനം ചെയ്യുകയും കെയ്‌റണിന് ചുറ്റും അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്യും.

ന്യൂഹൊറൈസണ്‍ പേടകം പ്ലൂട്ടോയെ മറികടന്നു ( flyby ) കഴിഞ്ഞാല്‍ പേടകത്തിലെ 2.1 മീറ്റര്‍ ഡിഷ് ആന്റിന ഭൂമിക്ക് അഭിമുഖമായി തിരിയും. ഭൂമിയില്‍, നാസയുടെ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കിലുള്ള ആന്റിനകളിലെ ശക്തിയേറിയ ട്രാന്‍സ്മിറ്ററുകള്‍ പ്ലൂട്ടോയ്ക്ക് പിന്നിലേക്ക് നീങ്ങുന്ന പേടകത്തിലേക്ക് റേഡിയോ സിഗ്നലുകളുതിര്‍ക്കും. 

ഒന്‍പത് വര്‍ഷം സഞ്ചരിച്ചാണ് പ്ലൂട്ടോയ്ക്ക് സമീപത്ത് ന്യൂ ഹൊറൈസണ്‍സ് പേടകം എത്തുന്നത്. 2015 ജൂലായ് 14 നാണ് പേടകം ഏറ്റവുമടുത്തെത്തുക. പ്ലൂട്ടോയിലേക്കുള്ള പേടകത്തിന്റെ സഞ്ചാരപഥമാണിത്. ചിത്രം കടപ്പാട്: NASA/JHUAPL/SWRI
അന്തരീക്ഷ താപനിലയ്ക്കും അന്തരീക്ഷ വാതകങ്ങളുടെ ശരാശരി തന്മാത്രാഭാരത്തിനും അനുസരിച്ച് റേഡിയോ സിഗ്നലുകള്‍ക്ക് വ്യതിയാനം സംഭവിക്കുന്നു. സാധാരണ ബാഹ്യാകാശദൗത്യങ്ങള്‍ ഇത്തരം പരീക്ഷണങ്ങള്‍ ബഹിരാകാശ പേടകത്തില്‍ നിന്നും ഗ്രഹാന്തരീക്ഷത്തിലൂടെ സിഗ്നലുകള്‍ അയച്ചുകൊണ്ടാണ് നടത്താറുള്ളത്. ഇത് ഡൗണ്‍ലിങ്ക് റേഡിയോ എക്‌സ്‌പെരിമെന്റ് എന്നറിയപ്പെടുന്നു. ഭൂമിയില്‍നിന്ന് സിഗ്നലയച്ചു കൊണ്ടുള്ള പരീക്ഷണമാണ് അപ്-ലിങ്ക് റേഡിയോ എക്‌സ്‌പെരിമെന്റ്. ന്യൂ ഹൊറൈസണ്‍സ് പരീക്ഷിക്കുന്നത് അപ്‌ലിങ്ക് റേഡിയോ എക്‌സ്‌പെരിമെന്റാണ്.

ഭൂമിയില്‍നിന്ന് സിഗ്‌നലുപയോഗിച്ചുള്ള ആദ്യപരീക്ഷണമായിരിക്കും ന്യൂഹൊറൈസണിലെ റെക്‌സിന്റേത്. പ്ലൂട്ടോയില്‍ നിന്നും ഉപഗോളങ്ങളില്‍ നിന്നുമുയരുന്ന ദുര്‍ബല റേഡിയോ വികിരണങ്ങളും റെക്‌സിന് അളക്കാന്‍ കഴിയും. പകലും രാത്രിയുമുണ്ടാകുന്ന താപവ്യതിയാനങ്ങള്‍ കൂടുതല്‍ കൃത്യതയോടെ തിട്ടപ്പെടുത്തുന്നതിന് ഈ ഡാറ്റ സഹായകമാകും.

പേടകത്തിലെ പരുന്തിന്‍ കണ്ണുകള്‍ 

'ലോങ്ങ് റെയ്ഞ്ച് റെക്കണൈസന്‍സ് ഇമേജര്‍' അഥവാ 'ലോറി' എന്ന ഉപകരണം ന്യൂഹൊറൈസണ്‍സിലെ സൂക്ഷ്മ വിശകലന ഉപകരണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. പേടകത്തിലേ 'പരുന്തിന്‍ കണ്ണുകള്‍' എന്നാണ് ലോറി അറിയപ്പെടുന്നതുതന്നെ.

ഇത് ഉയര്‍ന്ന സ്ഥൂലീകരണശേഷിയുള്ള ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഇമേജറാണ്. 8.2 ഇഞ്ച് പ്രകാശ സ്വീകരണിയുള്ള ടെലിസ്‌കോപ്പ് പിടിപ്പിച്ച ഡിജിറ്റല്‍ ക്യാമറയാണിതെന്ന് പറയാം. പ്ലൂട്ടോയുടെ സമീപമേഖലകളിലെ അനിതരസാധാരണമായ തണുപ്പിലും ഉയര്‍ന്ന ക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാണ് ഈ ഉപകരണം

ലോറി ഇതിനകം പ്ലൂട്ടോയുടെ നിരവധി ചിത്രങ്ങളയച്ചു കഴിഞ്ഞു. പ്ലൂട്ടോയോടടുക്കുന്ന വേളയില്‍, ഇതുവരെ ലഭ്യമാകാത്തതും ഹബിള്‍ ടെലിസ്‌കോപ്പ് എടുത്തവയെ വെല്ലുന്നതുമായ ചിത്രങ്ങള്‍ ലോറി പകര്‍ത്തി അയക്കും. പ്ലൂട്ടോയുടെയും കെയ്‌റണിന്റെയും മറ്റ് കിയ്പ്പര്‍ബെല്‍റ്റ് വസ്തുക്കളുടെയും കൂടുതല്‍ ആഴത്തിലുള്ള പഠനം ഇത് വഴി സാധ്യമാകുമെന്നും പ്രതീക്ഷിക്കാം.

പ്ലൂട്ടോയുടെ ഉപരിതലത്തില്‍ ഉണ്ടായിട്ടുള്ള ഗര്‍ത്തങ്ങളുടെയും മറ്റും വലിപ്പവും എണ്ണവും തിട്ടപ്പെടുത്താനും ഗര്‍ത്തങ്ങള്‍ക്ക് കാരണമായ വസ്തുക്കളുടെ ചരിത്രമറിയാനും ലോറി നല്‍കുന്ന വിവരങ്ങള്‍ സഹായകമാകും.

പ്ലൂട്ടോ സന്ദര്‍ശനത്തിന് ശേഷമുള്ള തുടര്‍ദൗത്യത്തില്‍ കിയ്പ്പര്‍ബെല്‍റ്റ് വസ്തുക്കളുടെ ഉയര്‍ന്ന റിസല്യൂഷന്‍ ചിത്രങ്ങളും ലോറി ലഭ്യമാക്കും.

സൗരവാത വിശകലനത്തിന് സ്വാപ്പ് 

സൂര്യനില്‍ നിന്നും നിരന്തരം വമിക്കുന്ന ചാര്‍ജിതകണങ്ങളുടെ ധാരയാണ് സൗരവാതങ്ങള്‍. സൗരവാതങ്ങള്‍ പ്ലൂട്ടോയുടെ മണ്ഡലത്തില്‍ സൃഷ്ടിക്കുന്ന വ്യതിയാനങ്ങള്‍ വിലയിരുത്തുകയാണ് 'സ്വാപ്പി'ന്റെ പ്രധാനദൗത്യം.

പ്ലൂട്ടോയുടെ ഗുരുത്വാകര്‍ഷണശേഷി വളരെ ദുര്‍ബലമാണ്. ഭൂമിയുടേതിന്റെ ഏതാണ്ട് പതിനാറിലൊന്ന് മാത്രമാണത്. ഓരോ സെക്കന്റിലും ഏതാണ്ട് 75 കിലോഗ്രാം അന്തരീക്ഷ വസ്തുക്കള്‍ പ്ലുട്ടോയുടെ മണ്ഡലത്തില്‍ നിന്നും അകന്നു പോയ്‌ക്കൊണ്ടിരിക്കുന്നതായി കണക്കാക്കുന്നു. ദുര്‍ബ്ബലമായ ഗുരുത്വാകര്‍ഷണം കാരണമാണിത്.

പ്ലൂട്ടോയുടെ ഗുരുത്വഘടനയെ അതിജീവിച്ച് സ്വതന്ത്രമാവുന്ന അന്തരീക്ഷവാതകങ്ങള്‍ ന്യൂട്രല്‍ ആറ്റങ്ങളും തന്മാത്രകളുമായാണ് പുറത്തുകടക്കുക. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ഈ ആറ്റങ്ങളേയും തന്മാത്രകളേയും അയണീകരിക്കുന്നു. ഇതുമൂലം ചാര്‍ജിതമാകുന്ന ഇലക്‌ട്രോണുകളും അയോണുകളും സൗരവാതത്തിന്റെ സാന്നിധ്യത്തില്‍ വര്‍ധിത ഊര്‍ജ്ജം നേടുന്നു.

പ്ലൂട്ടോയുടെ ആകര്‍ഷണമണ്ഡലത്തിന് പുറത്തുകടക്കുന്ന അന്തരീക്ഷകണങ്ങള്‍ സൗരവാതവുമായി സമ്പര്‍ക്കത്തിലെത്തുമ്പോള്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ അളന്ന് പ്ലൂട്ടോയുടെ അന്തരീക്ഷശോഷണത്തിന്റെ തോത് സ്വാപ്പിന് നിര്‍ണയിക്കാനാകും. നിലവിലുള്ള അന്തരീക്ഷത്തിന്റെ ഭാവിയെകുറിക്കുന്ന ചൂണ്ടുപാലകയുമാകുമത്. 

അന്തരീക്ഷം പഠിക്കാന്‍ പെപ്‌സി

പ്ലൂട്ടോയുടെ അന്തരീക്ഷ സാന്ദ്രത, അന്തരീക്ഷത്തില്‍നിന്ന് പുറത്തു കടക്കുന്ന ന്യൂട്രല്‍ ആറ്റങ്ങളുടെ തോത്, ചാര്‍ജിത കണങ്ങളുടെ സ്വഭാവം തുടങ്ങിയവ കണ്ടെത്തലാണ് പെപ്പ്‌സി എന്ന സ്‌പെകട്രോമീറ്ററിന്റെ ചുമതല.

പ്ലൂട്ടോയുടെ അന്തരീക്ഷത്തിന് പുറത്തേക്ക് സ്വതന്ത്രമാകുന്ന നൈട്രജന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, മീഥേന്‍ തുടങ്ങിയ വാതകതന്മാത്രകളുടെ അളവ് തിരിച്ചറിയാനുള്ള സെപ്ക്‌ട്രോമീറ്ററാണിത്.

അന്തരീക്ഷത്തിന്റെ ചേരുവകള്‍ തിരിച്ചറിയാനും അന്തരീക്ഷ ശോഷണത്തിന്റെ തോത് നിര്‍ണ്ണയിക്കാനും 'സ്വാപ്പി'നോടൊപ്പം ഉണര്‍ന്ന് പ്രവര്‍ത്തിക്കും ഈ സ്‌പെക്‌ട്രോമീറ്റര്‍.

പ്രിയ വെനീഷ്യാ, ഇതാ നിനക്കായ്!

ഗ്രീക്ക് ഇതിഹാസത്തിലെ പാതാളദേവന്റെ പേരായ 'പ്ലൂട്ടോ' എന്ന പേര് ഗ്രഹത്തിന് സമ്മാനിച്ചത് വെനീഷ്യാബേണി എന്ന പതിനൊന്നുകാരിയായിരുന്നു. വെനീഷ്യയുടെ ഓര്‍മ്മയ്ക്കായി സ്റ്റ്യുഡന്റ് ഡസ്റ്റ്കൗണ്ടറിന് വെനീഷ്യബേണി സ്റ്റ്യുഡന്റ് ഡസ്റ്റ് കൗണ്ടര്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

ന്യൂഹൊറൈസണ്‍സ് പേടകത്തില്‍ കോളറാഡോ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ രൂപകല്പന ചെയ്ത് നിര്‍മ്മിച്ച ശാസ്ത്രീയ ഉപകരണമാണ് സ്റ്റ്യൂഡന്റ് ഡസ്റ്റ്കൗണ്ടര്‍. ക്ഷുദ്രഗ്രഹങ്ങള്‍, വാല്‍നക്ഷത്രങ്ങള്‍, കിയ്പ്പര്‍ബെല്‍റ്റ് വസ്തുക്കള്‍ തുടങ്ങിയവയുടെ കൂട്ടിയിടിമൂലം ഉണ്ടാകുന്ന സൂക്ഷ്മകണങ്ങള്‍ പേടകത്തിന്റെ ദീര്‍ഘയാത്രയില്‍ ഡസ്റ്റ് കൗണ്ടര്‍ തിരിച്ചറിയും. ഒരു നിശ്ചിത സമയത്തിനകത്ത് അത് കണ്ടെത്തുന്ന സൂക്ഷ്മകണങ്ങളുടെ എണ്ണവും വലിപ്പവും നിര്‍ണ്ണയിച്ച് ബാഹ്യാകാശത്തെ ഇത്തരം മേഖലകളില്‍ നടക്കുന്ന കൂട്ടിയിടികളുടെ തോത് കണക്കാക്കാന്‍ കഴിയും.

ഡസ്റ്റ് കൗണ്ടറിന് രണ്ട് ഭാഗങ്ങളാണുള്ളത്. ഒന്നാമത്തേത് ഡസ്റ്റ് ഡിറ്റക്ടര്‍. പേടകത്തിന്റെ പുറംഭാഗത്താണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ചെറുകണികകള്‍ ഡിറ്റക്ട്‌റില്‍ ഇടിക്കുമ്പോള്‍ കണികയുടെ വേഗതയും ദ്രവ്യമാനവും (പിണ്ഡവും) ഡിറ്റക്റ്ററുമായി ബന്ധിപ്പിച്ച് പേടകത്തിനകത്തു സ്ഥാപിച്ചിരിക്കുന്ന ഇലക്‌ട്രോണിക്‌സ് ബോക്‌സ് തിരിച്ചറിയുന്നു.

18 സൗരദൂര ( Atsronomical Unit ) ത്തിനപ്പുറം (സൂര്യന്‍ മുതല്‍ യുറാനസ് വരെയുള്ള ദൂരം) ഇതുവരെ ഒരു ഡസ്റ്റ് കൗണ്ടറും സഞ്ചരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സ്റ്റ്യൂഡന്റ് ഡസ്റ്റ് കൗണ്ടര്‍ കൈമാറുന്ന വിവരങ്ങള്‍ സൗരയൂഥത്തില്‍ സ്വതന്ത്രസഞ്ചാരം നടത്തുന്ന ചെറുകണികകളുടെ ഉറവിടവും സഞ്ചാരവ്യാപ്തിയും വെളിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകപങ്ക് വഹിക്കും.

ജൂലായ് 14 ന് ഇന്ത്യന്‍ സമയം വൈകിട്ട് 5.19 നാണ് ( EDT രാവിലെ 7.49:57) ന്യൂഹൊറൈസണ്‍ പ്ലൂട്ടോയ്ക്ക് ഏറ്റവുമടുത്തെത്തുക.

പ്ലൂട്ടോ പിന്നിട്ടാലും ന്യൂഹൊറൈസണിന്റെ ദൗത്യം അവസാനിക്കുന്നില്ല. കിയ്പ്പര്‍ ബെല്‍റ്റില്‍ ലക്ഷകണക്കിന് കുള്ളന്‍ഗ്രഹങ്ങള്‍ക്കിടയിലൂടെ അത് ദീര്‍ഘപ്രയാണം തുടരും.

ഏറ്റവുമൊടുവില്‍ നക്ഷാത്രാന്തര മാധ്യമത്തിന്റെ ( interstellar medium ) അനന്തയിലൂടെ ഊളിയിട്ട് നീങ്ങും. അതിനിടെ നമുക്കായി കാത്തുവച്ചിരിക്കുന്നത് എന്തെല്ലാമാണെന്ന് അറിയാന്‍ കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ.


http://www.mathrubhumi.com/technology/science/nasa-new-horizons-spacecraft-pluto-kuiper-belt-eris-charon-solar-system-astronomy-science-dwarf-planet-plutoid-559832/

Tuesday, July 14, 2015

പ്രകാശവര്‍ഷം - ജില്ലാ പരിശീലനം ജൂലൈ 15 ന്

പ്രകാശവര്‍ഷം - ജില്ലാ പരിശീലനം ജൂലൈ 15 ന്മലപ്പുറം: ലോകമെമ്പാടും ഐക്യരാഷ്ട്രസംഘടനയുടെ ആഹ്വാനപ്രകാരം 2015, അന്താരാഷ്ട്ര പ്രകാശവര്‍ഷമായി ആചരിക്കുകയാണ്. മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടുപിടുത്തങ്ങള്‍ പ്രകാശവുമായി ബന്ധപ്പെട്ടതാണ്. ദൃശ്യശ്രാവ്യ ഉപകരണങ്ങള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍-ഉപഗ്രഹങ്ങള്‍, ആരോഗ്യരംഗത്തെ ആധുനിക രോഗ നിര്‍ണ്ണയ ഉപകരണങ്ങള്‍ എല്ലാം. ഇന്ന് നാം കൈകാര്യം ചെയ്യുന്ന ഒട്ടുമിക്ക ശാസ്ത്ര ഉപകരണങ്ങളും പ്രകാശത്തെ ആധാരമാക്കിയുള്ളതാണെന്ന് എത്രപേര്‍ക്കറിയാം? ഇന്നത്തെ ഊര്‍ജ്ജപ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരത്തിനും ശാസ്ത്രലോകം ഉറ്റുനോക്കുക്കത് പ്രകാശത്തെ തന്നെയാണ്. പ്രകാശ സംബന്ധിയായ ഒട്ടേറെ നാഴികക്കല്ലുകളുടെ വാര്‍ഷികമാണ് 2015. പ്രകാശത്തെക്കുറിച്ചുള്ള ആദ്യഗ്രന്ഥമായ അല്‍-മനാസിര്‍ രചിച്ചിട്ട് 1000 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഡിഫ്രാക്ഷന്‍ സിദ്ധാന്തത്തിന്റെ 200-ാം വാര്‍ഷികം, വിദ്യുത്-കാന്തിക സിദ്ധാന്തത്തിന്റെ 150-ാം വാര്‍ഷികം, സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ 100-ാം വാര്‍ഷികം, ഒപ്റ്റിക് ഫൈബര്‍ വാര്‍ത്താവിനിമയത്തിന്റെ 50-ാം വാര്‍ഷികം അങ്ങിനെ ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞ 2015, പ്രകാശത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുവാന്‍ ലോകമാകെ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ശാസ്ത്രക്ലാസ്സുകള്‍, പരീക്ഷണങ്ങള്‍, സെമിനാറുകള്‍, വിജ്ഞാനോത്സവങ്ങള്‍, പ്രകാശവണ്ടി (കലാജാഥ) എന്നിവയാണ് സംസ്ഥാനത്താകെ നടത്താന്‍ ലക്ഷ്യമിടുന്നത്.  പൊതുവിദ്യാഭ്യാസവകുപ്പ്, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അതിവിപുലമായ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളാണ് മലപ്പുറം ജില്ലയില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി അധ്യാപകര്‍ക്കുള്ള ജില്ലാ പരിശീലനവും ജില്ലാതല ഉദ്ഘാടനവും ജൂലൈ 15ന് മലപ്പുറം കോട്ടപ്പടി ബസ്സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്നു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ നടക്കുന്ന പരിപാടി, പരിസ്ഥിതി വികസന സമിതി ചെയര്‍മാന്‍ ഡോ: വി.കെ ദാമോദരന്‍ ഉദ്ഘാടനം ചെയ്യുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് മുന്‍ ഉപഡയറക്ടര്‍ പ്രൊ : പി. കെ രവീന്ദ്രന്‍, എനര്‍ജി മാനേജ്‌മെന്റ് സെന്ററിലെ ശാസ്ത്രജ്ഞര്‍ ജോണ്‍സണ്‍ ദാനിയേല്‍, നജീബ് സുല്‍ത്താന്‍ കൊട്ടിയം  എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുക്കുന്നു. പ്രകാശ സംബന്ധിയായ ശാസ്ത്രപരീക്ഷണങ്ങളും നടത്തും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. സഫറുള്ള അധ്യക്ഷം വഹിക്കും. പരിപാടിയിലേക്ക് അധ്യാപകരേയും ശാസ്ത്രതത്പരരേയും സാദരം ക്ഷണിക്കുന്നു.
------------
ജില്ലാ കണ്‍വീനര്‍