Monday, July 20, 2015

പ്ലൂട്ടോയുടെ വലിപ്പം കണക്കാക്കി ന്യൂ ഹൊറൈസണ്‍സ് പേടകം

പ്ലൂട്ടോയുടെ വലിപ്പം കണക്കാക്കി ന്യൂ ഹൊറൈസണ്‍സ് പേടകം


കെയ്‌റണും പ്ലൂട്ടോയും - ന്യൂ ഹൊറൈസണ്‍സിലെ 'ലോറി'യില്‍നിന്നുള്ള വിവരങ്ങളുടെ സഹായത്തോടെ സൃഷ്ടിച്ച ദൃശ്യമാണിത്. ചിത്രം കടപ്പാട്: NASA-JHUAPL-SWRI

കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയുടെ വലിപ്പം മുമ്പ് കണക്കാക്കിയതിലും അല്‍പ്പം കൂടുതലാണെന്ന് കണ്ടെത്തല്‍. പ്ലൂട്ടോ പര്യവേക്ഷണ പേടകമായ ന്യൂ ഹൊറൈസണ്‍സാണ് വലിപ്പം നിര്‍ണയിച്ചത്.

പ്ലൂട്ടോയ്ക്ക് 2370 കിലോമീറ്റര്‍ വ്യാസമുണ്ടെന്നാണ്, ന്യൂ ഹൊറൈസണ്‍സിലെ 'ലോങ് റേഞ്ച് റിക്കനൈസണ്‍സ് ഇമേജര്‍' ( LORRI ) പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്ന് ഗവേഷകര്‍ എത്തിയ നിഗമനം. ഭൂമിയുടെ 18.5 ശതമാനം വ്യാസമാണ് പ്ലൂട്ടോയ്ക്കുള്ളതെന്ന് ഇത് വ്യക്തമാക്കുന്നു.

സൗരയൂഥത്തില്‍ നെപ്ട്യൂണിനപ്പുറത്തെ ഏറ്റവും വലിയ ഗോളം പ്ലൂട്ടോയാണെന്ന സംശയം സ്ഥിരീകരിക്കുന്നതാണ് ഈ കണ്ടെത്തല്‍.

1930 ല്‍ പ്ലൂട്ടോയെ കണ്ടെത്തിയ നാള്‍ മുതല്‍ ആരംഭിച്ചതാണ് അതിനെത്ര വലിപ്പമുണ്ടെന്ന ചോദ്യം. അതിപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നു -ന്യൂ ഹൊറൈസണ്‍സ് മിഷന്‍ സയന്റിസ്റ്റായ വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ബില്‍ മക്കിന്നോന്‍ പറഞ്ഞു.

പ്ലൂട്ടോയുടെ കൃത്യമായ വലിപ്പം കണ്ടെത്തിയപ്പോള്‍ വ്യക്തമാകുന്ന സംഗതി ഇതാണ്- പ്ലൂട്ടോയുടെ സാന്ദ്രത മുമ്പ് കണക്കാക്കിയതിലും അല്‍പ്പം കുറവാണ്. പ്ലൂട്ടോയ്ക്കുള്ളിലെ ഹിമജലത്തിന്റെ അളവ് പ്രതീക്ഷിച്ചതിലും ലേലം കൂടുതലാണ്. മാത്രമല്ല, പ്ലൂട്ടോയുടെ അന്തരീക്ഷത്തിലെ ഏറ്റവും താഴെയുള്ള പാളി (ട്രോപ്പോസ്ഫിയര്‍) കനംകുറഞ്ഞതുമാണ്.

പ്ലൂട്ടോ, കെയ്‌റണ്‍ എന്നിവയുടെ വലിപ്പം ഭൂമിയുമായി താരതമ്യം ചെയ്യുമ്പോള്‍. പ്ലൂട്ടോയുടെ വ്യാസം ഭൂമിയുടെ വ്യാസത്തിന്റെ 18.5 ശതമാനവും (2370 കിലോമീറ്റര്‍), കെയ്‌റണിന്റേത് 9.5 ശതമാനവും (1208 കിലോമീറ്റര്‍) ആണ്. കടപ്പാട്: NASA 


പ്ലൂട്ടോയുടെ അന്തരീക്ഷമാണ്, അതിന്റെ വലിപ്പം കൃത്യമായി കണക്കാക്കുന്നത് വലിയ വെല്ലുവിളിയാക്ക് മാറ്റിയതെന്ന്, നാസയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു. അതേസമയം പ്ലൂട്ടോയുടെ പ്രധാന ഉപഗോളമായ കെയ്‌റണിന് ( Charon ) അന്തരീക്ഷമില്ല. അതിനാല്‍, ഭൂമിയിലെ ടെലിസ്‌കോപ്പുകളുപയോഗിച്ച് അതിന്റെ വലിപ്പം കണ്ടെത്തുക എളുപ്പമാണ്.

മുമ്പ് നടത്തിയിട്ടുള്ള നിരീക്ഷണങ്ങളില്‍ കെയ്‌റണിന്റെ വ്യാസം 1208 കിലോമീറ്ററാണെന്ന് കണ്ടത്, ന്യൂ ഹൊറൈസണ്‍സ് നടത്തിയ നിരീക്ഷണവും ശരിവെച്ചിരിക്കുകയാണ്. 

പ്ലൂട്ടോയ്ക്കരികിലെത്തിയ ന്യൂ ഹൊറൈസണ്‍സ് പേടകം -ചിത്രകാരന്റെ ഭാവന. ചിത്രം കടപ്പാട്: NASA 

പ്ലൂട്ടോയുടെ ചെറിയ രണ്ട് ഉപഗോളങ്ങളായ നിക്‌സ് ( Nix ), ഹൈഡ്ര ( Hydra ) എന്നിവയുടെ വലിപ്പവും 'ലോറി'യില്‍നിന്നുള്ള ദൃശ്യങ്ങളുപയോഗിച്ച് ഗവേഷകര്‍ കണക്കാക്കി. നിക്‌സിന് 35 കിലോമീറ്ററും, ഹൈഡ്രയ്ക്ക് 45 കിലോമീറ്ററും വ്യാസമുണ്ട്. 2005 ല്‍ ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പാണ് ഈ രണ്ട് ചെറുഉപഗോളങ്ങളും കണ്ടെത്തിയത്.

പ്ലൂട്ടോയുടെ ഏറ്റവും ചെറിയ ഉപഗോളങ്ങള്‍ കെര്‍ബെറോസ് ( Kerberos ), സ്റ്റിക്‌സ് ( Styx ) എന്നിവയാണ്. തീരെ ചെറുതാകയാല്‍ അവയുടെ വലിപ്പം കഴിഞ്ഞിട്ടില്ല. എന്നാല്‍, പ്ലൂട്ടോയ്ക്ക് സമീപത്തുകൂടി ന്യൂ ഹൊറൈസണ്‍സ് പേടകം കടന്നുപോകുന്നതിനിടെ അവയുടെ വലിപ്പവും നിര്‍ണയിക്കാമെന്ന് പ്രതീക്ഷയിലാണ് ഗവേഷകര്‍. 

സിഗ്നലുകള്‍ ആദ്യമെത്തുക ഓസ്‌ട്രേലിയയില്‍ 

ഒന്‍പതര വര്‍ഷംകൊണ്ട് 500 കോടി കിലോമീറ്ററിലേറെ സഞ്ചരിച്ച് പ്ലൂട്ടോയ്ക്ക് സമീപമെത്തുന്ന ന്യൂ ഹൊറൈസണ്‍സ് പേടകം അയയ്ക്കുന്ന പ്ലൂട്ടോയുടെ സമീപദൃശ്യങ്ങള്‍ ആദ്യമെത്തുക ഓസ്‌ട്രേലിയിയിലായിരിക്കും. ഓസ്‌ട്രേലിയയിലെ 'കാന്‍ബറ ഡീപ് സ്‌പേസ് കമ്മ്യൂണിക്കേഷന്‍ കോംപ്ലക്‌സ്' ( CDSCC ) ആണ് സിഗ്നലുകള്‍ ആദ്യം സ്വീകരിക്കുക.

'കാന്‍ബറ ഡീപ് സ്‌പേസ് കമ്മ്യൂണിക്കേഷന്‍ കോംപ്ലക്‌സി'ലെ ആന്റിനകള്‍. ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയ്ക്കരികിലൂടെ കടന്നുപോകുമ്പോള്‍ ആദ്യ സിഗ്നലുകള്‍ സ്വീകരിക്കുക ഈ കമ്മ്യൂണിക്കേഷന്‍ കോംപ്ലക്‌സാണ്. ചിത്രം കടപ്പാട്: CDSCC


നാസയുടെ ന്യൂ ഹൊറൈസണ്‍സ് പേടകം ചൊവ്വാഴ്ച്ചയാണ് (2015 ജൂലായ് 14) പ്ലൂട്ടോയ്ക്ക് ഏറ്റവും സമീപത്തുകൂടി കടന്നുപോവുക. ആ സമയത്ത് പ്ലൂട്ടോയുടെ പ്രതലത്തില്‍നിന്ന് 12,500 കിലോമീറ്റര്‍ ഉയരത്തിലായിരിക്കും പേടകം.

ആ കടന്നുപോകലിനിടെ പ്ലൂട്ടോയെയും അതിന്റെ ഉപഗോളങ്ങളെയും കുറിച്ച് വിശദമായ നിരീക്ഷണങ്ങള്‍ പേടകം നടത്തും. അതിന്റെ ഡേറ്റ ഭൂമിയിലേക്ക് പേടകം അയയ്ക്കുമ്പോള്‍ അത് ഭൂമിയില്‍ ആദ്യം സ്വീകരിക്കുക 'കാന്‍ബറ കോംപ്ലക്‌സിലാ'കും.

ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 5.19 നാണ് ( EDT രാവിലെ 7.49:57) ന്യൂഹൊറൈസണ്‍സ് പ്ലൂട്ടോയ്ക്ക് ഏറ്റവുമടുത്തെത്തുക. പേടകത്തില്‍ നിന്നുള്ള റേഡിയോ സിഗ്നലുകള്‍ ഭൂമിയിലെത്താന്‍ 4.5 മണിക്കൂറെടുക്കും. എന്നുവെച്ചാല്‍, ഇന്ത്യന്‍ സമയം രാത്രി 9.49 ആകും പ്ലൂട്ടോയുടെ സമീപദൃശ്യങ്ങള്‍ ഭൂമിയിലെത്താന്‍. 

ഗൂഗിളിന്റെ ഡൂഡിലും 

പ്ലൂട്ടോ പര്യവേക്ഷണ വാഹമായ ന്യൂ ഹൊറൈസണ്‍സ് ചൊവ്വാഴ്ച ലക്ഷ്യസ്ഥാനത്തെത്തുന്നത് ഗൂഗിളും ആഘോഷമാക്കി. ഗൂഗിളിന്റെ ഇന്നത്തെ ഡൂഡില്‍ ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയ്ക്ക് സമീപത്തുകൂടി കടന്നുപോകുന്നതിന്റെ ആനിമേഷന്‍ ദൃശ്യമാണ്. 

ഗൂഗിള്‍ പ്രസിദ്ധീകരിച്ച ഡൂഡില്‍ 

2006 ജനവരി 19 ന് അമേരിക്കയില്‍ കേപ് കനാവറല്‍ സ്‌പേസ് സ്റ്റേഷനില്‍ നിന്ന് യാത്രയായ ന്യൂ ഹൊറൈസണ്‍സ് പേടകത്തിന്റെ പര്യടനം, പ്ലൂട്ടോയ്ക്ക് സമീപമെത്തുന്നതോടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാവുകയാണ്.

ചൊവ്വാഗ്രഹത്തിലേക്കുള്ള ആദ്യപര്യവേഷണപേടകമായ 'മാറിനര്‍4' ചൊവ്വയ്ക്കരികിലൂടെ പറന്നത് 1965 ജൂലായ് 14 നാണ്. അതു നടന്ന് കൃത്യം 50 വര്‍ഷം തികയുന്ന ദിവസമാണ് പ്ലൂട്ടോ വാഹനം പ്ലൂട്ടോയ്ക്ക് സമീപമെത്തുന്നത്. 

http://www.mathrubhumi.com/technology/science/nasa-new-horizons-pluto-astronomy-solar-system-planets-size-of-pluto-charon-nix-hydra-kerberos-styx-561234/

No comments:

Post a Comment