Tuesday, July 14, 2015

പ്രകാശവര്‍ഷം - ജില്ലാ പരിശീലനം ജൂലൈ 15 ന്

പ്രകാശവര്‍ഷം - ജില്ലാ പരിശീലനം ജൂലൈ 15 ന്



മലപ്പുറം: ലോകമെമ്പാടും ഐക്യരാഷ്ട്രസംഘടനയുടെ ആഹ്വാനപ്രകാരം 2015, അന്താരാഷ്ട്ര പ്രകാശവര്‍ഷമായി ആചരിക്കുകയാണ്. മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടുപിടുത്തങ്ങള്‍ പ്രകാശവുമായി ബന്ധപ്പെട്ടതാണ്. ദൃശ്യശ്രാവ്യ ഉപകരണങ്ങള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍-ഉപഗ്രഹങ്ങള്‍, ആരോഗ്യരംഗത്തെ ആധുനിക രോഗ നിര്‍ണ്ണയ ഉപകരണങ്ങള്‍ എല്ലാം. ഇന്ന് നാം കൈകാര്യം ചെയ്യുന്ന ഒട്ടുമിക്ക ശാസ്ത്ര ഉപകരണങ്ങളും പ്രകാശത്തെ ആധാരമാക്കിയുള്ളതാണെന്ന് എത്രപേര്‍ക്കറിയാം? ഇന്നത്തെ ഊര്‍ജ്ജപ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരത്തിനും ശാസ്ത്രലോകം ഉറ്റുനോക്കുക്കത് പ്രകാശത്തെ തന്നെയാണ്. പ്രകാശ സംബന്ധിയായ ഒട്ടേറെ നാഴികക്കല്ലുകളുടെ വാര്‍ഷികമാണ് 2015. പ്രകാശത്തെക്കുറിച്ചുള്ള ആദ്യഗ്രന്ഥമായ അല്‍-മനാസിര്‍ രചിച്ചിട്ട് 1000 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഡിഫ്രാക്ഷന്‍ സിദ്ധാന്തത്തിന്റെ 200-ാം വാര്‍ഷികം, വിദ്യുത്-കാന്തിക സിദ്ധാന്തത്തിന്റെ 150-ാം വാര്‍ഷികം, സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ 100-ാം വാര്‍ഷികം, ഒപ്റ്റിക് ഫൈബര്‍ വാര്‍ത്താവിനിമയത്തിന്റെ 50-ാം വാര്‍ഷികം അങ്ങിനെ ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞ 2015, പ്രകാശത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുവാന്‍ ലോകമാകെ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ശാസ്ത്രക്ലാസ്സുകള്‍, പരീക്ഷണങ്ങള്‍, സെമിനാറുകള്‍, വിജ്ഞാനോത്സവങ്ങള്‍, പ്രകാശവണ്ടി (കലാജാഥ) എന്നിവയാണ് സംസ്ഥാനത്താകെ നടത്താന്‍ ലക്ഷ്യമിടുന്നത്.  പൊതുവിദ്യാഭ്യാസവകുപ്പ്, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അതിവിപുലമായ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളാണ് മലപ്പുറം ജില്ലയില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി അധ്യാപകര്‍ക്കുള്ള ജില്ലാ പരിശീലനവും ജില്ലാതല ഉദ്ഘാടനവും ജൂലൈ 15ന് മലപ്പുറം കോട്ടപ്പടി ബസ്സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്നു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ നടക്കുന്ന പരിപാടി, പരിസ്ഥിതി വികസന സമിതി ചെയര്‍മാന്‍ ഡോ: വി.കെ ദാമോദരന്‍ ഉദ്ഘാടനം ചെയ്യുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് മുന്‍ ഉപഡയറക്ടര്‍ പ്രൊ : പി. കെ രവീന്ദ്രന്‍, എനര്‍ജി മാനേജ്‌മെന്റ് സെന്ററിലെ ശാസ്ത്രജ്ഞര്‍ ജോണ്‍സണ്‍ ദാനിയേല്‍, നജീബ് സുല്‍ത്താന്‍ കൊട്ടിയം  എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുക്കുന്നു. പ്രകാശ സംബന്ധിയായ ശാസ്ത്രപരീക്ഷണങ്ങളും നടത്തും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. സഫറുള്ള അധ്യക്ഷം വഹിക്കും. പരിപാടിയിലേക്ക് അധ്യാപകരേയും ശാസ്ത്രതത്പരരേയും സാദരം ക്ഷണിക്കുന്നു.
------------
ജില്ലാ കണ്‍വീനര്‍

No comments:

Post a Comment