Monday, July 20, 2015

ചിത്രമെത്തി; പ്ലൂട്ടോയില്‍ പര്‍വ്വതനിരകളും

ചിത്രമെത്തി; പ്ലൂട്ടോയില്‍ പര്‍വ്വതനിരകളും


പ്ലൂട്ടോ പ്രതലം - ന്യൂ ഹൊറൈസണ്‍സ് പേടകം അയച്ച പ്ലൂട്ടോയുടെ ആദ്യ സമീപദൃശ്യങ്ങളിലൊന്ന്. പര്‍വ്വതക്കെട്ടുകള്‍ ഉള്ളതാണ് പ്ലൂട്ടോ പ്രതലമെന്ന് ഈ ചിത്രം വ്യക്തമാക്കുന്നു. ചിത്രം കടപ്പാട്: NASA 


വടക്കേ അമേരിക്കയിലെ റോക്കി പര്‍വ്വതനിരകളുടെ പൊക്കത്തിലുള്ള പര്‍വ്വതക്കെട്ടുകള്‍ കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയിലുണ്ടെന്ന് ന്യൂ ഹൊറൈസണ്‍സ് പേടകം അയച്ച ചിത്രങ്ങള്‍ വ്യക്തമാക്കി. ജൂലായ് 14 ന് പ്ലൂട്ടോയ്ക്കരികിലൂടെ പറന്ന പേടകം, ആദ്യമയച്ച സമീപദൃശ്യങ്ങളിലാണ് പര്‍വതനിരകളുടെ വ്യക്തമായ ദൃശ്യങ്ങളുള്ളത്.

പ്ലൂട്ടോയും അതിന്റെ മുഖ്യ ഉപഗോളമായ കെയ്‌റണും 'ഗ്രഹശാസ്ത്രപരമായി' ( Geologically ) പ്രവര്‍ത്തനക്ഷമമാണെന്നും സമീപദൃശ്യങ്ങള്‍ സൂചന നല്‍കി.

മാത്രമല്ല, ന്യൂ ഹൊറൈസണ്‍സ് പേടകം നേരത്തെ പകര്‍ത്തിയ പ്ലൂട്ടോ ദൃശ്യത്തിലെ ഹൃദയത്തിന്റെ ആകൃതിയുള്ള പ്രദേശത്തിന്, 1930 ല്‍ പ്ലൂട്ടോ കണ്ടുപിടിച്ച ജ്യോതിശ്ശാസ്ത്രജ്ഞന്‍ ക്ലൈഡ് ടോംബോയുടെ പേര് നാസ നല്‍കി.

പ്ലൂട്ടോയുടെ സമീപമെത്തുന്നതിന് ഏതാനും ദിവസം മുമ്പ് ന്യൂ ഹൊറൈസണ്‍സ് പകര്‍ത്തിയ ദൃശ്യം. ഇതില്‍ ഹൃദയത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന പ്രദേശത്തിന്, പ്ലൂട്ടോയെ കണ്ടുപിടിച്ച ക്ലൈഡ് ടോംബോയുടെ പേര് നാസ നല്‍കി. ചിത്രം കടപ്പാട്: NASA 


2006 ല്‍ വിക്ഷേപിച്ച ന്യൂ ഹൊറൈസണ്‍സ് പേടകം ഒന്‍പതര വര്‍ഷംകൊണ്ട് 500 കോടി കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് പ്ലൂട്ടോ സ്ഥിതിചെയ്യുന്ന സൗരയൂഥഭാഗമായ കിയ്പ്പര്‍ ബെല്‍റ്റിലെത്തിയത്. ആ മേഖലയില്‍ പര്യവേക്ഷണം നടത്താനയച്ച ആദ്യ മനുഷ്യനിര്‍മിത പേടകമാണ് ന്യൂ ഹൊറൈസണ്‍സ്.

പ്ലൂട്ടോയ്ക്ക് 12,500 കിലോമീറ്റര്‍ അരികിലൂടെ ജൂലായ് 14 ന് പേടകം കടന്നുപോയി. ആ വേളയില്‍ പ്ലൂട്ടോയെയും അതിന്റെ ഉപഗോളങ്ങളെയും ന്യൂ ഹൊറൈസണ്‍സിലെ പരീക്ഷണോപകരണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. അപ്പോള്‍ ശേഖരിച്ച വന്‍തോതിലുള്ള ഡേറ്റ പൂര്‍ണമായും ഭൂമിയിലെത്താന്‍ 16 മാസമെടുക്കുമെന്ന് നാസ പറയുന്നു.

കഴിഞ്ഞ പത്തുകോടി വര്‍ഷത്തിനിടെ പ്ലൂട്ടോയില്‍ അഗ്നിപര്‍വ്വതസ്‌ഫോടനം പോലുള്ളവ സംഭവിച്ചിരിക്കാമെന്നാണ്, അവിടെ നിന്ന് ലഭിച്ച ആദ്യ സമീപദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതായി മിഷന്‍ സയന്റിസ്റ്റ് ജോണ്‍ സ്‌പെന്‍സര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

അഗ്നിപര്‍വ്വതസ്‌ഫോടനം പോലുള്ള ഗ്രഹശാസ്ത്ര പ്രവര്‍ത്തനം നടക്കാന്‍ താപം കൂടിയേ തീരൂ. പ്ലൂട്ടോയില്‍ താപഉറവിടം എന്താണെന്ന് ഇനിയും വ്യക്തമാകേണ്ടതുണ്ട്. ചില പ്രാഥമിക ആശയങ്ങള്‍ മാത്രമേ ഇക്കാര്യത്തില്‍ ഗവേഷകര്‍ക്കുള്ളൂ.

പ്ലൂട്ടോയുടെ മുഖ്യ ഉപഗോളമായ കെയ്‌റണ്‍. ഈ ദൃശ്യത്തില്‍ അതിന്റെ പ്രതലത്തിലെ കിലോമീറ്ററുകള്‍ ആഴമുള്ള ഗര്‍ത്തം കാണാം. ചിത്രം കടപ്പാട്: NASA


പ്ലൂട്ടോയുടെ പ്രതലദൃശ്യം കാട്ടത്തരുന്നത് അവിടെ 11,000 അടി (3,300 മീറ്റര്‍) ഉയരമുള്ള പര്‍വ്വതക്കെട്ടുകളുണ്ടെന്നാണ്. വടക്കേ അമേരിക്കയിലെ റോക്കി പര്‍വ്വതങ്ങളുമായാണ് ഇതിനെ ഗവേഷകര്‍ താരതമ്യപ്പെടുത്തുന്നത്.

മീഥേന്‍, കാര്‍ബണ്‍ മോണോക്‌സയിഡ്, നൈട്രജന്‍ എന്നിവയുടെ കട്ടികുറഞ്ഞ ഹിമപാളി പ്ലൂട്ടോയുടെ പ്രതലത്തിലുണ്ട്. അതുപക്ഷേ, ഇത്രയും ഉയരമുള്ള പര്‍വ്വതക്കെട്ടുകള്‍ രൂപപ്പെടാന്‍ പര്യാപ്തമല്ലെന്ന് ജോണ്‍ സ്‌പെന്‍സര്‍ പറയുന്നു.

പ്ലൂട്ടോയുടെ പ്രതലത്തിനടിയിലെ ഹിമജലത്തിന് അവിടുത്തെ താഴ്ന്ന താപനിലയില്‍ വലിയ പര്‍വതങ്ങളായി നിലനില്‍ക്കാന്‍ കഴിയും- അദ്ദേഹം അഭിപ്രായപ്പെട്ടു.

നാസയുടെ ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയ്ക്ക് സമീപത്തുകൂടി വിജയകരമായി കടന്നുപോയ വിവരം പേടകത്തില്‍നിന്ന് ഭൂമിയിലെത്തിയപ്പോള്‍, ദൗത്യ സംഘത്തില്‍പെട്ട ഗവേഷകരുടെ ആഹ്ലാദം. യു.എസിലെ മേരിലന്‍ഡില്‍ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി അപ്ലൈഡ് ഫിസിക്‌സ് ലബോറട്ടറിയിലാണ് 'മിഷന്‍ കണ്‍ട്രോള്‍ സെന്റര്‍' പ്രവര്‍ത്തിക്കുന്നത്. ചിത്രം കടപ്പാട്: NASA/Bill Ingalls


പ്ലൂട്ടോയുടെ മാത്രമല്ല, അതിന്റെ ഉപഗോളങ്ങളുടെയും ദൃശ്യങ്ങളില്‍നിന്ന് പുതിയ വിവരങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി തുടങ്ങി. പ്രധാന ഉപഗോളമായ കെയ്‌റണില്‍ 6.4 മുതല്‍ 9.6 കിലോമീറ്റര്‍ വരെ ആഴത്തിലുള്ള ഗര്‍ത്തമുണ്ടെന്ന് സമീപദൃശ്യം വ്യക്തമാക്കുന്നു.

പ്ലൂട്ടോയുടെ ചെറു ഉപഗോളമായ ഹൈഡ്രയുടെ ആദ്യദൃശ്യങ്ങളിലൊന്നും ന്യൂ ഹൊറൈസണ്‍സ് പേടകം പകര്‍ത്തി. അതിന്റെ പ്രതലം ഹിമജലം മൂടിയതാണെന്ന് ചിത്രം വ്യക്തമാക്കുന്നു
.
http://www.mathrubhumi.com/technology/science/pluto-new-horizons-geology-dwarf-planet-clyde-tombaugh-charon-hydra-solar-system-561787/

No comments:

Post a Comment