Wednesday, June 6, 2012

ശുക്ര സംതരണം - ചില കാഴ്ചകള്‍

ശുക്ര സംതരണം - ചില കാഴ്ചകള്‍
കാറുമൂടിയ ആകാശത്ത് അപൂര്‍വ്വ പ്രകൃതി പ്രതിഭാസം കാണുവാന്‍ ജില്ലയിലെമ്പാടും ശാസ്ത്രസാഹിത്യ പരിഷതിന്റേയും മാര്‍സിന്റേയും നേതൃത്വത്തില്‍ നടന്ന സംതരണ നിരീക്ഷണങ്ങളില്‍ നിരവധി ശാസ്ത്രതത്പരരും വിദ്യാര്‍ത്ഥികളും ഉത്സാഹപൂര്‍വ്വം പങ്കെടുത്തു. നിറഞ്ഞ മഴമേഘങ്ങള്‍ക്കിടയിലും സൂര്യമുഖത്തുകൂടിയുള്ള ശുക്രന്റെ സഞ്ചാരം, സൗരക്കണ്ണട ഉപയോഗിച്ചും കണ്ണാടി ഉപയോഗിച്ച് പ്രതിഫലിപ്പിച്ചും നിരവധിപേര്‍ ആകാംക്ഷയോടെ കണ്ടു.

Tuesday, June 5, 2012

ശുക്ര സംതരണം-ആസ്ട്രോ കേരള


വരൂ….ശുക്ര സംതരണം കാണാം....

ലേഖകന്‍: എസ് നവനീത് കൃഷ്ണന്‍
കടപ്പാട് : ആസ്ട്രോ കേരള
പുതിയ ആകാശക്കാഴ്ചകള്‍ക്ക് വഴിയൊരുക്കി ശുക്രസംതരണം വരുന്നു. സൂര്യബിംബത്തിനു മുന്നിലൂടെ ഒരു കറുത്ത പൊട്ടു പോലെ ശുക്രന്‍ കടന്നുപോകുന്ന കാഴ്ച. മഴക്കാറുകള്‍ ചതിച്ചില്ലെങ്കില്‍ 2012 ജൂണ്‍ 6 ന് ഉദയം മുതല്‍ ഏതാണ്ട് 10 മണിവരെ അപൂര്‍വമായ ഈ ആകാശക്കാഴ്ച നമുക്ക് ദൃശ്യമാകും. അന്നിതു കണ്ടില്ലെങ്കില്‍ ജീവിതത്തിലൊരിക്കലും നമുക്കീ കാഴ്ച കാണാനുള്ള അവസരമുണ്ടാകില്ല. കാരണം അടുത്ത ശുക്രസംതരണം 2117 ലാണ്! എന്താണ് ശുക്രസംതരണം? സൂര്യഗ്രഹണം കൂട്ടുകാര്‍ കണ്ടിട്ടുണ്ടാകും. സൂര്യനും ഭൂമിക്കും ഇടയിലൂടെ ചന്ദ്രന്‍ കടന്നുപോകുമ്പോള്‍ സംഭവിക്കുന്ന അപൂര്‍വവും സുന്ദരവുമായ ജ്യോതിശ്ശാസ്ത്രപ്രതിഭാസം. എത്ര രസകരമായ കാഴ്ച അല്ലേ? സൂര്യബിംബത്തിനും നമുക്കും ഇടയിലൂടെ ഏത് വസ്തു കടന്നുപോയാലും സൂര്യബിംബം മറയപ്പെടും. സായാഹ്നത്തിലെ ചുവന്നുതുടുത്ത സൂര്യനു മുന്നിലൂടെ ഒരു പക്ഷി പറന്നു പോകുന്നതു പോലും രസകരമായ കാഴ്ചയാണ്. ചിലപ്പോള്‍ ഭൂമിക്കു പുറത്തുള്ള മറ്റു വസ്തുക്കള്‍ ഇങ്ങനെ സൂര്യനും ഭൂമിക്കും ഇടയിലൂടെ കടന്നു പോകും. ചന്ദ്രനെ മാറ്റിനിര്‍ത്തിയാല്‍ ബുധനും ശുക്രനുമാണ് ഇങ്ങനെ കടന്നു പോകാറുള്ളത്. സൂര്യബിംബത്തില്‍ ഒരു ചെറിയ കറുത്ത പൊട്ടുപോലെയാണ് ഇത് കാണപ്പെടുക. സൂര്യനെ പൂര്‍ണമായി മറയ്ക്കാന്‍ കഴിയാത്തതിനാല്‍ സംതരണം എന്നാണ് ഇത്തരം ജ്യോതിശ്ശാസ്ത്രപ്രതിഭാസങ്ങളെ വിളിക്കുന്നത്. ശുക്രന്‍ സൂര്യന്റെ മുന്നിലൂടെ കടന്നുപോകുമ്പോള്‍ ശുക്രസംതരണം(Transit of Venus or TOV) എന്നും ബുധന്‍ കടന്നുപോകുമ്പോള്‍ ബുധസംതരണം എന്നും പറയും. ഒരു നൂറ്റാണ്ടില്‍ പതിമൂന്നോ പതിനാലോ ബുധസംതരണങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ ശുക്രസംതരണം വളരെ അപൂര്‍വമാണ്. നൂറ്റാണ്ടില്‍ ഒന്നോ രണ്ടോ തവണ മാത്രം!

ചരിത്രം

ശുക്രനെക്കുറിച്ച് പ്രാചീനര്‍ക്ക് അറിവുണ്ടായിരുന്നെങ്കിലും ശുക്രസംതരണം എന്ന പ്രതിഭാസം അവരുടെ ശ്രദ്ധയില്‍പ്പെട്ടതിനെക്കുറിച്ചു വ്യക്തമായ തെളിവുകളൊന്നുമില്ല. ബാബിലോണിയക്കാരുടെ രേഖകളില്‍ ശുക്രനെക്കുറിച്ചും സൂര്യനെക്കുറിച്ചും പറയുന്നുണ്ടെങ്കിലും ശുക്രസംതരണത്തെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും തന്നെ അതു നല്‍കുന്നില്ല. കെപ്ലര്‍ ആണ് ശുക്രസംതരണത്തെക്കുറിച്ച് ആദ്യം പ്രവചനങ്ങള്‍ നടത്തുന്നത്. 1631 ഡിസംബര്‍ 6 നും 1761 ലും ശുക്രസംതരണം നടക്കുമെന്ന് ടൈക്കോബ്രാഹയുടെ നിരീക്ഷണരേഖകള്‍ വച്ച് അദ്ദേഹം പ്രവചിച്ചു. പക്ഷേ നിര്‍ഭാഗ്യമെന്നു പറയട്ടെ 1631 നു നടന്ന ശുക്രസംതരണം യൂറോപ്പിലൊന്നും തന്നെ കാണാന്‍ കഴിഞ്ഞിരുന്നില്ല.1639 ലെ ശുക്രസംതരണം പ്രവചിക്കാന്‍ കെപ്ലര്‍ വിട്ടുപോവുകയും ചെയ്തു. പക്ഷേ അതിനുള്ള അവസരം ലഭിച്ചത് നിരന്തരം ശുക്രനെ നിരീക്ഷിച്ചുകൊണ്ടിരുന്ന ജര്‍മിയാക് ഹൊറോക്‌സ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ്. 1639 ഡിസംബറില്‍ ല്‍ നടന്ന ശുക്രസംതരണം ഹൊറോക്‌സ് പ്രവചിക്കുകയും തന്റെ ടെലിസ്‌കോപ്പുപയോഗിച്ച് കടലാസില്‍ സൂര്യന്റെ പ്രതിബിംബം വീഴ്ത്തി നിരീക്ഷിക്കുകയും ചെയ്തു. പിന്നീടിതുവരെ നടന്ന ശുക്രസംതരണങ്ങളെല്ലാം ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുകയും പഠനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

2012 ജൂണ്‍ 6 ലെ സംതരണം

2004 ജൂണ്‍ 8 നായിരുന്നു കഴിഞ്ഞ ശുക്രസംതരണം സംഭവിച്ചത്. 8 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2012 ല്‍ വീണ്ടും ഒരു ശുക്രസംതരണം. കേരളത്തില്‍ സൂര്യനുദിക്കുന്നതിനു മുന്‍പു തന്നെ സംതരണം തുടങ്ങിയിരിക്കും. ഉദയസൂര്യന്റെ ചുവന്നബിംബത്തില്‍ ഒരു കറുത്ത പൊട്ടുപോലെ ശുക്രനെ കാണാനാകും. പത്തുമണി കഴിയുന്നതോടെ സൂര്യബിംബത്തിനു പുറത്തേക്ക് ശുക്രന്‍ കടന്നു പോകും.സൂര്യനും ഭൂമിക്കും ഇടയിലൂടെ ശുക്രന്‍ കടന്നുപോവുക എന്നത് ലളിതമായ സംഭവമായി തോന്നിയേക്കാമെങ്കിലും ജ്യോതിശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യമുള്ള പ്രതിഭാസമാണ് ശുക്രസംതരണം. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം കണക്കാക്കാന്‍ ശുക്രസംതരണത്തെ പ്രയോജനപ്പെടുത്താമെന്ന് 1663 ല്‍ ഗണിതശാസ്ത്രജ്ഞനായ ജയിംസ് ഗ്രിഗറി കണ്ടെത്തി. ഈ നിര്‍ദ്ദേശത്തെ പ്രയോജനപ്പെടുത്തി സൂര്യനും ഭൂമിക്കും ഇടയിലെ ദൂരം കണക്കാക്കാന്‍ കഴിഞ്ഞതോടെ 1882 ഡിസംബര്‍ 6 ന് നടന്ന ശുക്രസംതരണം ചരിത്രത്തില്‍ ഇടം നേടി. കെപ്ലറുടെ ഗ്രഹനിയമങ്ങളിലെ മൂന്നാം നിയമവും പാരലാക്‌സ് രീതിയും പ്രയോജനപ്പെടുത്തിയായിരുന്നു ഈ കണക്കുകൂട്ടല്‍. ശുക്രസംതരണത്തിലെ നാലു ഘട്ടങ്ങളാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. സൂര്യന്റെ വക്കില്‍ പുറത്തു നിന്നും ശുക്രന്‍ സ്പര്‍ശിക്കുന്ന സമയം, സൂര്യബിംബത്തിലേക്ക് പൂര്‍ണമായി കടക്കുന്ന സമയം, സൂര്യനെ തരണം ചെയ്ത് പുറത്തുകടക്കാന്‍ തുടങ്ങുന്ന സമയം, പൂര്‍ണമായി പുറത്തു കടക്കുന്ന സമയം.

നേരിട്ടു സൂര്യനെ നോക്കരുതേ...

ശുക്രസംതരണം കാണാന്‍ എന്തായാലും സൂര്യനെ നോക്കാതെ പറ്റില്ല. പക്ഷേ സൂര്യനെ നേരിട്ടു നോക്കുന്നത് ആപത്താണ്. കാഴ്ചശക്തി തന്നെ നഷ്ടമായേക്കും. സൂര്യന്റെ പ്രതിബിംബം ഉണ്ടാക്കി അതില്‍ നോക്കുന്നതാണ് ഏറ്റവും നന്ന്. ഒരു ടെലിസ്‌കോപ്പ് ഉണ്ടെങ്കില്‍ ഇത് എളുപ്പം നടക്കും. വ്യക്തമായ പ്രതിബിംബവും ലഭിക്കും. ടെലിസ്‌കോപ്പിലൂടെ ഒരു കാരണവശാലും നേരിട്ടു നോക്കരുത്. പകരം ടെലിസ്‌കോപ്പ് സൂര്യന്റെ നേര്‍ക്കു തിരിച്ചു വച്ച് ഐപീസില്‍ നിന്നും വരുന്ന പ്രകാശത്തെ ഒരു വെളുത്ത കടലാസില്‍ വീഴിക്കുക. ഒന്നു നന്നായിട്ടു ഫോക്കസിങ് കൂടി നടത്തിയാല്‍ സൂര്യന്റെ വ്യക്തമായ പ്രതിബിംബം കടലാസില്‍ കാണാം. സൗരകളങ്കങ്ങളെ നിരീക്ഷിക്കാനും ഇതേ രീതി ഉപയോഗിക്കാം. സോളാര്‍ ഫില്‍റ്ററുകളിലൂടെ സൂര്യനെ നോക്കുന്ന രീതിയാണ് മറ്റൊന്ന്. സോളാര്‍ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് നിര്‍മിച്ച കണ്ണടകള്‍ വാങ്ങാന്‍ കിട്ടും. അല്ലെങ്കില്‍ ഫില്‍ട്ടര്‍ വാങ്ങി സ്വന്തമായി ഒരെണ്ണം നിര്‍മിക്കുകയും ആവാം. ഒരു ചെറിയ കണ്ണാടി ഉപയോഗിച്ച് സൂര്യപ്രകാശത്തെ വീടിനകത്തേക്ക് പ്രതിഫലിപ്പിച്ചും ശുക്രസംതരണം കാണാം. പക്ഷേ അത്ര വ്യക്തതയുണ്ടാവില്ല എന്നു മാത്രം. പിന്‍ഹോള്‍ ക്യാമറ ഉപയോഗിച്ചും നിരീക്ഷണം നടത്താവുന്നതാണ്. സൂര്യഗ്രഹണം കാണാന്‍ പ്രയോജനപ്പെടുത്തുന്ന എല്ലാ വിദ്യകളും ശുക്രസംതരണം കാണാനും പ്രയോജനപ്പെടുത്താം. ഇതെല്ലാം പരീക്ഷിക്കുമ്പോള്‍ അധ്യാപകരുടെയോ മുതിര്‍ന്ന ആളുകളുടെയോ സഹായം തേടാന്‍ മടിക്കരുത് കേട്ടോ.

Sunday, June 3, 2012

Transit of Venus NCRA - E-BookTransit of Venus NCRA - E-Book

A Transit of Venus will occur on June 6th 2012 - that is, Venus will come exactly between the Earth and the Sun. We hope you and your friends get to see it - the next transit occurs in 105 years !

We have produced a graphic novel of the story behind the Venus Transit. This is for public, free distribution under a Creative Commons license.

Download E-Book (English)

Published by :
National Centre for Radio Astrophysics
Tata Institute of Fundamental Research
Post Bag 3, Ganeshkhind, 
Pune University Campus
Pune, India - 411007


Visit NCRA Website for Other Languages.

Saturday, June 2, 2012

ആകാശവിസ്മയമാകാന്‍ ശുക്രസംതരണം


ആകാശവിസ്മയമാകാന്‍ ശുക്രസംതരണം 

സാബു ജോസ് @ ദേശാഭിമാനി കിളിവാതില്‍

ശുക്രന്‍ സൂര്യബിംബത്തിനു മുന്നിലൂടെ കറുത്ത പൊട്ടുപോലെ കടന്നുപോകുന്ന അപൂര്‍വ ദൃശ്യം കാണാന്‍ ശാസ്ത്രലോകം ഒരുങ്ങി. ജൂണ്‍ ആറിനാണ് ഈ ആകാശവിസ്മയം. ഈ തലമുറയ്ക്ക് ഇത്തരമൊരു ദൃശ്യം പിന്നീട് കാണാനുള്ള ഭാഗ്യമുണ്ടാകില്ല. ശുക്രസംതരണം എന്നു വിളിക്കുന്ന ഈ പ്രതിഭാസം ഇനി കാണണമെങ്കില്‍ 105 വര്‍ഷം കാത്തിരിക്കേണ്ടിവരും. കൃത്യമായി പറഞ്ഞാല്‍ 2117 ഡിസംബര്‍ 11 വരെ. 2004 ജൂണ്‍ എട്ടിനു പുലര്‍ച്ചെ 5.13 മുതല്‍ 11.26 വരെ നീണ്ടുനിന്ന ശുക്രസംതരണം കാണാന്‍ കഴിയാത്തവര്‍ക്ക് ഒരവസരംകൂടിയാണ് ഇത്തവണത്തേത്.

എന്താണ് ശുക്രസംതരണം?

ഭൂമിക്കും സൂര്യനും ഇടയിലായി ചന്ദ്രന്‍ വരുമ്പോള്‍ അത് സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ മറയ്ക്കും. നാം അതിനെ സൂര്യഗ്രഹണമെന്നാണു വിളിക്കുന്നത്. അതുപോലെ ഭൂമിക്കും സൂര്യനും ഇടയില്‍ക്കൂടി ശുക്രന്‍ കടന്നുപോകുമ്പോള്‍ അത് സൂര്യബിംബത്തെ മറയ്ക്കാന്‍ ശ്രമിക്കും. എന്നാല്‍ ശുക്രന്‍ ഭൂമിയില്‍നിന്നു വളരെ അകലെയായതിനാല്‍ (ഏകദേശം അഞ്ചുകോടി കിലോമീറ്റര്‍) സൂര്യബിംബത്തെ പൂര്‍ണമായി മറയ്ക്കാന്‍ ശുക്രനാവില്ല. സൂര്യബിംബത്തിനു മുന്നിലൂടെ കറുത്തപൊട്ടുപോലെ ഗ്രഹം സഞ്ചരിക്കുന്നതായി ഭഭൂമിയിലുള്ള നിരീക്ഷകന് കാണാം. ഇതാണ് ശുക്രസംതരണം. ചന്ദ്രന്‍ ഭൂമിയുടെ വളരെ അടുത്തായതുകൊണ്ടാണ് (ഏകദേശം നാലുലക്ഷം കിലോമീറ്റര്‍) സൂര്യബിംബത്തെ പൂര്‍ണമായി മറയ്ക്കുന്നത്. ഏതാനും മണിക്കൂറാണ് ശുക്രസംതരണം ദൃശ്യമാകുന്നത്. 2004ല്‍ നടന്ന ശുക്രസംതരണം ആറുമണിക്കൂര്‍ നീണ്ടുനിന്നു.

243 വര്‍ഷംകൊണ്ട് ആവര്‍ത്തിക്കുന്ന സവിശേഷ പാറ്റേണിലാണ് ശുക്രസംതരണം സംഭവിക്കുന്നത്. 121.5 വര്‍ഷത്തിനും 105.5 വര്‍ഷത്തിനും ഇടയില്‍ എട്ടുവര്‍ഷത്തിലൊരിക്കല്‍ എന്ന വിചിത്രമായ പാറ്റേണാണിത്. സൗരയൂഥത്തില്‍ ബുധന്‍ കഴിഞ്ഞാല്‍ സൂര്യന്റെ ഏറ്റവും അടുത്തുള്ള ഗ്രഹമാണ് ശുക്രന്‍. ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഗ്രഹവും ശുക്രനാണ്. ഭൂമിയുടെ ഇരട്ടസഹോദരി എന്നു വിളിക്കാവുന്ന ശുക്രന്റെ വ്യാസം ഏറെക്കുറെ ഭൂമിയുടേതിനു തുല്യമാണ്. ഏറ്റവുമധികം പര്യവേഷണങ്ങള്‍ നടന്ന ഗ്രഹവും ശുക്രനാണ്. കട്ടികൂടിയ കാര്‍ബണ്‍ഡയോക്സൈഡ് മേഘങ്ങള്‍ നിറഞ്ഞതാണ് ശുക്രന്റെ അന്തരീക്ഷം. അമ്ലമഴയും കൊടുങ്കാറ്റും ശക്തമായ ഇടിമിന്നലുകളും നിത്യസംഭവമായ ശുക്രന്റെ താപനില 450 ഡിഗ്രി സെല്‍ഷ്യസ്വരെ ഉയരാറുണ്ട്. സൗരയൂഥത്തില്‍ ഏറ്റവും ചൂടുകൂടിയ ഗ്രഹവും ശുക്രനാണ്. കാര്‍ബണ്‍ഡയോക്സൈഡ് വാതകത്തിന്റെ ഹരിതഗൃഹ സ്വഭാവമാണ് ഗ്രഹത്തിന്റെ താപനില ഇത്രയും ഉയരാന്‍ കാരണമാകുന്നത്. ഈ ഗ്രഹം ജീവന് അനുയോജ്യമല്ല. ശുക്രന്റെ ഭ്രമണപഥം ഭൂമിയുടെ ഭ്രമണ പാതയില്‍നിന്ന് മൂന്നു ഡിഗ്രി നാലു മിനിറ്റ് ചരിഞ്ഞാണ് ഇരിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ മാത്രമേ ഭൂമിയുടെ ഭ്രമണപാത (ഋരഹശുശേര) ശുക്രന്‍ മുറിച്ചുകടക്കുന്നുള്ളൂ. ഈ അവസരത്തില്‍ മാത്രമേ ഭൂമിയിലുള്ള നിരീക്ഷകന് ശുക്രന്‍ സൂര്യബിംബത്തിന്റെ മുന്നിലൂടെ കടന്നുപോകുന്നതായി കാണപ്പെടൂ. പ്രഭാതനക്ഷത്രമെന്നും പ്രദോഷ നക്ഷത്രമെന്നും വിളിക്കുന്ന ശുക്രനെക്കുറിച്ച് പുരാതന ഇന്ത്യന്‍, ഗ്രീക്, ഈജിപ്ഷ്യന്‍, ചൈനീസ്, ബാബിലോണിയന്‍, മായന്‍ സംസ്കാരങ്ങളിലെല്ലാം സൂചനയുണ്ടായിരുന്നു. ഈ ഗ്രഹത്തിന്റെ സഞ്ചാരത്തെക്കുറിച്ചും ഏകദേശ ധാരണ അക്കാലത്തെ ജനങ്ങള്‍ക്കുണ്ടായിരുന്നു. ആധുനിക കാലഘട്ടത്തില്‍ ആദ്യമായി ശുക്രന്റെ സഞ്ചാരപാത ശാസ്ത്രീയമായി അപഗ്രഥിച്ചത് യൊഹാന്‍ കെപ്ലറാണ്. എഡി 1631ല്‍ ശുക്രസംതരണം നടക്കുമെന്ന് നാലുവര്‍ഷം മുമ്പ് 1627ല്‍ അദ്ദേഹം പ്രവചിച്ചിരുന്നെങ്കിലും കണക്കുകൂട്ടലിലുണ്ടായ നേരിയ പിഴവു കാരണം അദ്ദേഹം പ്രവചിച്ചിരുന്ന സ്ഥലങ്ങളില്‍നിന്ന് ശുക്രസംതരണം ദര്‍ശിക്കാന്‍കഴിഞ്ഞില്ല. പിന്നീട് 1939 നവംബര്‍ 24നു നടന്ന സംതരണം ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ ജെറെമിയ ഹൊറോക്സ് കൃത്യമായി പ്രവചിക്കുകയുണ്ടായി. അതുകൂടാതെ ശുക്രന്റെ സഞ്ചാരഗതി അപഗ്രഥിക്കുന്നതില്‍ കെപ്ലറിനുണ്ടായ നേരിയ പിഴവുകള്‍ തിരുത്തുന്നതിനും ഹൊറോക്സിനു സാധിച്ചു.

സംതരണവും ശാസ്ത്രലോകവും

സൂര്യനും ഭൂമിയും തമ്മിലുള്ള അകലം പാരലാക്സ് രീതിയിലൂടെ കൃത്യമായി നിര്‍ണയിക്കുന്നതിന് സംതരണസമയത്ത് ജ്യോതിശാസ്ത്രജ്ഞര്‍ക്കു കഴിയും. അതുകൂടാതെ സൗരയൂഥത്തിന്റെ വലുപ്പം കൃത്യമായി നിര്‍ണയിക്കുന്നതിനും ഗ്രഹസംതരണം ഉപയോഗപ്പെടുത്തുന്നുണ്ട്. സൗരയൂഥത്തിനു വെളിയിലുള്ള ഗ്രഹങ്ങളെ കണ്ടെത്തുന്നതും ഗ്രഹസംതരണവിദ്യയിലൂടെത്തന്നെയാണ്. ജൂണ്‍ ആറിനു നടക്കുന്ന ശുക്രസംതരണം നിരീക്ഷിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം പസഫിക് സമുദ്രമാണ്. അതൂകൂടാതെ ഏഷ്യയുടെ കിഴക്കന്‍പ്രദേശങ്ങള്‍, ഹവായ് ദ്വീപുകള്‍, ഓസ്ട്രേലിയ, അലാസ്ക എന്നിവിടങ്ങളിലും ശുക്രസംതരണം ദൃശ്യമാകും.

നിരീക്ഷണം എങ്ങനെ?

ദൂരദര്‍ശിനിയുടെയോ ബൈനോക്കുലറിന്റെയോ സഹായത്തോടെ ലഭിക്കുന്ന സൂര്യബിംബത്തിന്റെ ഛായ ചുമരിലേക്കോ സ്ക്രീനിലേക്കോ പ്രക്ഷേപിക്കുകയാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗം. അസ്ട്രോണമിക്കല്‍ ഫില്‍റ്റര്‍ (ക്രോമിയം ഫില്‍റ്റര്‍) ഘടിപ്പിച്ച കണ്ണടകളിലൂടെയും സൂര്യബിംബത്തെ നിരീക്ഷിക്കാം. വെല്‍ഡര്‍ ഉപയോഗിക്കുന്ന ഗ്രേഡ്-14 ഗ്ലാസ് ഉപയോഗിച്ചും സംതരണം നിരീക്ഷിക്കാം. നഗ്നനേത്രംകൊണ്ടോ, എക്സ്-റേ ഫിലിം ഉപയോഗിച്ചോ സൂര്യനെ നോക്കരുത്. സൂര്യനില്‍നിന്നു പുറപ്പെടുന്ന ഇന്‍ഫ്രാ-റെഡ് വികിരണങ്ങള്‍ക്ക് എക്സ്-റേ ഫിലിമുകള്‍ തടസ്സമാകില്ല. ഇത് റെറ്റിനയില്‍ പൊള്ളലേല്‍പ്പിക്കാം. ഭാഗികമായോ പൂര്‍ണമായോ അന്ധതയ്ക്കു കാരണമാവുകയും ചെയ്യാം. എന്നാല്‍ സംതരണസമയത്ത് ഭക്ഷണം കഴിക്കുന്നതിനോ മറ്റു ജോലികള്‍ ചെയ്യുന്നതിനോ തടസ്സമില്ല.

Friday, June 1, 2012

2012 ജൂണ്‍ 6 ന് ശുക്രസംതരണം (Transit of Venus)ശുക്രസംതരണം പ്രസന്‍റേഷന്‍ വീഡിയോകള്‍ ഉള്‍പ്പെടെ


വീഡിയോകള്‍ ഇല്ലാത്ത പ്രസന്‍റേഷന്‍ മാത്രം
ആദ്യ സ്വകാര്യ ബഹിരാകാശ പേടകം


പറന്നുയര്‍ന്നത് ആദ്യ സ്വകാര്യ ബഹിരാകാശ പേടകം

ലേഖകന്‍ - സാബു ജോസ് , കടപ്പാട്: ദേശാഭിമാനി കിളിവാതില്‍

ഡ്രാഗണ്‍ എന്ന ബഹിരാകാശപേടകം വിക്ഷേപിക്കപ്പെട്ടത് ചരിത്രത്തിലേക്കാണ്. ആഗോള ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തില്‍ ആദ്യമായി സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിക്കുകയായിരുന്നു 2012 മെയ് 19ന്. ഫ്ളോറിഡയിലെ കേപ്കനാവറെല്‍ എയര്‍ഫോഴ്സ് സ്റ്റേഷനില്‍നിന്ന് പറന്നുയര്‍ന്ന ഡ്രാഗണ്‍ അമേരിക്കയിലെ സ്പേസ്.എക്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. വിക്ഷേപിച്ച് ആറുദിവസത്തിനുശേഷം, ഭ്രമണപഥത്തില്‍ മണിക്കൂറില്‍ 27,700 കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശനിലയവുമായി കൃത്യമായി ഡോക്കിങ് നടത്തുകയും ചെയ്തു. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലുള്ള ബഹിരാകാശ സഞ്ചാരികള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും കൊണ്ടുപോകുന്നതിനാണ് ഡ്രാഗണ്‍ സ്പേസ്ക്രാഫ്റ്റ് ആദ്യമായി ഉപയോഗിക്കുന്നത്. തുടര്‍ന്ന് 2015-ഓടെ ബഹിരാകാശസഞ്ചാരികളെ നിലയത്തിലെത്തിക്കുന്നതിനും തിരിച്ച് ഭൂമിയിലെത്തിക്കുന്നതിനും സാധിക്കും.

                                   

ഏഴ് ബഹിരാകാശ സഞ്ചാരികള്‍ക്ക് ഒരേസമയം സഞ്ചരിക്കാന്‍ പര്യാപ്തമാണ് ഡ്രാഗണ്‍. ആദ്യയാത്രയില്‍തന്നെ 521 കിലോഗ്രാം സാമഗ്രികള്‍ വഹിച്ചുകൊണ്ടുപോകുന്ന സ്പേസ്ക്രാഫ്റ്റ് മടക്കയാത്രയില്‍ ബഹിരാകാശനിലയത്തില്‍നിന്നുള്ള അവശിഷ്ടങ്ങളടക്കം 660 കിലോഗ്രാം സാമഗ്രികളുമായാണ് തിരിച്ചെത്തുന്നത്. ഇപ്പോള്‍ വിക്ഷേപിക്കപ്പെട്ടിരിക്കുന്ന ഡ്രാഗണ്‍ക്രാഫ്റ്റ് ഒരാഴ്ചയ്ക്കുശേഷം പസഫിക്സമുദ്രത്തിലേക്ക് തിരിച്ചിറക്കുന്നതിനാണ് നാസ പദ്ധതിയിട്ടിരിക്കുന്നത്. അതിനുമൊരു സവിശേഷതയുണ്ട്. നിലവിലുള്ള കാര്‍ഗോഷിപ്പുകള്‍ ഉപയോഗത്തിനുശേഷം റീ-എന്‍ട്രി സമയത്ത് കത്തിച്ചുകളയുകയാണ് പതിവ്. എന്നാല്‍ ആദ്യമായി സുരക്ഷിതമായി തിരിച്ചിറങ്ങുന്ന കാര്‍ഗോഷിപ്പെന്ന ബഹുമതിയും ഡ്രാഗണ്‍ക്രാഫ്റ്റിനാകും. 19 അടി നീളവും 12 അടി പാദവ്യാസവുമുള്ള ഡ്രാഗണ്‍ സ്പേസ്ക്രാഫ്റ്റിന് ഒരു വലിയ മണിയുടെ ആകൃതിയാണ്. മറ്റു കാര്‍ഗോഷിപ്പുകളില്‍നിന്നു വ്യത്യസ്തമായി പുനരുപയോഗക്ഷമമാണെന്നത് ഡ്രാഗണിന്റെ മാത്രം സവിശേഷതയാണ്.

                                             

450 കിലോഗ്രാമിലേറെ ഭഭാരവാഹകശേഷിയുള്ള ഡ്രാഗണ്‍ പ്രധാനമായും അസ്ട്രോനോട്ടുകളുടെ വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളുമാണ് ഇപ്പോള്‍ കൊണ്ടുപോകുന്നത്. ബഹിരാകാശ പര്യവേക്ഷണം ഇനി കുറേക്കൂടി സുഗമവും ചെലവുകുറഞ്ഞതുമായിരിക്കുമെന്നാണ് സ്പേസ്.എക്സ് കമ്പനിയുടെ വാഗ്ദാനം. ബഹിരാകാശ വിനോദസഞ്ചാരികള്‍ക്ക് ടാക്സിയായും കാര്‍ഗോഷിപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. 2015ല്‍തന്നെ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധരുടെ അഭിപ്രായം. നാസയുടെ കൊമേഴ്സ്യല്‍ ഓര്‍ബിറ്റല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സര്‍വീസ് (Cots) പദ്ധതിപ്രകാരം ബഹിരാകാശ പര്യവേക്ഷണത്തില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം കൊണ്ടുവരുന്ന പദ്ധതിയാണ് ഇപ്പോള്‍ പരീക്ഷിക്കപ്പെട്ടത്. ശതകോടീശ്വരനായ എലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്.എക്സ് ആണ് ഈ സ്പേസ് ക്രാഫ്റ്റിന്റെ നിര്‍മാതാക്കള്‍. അതിശക്തമായ ഫാല്‍ക്കണ്‍ - 9 റോക്കറ്റ് ഉപയോഗിച്ചാണ് സ്പേസ് ക്രാഫ്റ്റ് വിക്ഷേപിച്ചിരിക്കുന്നത്. ഫാല്‍ക്കണിന്റെ മൂന്നാമത്തെ വിക്ഷേപണമാണിത്. ഇതിനുമുമ്പ് 2010 ജൂണിലും 2010 ഡിസംബറിലും പരീക്ഷണ വിക്ഷേപണം നടത്തി മികവു തെളിയിച്ച ഫാല്‍ക്കണ്‍ ആദ്യമായാണ് സ്പോസ്ക്രാഫ്റ്റും വഹിച്ചുകൊണ്ട് വിക്ഷേപിക്കപ്പെടുന്നത്. സ്പേസ്.എക്സിനെ കൂടാതെ നാസയുമായി സഹകരിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള വേറെയും കമ്പനികള്‍ സ്പേസ് ക്രാഫ്റ്റുകളുടെ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നുണ്ട്. ഓര്‍ബിറ്റല്‍ സയന്‍സ് കോര്‍പറേഷന്‍ എന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനിയുടേതാണ് അടുത്ത ഊഴം. ഈ വര്‍ഷം അവസാനത്തോടെ (2012 ഒക്ടോബറിലാണ് പ്രതീക്ഷിക്കപ്പെടുന്നത്) സിഗ്നസ് എന്നു പേരിട്ടിരിക്കുന്ന അവരുടെ സ്പേസ്ക്രാഫ്റ്റ് വിക്ഷേപിക്കപ്പെടും. അന്റാറസ് റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. തുടര്‍ന്ന് 2013 ജനുവരിയില്‍തന്നെ ഓര്‍ബിറ്റര്‍ കോര്‍പറേഷന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കാവശ്യമായ സാമഗ്രികള്‍ വഹിച്ചുകൊണ്ടുള്ള എട്ടു ദൗത്യങ്ങള്‍ നടത്താന്‍ ആരംഭിക്കും.


                                   

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യന്ത്രസാമഗ്രികളും ബഹിരാകാശസഞ്ചാരികളുടെ വസ്ത്രങ്ങളും ഭക്ഷണവുമെല്ലാം എത്തിക്കുന്നത് നിലവില്‍ യൂറോപ്യന്‍ യൂണിയന്റെ എടിവിയും (Automated Transfer Vehicle) റഷ്യയുടെ പ്രോഗ്രസ് സപ്ലൈ ഷിപ്പും ഉപയോഗിച്ചാണ്. ആ നിരയിലേക്കാണ് ഇപ്പോള്‍ സ്വകാര്യ സംരംഭമായ സ്പേസ്.എക്സ് കടന്നുവന്നിരിക്കുന്നത്. അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് നാസയുടെ ബഹിരാകാശ പദ്ധതികള്‍ പലതും മുടങ്ങുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് നാസ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ വീണ്ടും പര്യവേക്ഷണത്തിനു തുടക്കമിട്ടത്. സ്പേസ്.എക്സ് കമ്പനി 100കോടി ഡോളറാണ് പദ്ധതിക്ക് മുതല്‍മുടക്കുന്നത്.