Tuesday, June 5, 2012

ശുക്ര സംതരണം-ആസ്ട്രോ കേരള


വരൂ….ശുക്ര സംതരണം കാണാം....

ലേഖകന്‍: എസ് നവനീത് കൃഷ്ണന്‍
കടപ്പാട് : ആസ്ട്രോ കേരള
പുതിയ ആകാശക്കാഴ്ചകള്‍ക്ക് വഴിയൊരുക്കി ശുക്രസംതരണം വരുന്നു. സൂര്യബിംബത്തിനു മുന്നിലൂടെ ഒരു കറുത്ത പൊട്ടു പോലെ ശുക്രന്‍ കടന്നുപോകുന്ന കാഴ്ച. മഴക്കാറുകള്‍ ചതിച്ചില്ലെങ്കില്‍ 2012 ജൂണ്‍ 6 ന് ഉദയം മുതല്‍ ഏതാണ്ട് 10 മണിവരെ അപൂര്‍വമായ ഈ ആകാശക്കാഴ്ച നമുക്ക് ദൃശ്യമാകും. അന്നിതു കണ്ടില്ലെങ്കില്‍ ജീവിതത്തിലൊരിക്കലും നമുക്കീ കാഴ്ച കാണാനുള്ള അവസരമുണ്ടാകില്ല. കാരണം അടുത്ത ശുക്രസംതരണം 2117 ലാണ്! എന്താണ് ശുക്രസംതരണം? സൂര്യഗ്രഹണം കൂട്ടുകാര്‍ കണ്ടിട്ടുണ്ടാകും. സൂര്യനും ഭൂമിക്കും ഇടയിലൂടെ ചന്ദ്രന്‍ കടന്നുപോകുമ്പോള്‍ സംഭവിക്കുന്ന അപൂര്‍വവും സുന്ദരവുമായ ജ്യോതിശ്ശാസ്ത്രപ്രതിഭാസം. എത്ര രസകരമായ കാഴ്ച അല്ലേ? സൂര്യബിംബത്തിനും നമുക്കും ഇടയിലൂടെ ഏത് വസ്തു കടന്നുപോയാലും സൂര്യബിംബം മറയപ്പെടും. സായാഹ്നത്തിലെ ചുവന്നുതുടുത്ത സൂര്യനു മുന്നിലൂടെ ഒരു പക്ഷി പറന്നു പോകുന്നതു പോലും രസകരമായ കാഴ്ചയാണ്. ചിലപ്പോള്‍ ഭൂമിക്കു പുറത്തുള്ള മറ്റു വസ്തുക്കള്‍ ഇങ്ങനെ സൂര്യനും ഭൂമിക്കും ഇടയിലൂടെ കടന്നു പോകും. ചന്ദ്രനെ മാറ്റിനിര്‍ത്തിയാല്‍ ബുധനും ശുക്രനുമാണ് ഇങ്ങനെ കടന്നു പോകാറുള്ളത്. സൂര്യബിംബത്തില്‍ ഒരു ചെറിയ കറുത്ത പൊട്ടുപോലെയാണ് ഇത് കാണപ്പെടുക. സൂര്യനെ പൂര്‍ണമായി മറയ്ക്കാന്‍ കഴിയാത്തതിനാല്‍ സംതരണം എന്നാണ് ഇത്തരം ജ്യോതിശ്ശാസ്ത്രപ്രതിഭാസങ്ങളെ വിളിക്കുന്നത്. ശുക്രന്‍ സൂര്യന്റെ മുന്നിലൂടെ കടന്നുപോകുമ്പോള്‍ ശുക്രസംതരണം(Transit of Venus or TOV) എന്നും ബുധന്‍ കടന്നുപോകുമ്പോള്‍ ബുധസംതരണം എന്നും പറയും. ഒരു നൂറ്റാണ്ടില്‍ പതിമൂന്നോ പതിനാലോ ബുധസംതരണങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ ശുക്രസംതരണം വളരെ അപൂര്‍വമാണ്. നൂറ്റാണ്ടില്‍ ഒന്നോ രണ്ടോ തവണ മാത്രം!

ചരിത്രം

ശുക്രനെക്കുറിച്ച് പ്രാചീനര്‍ക്ക് അറിവുണ്ടായിരുന്നെങ്കിലും ശുക്രസംതരണം എന്ന പ്രതിഭാസം അവരുടെ ശ്രദ്ധയില്‍പ്പെട്ടതിനെക്കുറിച്ചു വ്യക്തമായ തെളിവുകളൊന്നുമില്ല. ബാബിലോണിയക്കാരുടെ രേഖകളില്‍ ശുക്രനെക്കുറിച്ചും സൂര്യനെക്കുറിച്ചും പറയുന്നുണ്ടെങ്കിലും ശുക്രസംതരണത്തെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും തന്നെ അതു നല്‍കുന്നില്ല. കെപ്ലര്‍ ആണ് ശുക്രസംതരണത്തെക്കുറിച്ച് ആദ്യം പ്രവചനങ്ങള്‍ നടത്തുന്നത്. 1631 ഡിസംബര്‍ 6 നും 1761 ലും ശുക്രസംതരണം നടക്കുമെന്ന് ടൈക്കോബ്രാഹയുടെ നിരീക്ഷണരേഖകള്‍ വച്ച് അദ്ദേഹം പ്രവചിച്ചു. പക്ഷേ നിര്‍ഭാഗ്യമെന്നു പറയട്ടെ 1631 നു നടന്ന ശുക്രസംതരണം യൂറോപ്പിലൊന്നും തന്നെ കാണാന്‍ കഴിഞ്ഞിരുന്നില്ല.



1639 ലെ ശുക്രസംതരണം പ്രവചിക്കാന്‍ കെപ്ലര്‍ വിട്ടുപോവുകയും ചെയ്തു. പക്ഷേ അതിനുള്ള അവസരം ലഭിച്ചത് നിരന്തരം ശുക്രനെ നിരീക്ഷിച്ചുകൊണ്ടിരുന്ന ജര്‍മിയാക് ഹൊറോക്‌സ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ്. 1639 ഡിസംബറില്‍ ല്‍ നടന്ന ശുക്രസംതരണം ഹൊറോക്‌സ് പ്രവചിക്കുകയും തന്റെ ടെലിസ്‌കോപ്പുപയോഗിച്ച് കടലാസില്‍ സൂര്യന്റെ പ്രതിബിംബം വീഴ്ത്തി നിരീക്ഷിക്കുകയും ചെയ്തു. പിന്നീടിതുവരെ നടന്ന ശുക്രസംതരണങ്ങളെല്ലാം ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുകയും പഠനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

2012 ജൂണ്‍ 6 ലെ സംതരണം

2004 ജൂണ്‍ 8 നായിരുന്നു കഴിഞ്ഞ ശുക്രസംതരണം സംഭവിച്ചത്. 8 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2012 ല്‍ വീണ്ടും ഒരു ശുക്രസംതരണം. കേരളത്തില്‍ സൂര്യനുദിക്കുന്നതിനു മുന്‍പു തന്നെ സംതരണം തുടങ്ങിയിരിക്കും. ഉദയസൂര്യന്റെ ചുവന്നബിംബത്തില്‍ ഒരു കറുത്ത പൊട്ടുപോലെ ശുക്രനെ കാണാനാകും. പത്തുമണി കഴിയുന്നതോടെ സൂര്യബിംബത്തിനു പുറത്തേക്ക് ശുക്രന്‍ കടന്നു പോകും.



സൂര്യനും ഭൂമിക്കും ഇടയിലൂടെ ശുക്രന്‍ കടന്നുപോവുക എന്നത് ലളിതമായ സംഭവമായി തോന്നിയേക്കാമെങ്കിലും ജ്യോതിശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രാധാന്യമുള്ള പ്രതിഭാസമാണ് ശുക്രസംതരണം. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം കണക്കാക്കാന്‍ ശുക്രസംതരണത്തെ പ്രയോജനപ്പെടുത്താമെന്ന് 1663 ല്‍ ഗണിതശാസ്ത്രജ്ഞനായ ജയിംസ് ഗ്രിഗറി കണ്ടെത്തി. ഈ നിര്‍ദ്ദേശത്തെ പ്രയോജനപ്പെടുത്തി സൂര്യനും ഭൂമിക്കും ഇടയിലെ ദൂരം കണക്കാക്കാന്‍ കഴിഞ്ഞതോടെ 1882 ഡിസംബര്‍ 6 ന് നടന്ന ശുക്രസംതരണം ചരിത്രത്തില്‍ ഇടം നേടി. കെപ്ലറുടെ ഗ്രഹനിയമങ്ങളിലെ മൂന്നാം നിയമവും പാരലാക്‌സ് രീതിയും പ്രയോജനപ്പെടുത്തിയായിരുന്നു ഈ കണക്കുകൂട്ടല്‍. ശുക്രസംതരണത്തിലെ നാലു ഘട്ടങ്ങളാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. സൂര്യന്റെ വക്കില്‍ പുറത്തു നിന്നും ശുക്രന്‍ സ്പര്‍ശിക്കുന്ന സമയം, സൂര്യബിംബത്തിലേക്ക് പൂര്‍ണമായി കടക്കുന്ന സമയം, സൂര്യനെ തരണം ചെയ്ത് പുറത്തുകടക്കാന്‍ തുടങ്ങുന്ന സമയം, പൂര്‍ണമായി പുറത്തു കടക്കുന്ന സമയം.

നേരിട്ടു സൂര്യനെ നോക്കരുതേ...

ശുക്രസംതരണം കാണാന്‍ എന്തായാലും സൂര്യനെ നോക്കാതെ പറ്റില്ല. പക്ഷേ സൂര്യനെ നേരിട്ടു നോക്കുന്നത് ആപത്താണ്. കാഴ്ചശക്തി തന്നെ നഷ്ടമായേക്കും. സൂര്യന്റെ പ്രതിബിംബം ഉണ്ടാക്കി അതില്‍ നോക്കുന്നതാണ് ഏറ്റവും നന്ന്. ഒരു ടെലിസ്‌കോപ്പ് ഉണ്ടെങ്കില്‍ ഇത് എളുപ്പം നടക്കും. വ്യക്തമായ പ്രതിബിംബവും ലഭിക്കും. ടെലിസ്‌കോപ്പിലൂടെ ഒരു കാരണവശാലും നേരിട്ടു നോക്കരുത്. പകരം ടെലിസ്‌കോപ്പ് സൂര്യന്റെ നേര്‍ക്കു തിരിച്ചു വച്ച് ഐപീസില്‍ നിന്നും വരുന്ന പ്രകാശത്തെ ഒരു വെളുത്ത കടലാസില്‍ വീഴിക്കുക. ഒന്നു നന്നായിട്ടു ഫോക്കസിങ് കൂടി നടത്തിയാല്‍ സൂര്യന്റെ വ്യക്തമായ പ്രതിബിംബം കടലാസില്‍ കാണാം. സൗരകളങ്കങ്ങളെ നിരീക്ഷിക്കാനും ഇതേ രീതി ഉപയോഗിക്കാം. സോളാര്‍ ഫില്‍റ്ററുകളിലൂടെ സൂര്യനെ നോക്കുന്ന രീതിയാണ് മറ്റൊന്ന്. സോളാര്‍ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് നിര്‍മിച്ച കണ്ണടകള്‍ വാങ്ങാന്‍ കിട്ടും. അല്ലെങ്കില്‍ ഫില്‍ട്ടര്‍ വാങ്ങി സ്വന്തമായി ഒരെണ്ണം നിര്‍മിക്കുകയും ആവാം. ഒരു ചെറിയ കണ്ണാടി ഉപയോഗിച്ച് സൂര്യപ്രകാശത്തെ വീടിനകത്തേക്ക് പ്രതിഫലിപ്പിച്ചും ശുക്രസംതരണം കാണാം. പക്ഷേ അത്ര വ്യക്തതയുണ്ടാവില്ല എന്നു മാത്രം. പിന്‍ഹോള്‍ ക്യാമറ ഉപയോഗിച്ചും നിരീക്ഷണം നടത്താവുന്നതാണ്. സൂര്യഗ്രഹണം കാണാന്‍ പ്രയോജനപ്പെടുത്തുന്ന എല്ലാ വിദ്യകളും ശുക്രസംതരണം കാണാനും പ്രയോജനപ്പെടുത്താം. ഇതെല്ലാം പരീക്ഷിക്കുമ്പോള്‍ അധ്യാപകരുടെയോ മുതിര്‍ന്ന ആളുകളുടെയോ സഹായം തേടാന്‍ മടിക്കരുത് കേട്ടോ.

No comments:

Post a Comment