Saturday, June 2, 2012

ആകാശവിസ്മയമാകാന്‍ ശുക്രസംതരണം


ആകാശവിസ്മയമാകാന്‍ ശുക്രസംതരണം 

സാബു ജോസ് @ ദേശാഭിമാനി കിളിവാതില്‍

ശുക്രന്‍ സൂര്യബിംബത്തിനു മുന്നിലൂടെ കറുത്ത പൊട്ടുപോലെ കടന്നുപോകുന്ന അപൂര്‍വ ദൃശ്യം കാണാന്‍ ശാസ്ത്രലോകം ഒരുങ്ങി. ജൂണ്‍ ആറിനാണ് ഈ ആകാശവിസ്മയം. ഈ തലമുറയ്ക്ക് ഇത്തരമൊരു ദൃശ്യം പിന്നീട് കാണാനുള്ള ഭാഗ്യമുണ്ടാകില്ല. ശുക്രസംതരണം എന്നു വിളിക്കുന്ന ഈ പ്രതിഭാസം ഇനി കാണണമെങ്കില്‍ 105 വര്‍ഷം കാത്തിരിക്കേണ്ടിവരും. കൃത്യമായി പറഞ്ഞാല്‍ 2117 ഡിസംബര്‍ 11 വരെ. 2004 ജൂണ്‍ എട്ടിനു പുലര്‍ച്ചെ 5.13 മുതല്‍ 11.26 വരെ നീണ്ടുനിന്ന ശുക്രസംതരണം കാണാന്‍ കഴിയാത്തവര്‍ക്ക് ഒരവസരംകൂടിയാണ് ഇത്തവണത്തേത്.

എന്താണ് ശുക്രസംതരണം?

ഭൂമിക്കും സൂര്യനും ഇടയിലായി ചന്ദ്രന്‍ വരുമ്പോള്‍ അത് സൂര്യബിംബത്തെ പൂര്‍ണമായോ ഭാഗികമായോ മറയ്ക്കും. നാം അതിനെ സൂര്യഗ്രഹണമെന്നാണു വിളിക്കുന്നത്. അതുപോലെ ഭൂമിക്കും സൂര്യനും ഇടയില്‍ക്കൂടി ശുക്രന്‍ കടന്നുപോകുമ്പോള്‍ അത് സൂര്യബിംബത്തെ മറയ്ക്കാന്‍ ശ്രമിക്കും. എന്നാല്‍ ശുക്രന്‍ ഭൂമിയില്‍നിന്നു വളരെ അകലെയായതിനാല്‍ (ഏകദേശം അഞ്ചുകോടി കിലോമീറ്റര്‍) സൂര്യബിംബത്തെ പൂര്‍ണമായി മറയ്ക്കാന്‍ ശുക്രനാവില്ല. സൂര്യബിംബത്തിനു മുന്നിലൂടെ കറുത്തപൊട്ടുപോലെ ഗ്രഹം സഞ്ചരിക്കുന്നതായി ഭഭൂമിയിലുള്ള നിരീക്ഷകന് കാണാം. ഇതാണ് ശുക്രസംതരണം. ചന്ദ്രന്‍ ഭൂമിയുടെ വളരെ അടുത്തായതുകൊണ്ടാണ് (ഏകദേശം നാലുലക്ഷം കിലോമീറ്റര്‍) സൂര്യബിംബത്തെ പൂര്‍ണമായി മറയ്ക്കുന്നത്. ഏതാനും മണിക്കൂറാണ് ശുക്രസംതരണം ദൃശ്യമാകുന്നത്. 2004ല്‍ നടന്ന ശുക്രസംതരണം ആറുമണിക്കൂര്‍ നീണ്ടുനിന്നു.

243 വര്‍ഷംകൊണ്ട് ആവര്‍ത്തിക്കുന്ന സവിശേഷ പാറ്റേണിലാണ് ശുക്രസംതരണം സംഭവിക്കുന്നത്. 121.5 വര്‍ഷത്തിനും 105.5 വര്‍ഷത്തിനും ഇടയില്‍ എട്ടുവര്‍ഷത്തിലൊരിക്കല്‍ എന്ന വിചിത്രമായ പാറ്റേണാണിത്. സൗരയൂഥത്തില്‍ ബുധന്‍ കഴിഞ്ഞാല്‍ സൂര്യന്റെ ഏറ്റവും അടുത്തുള്ള ഗ്രഹമാണ് ശുക്രന്‍. ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഗ്രഹവും ശുക്രനാണ്. ഭൂമിയുടെ ഇരട്ടസഹോദരി എന്നു വിളിക്കാവുന്ന ശുക്രന്റെ വ്യാസം ഏറെക്കുറെ ഭൂമിയുടേതിനു തുല്യമാണ്. ഏറ്റവുമധികം പര്യവേഷണങ്ങള്‍ നടന്ന ഗ്രഹവും ശുക്രനാണ്. കട്ടികൂടിയ കാര്‍ബണ്‍ഡയോക്സൈഡ് മേഘങ്ങള്‍ നിറഞ്ഞതാണ് ശുക്രന്റെ അന്തരീക്ഷം. അമ്ലമഴയും കൊടുങ്കാറ്റും ശക്തമായ ഇടിമിന്നലുകളും നിത്യസംഭവമായ ശുക്രന്റെ താപനില 450 ഡിഗ്രി സെല്‍ഷ്യസ്വരെ ഉയരാറുണ്ട്. സൗരയൂഥത്തില്‍ ഏറ്റവും ചൂടുകൂടിയ ഗ്രഹവും ശുക്രനാണ്. കാര്‍ബണ്‍ഡയോക്സൈഡ് വാതകത്തിന്റെ ഹരിതഗൃഹ സ്വഭാവമാണ് ഗ്രഹത്തിന്റെ താപനില ഇത്രയും ഉയരാന്‍ കാരണമാകുന്നത്. ഈ ഗ്രഹം ജീവന് അനുയോജ്യമല്ല. ശുക്രന്റെ ഭ്രമണപഥം ഭൂമിയുടെ ഭ്രമണ പാതയില്‍നിന്ന് മൂന്നു ഡിഗ്രി നാലു മിനിറ്റ് ചരിഞ്ഞാണ് ഇരിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ മാത്രമേ ഭൂമിയുടെ ഭ്രമണപാത (ഋരഹശുശേര) ശുക്രന്‍ മുറിച്ചുകടക്കുന്നുള്ളൂ. ഈ അവസരത്തില്‍ മാത്രമേ ഭൂമിയിലുള്ള നിരീക്ഷകന് ശുക്രന്‍ സൂര്യബിംബത്തിന്റെ മുന്നിലൂടെ കടന്നുപോകുന്നതായി കാണപ്പെടൂ. പ്രഭാതനക്ഷത്രമെന്നും പ്രദോഷ നക്ഷത്രമെന്നും വിളിക്കുന്ന ശുക്രനെക്കുറിച്ച് പുരാതന ഇന്ത്യന്‍, ഗ്രീക്, ഈജിപ്ഷ്യന്‍, ചൈനീസ്, ബാബിലോണിയന്‍, മായന്‍ സംസ്കാരങ്ങളിലെല്ലാം സൂചനയുണ്ടായിരുന്നു. ഈ ഗ്രഹത്തിന്റെ സഞ്ചാരത്തെക്കുറിച്ചും ഏകദേശ ധാരണ അക്കാലത്തെ ജനങ്ങള്‍ക്കുണ്ടായിരുന്നു. ആധുനിക കാലഘട്ടത്തില്‍ ആദ്യമായി ശുക്രന്റെ സഞ്ചാരപാത ശാസ്ത്രീയമായി അപഗ്രഥിച്ചത് യൊഹാന്‍ കെപ്ലറാണ്. എഡി 1631ല്‍ ശുക്രസംതരണം നടക്കുമെന്ന് നാലുവര്‍ഷം മുമ്പ് 1627ല്‍ അദ്ദേഹം പ്രവചിച്ചിരുന്നെങ്കിലും കണക്കുകൂട്ടലിലുണ്ടായ നേരിയ പിഴവു കാരണം അദ്ദേഹം പ്രവചിച്ചിരുന്ന സ്ഥലങ്ങളില്‍നിന്ന് ശുക്രസംതരണം ദര്‍ശിക്കാന്‍കഴിഞ്ഞില്ല. പിന്നീട് 1939 നവംബര്‍ 24നു നടന്ന സംതരണം ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ ജെറെമിയ ഹൊറോക്സ് കൃത്യമായി പ്രവചിക്കുകയുണ്ടായി. അതുകൂടാതെ ശുക്രന്റെ സഞ്ചാരഗതി അപഗ്രഥിക്കുന്നതില്‍ കെപ്ലറിനുണ്ടായ നേരിയ പിഴവുകള്‍ തിരുത്തുന്നതിനും ഹൊറോക്സിനു സാധിച്ചു.

സംതരണവും ശാസ്ത്രലോകവും

സൂര്യനും ഭൂമിയും തമ്മിലുള്ള അകലം പാരലാക്സ് രീതിയിലൂടെ കൃത്യമായി നിര്‍ണയിക്കുന്നതിന് സംതരണസമയത്ത് ജ്യോതിശാസ്ത്രജ്ഞര്‍ക്കു കഴിയും. അതുകൂടാതെ സൗരയൂഥത്തിന്റെ വലുപ്പം കൃത്യമായി നിര്‍ണയിക്കുന്നതിനും ഗ്രഹസംതരണം ഉപയോഗപ്പെടുത്തുന്നുണ്ട്. സൗരയൂഥത്തിനു വെളിയിലുള്ള ഗ്രഹങ്ങളെ കണ്ടെത്തുന്നതും ഗ്രഹസംതരണവിദ്യയിലൂടെത്തന്നെയാണ്. ജൂണ്‍ ആറിനു നടക്കുന്ന ശുക്രസംതരണം നിരീക്ഷിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം പസഫിക് സമുദ്രമാണ്. അതൂകൂടാതെ ഏഷ്യയുടെ കിഴക്കന്‍പ്രദേശങ്ങള്‍, ഹവായ് ദ്വീപുകള്‍, ഓസ്ട്രേലിയ, അലാസ്ക എന്നിവിടങ്ങളിലും ശുക്രസംതരണം ദൃശ്യമാകും.

നിരീക്ഷണം എങ്ങനെ?

ദൂരദര്‍ശിനിയുടെയോ ബൈനോക്കുലറിന്റെയോ സഹായത്തോടെ ലഭിക്കുന്ന സൂര്യബിംബത്തിന്റെ ഛായ ചുമരിലേക്കോ സ്ക്രീനിലേക്കോ പ്രക്ഷേപിക്കുകയാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗം. അസ്ട്രോണമിക്കല്‍ ഫില്‍റ്റര്‍ (ക്രോമിയം ഫില്‍റ്റര്‍) ഘടിപ്പിച്ച കണ്ണടകളിലൂടെയും സൂര്യബിംബത്തെ നിരീക്ഷിക്കാം. വെല്‍ഡര്‍ ഉപയോഗിക്കുന്ന ഗ്രേഡ്-14 ഗ്ലാസ് ഉപയോഗിച്ചും സംതരണം നിരീക്ഷിക്കാം. നഗ്നനേത്രംകൊണ്ടോ, എക്സ്-റേ ഫിലിം ഉപയോഗിച്ചോ സൂര്യനെ നോക്കരുത്. സൂര്യനില്‍നിന്നു പുറപ്പെടുന്ന ഇന്‍ഫ്രാ-റെഡ് വികിരണങ്ങള്‍ക്ക് എക്സ്-റേ ഫിലിമുകള്‍ തടസ്സമാകില്ല. ഇത് റെറ്റിനയില്‍ പൊള്ളലേല്‍പ്പിക്കാം. ഭാഗികമായോ പൂര്‍ണമായോ അന്ധതയ്ക്കു കാരണമാവുകയും ചെയ്യാം. എന്നാല്‍ സംതരണസമയത്ത് ഭക്ഷണം കഴിക്കുന്നതിനോ മറ്റു ജോലികള്‍ ചെയ്യുന്നതിനോ തടസ്സമില്ല.

No comments:

Post a Comment