Friday, December 19, 2014

ഇനി ബഹിരാകാശ വിമാനങ്ങളുടെ കാലം...

ഇനി ബഹിരാകാശ വിമാനങ്ങളുടെ കാലം

സാബു ജോസ് - ദേശാഭിമാനി കിളിവാതില്‍ഇനി സ്പേസ് പ്ലെയിനുകളുടെ കാലമാണ്. ആദ്യത്തെ ബഹിരാകാശ വിമാനം-സ്കൈലോണ്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ കൃത്രിമ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനും ശബ്ദതരംഗങ്ങളുടെ അഞ്ചരമടങ്ങ് വേഗത്തില്‍ (1700ാ/െ) സഞ്ചരിക്കുന്ന യാത്രാ വിമാനമായും ഒരേസമയം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിപ്ലവകരമായ സാങ്കേതികവിദ്യയാണ് സ്പേസ് പ്ലെയിനുകള്‍ക്കു പിന്നിലുള്ളത്. 2012 ഏപ്രിലില്‍ പദ്ധതിയുടെ ഗവേഷണ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. ഇപ്പോള്‍ വാഹനം നിര്‍മിക്കുന്നതിനുള്ള അനുമതി ബ്രിട്ടീഷ് ഗവണ്‍മെന്റ് നല്‍കിയിരിക്കുകയാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കടമ്പകള്‍ മറികടന്ന് സ്പേസ് പ്ലെയിന്‍ പദ്ധതി അങ്ങനെ യാഥാര്‍ഥ്യമാവുകയാണ്.

സ്കൈലോണ്‍
സ്കൈലോണ്‍ ഒരു റോക്കറ്റോ വിമാനമോ അല്ല. അല്ലെങ്കില്‍ അത് രണ്ടുമാണുതാനും. പകുതി റോക്കറ്റെന്നും പകുതി വിമാനമെന്നും വേണമെങ്കില്‍ സ്കൈലോണിനെ വിളിക്കാം. ബ്രിട്ടനിലെ റിയാക്ഷന്‍ എന്‍ജിന്‍ ലിമിറ്റഡ് ആണ് സ്കൈലോണിന്റെ ഗവേഷണ നടപടികള്‍ പൂര്‍ത്തീകരിച്ചതും ഡിസൈനിങ് നടത്തിയതും. 200 തവണ പുനരുപയോഗശേഷിയുള്ള സ്പേസ് ഷട്ടിലായും ശബ്ദതരംഗങ്ങളുടെ അഞ്ചരമടങ്ങ് വേഗത്തില്‍ യാത്രികരെ വഹിച്ചുകൊണ്ടുപോകുന്ന സൂപ്പര്‍ സോണിക് ജെറ്റ് വിമാനമായും സ്കൈലോണിന് പ്രവര്‍ത്തിക്കാന്‍കഴിയും. സാധാരണ വിമാനങ്ങളെപ്പോലെത്തന്നെ സ്കൈലോണിന് പറന്നുയരുന്നതിനും തിരിച്ചിറങ്ങുന്നതിനും റണ്‍വേ ആവശ്യമാണ്.

ശീതീകരിച്ച, ദ്രാവകാവസ്ഥയിലുള്ള ഓക്സിജനും ഹൈഡ്രജനുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. വിമാനമായി പറക്കുമ്പോള്‍ അന്തരീക്ഷവായുവിലെ ഓക്സിജന്‍ ഇന്ധനമായി സ്വീകരിക്കുകയും 26 കിലോമീറ്ററിനു മുകളിലേക്ക് റോക്കറ്റായി സഞ്ചരിക്കുമ്പോള്‍ ഇന്ധനടാങ്കിലെ ദ്രാവക ഓക്സിജന്‍ ഉപയോഗിക്കുകയും ചെയ്യുന്ന തരത്തിലാണ് സ്കൈലോണ്‍ പ്രവര്‍ത്തിക്കുന്നത്.സ്കൈലോണില്‍ ഉപയോഗിക്കുന്ന സാബര്‍ എന്‍ജിന്‍ നിരവധി സവിശേഷതകളുള്ളതാണ്. സാധാരണയായി റോക്കറ്റില്‍ ഉപയോഗിക്കുന്ന ഹോട്ടോള്‍ എന്‍ജിനെക്കാള്‍ പ്രവര്‍ത്തനമികവും ഭാരക്കുറവുമുള്ളതുമാണ് സാബര്‍. റോക്കറ്റുകളില്‍നിന്നു വിഭിന്നമായി സ്കൈലോണിന്റെ മധ്യഭാഗത്താണ് എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നത്. വിമാനംപോലെ റണ്‍വേയില്‍ ഇറങ്ങുന്നതിനും പറന്നുയരുന്നതിനും ഇതു സഹായിക്കും.

ബ്രിട്ടീഷ് നാഷണല്‍ സ്പേസ് സെന്ററും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്നാണ് സ്കൈലോണിന്റെ നിര്‍മാണത്തിനാവശ്യമായ ധനസമാഹരണം നടത്തുന്നത്. 1200 കോടി ഡോളറാണ് പദ്ധതിയുടെ ചെലവു പ്രതീക്ഷിക്കുന്നത്. ഒരു സ്പേസ് പ്ലെയിനിന്റെ നിര്‍മാണച്ചെലവ് 21 കോടി ഡോളറും. കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന സ്കൈലോണിന്റെ ഫ്രെയിം ഭാരക്കുറവുള്ളതും അതേസമയം ദൃഢവുമാകും. അലൂമിനിയം ഉയോഗിച്ചാണ് ഇന്ധനടാങ്ക് നിര്‍മിക്കുന്നത്. പേടകത്തിന്റെ റീ-എന്‍ട്രി (ബഹിരാകാശ യാത്രയ്ക്കുശേഷം ഭൗമാന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമ്പോള്‍ അന്തരീക്ഷ വായുവിന്റെ ഘര്‍ഷണം കാരണം അതിവേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ പുറംപാളികള്‍ സാധാരണയായി 20000 സെല്‍ഷ്യസ്വരെ ചൂടാകാറുണ്ട്) സമയത്ത് ഘര്‍ഷണംവഴി ഉണ്ടാകുന്ന താപവര്‍ധന തടയാന്‍ പേടകമൊന്നാകെ സെറാമിക് സ്കിന്‍ ആവരണവും സ്കൈലോണിനുണ്ട്.

ഉടന്‍ നിര്‍മാണം ആരംഭിക്കുന്ന സ്പേസ് വിമാനമായ സ്കൈലോണ്‍- സി 2 മോഡല്‍ വലിയൊരു വാഹനമാണ്. 82 മീറ്റര്‍ നീളവും 6.3 മീറ്റര്‍ വ്യാസവുമുള്ള ഈ മോഡലിന്റെ വിങ് സ്പാന്‍ 25.4 മീറ്ററാണ്. 53 ടണ്‍ ആണ് സ്കൈലോണിന്റെ ഭാരം. 15 ടണ്‍വരെ ഭാരമുള്ള കൃത്രിമ ഉപഗ്രഹങ്ങളെ 300 കിലോമീറ്ററും 11 ടണ്‍വരെ ഭാരമുള്ളവയെ 800 കിലോമീറ്റര്‍ ഉയരത്തിലും എത്തിക്കുന്നതിന് സ്കൈലോണിനു സാധിക്കും. അതുകൂടാതെ 30 ബഹിരാകാശ സഞ്ചാരികള്‍ക്ക് ഒരേസമയം യാത്രചെയ്യുന്നതിനും ഈ വാഹനത്തില്‍ സൗകര്യമുണ്ടാകും.

ബ്രിട്ടീഷ് ഗവണ്‍മെന്റിനും യൂറോപ്യന്‍ സ്പേസ് ഏജന്‍സിക്കും മാത്രമല്ല, നാസയ്ക്കും സ്കൈലോണ്‍ പദ്ധതിയില്‍ താല്‍പ്പര്യമുണ്ട്. ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ് ഗണ്യമായി കുറയുമെന്നതുതന്നെ കാര്യം. ഇപ്പോഴത്തെ അവസ്ഥയില്‍ കിലോഗ്രാമിന് 20,000 ഡോളര്‍ എന്ന നിരക്കിലാണ് ഉപഗ്രഹ വിക്ഷേപണത്തിന് ആവശ്യമായ ചെലവ്. സ്കൈലോണ്‍ യാഥാര്‍ഥ്യമാകുന്നതോടെ അത് കേവലം 900 ഡോളറായി കുറയും. പൂര്‍ണമായും റോബോട്ടുകള്‍ നിയന്ത്രിക്കുന്ന ഈ വാഹനത്തിന് പൈലറ്റിന്റെ ആവശ്യമില്ല. ഗ്രൗണ്ട് സ്റ്റേഷനില്‍നിന്നുതന്നെയാണ് വാഹനത്തിന്റെ എല്ലാ നിയന്ത്രണവും നിര്‍വഹിക്കുന്നത്. സ്കൈലോണിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളും റിസര്‍ച്ച് പേപ്പറും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. സാങ്കേതിക വിശദീകരണം ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

http://en.wikipedia.org/wiki/Skylon_spacecraft

http://www.deshabhimani.com/news-special-kilivathil-latest_news-425961.html

ജി.എസ്.എല്‍.വി മാര്‍ക്ക് 3 യുടെ ആളില്ലാ പേടകം വീണ്ടെടുത്തു

ജി.എസ്.എല്‍.വി മാര്‍ക്ക് 3 യുടെ ആളില്ലാ പേടകം വീണ്ടെടുത്തുചെന്നൈ: ഐ.എസ്.ആര്‍.ഒയുടെ ജി.എസ്.എല്‍.വി മാര്‍ക്ക് 3 ലെ ആളില്ലാ പേടകം (ക്രൂ മൊഡ്യൂള്‍) തീരദേശ സംരക്ഷണസേന കണ്ടെത്തി. ആന്‍ഡമാന്‍ നിക്കോബാറിനു സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ സുരക്ഷിതമായി പതിച്ച പേടകം ഐസിജിഎസ് സമുദ്രയാണ് വീണ്ടെടുത്തത്. 

കപ്പലിലുണ്ടായിരുന്ന ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ പേടകം വീണ്ടെടുത്തു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് ജി.എസ്.എല്‍.വി മാര്‍ക്ക്3 കുതിച്ചുയര്‍ന്നത്. 

ഭൂമിയില്‍നിന്ന് 126 കിലോമീറ്റര്‍ ഉയരത്തില്‍വെച്ചാണ് ആളില്ലാപേടകം (ക്രൂ മൊഡ്യൂള്‍) വിക്ഷേപണിയില്‍നിന്ന് വേര്‍പെട്ട് ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചത്. ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുമ്പോഴുള്ള വെല്ലുവിളി അതിജീവിക്കാന്‍ കഴിഞ്ഞുവെന്നതാണ് നേട്ടമായത്. 

വിക്ഷേപിച്ച് 20 മിനിറ്റിന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ അന്തമാന്‍ നിക്കോബാര്‍ ദ്വീപിന്റെ തെക്കേയറ്റത്ത് നേരത്തേ നിശ്ചയിച്ചതുപോലെ പേടകം പതിച്ചു. ആഗ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി.ആര്‍.ഡി.ഒ ലാബില്‍ തയ്യാറാക്കിയ പാരച്യൂട്ട് വഴിയാണ് പേടകത്തെ ബംഗാള്‍ ഉള്‍ക്കടലില്‍ പതിപ്പിച്ചത്.

http://en.wikipedia.org/wiki/Geosynchronous_Satellite_Launch_Vehicle_Mk_III

http://www.mathrubhumi.com/story.php?id=508786

Thursday, December 18, 2014

ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിക്ഷേപണം വിജയകരം

ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിക്ഷേപണം വിജയകരം
ചെന്നൈ: ഐ.എസ്.ആര്‍.ഒയുടെ അഭിമാന സംരംഭം ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് രാവിലെ 9.30 നായിരുന്നു വിക്ഷേപണം. 

പരീക്ഷണ വിക്ഷേപണമായതിനാല്‍ ദ്രവ, ഖര എന്‍ജിനുകള്‍ മാത്രമേ പ്രവര്‍ത്തനക്ഷമമായുള്ളൂ. മൂന്നാം ഘട്ടമായ ക്രയോജനിക് എന്‍ജിന്‍ പ്രവര്‍ത്തനക്ഷമമായില്ല. ബഹിരാകാശത്തേക്ക് മനുഷ്യനെ കൊണ്ടുപോവുന്നതിന് സജ്ജമായ മൊഡുള്‍ ക്രൂ വഹിച്ചുകൊണ്ടാണ് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് കുതിച്ചുയര്‍ന്നത്. മൂന്നു പേരെ ഉള്‍ക്കൊള്ളാവുന്ന മൊഡൂള്‍ ക്രൂവിന് 3.65 ടണ്‍ ഭാരമാണുള്ളത്. ഭാവിയില്‍ മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള ദൗത്യത്തിന്റെ മുന്നോടിയായാണ് ഈ പരീക്ഷണപ്പറക്കലിനെ കാണുന്നത്. 

126 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ചാണ് വിക്ഷേപണ വാഹനത്തില്‍ നിന്ന് മൊഡുള്‍ ക്രൂ വേര്‍പെട്ടത്. പാരച്യൂട്ടുകളുടെ സഹായത്തോടെ താഴേക്ക് തിരിക്കുന്ന മൊഡുള്‍ ക്രൂ പോര്‍ട്ട് ബ്ലെയറില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയായി ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ തീരദേശ സേന മൊഡുള്‍ ക്രൂ വീണ്ടെടുത്ത് ചെന്നൈയ്ക്കടുത്ത് എന്നൂര്‍ തുറമുഖത്തെത്തിച്ച ശേഷം ശ്രീഹരിക്കോട്ടയ്ക്ക് കൊണ്ടു പോകും. പിന്നീട് തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെത്തിക്കും.

155 കോടി രൂപയാണ് ഈ ദൗത്യത്തിനായുള്ള ചെലവ്. കൂടുതല്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുന്നതിന് ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്നിന്റെ വിക്ഷേപണം ഐ.എസ്.ആര്‍.ഒ യെ സഹായിക്കും. നാലര ടണ്‍ മുതല്‍ അഞ്ച് ടണ്‍ വരെയുള്ള ഇന്‍സാറ്റ് - 4 വിഭാഗം ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ ശേഷിയുള്ള വിക്ഷേപണ വാഹനമാണ് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന്.

http://en.wikipedia.org/wiki/Geosynchronous_Satellite_Launch_Vehicle_Mk_III

http://www.mathrubhumi.com/story.php?id=508442

Thursday, December 11, 2014

2030ല്‍ മനുഷ്യന്‍ ചൊവ്വയില്‍!

2030ല്‍ മനുഷ്യന്‍ ചൊവ്വയില്‍


 
(സാബു ജോസ്, ദേശാഭിമാനി)

മനുഷ്യന്റെ ചൊവ്വാ യാത്രയ്ക്കുള്ള വലിയൊരു ചുവടുവയ്പുകൂടി നാസ വിജയകരമായി പൂര്‍ത്തിയാക്കി. നാസയുടെ മള്‍ട്ടി പര്‍പ്പസ് ക്രൂ വെഹിക്കിള്‍ (മനുഷ്യന് യാത്ര ചെയ്യാന്‍ കഴിയുന്ന ബഹിരാകാശ പേടകം), ഒറിയണ്‍ ഈ മാസം അഞ്ചിന് വിജയകരമായി വിക്ഷേപിച്ചു. ഫ്ളോറിഡയിലെ കേപ് കനാവറിലുള്ള വിക്ഷേപണത്തറയില്‍നിന്ന് ഡെല്‍റ്റ IV ഹെവി റോക്കറ്റിന്റെ ചിറകില്‍ പറന്നുയര്‍ന്ന ഒറിയണ്‍, 5800 കിലോമീറ്റര്‍ ഉയരമുള്ള ഭ്രമണപഥത്തിലൂടെ ഭൂമിയെ രണ്ടുവട്ടം വലംവച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ 15 മടങ്ങ് ഉയരമുള്ള ഭ്രമണപഥമാണിത്. നാലരമണിക്കൂര്‍ നീണ്ട പരീക്ഷണ പക്കലിനുശേഷം പസഫിക് സമുദ്രത്തില്‍ പാരച്യൂട്ട് ഉപയോഗിച്ച് ഇറങ്ങിയ പേടകത്തെ യുഎസ് നേവിയുടെ കപ്പലുകള്‍ പൊക്കിയെടുത്തു. ബഹിരാകാശ യാത്രികര്‍ സഞ്ചരിക്കുന്ന കമാന്‍ഡ് മൊഡ്യൂളിന്റെ ക്ഷമതാ പരിശോധനയായിരുന്നു ഈ പരീക്ഷണപ്പറക്കല്‍ കൊണ്ട് പ്രധാനമായും ഉദ്ദേശിച്ചത്.

2020ല്‍ മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ആദ്യയാത്ര ആരംഭിക്കുന്ന ഒറിയണ്‍ 2025ല്‍ ഒരു ഛിന്നഗ്രഹത്തിലും, തുടര്‍ന്ന് 2030ല്‍ ചൊവ്വയിലും ബഹിരാകാശ സഞ്ചാരികളെ എത്തിക്കും.നാലരമണിക്കൂര്‍ പരീക്ഷണപ്പറക്കലിനുശേഷം ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചുപ്രവേശിച്ചപ്പേള്‍ (റീ-എന്‍ട്രി) പേടകത്തിന്റെ വേഗം മണിക്കൂറില്‍ 32,180 കിലോമീറ്ററായിരുന്നു. ഇത്രയും ഉയര്‍ന്ന വേഗത്തിലും പേടകം ഭൗമാന്തരീക്ഷത്തിന്റെ ഘര്‍ഷണത്തെ അനായാസം തരണംചെയ്യുന്നതിനും ശാസ്ത്രലോകം സാക്ഷ്യംവഹിച്ചു. ഈ സമയം പേടകത്തിന്റെ പുറംഭാഗത്തെ താപനില 2200 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

1960കളില്‍ മനുഷ്യന്റെ ആദ്യ ചാന്ദ്ര സന്ദര്‍ശത്തിനു മുന്നോടിയായി നടത്തിയ ക്യാപ്സ്യൂള്‍ പരീക്ഷണങ്ങളുമായാണ് ഒറിയണ്‍ പരീക്ഷണവിക്ഷേപണത്തെ നാസ താരതമ്യം ചെയ്യുന്നത്. അപ്പോളോ കമാന്‍സ് മൊഡ്യൂളുമായി ആകൃതിയിലും സാദൃശ്യമുണ്ട് ഒറിയണിന്. ഈ രണ്ടു ബഹിരാകാശ യാനങ്ങളും യാത്രയ്ക്കൊടുവില്‍ പാരച്യൂട്ട് ഉപയോഗിച്ച് സമുദ്രത്തില്‍ ഇറങ്ങുന്നതിനാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇപ്പോഴുള്ള അവസ്ഥയില്‍ നാല് ബഹിരാകാശ സഞ്ചാരികള്‍ക്ക് 21 ദിവസം കഴിയാനുള്ള സൗകര്യമാണ് ഒറിയണിലുള്ളത്. ഇന്നത്തെ പരിമിതികള്‍ഒറിയണ്‍ സ്പേസ് ക്രാഫ്റ്റില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ 21 ദിവസം മാത്രമേ ബഹിരാകാശ യാത്രികര്‍ക്ക് താമസിക്കാന്‍കഴിയൂ. ചൊവ്വയിലേക്കുള്ള ദീര്‍ഘദൂരം യാത്രയ്ക്ക് ഇത് അഭികാമ്യമല്ല. എന്നാല്‍, ഭാവിയില്‍, കുറേക്കൂടി ഉയര്‍ന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ പരിമിതി മറികടക്കാന്‍കഴിയും. മാത്രമല്ല, ചൊവ്വാ ദൗത്യം നടത്തുമ്പോള്‍ 500 ടണ്ണിലധികം ഭാരമുള്ള അനുബന്ധ ഉപകരണങ്ങള്‍ പേടകത്തിലുണ്ടാകണം. ഇപ്പോള്‍ ഒറിയണ്‍ വിക്ഷേപിക്കാന്‍ ഉപയോഗിച്ച ഡെല്‍റ്റ കഢ ഹെവി റോക്കറ്റിന്റെ ഭാരവാഹക ശേഷി 130 ടണ്‍ മാത്രമാണ്.

സ്പേസ് ലോഞ്ച് സിസ്റ്റവും ഇപ്പോള്‍ പര്യാപ്തമല്ലെന്നര്‍ഥം. 2030 ആകുമ്പോഴേക്കും ഇതും മറികടക്കാന്‍ കഴിയുമെന്നാണ് നാസ കരുതുന്നത്. മറ്റൊരു പ്രശ്നം, ചൊവ്വയിലേക്കുള്ള ദീര്‍ഘദൂര യാത്രയില്‍ ബഹിരാകാശ സഞ്ചാരി നേരിടുന്ന ഉയര്‍ന്ന റേഡിയേഷന്‍ ലെവലാണ്. നിലവിലുള്ള സാങ്കേതികവിദ്യയില്‍ ഇത് തരണംചെയ്യാന്‍ കഴിയില്ല. സാമ്പത്തികമാണ് മറ്റൊരു വലിയ വെല്ലുവിളി. ലോകത്തെ ഏതൊരു ബഹിരാകാശ ഏജന്‍സിക്കും ഒറ്റയ്ക്ക് നേരിടാന്‍ കഴിയുന്നതല്ല അത്. ലോകത്തിലെ 14 ബഹിരാകാശ ഏജന്‍സികളും ചൊവ്വാ യാത്രയ്ക്ക് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഒറ്റയ്ക്കൊരു യാത്ര അവരാരുംതന്നെ ആഗ്രഹിക്കുന്നില്ല. ഒറിയണിന്റെ പരീക്ഷണപ്പറക്കലിനു മാത്രമുള്ള ചെലവ് 37 കോടി അമേരിക്കന്‍ ഡോളറാണെന്ന കാര്യം ഓര്‍മിക്കണം.

എന്താണ് ഒറിയണ്‍?

 
നാല് ബഹിരാകാശ സഞ്ചാരികള്‍ക്ക് ഒരേസമയം സഞ്ചരിക്കുന്നതിന് രൂപകല്‍പ്പനചെയ്ത ബഹിരാകാശ പേടകമാണ് ഒറിയണ്‍ മള്‍ട്ടി പര്‍പ്പസ് ക്രൂ വെഹിക്കിള്‍. ഒരു കമാന്‍ഡ് മൊഡ്യൂളും, ഒരു സര്‍വീസ് മൊഡ്യൂളും ചേര്‍ന്നുള്ള രൂപഘടനയാണ് ഒറിയണിന്. നാസയുടെ നിയന്ത്രണത്തിലുള്ള ലോക്ഹിഡ് മാര്‍ട്ടിന്‍ കോര്‍പറേഷനാണ് കമാന്‍ഡ് മൊഡ്യൂള്‍ നിര്‍മിക്കുന്നത്. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ നിയന്ത്രണത്തിലുള്ള എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പേസ് കോര്‍പറേഷനാണ് സര്‍വീസ് മൊഡ്യൂളിന്റെ നിര്‍മാതാക്കള്‍. 2011 മേയ് 24നാണ് നാസ ഒറിയണ്‍ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ചന്ദ്രന്‍, ഛിന്നഗ്രഹങ്ങള്‍, ചൊവ്വ എന്നിവിടങ്ങളിലേക്കുള്ള മനുഷ്യന്റെ യാത്രയാണ് ഒറിയണ്‍ പദ്ധതികൊണ്ട് നാസ ലക്ഷ്യംവയ്ക്കുന്നത്. ഈ മാസം അഞ്ചിന് പേടകത്തിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ വിജയകരമായി നടത്തി. ഈ യാത്രയില്‍ പേടകത്തില്‍ യാത്രികര്‍ ആരുമുണ്ടായിരുന്നില്ല. ബഹിരാകാശ യാത്രികരുമായുള്ള ആദ്യ യാത്ര ഉദ്ദേശിക്കുന്നത് 2020ലാണ്.

ഇരുപത്തിമൂന്നു ടണ്ണാണ് പേടകത്തിന്റെ ആകെ ഭാരം. ആംസ്ട്രോങ്ങും, ആല്‍ഡ്രിനും, കോളിന്‍സും സഞ്ചരിച്ച മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രാ പേടകമായ അപ്പോളോ സ്പേസ്ക്രാഫ്റ്റിനെക്കാള്‍ കുറവാണിത്. അപ്പോളോ പേടകത്തിന്റെ ആകെ ഭാരം 30 ടണ്ണായിരുന്നു. ഒറിയണില്‍ യാത്രികര്‍ ഇരിക്കുന്ന കമാന്‍ഡ് മൊഡ്യൂളിന്റെ ഭാരം 8.9 ടണ്ണാണ്. അപ്പോളോയില്‍ ഇത് 5.8 ടണ്ണായിരുന്നു. കമാന്‍ഡ് മൊഡ്യൂളിന്റെ ഭാരം ഒറിയണിലാണ് കൂടുതല്‍ എന്നര്‍ഥം. മൊഡ്യൂളിന്റെ വ്യാസം അഞ്ചു മീറ്ററും ഉയരം 3.3 മീറ്ററുമാണ്. അപ്പോളോ കമാന്‍ഡ് മൊഡ്യൂളിന്റെ വ്യാസം 3.9 മീറ്ററായിരുന്നു. അതിനര്‍ഥം ഒറിയണിന്റെ വ്യാപ്തം അപ്പോളോയുടെ രണ്ടര മടങ്ങാണെന്നാണ്.

ദ്രാവക മീഥെയ്ന്‍ ആണ് ഒറിയണില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. എന്നാല്‍, മീഥെയ്ന്‍ ഇന്ധനമായി ഉപയോഗിക്കുന്ന റോക്കറ്റ് സാങ്കേതികവിദ്യ ഇപ്പോള്‍ ശൈശവദശയിലാണ്. ഒറിയണിന്റെ കമാന്‍ഡ് മൊഡ്യൂളിന് വൃത്തസ്തൂപികയുടെ ആകൃതിയാണുള്ളത്. ഒരു സിലിന്‍ഡറിന്റെ ആകൃതിയാണ് സര്‍വീസ് മൊഡ്യൂളിന്. ഏറ്റവും ഉയര്‍ന്ന കംപ്യൂട്ടര്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. അലുമിനിയം-ലിഥിയം ലോഹസങ്കരം ഉപയോഗിച്ചാണ് കമാന്‍ഡ് മൊഡ്യൂള്‍ നിര്‍മിച്ചിട്ടുള്ളത്. നാസയുടെ മറ്റു ബഹിരാകാശപേടകങ്ങളുമായും അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായും ഡോക് ചെയ്യുന്നതിന് ഒറിയണിനു കഴിയും. നാസ അവസാനിപ്പിച്ച സ്പേസ് ഷട്ടില്‍ ദൗത്യങ്ങളെക്കാള്‍ 10 മടങ്ങ് സുരക്ഷിതമാണ് ഒറിയണ്‍ മള്‍ട്ടി പര്‍പ്പസ് ക്രൂ വെഹിക്കിള്‍. പുനരുപയോഗശേഷിയും ഇതിനുണ്ട്.ഇനി ചൊവ്വാ യാത്ര സ്വപ്നംകണ്ടു തുടങ്ങാം. ഒറിയണിന്റെ ചിറകിലേറി ആദ്യ മനുഷ്യന്‍ ചുവന്നഗ്രഹത്തില്‍ കാലുകുത്തുന്ന മുഹൂര്‍ത്തത്തിന് ഇനി വെറും ഒന്നരപ്പതിറ്റാണ്ട് കാത്തിരിപ്പു മതി.


- See more at: http://www.deshabhimani.com/news-special-kilivathil-latest_news-423912.html#sthash.Hqy59G8M.dpuf

Monday, December 8, 2014

ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയുടെ ചക്രവാളത്തില്‍


ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയുടെ ചക്രവാളത്തില്‍


പേടകത്തില്‍ നിദ്രാവസ്ഥയിലായിരുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തനസജ്ജമായി
പേടകത്തില്‍നിന്ന് ഭൂമിയില്‍ വിവരങ്ങളെത്താന്‍ നാലു മണിക്കൂര്‍ 25 മിനിറ്റ് സമയം
പേടകം പുറപ്പെടുമ്പോള്‍ പ്ലൂട്ടോ ഗ്രഹം; ഇപ്പോള്‍ കുള്ളന്‍ ഗ്രഹം


വാഷിങ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ബഹിരാകാശ പേടകം 'ന്യൂ ഹൊറൈസണ്‍സ്' ( New Horizons ) ഒമ്പതുവര്‍ഷം നീണ്ട യാത്രയ്ക്കുശേഷം സൗരയൂഥത്തിലെ കുള്ളന്‍ഗ്രഹമായ പ്ലൂട്ടോയ്ക്ക് അരികിലെത്തി.

നിദ്രാവസ്ഥയിലായിരുന്ന പേടകം ശനിയാഴ്ചയാണ് കണ്‍തുറന്നത്. സൗരയൂഥത്തിലെ അറിയപ്പെടാത്ത വിദൂര മേഖലയില്‍ മഞ്ഞുമൂടിക്കിടക്കുന്ന ആ കൊച്ചുഗോളത്തെക്കുറിച്ച് വിലയേറിയ വിവരങ്ങള്‍ ന്യൂ ഹൊറിസൈണ്‍സ് ശേഖരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യു.എസിലെ കേപ്പ് കാനവറാലില്‍നിന്ന് 2006 ജനവരി 19 നാണ് ന്യൂ ഹൊറിസൈണ്‍സ് പേടകം വിക്ഷേപിച്ചത്. 480 കോടി കിലോമീറ്റര്‍ പിന്നിട്ട് 1873 ദിവസത്തെ യാത്രയ്ക്കുശേഷമാണ് പേടകം സൗരയൂഥത്തിലെ അവസാന ഗ്രഹമായ നെപ്റ്റിയൂണിനെയും പിന്നിട്ട് പ്ലൂട്ടോയുടെ ഭ്രമണമേഖലയായ കിയ്പ്പര്‍ മേഖലയിലെത്തിയത്.

2015 ജൂലായ് 14 ന് ന്യൂ ഹൊറിസൈണ്‍സ് പ്ലൂട്ടോയുടെ ഏറ്റവും അരികിലെത്തും.

ഊര്‍ജോപയോഗം പരമാവധി കുറയ്ക്കാനായി നിദ്രാവസ്ഥയിലായിരുന്നു പേടകത്തിന്റെ യാത്ര. ശനിയാഴ്ചയാണ് പേടകത്തിലെ ഉപകരണങ്ങള്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചത്. ന്യൂ ഹൊറിസൈണ്‍സില്‍ നിന്നയയ്ക്കുന്ന സന്ദേശങ്ങള്‍ ഭൂമിയിലെത്താന്‍ നാലുമണിക്കൂര്‍ 25 മിനിറ്റ് സമയം വേണം.

1930 ല്‍ കണ്ടെത്തിയ പ്ലൂട്ടോ ഇപ്പോഴും ഗവേഷകര്‍ക്ക് ഒരു നിഗൂഢവസ്തുവാണ്. ന്യൂ ഹൊറിസൈണ്‍സ് യാത്ര തുടങ്ങുമ്പോള്‍ പ്ലൂട്ടോ സൗരയൂഥത്തിലെ ഒമ്പതാമത് ഗ്രഹമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. 2008 ല്‍ പ്ലൂട്ടോയുടെ ഗ്രഹപദവി ഒഴിവാക്കി അതിനെ കുള്ളന്‍ഗ്രഹ (Dwarf planet) ങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.

വെറും 1190 കിലോമീറ്റര്‍ മാത്രം വിസ്താരമുള്ള പ്ലൂട്ടോ വമ്പന്‍ ഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂണ്‍ എന്നിവയ്ക്കപ്പുറം എങ്ങനെ നിലനില്‍ക്കുന്നു എന്നത് വിശദീകരിക്കാന്‍ ഗവേഷകര്‍ ബുദ്ധിമുട്ടുകയാണ് (ചിത്രം കടപ്പാട്: Johns Hopkins University/APL ).


http://www.mathrubhumi.com/technology/science/new-horizons-pluto-solar-system-astronomy-science-space-mission-nasa-spacecraft-dwarf-planet-505748/

Saturday, December 6, 2014

നാസയുടെ ഓറിയോണ്‍ പരീക്ഷണപ്പറക്കല്‍ നടത്തി

നാസയുടെ ഓറിയോണ്‍ പരീക്ഷണപ്പറക്കല്‍ നടത്തി


കേപ് കനാവരാല്‍:
 അമേരിക്ക ബഹിരാകാശ ഏജന്‍സി നാസയുടെ മനുഷ്യരെ ചൊവ്വയിലിറക്കാനുള്ള ബഹിരാകാശപേടകം ഓറിയോണ്‍ പരീക്ഷണ വിക്ഷേപണം നടത്തി. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് വിക്ഷേപണം ഒരുദിവസം നീട്ടിവെച്ചിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഏഴുമണിക്കാണ് ഓറിയോണിനെ വഹിച്ച് ഏലിയന്‍സ് ഡെല്‍റ്റ നാല് റോക്കറ്റ് ഫ്ലോറിഡ തീരത്തുനിന്ന് കുതിച്ചുയര്‍ന്നത്. കാല്‍ലക്ഷത്തിലേറെപ്പേര്‍ വിക്ഷേപണം കാണാന്‍ തടിച്ചുകൂടിയിരുന്നു. ചന്ദ്രനില്‍ ആളെയിറക്കിയശേഷം 40 വര്‍ഷത്തിനുശേഷമാണ് നാസ അന്യഗ്രഹത്തിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നത്.

നാലരമണിക്കൂര്‍ നീളുന്ന പരീക്ഷണപ്പറക്കലില്‍ പേടകത്തിലെ ഊഷ്മകവചവും പാരച്യൂട്ടുകളും പരീക്ഷിക്കപ്പെടും. ആദ്യഘട്ടത്തില്‍ ഭൂമിക്കുമുകളില്‍ 270 മൈലും രണ്ടാംഘട്ടത്തില്‍ 3600 മൈലും ഉയരം റോക്കറ്റ് പിന്നിടും. തുടര്‍ന്ന് പേടകം സാന്റിയാഗോ കടലില്‍ പതിക്കും.
വാല്‍നക്ഷത്രത്തിലേക്കും ചൊവ്വയിലേക്കും മനുഷ്യനെ അയയ്ക്കാനാണ് നാസ ലക്ഷ്യം വെക്കുന്നത്. ഓറിയോണില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാനാവും. ചൊവ്വായാത്ര 2030-ലാവും നടക്കുക. ഓറിയോണിനും കരുത്തേറിയ റോക്കറ്റിനുമായി ഇതിനകം 900 കോടി ഡോളര്‍(ഏകദേശം 56,800 കോടിരൂപ) നാസ ചെലവഴിച്ചുകഴിഞ്ഞു. പരീക്ഷണവിക്ഷേപണത്തിന് 37 കോടി ഡോളറാണ് ചെലവ്. അടുത്ത പരീക്ഷണ വിക്ഷേപണം 2018-ലാണ്.

http://www.mathrubhumi.com/story.php?id=505117

ഏകദിന ജ്യോതിശാസ്ത്ര പഠനക്യാമ്പ്