Friday, December 19, 2014

ഇനി ബഹിരാകാശ വിമാനങ്ങളുടെ കാലം...

ഇനി ബഹിരാകാശ വിമാനങ്ങളുടെ കാലം

സാബു ജോസ് - ദേശാഭിമാനി കിളിവാതില്‍



ഇനി സ്പേസ് പ്ലെയിനുകളുടെ കാലമാണ്. ആദ്യത്തെ ബഹിരാകാശ വിമാനം-സ്കൈലോണ്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ കൃത്രിമ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനും ശബ്ദതരംഗങ്ങളുടെ അഞ്ചരമടങ്ങ് വേഗത്തില്‍ (1700ാ/െ) സഞ്ചരിക്കുന്ന യാത്രാ വിമാനമായും ഒരേസമയം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിപ്ലവകരമായ സാങ്കേതികവിദ്യയാണ് സ്പേസ് പ്ലെയിനുകള്‍ക്കു പിന്നിലുള്ളത്. 2012 ഏപ്രിലില്‍ പദ്ധതിയുടെ ഗവേഷണ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. ഇപ്പോള്‍ വാഹനം നിര്‍മിക്കുന്നതിനുള്ള അനുമതി ബ്രിട്ടീഷ് ഗവണ്‍മെന്റ് നല്‍കിയിരിക്കുകയാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കടമ്പകള്‍ മറികടന്ന് സ്പേസ് പ്ലെയിന്‍ പദ്ധതി അങ്ങനെ യാഥാര്‍ഥ്യമാവുകയാണ്.

സ്കൈലോണ്‍
സ്കൈലോണ്‍ ഒരു റോക്കറ്റോ വിമാനമോ അല്ല. അല്ലെങ്കില്‍ അത് രണ്ടുമാണുതാനും. പകുതി റോക്കറ്റെന്നും പകുതി വിമാനമെന്നും വേണമെങ്കില്‍ സ്കൈലോണിനെ വിളിക്കാം. ബ്രിട്ടനിലെ റിയാക്ഷന്‍ എന്‍ജിന്‍ ലിമിറ്റഡ് ആണ് സ്കൈലോണിന്റെ ഗവേഷണ നടപടികള്‍ പൂര്‍ത്തീകരിച്ചതും ഡിസൈനിങ് നടത്തിയതും. 200 തവണ പുനരുപയോഗശേഷിയുള്ള സ്പേസ് ഷട്ടിലായും ശബ്ദതരംഗങ്ങളുടെ അഞ്ചരമടങ്ങ് വേഗത്തില്‍ യാത്രികരെ വഹിച്ചുകൊണ്ടുപോകുന്ന സൂപ്പര്‍ സോണിക് ജെറ്റ് വിമാനമായും സ്കൈലോണിന് പ്രവര്‍ത്തിക്കാന്‍കഴിയും. സാധാരണ വിമാനങ്ങളെപ്പോലെത്തന്നെ സ്കൈലോണിന് പറന്നുയരുന്നതിനും തിരിച്ചിറങ്ങുന്നതിനും റണ്‍വേ ആവശ്യമാണ്.

ശീതീകരിച്ച, ദ്രാവകാവസ്ഥയിലുള്ള ഓക്സിജനും ഹൈഡ്രജനുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. വിമാനമായി പറക്കുമ്പോള്‍ അന്തരീക്ഷവായുവിലെ ഓക്സിജന്‍ ഇന്ധനമായി സ്വീകരിക്കുകയും 26 കിലോമീറ്ററിനു മുകളിലേക്ക് റോക്കറ്റായി സഞ്ചരിക്കുമ്പോള്‍ ഇന്ധനടാങ്കിലെ ദ്രാവക ഓക്സിജന്‍ ഉപയോഗിക്കുകയും ചെയ്യുന്ന തരത്തിലാണ് സ്കൈലോണ്‍ പ്രവര്‍ത്തിക്കുന്നത്.സ്കൈലോണില്‍ ഉപയോഗിക്കുന്ന സാബര്‍ എന്‍ജിന്‍ നിരവധി സവിശേഷതകളുള്ളതാണ്. സാധാരണയായി റോക്കറ്റില്‍ ഉപയോഗിക്കുന്ന ഹോട്ടോള്‍ എന്‍ജിനെക്കാള്‍ പ്രവര്‍ത്തനമികവും ഭാരക്കുറവുമുള്ളതുമാണ് സാബര്‍. റോക്കറ്റുകളില്‍നിന്നു വിഭിന്നമായി സ്കൈലോണിന്റെ മധ്യഭാഗത്താണ് എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നത്. വിമാനംപോലെ റണ്‍വേയില്‍ ഇറങ്ങുന്നതിനും പറന്നുയരുന്നതിനും ഇതു സഹായിക്കും.

ബ്രിട്ടീഷ് നാഷണല്‍ സ്പേസ് സെന്ററും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്നാണ് സ്കൈലോണിന്റെ നിര്‍മാണത്തിനാവശ്യമായ ധനസമാഹരണം നടത്തുന്നത്. 1200 കോടി ഡോളറാണ് പദ്ധതിയുടെ ചെലവു പ്രതീക്ഷിക്കുന്നത്. ഒരു സ്പേസ് പ്ലെയിനിന്റെ നിര്‍മാണച്ചെലവ് 21 കോടി ഡോളറും. കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന സ്കൈലോണിന്റെ ഫ്രെയിം ഭാരക്കുറവുള്ളതും അതേസമയം ദൃഢവുമാകും. അലൂമിനിയം ഉയോഗിച്ചാണ് ഇന്ധനടാങ്ക് നിര്‍മിക്കുന്നത്. പേടകത്തിന്റെ റീ-എന്‍ട്രി (ബഹിരാകാശ യാത്രയ്ക്കുശേഷം ഭൗമാന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമ്പോള്‍ അന്തരീക്ഷ വായുവിന്റെ ഘര്‍ഷണം കാരണം അതിവേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ പുറംപാളികള്‍ സാധാരണയായി 20000 സെല്‍ഷ്യസ്വരെ ചൂടാകാറുണ്ട്) സമയത്ത് ഘര്‍ഷണംവഴി ഉണ്ടാകുന്ന താപവര്‍ധന തടയാന്‍ പേടകമൊന്നാകെ സെറാമിക് സ്കിന്‍ ആവരണവും സ്കൈലോണിനുണ്ട്.

ഉടന്‍ നിര്‍മാണം ആരംഭിക്കുന്ന സ്പേസ് വിമാനമായ സ്കൈലോണ്‍- സി 2 മോഡല്‍ വലിയൊരു വാഹനമാണ്. 82 മീറ്റര്‍ നീളവും 6.3 മീറ്റര്‍ വ്യാസവുമുള്ള ഈ മോഡലിന്റെ വിങ് സ്പാന്‍ 25.4 മീറ്ററാണ്. 53 ടണ്‍ ആണ് സ്കൈലോണിന്റെ ഭാരം. 15 ടണ്‍വരെ ഭാരമുള്ള കൃത്രിമ ഉപഗ്രഹങ്ങളെ 300 കിലോമീറ്ററും 11 ടണ്‍വരെ ഭാരമുള്ളവയെ 800 കിലോമീറ്റര്‍ ഉയരത്തിലും എത്തിക്കുന്നതിന് സ്കൈലോണിനു സാധിക്കും. അതുകൂടാതെ 30 ബഹിരാകാശ സഞ്ചാരികള്‍ക്ക് ഒരേസമയം യാത്രചെയ്യുന്നതിനും ഈ വാഹനത്തില്‍ സൗകര്യമുണ്ടാകും.

ബ്രിട്ടീഷ് ഗവണ്‍മെന്റിനും യൂറോപ്യന്‍ സ്പേസ് ഏജന്‍സിക്കും മാത്രമല്ല, നാസയ്ക്കും സ്കൈലോണ്‍ പദ്ധതിയില്‍ താല്‍പ്പര്യമുണ്ട്. ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ് ഗണ്യമായി കുറയുമെന്നതുതന്നെ കാര്യം. ഇപ്പോഴത്തെ അവസ്ഥയില്‍ കിലോഗ്രാമിന് 20,000 ഡോളര്‍ എന്ന നിരക്കിലാണ് ഉപഗ്രഹ വിക്ഷേപണത്തിന് ആവശ്യമായ ചെലവ്. സ്കൈലോണ്‍ യാഥാര്‍ഥ്യമാകുന്നതോടെ അത് കേവലം 900 ഡോളറായി കുറയും. പൂര്‍ണമായും റോബോട്ടുകള്‍ നിയന്ത്രിക്കുന്ന ഈ വാഹനത്തിന് പൈലറ്റിന്റെ ആവശ്യമില്ല. ഗ്രൗണ്ട് സ്റ്റേഷനില്‍നിന്നുതന്നെയാണ് വാഹനത്തിന്റെ എല്ലാ നിയന്ത്രണവും നിര്‍വഹിക്കുന്നത്. സ്കൈലോണിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളും റിസര്‍ച്ച് പേപ്പറും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. സാങ്കേതിക വിശദീകരണം ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

http://en.wikipedia.org/wiki/Skylon_spacecraft

http://www.deshabhimani.com/news-special-kilivathil-latest_news-425961.html

No comments:

Post a Comment