Thursday, December 11, 2014

2030ല്‍ മനുഷ്യന്‍ ചൊവ്വയില്‍!

2030ല്‍ മനുഷ്യന്‍ ചൊവ്വയില്‍


 
(സാബു ജോസ്, ദേശാഭിമാനി)

മനുഷ്യന്റെ ചൊവ്വാ യാത്രയ്ക്കുള്ള വലിയൊരു ചുവടുവയ്പുകൂടി നാസ വിജയകരമായി പൂര്‍ത്തിയാക്കി. നാസയുടെ മള്‍ട്ടി പര്‍പ്പസ് ക്രൂ വെഹിക്കിള്‍ (മനുഷ്യന് യാത്ര ചെയ്യാന്‍ കഴിയുന്ന ബഹിരാകാശ പേടകം), ഒറിയണ്‍ ഈ മാസം അഞ്ചിന് വിജയകരമായി വിക്ഷേപിച്ചു. ഫ്ളോറിഡയിലെ കേപ് കനാവറിലുള്ള വിക്ഷേപണത്തറയില്‍നിന്ന് ഡെല്‍റ്റ IV ഹെവി റോക്കറ്റിന്റെ ചിറകില്‍ പറന്നുയര്‍ന്ന ഒറിയണ്‍, 5800 കിലോമീറ്റര്‍ ഉയരമുള്ള ഭ്രമണപഥത്തിലൂടെ ഭൂമിയെ രണ്ടുവട്ടം വലംവച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ 15 മടങ്ങ് ഉയരമുള്ള ഭ്രമണപഥമാണിത്. നാലരമണിക്കൂര്‍ നീണ്ട പരീക്ഷണ പക്കലിനുശേഷം പസഫിക് സമുദ്രത്തില്‍ പാരച്യൂട്ട് ഉപയോഗിച്ച് ഇറങ്ങിയ പേടകത്തെ യുഎസ് നേവിയുടെ കപ്പലുകള്‍ പൊക്കിയെടുത്തു. ബഹിരാകാശ യാത്രികര്‍ സഞ്ചരിക്കുന്ന കമാന്‍ഡ് മൊഡ്യൂളിന്റെ ക്ഷമതാ പരിശോധനയായിരുന്നു ഈ പരീക്ഷണപ്പറക്കല്‍ കൊണ്ട് പ്രധാനമായും ഉദ്ദേശിച്ചത്.

2020ല്‍ മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ആദ്യയാത്ര ആരംഭിക്കുന്ന ഒറിയണ്‍ 2025ല്‍ ഒരു ഛിന്നഗ്രഹത്തിലും, തുടര്‍ന്ന് 2030ല്‍ ചൊവ്വയിലും ബഹിരാകാശ സഞ്ചാരികളെ എത്തിക്കും.നാലരമണിക്കൂര്‍ പരീക്ഷണപ്പറക്കലിനുശേഷം ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചുപ്രവേശിച്ചപ്പേള്‍ (റീ-എന്‍ട്രി) പേടകത്തിന്റെ വേഗം മണിക്കൂറില്‍ 32,180 കിലോമീറ്ററായിരുന്നു. ഇത്രയും ഉയര്‍ന്ന വേഗത്തിലും പേടകം ഭൗമാന്തരീക്ഷത്തിന്റെ ഘര്‍ഷണത്തെ അനായാസം തരണംചെയ്യുന്നതിനും ശാസ്ത്രലോകം സാക്ഷ്യംവഹിച്ചു. ഈ സമയം പേടകത്തിന്റെ പുറംഭാഗത്തെ താപനില 2200 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

1960കളില്‍ മനുഷ്യന്റെ ആദ്യ ചാന്ദ്ര സന്ദര്‍ശത്തിനു മുന്നോടിയായി നടത്തിയ ക്യാപ്സ്യൂള്‍ പരീക്ഷണങ്ങളുമായാണ് ഒറിയണ്‍ പരീക്ഷണവിക്ഷേപണത്തെ നാസ താരതമ്യം ചെയ്യുന്നത്. അപ്പോളോ കമാന്‍സ് മൊഡ്യൂളുമായി ആകൃതിയിലും സാദൃശ്യമുണ്ട് ഒറിയണിന്. ഈ രണ്ടു ബഹിരാകാശ യാനങ്ങളും യാത്രയ്ക്കൊടുവില്‍ പാരച്യൂട്ട് ഉപയോഗിച്ച് സമുദ്രത്തില്‍ ഇറങ്ങുന്നതിനാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇപ്പോഴുള്ള അവസ്ഥയില്‍ നാല് ബഹിരാകാശ സഞ്ചാരികള്‍ക്ക് 21 ദിവസം കഴിയാനുള്ള സൗകര്യമാണ് ഒറിയണിലുള്ളത്. ഇന്നത്തെ പരിമിതികള്‍ഒറിയണ്‍ സ്പേസ് ക്രാഫ്റ്റില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ 21 ദിവസം മാത്രമേ ബഹിരാകാശ യാത്രികര്‍ക്ക് താമസിക്കാന്‍കഴിയൂ. ചൊവ്വയിലേക്കുള്ള ദീര്‍ഘദൂരം യാത്രയ്ക്ക് ഇത് അഭികാമ്യമല്ല. എന്നാല്‍, ഭാവിയില്‍, കുറേക്കൂടി ഉയര്‍ന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ പരിമിതി മറികടക്കാന്‍കഴിയും. മാത്രമല്ല, ചൊവ്വാ ദൗത്യം നടത്തുമ്പോള്‍ 500 ടണ്ണിലധികം ഭാരമുള്ള അനുബന്ധ ഉപകരണങ്ങള്‍ പേടകത്തിലുണ്ടാകണം. ഇപ്പോള്‍ ഒറിയണ്‍ വിക്ഷേപിക്കാന്‍ ഉപയോഗിച്ച ഡെല്‍റ്റ കഢ ഹെവി റോക്കറ്റിന്റെ ഭാരവാഹക ശേഷി 130 ടണ്‍ മാത്രമാണ്.

സ്പേസ് ലോഞ്ച് സിസ്റ്റവും ഇപ്പോള്‍ പര്യാപ്തമല്ലെന്നര്‍ഥം. 2030 ആകുമ്പോഴേക്കും ഇതും മറികടക്കാന്‍ കഴിയുമെന്നാണ് നാസ കരുതുന്നത്. മറ്റൊരു പ്രശ്നം, ചൊവ്വയിലേക്കുള്ള ദീര്‍ഘദൂര യാത്രയില്‍ ബഹിരാകാശ സഞ്ചാരി നേരിടുന്ന ഉയര്‍ന്ന റേഡിയേഷന്‍ ലെവലാണ്. നിലവിലുള്ള സാങ്കേതികവിദ്യയില്‍ ഇത് തരണംചെയ്യാന്‍ കഴിയില്ല. സാമ്പത്തികമാണ് മറ്റൊരു വലിയ വെല്ലുവിളി. ലോകത്തെ ഏതൊരു ബഹിരാകാശ ഏജന്‍സിക്കും ഒറ്റയ്ക്ക് നേരിടാന്‍ കഴിയുന്നതല്ല അത്. ലോകത്തിലെ 14 ബഹിരാകാശ ഏജന്‍സികളും ചൊവ്വാ യാത്രയ്ക്ക് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഒറ്റയ്ക്കൊരു യാത്ര അവരാരുംതന്നെ ആഗ്രഹിക്കുന്നില്ല. ഒറിയണിന്റെ പരീക്ഷണപ്പറക്കലിനു മാത്രമുള്ള ചെലവ് 37 കോടി അമേരിക്കന്‍ ഡോളറാണെന്ന കാര്യം ഓര്‍മിക്കണം.

എന്താണ് ഒറിയണ്‍?

 
നാല് ബഹിരാകാശ സഞ്ചാരികള്‍ക്ക് ഒരേസമയം സഞ്ചരിക്കുന്നതിന് രൂപകല്‍പ്പനചെയ്ത ബഹിരാകാശ പേടകമാണ് ഒറിയണ്‍ മള്‍ട്ടി പര്‍പ്പസ് ക്രൂ വെഹിക്കിള്‍. ഒരു കമാന്‍ഡ് മൊഡ്യൂളും, ഒരു സര്‍വീസ് മൊഡ്യൂളും ചേര്‍ന്നുള്ള രൂപഘടനയാണ് ഒറിയണിന്. നാസയുടെ നിയന്ത്രണത്തിലുള്ള ലോക്ഹിഡ് മാര്‍ട്ടിന്‍ കോര്‍പറേഷനാണ് കമാന്‍ഡ് മൊഡ്യൂള്‍ നിര്‍മിക്കുന്നത്. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ നിയന്ത്രണത്തിലുള്ള എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പേസ് കോര്‍പറേഷനാണ് സര്‍വീസ് മൊഡ്യൂളിന്റെ നിര്‍മാതാക്കള്‍. 2011 മേയ് 24നാണ് നാസ ഒറിയണ്‍ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ചന്ദ്രന്‍, ഛിന്നഗ്രഹങ്ങള്‍, ചൊവ്വ എന്നിവിടങ്ങളിലേക്കുള്ള മനുഷ്യന്റെ യാത്രയാണ് ഒറിയണ്‍ പദ്ധതികൊണ്ട് നാസ ലക്ഷ്യംവയ്ക്കുന്നത്. ഈ മാസം അഞ്ചിന് പേടകത്തിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ വിജയകരമായി നടത്തി. ഈ യാത്രയില്‍ പേടകത്തില്‍ യാത്രികര്‍ ആരുമുണ്ടായിരുന്നില്ല. ബഹിരാകാശ യാത്രികരുമായുള്ള ആദ്യ യാത്ര ഉദ്ദേശിക്കുന്നത് 2020ലാണ്.

ഇരുപത്തിമൂന്നു ടണ്ണാണ് പേടകത്തിന്റെ ആകെ ഭാരം. ആംസ്ട്രോങ്ങും, ആല്‍ഡ്രിനും, കോളിന്‍സും സഞ്ചരിച്ച മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രാ പേടകമായ അപ്പോളോ സ്പേസ്ക്രാഫ്റ്റിനെക്കാള്‍ കുറവാണിത്. അപ്പോളോ പേടകത്തിന്റെ ആകെ ഭാരം 30 ടണ്ണായിരുന്നു. ഒറിയണില്‍ യാത്രികര്‍ ഇരിക്കുന്ന കമാന്‍ഡ് മൊഡ്യൂളിന്റെ ഭാരം 8.9 ടണ്ണാണ്. അപ്പോളോയില്‍ ഇത് 5.8 ടണ്ണായിരുന്നു. കമാന്‍ഡ് മൊഡ്യൂളിന്റെ ഭാരം ഒറിയണിലാണ് കൂടുതല്‍ എന്നര്‍ഥം. മൊഡ്യൂളിന്റെ വ്യാസം അഞ്ചു മീറ്ററും ഉയരം 3.3 മീറ്ററുമാണ്. അപ്പോളോ കമാന്‍ഡ് മൊഡ്യൂളിന്റെ വ്യാസം 3.9 മീറ്ററായിരുന്നു. അതിനര്‍ഥം ഒറിയണിന്റെ വ്യാപ്തം അപ്പോളോയുടെ രണ്ടര മടങ്ങാണെന്നാണ്.

ദ്രാവക മീഥെയ്ന്‍ ആണ് ഒറിയണില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. എന്നാല്‍, മീഥെയ്ന്‍ ഇന്ധനമായി ഉപയോഗിക്കുന്ന റോക്കറ്റ് സാങ്കേതികവിദ്യ ഇപ്പോള്‍ ശൈശവദശയിലാണ്. ഒറിയണിന്റെ കമാന്‍ഡ് മൊഡ്യൂളിന് വൃത്തസ്തൂപികയുടെ ആകൃതിയാണുള്ളത്. ഒരു സിലിന്‍ഡറിന്റെ ആകൃതിയാണ് സര്‍വീസ് മൊഡ്യൂളിന്. ഏറ്റവും ഉയര്‍ന്ന കംപ്യൂട്ടര്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. അലുമിനിയം-ലിഥിയം ലോഹസങ്കരം ഉപയോഗിച്ചാണ് കമാന്‍ഡ് മൊഡ്യൂള്‍ നിര്‍മിച്ചിട്ടുള്ളത്. നാസയുടെ മറ്റു ബഹിരാകാശപേടകങ്ങളുമായും അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായും ഡോക് ചെയ്യുന്നതിന് ഒറിയണിനു കഴിയും. നാസ അവസാനിപ്പിച്ച സ്പേസ് ഷട്ടില്‍ ദൗത്യങ്ങളെക്കാള്‍ 10 മടങ്ങ് സുരക്ഷിതമാണ് ഒറിയണ്‍ മള്‍ട്ടി പര്‍പ്പസ് ക്രൂ വെഹിക്കിള്‍. പുനരുപയോഗശേഷിയും ഇതിനുണ്ട്.ഇനി ചൊവ്വാ യാത്ര സ്വപ്നംകണ്ടു തുടങ്ങാം. ഒറിയണിന്റെ ചിറകിലേറി ആദ്യ മനുഷ്യന്‍ ചുവന്നഗ്രഹത്തില്‍ കാലുകുത്തുന്ന മുഹൂര്‍ത്തത്തിന് ഇനി വെറും ഒന്നരപ്പതിറ്റാണ്ട് കാത്തിരിപ്പു മതി.


- See more at: http://www.deshabhimani.com/news-special-kilivathil-latest_news-423912.html#sthash.Hqy59G8M.dpuf

No comments:

Post a Comment