ആകാശഗംഗയിലെ ഒരു വിദൂരനക്ഷത്രത്തെ ചുറ്റുന്ന ഭൂമിക്ക് സമാനമായ ഗ്രഹം ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി. 'കെപ്ലര്‍ - 186എഫ്' ( Kepler-186f ) എന്ന ശിലാനിര്‍മിതമായ ആ ഗ്രഹത്തില്‍ ദ്രാവകാവസ്ഥയില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന നിഗമനത്തിലാണ് ഗവേഷകര്‍ .
നാസയുടെ കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ്പ് നടത്തിയ നിരീക്ഷണത്തിലാണ്, ഭൂമിയെ അപേക്ഷിച്ച് പത്തുശതമാനം മാത്രം വലിപ്പക്കൂടുതലുള്ള ഗ്രഹം തിരിച്ചറിഞ്ഞ്. ആകാശഗംഗയില്‍ ജിവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടെത്താന്‍ 2009 മാര്‍ച്ചില്‍ വിക്ഷേപിച്ചതാണ് കെപ്ലര്‍ ടെലസ്‌കോപ്പ്.
ഒരു കുള്ളന്‍ നക്ഷത്രമായ 'കെപ്ലര്‍ 186'നെ പരിക്രമണം ചെയ്യുന്ന അഞ്ച് ഗ്രഹങ്ങളില്‍ ബാഹ്യഭാഗത്തുള്ളതാണ് കെപ്ലര്‍ 186എഫ്. സൂര്യന്റെ വാസയോഗ്യമായ ഭാഗത്ത് ഭൂമി സ്ഥിതിചെയ്യുന്നതുപോലെ, ആ ഗ്രഹവും അതിന്റെ മാതൃനക്ഷത്രത്തിന്റെ വാസയോഗ്യമേഖലയിലാണുള്ളത്.
ഭൂമിയില്‍ വെള്ളം ദ്രാവകാവസ്ഥയിലുള്ളതാണ് ഇവിടെ ജീവനുണ്ടാകാന്‍ പ്രധാന കാരണം. സൂര്യനില്‍നിന്ന് ഭൂമി കുറച്ചുകൂടി അകലെയായിരുന്നെങ്കില്‍ , ഇവിടുത്തെ വെള്ളം മുഴുവന്‍ തണുത്തുറഞ്ഞ് പോകുമായിരുന്നു. നമ്മള്‍ സൂര്യനോട് കുറച്ചുകൂടി അടുത്തായിരുന്നെങ്കില്‍ , ഉയര്‍ന്ന താപനിലയില്‍ ഭൂമിയിലെ വെള്ളം മുഴുവന്‍ നീരാവിയായി പോകുമായിരുന്നു.
ദ്രാവകാവസ്ഥയില്‍ വെള്ളമുണ്ടാകാന്‍ സഹായിക്കുന്നതിനാലാണ്, സൂര്യന്റെ വാസയോഗ്യമേഖലയിലാണ് ഭൂമി എന്നു പറയുന്നത്. കെപ്ലര്‍ 186എഫ് ഗ്രഹവും മാതൃനക്ഷത്രത്തിന്റെ വാസയോഗ്യമേഖലയിലാണെന്ന് ഗവേഷകര്‍ പറയുന്നു.
ഒരു ഗ്രഹത്തില്‍ വെള്ളമുണ്ടെങ്കില്‍ , അവിടെ ജീവന്റെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയേറെയാണ്. ഭൂമിയിലല്ലാതെ മറ്റെവിടെയെങ്കിലും ജീവന്റെ സാന്നിധ്യമുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കെപ്ലര്‍ ദൗത്യം വിക്ഷേപിക്കപ്പെട്ടത്.
നാസയുടെ ആമെസ് റിസര്‍ച്ച് സെന്ററിലെ ഗവേഷകയും കെപ്ലര്‍ ടീമിലെ അംഗവുമായ എലിസ ക്വിന്റാനയും സഹപ്രവര്‍ത്തകരുമാണ്, വര്‍ഷങ്ങളുടെ നിരീക്ഷണത്തിനൊടുവില്‍ ഈ കണ്ടെത്തല്‍ നടത്തിയത്. പുതിയ ലക്കം 'സയന്‍സ് ജേര്‍ണലി'ല്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വീദൂരനക്ഷത്രങ്ങളുടെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ ജ്യോതിശാസ്ത്രജ്ഞര്‍ ഉപയോഗിക്കാറുള്ള 'സംതരണ സങ്കേതം' ( transit method ) ഉപയോഗിച്ചാണ്, ഭൂമിക്ക് സമാനമായ ഗ്രഹത്തെ തിരിച്ചറിഞ്ഞത്.
വിദൂരനക്ഷത്രത്തിന് മുന്നിലൂടെ ഗ്രഹം കടന്നുപോകുമ്പോള്‍ , നക്ഷത്രത്തിന്റെ തിളക്കത്തിന് ഒരേ ക്രമത്തിലുണ്ടാകുന്ന മങ്ങലാണ് സംതരണ സങ്കത്തിന്റെ അടിസ്ഥാനം. അത് കണക്കാക്കി ഗ്രഹത്തിന്റെ സാന്നിധ്യം, വലിപ്പം തുടങ്ങിയ സംഗതികള്‍ നിര്‍ണയിക്കുന്നു. (വിവരങ്ങള്‍ക്ക് കടപ്പാട്: സയന്‍സ് മാഗസിന്‍ ; ചിത്രം കടപ്പാട് : Danielle Futselaar )
http://www.mathrubhumi.com/technology/science/earth-like-planet-exoplanet-astronomy-science-water-planet-nasa-kepler-telescope-447363/
No comments:
Post a Comment