Friday, March 4, 2016

അറിയപ്പെടുന്നതില്‍ ഏറ്റവും അകലെയുള്ള ഗാലക്‌സി കണ്ടെത്തി

അറിയപ്പെടുന്നതില്‍ ഏറ്റവും അകലെയുള്ള ഗാലക്‌സി കണ്ടെത്തി



പ്രപഞ്ചത്തില്‍ ഇതുവരെ അറിയപ്പെടുന്നതില്‍ ഏറ്റവും അകലെയുള്ള ഗാലക്‌സി ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെ സഹായത്തോടെ ഗവേഷകര്‍ കണ്ടെത്തി. പ്രാപഞ്ചിക ദൂരത്തിന്റെ കാര്യത്തില്‍ പുതിയ റിക്കോര്‍ഡിട്ടുകൊണ്ടാണ്, 1340 കോടി പ്രകാശവര്‍ഷം അകലെയുള്ള ഗാലക്‌സി തിരിച്ചറിഞ്ഞത്. മഹാവിസ്‌ഫോടം വഴി പ്രപഞ്ചമുണ്ടായി വെറും 40 കോടി വര്‍ഷം കഴിഞ്ഞപ്പോള്‍ രൂപംകൊണ്ട ഗാലക്‌സിയാണ് 'ഉര്‍സ മേജര്‍' ( Ursa Major) നക്ഷത്രഗണത്തിന്റെ ദിശയില്‍ ഗവേഷകര്‍ കണ്ടെത്തിയത്. GN-z11 എന്നാണ് ഗാലക്‌സിയുടെ പേര്. പ്രപഞ്ചത്തിന് വെറും മൂന്ന് ശതമാനം മാത്രം പ്രായമുണ്ടായിരുന്ന കാലത്ത് രൂപപ്പെട്ട ഗാലക്‌സിയാണതെന്ന്, പഠനത്തിന് നേതൃത്വം നല്‍കിയ പാസ്‌കല്‍ ഓഷ്ച് പറഞ്ഞു. യു.എസില്‍ ന്യൂ ഹവനില്‍ യേല്‍ സര്‍വ്വകലാശാലയിലെ ഗവേഷകനാണ് അദ്ദേഹം. കാലത്തിലൂടെ പിന്നോട്ട് പോകുന്ന അനുഭവമാണ് വിദൂരഗാലക്‌സിയുടെ കണ്ടെത്തല്‍ നല്‍കുന്നതെന്ന് ഓഷ്ച് അറിയിക്കുന്നു. 'ദി അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലില്‍' കണ്ടെത്തലിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. 1310 കോടി പ്രകാശവര്‍ഷമകലെ സ്ഥിതിചെയ്യുന്ന ഒരു പ്രാചീന ഗാലക്‌സിയെ കഴിഞ്ഞ വര്‍ഷം ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ആ റിക്കോര്‍ഡാണ് പുതിയ കണ്ടെത്തലോടെ പുതുക്കപ്പെട്ടിരിക്കുന്നത്.
.



ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ ഇത്രയും ചെറുപ്പത്തിലുള്ള കാഴ്ചകളില്‍ എത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷിച്ചില്ല. ഹബ്ബിളിന്റെ പിന്‍ഗാമിയായ 'ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പി'നേ അത് കഴിയൂ എന്നായിരുന്നു കരുതിയിരുന്നത്.

[റിപ്പോര്‍ട്ട് കടപ്പാട്: മാതൃഭൂമി വെബ്)
ചിത്രങ്ങള്‍ക്ക് കടപ്പാട് - വിക്കിമീഡിയ, ഹബിള്‍ സൈറ്റ്]
.
കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക,
http://hubblesite.org/newscenter/archive/releases/cosmology/distant-galaxies/2016/07/
.
https://en.wikipedia.org/wiki/List_of_the_most_distant_astronomical_objects
.
പഴയ ഒരു പോസ്റ്റ് - http://astromaars.blogspot.in/2015/05/blog-post_77.html
.
ഹബിള്‍ സ്പേസ് ടെലിസ്കോപ്പിനെക്കുറിച്ച് - http://astromaars.blogspot.in/2015/04/25.html

No comments:

Post a Comment