ജ്യോതിശാസ്ത്ര മേഖലയിൽ തത്പരരായ മലപ്പുറം ജില്ലയിലെ ശാസ്ത്രകുതുകികളുടെ കൂട്ടായ്മയാണ് മാർസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മലപ്പുറം അമച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിനു കീഴിൽ ജ്യോതിശാസ്ത്ര വിഷയസമിതിയായാണ് മാർസ് പ്രവർത്തിക്കുന്നത്.
അറിവിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമെങ്കിലും ആകാശപ്രതിഭാസങ്ങൾ പോലും അന്ധവിശ്വാസങ്ങൾക്ക് കളമൊരുക്കുന്ന കാലഘട്ടത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സധൈര്യം ഈ മേഖലയിലേക്ക് കടന്നു വന്നു. പരിഷത്ത് വിവിധ മേഖലകളിൽ സജീവമായി ഇടപെടലുകൾ നടത്തുമ്പോൾ ശാസ്ത്രാവബോധം വളർത്താൻ ജ്യോതിശാസ്ത്രം എന്ന മേഖല കൂടുതൽ ഫലപ്രദമാണെന്ന് തിരിച്ചറിഞ്ഞ ഏതാനും പ്രവർത്തകരാണ് മാർസ് എന്ന ആശയം മുന്നോട്ടു വയ്ക്കുന്നത്. പൊതു ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള ക്ലാസ്സുകളും നിരീക്ഷണ ക്യാമ്പുകളുമായിരുന്നു ആദ്യം. ധൂമകേതുക്കളേയും ഗ്രഹണത്തേയും പേടിക്കേണ്ടതില്ല, എന്ന് കവലകളിലും വിദ്യാലയങ്ങളിലും ചെറു കൂട്ടായ്മകളിലും ഇറങ്ങി മാർസ് പ്രവർത്തകർ തെളിയിച്ചു കൊടുത്തു.
ജ്യോതിശാസ്ത്ര മേഖലയിലെ വിവിധ വിഷയങ്ങളെ സമഗ്രമായി പ്രതിപാദിക്കുന്ന "മാനത്തേക്കൊരു കിളിവാതിൽ" എന്ന പുസ്തകം മാർസിനെ കൂടുതൽ പ്രശസ്തമാക്കി. ഈ മേഖലയെക്കുറിച്ച് അടിസ്ഥാന വിവരങ്ങൾ നൽകുന്ന "ബഹിരാകാശ ജാലകം" എന്ന വീഡിയോ സി.ഡിയും പുസ്തകത്തോടൊപ്പം ലഭ്യമാക്കി. ജില്ലയിലെമ്പാടും നിരവധി കോപ്പികൾ വിറ്റഴിഞ്ഞു. സംസ്ഥാന തലത്തിലുള്ള പ്രസാധനം ഇന്ന് പരിഷത്ത് ആണ് നിർവ്വഹിക്കുന്നത്.
ജില്ലയിൽ ശക്തിയേറിയ ടെലിസ്കോപ്പുകൾ വ്യാപകമാകുന്നതിന് ഈ സംഘം വഴിയൊരുക്കി. സർവ്വശിഷാ അഭിയാനുമായി സഹകരിച്ച് അധ്യാപകർക്കായി പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. വെറുതെ വായിച്ചു പോകുമായിരുന്ന പാഠഭാഗങ്ങൾ പ്രവർത്തനാധിഷ്ഠിതമായി മാറി. ജ്യോതിശാസ്ത്ര സംബന്ധിയായ പഠനോപകരണങ്ങൾ അധ്യാപകർക്ക് പരിചയപ്പെടുത്തിയതിൽ മാർസിന്റെ പങ്ക് ചെറുതല്ല. 2009ൽ അന്താരാഷ്ര ജ്യോതിശാസ്ത്ര വർഷാചരണത്തോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പും സർവ്വശിക്ഷാ അഭിയാനുമൊത്ത് സംസ്ഥാനത്തെ 5 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി നടപ്പാക്കിയ "ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റ്" പ്രോഗ്രാമിന്റെ അക്കാദമിക സഹായം മാർസ് പ്രവർത്തകരാണ് നിർവ്വഹിച്ചത്. ജ്യോതിശാസ്ത്ര സംബന്ധിയായ ആശയങ്ങൾ ലളിതവത്കരിച്ച് കുട്ടികൾക്കായി വർക്ക്ബുക്കും, അധ്യാപകർക്കായി സഹായിയും ഇതിന്റെ ഭാഗമായി പുറത്തിറക്കി. ഇതിന്റെ തുടർച്ചയായി ആകാശവാണിയിലും ദൂരദർശനിലും നടന്ന "ഗലീലിയോ ലിറ്റിൽ സയന്റിസ് - ക്വിസ്സ് " പരിപാടിക്കും മാർസ് പ്രവർത്തകരാണ് അക്കാദമിക സഹായം നൽകിയത്.
സ്പുട്നിക് വാർഷികവുമായി ബന്ധപ്പെട്ട് മാർസ് തയ്യാറാക്കിയ ജ്യോതിശാസ്ത്ര പാനലുകൾക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. ജില്ലയിലെ ഏതാണ്ടെല്ലാ വിദ്യാലയങ്ങളിലും ഇതിന്റെ പ്രദർശനം നടത്തുവാൻ സാധിച്ചു.
ജ്യോതിശാസ്ത്ര രംഗത്തെ പുത്തൻ അറിവുകൾ പങ്കുവയ്ക്കാനൊരിടം എന്ന നിലക്കാണ് 2009ൽ മാർസിന്റെ ബ്ലോഗ് ആരംഭിക്കുന്നത്. പരിഷത്തും മാർസും തയ്യാറാക്കിയ പ്രസന്റേഷനുകൾ ബ്ലോഗിൽ ലഭ്യമാണ്.
പിന്നീട് സോഷ്യൽ മീഡിയയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി മാർസിന്റെ ഫേസ്ബുക്ക് പേജും വാട്സ്ആപ്പ് ഗ്രൂപ്പും ആരംഭിച്ചു.
മൊബൈൽ സങ്കേതത്തിൽ ബ്ലോഗ് പോസ്റ്റുകൾ സൗകര്യപ്രദമായി എത്തിക്കുന്നതിനും പ്രസന്റേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിനും പുതിയ ആൻഡ്രോയിഡ് അപ്ലിക്കേഷൻ സഹായിക്കുന്നു. ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാന വിവരങ്ങൾ, സൗരയൂഥം, ഗ്രഹങ്ങൾ, കുള്ളൻ ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ ഇവയെക്കുറിച്ചുള്ള കുറിപ്പുകൾ തുടങ്ങിയവ ഓഫ്-ലൈനായി വായിക്കാം. ഇവ തയ്യാറാക്കുന്നതിന് സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയ വളരെയധികം സഹായിച്ചിട്ടുണ്ട്. സയൻസ് ഫിക്ഷൻ സിനിമകളെക്കുറിച്ചറിയുന്നതിന് ഒരു പേജുണ്ട്. ജ്യോതിശാസ്ത്ര സംബന്ധിയായ സംശയങ്ങൾക്കും ക്ലാസ്സുകളെ സംബന്ധിച്ചും അറിയുന്നതിന് മാർസ് - പരിഷത്ത് പ്രവർത്തകരുടെ ഫോൺ ഡയറക്ടറിയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മാർസിന്റെ ഫേസ്ബുക്ക് പേജിലേക്ക് കണക്ട് ചെയ്യുന്നതിനും സൗകര്യമുണ്ട്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ഈ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാം.
https://play.google.com/store/apps/details?id=com.andromo.epb.maars
ഈ അപ്ലിക്കേഷനും ബ്ലോഗും മെച്ചപ്പെടുത്താനായി നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ആവശ്യമാണ്. ഇവ mail.maars@gmail.com എന്ന വിലാസത്തിൽ അറിയിക്കാം.
സസ്നേഹം,
ബ്രിജേഷ് പൂക്കോട്ടൂർ.
No comments:
Post a Comment