പുണെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സിലെ (IUCAA) ശാസ്ത്രജ്ഞനായ ഡോ. ജൊയ്ദീപ് ബാഗ്ചിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ഏറെ അപൂര്‍വതകളുള്ള ഗ്യാലക്സി (2MASX J 23453268 0449256) കണ്ടെത്തി. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും നീളംകൂടിയ റേഡിയോ ജെറ്റുകളുള്ള സര്‍പ്പിള ഗ്യാലക്സിയാണിത് (Spiral Galaxy). ഭൂമിയില്‍നിന്ന് 112 കോടി പ്രകാശവര്‍ഷം അകലെയുള്ള ഈ ഗ്യാലക്സിയില്‍നിന്നുള്ള റേഡിയോ ജെറ്റുകള്‍ക്ക് 52 ലക്ഷം പ്രകാശവര്‍ഷം നീളമുണ്ട്. സാധാരണഗതിയില്‍ സ്പൈറല്‍ ഗ്യാലക്സികളില്‍നിന്നുള്ള റേഡിയോ ജെറ്റുകള്‍ക്ക് വളരെ കുറഞ്ഞ ദൈര്‍ഘ്യമേ ഉണ്ടാകാറുള്ളു.
ഗ്യാലക്സികളുടെ മധ്യത്തിലുള്ള തമോദ്വാരങ്ങള്‍ ചുറ്റുപാടുനിന്ന് ദ്രവ്യത്തെ വലിച്ചെടുക്കുമ്പോള്‍, കാന്തികവലയത്തില്‍പ്പെട്ട് അതിവേഗം പുറത്തേക്കു തെറിക്കുന്ന ഇലക്ട്രോണുകളാണ് റേഡിയോ ജെറ്റുകള്‍ എന്ന പ്രതിഭാസത്തിനു പിന്നില്‍. സ്പൈറല്‍ ഗ്യാലക്സികളില്‍ സാധാരണഗതിയില്‍ കുറഞ്ഞ പിണ്ഡമുള്ള തമോദ്വാരങ്ങള്‍ ആയതുകൊണ്ടുതന്നെ വലിയ റേഡിയോ ജെറ്റുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാല്‍, ഈ ഗ്യാലക്സിയുടെ വര്‍ണരാജി വിശകലനത്തില്‍ നിന്നു മനസ്സിലാക്കാനായത് ഇതിന്റെ കേന്ദ്രത്തില്‍ 20 കോടി സൗരപിണ്ഡത്തിനു തുല്യമായ പിണ്ഡമുള്ള ഒരു തമോദ്വാരം ഉണ്ടെന്നാണ്! സാധാരണ ഗ്യാലക്സികളിലുള്ളതുപോലെ ഗോളാകൃതിയിലുള്ള ദ്രവ്യവിന്യാസം ഇതിന്റെ കേന്ദ്രത്തില്‍ ഇല്ല എന്നുള്ളത് ഈ ഗ്യാലക്സിയുടെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഇത് സ്യൂഡോബള്‍ജ് ഗണത്തില്‍പ്പെടുന്ന സ്പൈറല്‍ ഗ്യാലക്സിയാണ്. ഒരു സ്യൂഡോ ബള്‍ജ് ഗ്യാലക്സിയില്‍ ഇത്രയധികം പിണ്ഡമുള്ള തമോദ്വാരം എങ്ങനെയുണ്ടായി എന്നത് ഇനിയും വിശദീകരിക്കപ്പെടേണ്ടതുണ്ട്.
ഇതുകൂടാതെ ഈ ഗ്യാലക്സിയുടെ കറക്കവേഗവും സാധാരണ ഗ്യാലക്സികളെക്കാള്‍ വളരെ കൂടുതലാണ്. പുണെയിലുള്ള ജയന്റ് മീറ്റര്‍വേവ് റേഡിയോ ടെലസ്കോപ്പിന്റെയും, ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സിന്റെ കീഴിലുള്ള ഐയുക്ക ഗിരാവലി ഒബ്സര്‍വേറ്ററിയുടെയും സഹായത്തോടുകൂടിയായിരുന്നു ഈ കണ്ടുപിടിത്തം. ഗവേഷണസംഘത്തിലെ നാലു പേര്‍ മലയാളികളാണ്. ഐയുക്കയിലെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ഫെലോ ആയ ഡോ. എം വിവേക്, പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ഫെലോ ആയ ഡോ. വി വിനു, തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ അധ്യാപകനായ ഡോ. ജോ ജേക്കബ്, വയനാട് മുട്ടില്‍ ഡബ്ല്യുഎംഒ കോളേജിലെ അധ്യാപകനായ കെ ജി ബിജു എന്നിവരാണ് ഗവേഷണ സംഘത്തിലെ മലയാളികള്‍. ശാസ്ത്രസംഘത്തിന്റെ ഗവേഷണ റിപ്പോര്‍ട്ട് അമേരിക്കന്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ പ്രസിദ്ധീകരണമായ അസ്ട്രോഫിസിക്കല്‍ ജേര്‍ണലിന്റെ 2014 ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഐയുക്ക ഗിരാവലി ഒബ്സര്‍വേറ്ററി
പുണെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സിന്റെ നിയന്ത്രണത്തിലുള്ളതും ദൃശ്യപ്രകാശം ആധാരമാക്കി പ്രവര്‍ത്തിക്കുന്നതുമായ ദൂരദര്‍ശിനിയാണ് ഐയുക്ക ഗിരാവലി ഒബ്സര്‍വേറ്ററി. പുണെയില്‍നിന്ന് 80 കി.മീ ദൂരെ പുണെ-നാസിക് ഹൈവേയിലുള്ള ഗിരാവലി ഗ്രാമത്തിലാണ് ഈ നിരീക്ഷണകേന്ദ്രമുള്ളത്. ഐയുക്കയിലെ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകവിദ്യാര്‍ഥികള്‍ക്കും വിവിധ പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വേണ്ടിയാണ് ഈ ദൂരദര്‍ശിനി സ്ഥാപിച്ചിട്ടുള്ളത്. ഐയുക്ക കാമ്പസിനു സമീപമാണ് ദൂരദര്‍ശിനിയുള്ളത്. നിര്‍മാണത്തിനുള്ള ഫണ്ട് നല്‍കിയത് യൂണിവേഴ്സിറ്റി ഗ്രാന്റ് കമീഷനാണ്. ഐയുക്കയിലെ ശാസ്ത്രജ്ഞരാണ് നിര്‍മാണത്തിന് ചുക്കാന്‍പിടിച്ചത്.
2006 ഫെബ്രുവരി 14ന് നിര്‍മാണം പൂര്‍ത്തിയായ ഒബ്സര്‍വേറ്ററിയുടെ ഉദ്ഘാടനം 2006 മെയ് 13ന് പ്രൊഫ. യശ്പാല്‍ നിര്‍വഹിച്ചു. 2006 നവംബര്‍ മുതല്‍ ഗിരാവലി ഒബ്സര്‍വേറ്ററിയില്‍ സ്ഥിരമായി ആകാശനിരീക്ഷണം നടക്കുന്നുണ്ട്. 200 സെന്റീമീറ്റര്‍ വ്യാസമുള്ള മുഖ്യദര്‍പ്പണമാണ് ഈ ഒപ്റ്റിക്കല്‍ ദൂരദര്‍ശിനിയുടെ പ്രധാന സവിശേഷത. സെക്കന്‍ഡറി മീററിന്റെ വ്യാസം 62 സെന്റീമീറ്ററാണ്. ഐയുക്കയില്‍ നിര്‍മിച്ച ഐയുക്ക ഫെയിന്റ് ഒബ്ജക്ട് സ്പേക്ട്രോഗ്രാഫ് ആന്‍ഡ് ക്യാമറ യാണ് ദൂരദര്‍ശിനിയിലെ പ്രധാന അനുബന്ധ ഉപകരണം. വളരെ ഉയര്‍ന്ന ചുമപ്പുനീക്കം പ്രദര്‍ശിപ്പിക്കുന്ന വളരെ മങ്ങിയ ഖഗോള പിണ്ഡങ്ങളുടെ വ്യക്തമായ ചിത്രങ്ങളെടുക്കാന്‍ ഈ ഉപകരണത്തിനു കഴിയും. കൂടാതെ 1340x1300 പിക്സലുള്ള ഒരു പ്രിന്‍സ്ടണ്‍ സിസിഡി ക്യാമറയും ദൂരദര്‍ശിനിയിലുണ്ട്.
ജയന്റ് മീറ്റര്‍വേവ് റേഡിയോ ടെലസ്കോപ്പ്
മീറ്റര്‍വേവ് ലെങ്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദര്‍ശിനിയാണ് ജിഎംആര്‍ടി. പുണെയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള നാരായണന്‍ഗോണ്‍ ഗ്രാമത്തിലാണ് ജിഎംആര്‍ടി സ്ഥാപിച്ചിട്ടുള്ളത്. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള നിരവധി ജ്യോതിശാസ്ത്രജ്ഞര്‍ ജിഎംആര്‍ടിയുടെ സഹായത്തോടെ ഗ്യാലക്സികളെക്കുറിച്ചും സൗരപ്രതിഭാസത്തെക്കുറിച്ചും പഠനങ്ങള്‍ നടത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ റേഡിയോ ദൂരദര്‍ശിനിയായ വിഎല്‍എ യുടെ മൂന്നിരട്ടി കലക്ടിങ് ഏരിയയുണ്ട് ജിഎംആര്‍ടിക്ക്. അനുബന്ധ ഉപകരണങ്ങള്‍ എട്ടു മടങ്ങ് സംവേദനക്ഷമമാണ്. 25 കിലോമീറ്റര്‍വീതം നീളമുള്ള കരങ്ങളില്‍ ഥആകൃതിയില്‍ ക്രമീകരിച്ചിരിക്കുന്ന 30 ഡിഷ് ആന്റിനകള്‍, ഓരോ ആന്റിനയിലും സ്വതന്ത്രമായി തിരിയുന്ന നാലുവീതം റിസീവറുകള്‍, ഡിഷിന്റെ വ്യാസമാകട്ടെ 45 മീറ്ററുമാണ്. മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ഭാഗമായ നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ അസ്ട്രോഫിസിക്സ് ആണ് ദൂരദര്‍ശിനിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെയും എന്‍ജിനിയര്‍മാരുടെയും സവിശേഷ സൃഷ്ടിയായ സ്മാര്‍ട്ട് സാങ്കേതികവിദ്യയില്‍ നിര്‍മിച്ചിട്ടുള്ള സ്റ്റീല്‍ വയറുകള്‍ ഉപയോഗിക്കുന്ന റേഡിയോ ആന്റിനകള്‍ ഇന്ത്യയിലെ കാലാവസ്ഥയ്ക്ക് തികച്ചും അനുയോജ്യമാണ്. ട്രാന്‍സിയന്‍സ് (അതിവേഗത്തില്‍ അകന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഖഗോ പ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠനം), ഗ്യാലക്സി രൂപീകരണം, പള്‍സാറുകളെയുംന്യൂട്രോണ്‍ താരങ്ങളെയും കുറിച്ചുള്ള പഠനം, റേഡിയോ ഗ്യാലക്സികളായ ബ്ലേയ്സറുകളെക്കുറിച്ചുള്ള പഠനം, സൂപ്പര്‍നോവാ സ്ഫോടനം, സൗരപ്രതിഭാസങ്ങള്‍ എന്നിവയെല്ലാം ജിഎംആര്‍ടിയുടെ പരിധിയില്‍വരും. പുണെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സ് ജിഎംആര്‍ടിക്കു സമീപമാണ്. വെബ്സൈറ്റ്:- http://www.gmrt.ncra.tifr.res.in
http://www.deshabhimani.com/periodicalContent5.php?id=1327
No comments:
Post a Comment