Thursday, July 3, 2014

ഇനി ഇന്ത്യക്കും സ്വന്തം "ഹബ്ബിള്‍"


1994ല്‍ ലോകമെമ്പാടുമുള്ള വാനിരീക്ഷകര്‍, ഒരു കാഴ്ചകണ്ടു... "ഷൂമാക്കര്‍ ലെവി- 9" ((Shoemaker Levy- 9) ) എന്ന വാല്‍നക്ഷത്രം, വ്യാഴത്തില്‍ ഇടിച്ചിറങ്ങുന്നതിന്റെ ദൃശ്യം. വാല്‍നക്ഷത്രം, ഒരു ഗ്രഹത്തില്‍ വന്നിടിക്കുക എന്നത് അത്യപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ്. നൂറ്റാണ്ടുകള്‍ കാത്തിരുന്നാല്‍ മാത്രമേ അത്തരത്തിലൊന്ന് ഇനിയും സംഭവിക്കു. ഇരുട്ടിന്റെ നീലാകാശത്ത് ഒരാള്‍ തീപ്പെട്ടി ഉരയ്ക്കുന്നതുപോലെയുള്ള ഈ ദൃശ്യം നമ്മളെ കാണാനിടയാക്കിയത് "ഹബ്ബിള്‍ സ്പെയ്സ് ടെലസ്കോപ്പ്" (Hubble Space Telescope) ആണ്. ഭൂമിയെ ചുറ്റുന്ന ഒരു കൃത്രിമോപഗ്രഹത്തെപ്പോലെ ബഹിരാകാശത്ത് നിലയുറപ്പിച്ചതുകൊണ്ടാണ് ഹബ്ബിള്‍ ദൂരദര്‍ശിനിക്ക് ഈ ദൃശ്യം വ്യക്തമായി പകര്‍ത്താനായത്. അങ്ങനെ എത്രയെത്ര കണ്ടെത്തലുകള്‍! 9,000 ത്തിലേറെ പ്രബന്ധങ്ങള്‍, ഹബ്ബിളിന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ഇതിനകം പ്രസിദ്ധീകരിച്ചു.

എന്നാല്‍, പ്രശസ്തിയുടെ കാണാപ്പുറങ്ങള്‍ കീഴടക്കിയ ഈ ദൂരദര്‍ശിനി ഇപ്പോള്‍ പഴഞ്ചനായി. 1990ലാണ് ഹബ്ബിള്‍ വിക്ഷേപിച്ചത്. "നാസ"യുടെ കണക്കില്‍ 2014 അവസാനത്തോടെ ഇത് പ്രവര്‍ത്തനിരതമാവും. ഏറിയാല്‍ 2018നകം. അതിനുമുമ്പ് ഹബ്ബിളിനു പകരക്കാരനായി മറ്റൊരു ബഹിരാകാശദൂരദര്‍ശിനി വിക്ഷേപിക്കാനാണ് "നാസ"യുടെ പരിപാടി. പക്ഷേ, അതിനും 2017 വരെയെങ്കിലും കാത്തിരിക്കണം. ഈ കുറവു പരിഹരിക്കാന്‍, സ്വന്തമായി ഒരു "ഹബ്ബിള്‍" വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഈ വര്‍ഷംതന്നെ ഇതിന്റെ വിക്ഷേപണം നടത്താനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.

"അസ്ട്രോസാറ്റ്" (Astrosat) എന്നാണ്, ഇന്ത്യയുടെ ഈ സ്വന്തം ബഹിരാകാശ ദൂരദര്‍ശിനിക്ക് പേരു നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ സമ്പൂര്‍ണ "ജ്യോതിശാസ്ത്ര ഉപഗ്രഹ" (Astronomical Satellite) വുമാണ് "അസ്ട്രോസാറ്റ്". എന്തുചെയ്യാന്‍ പോവുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ "അസ്ട്രോസാറ്റി"നെ "ഇന്ത്യന്‍ ഹബ്ബിള്‍" എന്നു വിളിക്കാമെങ്കിലും, വലുപ്പത്തിന്റെ കാര്യത്തില്‍ ഹബ്ബിളിനു മുന്നില്‍ ഒന്നുമല്ല "അസ്ട്രോസാറ്റ്: 43 അടി നീളവും 11 ടണ്ണിലധികം ഭാരവുമുള്ള ഹബ്ബിളിന്, ഒരു ബസിനോളം വലുപ്പമുണ്ട്. ഹബ്ബിളിന്റെ "കണ്ണി"ന് എട്ടടിയോളം വ്യാസമുണ്ട്.

നാലരമീറ്റര്‍ ചതുരശ്രവിസ്തൃതിയില്‍ വന്നുവീഴുന്ന പ്രകാശത്തില്‍നിന്നാണ് (Collecting Area) ഹബ്ബിള്‍ അതിന്റെ പ്രതിബിംബം രൂപപ്പെടുത്തുന്നത്. എന്നാല്‍, "അസ്ട്രോസാറ്റി"ന്റെ "കണ്ണി"ന് 300 മില്ലിമീറ്റര്‍ വലുപ്പമേയുള്ളു. അതായത്, 30 സെന്റീമീറ്റര്‍. എന്നാല്‍, ഹബ്ബിളിനില്ലാത്ത ഒരു കഴിവ്, വലുപ്പത്തില്‍ ഇത്തിരിക്കുഞ്ഞനായ "അസ്ട്രോസാറ്റി"നുണ്ട്. "എക്സ്റേ കിരണ"ങ്ങളെ തിരിച്ചറിയാനും പിടിച്ചെടുക്കാനുമുള്ള കഴിവ്. പ്രപഞ്ചത്തില്‍, സ്വന്തം സാന്നിധ്യം "എക്സ് റേ കിരണ"ങ്ങളിലൂടെ വെളിപ്പെടുത്തുന്ന ചിലതുണ്ട്. ഉദാഹരണമായി "ന്യൂട്രോണ്‍ നക്ഷത്ര" (Neutron Stars), പള്‍സാറുകള്‍ (Pulsars), ക്വാസാറുകള്‍(Quasars) ഇവയെയെല്ലാം കാണുന്ന കാര്യത്തില്‍ ഹബ്ബിള്‍ ദൂരദര്‍ശിനി അന്ധനാണെന്നു പറയേണ്ടിവരും. പ്രകാശം, അള്‍ട്രാവയലറ്റ്, അല്‍പ്പം ഇന്‍ഫ്രാറെഡ്... തീര്‍ന്നു. വന്നെത്തുന്ന തരംഗങ്ങളുടെ തരംഗദൈര്‍ഘ്യം ഇതിനടിക്കായാലേ, ഹബ്ബിള്‍ അതിനെ കാണൂ.

അതായത്, ആധുനിക ജ്യോതിശാസ്ത്രത്തിലെ ഒരു വലിയമേഖല, "ഹബ്ബിളി"ന് അപ്രാപ്യമാണ്, എന്നും എപ്പോഴും "എക്സ്റേ അസ്ട്രോണമി" (X-ray Astronomy).. "എക്സ് റേ" പുറപ്പെടുവിക്കുന്ന പ്രപഞ്ചസാന്നിധ്യങ്ങളെ കാണാന്‍ സാധാരണ ദൂരദര്‍ശിനികള്‍ പോരെന്ന് ചിന്തിക്കുന്നവരുണ്ടാവും. ബഹിരാകാശത്തേക്ക് ഒരു ദൂരദര്‍ശിനി വിക്ഷേപിക്കുമ്പോള്‍ അതിന്റെ വലുപ്പം, ഭാരം എന്നിവയെല്ലാം പരിഗണിക്കേണ്ടിവരും. റോക്കറ്റില്‍ അങ്ങെത്തേണ്ടെ? കേടായിപ്പോയാല്‍ നന്നാക്കാനും പ്രയാസമാണ്. അതിനായി ചിലപ്പോള്‍ "നന്നാക്കല്‍ ദൗത്യ"ക്കാരെത്തന്നെ അയക്കേണ്ടിവരും.

ഹബ്ബിള്‍ ടെലസ്കോപ്പുതന്നെ ഇതുപോലെ എത്രതവണ നന്നാക്കപ്പെട്ടതാണ്? പക്ഷേ, നമ്മള്‍ വിചാരിക്കുന്നപോലെയല്ല കാര്യങ്ങള്‍. ഉദാഹരണമായി, ദശലക്ഷക്കണക്കിന് ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ചൂടുപിടിച്ച, അതിതാപംകൊണ്ട് കത്തിജ്വലിച്ചുനില്‍ക്കുന്ന പ്രാപഞ്ചിക വസ്തുക്കളുണ്ട്. ഇവയില്‍നിന്ന് പ്രകാശമാകില്ല പുറത്തുവരുന്നത്, "എക്സ് റേ" ആകും. പ്രകാശവുമുണ്ടാവും, പക്ഷേ, അതിനെക്കാള്‍ പതിന്മടങ്ങ് ഇരട്ടിയാവും "എക്സ് റേ" കിരണങ്ങളുടെ പുറന്തള്ളല്‍. ഈ "എക്സ് റേ"കളില്‍ ഭൂരിഭാഗവും ഭൗമാന്തരീക്ഷത്തിലൂടെ കടക്കുന്നതിനിടയില്‍ അതിലേക്ക് വലിച്ചെടുക്കപ്പെടും.

അതുകൊണ്ട്, എക്സ് റേ കിരണങ്ങളെ പിടിച്ചെടുക്കാനാവുന്ന ദൂരദര്‍ശിനികള്‍ ഭൂമിയില്‍ സ്ഥാപിച്ചാല്‍, അവയൊന്നും കണ്ടെന്നുവരില്ല. അതുകൊണ്ടാണ്, ബഹിരാകാശത്ത് നിലയുറപ്പിച്ചിരിക്കുന്ന ദൂരദര്‍ശിനികള്‍ ആവശ്യമായിവരുന്നത്. നിലവില്‍ മൗനാ കീ (Mauna Kea) യിലുള്ള ദൂരദര്‍ശിനികള്‍ മാത്രമാണ് "നിലംചവിട്ടിനിന്നുകൊണ്ട്" ഈ ജോലി ചെയ്യുന്നത്. എന്നാല്‍, "എക്സ്റേ ജ്യോതിശാസ്ത്ര" (X-ray Astronomy) ത്തിലൂടെ നമ്മുടെ പ്രപഞ്ചവിജ്ഞാനം വികസിക്കണമെങ്കില്‍ "അസ്ട്രോസാറ്റി"നെപ്പോലുള്ള ബഹിരാകാശ ദൂരദര്‍ശിനികള്‍ ഉണ്ടാവണം. ഇങ്ങനെയൊരു നല്ല തുടക്കം നല്‍കുന്നതില്‍ ഇന്ത്യക്ക് അഭിമാനിക്കാം.


http://www.deshabhimani.com/newscontent.php?id=476125

http://ml.wikipedia.org/wiki/Astrosat

http://en.wikipedia.org/wiki/Astrosat


No comments:

Post a Comment