ലോകത്തിലെ ഏറ്റവും വലിയ സൗരദൂരദര്‍ശിനിയായ നാഷണല്‍ ലാര്‍ജ് സോളാര്‍ ടെലസ്കോപ്പ് (NLST) ജമ്മു കശ്മീരിലെ ലഡാക്കിലുള്ള മെരാക്ക് ഗ്രാമത്തില്‍ ഈ വര്‍ഷം നിര്‍മാണം ആരംഭിക്കും. ലഡാക്കിലെ പാങ്ക്ഗോങ് തടാകത്തിനു സമീപമാണ് മെരാക്ക് ഗ്രാമം. സൂര്യന്റെ ആന്തരഘടന വിശദമായി പഠിക്കാന്‍കഴിയുന്ന ഈ ദൂരദര്‍ശിനിയുടെ പ്രാഥമിക ദര്‍പ്പണത്തിന്റെ വ്യാസം രണ്ടു മീറ്ററാണ്.
ദൂരദര്‍ശിനിയുടെ നിര്‍മാണം 2016ല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ഏറ്റവും വലിയ സൗരദൂരദര്‍ശിനിയുടെ പ്രൈമറി മിററിന്റെ വ്യാസം 1.6 മീറ്ററാണ്. കലിഫോര്‍ണിയയിലെ നാഷണല്‍ സോളാര്‍ ടെലസ്കോപ്പാണ് നിലവില്‍ ഏറ്റവും വലിയ സൗരദൂരദര്‍ശിനി. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സാണ് (IIA) ദൂരദര്‍ശിനിയുടെ നിര്‍മാണത്തിന്റെ മുഖ്യചുമതല വഹിക്കുന്നത്. കൂടാതെ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO), ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (ARIOS)), ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (TIFR), ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോ ഫിസിക്സ്((IUCAA) എന്നീ സ്ഥാപനങ്ങളും ദൂരദര്‍ശിനിയുടെ നിര്‍മാണത്തില്‍ പങ്കാളികളാണ്. സൂര്യകേന്ദ്രത്തില്‍ നടക്കുന്ന അടിസ്ഥാന ന്യൂക്ലിയര്‍-രാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ക്ക് വളരെ പ്രയോജനംചെയ്യുന്ന പദ്ധതിയാണ് എന്‍എല്‍എസ്ടി.
ദൂരദര്‍ശിനിയുടെ സവിശേഷമായ രൂപകല്‍പ്പനയും അനുബന്ധ ഉപകരണങ്ങളുടെ കൃത്യതയും സൗരവികിരണങ്ങളെയും സൗരാന്തരീക്ഷത്തെയും സൂര്യകാന്തിക ക്ഷേത്രത്തെയും കുറിച്ചുള്ള പഠനങ്ങളില്‍ വിപ്ലവകരമായ പുരോഗതിയാകും കൊണ്ടുവരുന്നത്. രാത്രിയും പകലും ഒരുപോലെ ആകാശനിരീക്ഷണം നടത്താന്‍കഴിയുന്ന അപൂര്‍വം ദൂരദര്‍ശനികളില്‍ ഒന്നാകും എന്‍എല്‍എസ്ടി. 300 കോടി രൂപയാണ് പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചെലവ്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സിന്റെ മുന്‍ ഡയറക്ടറായ എസ് സിറാജ് ഹസനാണ് പദ്ധതിനടത്തിപ്പിന്റെ തലവന്‍. സൗരവാതങ്ങള്‍, കൊറോണല്‍ മാസ് ഇജക്ഷന്‍ തുടങ്ങിയ സൗരപ്രതിഭാസങ്ങള്‍വഴി ഭഭൗമാന്തരീക്ഷത്തിലെത്തുന്ന ചാര്‍ജിതകണങ്ങള്‍ കൃത്രിമ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനത്തെയും വാര്‍ത്താവിനിമയ ശൃംഖലയെയും എപ്രകാരമാണ് സ്വാധീനിക്കുന്നതെന്നു കണ്ടെത്താന്‍ എന്‍എല്‍എസ്ടിക്ക് അനായാസം കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്.
എന്താണ് എന്‍എല്‍എസ്ടിയുടെ പ്രത്യേകത?
ദൂരദര്‍ശിനിയുടെ സവിശേഷമായ രൂപകല്‍പ്പന കാരണം ദര്‍പ്പണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും അഡാപ്റ്റീവ് ഓപ്റ്റിക്സ് എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുകൊണ്ട് അപവര്‍ത്തനംവഴി ഉണ്ടാകുന്ന ശോഷണം പരമാവധി കുറച്ച് സൗരാന്തരീക്ഷത്തിന്റെ ഹൈ-റെസല്യൂഷന്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്നതിനും എന്‍എല്‍എസ്ടിക്കു കഴിയും. ദൂരദര്‍ശിനി ഡിസൈന്‍ചെയ്തത് ജര്‍മനിയിലെ എം ടി മെക്കാട്രോണിക്സ് (MT Mechatronics) ആണ്. സാങ്കേതികസഹായം നല്‍കുന്നത് കയ്പന്‍ഹ്യൂവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ്. രാത്രിയില്‍ ആകാശ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന സ്പെക്ട്രോഗ്രാഫ് വികസിപ്പിച്ചത് ജര്‍മനിയിലെത്തന്നെ ഹംബര്‍ഗ് യൂണിവേഴ്സിറ്റിയാണ്.
എന്തുകൊണ്ട് ലഡാക്ക്?
ജമ്മു കശ്മീരിലെ ഹാന്‍ലെ, മെരാക്ക്, ഉത്തരഖണ്ഡിലെ ദേവസ്ഥല്‍ എന്നീ വെബ്സൈറ്റുകളാണ് ദൂരദര്‍ശിനിയുടെ നിര്‍മാണത്തിനായി പരിഗണിച്ചത്. സോളാര്‍ ഡിഫറന്‍ഷ്വല്‍ ഇമേജ് മോണിറ്റര്‍ (SDIMM), ഷാഡോ ബാന്‍ഡ് റേഞ്ചര്‍(SHABAR), ഓട്ടോമാറ്റിക് വെര്‍ സ്റ്റേഷന്‍ (AWS), ഓള്‍ സ്കൈ ക്യാമറ, ഓട്ടോമാറ്റിക് സ്കൈ റേഡിയോമീറ്റര്‍ എന്നീ ഉപകരണങ്ങളുടെ സഹായത്തോടെ ഈ മൂന്ന് സൈറ്റുകളും വിശദമായി പഠിക്കുകയും രണ്ടുവര്‍ഷത്തെ പഠനത്തിനുശേഷം ഏറ്റവും മികച്ചതെന്നു കണ്ടെത്തിയ ലഡാക്കിലെ മെരാക്ക് ഗ്രാമം ദൂരദര്‍ശിനി നിര്‍മാണത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. വര്‍ഷത്തില്‍ ശരാശരി 2270 മണിക്കൂര്‍ ഇവിടെ സൂര്യപ്രകാശം ലഭിക്കും. അതുപോലെ കാറ്റിന്റെ വേഗവും അന്തരീക്ഷത്തിന്റെ കുറഞ്ഞ ആര്‍ദ്രതയും തെളിഞ്ഞ ആകാശവുമെല്ലാം മെരാക്കിന്റെ അനുകൂല ഘടകങ്ങളാണ്. ഒരു സൗരദൂരദര്‍ശിനി സ്ഥാപിക്കുന്നതിന് ലോകത്തേറ്റവും അനുയോജ്യമായ ഇടമാണ് ഇതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
- See more at: http://www.deshabhimani.com/newscontent.php?id=469614#sthash.EqsudeGz.dpuf
No comments:
Post a Comment