മാതൃനക്ഷത്രത്തെ 704 ദിവസംകൊണ്ട് ചുറ്റുന്ന അന്യഗ്രഹം കണ്ടെത്തി
അറിയപ്പെടുന്നതില്‍ ഏറ്റവുമധികം സമയംകൊണ്ട് മാതൃനക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന അന്യഗ്രഹം ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി. 'കെപ്ലര്‍-421ബി' ( Kepler-421b) എന്ന ഗ്രഹം 704 ദിവസംകൊണ്ടാണ് മാതൃനക്ഷത്രത്തെ ഒരുതവണ ചുറ്റിസഞ്ചരിക്കുന്നത്.
സൗരയൂഥത്തിന് പുറത്ത് ഇതിനകം 1800 ലേറെ അന്യഗ്രഹങ്ങളെ (Exoplanets ) തിരിച്ചറിഞ്ഞിട്ടുണ്ട്. മാതൃനക്ഷത്രങ്ങള്‍ക്ക് വളരെ അടുത്താണ് അവയുടെ സ്ഥാനം എന്നതിനാല്‍, അവയ്‌ക്കെല്ലാം മാതൃനക്ഷത്രത്തെ ചുറ്റിവരാന്‍ ചെറിയ സമയം മതി.
അതില്‍നിന്ന് വ്യത്യസ്തമാണ് കെപ്ലര്‍-421ബിയുടെ കാര്യം. ഇതുവരെ ഒരു അന്യഗ്രഹത്തിനും ഇത്ര നീണ്ട ഭ്രമണപഥം ഉള്ളതായി കണ്ടെത്തിയിട്ടില്ല. സൗരയൂഥത്തില്‍ ചൊവ്വാഗ്രഹത്തിനാണ് ഇതിന് സമാനമായ ഭ്രമണപഥമുള്ളത്. 780 ദിവസം വേണം ചൊവ്വയ്ക്ക് സൂര്യനെ ഒരു പ്രാവശ്യം പരിക്രമണം ചെയ്യാന്‍.
അമേരിക്കയില്‍ ഹാര്‍വാഡ്-സ്മിത്ത്‌സോണിയന്‍ സെന്റര്‍ ഫോര്‍ അസ്‌ട്രോഫിസിക്‌സിലെ ( സി എഫ് എ) ശാസ്ത്രജ്ഞരാണ് പുതിയ കണ്ടുപിടിത്തത്തിന്റെ വിവരം അറിയിച്ചത്.
'ഭാഗ്യംകൊണ്ട് മാത്രമാണ് ഈ ഗ്രഹത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിഞ്ഞത്' - സി.എഫ്.എ.യിലെ ഗവേഷകന്‍ ഡേവിഡ് കിപ്ലിങ് അറിയിച്ചു. ഒരു ഗ്രഹം അതിന്റെ മാതൃനക്ഷത്രത്തില്‍നിന്ന് കൂടുതല്‍ അകലെയാണെങ്കില്‍, അത് നക്ഷത്രത്തിന് മുന്നിലൂടെ സഞ്ചരിക്കുന്നത് (സംതരണം സംഭവിക്കുന്നത്) ഭൂമിയില്‍നിന്ന് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ് - സി.എഫ്.എ.യുടെ വാര്‍ത്താക്കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
'ലിറ' ( Lyra ) നക്ഷത്രഗണത്തിന്റെ ഭാഗത്ത് ഭൂമിയില്‍നിന്ന് ആയിരം പ്രകാശവര്‍ഷം അകലെയാണ് കെപ്ലര്‍-421ബിയുടെ സ്ഥാനം. സൂര്യനെക്കാള്‍ തണുത്തതും മങ്ങിയതുമായ ഒരു നക്ഷത്രത്തിന്റെ ഗ്രഹമാണിത്. മാതൃനക്ഷത്രത്തില്‍നിന്ന് ഏതാണ്ട് 18 കോടി കിലോമീറ്റര്‍ അകലെയാണ് കെപ്ലര്‍-421ബി സ്ഥിതിചെയ്യുന്നത്.
നാസയുടെ കെപ്ലര്‍ ബഹിരാകാശ ടെലസ്‌കോപ്പ് അതിന്റെ നാലുവര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ ശേഖരിച്ച ഡേറ്റ ഉപയോഗിച്ച് പുതിയ അന്യഗ്രഹത്തെ ഗവേഷകര്‍ തിരിച്ചറിയുകയായിരുന്നു. (കടപ്പാട് : Harvard-Smithsonian Center for Astrophysics - CfA )
http://www.mathrubhumi.com/technology/science/exoplanet-astronomy-science-kepler-421b-kepler-spacecraft-471178/
No comments:
Post a Comment