Friday, August 1, 2014

ഭൗമേതര ജീവന്‍ തേടി...

ക്ഷീരപഥത്തിന്റെ വഴിത്താരയില്‍ ജീവന്റെ നൃത്തംചവിട്ടാന്‍ ഇതാ ഭൂമിക്കൊരു സഹജരെക്കൂടി ലഭിക്കുമോ? അടുത്ത 20 വര്‍ഷത്തിനുള്ളില്‍ അന്യഗ്രഹജീവികളെ കണ്ടെത്തുമെന്ന് ഉറപ്പിച്ചു പറയുന്നു നാസ. എന്നാല്‍, അത് ചൊവ്വയിലും വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപയിലുമായിരിക്കില്ല, സൗരയൂഥത്തിനു വെളിയിലാകുമെന്നാണ് നാസയുടെ ഏറ്റവുമൊടുവിലത്തെ നിഗമനം. ഏതായാലും അത്യാധുനിക നിരീക്ഷണോപകരണങ്ങളുമായി ശാസ്ത്രലോകം അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കിയിരിക്കുകയാണ്. നാസയുടെ കെപ്ലര്‍ സ്പേസ് ക്രാഫ്റ്റിന്റെ സഹായത്തോടെ സൗരയൂഥത്തിനു വെളിയില്‍ ഇതുവരെ 305 നക്ഷത്രകുടുംബങ്ങളിലുള്ള 715 അന്യഗ്രഹങ്ങളെ കണ്ടെത്തിക്കഴിഞ്ഞു. കെപ്ലര്‍ സ്പേസ് ക്രാഫ്റ്റിന്റെ പ്രവര്‍ത്തനം ഇക്കഴിഞ്ഞവര്‍ഷം അവസാനിച്ചെങ്കിലും അതില്‍നിന്നു ലഭിച്ച ഡാറ്റകള്‍ ഇതുവരെ പൂര്‍ണമായി അപഗ്രഥിച്ചുകഴിഞ്ഞിട്ടില്ല. എന്നാല്‍, അന്യഗ്രഹങ്ങളുടെ (exoplanets) എണ്ണം ഇതൊന്നുമല്ല.

ക്ഷീരപഥത്തില്‍ മാത്രം 30,000 കോടിയില്‍പ്പരം നക്ഷത്രങ്ങളുണ്ട്. ഇവയില്‍ 20 ശതമാനം നക്ഷത്രങ്ങള്‍ക്കുചുറ്റും ഗ്രഹരൂപീകരണം നടന്നിട്ടുണ്ടാകും. അങ്ങനെവരുമ്പോള്‍ ക്ഷീരപഥത്തില്‍ മാത്രം കോടിക്കണക്കിന് ഗ്രഹങ്ങളുണ്ടാകും. ഈ ഗ്രഹങ്ങളില്‍ 20 ശതമാനം ഭൗമസമാനമാകും. മാതൃനക്ഷത്രത്തില്‍നിന്നുള്ള അകലവും വലുപ്പവും ഘടനയും ഉപരിതല-അന്തരീക്ഷ സ്ഥിതിയും ഭൂമിയുടേതിനു തുല്യമാകും എന്നാണ് ഭൗമസമാനം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ സ്ഥിതിവിവരക്കണക്കനുസരിച്ച് ക്ഷീരപഥത്തിലെ ഭൗമസമാന-വാസയോഗ്യഗ്രഹങ്ങളുടെ എണ്ണവും കോടിക്കണക്കിനുണ്ട്. ക്ഷീരപഥംപോലെയുള്ള ശതകോടിക്കണക്കിന് ഗ്യാലക്സികള്‍ പ്രപഞ്ചത്തിലുണ്ട്. അങ്ങനെവരുമ്പോള്‍ ഭൂമിയെപ്പോലെ നിരവധി, എണ്ണിയാലൊടുങ്ങാത്ത അത്രയും ഭൂമികള്‍ പ്രപഞ്ചത്തിലുണ്ട്. എന്നാല്‍, പ്രകാശവര്‍ഷങ്ങള്‍ക്കകലെയുള്ള അത്തരം ഗ്രഹങ്ങളിലേക്കുള്ള യാത്ര ഇന്നത്തെ സാങ്കേതികവിദ്യയില്‍ അസാധ്യമാണ്. ശക്തമായ ഭൂതല ബഹിരാകാശ ദൂരദര്‍ശിനികളുടെ സഹായത്തോടെയാണ് ശാസ്ത്രജ്ഞര്‍ അന്യഗ്രഹവേട്ട നടത്തുന്നത്.

കെപ്ലര്‍ സ്പേസ് ക്രാഫ്റ്റ് ഇത്തരത്തില്‍പ്പെട്ട ബഹിരാകാശ ദൂരദര്‍ശിനിയാണ്. 2013ലാണ് കെപ്ലര്‍ ദൗത്യം അവസാനിച്ചത്.കെപ്ലര്‍ അവസാനിപ്പിച്ചിടത്തുനിന്ന് നാസ വീണ്ടും ആരംഭിക്കുകയാണ്. 2017, 2018 വര്‍ഷങ്ങളില്‍ നാസ വിക്ഷേപിക്കുന്ന രണ്ട് ബഹിരാകാശ ദൂരദര്‍ശിനികള്‍ ക്ഷീരപഥത്തിലെ ഭൗമസമാന ഗ്രഹങ്ങളില്‍ ജീവന്‍ കണ്ടെത്തുമെന്നുതന്നെയാണ് നാസ അവകാശപ്പെടുന്നത്. 2017ല്‍ നാസ വിക്ഷേപിക്കുന്ന ടെസ് (Transiting Exoplanet Survey Satellite-TESS) കെപ്ലര്‍ സ്പേസ് ക്രാഫ്റ്റിന്റെ പുതിയ പതിപ്പാണ്. അതേത്തുടര്‍ന്ന് 2018ല്‍ വിക്ഷേപിക്കുന്ന ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ് (JWST)ഹബിള്‍ ടെലസ്കോപ്പിന്റെ പിന്‍ഗാമിയെന്നാണ് അറിയപ്പെടുന്നത്. ഈ രണ്ട് ദൂരദര്‍ശിനികളുമായി താരതമ്യംചെയ്യുമ്പോള്‍ ഹബിളും കെപ്ലറും വെറും കളിപ്പാട്ടങ്ങളാകും!ടെസ് ടെസി(Transiting Exoplanet Survey Satellite-TESS) ന്റെ നിരീക്ഷണപരിധി കെപ്ലര്‍ സ്പേസ് ക്രാഫ്റ്റിന്റെ 40 മടങ്ങാണ്. കെപ്ലര്‍ ചെയ്തതുപോലെ ഗ്രഹസംതരണ വിദ്യ (Transit methodഉപയോഗിച്ചുതന്നെയാണ് ടെസ് അന്യഗ്രഹവേട്ട നടത്തുന്നത്. എന്നാല്‍, സംതരണവിദ്യ ഉപയോഗിച്ചു കണ്ടെത്തുന്ന ഗ്രഹങ്ങളുടെ ഭ്രമണപഥം, പിണ്ഡം, സാന്ദ്രത, അന്തരീക്ഷഘടന എന്നിവയെല്ലാം തിരിച്ചറിയാന്‍കഴിയുന്ന അനുബന്ധ ഉപകരണങ്ങള്‍ ടെസിലുണ്ട്.

ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പ് (JWST)

ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡ് വേവ്ബാന്‍ഡിലും പ്രവര്‍ത്തിക്കുന്ന ജെഡബ്ല്യുഎസ്ടിയിലുള്ള സ്പെക്ട്രോമീറ്ററുകള്‍ അന്യഗ്രഹജീവികളെ തെരഞ്ഞുപിടിക്കുമെന്നു മാത്രമല്ല, ഏതെങ്കിലുമൊരുകാലത്ത് അവിടെ ജീവനുണ്ടായിരുന്നോ എന്ന് കണ്ടുപിടിക്കുകയും ചെയ്യും. ഗ്രഹാന്തരീക്ഷത്തിലുള്ള മീഥേയ്ന്‍പോലെയുള്ള കാര്‍ബണിക സംയുക്തങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നതിലൂടെയാണ് ഇതു സാധ്യമാകുന്നത്. അന്യഗ്രഹവേട്ട മാത്രമല്ല ജെഡബ്ല്യുഎസ്ടിയുടെ ലക്ഷ്യം. ഭൂമിയില്‍നിന്ന് 1300 കോടി പ്രകാശവര്‍ഷം അകലെ ശൈശവ പ്രപഞ്ചത്തിലെ ആദ്യ നക്ഷത്രസമൂഹങ്ങളിലേക്ക് തുറന്നുപിടിച്ചിരിക്കുന്ന കണ്ണുകളാണ് ഈ ബഹിരാകാശ ദൂരദര്‍ശിനി.

കെപ്ലറും ഗ്രഹണസംതരണ വിദ്യയും

സൗരയൂഥത്തിനു വെളിയില്‍ മറ്റ് നക്ഷത്രകുടുംബങ്ങളിലുള്ള ഭൗമസമാന ഗ്രഹങ്ങളെ കണ്ടെത്തുന്നതിനായി 2009 മാര്‍ച്ച് ഏഴിന് നാസ വിക്ഷേപിച്ച ബഹിരാകാശ ദൂരദര്‍ശിനിയാണ് കെപ്ലര്‍ സ്പേസ് ക്രാഫ്റ്റ്. 1039 കിലോഗ്രാം ഭാരമുള്ള ഇത്് ക്ഷീരപഥത്തിലെ സിഗ്നസ്, ലൈറ, ഡ്രാക്കോ എന്നീ നക്ഷത്രരാശികളില്‍പ്പെട്ട 1,45,000 നക്ഷത്രങ്ങളെയാണ് നിരീക്ഷിക്കുന്നത്. വടക്കന്‍ ചക്രവാളത്തിലാണ് ഈ നക്ഷത്രരാശികള്‍. സൂര്യപ്രകാശം സൃഷ്ടിക്കുന്ന തടസ്സങ്ങില്‍നിന്ന് അകന്നുനിന്ന് സൂക്ഷ്മതയോടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കെപ്ലറിനു കഴിയും. ഗ്രഹസംതരണവിദ്യ ഉപയോഗിച്ചാണ് കെപ്ലര്‍ അന്യഗ്രഹവേട്ട നടത്തുന്നത്. നക്ഷത്രബിംബത്തിനും സ്പേസ് ക്രാഫ്റ്റിനും ഇടയിലൂടെ ഏതെങ്കിലുമൊരു അതാര്യവസ്തു കടന്നുപോകുമ്പോള്‍ നക്ഷത്രശോഭയിലുണ്ടാകുന്ന നേരിയ വ്യതിയാനം കണക്കുകൂട്ടി അതാര്യവസ്തുവിന്റ അകൃതിയും വലുപ്പവും പിണ്ഡവും കണ്ടെത്തുന്ന രീതിയാണിത്.

സംതരണരീതിയുടെ പരിമിതികള്‍

വ്യാഴത്തെപ്പോലെയുള്ള വലിയ ഗ്രഹങ്ങളെയാണ് ഈ രീതിയില്‍ കൂടുതലും കണ്ടെത്താന്‍കഴിയുന്നത്. അവയാകട്ടെ വാതക ഗോളങ്ങളുമാകും. ഒരു ഗ്രഹം വാസയോഗ്യമാണെന്നു തീരുമാനിക്കുന്നതിന് ഗ്രഹത്തിന്റെ വലുപ്പം, പിണ്ഡം, ഭ്രമണപഥത്തിന്റെ സവിശേഷതകള്‍, മാതൃനക്ഷത്രത്തില്‍നിന്നുള്ള അകലം, അന്തരീക്ഷ ഘടന എന്നിവയെല്ലാം പരിഗണിക്കണം. ഭൂമിയെപ്പോലെയുള്ള ചെറിയ ഗ്രഹങ്ങളിലാണ് പൊതുവെ ജീവന്‍ ഉത്ഭവിക്കുന്നതിനും വികസിക്കുന്നതിനും സാഹചര്യങ്ങളുള്ളതെന്നാണ് പൊതുവെയുള്ള ധാരണ. സംതരണവിദ്യ ഉപയോഗിച്ചുള്ള അന്യഗ്രഹവേട്ടയില്‍ ഭൗമസമാനഗ്രഹങ്ങളെ കണ്ടെത്താനുള്ള സാധ്യത കുറവാണ്. തെറ്റുണ്ടാകാനുള്ള സാധ്യത 35 ശതമാനത്തില്‍ കൂടുതലുമാണ്. മറ്റൊരു പ്രധാന പരിമിതി, സംതരണവിദ്യ ഉപയോഗിച്ച് ചെറിയ ഗ്രഹങ്ങളെ കണ്ടെത്തിയാല്‍തന്നെ അവയുടെ അന്തരീക്ഷഘടന മനസ്സിലാക്കാന്‍ കഴിയില്ല എന്നതാണ്. ഒരു ഗ്രഹം വാസയോഗ്യമാണോ എന്നു നിര്‍ണയിക്കുന്നതില്‍ ഗ്രഹാന്തരീക്ഷത്തിന് വലിയ പങ്കുണ്ട്. ഈ പരിമിതികളെല്ലാം മറികടക്കുകയാണ് നാസയുടെ ടെസും ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പും.

എന്താണ് എക്സോപ്ലാനറ്റുകള്‍?

സൗരയൂഥത്തിന് വെളിയില്‍ മറ്റ് നക്ഷത്രകുടുംബങ്ങളിലോ സ്വതന്ത്രമായി ബഹിരാകാശത്ത് അലഞ്ഞുനടക്കുകയോ ചെയ്യുന്ന ഗ്രഹങ്ങളാണ് എക്സോപ്ലാനറ്റുകള്‍ അഥവ അന്യഗ്രഹങ്ങള്‍. ഭൂമിയെക്കാള്‍ വലിയ അന്യഗ്രഹങ്ങളാണ് ഇതുവരെ കണ്ടെത്തിയതില്‍ ഭൂരിഭാഗവും. അല്‍ഫാസെന്റോറിയ, സൂര്യന്റെ തൊട്ടടുത്ത നക്ഷത്ര ത്രയമായ അല്‍ഫാസെന്റോറി വ്യൂഹത്തില്‍ കണ്ടെത്തിയ അന്യഗ്രഹമാണ്. സൂര്യനില്‍നിന്ന് 4.3 പ്രകാശവര്‍ഷം അകലെയാണിത്.

എന്താണ് വാസയോഗ്യമേഖല?

ഒരു ഗ്രഹവും അതിന്റെ മാതൃനക്ഷത്രവും തമ്മിലുള്ള അകലം സൂചിപ്പിക്കുന്ന തോതാണിത്. ജലം ദ്രാവകാവസ്ഥയില്‍ നിലനില്‍ക്കുന്ന മേഖല എന്നുപറയാം. നക്ഷത്രത്തിന്റെ ശോഭ, താപനില, വലുപ്പം, പിണ്ഡം, ന്യൂക്ലിയര്‍ പ്രവര്‍ത്തനങ്ങളിലൂടെ തീവ്രത എന്നിവയ്ക്കനുസരിച്ച് വാസയോഗ്യമേഖല വ്യത്യാസപ്പെട്ടിരിക്കും. സൂര്യന്റെ വാസയോഗ്യമേഖല 12 കോടി കിലോമീറ്ററിനും 22 കോടി കിലോമീറ്ററിനും ഇടയിലാണ്. ഭൂമി സൂര്യനില്‍നിന്ന് 15 കോടി കിലോമീറ്റര്‍ അകലെയാണെന്നു ഓര്‍ക്കുക.

http://www.deshabhimani.com/news-special-kilivathil-latest_news-387151.html

No comments:

Post a Comment