ബര്‍ലിന്‍: ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തില്‍ നാഴികക്കല്ലായി "ആകാശത്താറാവി'നൊപ്പം "റോസറ്റ' കറങ്ങിത്തുടങ്ങി. പത്തുവര്‍ഷം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ബുധനാഴ്ച ഭൂമിയിലെ റോസറ്റ ബഹിരാകാശത്തെ ധൂമകേതുവിന്റെ ഭ്രമണപഥത്തില്‍ കയറിപ്പറ്റിയത്. യൂറോപ്യന്‍ ബഹിരകാശ ഏജന്‍സിയുടെ (ഇഎസ്എ) പേടകം ഒരു ധൂമകേതുവിനൊപ്പം സഞ്ചരിക്കുന്ന ആദ്യ മനുഷ്യനിര്‍മിത വസ്തുവായി. സൗരയൂഥത്തിന്റെ പ്രവര്‍ത്തനത്തിലും ജീവന്റെ ഉല്‍പ്പത്തിയിലും ധൂമകേതുക്കള്‍ (വാല്‍നക്ഷത്രം)ക്കുള്ള പങ്കിനെക്കുറിച്ചുള്ള പഠനത്തില്‍ നിര്‍ണായക വഴിത്തിരിവാകും ഈ വിജയം.
"ഒടുവില്‍ നമ്മള്‍ ധൂമകേതുവില്‍ എത്തിയിരിക്കുന്നു'- ഇഎസ്എ ഡയറക്ടര്‍ ജനറല്‍ ജാക്വിസ് ദോര്‍ദൈന്‍ പ്രഖ്യാപിച്ചു. "67 പി/ചുര്യുമോവ്-ജെറസിമെങ്കോ' എന്ന് പേരിട്ട ദുരൂഹമായ വാല്‍നക്ഷത്രത്തെ പാട്ടിലാക്കാന്‍ 2004 മാര്‍ച്ചിലാണ് "ഇസ' റോസറ്റയെ അയച്ചത്. ആകൃതിയുടെ സവിശേഷതയാല്‍ ശാസ്ത്രജ്ഞര്‍ "റബര്‍ താറാവ്' എന്നു വിളിക്കുന്ന ധൂമകേതുവിനു പിന്നാലെ റോസറ്റ സൗരയൂഥത്തില്‍ ഓടിത്തള്ളിയത് ഏകദേശം 640 കോടി കിലോമീറ്റര്‍. ഇതിനിടെ "അവശയായ' റോസറ്റയുടെ ഊര്‍ജം പാഴാകാതിരിക്കാന്‍ 31 മാസത്തോളം ഭൂമിയിലെ ശാസ്ത്രജ്ഞര്‍ അവളെ ആകാശത്ത് ഉറക്കിക്കിടത്തി. കഴിഞ്ഞ ജനുവരിയില്‍ ഉറക്കമുണര്‍ന്ന റോസറ്റ വര്‍ധിതവീര്യത്തോടെ "67 പി'യുടെ പിന്നാലെ പാഞ്ഞു. ഒടുവില്‍ പത്തുവര്‍ഷവും അഞ്ചു മാസവും നാലു ദിവസവും പിന്നിട്ടപ്പോള്‍ റോസറ്റയ്ക്കായി ധൂമകേതു തന്റെ ഭ്രമണപഥത്തിന്റെ വാതില്‍ തുറന്നു. ഭൂമിയില്‍നിന്ന് 55 കോടി കിലോമീറ്റര്‍ അകലെ മണിക്കൂറില്‍ 55,000 കിലോമീറ്റര്‍ വേഗത്തിലാണ് ഇപ്പോള്‍ ഇരുവരുടെയും കറക്കം.
ജര്‍മനിയിലെ ദാംസ്താദ്തിലെ ഇഎസ്എ ആസ്ഥാനത്തിരുന്ന് ശാസ്ത്രജ്ഞരാണ് റോസറ്റയുടെ വേഗം നിയന്ത്രിക്കുന്നത്. ഭൂമിയില്‍നിന്നുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ റോസറ്റയിലെത്താന്‍ 22 മിനിറ്റ് എടുക്കും. ധൂമകേതുവിന്റെ ഭ്രമണപഥത്തില്‍ കയറിപ്പറ്റിയ അവസാന കുതിച്ചുചാട്ടത്തിനുള്ള നിര്‍ദേശം തിങ്കളാഴ്ച രാത്രിയാണ് നല്‍കിയത്. ഇനി 15 മാസം ഇരുവരും ഒന്നിച്ച് സഞ്ചരിക്കുമെന്ന് ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയുടെ പ്രസിഡന്റ് ഴാങ് യെവിസ് ലെ ഗാള്‍ പറഞ്ഞു. ധൂമകേതുവിനോട് കൂടുതല്‍ അടുക്കുന്തോറും കൂടുതല്‍ വ്യക്തമായ ചിത്രങ്ങളും വിവരങ്ങളും റോസറ്റ ശേഖരിച്ച് ഭൂമിയിലേക്ക് അയക്കും. ധൂമകേതുവില്‍നിന്നുള്ള വാതകങ്ങളും പുകപടലവും ശ്വസിച്ചും രുചിച്ചും വിലയിരുത്താനുള്ള ഉപകരണങ്ങള്‍ റോസറ്റയിലുണ്ട്. നവംബറിലാണ് പര്യവേക്ഷണത്തിന്റെ അന്തിമഘട്ടം. റോസറ്റയെ ധൂമകേതുവിലേക്ക് ഇറക്കാനാണ് ലക്ഷ്യമിടുന്നത്. വിജയത്തിലെത്തിയാല്‍ അത് അത്യപൂര്‍വ നേട്ടമാകും. 130 കോടി യൂറോയാണ് (ഏകദേശം 10,660 കോടി രൂപ) റോസറ്റ ദൗത്യത്തിന്റെ ചെലവ്.
കടപ്പാട്- See more at: http://www.deshabhimani.com/news-science_technology-all-latest_news-389218.html#sthash.oISeGjyp.dpuf
No comments:
Post a Comment