ആദിമഭൂമി - ചിത്രകാരന്റെ ഭാവനയില്‍. ചിത്രം കടപ്പാട് : Simone Marchi/SwRI |
ക്ഷുദ്രഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങളും തുടര്‍ച്ചയായി പതിച്ച് നരകതുല്യമായ അവസ്ഥയിലായിരുന്നു ഭൂമിയുടെ ബാല്യമെങ്കിലും, ജീവന്റെ സാന്നിധ്യമുണ്ടാകാന്‍ പാകത്തില്‍ അന്നും ഇവിടെ ജലത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി പുതിയ പഠനം.
ഭൂമിയെന്ന ഗ്രഹം രൂപപ്പെട്ടത് ഏതാണ്ട് 450 കോടി വര്‍ഷം മുമ്പാണ്. ഭൂമിയുടെ ചരിത്രത്തില്‍ ആദ്യത്തെ 50 കോടി വര്‍ഷം 'ഹാഡീന്‍ യുഗം' ( Hadean Eon ) എന്നാണ് അറിയപ്പെടുന്നത്.
ഭൗമചരിത്രത്തിന്റെ വെറും പത്തുശതമാനം മാത്രം വരുന്നു ഹാഡീന്‍ യുഗത്തെക്കുറിച്ച് വളരെ പരിമിതമായ അറിവേ ശാസ്ത്രലോകത്തിനുള്ളൂ. 380 കോടി വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ശിലകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് കാരണം.
എന്നാല്‍, ഭൗമചരിത്രത്തിലെ ആ ഇരുണ്ട കാലത്തേക്ക് വെളിച്ചം വീശുന്നതാണ് അമേരിക്കയിലെ ബൗള്‍ഡറില്‍ സൗത്ത്‌വെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിലെ ശാസ്ത്രജ്ഞന്‍ സിമോന്‍ മര്‍ച്ചിയുടെ നേതൃത്വത്തില്‍ നടന്ന പഠനം. ഭൂമിയുടെ ബാല്യം മനസിലാക്കാന്‍, ചന്ദ്രന്റെ പ്രതലഘടനയുടെ സവിശേഷതകളും ഗവേഷകരെ സഹായിച്ചു.
ഭൂമി മാത്രമല്ല, സൗരയൂഥത്തിലെ അയല്‍ഗ്രഹങ്ങളും തുടര്‍ച്ചയായി ക്ഷുദ്രഗ്രഹ, ധൂമകേതു പതനങ്ങള്‍ക്ക് വിധേയമാകുന്ന കാലഘട്ടമായിരുന്നു ഹാഡീന്‍ യുഗമെന്ന് പുതിയ ലക്കം'നേച്ചറി'ല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. തികച്ചും പ്രക്ഷുബ്ധമായ കാലമായിരുന്നു അത്.
ക്ഷുദ്രഗ്രഹങ്ങളും ധുമകേതുക്കളും ഉല്‍ക്കകളും തുടര്‍ച്ചയായി പതിക്കുന്ന അവസ്ഥയായിരുന്നു ആദിമഭൂമിയിലേത് എന്നകാര്യം പുതിയതല്ല. മുമ്പുതന്നെ ഇത്തരമൊരു ചിത്രമാണ് ശാസ്ത്രലോകം നല്‍കിയിരുന്നത്.
എന്നാല്‍, കരുതിയ അത്രയും 'നരകതുല്യമായിരുന്നില്ല' ആദിമഭൂമിയെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ധാതുക്കളില്‍ കുടുങ്ങിയിട്ടുള്ള, ഹാഡീന്‍ യുഗത്തില്‍നിന്നുള്ള സിര്‍കോണ്‍ പരലുകള്‍ ( zircon crystals ) വിശകലനം ചെയ്തപ്പോള്‍, ഭൂമിയില്‍ അന്നേ ദ്രാവകാവസ്ഥയില്‍ ജലമുണ്ടായിരുന്നു എന്ന് വ്യക്തമായി - മര്‍ച്ചി പറയുന്നു. ഭൂമിയില്‍ ജീവന്റെ ആദ്യതെളിവുകള്‍ ഹാഡീന്‍ യുഗത്തില്‍ നിന്നെത്തുന്നതിന്റെ കാരണം ഒരുപക്ഷേ ഇതായിരിക്കാം.
ഭീമാകാരമായ കൂട്ടിയിടികള്‍ മൂലം ഹാഡീന്‍ യുഗത്തില്‍ ഭൂമിയുടെ പ്രതലവും അതിനടിയിലുള്ള മാന്റിലും പലയിടത്തും ഉരുകിയൊലിക്കുന്ന അവസ്ഥയിലായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. 200 കിലോമീറ്റര്‍ വിസ്തൃതിയുള്ള വസ്തുക്കള്‍ പോലും ഭൂമിയില്‍ പതിച്ചിരിക്കണം.
തുടര്‍ച്ചയായ കൂട്ടിയിടികള്‍ ഭൗമപ്രതലത്തെ തുടര്‍ച്ചയായി മാറ്റിമറിച്ചിരിക്കാനും ഇടയുണ്ട്. ഭൂമിയുടെ പ്രതലം പല പ്രാവശ്യം പുനര്‍ഘടനയ്ക്ക് വിധേയമായതായി പഠനം പറയുന്നു. എന്തുകൊണ്ട് ഹാഡീന്‍ യുഗത്തിലെ ശിലകളൊന്നും അവശേഷിക്കുന്നില്ല എന്നതിന്റെ വിശദീകരണം കൂടിയാണിത്.
200 കിലോമീറ്റിലേറെ വിസ്താരമുള്ള ഇരുപതോ മുപ്പതോ ക്ഷുദ്രഗ്രഹങ്ങള്‍ ആ 50 കോടി വര്‍ഷത്തിനിടെ ഭൂമിയുടെ പ്രതലത്തില്‍ പതിച്ചിരിക്കാമെന്ന് മര്‍ച്ചി പറയുന്നു. കൂട്ടിയിടിയുടെ ആഘാതം മൂലമുള്ള കൊടിയ ചൂടില്‍ വെള്ളം നീരാവിയായാലും അത് വീണ്ടും ഭൂമിയില്‍ പെയിതിറങ്ങിയിരിക്കും.
ഹാഡീന്‍ യുഗത്തില്‍ രൂപപ്പെട്ട ജീവരൂപങ്ങള്‍ക്ക് കഠിനമായ ചൂട് അതിജീവിക്കാനുള്ള ശേഷി ഉണ്ടായിരുന്നിരിക്കണമെന്നും ഗവേഷകര്‍ കരുതുന്നു. (കടപ്പാട് : Solar System Exploration Research Virtual Institute).
റിപ്പോര്‍ട്ട് കടപ്പാട് - മാതൃഭൂമി
http://www.mathrubhumi.com/technology/science/nasa-asteroid-geology-science-early-earth-473474/
No comments:
Post a Comment