Wednesday, August 20, 2014

'റോസേറ്റ'യുടെ വാല്‍നക്ഷത്ര വേട്ട

'റോസേറ്റ'യുടെ വാല്‍നക്ഷത്ര വേട്ട


ഒരു കൃത്രിമോപഗ്രഹത്തെ വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥത്തിലും, ഒരു ലാന്‍ഡറിനെ വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലും എത്തിക്കുന്ന ആദ്യദൗത്യമാണ് 'റോസേറ്റ'

റോസേറ്റാ പേടകം 2014 ആഗസ്ത് 17 ന് പകര്‍ത്തിയ ച്യുര്യുമോവ് ഗരാസിമെന്റോ വാല്‍നക്ഷത്രത്തിന്റെ ദൃശ്യം-ചിത്രം കടപ്പാട് : ESA

പ്രപഞ്ചത്തിന്റെ സത്തയും ശൈലിയും തേടിയുള്ള മനുഷ്യന്റെ അന്വേഷണങ്ങള്‍ക്ക് പലപ്പോഴും വഴിത്തിരിവുകളുണ്ടാകുന്നത് യാദൃശ്ചികമായ കണ്ടെത്തലുകളിലൂടെയാണ്. ഹൈഡ്രജന്‍ കഴിഞ്ഞാല്‍ ദൃശ്യപ്രപഞ്ചത്തില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന ഹീലിയത്തിന്റെ സാന്നിധ്യം ഭൂമിയില്‍ നാം തിരിച്ചറിയുന്നതിനു മുമ്പുതന്നെ സൂര്യനില്‍ കണ്ടെത്തിയത് അങ്ങനെയായിരുന്നല്ലോ.

സൗരയൂഥത്തിന്റെയും അതിലെ അനന്യഗോളമായ ഭൂമിയുടെയും അതില്‍തുടിക്കുന്ന ജീവന്റെയും അടിവേരുകള്‍ അന്വേഷിച്ചുകൊണ്ടുള്ള ശാസ്ത്രത്തിന്റെ യാത്രകള്‍ പുതിയ ചക്രവാളങ്ങള്‍ തേടുകയാണ്. പ്രപഞ്ചരഹസ്യങ്ങള്‍തേടി നാളിതുവരെ നടന്നിട്ടുള്ള നമ്മുടെ അന്വേഷണങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് 'ച്യുര്യുമോവ് ഗരാസിമെന്റോ' ( Churyumov-Garasimento ) എന്ന വാല്‍നക്ഷത്രത്തിലേക്കുള്ള യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ( ഇസ - ESA ) യുടെ 'റൊസേറ്റാ ദൗത്യം'.

1969 ല്‍ കണ്ടെത്തിയ 'ചുര്യുമോവ്-ഗരാസിമെന്റോ' വാല്‍നക്ഷത്രം ദീര്‍ഘവൃത്താകാര ഭ്രമണപഥത്തിലൂടെയാണ് സൂര്യനെ വലംവെയ്ക്കുന്നത്. അതിന്റെ ഭ്രമണപഥത്തിന് സൂര്യനില്‍നിന്നുള്ള പരമാവധി അകലം ( Aphelion ) ഏതാണ്ട് 85.46 കോടി കിലോമീറ്ററും, സൂര്യനോട് ഏറ്റവും അടുത്തുള്ള സ്ഥാനം ( Perihelion ) 1.24 കോടി കിലോമീറ്ററുമാണ്. ഈ വാല്‍നക്ഷത്രം ഒദ്യോഗികമായി '67പി' ( 67p ) എന്നാണ് അറിയപ്പെടുന്നത്.

ടെലിസ്‌കോപ്പ് കണ്ടുപിടിക്കുന്നതിനും എത്രയോ മുമ്പുതന്നെ പൗരാണികരുടെ ശ്രദ്ധയാകര്‍ഷിച്ച ആകാശചാരികളാണ് വാല്‍നക്ഷത്രങ്ങള്‍. അവയെക്കുറിച്ചുള്ള പഠനം പ്രാധാന്യമര്‍ഹിക്കുന്നതുമാണ്.

സൗരയൂഥത്തിന്റെ ബാല്യത്തില്‍ സൂര്യനും ഗ്രഹങ്ങളും പിറവികൊണ്ട അതേ വസ്തുക്കളുടെ അവശിഷ്ടങ്ങളില്‍നിന്ന് ജന്മമെടുത്തവയാണ് വാല്‍നക്ഷത്രങ്ങളെന്ന് കരുതപ്പെടുന്നു. കാര്യമായ മാറ്റമൊന്നും സംഭവിക്കാതെ അതിശൈത്യമേഖലയില്‍ വിഹരിക്കുന്ന ഇവയെക്കുറിച്ചുള്ള പഠനങ്ങള്‍, സൗരയൂഥത്തിന്റെ ഉത്പത്തി സംബന്ധിച്ച പല സംശയങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2014 ആഗസ്ത് ആറാം തീയതി മുതല്‍ 'റോസേറ്റാ പേടകം' ( Rosetta probe ) വാല്‍നക്ഷത്രത്തെ വലംവെച്ചു തുടങ്ങിയിരിക്കുകയാണ്. പേടകത്തിലെ ലാന്‍ഡറായ 'ഫിലേ' ( philae ) വാല്‍നക്ഷത്രത്തിലിറങ്ങാനുള്ള തയ്യാറെടുപ്പിലുമാണ്.

ഒരു കൃത്രിമോപഗ്രഹത്തെ വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥത്തിലും, ഒരു ലാന്‍ഡറിനെ വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലും എത്തിക്കുന്ന ആദ്യദൗത്യമായിരിക്കും റോസേറ്റാ.

പേരിലുമുണ്ട് കാര്യം!

വാല്‍നക്ഷത്രത്തിന്റെ പൊരുളന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട റോസേറ്റാ പേടകം ഈ പേര് ചരിത്രപ്രസിദ്ധമായ 'റോസേറ്റാ ശില' ( Rosetta stone ) യില്‍ നിന്ന് കടംകൊണ്ടത് യാദൃശ്ചികമായല്ല. ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഇന്ന് ഏറ്റവുമധികം സന്ദര്‍ശിക്കപ്പെടുന്ന പൗരാണിക വസ്തുക്കളില്‍ ഒന്നായ റൊസേറ്റാ ശിലയുടെ ചരിത്രപ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു തീരുമാനമായിരുന്നു അത്.

1799 ല്‍ നൈല്‍നദിയുടെ പടിഞ്ഞാറന്‍ തുരുത്തില്‍ 'റാഷിദ്' എന്ന ചെറുപട്ടണത്തിന് (അറബിയില്‍ 'റാഷിദ്' എന്നാണ് റോസേറ്റാ ഇന്നറിയപ്പെടുന്നത്) സമീപമുള്ള ജൂലിയന്‍ കോട്ട വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഫ്രഞ്ച് സൈനികര്‍ ഒരു ചുമര് പൊളിക്കുന്ന വേളയിലാണ് ഈ അസാധാരണ ശിലാഫലകം കണ്ടെത്തുന്നത്. പുരാതന ഈജിപ്തിലെ ഹൈറോഗ്ലിഫിക്‌സ്, ഡെമോട്ടിക്, പ്രാചീനട്രീക്ക് എന്നീ മൂന്ന് ഭാഷകളില്‍ ആലേഖനം ചെയ്യപ്പെട്ട ലിഖിതങ്ങളുണ്ട് ആ ശിലയില്‍. ബിസി 196 ല്‍ ടോളമി അഞ്ചാമന്‍ പുറപ്പെടുവിച്ച രാജശാസനയായിരുന്നു കല്ലില്‍ ആലേഖനം ചെയ്തിരുന്നത്. 

വാല്‍നക്ഷത്രത്തോടടുക്കുന്ന റോസേറ്റാ പേടകം - ചിത്രകാരന്റെ ഭാവനയില്‍. ചിത്രം കടപ്പാട്: ESA

ഒരു വര്‍ഷത്തിന് ശേഷം ബ്രിട്ടീഷ് സൈന്യം ഫ്രഞ്ച് സേനയെ കീഴ്‌പ്പെടുത്തി. തുടര്‍ന്ന്, 1802 ല്‍ റോസേറ്റാ ഫലകം ലണ്ടനിലേക്ക് കൊണ്ടുപോയി ബ്രിട്ടീഷ് മ്യൂസിയത്തില്‍ പ്രദര്‍ശനവസ്തുവാക്കി.

റോസേറ്റാ ശിലാഫലകത്തില്‍ വ്യത്യസ്ത ഭാഷകളില്‍ എഴുതിയിരുന്ന വാക്കുകള്‍ താരതമ്യം ചെയ്താണ് അതുവരെ അജ്ഞാതമായിരുന്ന ഹൈറോഗ്ലിഫിക്‌സ് ഭാഷ മനസ്സിലാക്കാന്‍ സാധിച്ചത്. അതുകൊണ്ടുതന്നെ പൗരാണിക ഈജിപ്ഷ്യന്‍ ഭാഷയുടെയും സംസ്‌കാരങ്ങളുടെയും 'പൂട്ട് തുറന്ന താക്കോല്‍' എന്ന് വിശേഷിപ്പിക്കാന്‍ മാത്രം പ്രാധാന്യമുണ്ടായിരുന്നു റോസേറ്റാ ശിലയിലെ ലിഖിതങ്ങള്‍ക്ക്.

സൗരയൂഥത്തില്‍ പഴമയുടെ പാരമ്പര്യം ഏറ്റവുമധികം അവകാശപ്പെടാവുന്ന ആകാശസഞ്ചാരികളാണ് വാല്‍നക്ഷത്രങ്ങള്‍. അത്തരമൊന്നിനെ സൂക്ഷ്മമായി നിരീക്ഷിക്കാനും സാമ്പിളുകള്‍ ശേഖരിച്ച് അതിന്റെ ചേരുവകള്‍ വിശകലനം ചെയ്യാനുമുള്ള ശ്രമം തീര്‍ച്ചയായും സൗരയൂഥത്തിന്റെ പ്രാചീന വഴികളിലേക്ക് വെളിച്ചം വീശുന്നതാണ്. അങ്ങനെ സൗരയൂഥത്തിന്റെ ഉത്പത്തിരഹസ്യങ്ങളുടെ താക്കോലായി അവതരിക്കേണ്ട ദൗത്യം എന്ന നിലയിലാണ് റോസേറ്റാ ദൗത്യം ജ്യോതിശാസ്ത്രരംഗത്ത് ശ്രദ്ധേയമാകുന്നതും. 

പതിറ്റാണ്ട് പിന്നിട്ട യാത്ര

2004 മാര്‍ച്ച് രണ്ടിന് ഫ്രഞ്ച് ഗ്വിയാനയിലെ കുറൂ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ഏരിയന്‍-5 ( Ariane-5 ) റോക്കറ്റില്‍ കുതിച്ചുയര്‍ന്ന് ബാഹ്യാകാശത്തിന്റെ വന്യതയിലൂടെ പത്തുവര്‍ഷത്തിലേറെ നീണ്ട ഏകാന്തയാത്രക്കൊടുവില്‍ റോസേറ്റാ പേടകം വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥത്തിലെത്തി കഴിഞ്ഞു.

'വിര്‍ട്ടാനെന്‍' ( comet wirtanen ) എന്ന വാല്‍നക്ഷത്രത്തിലേക്കായിരുന്നു ആദ്യം നിശ്ചയിച്ച പ്രകാരം റോസേറ്റാ പോകേണ്ടിയിരുന്നത്. 2002 ജനവരി 12 ന് പുറപ്പെടേണ്ട യാത്ര അക്കാലത്ത് ഒരു വാര്‍ത്താവിനിമയ ഉപഗ്രഹത്തിന്റെ വിക്ഷേപണത്തില്‍ ഏരിയന്‍-5 റോക്കറ്റിനുണ്ടായ പരാജയം മൂലം മാറ്റിവയ്ക്കുകയായിരുന്നു.


റോസേറ്റായെ അയക്കേണ്ടിയിരുന്നത് ഏരിയന്‍-5 ന്റെ മറ്റൊരു മോഡല്‍ റോക്കറ്റിലായിരുന്നെങ്കിലും സംഭവിച്ച പരാജയത്തിന്റെ കാരണങ്ങള്‍ വ്യക്തമായി പഠിക്കാതെ ഇനിയൊരു ദൗത്യത്തിന് മുതിരേണ്ടതില്ലെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി തീരുമാനിച്ചു. അങ്ങനെ റോസേറ്റാ ദൗത്യത്തിനു മുന്നില്‍ വിര്‍ടാനെല്‍ വാല്‍നക്ഷത്രത്തിലേക്കുള്ള വിക്ഷേപണജാലകം ( Launch window ) അടയുകയായിരുന്നു. തുടര്‍ന്ന് ച്യൂര്യുമോവ്-ഗരാസിമെങ്കോ വാല്‍നക്ഷത്രത്തിലേക്ക് പദ്ധതി പുതുക്കി നിശ്ചയിക്കപ്പെട്ടു.

ഭൂമിയുടെയും ചൊവ്വയുടെയും ആകര്‍ഷണശക്തിയെ ആവര്‍ത്തിച്ചുപയോഗിച്ചുള്ള കുതിപ്പിലൂടെയാണ് ബാഹ്യാകാശത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടാനുള്ള ശേഷി റോസേറ്റാ കൈവരിച്ചത്. പ്രവര്‍ത്തനോര്‍ജ്ജത്തിനായി 14 മീറ്റര്‍ നീളമുള്ള സോളാര്‍ പാനലുകളുടെ രണ്ട് ചിറകുകളാണ് റോസേറ്റായ്ക്കുള്ളത്. സോളാര്‍ സെല്ലുകളെ മാത്രം ആശ്രയിച്ച് സൗരയൂഥത്തിലെ ക്ഷുദ്രഗ്രഹ ബെല്‍റ്റ് ( Asteroid belt ) മറികടക്കുന്ന ആദ്യപേടകമാണ് റോസേറ്റാ. നീണ്ട യാത്രക്കിടയില്‍ രണ്ട് ക്ഷുദ്രഗ്രഹങ്ങളെ റോസേറ്റാ സന്ദര്‍ശിക്കുകയുണ്ടായി (ഫ്ലൈബൈ നടത്തുകയുണ്ടായി). 2008 ല്‍ സ്‌റ്റെയിന്‍സും, 2010 ല്‍ ലൂട്ടേഷ്യയുമാണ് റോസേറ്റ സന്ദര്‍ശിച്ച ക്ഷുദ്രഗ്രഹങ്ങള്‍. ഇവ രണ്ടിന്റെയും ചിത്രങ്ങള്‍ പേടകം പകര്‍ത്തി അയക്കുകയും ചെയ്തു.

അതിവേഗം പായുന്ന പേടകത്തിന്റെ വേഗം ചെറുഎഞ്ചിനുകള്‍ കത്തിച്ച് നിയന്ത്രണത്തിലാക്കി ലക്ഷ്യസ്ഥാനത്തിനനുയോജ്യമായ വേഗത കൈവരിച്ചുകൊണ്ടാണ് വാല്‍നക്ഷത്രവുമായുള്ള 'മുഖാമുഖം' സാധ്യമാക്കിയത്. ഇത് ബഹിരാകാശഗവേഷണ ചരിത്രത്തിലാദ്യത്തേതാണ്.

വാല്‍നക്ഷത്രത്തില്‍നിന്ന് 100 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ ആപേക്ഷിക വേഗം വളരെയധികം കുറച്ച് റോസേറ്റയും വാല്‍നക്ഷത്രവും മുഖാമുഖം കാണുകയും ചിത്രങ്ങളെടുക്കുകയും ചെയ്യുന്ന ആദ്യഘട്ടം കഴിഞ്ഞാല്‍, 100 കിലോമീറ്ററില്‍ നിന്നും 50 കിലോമീറ്ററിലേക്കും തുടര്‍ന്ന് ഉയരം നന്നേ കുറച്ച് 30-10 കിലോമീറ്ററിലേക്കും എത്തിക്കഴിഞ്ഞാല്‍, പേടകം വാല്‍നക്ഷത്രത്തിന്റെ ന്യൂക്ലിയസ്സിനെ ഉയര്‍ന്ന സംവേദനക്ഷമതയുള്ള ഉപകരണങ്ങളുപയോഗിച്ച് വിശദമായ മാപ്പിങിന് വിധേയമാക്കും. മാത്രവുമല്ല ഈ കാലയളവില്‍ 'ഫിലേ' ലാന്‍ഡറിന് ഉറങ്ങാന്‍ സാധ്യമായ അഞ്ച് സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കാനുള്ള ശ്രമവും നടത്തും.

മുഖ്യപേടകത്തിലെ പത്ത് ശാസ്ത്രീയ ഉപകരണങ്ങള്‍ക്ക് പുറമെ, വാല്‍നക്ഷത്രത്തിലിറങ്ങുന്ന ഫിലേയിലെ പതിനൊന്ന് പരീക്ഷണോപകരണങ്ങളും ചേര്‍ന്നതാണ് റോസേറ്റാ ദൗത്യത്തിന്റെ ഉള്‍ക്കരുത്ത്. ഉയര്‍ന്ന അപഗ്രഥനശേഷിയുള്ള ക്യാമറകളും സ്‌പെക്ട്രോമീറ്ററുകളും വാല്‍നക്ഷത്രത്തെ സൂക്ഷ്മമാപ്പിങിന് വിധേയമാക്കാന്‍ പോന്നവയാണ്.

ലാന്‍ഡര്‍ ഇറങ്ങിയതിനുശേഷമുള്ള നാളുകളില്‍ മുഖ്യപേടകം വാല്‍നക്ഷത്രത്തിന്റെ ന്യൂക്ലിയസ്സിനെ പിന്തുടരുന്ന ഘട്ടത്തിലേക്ക് നീങ്ങും. ഒരു വര്‍ഷത്തിലേറെ നീളുന്ന ഈ യാത്രയില്‍ സുപ്രധാനമായ ചില നിരീക്ഷണങ്ങള്‍ നടത്തും. 

2014 ആഗസ്ത് മൂന്നിന് റോസേറ്റയെടുത്ത വാല്‍നക്ഷത്ര ചിത്രം. ചിത്രം: ESA

2015 ആഗസ്ത് 13 നാണ് വാല്‍നക്ഷത്രം ഇനി സൂര്യനോട് ഏറ്റവും അടുത്തുള്ള സ്ഥാനത്ത് എത്തുക. ഈയവസരത്തിലും അതിനുമുമ്പും ശേഷവുമുള്ള ദിനങ്ങളിലും വാല്‍നക്ഷത്രത്തിന്റെ ഘടനയില്‍ വരുന്ന മാറ്റവും അതു പുറന്തള്ളുന്ന വസ്തുക്കളുടെ തോതും കൃത്യമായി നിരീക്ഷിക്കാന്‍ പേടകത്തിന് കഴിയും. മാത്രവുമല്ല, സൂര്യനോട് ഏറ്റവും അടുത്തുവരുമ്പോള്‍ വാല്‍നക്ഷത്രത്തിന്റെ ന്യൂക്ലിയസ്സ് ചൂടാകുകയും വന്‍തോതില്‍ വാതകവും പൊടിപടലങ്ങളും പുറന്തള്ളുകയും ചെയ്യുന്ന വേളയില്‍ ആ വസ്തുക്കളുടെ സാമ്പിള്‍ ശേഖരിച്ച് സൂക്ഷ്മപഠനം നടത്താനും റോസേറ്റാ മുതിരും.
'ഫിലേ' കാത്തിരിക്കുകയാണ്; വാല്‍ നക്ഷത്രത്തെ കുത്തിക്കുഴിക്കാന്‍!

2014 നവംബര്‍ 11 ന് മാതൃപേടകത്തില്‍ നിന്നും വേര്‍പെട്ട് 'ഫിലേ പേടകം' വാല്‍നക്ഷത്രത്തിലെ മഞ്ഞുറഞ്ഞ ഉപരിതലത്തിന്റെ മണമറിയും. വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലെ ആദ്യ 'സോഫ്റ്റ് ലാന്‍ഡിംഗ് ' ( Soft landing ) എന്ന നിലയില്‍ ഫിലേയ്ക്ക് വളരെ സവിശേഷതയാര്‍ന്ന പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയും.

ന്യൂക്ലിയസ്സില്‍നിന്നും കുഴിച്ചെടുത്ത സാമ്പിളുകള്‍ ദൃശ്യപ്രകാശത്തിലും സമീപ താപരശ്മികളിലും (Nearinfrared light ) വിശകലനം ചെയ്യപ്പെടും. വാല്‍നക്ഷത്രത്തിലെ മൂലകങ്ങളെയും ധാതുക്കളുടെ വിതരണത്തെയും സംബന്ധിക്കുന്ന കൃത്യതയുള്ള ഒരു രാസമാപ്പ് അതിലൂടെ ലഭ്യമാകുമെന്നാണ് പ്രത്യാശിക്കുന്നത്.

നമുക്ക് ഏറെയൊന്നും എത്തിനോക്കാന്‍ കഴിയാത്ത ഈ മേഖലയിലേക്ക് സാങ്കേതികത്തികവോടെ കടന്നുചെല്ലുന്ന ആദ്യപേടകമാണ് റോസേറ്റായും അതിലെ കൊച്ചുലാന്ററും. അവയുടെ കണ്ടെത്തലുകള്‍ പ്രപഞ്ചപുരാണത്തിന്റെ ശാസ്ത്രീയ വായനയ്ക്ക് പുതിയ ഉള്‍ക്കാഴ്ച നല്‍കുമെന്ന് പ്രതീക്ഷിക്കാം.

ഉദ്വേഗത്തിനും യാദൃശ്ചികതകള്‍ക്കും മധ്യേ വഴിത്തിരിവുകളിലേക്കുള്ള ഇത്തിരിവെട്ടം കാണാനാവില്ലെന്ന് ആര്‍ക്കാണ് പറയാനാവുക? കാത്തിരിക്കുകതന്നെ!

പദസൂചിക

1. വിക്ഷേപണ ജാലകം ( Launch Window ):
 ഒരു ബഹിരാകാശപേടകത്തെ അതിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി ഭ്രമണപഥത്തിലെത്തിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് വിക്ഷേപണജാലകം. ഏറ്റവും കുറഞ്ഞ യാത്രകൊണ്ട് ലക്ഷ്യത്തിലേക്കെത്താന്‍പറ്റിയ സ്ഥാനങ്ങളില്‍, ലക്ഷ്യമിടുന്ന ബാഹ്യാകാശവസ്തു എത്തുന്ന സമയത്തിനായിരിക്കും ജാലകം തിരഞ്ഞെടുക്കുമ്പോള്‍ മുഖ്യപരിഗണന നല്‍കുക. 

2. ഫ്ലൈബൈ ( Flyby ):
 ഒരു ഗ്രഹത്തിലോ മറ്റേതെങ്കിലും ബഹിരാകാശ വസ്തുവില്‍ ഇറങ്ങുകയോ അതിന്റെ ഭ്രമണപഥത്തിലേക്ക് കടക്കുകയോ ചെയ്യാതെ വിദൂരതയിലൂടെ പറന്ന് ബഹിരാകാശ പേടകം വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഇങ്ങനെ പറയുന്നത്.

3. സമീപതാപരശ്മികള്‍ ( Near Infrared Rays ):
 ഇന്‍ഫ്രാറെഡ്ഡിനോട് അടുത്ത ആവര്‍ത്തിയുള്ള (ഫ്രീക്വന്‍സിയുള്ള) വികിരണങ്ങള്‍.

റിപ്പോര്‍ട്ട് കടപ്പാട് - ജസ്റ്റിന്‍ ജോസഫ്‌ @ മാതൃഭൂമി ദിനപത്രം 19.08.2014

No comments:

Post a Comment