യാത്ര നേരെ ചൊവ്വെ...
റിപ്പോര്‍ട്ട് - ദിലീപ് മലയാലപ്പുഴ, ദേശാഭിമാനി ദിനപത്രം 01.12.2013ചൊവ്വാ ഗ്രഹത്തിലേക്കുള്ള മംഗള്‍യാന്റെ നേര്‍യാത്ര തുടങ്ങി. ഞായറാഴ്ച പുലര്‍ച്ചെ ഉപഗ്രഹത്തെ ചൊവ്വയിലേക്ക് ഐഎസ്ആര്‍ഒ തൊടുത്തു വിട്ടു. ഇരുപത്തിയേഴ് ദിവസത്തെ ഭൂഭ്രമണ പഥം വിട്ട് ചൊവ്വാദൗത്യപേടകം സൗരഭ്രമണപഥത്തിലേക്ക് നീങ്ങി. ഭൂഗുരുത്വാകര്‍ഷണം ഭേദിച്ചു നീങ്ങുന്നതിനുള്ള ശ്രമം വിജയിതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.
ഭൂമിയെ അവസാനമായി വലംവച്ച് എത്തിയ പേടകത്തെ മൗറീഷ്യസിന് മുകളില്‍ നിന്നാണ് ഗതിതിരിച്ചു വിട്ടത്. ബംഗലുരുവിലെ ഐഎസ്ആര്‍ഒ സെന്ററില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ 12.49 ന് നല്‍കിയ നിര്‍ദ്ദേശം കൃത്യമായി പേടകം സ്വീകരിച്ചു. ഭൂമിയുടെ 254 കിലോമീറ്റര്‍ അടുത്ത് എത്തിയപ്പോള്‍ പേടകത്തിലെ ലിക്വിഡ് അപോജി മോട്ടോര്‍ ജ്വലിപ്പിക്കുകയായിരുന്നു. 1328.89 സെക്കന്റ് ദ്രവ ഇന്ധനം ജ്വലിപ്പിച്ചതിലൂടെ പേടകത്തിന്റെ വേഗത സെക്കന്റില്‍ 32 കിലോമീറ്ററായി ഉയര്‍ന്നു. ഇതോടെ മംഗള്‍യാന്‍ ചൊവ്വയിലേക്കുള്ള വഴിയിലേക്ക് നീങ്ങി.
ഭൂമിയുടെ ആകര്‍ഷണവലയം ഭേദിച്ചു കുതിക്കുന്ന മംഗള്‍യാന് ഇനിയുള്ള മണിക്കൂറുകള്‍ ഏറെ നിര്‍ണാകമാണ്. ഇതുവരെയുള്ള 51 ചൊവ്വാ ദൗത്യങ്ങളില്‍ 31 ഉം പിഴച്ചത് ഈ മണിക്കുറുകളിലാണ്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍, മിഷന്‍ ഡയറക്ടര്‍ എസ് അരുണന്‍, വിഎസ്എസ്സി ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍, എല്‍പിഎസ്സി ഡയറക്ടര്‍ എം സി ദത്തന്‍ തുടങ്ങിയവരടക്കമുള്ള പ്രമുഖര്‍ ചരിത്ര ദൗത്യത്തിന് ഭാഗമാകാന്‍ ബംഗലുരുവിലെ ഐസ്ട്രാക്കില്‍ സന്നിഹിതരായി. ഐസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനുകളില്‍ ഒന്നായ തിരുവനന്തപുരം വിഎസ്എസ്സിയിലും ശാസ്ത്രജ്ഞര്‍ കര്‍മനിരതരായിരുന്നു.
കഴിഞ്ഞ അഞ്ചിനാണ് മംഗള്‍യാനെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്. ആറ് ഘട്ടങ്ങളിലായി ഭൂഭ്രമണപഥം ഉയര്‍ത്തി യ ശേഷമാണ് പുതിയ പഥത്തിലേക്ക് ഞായറാഴ്ച പേടകത്തെ തിരിച്ചു വിട്ടത്. നാല്‍പതുകോടി കിലോമീറ്ററിലേറെ സഞ്ചരിച്ച് അടുത്തവര്‍ഷം സെപ്തംബര്‍ 24 ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് മംഗള്‍യാന്‍ പ്രവേശിക്കും. തുടര്‍ന്ന് പേടകത്തെ ചൊവ്വയുടെ 327 കിലോമീറ്റര്‍ അടുത്തുള്ള നിശ്ചിത ഭ്രമണപഥത്തില്‍ ഉറപ്പിക്കും. അഞ്ച് പരീക്ഷണ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് ആറുമാസം ചൊവ്വയെ വലംവക്കുന്ന മംഗള്‍യാന്‍, വിവരങ്ങളും ചിത്രങ്ങളും ഭൂമിയിലേക്ക് അയക്കും.
മീഥൈന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള മീഥൈന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് ആണ് ഉപകരണങ്ങളില്‍ പ്രധാനം. ചൊവ്വയില്‍ ജലത്തിന്റേയും ജീവന്റെയും സാന്നിധ്യം തേടിയുള്ള യാത്രയില്‍ ചൊവ്വയുടെ ചുരുള്‍ അഴിക്കാനാവുമെന്നാണ് കരുതുന്നത്. ചൊവ്വയുടെ ഉപരിതലം, ലോലമായ അന്തരീക്ഷം, ധാതുക്കള്‍, ധ്രൂവങ്ങള്‍, വിവിധ ഗര്‍ത്തങ്ങള്‍ തുടങ്ങിയവയെല്ലാം പഠന വിധേയമാക്കും. ഇതു കൂടാതെ ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളേയും നിരീക്ഷിക്കും. 450 കോടി ചെലവുള്ള ദൗത്യം ലക്ഷ്യം കണ്ടാല്‍ ചൊവ്വ പര്യവേഷണത്തില്‍ വിജയം നേടുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
No comments:
Post a Comment