Saturday, November 30, 2013

ആകാശവിരുന്നിന് അന്ത്യം; ഐസണ്‍ വാല്‍നക്ഷത്രം സൂര്യനടുത്ത് തകര്‍ന്നു...?

ആകാശവിരുന്നിന് അന്ത്യം; ഐസണ്‍ വാല്‍നക്ഷത്രം സൂര്യനടുത്ത് തകര്‍ന്നു...?


ബ്രിട്ടനില്‍ അമേച്വര്‍ അസ്‌ട്രോഫോട്ടോഗ്രാഫറായ ഡാമിയന്‍ പീച്ച് നവംബര്‍ 15 ന് പകര്‍ത്തിയ ഐസണ്‍ വാല്‍നക്ഷത്രത്തിന്റെ ദൃശ്യം. ചിത്രം കടപ്പാട് : Damian Peach / SkyandTelescope.com

ഡിസംബറില്‍ 'നൂറ്റാണ്ടിന്റെ വാല്‍നക്ഷത്ര'മൊരുക്കുന്ന ആകാശവിരുന്ന് ആസ്വദിക്കാന്‍ ലോകമെങ്ങും കാത്തിരുന്ന ലക്ഷങ്ങളെ നിരാശരാക്കിക്കൊണ്ട്, 'ഐസണ്‍ ധൂമകേതു' സൂര്യനടുത്ത് തകര്‍ന്നു. 

ഐസണ്‍ വാല്‍നക്ഷത്രം ( Comet Ison ) സൂര്യന് ഏറ്റവും അടുത്തെത്തിയ സമയമായിരുന്നു വ്യാഴാഴ്ച്ച. സൂര്യന് 11.62 ലക്ഷം കിലോമീറ്റര്‍ അടുത്തെത്തിയ ഐസണ്‍ സ്‌പേസ് ടെലസ്‌കോപ്പുകളുടെ ദൃഷ്ടിയില്‍നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. 

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ സൗരനിരീക്ഷണ പേടകമായ 'സോഹോ' (Soho) നല്‍കിയ വിവരമനുസരിച്ചാണെങ്കില്‍ , വ്യാഴാഴ്ച്ച 21.30 ജിഎംടി (ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണി) യോടെ ഐസണിന് അന്ത്യമായി. 

'ഐസണ്‍ ധൂമകേതുവിന്റെ കഥകഴിഞ്ഞതായി സോഹോ ഗവേഷകര്‍ സ്ഥിരീകരിച്ചിരിക്കുന്നു' - ഇ എസ് എ ഒരു ട്വിറ്റര്‍ അപ്‌ഡേറ്റില്‍ അറിയിച്ചു. 

സൂര്യനോട് ഐസണ്‍ ഏറ്റവും അടുത്തെത്തുന്ന നിമിഷം. സൂര്യന് 11.62 ലക്ഷം കിലോമീറ്റര്‍ അകലെ വരെ ഐസണ്‍ എത്തി. ചിത്രം കടപ്പാട് : NASA

'ഐസണ്‍ ധൂമകേതു മിക്കവാറും അതിജീവിച്ചിരിക്കാന്‍ സാധ്യതയില്ല' - യു.എസ്.നേവല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ കാള്‍ മാറ്റാംസ് പറഞ്ഞു. നാസയുടെ 'ഐസണ്‍ ഒബ്‌സര്‍വിങ് കാമ്പയിനി'ല്‍ അംഗമാണ് മാറ്റാംസ്.

ഐസണ്‍ കഷണങ്ങളായി തകര്‍ന്നിരിക്കാമെന്നും, അവശിഷ്ടങ്ങള്‍ സൂര്യതാപത്താല്‍ ബാഷ്പീകരിക്കപ്പെട്ടിരിക്കാമെന്നും വിദഗ്ധര്‍ കരുതുന്നു. 

സൂര്യനെ സുരക്ഷിതമായി ചുറ്റിപ്പോകാന്‍ ഐസണിന് സാധിക്കുമെന്നും, ഡിസംബറില്‍ ഐസണ്‍ ഒരുക്കുന്ന ആകാശക്കാഴ്ച്ച വാനശാസ്ത്രപ്രേമികള്‍ക്ക് വിരുന്നൊരുക്കുമെന്നുമായിരുന്നു പ്രതീക്ഷ. അത് അസ്ഥാനത്തായിരിക്കുകയാണ്. 

മഞ്ഞുകട്ടകളും ചെളിയും ചേര്‍ന്ന രണ്ടു കിലോമീറ്റര്‍ വിസ്തമുള്ള ഒന്നായിരുന്നു ഐസണ്‍ വാല്‍നക്ഷത്രം. ചെളിപിടിച്ച ഒരു ഭീമന്‍ മഞ്ഞുകട്ടയെന്ന് പറയാവുന്ന വസ്തു. 460 കോടി വര്‍ഷംമുമ്പ് സൗരയൂഥം രൂപപ്പെട്ടതിന്റെ അവശിഷ്ടമായ ഒരു 'ഫോസിലാ'യി ഐസണിനെ കണാക്കാക്കാമെന്ന്, ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ കാരി ലിസ്സി പറഞ്ഞു. 

സൂര്യനടുത്തെത്തിയ ഐസണ്‍ വാല്‍നക്ഷത്രം. സോളാര്‍ ആന്‍ഡ് ഹീലിയോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി പകര്‍ത്തിയ ദൃശ്യം. കടപ്പാട്: ESA/NASA

സൗരയൂഥത്തിന്റെ ബാഹ്യഅതിരിലെ വിശാലമായ 'ഊര്‍റ്റ് മേഘ' ( Oort Cloud ) ത്തില്‍ കോടിക്കണക്കിന് വര്‍ഷങ്ങളായി ഐസണ്‍ സമാധിയിലായിരുന്നു. 

സൂര്യനടുത്ത് ഐസണിന് നേരിടേണ്ടി വന്നിരിക്കുക 2000 സെന്റീഗ്രേഡ് ഊഷ്മാവാണ്. മാത്രമല്ല, സൂര്യന്റെ അതിഭീമമായ ഗുരുത്വാകര്‍ഷണവും. ആ സമ്മര്‍ദ്ദത്തില്‍ ഐസണ്‍ ധൂമകേതുവിലെ മഞ്ഞുകട്ടകള്‍ ചിതറി നശിച്ചിരിക്കാനാണ് സാധ്യത. 

കഴിഞ്ഞ സപ്തംബറില്‍ ഒരു റഷ്യന്‍ ടെലസ്‌കോപ്പിലാണ് ഐസണ്‍ വാല്‍നക്ഷത്രം ആദ്യമായി കണ്ടത്. പല വാല്‍നക്ഷത്രങ്ങളും ഊര്‍റ്റ് മേഘത്തില്‍നിന്ന് പുറപ്പെട്ട് സൗരയൂഥത്തിലൂടെ ദീര്‍ഘയാത്ര നടത്തി സൂര്യനെ ചുറ്റിസഞ്ചരിച്ച് തിരിച്ച് പോകാറുണ്ട്. എന്നാല്‍ , പല വാല്‍നക്ഷത്രങ്ങളും സൂര്യനില്‍ തകറാറുമുണ്ട്. ഐസണിന്റെ വിധി രണ്ടാമത് പറഞ്ഞവയുടേതായി.

റിപ്പോര്‍ട്ട് - മാതൃഭൂമി

വാല്‍ക്കഷ്ണം : സൂര്യനെ ചുറ്റി തിരിച്ചു പോകുന്നതിനിടയില്‍ പൂര്‍ണ്ണമായും കത്തിത്തീരാതെ ബാക്കിയാവുകയാണെങ്കില്‍ ഐസോണിനെ ഡിസംബര്‍ 2, 3 തീയ്യതി മുതല്‍ വീണ്ടും കാണാം... രണ്ടു ദിനം കൂടി കാത്തിരിക്കൂ...




No comments:

Post a Comment