Thursday, November 21, 2013

ചൊവ്വയില്‍ മാവെന്‍ തേടുക നഷ്ടങ്ങളുടെ കണക്ക്...

ചൊവ്വയില്‍ മാവെന്‍ തേടുക നഷ്ടങ്ങളുടെ കണക്ക്...


റിപ്പോര്‍ട്ട് കടപ്പാട് - മാതൃഭൂമി

അമേരിക്കയിലെ ഫ് ളോറിഡയില്‍ കേപ് കാനവെറലിലെ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍നിന്ന് അറ്റ്‌ലസ് 5 റോക്കറ്റില്‍ നാസയുടെ മാവെന്‍ പേടകം വിക്ഷേപിച്ചപ്പോള്‍ - ചിത്രം : AP

ചൊവ്വാപര്യവേക്ഷണത്തിന് ഇന്ത്യയുടെ മംഗള്‍യാന്‍ പേടകത്തിന് പിന്നാലെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ 'മാവെന്‍ പേടക'വും യാത്രയായി.

ചൊവ്വയുടെ അന്തരീക്ഷമണ്ഡലം എങ്ങനെ ശോഷിച്ചുനേര്‍ത്ത് ഇന്നത്തെ നിലയിലായി, ഗ്രഹപ്രതലത്തില്‍ ഒരുകാലത്ത് സുലഭമായിരുന്നു എന്ന് ശാസ്ത്രലോകം കരുതുന്ന ജലത്തിന് എന്തുസംഭവിച്ചു - ഈ നഷ്ടങ്ങളുടെ കണക്കാണ് മാവെന്‍ തേടുക.

ഫ് ളോറിഡയില്‍ കേപ് കാനവെറലിലെ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍നിന്ന് അറ്റ്‌ലസ് 5 റോക്കറ്റില്‍ പ്രാദേശിക സമയം ഞായറാഴ്ച്ച 13.28 നാണ് (ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച പുലര്‍ച്ചെ 1.58 ) മാവെന്‍ വിക്ഷേപിച്ചത്. 53 മിനിറ്റിന് ശേഷം റോക്കറ്റില്‍നിന്ന് പേടകം വിജയകരമായി വേര്‍പെട്ടു.

പത്തുമാസത്തെ യാത്രയ്‌ക്കൊടുവില്‍ 2014 സപ്തംബര്‍ 22 ന് മാവെന്‍ പേടകം ചൊവ്വായുടെ ഭ്രമണപഥത്തിലെത്തും. ഇന്ത്യന്‍ പേടകമായ മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ ( MOM ) എന്ന മംഗള്‍യാന്‍ രണ്ടുദിവസം കഴിഞ്ഞ് സപ്തംബര്‍ 24 നാണ് അവിടെയെത്തുക. നവംബര്‍ അഞ്ചിനാണ് മംഗള്‍യാന്‍ പേടകം വിക്ഷേപിച്ചത്

ഭൂമിയില്‍നിന്ന് ചൊവ്വായിലേക്ക് യാത്രതിരിക്കാനുള്ള ശുഭമുഹൂര്‍ത്തം 2013 ഒക്ടോബര്‍ 21 നും നവംബര്‍ 19 നും മധ്യേയുള്ള കാലമാണ്. ഈ സമയപരിധിക്കുള്ളില്‍ പുറപ്പെട്ടാല്‍ മുന്നൂറു ദിവസത്തെ യാത്രകൊണ്ട് ചൊവ്വായിലെത്താം. മംഗള്‍യാനും മാവെനും ഈ സമയത്ത് യാത്രതിരിക്കാനുള്ള കാരണം അതാണ്.

ശാസ്ത്രലോകത്തിന് ഇതിനകം ലഭിച്ച തെളിവുകള്‍ പ്രകാരം ചൊവ്വായുടെ അന്തരീക്ഷത്തില്‍ ഒരുകാലത്ത് ഉയര്‍ന്ന സാന്ദ്രതയില്‍ വാതകങ്ങളുണ്ടായിരുന്നു. ഗ്രഹപ്രതലത്തില്‍ വെള്ളവുമുണ്ടായിരുന്നു. വാതകസാന്ദ്രത കുറഞ്ഞ് ഗ്രഹാന്തരീക്ഷം ശോഷിച്ചതോടെ, ഗ്രഹപ്രതലത്തിലെ ജലം മുഴുവന്‍ ബാഷ്പീകരിക്കപ്പെട്ട് നഷ്ടമായി.

നിലവില്‍ വളരെ ചെറിയ സാന്ദ്രതയില്‍ കാര്‍ബണ്‍ഡയോക്‌സയിഡ് മാത്രമാണ് ചൊവ്വയുടെ അന്തരീക്ഷത്തിലുള്ളത്. ഭൂമിയിലേതിന്റെ 0.6 ശതമാനം മാത്രമാണ്, ചൊവ്വാപ്രതലത്തിലെ അന്തരീക്ഷ മര്‍ദ്ദം.

മാവെന്‍ പേടകം ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ - ചിത്രകാരന്റെ ഭാവന. കടപ്പാട് : NASA

ഭൂമിയെ സൗരവാതകങ്ങളില്‍നിന്ന് സംരക്ഷിക്കുന്നത് ഭൗമകാന്തികമണ്ഡലമാണ്. എന്നാല്‍ , ചൊവ്വായ്ക്ക് അത്തരമൊരു കാന്തികമണ്ഡലത്തിന്റെ സംരക്ഷണമില്ല. അതിനാല്‍ സൗരവാതക പ്രഹരമേറ്റ് കാലക്രമത്തില്‍ ചൊവ്വയുടെ അന്തരീക്ഷം ഇന്നത്തെ നിലയ്ക്കായി എന്നാണ് കരുതുന്നത്.

ഇക്കാര്യം ശരിയാണോ എന്നാണ് മാവെന്‍ ( Mars Atmosphere and Volatile EvolutioN spacecraft ) പരിശോധിക്കുക. അതിനായി എട്ട് ശാസ്ത്ര ഉപകരണങ്ങള്‍ മാവെന്‍ പേടകത്തിലുണ്ട്.

സൂര്യന്റെ ചൊവ്വായ്ക്ക് മേലുള്ള സ്വാധീനമാണ് അതില്‍ ചില ഉപകരണങ്ങള്‍ പരിശോധിക്കുക. ഗ്രഹാന്തരീക്ഷത്തിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ മറ്റ് ചില ഉപകരണങ്ങള്‍ സഹായിക്കും. മാവെന്‍ പേടകം നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചൊവ്വായുടെ കാലാവസ്ഥാ ചരിത്രം മനസിലാക്കാനാകും ശാസ്ത്രലോകത്തിന്റെ ശ്രമം.

കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍ അവിടെ ജീവന്‍ ഏതെങ്കിലും രൂപത്തില്‍ നിലനിന്നിരിക്കാം എന്നാണ് കരുതുന്നത്. ഇക്കാര്യത്തിലും പുതിയ ഉള്‍ക്കാഴ്ച്ച ലഭിക്കാന്‍ മാവെന്‍ നല്‍കുന്ന വിവരങ്ങള്‍ സഹായിക്കും.

No comments:

Post a Comment