Wednesday, November 27, 2013

ചൊവ്വാദൗത്യം: ഗുരുത്വാകര്‍ഷണ വലയമെന്ന അപകടമതില്‍




മംഗള്‍യാന്‍ ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര യാത്രയാണ്. ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയം ഭേദിച്ചുകൊണ്ടുള്ള ആദ്യ യാത്ര. ഡിസംബര്‍ ഒന്നിന് മംഗള്‍യാന്‍ ഭൂഗുരുത്വ മതില്‍ ചാടിക്കടക്കുമെന്നാണ് പ്രതീക്ഷ. ചൊവ്വയെ തേടി ഇതുവരെ പുറപ്പെട്ടിട്ടുള്ള 51 പേടകങ്ങളില്‍ മുപ്പതും തകര്‍ന്നടിഞ്ഞത് ഈ ഘട്ടത്തിലാണ്.

ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ 12.42 ന് മംഗള്‍യാന്റെ ബൂസ്റ്റര്‍ പ്രവര്‍ത്തിപ്പിക്കും. ഇതുവരെ ഭൂമിയുമായി സൗഹൃദത്തിലായിരുന്ന പേടകം, മറ്റൊരു വലിയ യാത്രയ്ക്ക് തുടക്കംകുറിക്കുന്ന മുഹൂര്‍ത്തം.

ഏറ്റവുമൊടുവില്‍ ചൈനയുടെ 'യിങ്‌ഹോ-1' പേടകത്തിന് ഭൂഗുരുത്വ വലയം ഭേദിക്കാനായില്ല. ഉജ്ജ്വല പ്രകാശം എന്നാണ് യിങ്‌ഹോയുടെ അര്‍ത്ഥം. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം.

ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിനെ ലക്ഷ്യമിട്ട റഷ്യയുടെ 'ഫോബോസ്-ഗ്രണ്ട്' എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ചൈന യിങ്‌ഹോ പേടകം തയ്യാറാക്കിയത്. റഷ്യയുടെ സെനിത് റോക്കറ്റില്‍ ഖസാഖ്‌സ്താനിലെ ബൈക്കനൂരില്‍ നിന്നായിരുന്നു വിക്ഷേപണം.

യിങ്‌ഹോയെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഇറക്കിവിട്ടശേഷം ഫോബോസിലേക്ക് പോകാനായിരുന്നു ഫോബോസ് ഗ്രണ്ടിന്റെ പരിപാടി. 1200 കോടിയിലധികം രൂപയായിരുന്നു മൊത്തം ചെലവ്.. 2011 നവംബര്‍ എട്ടിനായിരുന്നു യിങ്‌ഹോയുടെ വിക്ഷേപണം.

പ്രാഥമിക വിക്ഷേപണത്തിന് ഉപയോഗിച്ചത് അതീവ ശക്തമായ റോക്കറ്റായതിനാല്‍ ഒമ്പതുദിവസം കൊണ്ട് ഭൂഗുരുത്വാകര്‍ഷണ വലയം ഭേദിക്കത്തക്കവിധമായിരുന്നു യാത്ര ആസൂത്രണം ചെയ്തത്. നവംബര്‍ 17 ന് രണ്ടു ലക്ഷത്തോളം കിലോമീറ്റര്‍ അകലെവെച്ച്, ഭൂമിയുടെ ഭ്രമണപഥം മാറി, ചൊവ്വയുടെ ഭ്രമണപഥത്തിലെത്താനുള്ള നിര്‍ണായക യാത്ര തുടങ്ങാനിരിക്കെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടലെടുത്തു. ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയം ഭേദിച്ച് പുതിയ ഗോളാന്തര യാത്രനടത്താനായി പേടകത്തിലെ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല.

സാങ്കേതികമായി പാര്‍ക്കിങ് ഓര്‍ബിറ്റ് എന്നറിയപ്പെടുന്ന ഭൂമിയുടെ ഭ്രമണപഥത്തില്‍ തന്നെ പേടകം ചുറ്റിത്തിരിഞ്ഞു. രണ്ടുമാസം കഴിഞ്ഞ് ശാന്തസമുദ്രത്തില്‍ ജലസമാധിയടഞ്ഞു. യിങ്‌ഹോ ഉള്‍പ്പെടെ മുപ്പത് ദൗത്യങ്ങളാണ് ഇങ്ങനെ ഗുരുത്വാകര്‍ഷണ വലയം ഭേദിക്കാനാകാതെ നശിച്ചത്.

മംഗള്‍യാന്‍ ഈ ശ്രമം നടത്തുന്ന ഡിസംബര്‍ ഒന്ന് എത്രമാത്രം നിര്‍ണായകമാണെന്ന് ഈ പാഠങ്ങളില്‍ നിന്ന് മനസ്സിലാകും.

ഇപ്പോള്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ കറങ്ങുന്ന മംഗള്‍യാനെ ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ ബൂസ്റ്റര്‍ പ്രവര്‍ത്തിപ്പിച്ച് ഭൂമിയില്‍ നിന്ന് വിടുതല്‍ നേടാനാണ് ശ്രമം.

പിന്നെയുള്ള 9.25 ലക്ഷം കിലോമീറ്റര്‍ യാത്രയില്‍ സൂര്യന്‍േറയും മറ്റ് ഗ്രഹങ്ങളുടേയും ഗുരുത്വാകര്‍ഷണം പേടകത്തെ ബാധിക്കും. അതും തരണം ചെയ്ത് അമ്പത് കോടിയോളം കിലോമീറ്റര്‍ പിന്നേയും യാത്ര ചെയ്യണം. ആകെയുള്ളത് 850 കിലോഗ്രാം ഇന്ധനവും.

നിശ്ചയിച്ചുറപ്പിച്ചതുപോലെ ഭൂമിയുടെ മതില്‍ ചാടിക്കടന്നാല്‍ ഈ ഇന്ധനവും കൊണ്ട് ചൊവ്വയ്ക്കരികിലേക്ക് പറക്കാം....

റിപ്പോര്‍ട്ട് - മാതൃഭൂമി

No comments:

Post a Comment