Thursday, November 7, 2013

ഇന്ത്യയുടെ ചൊവ്വാ ദൗത്യം



ചരിത്രം ഈ ചൊവ്വാ ദൗത്യം


മംഗള്‍യാന്‍ അഥവാ മാഴ്സ് ഓര്‍ബിറ്റര്‍ മിഷന്‍ എന്ന ഇന്ത്യന്‍ ചൊവ്വാ പര്യവേക്ഷണ ദൗത്യം പ്രധാനമായും ബഹിരാകാശ സാങ്കേതികതയുടെ വിപുലീകരണം ലക്ഷ്യമാക്കി രൂപീകരിച്ചതാണ്. അതിനാല്‍തന്നെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഇത് എത്തിയാല്‍ത്തന്നെ വിജയം എന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടത്. കഴിഞ്ഞ 51 ദൗത്യങ്ങളില്‍ 21 എണ്ണം മാത്രമാണ് വിജയിച്ചിട്ടുള്ളത്. മൂന്നെണ്ണം ഭാഗികമായി വിജയമായിരുന്നു. മൂന്നു രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സികളാണ് ഇതില്‍ വിജയം കൈവരിച്ചത്. നാസ, റഷ്യന്‍ സ്പേസ് ഏജന്‍സി, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയാണവ. ജപ്പാനും ചൈനയും ദൗത്യങ്ങളയക്കാന്‍ ശ്രമിച്ചെങ്കിലും പരാജയം രുചിച്ചു.

780 ദിവസം കൂടുമ്പോള്‍ മാത്രം ഉണ്ടാകുന്ന വിന്‍ഡോ ഓഫ് ഓപ്പര്‍ച്യൂണിറ്റി എന്ന അവസരമാണ് ഏറ്റവും കുറഞ്ഞ ഇന്ധനച്ചെലവില്‍ ദൗത്യത്തെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ സാധിക്കുന്നത്. ഇത്തവണ നവംബറിലാണ് അനുയോജ്യമായ ദിവസങ്ങള്‍. ഇന്ത്യയുടെ ദൗത്യത്തിനു സമാനമായ ലക്ഷ്യങ്ങളുള്ള മാവേന്‍ ദൗത്യം നാസ ചൊവ്വയിലേക്ക് അയക്കുന്നുണ്ട്. നമ്മുടേത് ആദ്യ ദൗത്യമായതുതന്നെ ഐഎസ്ആര്‍ഒയിലെ ശാസ്ത്രസമൂഹത്തിന്റെ വിജയമാണ്. മുന്‍നിര സ്പേസ് ഏജന്‍സിയായ നാസ നമ്മെ പിന്തുടരുന്നു എന്നു പറയാം.

അത്യധികം സങ്കീര്‍ണമാണ് ഭൂമിയില്‍നിന്ന് കുറഞ്ഞ ഇന്ധനച്ചെലവില്‍ ചൊവ്വയിലേക്കുള്ള പ്രക്ഷേപപഥത്തിലെത്താന്‍ സഹായകമാകുന്ന ആര്‍ഗ്യുമെന്റ് ഓഫ് പെരിജീ എന്ന ദൗത്യത്തിന്റെ വിന്യാസത്തിലെ മാറ്റം. മുമ്പത്തെ ദൗത്യങ്ങള്‍ വെറും 178 ഡിഗ്രി മാത്രം ഈ രീതിയില്‍ വിന്യസിക്കപ്പെട്ടെങ്കില്‍ ഇന്ത്യയുടെ ചൊവ്വാദൗത്യത്തിന്റേത് 276.4 മുതല്‍ 288.6 ഡിഗ്രി വരെയാണ്. സാധാരണ 1200 സെക്കന്‍ഡ് മാത്രം പറക്കല്‍ സമയമുള്ള പിഎസ്എല്‍വി 2657 സെക്കന്‍ഡാണ് കുതിക്കുക. റോക്കറ്റിന്റെ നാലാംഘട്ടം പ്രവര്‍ത്തിക്കുന്നതിനുമുമ്പ് 1500-1800 സെക്കന്‍ഡ് കാലതാമസമെടുത്ത് പിന്നീട് റോക്കറ്റ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നു. ചൊവ്വാദൗത്യത്തിനായുള്ള ഭ്രമണപഥത്തിലെത്തിക്കാനാണ് ഇത്. 366 ഃ 80,000 കി.മീ വരുന്ന ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിച്ച് പഠനം നടത്തുകയാണ് ലക്ഷ്യം. ആദ്യം ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചശേഷം യാനത്തെ അഞ്ചുഘട്ടങ്ങളായി ഏകദേശം 1,95,000 കി.മീ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണു പരിപാടി. പിന്നീട് ചൊവ്വയിലേക്കുള്ള പ്രയാണത്തിനു തുടക്കമിടുകയും ലക്ഷ്യമാണ്.

മൂന്നു പ്രധാനപ്പെട്ട പഠനങ്ങളാണ് മാഴ്സ് ഓര്‍ബിറ്റര്‍ മിഷനിലൂടെ ഇന്ത്യ ഉദ്ദേശിക്കുന്നത്. അന്തരീക്ഷം, അന്തരീക്ഷത്തിലും ബാഹ്യാന്തരീക്ഷത്തിലുമുള്ള കണങ്ങളുടെ അപഗ്രഥനം, ഉപരിതലത്തിന്റെ ഇമേജിങ് എന്നിവയാണവ. ഇതിനായി അഞ്ച് പഠന ഉപകരണങ്ങള്‍ ഇതില്‍ സജ്ജമാക്കി. ലൈമാന്‍ ആല്‍ഫാ ഫോട്ടോമീറ്റര്‍ ഡ്യൂട്ടീരിയത്തിന്റെയും ഹൈഡ്രജന്റെയും ആപേക്ഷിക അനുപാതം നിരീക്ഷിക്കും. ഇതുവഴി ജലം എങ്ങനെ സ്പേസിലേക്കു കടക്കും എന്നറിയാനാകും. മീഥേന്‍ സെന്‍സര്‍ ഫോര്‍ മാഴ്സ് എന്ന ഉപകരണം ചൊവ്വയിലെ മീഥേന്‍ വാതകത്തിന്റെ സാന്നിധ്യവും അതിന്റെ സ്രോതസ്സുകളും പഠനവിധേയമാക്കും. ഇതുവഴി കഴിഞ്ഞകാലത്ത് ചൊവ്വയില്‍ മൈക്രോബുകള്‍ ഉണ്ടായിരുന്നതിനെക്കുറിച്ചുള്ള വിവരം ലഭിക്കും. മെഥനോജന്‍ എന്ന സൂക്ഷ്മജീവികളാണ് മീഥേന്‍ പുറപ്പെടുവിക്കുക. മാഴ്സ് എക്സോസ്ഫെറിക് ന്യൂട്രല്‍ കോമ്പോസിറ്റ് അനലൈസര്‍ ചൊവ്വയുടെ എക്സോസ്ഫിയറിലുള്ള കണങ്ങളുടെ ഘടനയുടെ അപഗ്രഥനം നടത്തും. തെര്‍മല്‍ ഇമേജിങ് സ്പെക്ട്രോമീറ്റര്‍ താപനിലയും ഉത്സര്‍ജകതയും നിരീക്ഷിക്കും. ഇതുവഴി ചൊവ്വയുടെ ഉപരിതലത്തിന്റെ ഘടന, അതിലെ ധാതുലവണങ്ങളുടെ സാന്നിധ്യം എന്നിവ അറിയാനാകും.

മാഴ്സ് കളര്‍ ക്യാമറാ ചൊവ്വയുടെ ഉപരിതലത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തും. ഇതുവഴി മറ്റ് ഉപകരണങ്ങള്‍ക്കായുള്ള വിവരങ്ങളും നല്‍കും. ചൊവ്വയുടെ ഉപഗ്രഹങ്ങളായ ഫോബോസ്, ഡെയിമോസ് എന്നിവയുടെ നിരീക്ഷണവും നടത്തും. ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് 300 ദിവസമെടുത്ത്് യാനം ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 40 കോടി കി.മീ ദൂരത്തുള്ള ഈ ഗ്രഹത്തിലേക്കുള്ള പ്രയാണം അതിസങ്കീര്‍ണംതന്നെ. ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് ചൊവ്വയിലേക്കുള്ള പ്രക്ഷേപപഥത്തിലേക്ക് ചെലുത്തുന്നത് കൃത്യമായിത്തന്നെ നടത്തേണ്ടതുണ്ട്. അല്ലെങ്കില്‍ യാനം എന്നേയ്ക്കുമായി സൂര്യന്റെ ചുറ്റിനുമുള്ള ഭ്രമണപഥത്തില്‍ അകപ്പെടും. ഭൂമിയുടെ 60,000 കി.മീ അകലത്തിലുള്ള വാന്‍ അലന്‍ റേഡിയേഷന്‍ ബെല്‍റ്റ് എന്ന, സൂര്യനില്‍നിന്ന് മറ്റു പ്രാപഞ്ചിക സ്രോതസ്സുകളില്‍നിന്നുള്ള കണങ്ങളെ തടഞ്ഞ് ഭൂമിയെ സംരക്ഷിക്കുന്ന പ്രദേശം കടക്കുക എന്നത് ഏറെ ദുഷ്കരമാണ്. ചാന്ദ്രയാന്‍ വിജയകരമായി ഇതു കടന്നിരുന്നു. ഈ പ്രദേശം കഴിഞ്ഞാല്‍ ഉണ്ടാകുന്ന വികിരണത്തള്ളല്‍ ആശങ്ക ഉളവാക്കുന്നതാണ്. അതുപോലെ 10 മാസം കഴിഞ്ഞാണ് യാനത്തിലെ എന്‍ജിനുകള്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്കിറങ്ങാന്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചുതുടങ്ങാന്‍ ലക്ഷ്യമിടുന്നത്.

300 ദിവസത്തെ പ്രയാണത്തിനിടയില്‍ വളരെയധികം തീവ്രമായ താപനിലയിലെ കുറവും മറ്റും യാനത്തിനു നേരിടേണ്ടിവരും. അതു മാത്രമല്ല, ഭൂമിയില്‍ ലഭിക്കുന്നതിന്റെ 47 ശതമാനം മാത്രമാണ് ചൊവ്വയില്‍ ലഭിക്കുന്ന സൂര്യന്റെ വികിരണം. അതിനാല്‍ യാനത്തില്‍ ഊര്‍ജം നല്‍കുന്ന സൗരോര്‍ജ്ജ പാനലുകള്‍ ഏതു രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് കണ്ടറിയുകതന്നെ. ദൂരം കൂടുതലായതിനാല്‍ തത്സമയം യാനത്തിന് ഭൂമിയിലിരുന്ന് നിര്‍ദേശങ്ങള്‍ നല്‍കാനാകില്ല. ഭൂമിയില്‍ നിരീക്ഷണകേന്ദ്രത്തില്‍നിന്നു നല്‍കുന്ന നിര്‍ദേശങ്ങള്‍ 20 മിനിറ്റ് കഴിഞ്ഞാണ് യാനത്തിലെത്തുക. അതുപോലെ തിരിച്ചുള്ള സിഗ്നലിനും ഇത്രയും സമയമെടുക്കുന്നു. അതിനാല്‍ കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ സ്വയം തീരുമാനമെടുക്കുന്നതരം പ്രോഗ്രാമുകള്‍ യാനത്തില്‍ സജ്ജമാക്കി.

പസഫിക്കില്‍ നിരീക്ഷണ സംവിധാനവുമായി രണ്ടു കപ്പലുകള്‍ സജ്ജമാക്കിയിരിക്കുന്നു. ഇന്ത്യന്‍ ഡീപ് സ്പേസ് നെറ്റ്വര്‍ക്കിന്റെയും നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയുടെയും നിരീക്ഷണം യാനത്തിന്റെ ഗതി നിര്‍ദേശിച്ച ദിശയില്‍ത്തന്നെ എന്ന് ഉറപ്പുവരുത്തുന്നു. ചൊവ്വയും ഭൂമിയും ഒരേ ഭ്രമണതലത്തിലൂടെയാണ് സൂര്യനെ ചുറ്റുന്നത്. അവയുടെ കറക്കവും ഒരേ ദിശയില്‍തന്നെ. അതിനാല്‍ ഓരോ 26 മാസം കൂടുമ്പോഴും ഇവയ്ക്കിടയില്‍ യാനത്തെ അയക്കാനായുള്ള ഏറ്റവും നല്ല പ്രക്ഷേപപഥം ലഭിക്കും. നാസ ഇപ്പോഴുള്ള ദിശയിലേക്കല്ല യാനത്തെ അയക്കുന്നത്. 10 മാസം കഴിഞ്ഞ് അതുണ്ടാകുന്ന ഇടത്തേക്കാണ് ഇതു പ്രയാണം ചെയ്യുന്നത്. ചൊവ്വയിലേക്കുള്ള പ്രയാണത്തെ മൂന്നായി തരംതിരിച്ചിരിക്കുന്നു.

ഭൂമിയുടെ സ്വാധീനത്തിലുള്ള ജിയോസെന്‍ട്രിക് ഫേസ്, സൂര്യന്റെ സ്വാധീനത്തിലുള്ള ഹീലിയോ സെന്‍ട്രിക് ഫേസ്, ചൊവ്വയുടെ സ്വാധീനത്തിലുള്ള മാഴ്സിയന്‍ ഫേസ് എന്നിവ. ആദ്യം യാനം ദീര്‍ഘവൃത്താകൃതിയിലുള്ള പാര്‍ക്കിങ് ഓര്‍ബിറ്റില്‍ എത്തിക്കാനാണ് പദ്ധതി. ഇതിനുശേഷം അഞ്ചുതവണയായി ഭ്രമണപഥം ഉയര്‍ത്തും. ട്രാന്‍സ്മാഴ്സ് ഇഞ്ചക്ഷന്‍ മനൂവര്‍ എന്ന പ്രവര്‍ത്തനമാണ് പിന്നീട്. മാഴ്സ് ട്രാന്‍സ്ഫര്‍ ട്രാജക്റ്ററി എന്ന ചൊവ്വയിലേക്കുള്ള പ്രക്ഷേപപഥത്തിലേക്കാണ് യാനത്തെ എത്തിക്കുന്നത്. അടുത്തതായി ഹൈപര്‍ബോളിക് ഡിപാര്‍ച്ചര്‍ ട്രാജക്റ്ററി എന്ന പ്രക്ഷേപപഥത്തില്‍ യാനത്തെ തൊടുക്കുന്നു. പിന്നീട് യാനം ഭൂമിയുടെ സ്വാധീനമണ്ഡലത്തില്‍നിന്നു മുക്തമാകുന്നു. ഈ വേളയില്‍ ഭൂമിയില്‍നിന്നുള്ള വിടുതല്‍ പ്രവേഗമായ 11.2 കി.മീ/സെ കടന്നുള്ള വേഗമാകും യാനത്തിന്. ഇതിനുശേഷം ദീര്‍ഘവൃത്താകൃതിയിലുള്ള ഗ്രഹാന്തര പ്രക്ഷേപപഥത്തില്‍ യാനമെത്തും. 300 ദിവസം കഴഞ്ഞ് യാനം ചൊവ്വയുടെ സമീപത്തെത്തും. അപ്പോഴാണ് എന്‍ജിന്‍ വീണ്ടും പ്രവര്‍ത്തിപ്പിച്ചുതുടങ്ങുക. പിന്നീടിതിനെ ചൊവ്വയ്ക്കു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ എത്തിക്കും. തുടര്‍ന്ന് പേലോഡിലെ ഉപകരണങ്ങളിലൂടെ ചൊവ്വയുടെ വിവരങ്ങള്‍ ശേഖരിച്ച് ഭൂമിയിലേക്ക് റിലേ ചെയ്യും.

ഏതാണ്ട് ആറുമാസത്തോളം യാനം ചൊവ്വയുടെ ഭ്രമണപഥത്തിലുണ്ടാകും. അതിനുശേഷം അത് ദൗത്യം അവസാനിപ്പിച്ച് ചൊവ്വയിലേക്കു പതിക്കും. 2014 ഒക്ടോബറില്‍ ഒരു വാല്‍നക്ഷത്രം ചൊവ്വയില്‍ പതിക്കാനിടയുണ്ടെന്ന വിവരം ആശങ്കയ്ക്ക് ഇടനല്‍കുന്നു. കൊമെറ്റ് 2013എ1 എന്ന വാല്‍ നക്ഷത്രമാണ് ഈ ആശങ്കയ്ക്കു പിന്നില്‍. സെക്കന്‍ഡില്‍ 56 കി.മീ. വേഗത്തിലാണ് ഈ വാല്‍നക്ഷത്രം ചലിക്കുന്നത്. ചൊവ്വയില്‍ ഇതു പതിച്ചാല്‍ 35 മില്യന്‍ മെഗാ ടണ്‍ ടിഎന്‍ടി സ്ഫോടനത്തിനു തുല്യമായ ആഘാതം ചൊവ്വയിലുണ്ടാകും. ഈ പതനം നടന്നാല്‍ എല്ലാ പര്യവേക്ഷണ യാനങ്ങളും ഉപയോഗശൂന്യമാകും.

ചൊവ്വയില്‍ അന്വേഷിക്കുന്നത്

റിപ്പോര്‍ട്ട് കടപ്പാട്  : എന്‍ എസ് അരുണ്‍കുമാര്‍, ദേശാഭിമാനി കിളിവാതില്‍

ചൊവ്വയിലേക്കുള്ള ബഹിരാകാശദൗത്യങ്ങളില്‍ പ്രസക്തമാവുന്നത് ഒരേയൊരു ചോദ്യമാണ്. ചൊവ്വയില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടോ? ഈ ചോദ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന ഇതിന്റെ പഴക്കമാണ്. ശാസ്ത്രലോകം ഈ ചോദ്യം ചോദിച്ചുതുടങ്ങിയിട്ട് 40 വര്‍ഷമെങ്കിലും കഴിഞ്ഞിട്ടുണ്ട്. ചൊവ്വയുടെ ഉപരിതലത്തെ ആദ്യമായി സ്പര്‍ശിക്കുന്ന മനുഷ്യനിര്‍മിത വാഹനം സോവിയറ്റ് യൂണിയന്റെ "മാര്‍സ്- 3" ആയിരുന്നുവെങ്കിലും, ചൊവ്വയുടെ വിശേഷങ്ങളെ വിജയകരമായി ഭൂമിയിലേക്കയച്ചത്, അമേരിക്കയുടെ "മാരിനര്‍- 9" ആയിരുന്നു. ചൊവ്വയെ ചുറ്റിയുള്ള ഭ്രമണപഥത്തില്‍ ആദ്യമായി സ്വയം അവരോധിക്കപ്പെടുന്ന ഉപഗ്രഹവും "മാരിനര്‍- 9" ആയിരുന്നു.


1973ലായിരുന്നു ഇത്. അങ്ങനെ നോക്കിയാല്‍, ചൊവ്വാ പര്യവേക്ഷണത്തിന്റെ 40-ാം വാര്‍ഷികത്തിലാണ്, "മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍" എന്ന ഔദ്യോഗിക നാമമുള്ള "മംഗള്‍യാന്‍" അവിടേക്കെത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇപ്പോഴും ഉത്തരം കണ്ടെത്താനാവാതെ അവശേഷിക്കുന്ന ചോദ്യം ചൊവ്വയില്‍ ജീവനുണ്ടോ, അല്ലെങ്കില്‍ ഉണ്ടായിരുന്നുവോ എന്നതാണ്. "മാരിനര്‍- 9" ചൊവ്വയുടെ അടുത്തെത്തിയപ്പോള്‍, അവിടെ ഒരു പൊടിക്കാറ്റ് വീശുകയായിരുന്നുവെന്ന് "നാസ"യുടെ രേഖകള്‍ പറയുന്നു.


ഉയര്‍ന്നുവന്നുകൊണ്ടിരുന്ന പൊടിപടലങ്ങള്‍ കാരണം, അതിനു താഴേയ്ക്കുള്ള ഒന്നും കാണാനാവാത്ത അവസ്ഥയായിരുന്നു അന്ന്. അതുകാരണം, ഒരാഴ്ചയോളം കഴിഞ്ഞ്, കാറ്റ് കെട്ടടങ്ങിയശേഷം മാത്രമായിരുന്നു "മാരിനറി"ന് ചൊവ്വയുടെ ഉപരിതലചിത്രം പകര്‍ത്താനായത്. പകര്‍ത്തിയപ്പോള്‍ അത് വലിയ വിഷയമായി. കാരണം, ചൊവ്വയില്‍ ജീവികളുണ്ടെന്നും, അവര്‍ക്ക് നാഗരികതയുണ്ടെന്നും അവര്‍ക്ക് കൃഷിയുണ്ടെന്നും ജലസേചനം നടത്താന്‍ അവര്‍ നിര്‍മിച്ച കനാലുകള്‍ ദൂരദര്‍ശിനിയിലൂടെ തനിക്കു കാണാമെന്നുമായിരുന്നു ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ ഗിയോവാനി ഷിയാപറേലി പറഞ്ഞത്, 1977ല്‍. ഇത് സത്യമല്ലെന്ന്, "മാരിനര്‍- 9" പകര്‍ത്തി, ഭൂമിയിലേക്കയച്ച ഫോട്ടോഗ്രാഫുകള്‍ തെളിയിച്ചു. മനുഷ്യരെപ്പോലെ സംസ്കാരസമ്പന്നരായ, ബുദ്ധിയുള്ള ജീവികള്‍ ചൊവ്വയിലുണ്ടെന്ന വാദം അതോടെ അവസാനിച്ചു. എന്നാല്‍, അടുത്ത വിവാദം ഉടനെ തുടങ്ങി.


1976ല്‍, അമേരിക്കയുടെ "വൈക്കിങ്ങ്" എന്നു പേരായ പര്യവേക്ഷണദൗത്യം ചൊവ്വയിലിറങ്ങി. ഇറങ്ങുക മാത്രമല്ല, മണ്ണിളക്കി, അതില്‍നിന്ന് അല്‍പ്പം വാരി, രാസപരമായി പരീക്ഷിച്ചു. അതില്‍ ജീവന്റെ തുടിപ്പുകളുണ്ടെന്നായിരുന്നു അനൗദ്യോഗികമായ വെളിപ്പെടുത്തല്‍. പക്ഷേ, എന്തുകൊണ്ടോ അമേരിക്ക ആ റിപ്പോര്‍ട്ട് പൂഴ്ത്തി. ചൊവ്വയിലെ ജീവനെക്കുറിച്ചുള്ള ചിന്തകള്‍ പിന്നീട് പൊങ്ങിവന്നത്, യൂറോപ്യന്‍ സ്പേസ് ഏജന്‍സി ചൊവ്വയിലേക്ക് ഒരു പര്യവേക്ഷണദൗത്യത്തെ അയച്ചപ്പോഴായിരുന്നു. "മാര്‍സ് എക്സ്പ്രസ്" എന്നായിരുന്നു ഇതിന്റെ പേര്. ചൊവ്വയെ ചുറ്റിസഞ്ചരിച്ച് നിരീക്ഷണം നടത്തിയ ഇത്, 2003 ഡിസംബറില്‍, വളരെ സുപ്രധാനമായ വെളിപ്പെടുത്തല്‍ നടത്തി- "ജൈവസംയുക്തം" എന്നു വിശേഷിപ്പിക്കാവുന്ന ഒരെണ്ണത്തെ ചൊവ്വയുടെ അന്തരീക്ഷത്തില്‍ കണ്ടെത്തിയിരിക്കുന്നു- മീഥേന്‍ . അങ്ങനെയാണ് മീഥേന്‍വാതകം ചിത്രത്തിലേക്ക് കടന്നുവരുന്നത്.


മീഥേന്‍വാതകം ചൊവ്വയുടെ അന്തരീക്ഷത്തിലുണ്ടെങ്കില്‍, അതിനര്‍ഥം ജീവനുണ്ടെന്നാണ് ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ വാദിച്ചു. കാരണം, ഭൂമിയില്‍, ഇത്തരത്തില്‍ മീഥേന്‍ ഉല്‍പ്പാദിപ്പിക്കുന്ന ചില സൂക്ഷ്മജീവികളുണ്ട്- "മെതനോജെന്‍സ്" എന്ന പേരില്‍. ബാക്ടീരിയകളായ ഇവ, ഉയര്‍ന്ന ലവണാംശത്തിലും താപനിലയിലുമൊക്കെ ജീവിക്കാന്‍ കഴിയുന്നവയാണ്. അതുകൊണ്ട് ഇവയുടെ പ്രതിനിധികള്‍ ചൊവ്വയിലുമുണ്ടാവാം എന്ന് ചിലര്‍ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍, ഈ പ്രതീക്ഷ വിജയിക്കാന്‍ ഒരു പ്രധാന തടസ്സമുണ്ടായി എന്നതാണ് വസ്തുത. കാരണം, മീഥേന്‍ സൃഷ്ടിക്കാന്‍ സൂക്ഷ്മജീവികള്‍തന്നെ വേണമെന്നില്ല. തികച്ചും രാസപരമായ പ്രവര്‍ത്തനങ്ങള്‍മൂലവും മീഥേന്‍ സൃഷ്ടിക്കപ്പെടാം. ഭൂമിയില്‍ ഇങ്ങനെ നടക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ചൊവ്വയിലും അതുതന്നെയാവില്ലേ നടന്നുകൊണ്ടിരിക്കുന്നത്? ഇതിന് ഉത്തരം കണ്ടെത്തുന്നതായി പുതിയ പ്രശ്നം.


2003ലെ മീഥേന്‍ കണ്ടെത്തലിനുശേഷം, ഭൂമിയിലെ മൂന്നു ദൂരദര്‍ശിനികള്‍ ചൊവ്വയുടെ ഉപരിതലം തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ അരിച്ചുപെറുക്കാന്‍ ശ്രമിച്ചു. തുടര്‍ന്നുള്ള ഏഴു വര്‍ഷം അവ ഇതു തുടര്‍ന്നു. അതിലൂടെ അവ വിചിത്രമായൊരു കാര്യം കണ്ടെത്തി. ചൊവ്വയുടെ അന്തരീക്ഷത്തിലേക്കെത്തുന്ന മീഥേന്‍ വാതകം കൃത്യമായും മൂന്ന് പ്രത്യേക സ്ഥലങ്ങളില്‍നിന്നാണ് പുറപ്പെടുന്നത്. "അറേബിയാ ടെറാ" , "നിലിഫോസെ" , "സിര്‍ട്ടിസ് മേജര്‍" എന്നിവയായിരുന്നു ഇവ.


2005ല്‍, സുപ്രധാനമായ മറ്റൊരു കണ്ടെത്തല്‍, ചൊവ്വയെ സംബന്ധിക്കുന്നതായി "നാസ" നടത്തിയിരുന്നു- ചൊവ്വയില്‍ ജലം ദ്രാവകരൂപത്തില്‍ത്തന്നെയുണ്ട്. മണ്ണിനടിയിലാണെന്നു മാത്രം. ചൊവ്വയുടെ മധ്യരേഖാ മേഖലയിലാണ് ഈ ജലസാന്നിധ്യം കണ്ടെത്തിയത്. ശ്രദ്ധേയമായിത്തീര്‍ന്ന മറ്റൊരു കാര്യം, മുന്‍പറഞ്ഞ, മീഥേന്‍വാതകം ഉയര്‍ന്നുവരുന്ന മൂന്നു മേഖലകളും, ഈ മധ്യരേഖാമേഖലയ്ക്ക് തൊട്ടടുത്താണെന്നതായിരുന്നു. 19,000 മെട്രിക് ടണ്‍ മീഥേന്‍ ആയിരുന്നു ചൊവ്വയുടെ അന്തരീക്ഷത്തില്‍നിന്ന് മൊത്തമായും കണ്ടെത്തിയത്. എന്നാല്‍, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സൂക്ഷ്മജീവികളാണോ, അജീവിയമായ പ്രവര്‍ത്തനങ്ങളാണോ എന്നാണ് ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഇതുതന്നെയാണ് "മംഗള്‍യാനി"ലുടെ ഇന്ത്യ ലക്ഷ്യമിട്ടതും.

ഇന്ത്യന്‍ ദൗത്യം

റിപ്പോര്‍ട്ട് കടപ്പാട്  : സി രാമചന്ദ്രന്‍, ദേശാഭിമാനി കിളിവാതില്‍

നമ്മുടെ ഒരവയവം പ്രവര്‍ത്തനരഹിതമാവുമ്പോഴാണ് അതിന്റെ പ്രാധാന്യം നാം മനസ്സിലാക്കുന്നത്. സാധാരണനിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നമുക്കത് അനുഭവവേദ്യമാകുന്നില്ല. നാം അകലങ്ങളുമായി വിവരവിനിമയം ചെയ്യുമ്പോഴാകട്ടെ, അകലങ്ങളിലെ കാഴ്ചകള്‍ സ്വീകരണമുറിയിലിരുന്നു കാണുമ്പോഴാകട്ടെ, കാലാവസ്ഥയുടെ വിവരങ്ങള്‍ മുന്‍കൂട്ടി അറിയുമ്പോഴാകട്ടെ, പ്രകൃതിദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പു ലഭിക്കുമ്പോഴാകട്ടെ ഇതെല്ലാം ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട നേട്ടങ്ങളായി ഓര്‍മിക്കാറില്ല. ഏതെങ്കിലുമൊരു ദൗത്യം പരാജയപ്പെടുമ്പോഴാണ് കോലാഹലങ്ങളുണ്ടാകുന്നത്. ഇന്ത്യയുടെ ചാന്ദ്രയാന്‍ പദ്ധതിയുടെ വിജയം ഇന്ത്യന്‍ ജനതയുടെ ആത്മവീര്യവും ആത്മാഭിമാനവും അതിന്റെ പാരമ്യത്തിലെത്തിച്ച സംഭവമായിരുന്നു. കിഴക്കന്‍തീരത്ത് അടുത്തയിടെ വീശിയടിച്ച "ഫൈലിന്‍" കൊടുങ്കാറ്റിന്റെ ഗതി ഒരു ദൃക്സാക്ഷി വിവരണമെന്നോണം നല്‍കി, എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായും കാര്യക്ഷമമായും നിര്‍വഹിക്കാന്‍ സഹായിച്ചതും നമ്മുടെ അപായമുന്നറിയിപ്പ് ഉപഗ്രഹങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ്.

ഇന്ത്യയുടെ ഏറ്റവും പുതിയ ബഹിരാകാശപദ്ധതിയായി "മംഗള്‍യാന്‍ " എന്ന ചൊവ്വാ ഭ്രമണോപഗ്രഹവും രാജ്യത്തിന് ഏറെ അഭിമാനമാണ്. ചാന്ദ്രയാനിന്റെ വിക്ഷേപണം നാലുലക്ഷം കിലോമീറ്റര്‍ അകലമുള്ള ലക്ഷ്യത്തിലേക്കായിരുന്നുവെങ്കില്‍, ഇപ്പോഴത്തേത് ഏകദേശം 40 കോടി കിലോമീറ്റര്‍വരെ അകലേക്കാണ്. ലക്ഷ്യത്തിലെത്താന്‍ ഒരുവര്‍ഷത്തോടടുത്ത് സമയമെടുക്കും. ചാന്ദ്രയാന്‍ ചന്ദ്രന്റെ കാര്യത്തിലെന്നപോലെ മംഗള്‍യാന്‍ ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും സൗരയൂഥത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ചും പഠനത്തിനു സഹായകമായ വിവരങ്ങള്‍ നല്‍കുമെന്നു പ്രതീക്ഷിക്കുന്നു. ചൊവ്വയെക്കുറിച്ച് സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന അബദ്ധജഡിലമായ അന്ധവിശ്വാസങ്ങളില്‍നിന്ന് കുറേപേരെങ്കിലും മോചിതരായേക്കുമെന്ന് പ്രതീക്ഷിക്കാം.

വിജയിച്ച ദൗത്യങ്ങള്‍:

1964ല്‍ നാസ വിക്ഷേപിച്ച മാരിനര്‍- 4, ഒരുവര്‍ഷത്തിനുശേഷം ചൊവ്വയുടെ സമീപത്തുകൂടെ കടന്നുപോകുകയും ചിത്രങ്ങള്‍ അയക്കുകയും ചെയ്തു.

1971ല്‍ സോവിയറ്റ് യൂണിയന്റെ മാഴ്സ്-3 എന്ന ബഹിരാകാശയാനം ചൊവ്വയെ വലംവയ്ക്കുകയും ചിത്രങ്ങള്‍ അയക്കുകയും ചെയ്തു. മാത്രമല്ല, ചൊവ്വയില്‍ ഇറങ്ങുകയുമുണ്ടായി.

1971ല്‍ നാസയുടെ മാരിനര്‍- 9 ചൊവ്വയെ വലംവയ്ക്കുകയും അന്നേരം അവിടെയുണ്ടായ പൊടിക്കാറ്റിന്റെ ചിത്രങ്ങളുടെ അഗ്നിപര്‍വതങ്ങളുടെ ചിത്രങ്ങളും ഭൂമിയിലേക്കയച്ചു. എന്നോ ഉണ്ടായിരുന്ന ഒരു ജലപ്രവാഹത്തിന്റെ ബാക്കിപത്രമെന്നോണം സ്ഥിതിചെയ്യുന്ന ഒരു ചാലിന്റെ ചിത്രവും അയക്കുകയുണ്ടായി.

1975ല്‍ നാസ വൈക്കിങ് 1, 2 എന്ന രണ്ടു യാനങ്ങള്‍ ചൊവ്വയിലേക്കയച്ചു. രണ്ടും 1976ല്‍ ചൊവ്വയുടെ പ്രതലത്തിലിറങ്ങി പര്യവേക്ഷണം നടത്തി. ജീവന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള അന്വേഷണവും ഇതില്‍ പെട്ടിരുന്നു.

1966ല്‍ നാസ മാഴ്സ് ഗ്ലോബല്‍ സര്‍വേയര്‍ എന്ന ഉപഗ്രഹം ചൊവ്വയിലേക്കയച്ചു. അത് ഏതാണ്ട് ഒമ്പതുവര്‍ഷത്തില്‍പ്പരം സജീവമായി ഭ്രമണപഥത്തില്‍ നിലനിന്നു. അതേവര്‍ഷംതന്നെ (1996) മാഴ്സ് പാത്ത് ഫൈന്‍ഡര്‍, സോജോര്‍ണര്‍ എന്നീ രണ്ടു യാനങ്ങള്‍ ചൊവ്വയുടെ ഉപരിതലത്തിലിറങ്ങുകയും വിലപ്പെട്ട വിവരങ്ങള്‍ നല്‍കുകയും ചെയ്തു.

2001ല്‍ നാസ വിക്ഷേപിച്ച "മാഴ്സ് ഒഡിസി ഓര്‍ബിറ്റര്‍" ഇന്നും സജീവമായി ചൊവ്വയെ വലംവച്ചുകൊണ്ടിരിക്കുന്നു.

2003ല്‍ ഈസ (യൂറോപ്യന്‍ സ്പേസ് ഏജന്‍സി) വിക്ഷേപിച്ച "മാഴ്സ് എക്സ്പ്രസ്" ഇന്നും ഭ്രമണപഥത്തിലുണ്ട്. എന്നാല്‍ അതില്‍നിന്ന് ചൊവ്വയുടെ ഉപരിതലത്തിലേക്കയച്ച "ബീഗിള്‍- 2" എന്ന ഉപകരണം വീണുതകര്‍ന്നു.

2005ല്‍ നാസ വിക്ഷേപിച്ച "മാഴ്സ് റിക്കൊണൈസന്‍സ് ഓര്‍ബിറ്റര്‍" ഇന്നും സജീവമാണ്.

2008ല്‍ നാസ വിക്ഷേപിച്ച "മാഴ്സ് ഫിനിക്സ്" ചൊവ്വയുടെ ധ്രുവപ്രദേശത്തെക്കുറിച്ചു പഠിക്കാനുള്ളതായിരുന്നു.

2011ല്‍ നാസ ചൊവ്വയിലേക്കയച്ച "ക്യൂരിയോസിറ്റി"യും "മാഴ്സ് സയന്‍സ് ലബോറട്ടറി"യും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണു നടത്തിയത്.

പരാജയപ്പെട്ട ദൗത്യങ്ങള്‍: 

1988ല്‍ സോവിയറ്റ് യൂണിയന്‍ അയച്ച ഫോബോസ്- 1, ഫോബോസ്- 2 എന്നീ യാനങ്ങള്‍ അതിന്റെ യാത്രക്കിടയില്‍ പ്രവര്‍ത്തനക്ഷമമല്ലാതായി.


1992ല്‍ നാസയുടെ "മാഴ്സ് ഓര്‍ബിറ്റര്‍" യാത്രക്കിടയില്‍ പരാജയപ്പെട്ടു.

1996ല്‍ റഷ്യ വിക്ഷേപിച്ച ചൊവ്വായാനം ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍നിന്നു കടന്നുപോകുന്നതില്‍ പരാജയപ്പെട്ടു.

1998ല്‍ അയച്ച ജപ്പാന്റെ "നോസോമി" പരാജയപ്പെട്ടു.

1999ല്‍ അമേരിക്കയുടെ രണ്ടു ദൗത്യങ്ങള്‍ പരാജയപ്പെട്ടു. "മാര്‍സ് ക്ലൈമറ്റ് ഓര്‍ബിറ്റര്‍", "മാഴ്സ് പോളാര്‍ലാന്‍ഡര്‍" എന്നീ പദ്ധതികള്‍ ചൊവ്വയില്‍ ഇടിച്ചുവീണു തകര്‍ന്നു.

2003ല്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ "ബീഗിള്‍- 2" ചൊവ്വയുടെ ഉപരിതലത്തില്‍ വീണുതകര്‍ന്നു.

2011ല്‍ റഷ്യയുടെ "ഫോബോസ്-ഗ്രണ്‍ട്" എന്ന ദൗത്യം, ചൊവ്വയുടെ ചന്ദ്രനായ ഫോബോസില്‍ ഇറങ്ങി അവിടുത്തെ മണ്ണുശേഖരിച്ച് അത് ഭൂമിയില്‍കൊണ്ടുവരിക എന്നതായിരുന്നു. ഗ്രണ്‍ട് എന്നാല്‍ റഷ്യന്‍ഭാഷയില്‍ മണ്ണ് എന്നാണ്. സോവിയറ്റ് യൂണിയന്റെ ഒരു യാന്ത്രികദൗത്യം പണ്ടുകാലത്ത് നമ്മുടെ ചന്ദ്രനില്‍ ഇറങ്ങി മണ്ണ് ശേഖരിച്ചു കൊണ്ടുവന്നതിന്റെ ഓര്‍മപോലെയാണിത്. പക്ഷേ ഇപ്രാവശ്യം ഇത് പ്രാരംഭത്തില്‍ത്തന്നെ അലസിപ്പോയി.



ഇനിയും അറിയാന്‍ സന്ദര്‍ശിക്കൂ,


Mars Orbiter Mission on Wikipedia, the free encyclopedia

Exploration of Mars on Wikipedia, the free encyclopedia

മംഗൾയാൻ - വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


No comments:

Post a Comment