മംഗള്‍യാന്‍ അഞ്ചാം ഭ്രമണപഥത്തില്‍
റിപ്പോര്‍ട്ട് കടപ്പാട് - മാതൃഭൂമി
ശ്രീഹരിക്കോട്ടയില്‍നിന്ന് കഴിഞ്ഞ നവംബര്‍ അഞ്ചിന് വിക്ഷേപിച്ച മംഗള്‍യാന്‍ പേടകം, ഇതോടെ അഞ്ചാമത്തെ ഭൂഭ്രമണപഥത്തിലേക്ക് വിജയകരമായി എത്തിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
'മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ ' ( Mars Orbiter Mission ) എന്ന് പേരുള്ള മംഗള്‍യാന്‍ പേടകത്തെ അടുത്ത ഭ്രമണപഥത്തിലേക്ക് ഇനി നീക്കുക ഡിസംബര്‍ ഒന്നിനാണ്. സൗരഭ്രമണപഥത്തിലേക്കുള്ള ആ നീക്കം അത്യധികം നിര്‍ണായകമാണെന്ന് ഐഎസ്ആര്‍ഒ വിദഗ്ധര്‍ വിലയിരുത്തുന്നു.
തുടര്‍ന്ന് പത്തുമാസം സൗരഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന മംഗള്‍യാന്‍ പേടകം 2014 സപ്തംബര്‍ 24 ന് ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തും.
അഞ്ചാം ഭൂഭ്രമണപഥത്തിലേക്ക് മംഗള്‍യാന്‍ പേടകത്തെ ഉയര്‍ത്തുന്ന നടപടി ശനിയാഴ്ച്ച പുലര്‍ച്ചെ 1.27 നാണ് ആരംഭിച്ചത്. ആറു മിനിറ്റുകൊണ്ട് ആ ദൗത്യം വിജയിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. അതോടെ, പേടകത്തിന് ഭൂമിയില്‍നിന്നുള്ള കൂടിയ അകലം 118,642 കിലോമീറ്ററില്‍നിന്ന് 192,874 കിലോമീറ്ററായി.
1,350 കിലോഗ്രാം ഭാരമുള്ള മംഗള്‍യാന്‍ പേടകത്തെ നവംബര്‍ അഞ്ചിന് വെറും 44 മിനിറ്റുകൊണ്ടാണ് പിഎസ്എല്‍വി സി25 റോക്കറ്റ് ആദ്യ ഭൂഭ്രമണപഥത്തിലെത്തിച്ചത്. പിന്നീട് നവംബര്‍ 8, 9 തിയതികളില്‍ രണ്ടുതവണ വിജയകരമായി പേടകത്തിന്റെ ഭ്രമണപഥം വികസിപ്പിച്ചു.
എന്നാല്‍ , നാലാമത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ നവംബര്‍ 11 ന് നടത്തിയ ശ്രമം ഭാഗികമായേ വിജയിച്ചുള്ളൂ. അത് ഐഎസ്ആര്‍ഒ കേന്ദ്രങ്ങളില്‍ ആശങ്കയുയയര്‍ത്തിയിരുന്നു. നവംബര്‍ 12 ന് നടന്ന അഞ്ചാംശ്രമം പക്ഷേ, വിജയിച്ചു. ഇപ്പോള്‍ ആറാമത്തെ ശ്രമം വഴിയാണ് അഞ്ചാമത്തെ ഭൂഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിച്ചിരിക്കുന്നത്.
450 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മംഗള്‍യാന്റെ ഇപ്പോഴത്തെ നിയന്ത്രണം ബാംഗ്ലൂരിലുള്ള ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് കമാന്‍ഡ് നെറ്റ്‌വര്‍ക്കിലെ ശാസ്ത്രജ്ഞര്‍ക്കാണ്.
No comments:
Post a Comment