ചന്ദ്രനിലിറങ്ങിയ ചൈനയുടെ വാഹനം ചിത്രങ്ങളയച്ചു തുടങ്ങി
ജേഡ് റോവര്‍ പകര്‍ത്തിയ ലാന്‍ഡറിന്റെ ചിത്രം |
നാലു പതിറ്റാണ്ടിനിടെ ആദ്യമായി ചാന്ദ്രപ്രതലത്തിലിറങ്ങുന്ന റോബോട്ടിക് വാഹനമായ ചൈനയുടെ 'ജേഡ് റാബിറ്റ് റോവര്‍ ' ഭൂമിയിലേക്ക് ചിത്രങ്ങള്‍ അയച്ചു തുടങ്ങി.
ചാന്ദ്രപ്രതലത്തില്‍ 'സിനുസ് ഇറിഡം' ( Sinus Iridum ) എന്ന അഗ്നിപര്‍വത താഴ്‌വരയിലാണ് ചൈനയുടെ ആളില്ലാ ദൗത്യവാഹനമായ 'ചാങ് ഇ-3' ( Chang'e-3) ഇറങ്ങിയത്. ആ ലാന്‍ഡറില്‍നിന്ന് ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 2.05 ന് ജേഡ് റോബോട്ടിക് വാഹനം പുറത്തിറങ്ങി.
ഏതാനും മീറ്റര്‍ ദൂരം സഞ്ചരിച്ച ജേഡ് റോവര്‍ , ലാന്‍ഡറിന്റെ ഫോട്ടോ എടുക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ ലാന്‍ഡറും റോവറും പരസ്പരം ഫോട്ടകളെടുക്കാന്‍ ആരംഭിച്ചു.
അതോടെ, ചാന്ദ്രദൗത്യം പൂര്‍ണവിജയമാണെന്ന് ചൈനയുടെ ലൂണാര്‍ പ്രോഗ്രാമിന്റെ ചീഫ് കമാണ്ടര്‍ മാ ഷിന്‍ഗ്രൂയി പ്രഖ്യാപിച്ചു.
1976 ല്‍ 'ലൂണ 24' ( Luna 24 ) ന് ശേഷം ചാന്ദ്രപ്രതലത്തില്‍ മനുഷ്യനിര്‍മിതമായ ഒരു വാഹനം വിജയകരമായി ഇറങ്ങുന്നത് ആദ്യമായാണ്. ചൈനയുടെ ലാന്‍ഡര്‍ ഒരു വര്‍ഷം അവിടെ പ്രവര്‍ത്തിക്കും; ജേഡ് റോവര്‍ ഏതാണ്ട് മൂന്നുമാസവും.
2013 ഡിസംബര്‍ ഒന്നിനാണ് 'ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ ' ( CNSA )ചാന്ദ്രദൗത്യമായ ചാങ് ഇ-3 വിക്ഷേപിച്ചത്. 'ലോങ് മാര്‍ച്ച് 3ബി' റോക്കറ്റിലായിരുന്നു വിക്ഷേപണം. ഡിസംബര്‍ ആറിന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ദൗത്യവാഹനം, ഡിസംബര്‍ 14 നാണ് ചാന്ദ്രപ്രതലത്തില്‍ വിജയകരമായി ഇറങ്ങിയത്.
ലാന്‍ഡര്‍ വാഹനമെടുത്ത ജേഡ് റാബിറ്റ് റോവറിന്റെ ദൃശ്യം |
ലാന്‍ഡറും ജേഡ് റാബിറ്റ് റോവര്‍ എന്ന റോബോട്ടിക് വാഹനവുമടങ്ങിയതാണ് ദൗത്യം.
ചാന്ദ്രപ്രതലത്തില്‍ വിജയകരമായി ഇറങ്ങിയ മൂന്നാമത്തെ മനുഷ്യനിര്‍മിത വാഹനമാണ് ചാങ് ഇ-3. ഇതുവരെ ഇറങ്ങിയ വാഹനങ്ങളെ അപേക്ഷിച്ച് അത്യാധുനികമായ പരീക്ഷണോപകരണങ്ങളാണ് ചൈനീസ് വാഹനത്തിലുള്ളത്.
ചന്ദ്രന്റെ ബാഹ്യപാളിയിലെ മണ്ണിന്റെയും മറ്റും ഘടന മനസിലാക്കാന്‍ സഹായിക്കുന്ന പ്രത്യേക റഡാറാണ് ചൈനീസ് വാഹനത്തിലുള്ള പേലോഡുകളില്‍ (പരീക്ഷണോപകരണങ്ങളില്‍) പ്രധാനപ്പെട്ടത്. പാറകളിലെയും മണ്ണിലെയും രാസമൂലകങ്ങള്‍ വിശകലനം ചെയ്യാനായി ഒരു ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പെക്ട്രോമീറ്ററും ചാങ് ഇ-3 യിലുണ്ട്.
120 കിഗ്രാം ഭാരമുള്ളതാണ് ജേഡ് റോബോട്ട്. 30 ഡിഗ്രി ചെരിവുള്ള പ്രതത്തില്‍ സഞ്ചരിക്കാന്‍ അതിന് കഴിയും. മണിക്കൂറില്‍ 200 മീറ്റര്‍ വരെ യാത്രചെയ്യാനും കഴിവുണ്ട്.
റോവറിനും ലാന്‍ഡറിനും ഊര്‍ജം ലഭിക്കുന്നത് സൗര്‍ജപാനലുകളിലൂടെയാണ്. എന്നാല്‍ , രാത്രിയുടെ ഇരുളിയും തണുപ്പിലും പ്രവര്‍ത്തിക്കാനായി അതില്‍ പ്ലൂട്ടോണിയം 238 അടങ്ങിയ റേഡിയോഐസോടോപ്പിക് ഹീറ്റിങ് യൂണിറ്റുകളുമുള്ളതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
റിപ്പോര്‍ട്ട് - മാതൃഭൂമി
No comments:
Post a Comment