Sunday, December 1, 2013

ഐസണ്‍ വാല്‍നക്ഷത്രം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രതീക്ഷ

ഐസണ്‍ വാല്‍നക്ഷത്രം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രതീക്ഷ


റിപ്പോര്‍ട്ട് - മാതൃഭൂമി

ഐസണ്‍ വാല്‍നക്ഷത്രം സൂര്യനില്‍നിന്ന് അകലുന്ന ദൃശ്യം - 2013 നവംബര്‍ 28, 29 തീയതികളില്‍ സോഹോ പേടകം നിരീക്ഷിച്ചത്. ചിത്രം കടപ്പാട് : ESA/NASA/SOHO/SDO/GSFC

ഐസണ്‍ വാല്‍നക്ഷത്രം ശോഭ കുറഞ്ഞിട്ടായാലും, സൂര്യന്റെ പിടിയില്‍നിന്ന് പുറത്തുവരാന്‍ സാധ്യതയുള്ളതായി ഗവേഷകര്‍ . വ്യാഴാഴ്ച്ച സൂര്യന് അടുത്തുകൂടി കടന്നുപോകുമ്പോള്‍ പൊടുന്നനെ ബഹിരാകാശ ടെലസ്‌കോപ്പുകളുടെ ദൃഷ്ടയില്‍നിന്ന് ഐസണ്‍ അപ്രത്യക്ഷമാവുകയായിരുന്നു.

ഐസണ്‍ തകര്‍ന്നിരിക്കാമെന്നും, സൂര്യനിലെ കഠിനതാപത്തില്‍ അതിലെ മഞ്ഞുകട്ടകള്‍ ഉരുകി ബാഷ്പീകരിച്ചിരിക്കാമെന്നുമാണ് ഗവേഷകര്‍ കരുതിയത്. അതിനാല്‍ , ഡിസംബറില്‍ ഐസണ്‍ ഒരുക്കുമെന്ന് കരുതിയ ആകാശവിരുന്ന് അവസാനിച്ചതായും ഗവേഷകര്‍ വിധിയെഴുതി.

എന്നാല്‍ , പ്രകാശം കുറഞ്ഞിട്ടായാലും ഐസണ്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതായി ശാസ്ത്രലോകത്തിന് സൂചന ലഭിച്ചിരിക്കുന്നു.

തിളക്കമാര്‍ന്ന ഒരു വസ്തു സൂര്യന്റെ ദിശയില്‍നിന്ന് അകലേക്ക് നീങ്ങുന്നതായി, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെയും നാസയുടെയും സോളാര്‍ ആന്‍ഡ് ഹീലിയോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി ( SOHO ) ആണ് നിരീക്ഷിച്ചത്.

ഐസണിന്റെ വെറും അവശിഷ്ടം മാത്രമാണോ അത്; അതല്ല ഐസണിന്റെ ന്യൂക്ലിയസില്‍ കുറെഭാഗം കേടില്ലാതെ അവശേഷിച്ചിട്ടുണ്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത് - നാസ അതിന്റെ വെബ്ബ്‌സൈറ്റില്‍ അറിയിച്ചു.

ഐസണിന്റെ ചെറുന്യൂക്ലിയസ് തന്നെയാണ് അവശേഷിക്കുന്നതെന്ന് പ്രാഥമിക വിശകലനത്തില്‍ സൂചന കിട്ടി. അത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

'ഐസണിന്റെ ഒരു ഭാഗം ഒറ്റ കഷണമായി അവശേഷിക്കുന്നുവെന്നും, ധൂളീപടലങ്ങള്‍ അത് പുറപ്പെടുവിക്കുന്നുവെന്നുമാണ് തോന്നുന്നത്'-വാഷ്ങ്ടണില്‍ നേവല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ കാള്‍ ബാറ്റാംസ് പറഞ്ഞു.

'ന്യൂക്ലിയസുണ്ടെങ്കിലും അത് എത്രനാള്‍ അതിജീവിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല. ഏതാനും ദിവസങ്ങള്‍ അവശേഷിച്ചാല്‍ തന്നെ , രാത്രിയില്‍ വാല്‍നക്ഷത്രം ആകാശത്ത് പ്രത്യക്ഷമാകുമോ എന്ന് പറയാന്‍ കഴിയില്ല. രാത്രിയില്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടാല്‍ തന്നെ, എത്ര ശോഭയുണ്ടാകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല...' - ബാറ്റാംസ് അറിയിച്ചു.
ഐസണ്‍ വാല്‍നക്ഷത്രം സൂര്യനടുത്തേക്ക് നീങ്ങുന്ന ദൃശ്യം. 2013 നവംബര്‍ 25 ന് നാസയുടെ സ്റ്റീരിയോ-എ പേടകം പകര്‍ത്തിയ ദൃശ്യം : ചിത്രം കടപ്പാട് : NASA 

രണ്ട് അമേച്വര്‍ ജ്യോതിശാസ്ത്രജ്ഞര്‍ റഷ്യയിലെ 'ഇന്റര്‍നാഷണല്‍ സയന്റിഫിക് ഓപ്റ്റിക്കല്‍ നെറ്റ്‌വര്‍ക്ക്' ( ISON ) ഉപയോഗിച്ചാണ് ഈ വാല്‍നക്ഷത്രത്തെ തിരിച്ചറിഞ്ഞത്. അങ്ങനെയാണ് അതിന് 'ഐസണ്‍ വാല്‍നക്ഷത്രം' എന്ന് പേര് വന്നത്. 'നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രം' എന്നതാണത് വിശേഷിപ്പിക്കപ്പെട്ടത്. 

450 കോടി വര്‍ഷംമുമ്പ് സൗരയൂഥം രൂപപ്പെട്ട വേളയില്‍ തണുത്തറഞ്ഞ നിലയില്‍ അവശേഷിച്ച അവശിഷ്ടങ്ങളാണ് ധൂമകേതുക്കള്‍ എന്ന് കരുതുന്നു. സൗരയൂഥത്തിന്റെ വിദൂര ബാഹ്യമേഖലയായ ഊര്‍റ്റ് മേഘത്തില്‍ സമാധിയിലിരിക്കുന്നവയാണ് ഐസണിന്റെ കുടുംബക്കാരായ വാല്‍നക്ഷത്രങ്ങള്‍ .

സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ 10,000 മടങ്ങ് അകലെയാണ് സൂര്യനില്‍ നിന്ന് ഊര്‍റ്റ് മേഘ മേഖലയുടെ സ്ഥാനം.

കമ്പ്യൂട്ടര്‍ മാതൃകകളുപയോഗിച്ച് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്, സൗരയൂഥത്തിന്റെ ബാഹ്യമേഖലയില്‍നിന്ന് 55 ലക്ഷം വര്‍ഷംമുമ്പാണ് സൂര്യനെ ലക്ഷ്യമാക്കി ഐസണ്‍ വാല്‍നക്ഷത്രം പുറപ്പെട്ടതെന്നാണ്.

വ്യാഴാഴ്ച്ച (നവംബര്‍ 28) അത് സൂര്യന്റെ ഏറ്റവും അടുത്ത സ്ഥാനത്തുകൂടി കടന്നുപോയി - സൗരപ്രതലത്തില്‍നിന്ന് 12 ലക്ഷം കിലോമീറ്റര്‍ അകലെക്കൂടി. ഏതാണ്ട് 2000 ഡിഗ്രി സെല്‍സിയസിലധികം ചൂടും കഠിനമായ ഗുരുത്വാകര്‍ഷണവും അപ്പോള്‍ ഐസണിന് ഏല്‍ക്കേണ്ടി വന്നിട്ടുണ്ടാകണം.

സൂര്യനടുത്തേക്ക് നീങ്ങിയ ഐസണ്‍ പൊടുന്നനെ ബഹിരാകാശ ടെലിസ്‌കോപ്പുകളുടെ കണ്ണില്‍നിന്ന് മാഞ്ഞപ്പോള്‍ , അത് തകര്‍ന്ന് ബാഷ്പീകരിക്കപ്പെട്ട് നശിച്ചുവെന്നാണ് ശാസ്ത്രലോകം വിലയിരുത്തിയത്.

ആ നിഗമനം പൂര്‍ണമായും ശരിയല്ലെന്ന് സോഹോ പേടകത്തിന്റെ നിരീക്ഷണം സൂചിപ്പിക്കുന്നു.

No comments:

Post a Comment