മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ : സഞ്ചാരപഥക്രമീകരണം വിജയം
സഞ്ചാരപഥക്രമീകരണത്തിനുമുമ്പ് പേടകത്തിന്റെ വേഗം സെക്കന്‍ഡില്‍ 32.58 കിലോമീറ്ററായിരുന്നു. ഇപ്പോള്‍ മംഗള്‍യാന്‍ സഞ്ചരിക്കുന്നത് ഭൂമിയില്‍ നിന്ന് 30 ലക്ഷം കിലോമീറ്റര്‍ അകലെയാണ്. ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യം വെച്ച് മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരമാണ് മംഗള്‍യാന്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു.
ചൊവ്വാ പര്യവേക്ഷണ പേടകത്തില്‍ സ്ഥാപിച്ച കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് വേഗക്രമീകരണം നടത്തിയത്. ഇതോടെ പേടകത്തിലേക്ക് സിഗ്‌നല്‍ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും 20 സെക്കന്‍ഡ് സമയം ആവശ്യമാണ്. ഭൂമിയുമായി അകലം കൂടുന്നതിനനുസരിച്ച് സന്ദേശം ലഭിക്കുന്നതിനും അയയ്ക്കുന്നതിനുള്ള സമയവും കൂടും. ചൊവ്വയുടെ ഭ്രമണ പഥത്തിലേക്കുള്ള എളുപ്പവഴി തിരഞ്ഞെടുക്കില്ലെന്ന് നേരത്തെ തന്നെ ഐ.എസ്.ആര്‍.ഒ. വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായി പേടകത്തിന്റെ സഞ്ചാരപഥത്തില്‍ മാറ്റം വരുത്തുന്നതിന് കൂടുതല്‍ ഇന്ധനം വേണ്ടിവരുമെന്നതിനാലാണ് ഈ മാര്‍ഗം ഉപേക്ഷിക്കാന്‍ കാരണം.
ഭൂമിയുടെ ആകര്‍ഷണവലയത്തിനു പുറത്തുകടന്ന ശേഷം ആദ്യമായാണ് പേടകത്തിന്റെ ദിശയിലും വേഗത്തിലും മാറ്റം വരുത്തിയത്. ചൊവ്വയുടെ പര്യവേക്ഷണം വിജയകരമാക്കുന്നതിന് ആവശ്യമെങ്കില്‍ നാല് തിരുത്തലുകള്‍ നടത്താനുള്ള അവസരമാണ് ഐ.എസ്.ആര്‍.ഒ.യ്ക്ക് ലഭിക്കുന്നത്. ഡിസംബര്‍ ഒന്നിന് മംഗള്‍യാനെ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നു മാറ്റുകയും തുടര്‍ന്ന് സൂര്യന്റെ സഞ്ചാരപഥത്തിലേക്ക് പ്രവേശിക്കുകയുമായിരുന്നു.
ഒന്‍പതേകാല്‍ ലക്ഷം കിലോമീറ്റര്‍ കടന്നപ്പോള്‍ ഭൂമിയുടെ ആകര്‍ഷണവലയത്തിന് പുറത്തായ പേടകം പൂര്‍ണമായും സൂര്യാകര്‍ഷണ സഞ്ചാരപഥത്തിലൂടെയാണ് ഇപ്പോള്‍ കുതിക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് മംഗള്‍യാന്‍ സൂര്യാകര്‍ഷണ പാതയിലൂടെയുള്ള പ്രയാണം ആരംഭിച്ചത്. സഞ്ചാരപഥക്രമീകരണത്തിലൂടെ ആര്‍ജിക്കുന്ന വേഗത്തിലൂടെ പേടകത്തെ ചൊവ്വയുടെ ഏറ്റവും അടുത്ത ദൂരമായ പെരിജി 500 കിലോമീറ്ററിലും ഏറ്റവും അകലെയുള്ള ദൂരമായ അപ്പോജി 80,000 കിലോമീറ്ററിലും സ്ഥിതിചെയ്യുന്ന ഭ്രമണപഥത്തില്‍ എത്തിക്കും.
റിപ്പോര്‍ട്ട് കടപ്പാട് - മാതൃഭൂമി
No comments:
Post a Comment