Monday, December 2, 2013

ടൈറ്റനില്‍ അസംസ്കൃത പ്ലാസ്റ്റിക്!

ടൈറ്റനില്‍ അസംസ്കൃത പ്ലാസ്റ്റിക്!

കടപ്പാട് - സാബു ജോസ്, ദേശാഭിമാനി





ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനില്‍ പ്ലാസ്റ്റിക് കണ്ടെത്തിയിരിക്കുന്നു. പ്ലാസ്റ്റിക് കണ്ടെയ്നറുകളും വാഹനങ്ങളുടെ ബമ്പറും ഗൃഹോപകരണ സാമഗ്രികളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അസംസ്കൃത വസ്തുവായ "പ്രൊപൈലീന്‍" ആണ് ടൈറ്റനില്‍ കണ്ടെത്തിയത്. നാസയുടെ കസീനി സ്പേസ് ക്രാഫ്റ്റ് ടൈറ്റനില്‍നിന്നു പുറപ്പെടുന്ന താപവികിരണങ്ങളില്‍ നടത്തിയ പഠനമാണ് ഈ കണ്ടുപിടിത്തത്തിനു കാരണമായത്. സ്പേസ് ക്രാഫ്റ്റിലുള്ള കോമ്പോസിറ്റ് ഇന്‍ഫ്രാറെഡ് സ്പെക്ട്രോമീറ്റര്‍ (CIRS) എന്ന അനുബന്ധ ഉപകരണം ഉപയോഗിച്ചാണ് ഈ കണ്ടുപിടിത്തം നടത്തിയത്. മൂന്ന് കാര്‍ബണ്‍ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ലളിതഘടനയുള്ള ഒരു ഓര്‍ഗാനിക് സംയുക്തമാണ് പ്രൊപൈലീന്‍.

ചില സസ്യ സ്പീഷിസുകള്‍ പ്രൊപൈലീന്‍ തന്മാത്രകള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗവും സൃഷ്ടിക്കപ്പെടുന്നത് ഓയില്‍ റിഫൈനറികളിലെ ഉപോല്‍പ്പന്നമായാണ്. കൂടാതെ കാട്ടുതീ ഉണ്ടാകുമ്പോഴും പ്രൊപൈലീന്‍ സൃഷ്ടിക്കപ്പെടാറുണ്ട്. എന്നാല്‍ ഭൂമിക്കു വെളിയില്‍ ഏതെങ്കിലുമൊരു ഖഗോളപിണ്ഡത്തില്‍ ഈ അസംസ്കൃത പ്ലാസ്റ്റിക് സംയുക്തം കണ്ടെത്തുന്നത് ഇതാദ്യമാണ്. ടൈറ്റന്‍ വാതകഭീമനായ ശനിയുടെ ഇതുവരെ കണ്ടെത്തിയ 53 ഉപഗ്രഹങ്ങളില്‍ ഏറ്റവും വലുതാണ് ടൈറ്റന്‍. സൗരയൂഥത്തിലെ ഉപഗ്രഹങ്ങളില്‍ വലുപ്പത്തില്‍ രണ്ടാം സ്ഥാനവും ടൈറ്റനുതന്നെയാണ്. വ്യാഴത്തിന്റെ ഉപഗ്രഹമായ "ഗാനിമിഡെ"ക്കാണ് ഒന്നാം സ്ഥാനം. ടൈറ്റനെക്കാള്‍ കേവലം 100 കിലോമീറ്റര്‍ മാത്രം അധികം വ്യാസമേ ഗാനിമിഡെയ്ക്കുള്ളു. 15 ദിവസവും 22 മണിക്കൂറുംകൊണ്ട് മാതൃഗ്രഹത്തെ ചുറ്റുന്ന ടൈറ്റനില്‍ അസ്ഥി മരവിപ്പിക്കുന്ന തണുപ്പാണുള്ളത്. സൗരകുടുംബത്തില്‍ ഇത്രയും സാന്ദ്രതയുള്ള, അന്തരീക്ഷമുള്ള മറ്റൊരു ഉപഗ്രഹവുമില്ല. ഭൂമിക്കു വെളിയില്‍ ദ്രാവാകാവസ്ഥയില്‍ ദ്രവ്യം സ്ഥിതിചെയ്യുന്നതായി സ്ഥിരീകരിക്കപ്പെട്ട ഒരേയൊരു ഖഗോളപിണ്ഡവും ടൈറ്റന്‍തന്നെയാണ്. അന്തരീക്ഷത്തില്‍ പ്രധാനമായും നൈട്രജനാണുള്ളത്.

കുറഞ്ഞ അളവില്‍ മീഥേയ്നും കാണപ്പെടുന്നുണ്ട്. ടൈറ്റനിലെ കാറ്റും മഴയുമുള്ള കാലാവസ്ഥ ഭൗമസമാനമാണ്. എന്നാല്‍ പെയ്യുന്ന മഴത്തുള്ളികള്‍ ജലകണങ്ങളല്ല. മീഥേയ്ന്‍ മഴയാണ് ടൈറ്റനില്‍ പെയ്യുന്നത്. ദ്രാവക മീഥേയ്ന്‍ ഒഴുകുന്ന അരുവികളും തടാകങ്ങളും വലിയ മീഥേയ്ന്‍ സമുദ്രങ്ങളും ടൈറ്റനില്‍ കണ്ടെത്തിയിട്ടുണ്ട്. ഭൂമിയില്‍ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ ഒരുശതമാനം മാത്രമെ ടൈറ്റനില്‍ എത്തുന്നുള്ളു. അന്തരീക്ഷത്തിലെ മീഥേയ്ന്‍ വാതകം ഹരിതഗൃഹ സ്വഭാവമുള്ളതാണ്. നമ്മുടെ ചന്ദ്രനെക്കാള്‍ 50 ശതമാനം വ്യാസവും 80 ശതമാനം പിണ്ഡവും അധികമുള്ള ടൈറ്റന്‍ 1655 മാര്‍ച്ച് 25ന് ഡച്ച് ജ്യോതിശസ്ത്രജ്ഞനായ ക്രിസ്റ്റ്യന്‍ ഹൈഗന്‍സാണ് കണ്ടെത്തുന്നത്.

പൊതുവിവരങ്ങള്‍



വ്യാസം: 5150 കി.മീ (ബുധനെക്കാളും ചന്ദ്രനെക്കാളും വലുതാണ് ടൈറ്റന്‍)

ശരാശരി താപനില: -179.5 ഡിഗ്രി സെല്‍ഷ്യസ് ഭ്രമണകാലം: 15.945 ഭൗമദിനങ്ങള്‍ 

കസീനി ദൗത്യം നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, ഇറ്റാലിയന്‍ സ്പേസ് ഏജന്‍സി എന്നിവരുടെ സംയുക്ത സംരംഭമായ കസീനി- ഹൈഗന്‍സ് ഇരട്ട സ്പേസ് ക്രാഫ്റ്റുകള്‍ വലയഗ്രഹമായ ശനിയുടെയും അതിന്റെ സ്വാഭാവിക ഉപഗ്രഹങ്ങളുടെയും പിന്നാലെയാണ്. 2005ല്‍ ഹൈഗന്‍സ് സ്പേസ് ക്രാഫ്റ്റ് ടൈറ്റനില്‍ ഇറങ്ങിയപ്പോള്‍ അതൊരു ചരിത്രസംഭവമായി. ഔട്ടര്‍ സോളാര്‍ സിസ്റ്റത്തിലെ ഒരു ഉപഗ്രഹത്തില്‍ ആദ്യമായി ഇറങ്ങുന്ന മനുഷ്യനിര്‍മിത വാഹനമാണ് ഹൈഗന്‍സ്. 2010ല്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന കസീനി ദൗത്യം 2017രെ ദീര്‍ഘിപ്പിക്കുകയായിരുന്നു.

കൂടുതലറിയാന്‍ സന്ദര്‍ശിക്കൂ,

NASA's Cassini Spacecraft Finds Ingredient of Household Plastic in Space

Titan (moon) - Wikipedia

ടൈറ്റൻ (ഉപഗ്രഹം) വിക്കിപീഡിയ

No comments:

Post a Comment