Friday, December 28, 2012

ശാസ്ത്രം 2012

ലേഖകര്‍ -  സാബുജോസ്, എന്‍ എസ് അരുണ്‍
റിപ്പോര്‍ട്ട്,  ചിത്രങ്ങള്‍  കടപ്പാട് - ദേശാഭിമാനി

2012 ശാസ്ത്രത്തിന്റെ വര്‍ഷംകൂടിയായിരുന്നു, വിടപറഞ്ഞ വര്‍ഷത്തിന്റെ ശാസ്ത്രനേട്ടങ്ങളിലൂടെ...

ദൈവകണമെന്ന പേരില്‍ പ്രശസ്തമായ ഹിഗ്സ് ബോസോണ്‍ കണം കൈപിടിയിലായ വര്‍ഷമെന്ന നിലയിലാകും 2012 ശാസ്ത്രചരിത്രത്തില്‍ ചേക്കേറുക. നീലാകാശത്ത് വിജയപതാക പാറിച്ച സുനിതവില്യംസും വിജയകരമായ നൂറു ദൗത്യം പിന്നിട്ട ഐഎസ്ആര്‍ഒയും തിളങ്ങിയ വര്‍ഷവുമായി 2012. ഒപ്പം പ്രകാശത്തിന്റെ അപ്രമാദിത്വവും തെളിയിച്ച വര്‍ഷമെന്ന ഖ്യാതിയും. കടന്നുപോകുന്ന ദേശീയ ഗണിതശാസ്ത്ര വര്‍ഷവും ഇന്ത്യയുടെ സ്വന്തമാണ്. ലോകപ്രശസ്ത ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ 125-ാം ജന്മവാര്‍ഷികമായിരുന്നു 2012. രാമാനുജന്റെ ജന്മദിനമായ ഡിസംബര്‍ 22 "ദേശീയ ഗണിതശാസ്ത്ര ദി"മായി ആചരിച്ചതോടൊപ്പം 2012നെ ദേശീയ ഗണിതശാസ്ത്ര വര്‍ഷമായും പ്രഖ്യാപിച്ചത് ഈ ആഘോഷപരിപാടികളുടെ ഭാഗമായാണ്. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം 2012 അന്താരാഷ്ട്ര സഹകരണവര്‍ഷമായും ആചരിക്കുന്നു. 2012 ലെ ശാസ്ത്രത്തിന്റെ നാള്‍വഴിയിലെ നാഴികക്കല്ലുകള്‍ ഇതാ:

ഹിഗ്സ് കണം കൈപ്പിടിയില്‍

ഭൗതികശാസ്ത്രജ്ഞര്‍ ഏറെക്കാലമായി അന്വേഷിച്ച് ഹിഗ്സ് ബോസോണ്‍ എന്ന കണത്തെ കണ്ടെത്തിയതാണ് 2012ന്റെ ഏറ്റവും വലിയ ശാസ്ത്രനേട്ടം എന്നുപറയാം. ഫ്രാന്‍സ്-സ്വിറ്റ്സര്‍ലന്‍ഡ് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള സേണ്‍ പരീക്ഷണശാലയിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ എന്ന കണികാത്വരത്രത്തില്‍ വച്ച് പ്രകാശവേഗതയുടെ തൊട്ടടുത്ത് സൂക്ഷ്മകണികകളായ പ്രോട്ടോണുകളെ പായിച്ച് ടെറാ ഇലക്ട്രോണ്‍ വോള്‍ട്ട് ഊര്‍ജനിലയില്‍ കൂട്ടിയിടിപ്പിച്ചപ്പോള്‍ ഉണ്ടായ നിരവധി ദുരൂഹ കണികകളില്‍ നിന്നും ഹിഗ്സ് ക്ഷേത്രവും അതിന്റെ സൈദ്ധാന്തിക കണികയായ ഹിഗ്സ് ബോസോണും അസന്നിഗ്ദമായി തെളിയിക്കപ്പെട്ടു. കണികാ ഭഭൗതികത്തിലെ മാനകമാതൃകയനുസരിച്ച് ദ്രവ്യ കണികകള്‍ക്ക് ഭാരം നല്‍കുന്ന അടിസ്ഥാന ഘടകമാണ് ഹിഗ്സ് ബോസോണുകള്‍. വെറുമൊരു ഗണിതശാസ്ത്രസിദ്ധാന്തം മാത്രമായിരുന്ന സ്റ്റാന്‍ഡേര്‍ഡ് മോഡലിന് നിവര്‍ന്നുനില്‍ക്കാനുള്ള നട്ടെല്ലായി ഈ പരീക്ഷണഫലം. ശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തം എന്നാണ് ദൈവകണമെന്നു വിളിപ്പേരുള്ള ഹിഗ്സ് ബോസോണിന്റെ കണ്ടെത്തല്‍ വിലയിരുത്തപ്പെടുന്നത്. ഹിഗ്സ് ബോസോണ്‍ എന്ന കണത്തിന്റെ ദ്രവ്യമാനം പ്രോട്ടോണിന്റെ ദ്രവ്യമാനത്തിന്റെ 125-140 മടങ്ങ് എന്ന പരിധിക്കകത്താകാമെന്ന് ശാസ്ത്രജ്ഞര്‍ നേരത്തെ കണ്ടെത്തിയെങ്കിലും അത് 133 ഇരട്ടിയെന്നു കണ്ടെത്തിയത് 2012 ജൂലൈ നാലിനാണ്.


പ്രകാശം വീണ്ടും തിളങ്ങി


ഏതാനും മാസമായി ശാസ്ത്രലോകത്തെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ന്യൂട്രിനോ പരമ്പരയുടെ അവസാനവാക്ക് പുറത്തുവന്നതും 2012ലാണ്. അതെ, 2012 ജൂണ്‍ എട്ടിന് ന്യൂട്രിനോയും പ്രകാശവും സംബന്ധിച്ച തെറ്റിദ്ധാരണകള്‍ മാറി. പ്രകാശവേഗത്തിന്റെ അപ്രമാദിത്തം എല്ലാവരും അംഗീകരിച്ചിരിക്കുന്നു. 2011 സെപ്തംബര്‍ 21ന് ഇറ്റലിയിലെ ഗ്രാന്‍സാസ്സോയിലെ ശാസ്ത്രജ്ഞര്‍ "ന്യൂട്രിനോ" കണങ്ങള്‍ പ്രകാശവേഗത്തെ മറികടക്കുന്നുവെന്ന പ്രാഥമിക നിഗമനത്തിലെത്തി. എന്നാല്‍, 2012 ജൂണ്‍ എട്ടിന് "ന്യൂട്രിനോകള്‍" പ്രകാശവേഗത്തെ മറികടക്കുന്നില്ലെന്നു സ്ഥിരീകരിച്ചതായി സേണ്‍ റിസര്‍ച്ച് ഡയറക്ടര്‍ അറിയിച്ചു.



ഗ്രേയ്ല്‍ ഇടിച്ചിറങ്ങി... ചാന്ദ്ര രഹസ്യങ്ങളിലേക്ക്



ചാന്ദ്രരഹസ്യങ്ങളറിയാന്‍ നാസ വിക്ഷേപിച്ച ഇരട്ട ഉപഗ്രഹം ഗ്രേയ്ല്‍ അതിന്റെ ദൗത്യം പൂര്‍ത്തിയാക്കി ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതും കണ്ടാണ് 2012 ന്റെ ശാസ്ത്രനാള്‍വഴി അവസാനിക്കുന്നത്. ഡിസംബര്‍ 17 തിങ്കളാഴ്ചയാണ് ഇരട്ട ഉപഗ്രഹങ്ങളായ എബും ഫ്ളോയും ചന്ദ്രന്റെ ഭഭൂമിക്കഭിമുഖമായി വരാത്ത വശത്ത് ഉത്തര ധ്രുവമേഖലയില്‍ (75.62 ഡിഗ്രി നോര്‍ത്ത്, 26.6 ഡിഗ്രി ഈസ്റ്റ്) പേരിട്ടിട്ടില്ലാത്ത വലിയ ഉല്‍ക്കാഗര്‍ത്തത്തിന്റെ വക്കിലുള്ള രണ്ടു കിലോമീറ്റര്‍ ഉയരമുള്ള പര്‍വതത്തില്‍ ഇടിച്ചിറക്കിയത്. മണിക്കൂറില്‍ 6050 കിലോമീറ്റര്‍ വേഗതയിലാണ് കൂട്ടിയിടിയുണ്ടായപ്പോള്‍ ഇരട്ട ഉപഗ്രഹങ്ങള്‍ സഞ്ചരിച്ചിരുന്നത്. 20 സെക്കന്റ് നേരം നീണ്ടുനിന്ന കൂട്ടിയിടിയുടെ ആഘാതം ചാന്ദ്രശിലയില്‍ വിള്ളലുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. കൂട്ടിയിടിയില്‍ ചിതറിത്തെറിച്ച ധൂളീപടലങ്ങള്‍ ചന്ദ്രനെ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നാസയുടെ തന്നെ ലൂണാര്‍ റെക്കണൈസന്‍സ് ഓര്‍ബിറ്റര്‍ പേടകം ഒപ്പിയെടുത്തു. ചാന്ദ്രധൂളിയിലെ ജലാംശവും ലവണങ്ങളുടെ സാന്നിധ്യവും ഇനി എല്‍ആര്‍ഒ കണ്ടുപിടിക്കും.





അസ്ട്രോണമിക്കല്‍ യൂണിറ്റ് തിരുത്തി


അസ്ട്രോണമിക്കല്‍ യൂണിറ്റ് എന്ന സൂര്യനും ഭൂമിക്കുമിടയിലുള്ള ഏകദേശദൂരം ഇനിമുതല്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം ഒരു ക്ലിപ്തസംഖ്യയായിരിക്കും. സൗരയൂഥത്തിന്റെ അളവുകോലായ ആസ്ട്രോണമിക്കല്‍ യൂണിറ്റ് ഇനി കൃത്യം 1,49,59,78,70,700 മീറ്ററായിരിക്കും. ജ്യോതിശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് വളരെ പ്രയോജനം ചെയ്യുന്നതാണ് ഈ തിരുത്തിയെഴുത്ത്.

കൂടുതലറിയാന്‍ 2012 ഡിസംബര്‍ 28 ലെ ദേശാഭിമാനി കിളിവാതില്‍ വായിക്കുക.

No comments:

Post a Comment