Wednesday, December 26, 2012

റെക്കോഡുകളുമായി സുനിത വില്യംസ്

റെക്കോഡുകളുമായി സുനിത
ലേഖകന്‍ - സാബു ജോസ്
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി

രണ്ടാം ബഹിരാകാശദൗത്യം കഴിഞ്ഞ് സുനിതാവില്യംസ് ഭൂമിയില്‍ കാലുകുത്തിയപ്പോള്‍ ബഹിരാകാശചരിത്രത്തില്‍ വീണ്ടും റെക്കോഡുകളുടെ പൂമഴ. നവംബര്‍ 17ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ വനിതാ കമാന്‍ഡര്‍ പദവി ഒഴിഞ്ഞ സുനിതാ വില്യംസ് 19ന് കസാഖ്സ്ഥാനില്‍ തിരിച്ചെത്തി. ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശത്തു കഴിഞ്ഞ വനിത, ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്തു നടന്ന വനിത എന്നീ സ്വന്തം റെക്കോഡുകളുടെ തിളക്കം കൂട്ടിയ ഇന്തോ-അമേരിക്കന്‍ വംശജ സുനിത, അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ കമാന്‍ഡര്‍പദവി അലങ്കരിക്കുന്ന രണ്ടാമത്തെ വനിത എന്ന റെക്കോഡും ഇത്തവണ സ്വന്തമാക്കി. ഭൂമിയില്‍നിന്നും 400 കിലോമീറ്റര്‍ ഉയരത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലിരുന്ന ഇത്തവണത്തെ ഒളിമ്പിക്സ് വീക്ഷിക്കുന്നതിനും ട്രയാത്ലണില്‍ (ഓട്ടം, ബൈക്കിങ്, നീന്തല്‍) പങ്കെടുക്കുന്നതിനും കഴിഞ്ഞ വനിത, ബഹിരാകാശത്തുനിന്ന് യു-ട്യൂബ് സ്പേസ് ലാബ്വഴി നേരിട്ട് അഭിമുഖം നടത്തുകയും ഇന്ത്യക്കാര്‍ക്ക് ദീപാവലി ആശംസ നേരുകയും ചെയ്ത ആദ്യത്തെ ബഹിരാകാശ സഞ്ചാരി, ഇന്ത്യ പദ്മഭൂഷണ്‍ നല്‍കി ആദരിച്ച വിദേശപൗരത്വമുള്ള വനിത, യുഎസ് നാവികസേനാ അവാര്‍ഡ് രണ്ടുതവണ ലഭിച്ച വനിത, മറൈന്‍ ക്രോപ്സ് അവാര്‍ഡും ഹ്യൂമാനിട്ടേറിയന്‍ സര്‍വീസ് മെഡലും ലഭിച്ച ആദ്യ വനിത, ഭറഷ്യയുടെ മെറിറ്റ് ഓഫ് സ്പേസ് എക്പ്ലൊറേഷന്‍ അവാര്‍ഡ് കരസ്ഥമാക്കിയ അമേരിക്കന്‍ വനിത... ഇങ്ങനെ നീളുന്നു സുനിതയുടെ റെക്കോഡുകള്‍.

യുഎസ് നാവികസേനയില്‍ ക്യാപ്റ്റന്‍പദവിയുള്ള സുനിത 2012 ജൂലൈ ഒന്നിനു പുറപ്പെട്ട ബഹിരാകാശ ദൗത്യത്തിന്റെ ഫ്ളൈറ്റ് എന്‍ജിനിയറായിരുന്നു. റഷ്യന്‍ കോസ്മോനോട്ട് യൂറി മലെന്‍ചെങ്കോയും ജപ്പാനില്‍നിന്നുള്ള അകിഹിതോ ഹോഷിഡെയും ഈ യാത്രയില്‍ സുനിതയ്ക്കൊപ്പം ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ സെപ്തംബര്‍ 17ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാന്‍ഡര്‍സ്ഥാനം ഏറ്റെടുത്തതോടെ ആ സ്ഥാനം അലങ്കരിക്കുന്ന രണ്ടാമത്തെ വനിത എന്ന ബഹുമതിയും സുനിത വില്യംസിനായി. (2007ല്‍ ഈ പദവി അലങ്കരിച്ച അമേരിക്കയുടെ പെഗ്ഗി വിറ്റ്സണാണ് ആദ്യ വനിത). 1965 സെപ്തംബര്‍ 19ന് യുഎസിലെ ഓഹിയോ സ്റ്റേറ്റിലുള്ള യൂക്ലിഡ് പ്രവിശ്യയിലാണ് സുനിത ജനിച്ചത്. ഗുജറാത്തില്‍നിന്നുള്ള പ്രശസ്തനായ ന്യൂറോളജിസ്റ്റ് ദീപക് പാണ്ഡ്യയാണ് സുനിതയുടെ അച്ഛന്‍. അമ്മ സ്ലൊവേനിയക്കാരിയായ ബോണി പാണ്ഡ്യയും. മസാച്ചുസെറ്റ്സിലെ നീഥാം ഹൈസ്കൂളിലായിരുന്നു സുനിതയുടെ വിദ്യാഭ്യാസം തുടങ്ങിയത്.

1987ല്‍ അമേരിക്കന്‍ നാവിക അക്കാദമിയില്‍നിന്ന് ഭഭൗതികശാസ്ത്രത്തില്‍ ബിരുദം നേടിയ സുനിത പിന്നീട് 1995ല്‍ ഫ്ളോറിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് എന്‍ജിനിയറിങ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും നേടി. 1987ല്‍ നേവല്‍ കോസ്റ്റല്‍ സിസ്റ്റം കമാന്‍ഡില്‍ ഡൈവിങ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ച സുനിത, 1989 ജൂലൈയില്‍ നേവല്‍ ഏവിയേറ്ററായി സ്ഥാനക്കയറ്റം നേടി. തുടര്‍ന്ന് ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ പ്രത്യേക പരിശീലനം കരസ്ഥമാക്കുകയും 1992ല്‍ ഇതേ വിഭാഗത്തില്‍ ഓഫീസര്‍-ഇന്‍-ചാര്‍ജായി നിയമിക്കപ്പെടുകയും ചെയ്തു. ഈ കാലയളവില്‍ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളിലുണ്ടായ ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായ മേഖലകളില്‍ ദുരിതാശ്വാസ ദൗത്യത്തില്‍ സുനിതയും പങ്കെടുത്തു. 1993 മുതല്‍ അമേരിക്കയിലെ നിരവധി ടെസ്റ്റ് പൈലറ്റ് സ്കൂളുകളില്‍ പരിശീലകയായി സേവനമനുഷ്ഠിച്ച സുനിത, 3000 മണിക്കൂര്‍ യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പരിശീലന പറക്കല്‍ നിര്‍വഹിച്ചിട്ടുമുണ്ട്. 1998 ജൂണിലാണ് സുനിത വില്യംസ് നാസയിലെത്തുന്നത്. 2008 ആയപ്പോഴേക്കും നാസയുടെ അസ്ട്രോനോട്ട് ഓഫീസിന്റെ ഡെപ്യൂട്ടി ചീഫ് പദവിയിലെത്തി. എസ്ടിഎസ്-116 ദൗത്യത്തില്‍ 2006 ഡിസംബര്‍ ഒമ്പതിനായിരുന്നു സുനിതയുടെ ആദ്യത്തെ ബഹിരാകാശ യാത്ര. ഈ ദൗത്യത്തില്‍തന്നെ സുനിതയുടെ ആദ്യ ബഹിരാകാശ നടത്തവും ഉണ്ടായി. ഈ ദൗത്യത്തില്‍ 2007 ജനുവരി 31, ഫെബ്രുവരി 4, 9 തീയതികളില്‍ മൂന്നുതവണ സുനിത ബഹിരാകാശത്ത് നടന്നു.

2007 ജൂണ്‍ 22ന് ദൗത്യം അവസാനിപ്പിച്ച് തിരിച്ചെത്തുമ്പോഴേക്കും ആദ്യ ദൗത്യത്തില്‍ സുനിതയുടെ ബഹിരാകാശജീവിതം 195 ദിവസം പിന്നിട്ടു. സുനിത വില്യംസിന്റെ രണ്ടാം ബഹിരാകാശദൗത്യത്തിന് അമേരിക്കന്‍ ബഹിരാകാശ ഷട്ടില്‍ ആയിരുന്നില്ല ഉപയോഗിച്ചത് എന്നൊരു പ്രത്യേകതകൂടിയുണ്ട്. റഷ്യയുടെ സോയൂസ് ടിഎംഎ-05എം ബഹിരാകാശ പേടകത്തിലായിരുന്നു സുനിതയുടെയും സംഘത്തിന്റെയും യാത്ര. 2012 ജൂലൈ 17ന് അന്താരാഷ്ട്ര ബഹിരാകാശനിലയവുമായി സുനിതയും സംഘവും സഞ്ചരിച്ച പേടകം വിജയകരമായി ഡോക്കിങ് നടത്തി. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനും ഭൂമിയില്‍നിന്നു കൊണ്ടുപോയ അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുമായി ആറുതവണ സുനിത വില്യംസ് ബഹിരാകാശത്ത് നടന്നിട്ടുണ്ട്. 44 മണിക്കൂറും രണ്ടു മിനിറ്റും ഇതിനായി ചെലവഴിച്ചു. സെപ്തംബര്‍ 17 മുതല്‍ നവംബര്‍ 17 വരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാന്‍ഡര്‍ പദവിയും വഹിച്ചു. രണ്ടാംദൗത്യത്തില്‍ 127 ദിവസമാണ് ബഹിരാകാശത്തു കഴിഞ്ഞത്.

വിജയത്തിന്റെ നെറുകയില്‍

2012 നവംബര്‍ 19ന് തന്റെ രണ്ടാമത്തെ ബഹിരാകാശദൗത്യം കഴിഞ്ഞ് ഭൂമിയില്‍ കാലുകുത്തിയപ്പോള്‍ സുനിതവില്യംസ് നേടിയത് പുതിയ റെക്കോഡുകളും പഴയതു മെച്ചപ്പെടുത്തലും. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ കമാന്‍ഡര്‍പദവി വഹിക്കുന്ന വനിതയെന്നതാണ് രണ്ടാം ബഹിരാകാശദൗത്യത്തിലെ സുനിതയുടെ ഏറ്റവും വലിയ നേട്ടം. 2012 സെപ്തംബര്‍ 17ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാന്‍ഡര്‍ സ്ഥാനം ഏറ്റെടുത്തു. നവംബര്‍ 17വരെ ആ ചുമതല തുടര്‍ന്നു. (2007ല്‍ ഈ പദവി അലങ്കരിച്ച അമേരിക്കയുടെ പെഗ്ഗി വിറ്റ്സണാണ് ആദ്യ വനിത). നാലുമാസത്തിലധികം നീണ്ട രണ്ടാം യാത്രയില്‍ 2012 ജൂലൈ 15മുതല്‍ നവംബര്‍ 19വരെ (127 ദിവസം) ബഹിരാകാശത്തുകഴിഞ്ഞു. ആറുമാസത്തിലധികം നീണ്ട 2006-07ലെ ആദ്യയാത്രയില്‍ കൂടുതല്‍ ദിവസം (195 ദിവസം) ബഹിരാകാശത്തു താമസിച്ച വനിത എന്ന റെക്കോഡും കൂടിയാകുമ്പോള്‍ ആകെ 322 ദിവസം ബഹിരാകാശത്തുകഴിഞ്ഞിട്ടുണ്ട്. നാസയിലെ സഹപ്രവര്‍ത്തകയായ ഷാനന്‍ ലൂസിഡ് 1996ല്‍ സ്ഥാപിച്ച 188 ദിവസത്തിന്റെ റെക്കോഡ്് 2007ല്‍തന്നെ സുനിത തിരുത്തി. ഇത്തവണ (2012) 50 മണിക്കൂര്‍ 40 മിനിറ്റ് ബഹിരാകാശത്തു നടന്നു ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന സ്ത്രീയെന്ന സ്വന്തം റെക്കോഡ് സുനിത വീണ്ടും തിരുത്തി. 2006-07 ലെ ആദ്യ യാത്രയില്‍ 29 മണിക്കൂര്‍ 17 മിനിറ്റാണ് സുനിത ബഹിരാകാശത്ത് നടന്നത്. ബഹിരാകാശയാത്രിക കാത്രിയാന്‍ തോണ്‍ടണിന്റെ റെക്കോഡാണ് അന്ന് മറികടന്നത്. ബഹിരാകാശത്ത് മാരത്തണ്‍ നടത്തിയ ഒരേയൊരാള്‍ എന്ന റെക്കോഡും സുനിതയ്ക്കുതന്നെ.

No comments:

Post a Comment