Wednesday, December 26, 2012

പ്രതികണം

പ്രതികണം
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി
ലേഖകന്‍ - മനോജ് എം സ്വാമി

  ഇന്നേവരെയുള്ളതില്‍വച്ച് ഏറ്റവും ഭാരമുള്ളതും സങ്കീര്‍ണവുമായ പ്രതികണം പരീക്ഷണശാലയില്‍ സൃഷ്ടിക്കപ്പെട്ടു. ന്യൂയോര്‍ക്കിലെ റിലേറ്റിവിസ്റ്റിക് ഹെവി അയോണ്‍ കൊളൈഡറാണ് ഇത്തരമൊരു പ്രതികണത്തിനു പിറന്നുവീഴാന്‍ വേദിയായത്. സാധാരണ ഒരു ഹീലിയം അണുകേന്ദ്രത്തിനകത്ത് രണ്ടു പ്രോട്ടോണും രണ്ടു ന്യൂട്രോണുമാണ് ഉണ്ടാകുക. എന്നാല്‍ ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഒരു ആന്റി ഹീലിയംഅണുകേന്ദ്രമാണ്. ആന്റി ഹീലിയത്തിനകത്തെ അന്തേവാസികള്‍ രണ്ട് ആന്റി പ്രോട്ടോണും രണ്ട്ആന്റി ന്യൂട്രോണുമാണ്. സങ്കല്‍പ്പാതീതമായ വളരെ ചെറിയ ഇടവേളയില്‍ , ഒളിഞ്ഞുനോക്കി അപ്രത്യക്ഷമാകുന്ന ഈ പ്രതികണത്തെ തിരിച്ചറിയാന്‍ സാധിച്ചു എന്നതുതന്നെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശാസ്ത്ര ഗവേഷകരുടെയും അതിന് അവര്‍ ആശ്രയിക്കുന്ന ഉപകരണങ്ങളുടെയും വിജയമായി കാണാം. സാധാരണഗതിയില്‍ നമുക്കറിയാവുന്ന ദ്രവ്യകണത്തിന്റെ അതേ പിണ്ഡമാണ് ഉണ്ടാകുകയെങ്കിലും വിപരീത ചാര്‍ജിനുടമയാകും അതിന്റെ പ്രതികണം. ഇവ തമ്മില്‍ എപ്പോഴെങ്കിലും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനിടയായാല്‍ പരസ്പരം നശിച്ച് ഊര്‍ജസൃഷ്ടിയോടെ കാണാതായിത്തീരുകയും ചെയ്യും. കഴിഞ്ഞവര്‍ഷവും ആര്‍എച്ച്ഐസിയില്‍നിന്ന് പുതിയ ഇനം പ്രതികണങ്ങളുടെ സൃഷ്ടിയെക്കുറിച്ച് അറിയിപ്പുണ്ടായിരുന്നു. ഒരു ആന്റി പ്രോട്ടോണും ആന്റി ന്യൂട്രോണും പിന്നെ മറ്റൊരു അസ്ഥിര കണമായ ആന്റി ലാംഡായും ചേര്‍ന്ന് ആന്റി ഹൈപ്പര്‍ട്രിറ്റണ്‍ എന്ന പ്രതികണമാണപ്പോള്‍ ഉടലെടുത്തത്. ഇതായിരുന്നു ഇപ്പോഴത്തെ കണ്ടെത്തലിനു മുമ്പുവരെ ഉണ്ടായിരുന്ന ഭാരമേറിയ പ്രതികണം. ഈ റെക്കോഡിനെയാണ് ആന്റി ഹീലിയം ഇപ്പോള്‍ മറികടന്നത്. താരതമ്യേന ഭാരംകുറഞ്ഞതും പ്രകൃതിയില്‍ അപൂര്‍വമായി മാത്രം കാണുന്നതും അണുകേന്ദ്രത്തിനകത്ത് രണ്ട് പ്രോട്ടോണും ഒരു ന്യൂട്രോണും ഉള്ളതുമായ ഹീലിയം-3 ഐസോടോപ്പിന്റെ പ്രതികണത്തെ നേരത്തെത്തന്നെ തിരിച്ചറിയാനായിട്ടുണ്ട്. ഇത് വെറുമൊരു ശാസ്ത്രനേട്ടം എന്നതിലുപരി ഭൗതികശാസ്ത്രത്തിലെ അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടലുകൂടിയാണ്. പ്രപഞ്ചസൃഷ്ടിക്ക് കാരണഭൂതമായ മഹാവിസ്ഫോടന വേളയില്‍ ഏതാണ്ട് ഒരേ അളവില്‍ത്തന്നെയുണ്ടായിരുന്നു സാധാരണ കണങ്ങളും അവയുടെ പ്രതികണങ്ങളും. പിന്നീട് നിഗൂഢമായ ഏതോ കാരണത്താല്‍ കാണാതായ പ്രതികണങ്ങളെപ്പറ്റിയുള്ള എന്തെങ്കിലും വിവരം ശ്രവിക്കാന്‍ ഭൗതികശാസ്ത്രജ്ഞരും പ്രപഞ്ചവിജ്ഞാനീയ ഗവേഷകരും ഒരുപോലെ കാതോര്‍ത്തിരിക്കുകയാണ്. പ്രപഞ്ചം മുഴുവന്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ അസമരീതിയെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഗവേഷകര്‍ ഉന്നതോര്‍ജാവസ്ഥകളില്‍ കണികകളെ പരസ്പരം കൂട്ടിയിടിപ്പിച്ചാണ് തങ്ങളുടെ പ്രിയപ്പെട്ട ഉപാറ്റോമിക പ്രതികണങ്ങളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. അല്‍പ്പായുസ്സുമാത്രം പേറുന്ന അവയെ തിരിച്ചറിയുകയെന്ന ദുഷ്കരമായ ദൗത്യത്തില്‍ അവര്‍ ചെറിയ തോതില്‍ വിജയിക്കുകയും ചെയ്തു. കഴിഞ്ഞ ദശാബ്ദങ്ങളായി അവര്‍ ഈ ദിശയില്‍ കൈവരിച്ച നേട്ടങ്ങള്‍ അതിനുള്ള തെളിവാണ്. സ്വര്‍ണത്തിന്റെ അയോണുകളെ പ്രകാശവേഗത്തിന്റെ 99.995 ശതമാനം വേഗത്തില്‍ പായിച്ച് കൂട്ടിയിടിപ്പിച്ചാണ് ആന്റി ഹീലിയം പ്രതികണത്തെ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. അവിടെ 100 കോടിയിലധികം കൂട്ടയിടി നടക്കുകയും അവയൊടുവില്‍ ആര്‍എച്ച്ഐസിയില്‍ത്തന്നെയുള്ള സ്റ്റാര്‍ എന്ന ഡിറ്റക്ടറില്‍ പതിക്കുകയും ചെയ്തപ്പോള്‍ വെറും 18 ആന്റി ഹീലിയം അണുകേന്ദ്രത്തെ മാത്രമാണ് തിരിച്ചറിയാന്‍ സാധിച്ചത്. ജനനമെടുത്ത ഉടനെത്തന്നെ സാധാരണ ദ്രവ്യവുമായി പ്രതിപ്രവര്‍ത്തിച്ച് അവ അപ്രത്യക്ഷമായിത്തീരുകയും ചെയ്തു. പ്രതികണങ്ങളെ സൃഷ്ടിക്കാനും തിരിച്ചറിയാനുമുള്ള സങ്കീര്‍ണതകളിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്. ന്യൂക്ലിയസിനകത്തെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും എണ്ണം അനുസരിച്ചാണല്ലോ മൂലകങ്ങളെ പീരിയോഡിക് ടേബിളില്‍ ക്രമീകരിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ തിരിച്ചറിയാന്‍ സാധിച്ച പ്രതികണങ്ങളുടെ തുടര്‍ച്ചക്കാരെക്കൂടി കണ്ടെത്തി, ഒരു ആന്റി പീരിയോഡിക് ടേബിള്‍തന്നെ എന്തുകൊണ്ടായിക്കൂട എന്നു മനപ്പായസം കുടിക്കുന്നവരും ശാസ്ത്രജ്ഞരുടെ കൂട്ടത്തിലുണ്ടെന്നാണ് കേള്‍വി. പക്ഷേ അത്തരമൊരു ഉദ്യമത്തിന് ഏറെ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നതാണ് വാസ്തവം. ആന്റി പ്രോട്ടോണും ആന്റി ന്യൂട്രോണുമെല്ലാം കൂടിച്ചേര്‍ന്നുണ്ടാക്കുന്ന ആന്റി മൂലകങ്ങളുടെ ലോകത്തെ സൃഷ്ടിക്കാമെന്ന സ്വപ്നങ്ങള്‍ക്കൊന്നുംതന്നെ "എന്തുകൊണ്ട് വലിയ അളവില്‍ പ്രപഞ്ചത്തിലാകമാനം പ്രതികണങ്ങള്‍ കാണപ്പെടുന്നില്ല?" എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന്റെ ഏഴയലത്തേക്കുപോലും അവരെ നയിക്കാനാവില്ല എന്നാണ് ബ്രിട്ടനിലുള്ള യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോര്‍ഡിലെ ഫ്രാങ്ക് ക്ലോസിന്റെ അഭിപ്രായം. ഇതു സംബന്ധിക്കുന്ന കൃത്യമായ ഉത്തരം തേടിക്കൊണ്ടുള്ള ഒരു പരീക്ഷണം അടുത്തുതന്നെ ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ നടക്കാനിരിക്കയാണ്. ആല്‍ഫാ മാഗ്നറ്റിക് സ്പെക്ട്രോമീറ്റര്‍ എന്നാണ് ഈ സംരംഭത്തിന്റെ പേര്. പ്രപഞ്ചത്തിന്റെ വിദൂരമേഖലകളില്‍നിന്ന് ഭൂമിയിലെത്തുന്ന ഉന്നതോര്‍ജ കണവാഹികളായ കോസ്മിക രശ്മികളില്‍ സഹജമായി ഉടലെടുക്കുന്ന ആന്റി പ്രോട്ടോണുകളുടെ ചെറുസാന്നിധ്യം നേരത്തെത്തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളതിനാല്‍ വേറെയും അത്തരം പ്രതികണങ്ങളെ കണ്ടെത്താന്‍ സാധിക്കുമോ എന്നാണ് ഈ ദൗത്യത്തിന്റെ ഉദ്ദേശ്യം. ഇപ്പോള്‍ സാന്നിധ്യം തെളിയിച്ചിരിക്കുന്ന ഭാരമേറിയ പ്രതികണത്തിന് ഭീഷണിയുയര്‍ത്തുന്നത് ആന്റി ലിഥിയമാണ്. സാധാരണ താപനിലയില്‍പ്പോലും സുസ്ഥിരാവസ്ഥയിലുള്ള ഈ പ്രതികണ സാധ്യതയെ സൈദ്ധാന്തികപരമായി ന്യായീകരിക്കാമെങ്കിലും അതിന്റെ സൃഷ്ടക്ക് നിലവിലുള്ള കണികാത്വരിത്രങ്ങളൊന്നും പര്യാപ്തമാകില്ലെന്നതാണ് ശാസ്ത്ര സത്യം. ഉപകണങ്ങള്‍ തമ്മില്‍ എത്ര കൂട്ടിയിടി നടത്തിയാലും ആന്റി ഹീലിയത്തെ തിരിച്ചറിയാന്‍ സാധിച്ചതിന്റെ ദശലക്ഷത്തിലൊരംശം സംഭവനീയത മാത്രമേ, ആന്റി ലിഥിയത്തിന്റെ കാര്യത്തില്‍ കാണൂ എന്നാണ് വിദഗ്ധമതം. 

1 comment:

  1. പ്രതികണത്തെപ്പോലെ , പ്രതിസ്ഥലകാലം ഉണ്ടോ ?

    ReplyDelete