Wednesday, December 26, 2012

ജൂനോ

ജൂനോ
ലേഖകന് - എന്‍ എസ് അരുണ്‍കുമാര്‍
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി

ലോകത്തെ മുഴുവന്‍ വാനനിരീക്ഷകര്‍ക്കും അവിസ്മരണീയ ആകാശക്കാഴ്ച സമ്മാനിച്ച ദിവസമായിരുന്നു 1994 ജൂലൈ 16. വ്യാഴഗ്രഹത്തിലേക്ക് ഇടിച്ചിറങ്ങുന്ന ഒരു ധൂമകേതു. ഇടിച്ചിറങ്ങല്‍ ഒരു അസാധാരണ സംഭവമാവാനും അതിനു കാഴ്ച്ചക്കാരാവാന്‍ ദൂരദര്‍ശിനിയുമായി ലക്ഷംപേര്‍ അണിനിരന്നതിനും കാരണം അതിന്റെ ആഘാതം എന്താകും എന്ന ചിന്തയായിരിന്നു. "ഷൂമാക്കര്‍ ലെവി" എന്നായിരുന്നു ചീറിയടുത്ത ധൂമകേതുവിന്റെ പേര്. അത്രയും വലുപ്പമുള്ള ഒരെണ്ണം അത്രയും വേഗത്തില്‍ ഭൂമിയിലായിരുന്നു വന്നിടിച്ചതെങ്കില്‍ ഇവിടെ ജീവജാലങ്ങള്‍ പിന്നീട് ശേഷിക്കുമായിരുന്നില്ല. വ്യാഴത്തിന്റെ അതിശക്തമായ ഗുരുത്വാകര്‍ഷണമായിരുന്നു "ഷൂമാക്കറി"ന്റെ ഗതിമാറ്റി അതിനെ തന്റെ ഉപരിതലത്തിലേക്കു നയിച്ചത്. എന്നാല്‍ പറയത്തക്ക കുഴപ്പങ്ങളൊന്നുമില്ലാതെ ആ പതനം അവസാനിക്കുകയായിരുന്നു. എന്തുകൊണ്ടായിരുന്നു ഇടിച്ചിറങ്ങല്‍ ഇത്ര ദുര്‍ബലമായിപ്പോയതെന്നതിന് വ്യാഴത്തിന്റെ തനതുസ്വഭാവം അതിനു സ്വയരക്ഷ നല്‍കി എന്നതാണുത്തരം. വാതകഗോളമാണ് വ്യാഴം. അതിന്റെ ഉള്ളിന്റെ ഉള്ളില്‍ മാത്രമാണ് സ്ഥിരതയാര്‍ന്ന ഖരഭാഗമുള്ളത്. ചുഴലിക്കാറ്റുകള്‍ നിരന്തരമായി വീശിയടിച്ചുകൊണ്ടിരിക്കുന്ന ഇവിടേയ്ക്ക് ഒന്നിനും കടന്നുചെല്ലാനാവില്ല. ഭീമാകാരനായ ഒരു ധൂമകേതുവിനെപ്പോലും നിഷ്പ്രയാസം "വിഴുങ്ങിയ" ഈ ചുഴലിസാമ്രാജ്യത്തിലേക്ക്, ആ വെല്ലുവിളിയെ നേരിട്ട് ഒരു പര്യവേഷണവാഹനം ഇക്കഴിഞ്ഞദിവസം (ആഗസ്ത് 5) യാത്രതിരിച്ചിരിക്കയാണ്. "നാസ"യാണ് "ജൂനോ" എന്നുപേരുള്ള ഈ ദൗത്യത്തിനു പിന്നില്‍ . "സ്പേസ് ഷട്ടില്‍" പദ്ധതി എന്നന്നേക്കുമായി ഉപേക്ഷിച്ച അമേരിക്ക, കുറഞ്ഞ ചെലവിലൂടെ നടത്തുന്ന ഒരു തിരിച്ചുവരവായാണ് "ജൂനോ" വിലയിരുത്തപ്പെടുന്നത്. 700 ദശലക്ഷം ഡോളറിന്റെ ബജറ്റുമായി രണ്ടായിരത്തിന്റെ തുടക്കത്തില്‍ "നാസ" വിഭാവനംചെയ്ത പദ്ധതിയായിരുന്നു "ജൂനോ". 2009 ജൂണില്‍ വിക്ഷേപിക്കാനായിരുന്നു അന്ന് തീരുമാനിച്ചിരുന്നത്. എന്നാല്‍ , ചെലവുചുരുക്കല്‍ നടപടികള്‍മൂലം "ജൂനോ" അണിയറയില്‍ത്തന്നെ കഴിയുകയായിരുന്നു. ഇപ്പോള്‍ വിക്ഷേപിതമാവുമ്പോള്‍തന്നെ പല കാര്യങ്ങളിലും മുന്‍മാതൃകയില്‍നിന്ന് പരിഷ്കരിക്കപ്പെട്ടിട്ടുമുണ്ട്. ചെലവേറിയ ആണവഇന്ധന-ഊര്‍ജസ്രോതസ്സിനുപകരം സൗരോര്‍ജത്തെയാണ് "ജൂനോ" ആശ്രയിക്കുന്നത്. സൂര്യനില്‍നിന്ന് 77 കോടിയിലധികം കിലോമീറ്റര്‍ അകലെയായ വ്യാഴത്തിന് ലഭിക്കുന്ന സൗരോര്‍ജത്തിന്റെ അളവ് വളരെ കുറവാണ്. ഇക്കാരണത്താല്‍ , സൗരോര്‍ജം സ്രോതസ്സാവുന്ന വ്യാഴത്തിലെ ഉപകരണങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുമോ എന്ന കാര്യത്തില്‍ നാസാ ശാസ്ത്രജ്ഞര്‍ക്കുതന്നെ സംശയമാണ്. 2016 ജൂലൈ നാലിനാകും "ജൂനോ" വ്യാഴത്തിന്റെ അടുത്തെത്തുന്നത്. ഈ സമയം, പേടകം വ്യാഴത്തിന്റെ നിഴല്‍വശത്ത് ആയിപ്പോവാതിരിക്കാനുള്ള സാങ്കേതിക മുന്നൊരുക്കങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സരോര്‍ജ പാനലുകള്‍ക്ക് വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാനാണിത്. എങ്കിലും ഈ സൗരോര്‍ജ പാനലുകള്‍ എത്രനേരം പ്രവര്‍ത്തിക്കും എന്നതിന് ഉറപ്പേതുമില്ല. വ്യാഴത്തില്‍നിന്നുള്ള ശക്തിയായ വികിരണോര്‍ജമാണ് ഇതിനു കാരണം. സാമ്പത്തികബാധ്യത ഒന്നുമാത്രമാണ് ഇത്രയും പരിമിതികളുള്ള സൗരോര്‍ജസ്രോതസ്സിനെത്തന്നെ ആശ്രയിക്കാന്‍ "നാസ"യെ നിര്‍ബന്ധിച്ചത്. അഞ്ചുവര്‍ഷം നീളുന്ന യാത്രയാണ് "ജൂനോ"യ്ക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. 2016ല്‍ , വ്യാഴത്തിനടുത്തെത്തുമ്പോള്‍ , 716 ദശക്ഷം കിലോമീറ്റര്‍ "ജൂനോ" സഞ്ചരിച്ചിട്ടുണ്ടാവും. ക്രമമായി വേഗം വര്‍ധിക്കുന്നതരത്തിലാണ് "ജൂനോ"യുടെ യാത്ര. ഭൂമിയുടെ ആകര്‍ഷണശക്തിയെ പ്രയോജനപ്പെടുത്തി, ഒരു ചുഴറ്റിയെറിയലിന്റെ സ്വഭാവം തന്റെ സഞ്ചാരത്തിനു നല്‍കിയാകും "ജൂനോ" മുന്നേറുക. ഇതിനായി അടുത്ത രണ്ടുവര്‍ഷം കഴിയുമ്പോള്‍ (2013 ഒക്ടോബര്‍) "ജൂനോ" ഒരുതവണ ഭൂമിക്ക് അടുത്തുകൂടി പറക്കും. അതിനുശേഷമുള്ള യാത്രയുടെ അവസാനഘട്ടത്തില്‍ മണിക്കൂറില്‍ 16,000 കിലോമീറ്റര്‍ എന്ന റെക്കോഡ് വേഗമാകും "ജൂനോ"യുടേത്. 2016 ജൂലൈ നാലോടെ വ്യാഴത്തിന്റെ ധ്രുവമേഖലക്കു സമാന്തരമായ ഒരു ഭ്രമണപഥത്തിലേക്ക് എത്തപ്പെടുന്ന "ജൂനോ" നിരീക്ഷണോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങും. വ്യാഴഗ്രഹത്തെക്കുറിച്ചുള്ള നിലവിലുള്ള ധാരണകള്‍ ശരിയാണോ എന്നു പരിശോധിക്കുകയാണ് ഈ നിരീക്ഷണങ്ങളുടെ മുഖ്യ ലക്ഷ്യം. ഈ സമയം വ്യാഴത്തിന്റെ ധ്രുവമേഖലയോട് 4300 കിലോമീറ്റര്‍ മാത്രം അകലെയാകും "ജൂനോ". 11 ദിവസത്തെ തുടര്‍ച്ചയായ നിരീക്ഷണമാകും "ജൂനോ" നടത്തുക. ഇതിനിടയില്‍ 33 തവണ "ജൂനോ" വ്യാഴഗ്രഹത്തെ പ്രദക്ഷിണം ചെയ്തിട്ടുണ്ടാവും. 2017 ഒക്ടോബറില്‍ "ജൂനോ" ദൗത്യം ഔദ്യോഗികമായി അവസാനിക്കും. ഇതിനുശേഷം, "ജൂനോ" വ്യാഴത്തിന്റെ ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങും.

No comments:

Post a Comment