Wednesday, December 26, 2012

ചൈനയ്ക്കും ഇനി ബഹിരാകാശപരീക്ഷണശാല

ചൈനയ്ക്കും ഇനി ബഹിരാകാശപരീക്ഷണശാല
ലേഖകന്‍ - സി രാമചന്ദ്രന്‍
റിപ്പോര്‍ട്ട് കടപ്പാട് - ദേശാഭിമാനി

ഉപഗ്രഹവിക്ഷേപണത്തിന്റെ 54-ാം വാര്‍ഷികവും ബഹിരാകാശത്തേക്കുള്ള മനുഷ്യസഞ്ചാരത്തിന്റെ 50-ാം വാര്‍ഷികവും ഒത്തുചേരുന്ന ഈ സന്ദര്‍ഭം ചൈന ആഘോഷിച്ചത് അവരുടെ നിര്‍ദിഷ്ട "ബഹിരാകാശ പരീക്ഷണശാലയുടെ" ആദ്യഘട്ടം വിക്ഷേപിച്ചാണ്. ഘട്ടംഘട്ടമായി വികസിപ്പിക്കുന്ന ഈ പദ്ധതി 2020 ഓടെ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. ഇതിനുമുമ്പ് സോവിയറ്റ് യൂണിയനും അമേരിക്കയും മാത്രമേ ഇത്തരം പദ്ധതികള്‍ നടപ്പില്‍വരുത്തിയിട്ടുള്ളു. ഇന്ന് അമേരിക്കയും റഷ്യയും സഹകരിച്ചാണ് ബഹിരാകാശ നിരീക്ഷണ പരീക്ഷണശാല നടത്തിക്കൊണ്ടുപോകുന്നത്. ലോങ്മാര്‍ച്ച്-2FT1 എന്ന ആധുനിക ഉപഗ്രഹവാഹനത്തിലാണ് തിയന്‍ഗോങ്-1 (സ്വര്‍ഗസ്ഥാനം) എന്ന ഈ ആദ്യഘട്ടം സെപ്തംബര്‍ 29ന് വിക്ഷേപിച്ചത്. ഇതിനോടു ഘടിപ്പിക്കാനുള്ള ഷെന്‍ഷൂ-8 എന്ന അടുത്തഘട്ടം ഈ വര്‍ഷംതന്നെ വിക്ഷേപിക്കും. ഇതില്‍ രണ്ടിലും മനുഷ്യരില്ല. തുടര്‍ന്നു വിക്ഷേപിക്കാനുള്ള ഷെന്‍ഷൂ-9 മുതലുള്ള ഘട്ടങ്ങളില്‍ ശാസ്ത്രജ്ഞരുമുണ്ടാകും. സാമ്പത്തിക പരാധീനതയാല്‍ അമേരിക്കന്‍ ബഹിരാകാശ പദ്ധതികള്‍ നട്ടംതിരിയുന്ന അവസരത്തിലുണ്ടായ ഈ നേട്ടത്തില്‍ ചൈനീസ് ജനത ആഹ്ലാദത്തിലാണ്. ലോങ്മാര്‍ച്ച് റോക്കറ്റുകള്‍ വ്യാവസായികാടിസ്ഥാനത്തില്‍ മറ്റു രാജ്യങ്ങള്‍ക്കു നല്‍കാന്‍ ചൈന സന്നദ്ധമായിട്ടുണ്ട്. പാകിസ്ഥാന്‍ ആദ്യമായി സ്വയം നിര്‍മിച്ച പാക്സാറ്റ്-1ആര്‍ വാര്‍ത്താവിനിമയ ഉപഗ്രഹം ആഗസ്തില്‍ ലോങ്മാര്‍ച്ച് 3ബി വാഹനം ഉപയോഗിച്ച് വിക്ഷേപിക്കുകയുണ്ടായി.

No comments:

Post a Comment