Wednesday, October 3, 2012

ഐഎസ്ആര്‍ഒ

ഐഎസ്ആര്‍ഒ 

ലേഖകന്‍: സി രാമചന്ദ്രന്‍
റിപ്പോര്‍ട്ട് കടപ്പാട് : ദേശാഭിമാനി കിളിവാതില്‍



റോക്കറ്റിന്റെ ഭാഗങ്ങള്‍ സൈക്കിളിലും ഉപഗ്രഹം കാളവണ്ടിയിലും ഓരോരോ ലക്ഷ്യസ്ഥാനത്തേക്കു കൊണ്ടുപോകുന്ന അത്ഭുതകരമായ കാഴ്ച ഐഎസ്ആര്‍ഒയിലല്ലാതെ മറ്റേതൊരു രാജ്യത്തെ ആധുനിക ഗവേഷണസ്ഥാപനങ്ങളിലും ആരും കണ്ടിരിക്കാനിടയില്ല. അത്ര എളിമയാര്‍ന്ന തുടക്കത്തില്‍നിന്നാണ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒ നൂറാമത് ബഹിരാകാശ ദൗത്യ വിജയത്തിന്റെ നെറുകയിലെത്തിയത്. ചന്ദ്രനിലേക്കു പര്യവേക്ഷണവാഹനം അയച്ച ഐഎസ്ആര്‍ഒ, അവിടേക്കു മനുഷ്യനെ അയക്കാന്‍ മാത്രമല്ല, ചൊവ്വയിലേക്കും പര്യവേക്ഷണവാഹനം അയക്കാനും ലക്ഷ്യമിടുന്നു. സെപ്തംബര്‍ ഒമ്പതിന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍നിന്നു കുതിച്ചുയര്‍ന്ന പിഎസ്എല്‍വി സി-21 വിജയംകണ്ടതോടെ ഇന്ത്യ നൂറാമത് ബഹിരാകാശദൗത്യം വിജയകരമായി നിര്‍വഹിച്ചു.

ഐഎസ്ആര്‍ഒ (ഇസ്രോ) 62 ഉപഗ്രഹദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. ഇക്കഴിഞ്ഞതുള്‍പ്പെടെ 38 ഉപഗ്രഹവിക്ഷേപണങ്ങളും വിജയിപ്പിച്ചു. ഇതിനും പുറമെ മറ്റു രാജ്യങ്ങളുടേതായി 28 ഉപഗ്രഹങ്ങളും വിക്ഷേപിക്കുകയുണ്ടായി. ഇന്ത്യ ആദ്യമായി ഒരു റോക്കറ്റ് വിക്ഷേപിച്ചിട്ട് 50 വര്‍ഷം ആകുന്നതേയുള്ളൂ. "നൈക്ക് അപ്പാഷേ" എന്ന വിദേശനിര്‍മിത റോക്കറ്റ്, അവരുടെതന്നെ സാന്നിധ്യത്തിലാണ് തുമ്പയില്‍നിന്ന് 1963 നവംബര്‍ 21ന് വിക്ഷേപിച്ചത്. റോക്കറ്റ് നാസയുടേതും അതിലെ പരീക്ഷണദൗത്യം ഫ്രാന്‍സിന്റേതുമായിരുന്നു. അതിനുശേഷമാണ് 75 മില്ലിമീറ്റര്‍ വ്യാസമുള്ള ഒരു ചെറുറോക്കറ്റ് സ്വന്തമായി വികസിപ്പിച്ച് വിക്ഷേപണം ചെയ്തത്. ഇന്നത്തെ വിക്ഷേപണവാഹനങ്ങള്‍ക്ക് രണ്ടായിരത്തി അഞ്ഞൂറിലധികം മില്ലിമീറ്റര്‍ വ്യാസവും 50 മീറ്ററോളം ഉയരവുമുണ്ട്. ഇതിനകംതന്നെ നമുക്ക് ചന്ദ്രനിലേക്കുപോലും ഉപഗ്രഹവിക്ഷേപണം (ചാന്ദ്രയാന്‍ 1) നടത്താന്‍കഴിഞ്ഞു. അടുത്തവര്‍ഷം ചൊവ്വയിലേക്കും ഉപഗ്രഹവിക്ഷേപണമുണ്ടാകും. ചാന്ദ്രയാന്‍-2 വിക്ഷേപണം 2014ല്‍. അതിനുശേഷമാകും ചന്ദ്രനില്‍ മനുഷ്യനെ അയക്കാനുള്ള ദൗത്യം. മറ്റു രാജ്യങ്ങള്‍ ബഹിരാകാശഗവേഷണങ്ങള്‍ക്കായി മാറ്റിവയ്ക്കുന്ന തുകയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യയുടേത് വളരെ ചെറിയ വിഹിതമാണെന്നുകൂടി തിരിച്ചറിയേണ്ടതുമുണ്ട്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെയും അതിന്റെ ഉപഗ്രഹവാഹന ശ്രേണിയുടെയും പിതാവ് ഡോ. വിക്രം സാരാഭായി ആണ്. ആദ്യകാലത്ത് അദ്ദേഹത്തിന് സര്‍വവിധ പിന്തുണയും നല്‍കിയത് അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവാണ്. സാരാഭായിയുടെ അകാലമരണം വലിയൊരു തിരിച്ചടിയായി. എങ്കിലും ഡോ. ധവാന്‍, ഡോ. യു ആര്‍ റാവു, ഡോ. കസ്തൂരിരംഗന്‍, ഡോ. ജി മാധവന്‍നായര്‍ തുടങ്ങിയ നായകന്മാരുടെ ഒരു നിരതന്നെ ഉണ്ടായിരുന്നു തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍. വിക്ഷേപണ വാഹിനികളുടെ വിജയകരമായ രൂപകല്‍പ്പനയില്‍ ഡോ. അബ്ദുള്‍ കലാം വഹിച്ച പങ്കും എടുത്തുപറയേണ്ടതാണ്. ഇന്ന് വളരെയേറെ പ്രകീര്‍ത്തിക്കപ്പെടുന്ന പിഎസ്എല്‍വിയുടെ രൂപകല്‍പ്പനയിലും വികസനത്തിലും ഡോ. മാധവന്‍നായര്‍ വഹിച്ച പങ്കും എടുത്തുപറയത്തക്കതാണ്.

പിഎസ്എല്‍വിയും ജിഎസ്എല്‍വിയും മുതല്‍ ചാന്ദ്രയാനും ഭുവനും ഗഗനുംവരെ

വീണ്ടും വിശ്വാസ്യത തെളിയിച്ച പിഎസ്എല്‍വി ഇന്ത്യയുടെ ബഹിരാകാശ ചാലകശക്തിയാണ്. തുടര്‍ച്ചയായ വിജയങ്ങളുടെ കഥകളാണ് ഇതിനു പറയാനുള്ളത്. രണ്ടു ടണ്ണോളം ഭാരം അതിന് ധ്രുവീയ ഭ്രമണപഥത്തില്‍ എത്തിക്കാന്‍കഴിയും. ഇത് ഏതാണ്ട് 1000 കി.മീറ്ററില്‍ താഴെവരും. 36,000 കിലോമീറ്റര്‍ ഉയരെയുള്ള ഭൂസ്ഥിരപഥത്തിലും ഇതിന് ഭാരംകുറഞ്ഞ ഉപഗ്രഹം എത്തിക്കാന്‍ കഴിയും. ചന്ദ്രനിലേക്ക് ഉപഗ്രഹം ഉയര്‍ത്തിയ ചരിത്രവുമുണ്ടല്ലോ. ഇതെല്ലാമാണെങ്കിലും ജിയോ സിംക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കില്‍ (ജിഎസ്എല്‍വി) വിജയത്തിലെത്തിക്കാതെ നമുക്ക് ഇവിടെനിന്നു മുന്നേറാനാകില്ല. അതിനുള്ള പ്രതിബന്ധം ക്രയോജനിക് എന്‍ജിന്‍ വിജയകരമായി വികസിപ്പിക്കാന്‍കഴിഞ്ഞില്ല എന്നതാണ്. പ്രാപ്തിയും കാര്യക്ഷമതയുമുള്ള വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ വിക്ഷേപണവും മനുഷ്യന്റെതന്നെ ബഹിരാകാശസഞ്ചാരവും യാഥാര്‍ഥ്യമാകണമെങ്കില്‍ ജിഎസ്എല്‍വി യാഥാര്‍ഥ്യമാകണം. ഐആര്‍എസ് ശ്രേണിയിലുള്ള സംവേദന ഉപഗ്രഹങ്ങള്‍ വികസിതരാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നവയാണ്. ഭൂഗര്‍ഭജലം, കാര്‍ഷികവിള, വനവിസ്തൃതി, മരുഭൂമി തുടങ്ങിയവയുടെ കണക്കെടുപ്പ് കൃത്യതയോടെ നിര്‍വഹിക്കുന്നു. കാടുകയറ്റത്തിനെതിരെ നടപടിയെടുക്കാന്‍ വനപാലകരെയും ചാകര കോരാന്‍ മത്സ്യത്തൊഴിലാളികളെയും വിളനാശത്തിനെതിരെ കരുതിയിരിക്കാന്‍ കര്‍ഷകരെയും ഇതു പ്രാപ്തരാക്കുന്നു. പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കാനുള്ള സംവിധാനവും ഇതിലുണ്ട്. ഇതിനെല്ലാം പുറമെ വിദ്യാഭ്യാസനിലവാര വികസനവും വിദ്യാര്‍ഥികളുടെ പഠനിലവാരവും ഉയര്‍ത്തുന്നതിന് ഉദ്ദേശിച്ചുള്ള "എഡ്യൂസാറ്റ്" എന്ന പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള ഉപഗ്രഹം. എല്ലാവര്‍ക്കും നിലവാരമുള്ള ചികിത്സാസൗകര്യം ലഭ്യമാക്കുന്നതിനുദ്ദേശിച്ച് പ്രധാനപ്പെട്ട ആശുപത്രികളെയും ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന "ടെലി മെഡിസിന്‍" പദ്ധതി.

സാറ്റലൈറ്റ് ടെലിവിഷന്‍ ശൃംഖല, രാജ്യാന്തര ടെലിഫോണ്‍ ശൃംഖല, ഇന്റര്‍നെറ്റ് തുടങ്ങി ഇന്നത്തെ ആധുനികജീവിതത്തെ നാം അറിയാതെത്തന്നെ ഈ നിലയില്‍ നിര്‍ത്തുന്നതിനും നമ്മുടെ ഉപഗ്രഹങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് നാം ബോധവാന്മാരാകണം. ജ്യോതിശാസ്ത്രപരമായ അറിവുകള്‍ വര്‍ധിപ്പിക്കാനുതകുന്ന "മാനംനോക്കി"കളായ ഉപഗ്രഹങ്ങളും നമുക്കുണ്ടെന്നതും വിസ്മരിക്കാവുന്നതല്ല. അതുപോലെത്തന്നെ ഗൂഗിള്‍ എര്‍ത്തിന്റെ മാതൃകയില്‍ ഐഎസ്ആര്‍ഒ നിര്‍മിച്ച "ഭുവന്‍", വ്യോമഗതാഗതത്തിനുള്ള ദിശാനിയന്ത്രണ സംവിധാനമായ "ഗഗന്‍" എന്നിവയും മികവിന്റെ പ്രതീകങ്ങളാണ്. പിഎസ്എല്‍വി-21ന്റെ വിജയം ഇതെല്ലാം ഓര്‍ക്കാനുള്ള ഒരവസരമാണെന്നതിനു സംശയമില്ല.

അഭിമാനമാവുന്നത് പിഎസ്എല്‍വി

100ാം വിക്ഷേപണവും വിജയമാക്കി ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയത് തദ്ദേശീയ റോക്കറ്റ് സാങ്കേതികവിദ്യയുടെ വിജയസാക്ഷ്യമായ പിഎസ്എല്‍വി റോക്കറ്റാണ്. "പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍" എന്ന പൂര്‍ണരൂപമുള്ള ഇതിന്റെ മൂന്നു പ്രവര്‍ത്തനരൂപങ്ങള്‍ ഇന്ന് നിലവിലുണ്ട്. ആറ് ഉപറോക്കറ്റുകളെ പുറമെ ഘടിപ്പിച്ചിട്ടുള്ള "പിഎസ്എല്‍വി സ്റ്റാന്‍ഡേര്‍ഡ്" ആണ് ഇതിലൊന്ന്. ഉപറോക്കറ്റുകള്‍ ഒന്നുംതന്നെ ഇല്ലാത്തതാണ് രണ്ടാം രൂപമായ "പിഎസ്എല്‍വി കോര്‍ എലോണ്‍" . "പിഎസ്എല്‍വി-സിഎ" എന്നതാണ് ഇതിന്റെ ചുരുക്കരൂപം. കൂടുതല്‍ ശക്തമായ ഉപറോക്കറ്റുകള്‍ ഘടിപ്പിച്ചതാണ് "പിഎസ്എല്‍വി-എക്സ്എല്‍" എന്നത്. ഇതിന്റെ പരിഷ്കൃത രൂപമായിരുന്നു "ചാന്ദ്രയാന്‍-1"ന്റെ വിക്ഷേപണത്തിന് ഉപയോഗിച്ചത്. പിഎസ്എല്‍വി സി 11 എന്നതായിരുന്നു ഈ പരിഷ്കൃതരൂപത്തിന്റെ പേര്. ഇപ്പോള്‍ 100-ാം വിക്ഷേപണത്തിനായി തെരഞ്ഞെടുത്തതു പക്ഷേ, "പിഎസ്എല്‍വി കോര്‍ എലോണ്‍" രൂപത്തിന്റെ പരിഷ്കൃതരൂപമായ "പിഎസ്എല്‍വി സി 21". ഇതിന്റെ വിജയകരമായ എട്ടാം വിക്ഷേപണമായിരുന്നു സെപ്തംബര്‍ ഒമ്പതിലേത്.

അമ്പതിന്റെ നിറവില്‍

100ാം വിക്ഷേപണത്തിന്റെ ആഘോഷത്തിലായ ഐഎസ്ആര്‍ഒയ്ക്ക്, ഈ വിജയം അമ്പതിന്റെ നിറവിലെ നൂറാണ്. 1962ല്‍, വിക്രം സാരാഭായിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച "ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്പെയ്സ് റിസര്‍ച്ച്" ആയിരുന്നു പില്‍ക്കാലത്ത് "ഇന്ത്യന്‍ സ്പെയ്സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍" എന്ന ഐഎസ്ആര്‍ഒയായി മാറിയത്. 1969 ആഗസ്ത് 15നായിരുന്നു ഐഎസ്ആര്‍ഒ ഔദ്യോഗികമായി നിലവില്‍വന്നതെങ്കിലും മാതൃസംഘടനയുടെ 50-ാം വാര്‍ഷികം എന്ന സവിശേഷത 2012നുണ്ട്. ആ പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ ഒരു പൊന്‍തൂവലാണ് ഇപ്പോഴുള്ള ഈ 100-ാം വിക്ഷേപണവിജയവും.

വിക്കീപീഡിയയില്‍ കൂടുതല്‍ വായിക്കൂ

http://ml.wikipedia.org/wiki/ISRO

No comments:

Post a Comment