Wednesday, October 3, 2012

ചന്ദ്രനെ കാണുമ്പോള്‍ ഓര്‍മിക്കുന്ന മുഖം

ചന്ദ്രനെ കാണുമ്പോള്‍ ഓര്‍മിക്കുന്ന മുഖം 
ലേഖകന്‍: സാബുജോസ്
റിപ്പോര്‍ട്ട് കടപ്പാട് : ദേശാഭിമാനി കിളിവാതില്‍
''മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറിയ കാല്‍വയ്പ്. എന്നാല്‍ മാനവരാശിക്ക് ഒരു മഹത്തായ കുതിച്ചുചാട്ടം''. ചന്ദ്രനില്‍ മനുഷ്യരാശിയുടെ ആദ്യ പാദമുദ്ര പതിപ്പിച്ച് ഭൂമിയിലേക്ക് അദ്ദേഹമയച്ച സന്ദേശം ഇന്നും ചരിത്രത്തിന്റെ ഭാഗം. നീല്‍ ആല്‍ഡന്‍ ആംസ്ട്രോങ്ങ്- ചന്ദ്രനില്‍ കാലുകുത്തിയ ആദ്യത്തെ മനുഷ്യന്‍, ഭൂമിക്കു വെളിയിലുള്ള ഏതെങ്കിലുമൊരു ആകാശ ഗോളത്തില്‍ നടന്ന ആദ്യത്തെ മനുഷ്യന്‍, 2012 ആഗസ്ത് 25ന് ലോകത്തോടു വിടപറഞ്ഞപ്പോള്‍ ലോകം ഓര്‍മ്മിച്ചതും ഈ വാക്കുകള്‍.

1969 ജൂലൈ 21ന് അമ്പിളിമാമന്റെ പ്രശാന്തതയുടെ സമുദ്രത്തില്‍ ആംസ്ട്രോങ്ങിനെയും വഹിച്ചു പറന്ന അപ്പോളോ-11 പേടകം ഇറങ്ങി. മൂന്നു ബഹിരാകാശ സഞ്ചാരികളെയും വഹിച്ചു പറന്ന പേടകത്തില്‍നിന്ന് ഇതിന്റെ ഭാഗമായ ഈഗിള്‍ ലൂണാര്‍ മൊഡ്യൂള്‍ എന്ന ചെറുവാഹനംവഴിയാണ് ഇവര്‍ ചന്ദ്രനില്‍ ഇറങ്ങിയത്. ഈ കൊച്ചു വാഹനത്തില്‍നിന്ന് നീല്‍ ആംസ്ട്രോങ് ആണ് ആദ്യമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. 20 മിനിറ്റിനുശേഷം എഡ്വിന്‍ ബുസ് ആല്‍ഡ്രിനും ചന്ദ്രോപരിതലത്തില്‍ കാലുകുത്തി. രണ്ടര മണിക്കൂര്‍ അവര്‍ ചന്ദ്രനില്‍ ചെലവഴിച്ചു. മൂന്ന് ശാസ്ത്രീയ പരീക്ഷണങ്ങള്‍ ചന്ദ്രോപരിതലത്തില്‍ നടത്തി. 20 കിലോയിലധികം ചാന്ദ്രശിലകള്‍ ശേഖരിച്ചു. റിഗോലിത്ത് എന്ന ചാന്ദ്ര ധൂളിയും ശേഖരിച്ചു. തുടര്‍ന്ന് ഈഗിളില്‍ പ്രവേശിച്ച ഇരുവരും 21 മണിക്കൂറും 37 മിനിറ്റും പേടകത്തിനുള്ളില്‍ കഴിച്ചുകൂട്ടി. തുടര്‍ന്ന് ഈ സമയമത്രയും മൂന്നാമനായ മൈക്കല്‍ കോളിന്‍സുമായി ചന്ദ്രനെ വലംവച്ചുകൊണ്ടിരിക്കുന്ന മാതൃപേടകവുമായി (Command Module) വിജയകരമായി ഡോക്കിങ് നടത്തുകയും ഭൂമിയിലേക്കു തിരിക്കുകയും ചെയ്തു. എട്ടുദിവസത്തെ ചാന്ദ്രദൗത്യത്തിനൊടുവില്‍ ജൂലൈ 24ന് പാരച്യൂട്ടുകളുടെ സഹായത്തോടെ ശാന്തസമുദ്രത്തില്‍ പ്രത്യേകംതയ്യാറാക്കിയ കപ്പലില്‍ ഇറങ്ങി. 16 ദിവസം പ്രത്യേകമായി സജ്ജീകരിച്ച സംരക്ഷിത മുറിയില്‍ താമസിച്ചശേഷമാണ് ഇവര്‍ പുറത്തിറങ്ങിയത്. ചന്ദ്രനില്‍നിന്നുള്ള അണുസംക്രമണത്തെ ഭയന്നാണ് ഇങ്ങനെയൊരു മുന്‍കരുതല്‍ എടുത്തത്. ഭൂമിയില്‍നിന്നു ചന്ദ്രനിലേക്കുള്ള 3,84,000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇവര്‍ക്ക് മൂന്നര ദിവസമാണ് വേണ്ടിവന്നത്.

1930 ആഗസ്ത് അഞ്ചിന് ഓഹിയോയിലെ വാപാക്കൊനേറ്റ എന്ന സ്ഥലത്താണ് നീല്‍ ആംസ്ട്രോങ് ജനിച്ചത്. പൊതുവെ അന്തര്‍മുഖനായിരുന്നു. അച്ഛന്‍ സ്റ്റീഫന്‍ കോനിഗ് ആംസ്ട്രോങ്, അമ്മ വയോള ലൂയിസ് ഏഞ്ചല്‍. രണ്ടു സഹോദരന്മാര്‍കൂടി അദ്ദേഹത്തിനുണ്ട്. ജൂണും ഡീനും. ഓഹിയോ സ്റ്റേറ്റിലെ സര്‍ക്കാര്‍ ഓഡിറ്ററായിരുന്നു സ്റ്റീഫന്‍. കുട്ടിക്കാലംമുതല്‍തന്നെ ആകാശയാത്രകള്‍ നീലിനെ ആകര്‍ഷിച്ചിരുന്നു. ബ്ലൂം ഹൈസ്കൂളിലെ വിദ്യാഭ്യാസ കാലയളവിനുള്ളില്‍തന്നെ ഓഗ്ലൈസ് കൗണ്ടി എയര്‍പോട്ടില്‍നിന്ന് നീല്‍ ഫ്ളൈറ്റ് സര്‍ട്ടിഫിക്കറ്റ് നേടി. അപ്പോള്‍ നീലിന്റെ പ്രായം വെറും 15 വയസ്സ്. നീല്‍ ഒരു ഡ്രൈവിങ് ലൈസന്‍സ് നേടുന്നത് അതിനുശേഷമാണ്. സ്കൂളിലെ സ്കൗട്ട് യൂണിറ്റില്‍ സജീവമായിരുന്നു. തുടര്‍ന്ന് 1947ല്‍ പര്‍ഡ്യൂ സര്‍വകലാശാലയില്‍ ചേര്‍ന്നു പഠിക്കുകയും എയ്റോനോട്ടിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടുകയും ചെയ്തു. അതിനുശേഷം സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് ഇതേ മേഖലയില്‍ ബിരുദാനന്തരബിരുദവും നേടി. പിന്നീട് 1949 മുതല്‍ 1952 വരെ യുഎസ് നാവികസേനയില്‍ പൈലറ്റായി ജോലിചെയ്തു. കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുക്കുകയും 78 തവണ യുദ്ധവിമാനം പറത്തുകയും ചെയ്തിട്ടുണ്ട്.

1955ല്‍ നാസയുടെ മുന്‍ഗാമിയായ നാഷണല്‍ അഡൈ്വസറി കമ്മിറ്റി ഫോര്‍ എയ്റോനോട്ടിക്സില്‍ റിസര്‍ച്ച് പൈലറ്റായി ചേര്‍ന്നു. തുടര്‍ന്ന് ഹൈ-സ്പീഡ് വിമാന ഗവേഷണ കേന്ദ്രത്തിലേക്ക് പ്രോജക്ട് പൈലറ്റായി സ്ഥാനക്കയറ്റം കിട്ടി. ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന വിമാനങ്ങളുടെ ഗവേഷണത്തിന്റെ മുന്‍നിരയില്‍ അദ്ദേഹം ഉണ്ടായിരുന്നു. ഇത്തരത്തില്‍പ്പെട്ട 200 വിമാനമാതൃകകളുടെ പരീക്ഷണപ്പറക്കലും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. ഇതില്‍ മണിക്കൂറില്‍ 7000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന എക്സ്15 വിമാനവും ഉള്‍പ്പെടുന്നു.

അതുകൂടാതെ റോക്കറ്റ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ഗ്ലൈഡറുകളുടെയും വികസന പ്രവര്‍ത്തനങ്ങളിലും ആംസ്ട്രോങ് പങ്കെടുത്തിരുന്നു. 1962ലാണ് അദ്ദേഹം ബഹിരാകാശസഞ്ചാരിയായി തെരഞ്ഞെടുക്കുന്നത്. 1966ലെ ജെമിനി 8 ദൗത്യമായിരുന്നു ആംസ്ട്രോങ്ങിന്റെ ആദ്യത്തെ ബഹിരാകാശയാത്ര. പേടകം നിയന്ത്രിച്ചിരുന്നതും അദ്ദേഹംതന്നെയായിരുന്നു. ഈ ദൗത്യത്തില്‍ ബഹിരാകാശത്തുവച്ച് ആദ്യത്തെ ഉപഗ്രഹ ഡോക്കിങ്ങും അദ്ദേഹം നടത്തി. അദ്ദേഹത്തിന്റെ ജീവനുതന്നെ ഭഭീഷണി നേരിട്ട അപകടകരമായ ദൗത്യമായിരുന്നു അത്. പിന്നീട് 1969 ജൂലൈ 16ന് അപ്പോളോ - 11 പേടകത്തില്‍ നടത്തിയ തന്റെ രണ്ടാമത്തെ യാത്ര ചരിത്രത്തിലേക്കായിരുന്നു.


ചാന്ദ്രദൗത്യത്തെത്തുടര്‍ന്ന് ആംസ്ട്രോങ് നാസയുടെ ആസ്ഥാനത്തുള്ള അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ടെക്നോളജി സെന്ററില്‍ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ തന്റെ ചരിത്രദൗത്യം നിറവേറ്റിക്കഴിഞ്ഞ ആംസ്ട്രോങ് 1971ല്‍തന്നെ നാസയില്‍നിന്നു വിടപറഞ്ഞു. തുടര്‍ന്ന് 1979 വരെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ പ്രൊഫസറായി. ഈ കാലയളവിനുള്ളില്‍ ഗവേഷണത്തിനും സമയം കണ്ടെത്തി. പിന്നീട് അദ്ദേഹത്തിന്റെ ശ്രദ്ധ ബിസിനസിലായി. ന്യൂയോര്‍ക്കിലെ വിവിധ ഇലക്ട്രോണിക് കമ്പനികളിലും കംപ്യൂട്ടര്‍സ്ഥാപനങ്ങളിലും 10 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. 1985-86 കാലയളവില്‍ ആംസ്ട്രോങ് യുഎസ് ദേശീയ ബഹിരാകാശ കമീഷന്‍ അംഗമായി. 17 ലോകരാഷ്ട്രങ്ങള്‍ അവരുടെ പരമോന്നത ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചു.

റോയല്‍ ആംസ്ട്രോണമിക്കല്‍ സൊസൈറ്റിയും അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോനോട്ടിക്സും ഇന്റര്‍നാഷണല്‍ എയ്റോനോട്ടിക്കല്‍ സൊസൈറ്റിയും അദ്ദേഹത്തിന് ഫെലോഷിപ്പ് നല്‍കി. ആംസ്ട്രോങ് വിവാഹമോചിതനാണ്. രണ്ടു പുത്രന്മാരും ഒരു വളര്‍ത്തുമകനും ഒരു വളര്‍ത്തുമകളും അദ്ദേഹത്തിനുണ്ട്. 10 പേരക്കിടാങ്ങളുടെ മുത്തച്ഛന്‍കൂടിയാണ് അദ്ദേഹം. നീല്‍ ആല്‍ഡന്‍ ആംസ്ട്രോങ് ഇനി നമ്മോടൊപ്പമില്ല, എന്നാല്‍ തെളിഞ്ഞരാത്രിയില്‍ പൂര്‍ണചന്ദ്രനെകാണുമ്പോള്‍ നിങ്ങള്‍ നീലിനെ ഓര്‍മിക്കണം എന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞതുപോലെ ചന്ദ്രന്‍ തന്നെയാണ് ഇനി നീല്‍ ആംസ്ട്രോങ്ങിന്റെ സ്മാരകം. 
.

വിക്കീപീഡിയയില്‍ കൂടുതല്‍ വായിക്കൂNo comments:

Post a Comment